ഞാൻ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ അടിമയാണോ?
യുവജനങ്ങൾ ചോദിക്കുന്നു
ഞാൻ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ അടിമയാണോ?
എന്താണ് ഇവരുടെ പ്രശ്‌നം?
“ടെക്‌സ്റ്റിങ് എനിക്കൊരു ഹരമാണ്! ഇതിനോളം രസമുള്ള വേറൊരു കാര്യമില്ലെന്നു പറയാം. എന്റെ ജീവിതം അതിനുവേണ്ടി അർപ്പിച്ചിരിക്കുകയാണെന്നു പറഞ്ഞാലും തെറ്റാവില്ല.”—അലൻ. *
“എന്റെ മുറിയിൽ വെക്കാൻ മമ്മി ഒരു ടിവി വാങ്ങിത്തന്നു. ഞാൻ ആകെ ത്രില്ലിലായിരുന്നു. ഉറക്കംപോലും വേണ്ടെന്നുവെച്ച് ഞാൻ അതിന്റെ മുമ്പിൽത്തന്നെയായി. വീട്ടുകാരെയും കൂട്ടുകാരെയുമൊക്കെ ഞാൻ മറന്നു, ടിവി ആയിരുന്നു എന്റെ എല്ലാം.”—തെരേസ.
“കുറെ നാളത്തേക്ക്, എവിടെപ്പോയാലും എന്തുചെയ്‌താലും വെബ്‌പേജിൽ ആരെങ്കിലും എനിക്കുവേണ്ടി എന്തെങ്കിലും പോസ്റ്റ് ചെയ്‌തിട്ടുണ്ടോ എന്നായിരുന്നു ചിന്ത മുഴുവൻ. രാത്രിയിലെങ്ങാനും ഉണർന്നാൽ ഉടനെ ഞാൻ നെറ്റിൽ പോയി നോക്കും. അവസരം കിട്ടുമ്പോഴൊക്കെ ഞാൻ എന്റെ ബ്ലോഗ് അപ്‌ഡേറ്റ് ചെയ്യും.”—അന്ന.
ഈ മൂന്നുപേരിൽ ആർക്കാണ് ഇലക്‌ട്രോണിക് മാധ്യമങ്ങളോട് ആസക്തിയുള്ളതായി നിങ്ങൾക്കു തോന്നുന്നത്?
❑ അലൻ ❑ തെരേസ ❑ അന്ന
നിങ്ങളുടെ മാതാപിതാക്കളുടെ ചെറുപ്പകാലത്ത് ഇലക്‌ട്രോണിക് ഉപകരണങ്ങളെന്നു പറയാൻ ആകെയുണ്ടായിരുന്നത് ടിവിയും റേഡിയോയുമൊക്കെയാണ്. ഇന്നത്തെപ്പോലുള്ള മൊബൈൽ ഫോണുകളും അന്ന് ഇല്ലായിരുന്നു. പകരം ലാൻഡ്‌ഫോണുകൾ മാത്രം. ‘ഹൊ! എന്തൊരു കാലം!’ എന്നു പറയാൻ തോന്നുന്നുണ്ടോ? അന്നയ്‌ക്ക് അങ്ങനെയാണ് തോന്നുന്നത്. “സാങ്കേതികവിദ്യയെപ്പറ്റി കേട്ടറിവുപോലും ഇല്ലാത്ത ഒരു യുഗത്തിലാണ് എന്റെ മാതാപിതാക്കൾ ജീവിച്ചിരുന്നതെന്നു തോന്നുന്നു. സ്വന്തം മൊബൈൽ ഫോണിലെ പല ഫീച്ചറുകളും അവർ പഠിച്ചുവരുന്നതേയുള്ളൂ,” അന്ന പറയുന്നു.
