വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ഞാൻ ഒരു നിരീശ്വരവാദി ആയിരുന്നു”

“ഞാൻ ഒരു നിരീശ്വരവാദി ആയിരുന്നു”

“ഞാൻ ഒരു നിരീശ്വരവാദി ആയിരുന്നു”

പ്രാഗിലെ ചാൾസ്‌ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ഫ്രാന്റിഷെക്‌ വിസ്‌കോചിൽ, ന്യൂറോഫിസിയോളജിയിൽ നടത്തിയ ഗവേഷണങ്ങൾ അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്‌. ഒരുകാലത്ത്‌ നാസ്‌തികനായിരുന്ന അദ്ദേഹം ഇപ്പോൾ ഒരു ഉറച്ച ദൈവവിശ്വാസിയാണ്‌. ഉണരുക! മാസികയ്‌ക്കു നൽകിയ ഒരു അഭിമുഖത്തിൽ, തന്റെ വീക്ഷണം മാറ്റാനുണ്ടായ കാരണങ്ങൾ അദ്ദേഹം വെളിപ്പെടുത്തുന്നു.

ശാസ്‌ത്രലോകത്തിലേക്ക്‌ പ്രവേശിക്കുന്നതിനുമുമ്പ്‌ മതത്തെക്കുറിച്ചുള്ള താങ്കളുടെ വീക്ഷണം എന്തായിരുന്നു?

ഒരു ദൈവനിഷേധിയായിട്ടാണ്‌ ഞാൻ വളർന്നുവന്നത്‌. വൈദികരെ പരിഹസിക്കുന്നതിൽ രസം കണ്ടെത്തിയ ഒരാളായിരുന്നു എന്റെ പിതാവ്‌. 1963-ൽ ജീവശാസ്‌ത്രത്തിലും രസതന്ത്രത്തിലും ഞാൻ ബിരുദങ്ങൾ നേടി. സ്‌കൂൾ വിദ്യാർഥിയായിരിക്കെ, ജൈവവൈവിധ്യത്തെ വിശദീകരിക്കാൻ പരിണാമസിദ്ധാന്തം പര്യാപ്‌തമാണെന്ന്‌ ഞാൻ വിശ്വസിച്ചിരുന്നു.

താങ്കളുടെ പഠനമേഖലയെക്കുറിച്ച്‌ വിശദീകരിക്കാമോ?

ഡോക്‌ടറേറ്റ്‌ നേടിയശേഷം, നാഡീവ്യവസ്ഥയിലെ സിനാപ്‌സുകളുടെ രാസ-വൈദ്യുത സ്വഭാവത്തെക്കുറിച്ച്‌ ഞാൻ പഠനം നടത്തുകയുണ്ടായി. ന്യൂറോണുകൾ, മെമ്പ്രെയ്‌ൻ പമ്പുകൾ, ട്രാൻസ്‌പ്ലാന്റേഷൻ, ഡ്രഗ്‌ ഡീസെൻസിറ്റൈസേഷൻ എന്നിവയും ഞാൻ പഠനവിഷയങ്ങളാക്കി. എന്റെ പല ഗവേഷണഫലങ്ങളും പ്രസിദ്ധീകരിച്ചുവന്നിട്ടുണ്ട്‌. അതിൽ ചില ലേഖനങ്ങൾ ക്ലാസ്സിക്കുകളായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നെ ഞാൻ, ലേൺട്‌ സൊസൈറ്റി ഓഫ്‌ ദ ചെക്ക്‌ റിപ്പബ്ലിക്കിലെ ഒരു അംഗമായി. ശാസ്‌ത്രകാരന്മാരുടെ ഒരു കൂട്ടായ്‌മയാണിത്‌. 1989 ഡിസംബറിലെ “വെൽവെറ്റ്‌ വിപ്ലവ”ത്തിനുശേഷം ഞാൻ ചാൾസ്‌ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായി. അങ്ങനെ കമ്മ്യൂണിസ്റ്റേതര രാജ്യങ്ങളിലെ എന്റെ സഹപ്രവർത്തകരുമായി കൂടിക്കാഴ്‌ച നടത്താൻ എനിക്ക്‌ അവസരമുണ്ടായി, അവരിൽ ചിലർ നോബൽ സമ്മാനജേതാക്കളായിരുന്നു.

ഇതിനിടെ താങ്കൾ എപ്പോഴെങ്കിലും ദൈവത്തെക്കുറിച്ച്‌ ചിന്തിച്ചിട്ടുണ്ടോ?

ചിന്തിച്ചിട്ടുണ്ട്‌ എന്നു വേണമെങ്കിൽ പറയാം. എന്റെ പ്രൊഫസർമാർ ഉൾപ്പെടെ വിജ്ഞാനികളായ പലരും ദൈവത്തിൽ വിശ്വസിച്ചിരുന്നു എന്നത്‌ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്‌. കമ്മ്യൂണിസ്റ്റ്‌ ഭരണകൂടത്തെ ഭയന്ന്‌ അവർ അത്‌ പുറത്ത്‌ പറഞ്ഞിരുന്നില്ലെന്നുമാത്രം. എന്റെ അഭിപ്രായത്തിൽ പക്ഷേ ദൈവം മനുഷ്യന്റെ ഒരു കണ്ടുപിടിത്തമായിരുന്നു. മതത്തിന്റെ പേരിൽ നടന്നിരുന്ന കൂട്ടക്കുരുതികളും എന്നെ രോഷംകൊള്ളിച്ചിരുന്നു.