പക്ഷേ, കാലം മാറി. ഫോൺചെയ്യൽ, പാട്ടുകേൾക്കൽ, സിനിമ കാണൽ, സന്ദേശം അയയ്‌ക്കൽ, ഫോട്ടോ എടുക്കൽ, നെറ്റിൽ പരതൽ, ഗെയിം കളിക്കൽ, അങ്ങനെ ഒരു നൂറുകൂട്ടം കാര്യങ്ങൾ ചെയ്യാം നിങ്ങളുടെ കൈയിലിരിക്കുന്ന ഇത്തിരിപ്പോന്ന ആ ഉപകരണത്തിൽ. കമ്പ്യൂട്ടറുകളും സെൽഫോണുകളും ടിവിയും ഇന്റർനെറ്റുമെല്ലാം കണ്ടും പരിചയിച്ചും വളർന്ന നിങ്ങൾക്ക് അതുകൂടാതെ ഒരുനിമിഷംപോലും കഴിച്ചുകൂട്ടാനാവാത്ത അവസ്ഥയായിരിക്കാം. പക്ഷേ നിങ്ങളുടെ മാതാപിതാക്കൾക്ക് അത് ഉൾക്കൊള്ളാൻ കഴിയുന്നുണ്ടാവില്ല. നിങ്ങൾ അവയ്‌ക്ക് അടിപ്പെട്ടുപോയെന്ന ഉത്‌കണ്‌ഠയായിരിക്കാം അവർക്ക്. അവർ അതേപ്പറ്റി നിങ്ങളോട് പറഞ്ഞെന്നുംവരാം. ‘ഈ അച്ഛനും അമ്മയും ഈ ലോകത്തൊന്നുമല്ലേ ജീവിക്കുന്നത്’ എന്നു പറഞ്ഞ് കേട്ടപാടേ അതു തള്ളിക്കളയരുത്. അത് ബുദ്ധിശൂന്യമായിരിക്കും. ആരെങ്കിലും ഒരുകാര്യം പറയുമ്പോൾ അതിനു ചിന്ത നൽകാതെ അതിനെ മറുക്കുന്നത് ബുദ്ധിയല്ലെന്ന് ജ്ഞാനിയായ ശലോമോൻ രാജാവ് പറയുകയുണ്ടായി.—സദൃശവാക്യങ്ങൾ 18:13.
ആകട്ടെ, മാതാപിതാക്കളുടെ ഈ ഭയത്തിനു കാരണം എന്തായിരിക്കാമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? നിങ്ങൾ അവയോട് ആസക്തി വളർത്തിയെടുത്തിട്ടുണ്ടോ എന്നറിയാൻ പിൻവരുന്ന കാര്യങ്ങൾ വായിച്ച് സ്വയം വിലയിരുത്തുക.
‘എനിക്ക് അവയോട് ആസക്തി ഉണ്ടോ?’
“എത്ര ശ്രമിച്ചിട്ടും നിയന്ത്രിക്കാനാകാത്ത, ഭവിഷ്യത്തുകൾ അറിയാമായിരുന്നിട്ടും ഒഴിച്ചുനിറുത്താനാകാത്ത ഒരുതരം ഭ്രമം.” ഒരു എൻസൈക്ലോപീഡിയ ആസക്തിയെ നിർവചിക്കുന്നത് അങ്ങനെയാണ്. ഈ നിർവചനത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ, ലേഖനത്തിന്റെ തുടക്കത്തിൽ പരാമർശിച്ചിരിക്കുന്ന മൂന്നുപേരും പുതിയകാല തലമുറയുടെ ഉപകരണങ്ങൾക്ക് അടിപ്പെട്ടിരിക്കുകയാണെന്നു പറയാം. നിങ്ങളോ? മേൽപ്പറഞ്ഞ നിർവചനം കുറെക്കൂടെ വ്യക്തമായി വിശകലനം ചെയ്‌തിട്ടുണ്ട് തുടർന്നുവരുന്ന ഭാഗത്ത്. നിങ്ങളുടെ സമപ്രായക്കാരായ ചിലരുടെ വാക്കുകളും അവിടെ കാണാം. അതു വായിച്ച് നിങ്ങൾ എപ്പോഴെങ്കിലും അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്നു ചിന്തിക്കുക. എന്നിട്ട് കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
നിയന്ത്രിക്കാനാകാത്ത ശീലം. “മണിക്കൂറുകളോളം ഞാൻ ഗെയിമുകൾ കളിച്ചുകൊണ്ടിരുന്നിട്ടുണ്ട്, ഉറക്കംപോലും മറന്ന്. അന്നൊക്കെ ആ ഗെയിമുകളെക്കുറിച്ചു പറയാനേ എനിക്ക് സമയമുണ്ടായിരുന്നുള്ളൂ. വീട്ടിലുള്ളവരെയെല്ലാം മറന്ന് ഗെയിമുകളുടെ ലോകത്തായിരുന്നു ഞാൻ എപ്പോഴും.”—ആൻഡ്രൂ.
നിങ്ങളുടെ അഭിപ്രായത്തിൽ ഒരു ദിവസം എത്ര സമയം ഈ ഉപകരണങ്ങളുമായി ചെലവിടാം? ______
നിങ്ങളുടെ മാതാപിതാക്കളുടെ അഭിപ്രായത്തിൽ എത്ര സമയം ചെലവിടാം? ______
എസ് എം എസ് അയയ്‌ക്കാനും ടിവി കാണാനും ഇന്റർനെറ്റിൽ ചിത്രങ്ങൾ അപ്‌ലോഡു ചെയ്യാനും ഗെയിമുകൾ കളിക്കാനും ഒക്കെയായി നിങ്ങൾ ദിവസത്തിൽ എത്ര സമയം ചെലവിടുന്നുണ്ട്? ______
നിങ്ങളുടെ ഉത്തരങ്ങൾ എന്താണ് സൂചിപ്പിക്കുന്നത്? നിങ്ങൾ സാങ്കേതിക ഉപകരണങ്ങൾക്ക് അടിമയാണോ?
❑ അതെ ❑ അല്ല
ഒഴിച്ചുനിറുത്താനാകാത്ത ഭ്രമം. “ഞാൻ മെസ്സേജുകൾ അയയ്‌ക്കുന്നതു കൂടിപ്പോകുന്നുണ്ട് എന്നാണ് അച്ഛന്റെയും അമ്മയുടെയും പരാതി. അച്ഛനെയും അമ്മയെയും അപേക്ഷിച്ച് ഞാൻ കൂടുതൽ എസ് എം എസ്സുകൾ അയയ്‌ക്കുന്നുണ്ടെന്നുള്ളത് ശരിയാണ്. പക്ഷേ എന്റെ പ്രായത്തിലുള്ള കുട്ടികളെവെച്ചു നോക്കിയാൽ തീരെ കുറച്ച് മെസ്സേജുകളേ ഞാൻ അയയ്‌ക്കുന്നുള്ളൂ! 15 വയസ്സുള്ള എന്നെ 40 വയസ്സുള്ള അച്ഛനോടും അമ്മയോടും താരതമ്യം ചെയ്‌താൽ എങ്ങനെ ശരിയാകും? ആപ്പിളും ഓറഞ്ചും തമ്മിൽ താരതമ്യം ചെയ്യുന്നതുപോലെയാവില്ലേ അത്?”—അലൻ.
നിങ്ങൾ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ മുമ്പിൽ കുറെയധികം സമയം ചെലവഴിക്കുന്നതായി അച്ഛനോ അമ്മയോ കൂട്ടുകാരോ നിങ്ങളോടു പറഞ്ഞിട്ടുണ്ടോ?
❑ ഉണ്ട് ❑ ഇല്ല
അതിന്റെ ഉപയോഗത്തിനു പരിധിവെക്കാൻ നിങ്ങൾക്ക് വല്ലാത്ത ബുദ്ധിമുട്ടു തോന്നുന്നുണ്ടോ?
❑ ഉണ്ട് ❑ ഇല്ല
ഭവിഷ്യത്തുകൾ. “ഡ്രൈവ് ചെയ്യുമ്പോൾപ്പോലും എന്റെ കൂട്ടുകാർ എസ് എം എസ് അയച്ചുകൊണ്ടിരിക്കും. എന്ത് അപകടമാണ് അതെന്നോ!”—ജൂലി.