പരിണാമത്തെ സംബന്ധിച്ച താങ്കളുടെ വീക്ഷണം മാറാനുണ്ടായ കാരണം?

സിനാപ്‌സുകളെപ്പറ്റി പഠിക്കുന്ന സമയത്താണ്‌ പരിണാമവാദത്തെക്കുറിച്ച്‌ എന്റെ മനസ്സിൽ സംശയങ്ങൾ മുളപൊട്ടുന്നത്‌. നാഡീകോശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ കണക്ഷനുകളുടെ സങ്കീർണത എന്നെ അങ്ങേയറ്റം വിസ്‌മയിപ്പിച്ചു. ഈ സിനാപ്‌സുകളും അവയെ നിയന്ത്രിക്കുന്ന ജനിതക പ്രോഗ്രാമുകളും അബദ്ധത്തിൽ ഉളവായതാണെന്നു പറഞ്ഞാൽ എങ്ങനെ ശരിയാകും എന്നു ഞാൻ ചിന്തിച്ചു. ആ ആശയത്തിന്‌ യാതൊരു യുക്തിയുമില്ലെന്ന്‌ എനിക്കു തോന്നി.

അങ്ങനെയിരിക്കെ, 1970-കളുടെ ആരംഭത്തിൽ, വിഖ്യാതനായ ഒരു റഷ്യൻ ശാസ്‌ത്രജ്ഞന്റെ പ്രഭാഷണം ഞാൻ കേൾക്കാനിടയായി. റാൻഡം (ചിട്ടയില്ലാത്ത) മ്യൂട്ടേഷനിലൂടെയും പ്രകൃതിനിർധാരണത്തിലൂടെയും ജീവരൂപങ്ങൾ ഉളവാകാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞു. അപ്പോൾപ്പിന്നെ അവ എങ്ങനെ ഉണ്ടായി എന്ന്‌ സദസ്യരിൽ ഒരാൾ ചോദിച്ചു. ഉടനെ അദ്ദേഹം കോട്ടിന്റെ പോക്കറ്റിൽനിന്ന്‌ ഒരു ചെറിയ റഷ്യൻ ബൈബിൾ പുറത്തെടുത്തു. അത്‌ ഉയർത്തിക്കാണിച്ചിട്ട്‌ അദ്ദേഹം പറഞ്ഞു: “ബൈബിൾ വായിക്കുക. പ്രത്യേകിച്ചും ഉൽപ്പത്തിപ്പുസ്‌തകത്തിലെ സൃഷ്ടിവിവരണം.”

പിന്നീട്‌, ഇടനാഴിയിൽവെച്ച്‌ ആ പ്രൊഫസറെ കണ്ടപ്പോൾ ബൈബിളിനെക്കുറിച്ച്‌ അദ്ദേഹം പറഞ്ഞത്‌ കാര്യമായിട്ടാണോ എന്നു ഞാൻ ചോദിച്ചു. അതിന്‌ അദ്ദേഹം നൽകിയ മറുപടി ചുരുക്കിപ്പറയാം: “ഏതാണ്ട്‌ 20 മിനിട്ടിൽ ഒരു തവണ എന്ന കണക്കിലാണ്‌ ബാക്‌ടീരിയങ്ങളിൽ വിഭജനം നടക്കുന്നത്‌. ഓരോ ബാക്‌ടീരിയത്തിലും നൂറുകണക്കിന്‌ വ്യത്യസ്‌ത പ്രോട്ടീനുകളുണ്ട്‌. ഓരോ പ്രോട്ടീനിലും 20 തരം അമിനോ അമ്ലങ്ങളും. നൂറുകണക്കിന്‌ യൂണിറ്റുകളുടെ ശൃംഖലയാണ്‌ ഈ അമിനോ അമ്ലങ്ങൾ ഓരോന്നും. ഉപകാരപ്രദമായ ഓരോ ഉത്‌പരിവർത്തനത്തിലൂടെയും ബാക്‌ടീരിയയ്‌ക്ക്‌ പുരോഗമനപരമായ പരിണാമം സംഭവിക്കണമെങ്കിൽ മുന്നൂറോ നാനൂറോ കോടിയിലധികം വർഷങ്ങൾ വേണ്ടിവരും. ശാസ്‌ത്രജ്ഞന്മാരുടെ അഭിപ്രായത്തിൽ പക്ഷേ ഭൂമിയിൽ ജീവൻ ഉത്ഭവിച്ചിട്ട്‌ അത്രയും കാലമായിട്ടില്ല.” ബൈബിളിലെ ഉൽപ്പത്തി വിവരണമാണ്‌ അതിനെക്കാളൊക്കെ യുക്തിസഹമായി അദ്ദേഹത്തിനു തോന്നിയത്‌.