“ആദ്യമായി മൊബൈൽ കൈയിൽ കിട്ടിയപ്പോൾ എസ് എം എസ് അയയ്‌ക്കലും ഫോൺചെയ്യലും മാത്രമായിരുന്നു എന്റെ പണി. വേറൊന്നിനും സമയമില്ലായിരുന്നു. വീട്ടുകാരോട് ഞാൻ അധികം മിണ്ടാതായി. എന്തിന്, ചില ഫ്രണ്ട്‌സിനെപ്പോലും എനിക്കു നഷ്ടമായി. ഇപ്പോൾ പക്ഷേ മറ്റുള്ളവർ അങ്ങനെയൊക്കെ ചെയ്യുന്നത് എന്നെ ദേഷ്യം പിടിപ്പിക്കുന്നു. സംസാരിച്ചിരിക്കുന്നതിനിടെ ആയിരിക്കും ഫ്രണ്ട്‌സിലൊരാൾ പറയുന്നത്, ‘ഒരു മിനിറ്റ്, ഒരു മെസ്സേജ് അയച്ചോട്ടേ’ എന്ന്. പലപ്രാവശ്യം ഇങ്ങനെയാകുമ്പോൾ എനിക്കു ദേഷ്യംവരും. അങ്ങനെയുള്ള കുട്ടികളുമായി ഞാൻ വലിയ അടുപ്പത്തിനൊന്നും പോകാറില്ല.”—ഷേർലി.
ഡ്രൈവ് ചെയ്യുമ്പോഴോ ക്ലാസ്സിൽ ആയിരിക്കുമ്പോഴോ,
മെസ്സേജ് അയയ്‌ക്കുകയോ വായിക്കുകയോ ചെയ്യുന്ന ശീലം നിങ്ങൾക്കുണ്ടോ?❑ ഉണ്ട് ❑ ഇല്ല
കൂട്ടുകാരോടോ വീട്ടുകാരോടോ സംസാരിക്കുന്നതിനിടെ മെയിൽ നോക്കുകയോ കോൾ അറ്റൻഡ് ചെയ്യുകയോ മെസ്സേജ് അയയ്‌ക്കുകയോ ചെയ്യുന്ന ശീലം നിങ്ങൾക്കുണ്ടോ? ❑ ഉണ്ട് ❑ ഇല്ല
ഉറക്കത്തെയും പഠനത്തെയും ബാധിക്കുന്ന അളവോളം നിങ്ങൾ ഈ ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ടോ?
❑ ഉണ്ട് ❑ ഇല്ല
പരിധികൾ വെക്കുക
കമ്പ്യൂട്ടറും മൊബൈലും പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ മനസ്സിൽപ്പിടിക്കുക. ചില ബൈബിൾ തത്ത്വങ്ങളും നിർദേശങ്ങളും പാലിക്കുന്നത് ഈ ഉപകരണങ്ങൾ അപകടങ്ങളില്ലാതെ സമനിലയോടെ ഉപയോഗിക്കാൻ നിങ്ങളെ സഹായിക്കും.
1. ഉള്ളടക്കം എങ്ങനെയുള്ളതാണ്? “സത്യമായതൊക്കെയും ഘനമായതൊക്കെയും നീതിയായതൊക്കെയും നിർമലമായതൊക്കെയും സ്‌നേഹാർഹമായതൊക്കെയും സത്‌കീർത്തിയായതൊക്കെയും ഉത്‌കൃഷ്ടവും പ്രശംസാർഹവുമായതൊക്കെയും ചിന്തിച്ചുകൊള്ളുവിൻ.”—ഫിലിപ്പിയർ 4:8.
ചെയ്യേണ്ടത്: കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി നല്ല ബന്ധം നിലനിറുത്തുക; നല്ല വാർത്തകളും വിശേഷങ്ങളും പങ്കുവെക്കുക.—സദൃശവാക്യങ്ങൾ 25:25; എഫെസ്യർ 4:29.
ചെയ്യരുതാത്തത്: മറ്റുള്ളവർക്കു ദോഷംചെയ്യുന്ന ഗോസിപ്പുകൾ പ്രചരിപ്പിക്കരുത്; അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയയ്‌ക്കരുത്; അശ്ലീല വീഡിയോ ക്ലിപ്പുകളും പ്രോഗ്രാമുകളും വീക്ഷിക്കരുത്.—കൊലോസ്യർ 3:5; 1 പത്രോസ് 4:15.
2. ഏതു സമയത്താണ് ഞാൻ ഇത് ഉപയോഗിക്കുന്നത്? “എല്ലാറ്റിന്നും ഒരു സമയമുണ്ട്.”—സഭാപ്രസംഗി 3:1.
ചെയ്യേണ്ടത്: ഫോൺചെയ്യാനും എസ് എം എസ് അയയ്‌ക്കാനും പ്രോഗ്രാമുകൾ കാണാനും ഗെയിം കളിക്കാനുമൊക്കെയായി ഉപയോഗിക്കുന്ന സമയത്തിന് പരിധിവെക്കുക. ക്രിസ്‌തീയ യോഗങ്ങളുടെയും മറ്റും സമയത്ത് ഫോൺ ഓഫാക്കിവെക്കുക. അല്ലാത്തപക്ഷം
അത് ആ ക്രമീകരണത്തോടുള്ള അനാദരവായിരിക്കും. മെസ്സേജുകൾ അയയ്‌ക്കുന്നത് യോഗപരിപാടികൾക്കുശേഷമാകാം.ചെയ്യരുതാത്തത്: കൂട്ടുകാരോടും വീട്ടുകാരോടും ഒപ്പം സമയം ചെലവഴിക്കുന്നതിനോ പഠിക്കുന്നതിനോ ആത്മീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനോ ഈ ഉപകരണങ്ങൾ ഒരു തടസ്സമാകരുത്.—എഫെസ്യർ 5:15-17; ഫിലിപ്പിയർ 2:4.
3. ആരുമായാണ് സഹവസിക്കുന്നത്? “വഴിതെറ്റിക്കപ്പെടരുത്. ദുഷിച്ച സംസർഗം സദ്‌ശീലങ്ങളെ കെടുത്തിക്കളയുന്നു.”—1 കൊരിന്ത്യർ 15:33.
ചെയ്യേണ്ടത്: നല്ല ശീലങ്ങൾ വളർത്താൻ നിങ്ങളെ സഹായിക്കുന്നവരുമായുള്ള ബന്ധം മെച്ചപ്പെടുത്താനായിരിക്കണം ഈ ഉപകരണങ്ങൾ ഉപയോഗിക്കേണ്ടത്.—സദൃശവാക്യങ്ങൾ 22:17.
ചെയ്യരുതാത്തത്: ഇ-മെയിൽ, ടെക്‌സ്റ്റിങ്, ടിവി, വീഡിയോ, ഇന്റർനെറ്റ് എന്നിവയിലൂടെ നിങ്ങൾ സമ്പർക്കത്തിൽ വരുന്ന ആളുകളുടെ വീക്ഷണങ്ങളും സംസാരശൈലിയും നിലവാരങ്ങളുമൊക്കെ നിങ്ങളെ ബാധിക്കില്ലെന്ന് ചിന്തിക്കരുത്.—സദൃശവാക്യങ്ങൾ 13:20.
4. എത്ര സമയം ചെലവഴിക്കുന്നുണ്ട്? ‘പ്രാധാന്യമേറിയ കാര്യങ്ങൾ ഉറപ്പാക്കുക.’—ഫിലിപ്പിയർ 1:10.
ചെയ്യേണ്ടത്: ഈ സാങ്കേതിക ഉപകരണങ്ങളുമായി എത്ര സമയം ചെലവിടുന്നുണ്ടെന്ന് എഴുതിവെക്കുക.
ചെയ്യരുതാത്തത്: നിങ്ങൾ ഒരുപാടു സമയം അതിനായി ചെലവഴിക്കുന്നുണ്ടെന്ന് മാതാപിതാക്കളോ കൂട്ടുകാരോ പറഞ്ഞാൽ അവരുടെ ആശങ്കയെ നിസ്സാരമായി കാണരുത്.—സദൃശവാക്യങ്ങൾ 26:12.
ഈ നവമാധ്യമങ്ങൾ സമനിലയോടെ ഉപയോഗിക്കുന്നതിനെക്കുറിച്ച് പറഞ്ഞുവരവെ മുകളിൽ പരാമർശിച്ച ആൻഡ്രൂ പറയുന്നു: “ആദ്യമൊക്കെ വലിയ ഹരമായിരിക്കും, പിന്നെ ബോറടിക്കും. വീട്ടുകാരിൽനിന്നും കൂട്ടുകാരിൽനിന്നും എന്നെ അകറ്റാൻ ഞാൻ ഈ സാധനങ്ങളെ ഇപ്പോൾ അനുവദിക്കാറില്ല.” (g11-E 01)
“യുവജനങ്ങൾ ചോദിക്കുന്നു” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്‌സൈറ്റിൽ കാണാവുന്നതാണ്.