ആ പ്രൊഫസറുടെ വാക്കുകൾ താങ്കളെ സ്വാധീനിച്ചത്‌ ഏതു വിധത്തിലാണ്‌?

എനിക്കുണ്ടായിരുന്ന ചില സംശയങ്ങളെക്കുറിച്ച്‌ ഞാൻ പറഞ്ഞല്ലോ. ആ പ്രൊഫസർ പറഞ്ഞതുകൂടി കേട്ടപ്പോൾ ദൈവവിശ്വാസികളായ സുഹൃത്തുക്കളോട്‌ ഈ വിഷയം സംസാരിക്കാൻ ഞാൻ തീരുമാനിച്ചു. പക്ഷേ അവരുടെ വാദങ്ങളൊന്നും എനിക്കു സ്വീകാര്യമായിരുന്നില്ല. അങ്ങനെയിരിക്കെയാണ്‌ യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരു ഫാർമക്കോളജിസ്റ്റിനോട്‌ ഞാൻ സംസാരിക്കാൻ ഇടയായത്‌. മൂന്നുവർഷം അദ്ദേഹം എനിക്കും ഭാര്യ എമ്മയ്‌ക്കും ബൈബിളിൽനിന്നു പല കാര്യങ്ങളും വിശദീകരിച്ചുതന്നു. രണ്ടു കാര്യങ്ങളാണ്‌ ഞങ്ങളെ അതിശയിപ്പിച്ചത്‌. ഒന്ന്‌, ഇന്നത്തെ ക്രൈസ്‌തവ സഭകൾ പഠിപ്പിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കാര്യങ്ങൾക്കൊന്നും ബൈബിളുമായി യാതൊരു ബന്ധവുമില്ല. രണ്ട്‌, ബൈബിൾ ഒരു ശാസ്‌ത്ര ഗ്രന്ഥമല്ലെങ്കിലും അതിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾക്ക്‌ ശരിയായ ശാസ്‌ത്രവുമായി നല്ല യോജിപ്പുണ്ട്‌.

താങ്കളുടെ വീക്ഷണത്തിൽ വന്ന മാറ്റം ഗവേഷണങ്ങൾക്ക്‌ ഒരു തടസ്സമായോ?

ഒരിക്കലുമില്ല. ഒരു നല്ല ശാസ്‌ത്രജ്ഞൻ കഴിയുന്നത്ര വസ്‌തുനിഷ്‌ഠമായി കാര്യങ്ങളെ കാണാൻ ശ്രമിക്കുന്ന ആളായിരിക്കണം, അയാളുടെ വിശ്വാസം എന്തുതന്നെ ആയിരുന്നാലും. അതുകൊണ്ടുതന്നെ ഞാൻ കൈക്കൊണ്ട പുതിയ വിശ്വാസം എന്നെയാണ്‌ മാറ്റിയത്‌ എന്റെ കരിയറിനെയല്ല. അമിത ആത്മവിശ്വാസമോ എല്ലാവരെക്കാളും മികച്ചുനിൽക്കണമെന്ന ആഗ്രഹമോ എന്റെ ശാസ്‌ത്രനേട്ടങ്ങളെപ്രതിയുള്ള അഹങ്കാരമോ ഒന്നും ഇന്ന്‌ എനിക്കില്ല. പകരം എന്തെങ്കിലും കഴിവുകൾ ഉണ്ടെങ്കിൽത്തന്നെ അതിനെല്ലാം ദൈവത്തോടു കടപ്പെട്ടിരിക്കുന്നുവെന്ന്‌ ഞാൻ വിനയത്തോടെ സമ്മതിക്കുന്നു. പ്രകൃതിയിലെ വിസ്‌മയിപ്പിക്കുന്ന രൂപകൽപ്പനകൾ കാണുമ്പോൾ അവ ആകസ്‌മികമായി ഉണ്ടായതാണെന്നു പറഞ്ഞ്‌ അതിനെ നിസ്സാരീകരിക്കുന്നതിനുപകരം, ‘ദൈവം എത്ര വിസ്‌മയാവഹമായിട്ടാണ്‌ ഇവയോരോന്നും രൂപകൽപ്പന ചെയ്‌തിരിക്കുന്നത്‌’ എന്ന്‌ മറ്റു ശാസ്‌ത്രജ്ഞന്മാരെപ്പോലെ ഞാനും അത്ഭുതംകൂറുന്നു! (g10-E 11)

[9-ാം പേജിലെ ആകർഷക വാക്യം]

‘ദൈവം എത്ര വിസ്‌മയാവഹമായിട്ടാണ്‌ ഇവയോരോന്നും രൂപകൽപ്പന ചെയ്‌തിരിക്കുന്നത്‌’ എന്ന്‌ മറ്റു ശാസ്‌ത്രജ്ഞന്മാരെപ്പോലെ ഞാനും അത്ഭുതംകൂറുന്നു!