[അടിക്കുറിപ്പ്]
^ ഖ. 4 ചില പേരുകൾ മാറ്റിയിട്ടുണ്ട്.
[17-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
നിങ്ങളുടെ സമപ്രായക്കാർ പറയുന്നത്
“ഞാൻ മൊബൈൽ ഉപയോഗിക്കുന്നതു കണ്ട് മാതാപിതാക്കൾ ചോദിക്കുമായിരുന്നു, ‘എങ്കിൽപ്പിന്നെ ആ സാധനം കൈയിൽത്തന്നെ ഒട്ടിച്ചുവെച്ചുകൂടേ?’ എന്ന്. ആദ്യമൊക്കെ അവർ തമാശ പറയുകയാണെന്ന് ഞാൻ വിചാരിച്ചു. പിന്നെ മനസ്സിലായി അവർ സീരിയസ്സാണെന്ന്. അങ്ങനെ ഞാൻ എസ് എം എസ് അയയ്‌ക്കുന്നതിന് പരിധിവെച്ചു. ഇപ്പോൾ ഞാൻ ഹാപ്പിയാണ്!”
“ഇന്റർനെറ്റ് ഉപയോഗിക്കുമ്പോഴെല്ലാം മെസ്സേജും നോക്കണമെന്ന് എനിക്കു തോന്നിയിരുന്നു. ആ ജ്വരത്തിൽ ഹോംവർക്കും പഠനവുമൊക്കെ ഞാൻ മാറ്റിവെച്ചു. ഇപ്പോൾ ഞാൻ അത് കുറച്ചു; വലിയൊരു ചുമട് തലയിൽനിന്ന് ഇറക്കിവെച്ചതുപോലെ. എല്ലാറ്റിനും ഒരു മിതത്വം വേണമെന്ന് എനിക്കു മനസ്സിലായി.”
[ചിത്രങ്ങൾ]
ജോവർണി
മരിയ
[18-ാം പേജിലെ ചതുരം]
“സോഷ്യൽ നെറ്റ്‌വർക്കിങ് എന്റെയൊരു ബലഹീനതയായിരുന്നു”
“ഏതാനും വർഷംമുമ്പ് ഞങ്ങളുടെ കുടുംബം മറ്റൊരു സ്ഥലത്തേക്ക് താമസം മാറി. പഴയ കൂട്ടുകാരുമായി ബന്ധപ്പെടാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് അവർ പറഞ്ഞതനുസരിച്ച് ഞാൻ അവരോടൊപ്പം ഒരു ഫോട്ടോ-ഷെയറിങ് സൈറ്റിൽ ചേർന്നു. അതൊരു നല്ല ഐഡിയയായി എനിക്കു തോന്നുകയും ചെയ്‌തു. അപരിചിതരുമായിട്ടല്ലല്ലോ അറിയാവുന്നവരുമായിട്ടല്ലേ സംസാരിക്കുന്നത്, പിന്നെന്തു കുഴപ്പം എന്നായിരുന്നു എന്റെ ചിന്ത.
“ആദ്യമൊന്നും കുഴപ്പമില്ലായിരുന്നു. ആഴ്‌ചയിലൊരിക്കൽ ഞാൻ ഓൺലൈനിൽ പോയി കൂട്ടുകാർ പോസ്റ്റുചെയ്‌ത പടങ്ങളും മറ്റും കാണും. എന്റെ ചിത്രങ്ങൾ കണ്ട് അവർ നടത്തിയ കമന്റുകളും വായിക്കും. പിന്നെപ്പിന്നെ എനിക്ക് അതിനോട് ഒരുതരം ആസക്തിയായി. എപ്പോഴും ഞാൻ ഓൺലൈനിൽ ആയിരിക്കും. അങ്ങനെ സുഹൃത്തുക്കളുടെ സുഹൃത്തുക്കളും എന്നെ ശ്രദ്ധിക്കാൻ തുടങ്ങി. അവരും എന്നോട് സൗഹൃദത്തിലാകാനുള്ള ശ്രമമായി. നമ്മുടെ സുഹൃത്തുതന്നെ ഒരു വ്യക്തിയെ കാണിച്ചിട്ട് ‘ദാ, ഇവൻ/ഇവൾ കമ്പനികൂടാൻ പറ്റിയ ആളാണ്’ എന്നു പറയുമ്പോൾ ആരും സമ്മതിച്ചുപോകില്ലേ? അങ്ങനെ കണ്ണടച്ചുതുറക്കുന്നതിനുമുമ്പ് ഒരു അമ്പതുപേരെങ്കിലും നമ്മുടെ സുഹൃത്തുക്കളായിട്ടുണ്ടാകും.
“പിന്നെ ഓൺലൈനിൽ ആയിരിക്കുന്നതിനെക്കുറിച്ചായി എന്റെ ചിന്ത മുഴുവനും. വെബ്‌സൈറ്റിലായിരിക്കുമ്പോഴും ഇനിയെപ്പോഴാണ് ഓൺലൈനിലാകാൻ പറ്റുക, പുതിയ ചിത്രങ്ങൾ പോസ്റ്റുചെയ്യാൻ പറ്റുക എന്നൊക്കെയായിരിക്കും ഞാൻ ചിന്തിക്കുന്നത്. കമന്റുകൾ വായിച്ചും ക്ലിപ്പിങ്ങുകൾ പോസ്റ്റുചെയ്‌തും മണിക്കൂറുകളോളം അങ്ങനെ ഇരുന്നുപോകും.
“ഏതാണ്ട് ഒന്നര വർഷം അങ്ങനെ കടന്നുപോയി. ഞാൻ ഇതിന് അടിപ്പെട്ടുപോയെന്ന് ക്രമേണ എനിക്കു മനസ്സിലായി. ഒടുവിൽ ഇന്റർനെറ്റിന്റെ കാര്യത്തിൽ നിയന്ത്രണംവെക്കാൻതന്നെ ഞാൻ തീരുമാനിച്ചു. എന്റെ അതേ മൂല്യങ്ങളുള്ളവരുമായി സൗഹൃദത്തിൽ വരാനാണ് ഇപ്പോൾ ഞാൻ ഇഷ്ടപ്പെടുന്നത്, അതും അവരെ മുഖാമുഖം കണ്ട്. എന്റെ ഈ മാറ്റം കൂട്ടുകാരിൽ ചിലർക്ക് ഉൾക്കൊള്ളാനായിട്ടില്ല. എന്തായാലും ഞാൻ എന്റെ അനുഭവത്തിൽനിന്ന് പഠിച്ചു.”—എലെൻ, 18.
[18-ാം പേജിലെ ചതുരം]
മാതാപിതാക്കളോടു ചോദിക്കുക
നിങ്ങളുടെ വിനോദങ്ങളെക്കുറിച്ച് മാതാപിതാക്കളോടു മടിക്കാതെ സംസാരിക്കുക. “എന്റെ കൈയിലുള്ള ഒരു മ്യൂസിക് സിഡി മോശമാണോയെന്ന് ഡാഡിക്ക് ഒരു സംശയം. ഒരുമിച്ചിരുന്ന് അതു മുഴുവൻ കേൾക്കാമെന്ന് ഞാൻ പറഞ്ഞപ്പോൾ ഡാഡി സമ്മതിച്ചു. കേട്ടുകഴിഞ്ഞപ്പോൾ അതു കുഴപ്പമുള്ളതല്ലെന്ന് ഡാഡിക്ക് ബോധ്യമായി!” ഷെറിൽ എന്നൊരു പെൺകുട്ടി പറയുന്നു.
ഈ വിഷയത്തെക്കുറിച്ച് നിങ്ങളുടെ മാതാപിതാക്കളോടു ചോദിക്കാവുന്ന ഒരു ചോദ്യം താഴെ എഴുതുക.
[19-ാം പേജിലെ ചതുരം]
മാതാപിതാക്കളോട് ഒരു വാക്ക്
നിങ്ങളുടെ കുട്ടി നെറ്റിൽ അമിതമായി സമയം ചെലവഴിക്കുന്നുണ്ടോ? അവന് ആവശ്യത്തിലധികം മെസ്സേജുകൾ ലഭിക്കുന്നുണ്ടോ? അവന് നിങ്ങളെക്കാൾ പ്രിയം MP3 പ്ലേയറിനോടാണോ? എങ്കിൽ നിങ്ങൾക്ക് എന്തു ചെയ്യാനാകും?
വേണമെങ്കിൽ നിങ്ങൾക്ക് ആ ഉപകരണങ്ങളുടെ ഉപയോഗം പാടേ നിറുത്തലാക്കാം. പക്ഷേ അതിനുമുമ്പ് ഓർക്കുക: ഇലക്‌ട്രോണിക് ഉപകരണങ്ങളെ അപ്പാടെ മോശമെന്ന് മുദ്രകുത്താനാവില്ല. നിങ്ങളുടെ മാതാപിതാക്കൾ ഉപയോഗിച്ചിട്ടില്ലാത്ത പല സാങ്കേതിക ഉപകരണങ്ങളും നിങ്ങൾ ഉപയോഗിക്കുന്നില്ലേ? അതുകൊണ്ട് ഒരു വിലക്ക് ഏർപ്പെടുത്തുന്നതിനുപകരം (ചില സാഹചര്യങ്ങളിൽ അത് ആവശ്യമായിരിക്കാമെങ്കിലും) അവ ജ്ഞാനപൂർവം അല്ലെങ്കിൽ സമനിലയോടെ ഉപയോഗിക്കാൻ കുട്ടിയെ പരിശീലിപ്പിക്കുക. എങ്ങനെ?
കുട്ടിയോടൊപ്പം ഇരുന്ന് കാര്യങ്ങൾ ചർച്ചചെയ്യുക. ആദ്യം നിങ്ങളുടെ ആശങ്കകൾ അവനെ അറിയിക്കാം. പിന്നെ കുട്ടിക്ക് പറയാനുള്ളത് കേൾക്കാൻ മനസ്സുകാണിക്കുക. (സദൃശവാക്യങ്ങൾ 18:13) എന്നിട്ട് പ്രായോഗികമായി എന്തു ചെയ്യാനാകുമെന്നു ചിന്തിക്കുക. അരുതുകൾ വെക്കാൻ മടികാണിക്കേണ്ട. അതേസമയം ന്യായബോധം കാണിക്കുകയും വേണം. (ഫിലിപ്പിയർ 4:5) എലീൻ പറയുന്നു: “എസ് എം എസ് എന്റെ കാര്യത്തിൽ ഒരു പ്രശ്‌നമായപ്പോൾ മേലിൽ മൊബൈൽ ഉപയോഗിക്കരുതെന്ന് എന്റെ മാതാപിതാക്കൾ പറഞ്ഞില്ല. പകരം അവർ ചില നിയന്ത്രണങ്ങൾ വെച്ചു. സമനിലയോടെ മൊബൈൽ ഉപയോഗിക്കാൻ അത് എന്നെ സഹായിച്ചു, മാതാപിതാക്കൾ അടുത്തില്ലാത്തപ്പോൾപ്പോലും.”
എന്നാൽ കുട്ടി മറുത്തുനിൽക്കുന്നെങ്കിലോ? നിങ്ങളുടെ ഉപദേശമെല്ലാം പാഴായിപ്പോയി എന്നു കരുതേണ്ട. പകരം ക്ഷമ കാണിക്കുക. അതേക്കുറിച്ചു ചിന്തിക്കാൻ കുട്ടിക്കു സമയം കൊടുക്കുക. വാസ്‌തവത്തിൽ നിങ്ങൾ പറഞ്ഞത് ശരിയാണെന്ന് കുട്ടിക്ക് മനസ്സിലായിട്ടുണ്ടാകും. സമയം അനുവദിക്കുന്നപക്ഷം അവൻ തനിയെ മാറ്റം വരുത്തിക്കൊള്ളും. ഹെയ്‌ലി എന്ന കൗമാരക്കാരിയുടെ അനുഭവംതന്നെ അതിന് ഉദാഹരണം. അവൾ പറയുന്നു: “ഞാൻ കമ്പ്യൂട്ടറിന് അടിമയായിരിക്കുകയാണെന്ന് എന്റെ മാതാപിതാക്കൾ പറഞ്ഞപ്പോൾ ആദ്യം എനിക്ക് ദേഷ്യംവന്നു. പിന്നീട് ചിന്തിച്ചപ്പോൾ അവർ പറഞ്ഞത് ശരിയാണെന്ന് തോന്നിത്തുടങ്ങി.”
[19-ാം പേജിലെ ചിത്രം]
ആർ, ആരെ നിയന്ത്രിക്കുന്നു?