സ്വവർഗരതിയെപ്പറ്റിയുള്ള ബൈബിളിന്റെ വീക്ഷണം എങ്ങനെ വിശദീകരിക്കും?
യുവജനങ്ങൾ ചോദിക്കുന്നു
സ്വവർഗരതിയെപ്പറ്റിയുള്ള ബൈബിളിന്റെ വീക്ഷണം എങ്ങനെ വിശദീകരിക്കും?
ഒരു അവാർഡുദാനച്ചടങ്ങ്. പ്രശസ്‌തരായ രണ്ടു താരസുന്ദരിമാർ സ്റ്റേജിലേക്കു കയറിവന്നു. അവർ ആലിംഗനബദ്ധരായി; തുടർന്ന് ഒരു ചുടുചുംബനം കൈമാറി. സദസ്യർ ആദ്യമൊന്നു ഞെട്ടി! പിന്നെ ആ ‘പ്രണയിനികളെ’ ഹർഷാരവത്തോടെ എതിരേറ്റു. സ്വവർഗപ്രേമികൾ ഇതിനെയൊരു വിജയമുഹൂർത്തമായി കണ്ടപ്പോൾ, യാഥാസ്ഥിതികർ ഇതിനെ ജനശ്രദ്ധ ആകർഷിക്കാനുള്ള തന്ത്രമെന്ന് ആക്ഷേപിച്ചു. എന്തായാലും വാർത്താചാനലുകൾ ഈ ചുംബനരംഗം ഒരു ആഘോഷമാക്കും. ഇതിന്റെ വീഡിയോ ക്ലിപ്പുകൾ കണ്ടുരസിക്കാൻ ലക്ഷങ്ങൾ നെറ്റിലേക്ക് ഇരച്ചുകയറും.
മാധ്യമങ്ങൾക്ക് ആഘോഷമാക്കാൻ പറ്റിയ ഇതുപോലുള്ള വാർത്തകൾ അധികമില്ല. വിശേഷിച്ചും, ലൈംഗികതയിലെ പുതിയ പ്രവണതകളുമായി പ്രശസ്‌തരായവർതന്നെ രംഗത്തെത്തുമ്പോൾ. തങ്ങൾ സ്വവർഗരതന്മാരും സ്വവർഗപ്രണയിനികളും ഉഭയലൈംഗികത ഇഷ്ടപ്പെടുന്നവരുമൊക്കെയാണെന്ന് അവർ പരസ്യമായി വിളിച്ചുപറയുമ്പോൾ, ‘മാമൂലുകളെ ഭയക്കാത്തവർ’ എന്ന കീർത്തിമുദ്ര നൽകി ചിലർ അവരെ ആദരിക്കും. മറ്റുചിലർ അവരുടെ വഴിവിട്ട ജീവിതത്തെ അപലപിക്കും. ഇതിൽ രണ്ടിലും പെടാത്ത മറ്റൊരു കൂട്ടർ ഇതിനെ ബദൽ ലൈംഗികതയായി കണ്ട് മൗനാംഗീകാരം നൽകും. 21 വയസ്സുള്ള ഡാനിയേൽ * പറയുന്നു: “സ്വവർഗരതി എന്ന ആശയം ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുള്ളവർ വാസ്‌തവത്തിൽ വിമർശനബുദ്ധിക്കാരും മുൻവിധി വെച്ചുപുലർത്തുന്നവരും ആണെന്നാണ് സ്‌കൂളിലെ സ്വവർഗരതിക്കാരല്ലാത്ത കുട്ടികൾപോലും പറയുന്നത്.”
തലമുറകൾ മാറുന്നതനുസരിച്ച് സ്വവർഗരതിയെക്കുറിച്ചുള്ള വീക്ഷണവും മാറാം. അതുപോലെ ഓരോ ദേശക്കാർക്കും ഇക്കാര്യത്തിൽ വ്യത്യസ്‌ത വീക്ഷണങ്ങൾ ഉണ്ടായിരിക്കാം. എന്നാൽ ക്രിസ്‌ത്യാനികൾ അങ്ങനെയല്ല. ബഹുജനത്തിന്റെ കാഴ്‌ചപ്പാടനുസരിച്ച് അവർ അവരുടെ വീക്ഷണങ്ങളും തത്ത്വങ്ങളും മാറ്റിക്കൊണ്ടിരിക്കുന്നില്ല. (എഫെസ്യർ 4:14) പകരം അവർ ബൈബിളിന്റെ വീക്ഷണത്തോടു പറ്റിനിൽക്കുന്നു.
സ്വവർഗരതിയെക്കുറിച്ചുള്ള ബൈബിളിന്റെ വീക്ഷണം എന്താണ്? വിമർശനബുദ്ധിക്കാരൻ, മുൻവിധി വെച്ചുപുലർത്തുന്നവൻ, സ്വവർഗരതിക്കാരെ വെറുക്കുന്നവൻ എന്നൊക്കെ സഹപാഠികൾ നിങ്ങളെ മുദ്രകുത്തിയാൽ ബൈബിളിന്റെ ധാർമിക നിലവാരം പിൻപറ്റുന്ന വ്യക്തിയെന്നനിലയിൽ അവരോട് എങ്ങനെ മറുപടി പറയാം? നിങ്ങൾ നേരിട്ടേക്കാവുന്ന ചില ചോദ്യങ്ങളും അവയ്‌ക്കു നൽകാൻ കഴിയുന്ന ചില മറുപടികളുമാണ് താഴെക്കൊടുത്തിരിക്കുന്നത്.
സ്വവർഗരതിയെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നത്? പുരുഷനും സ്‌ത്രീയും തമ്മിൽ മാത്രമേ ദൈവം ലൈംഗികബന്ധം അനുവദിച്ചിട്ടുള്ളൂ എന്ന് ബൈബിൾ വ്യക്തമാക്കുന്നു; അതും വിവാഹിതരായ സ്‌ത്രീപുരുഷന്മാർ തമ്മിൽ മാത്രം. (ഉല്‌പത്തി 1:27, 28; ലേവ്യപുസ്‌തകം 18:22; സദൃശവാക്യങ്ങൾ 5:18, 19) ബൈബിൾ കുറ്റംവിധിക്കുന്ന ഒരു ദുർന്നടപടിയാണ് പരസംഗം. അതിൽ സ്‌ത്രീപുരുഷന്മാർക്കിടയിലെ അവിഹിതവേഴ്‌ച മാത്രമല്ല സ്വവർഗരതിയും ഉൾപ്പെടുന്നു. *—ഗലാത്യർ 5:19-21.
ആരെങ്കിലും ഇങ്ങനെ ചോദിച്ചാൽ: “സ്വവർഗരതിയെക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണം എന്താണ്?”
ഇങ്ങനെ മറുപടി പറയാം: “സ്വവർഗരതിക്കാരോട് എനിക്ക് യാതൊരു വെറുപ്പുമില്ല; അവരുടെ പ്രവൃത്തിയെയാണ് ഞാൻ വെറുക്കുന്നത്.”
✔ ഓർക്കുക: ബൈബിൾ വെച്ചിരിക്കുന്ന ധാർമികസംഹിത പിൻപറ്റാൻ നിങ്ങൾ തീരുമാനിച്ചാൽ അത് ഒരിക്കലും തെറ്റാവില്ല. കാരണം, സ്വന്തം ജീവിതശൈലി തിരഞ്ഞെടുക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്. (യോശുവ 24:15) അതിൽ ലജ്ജിക്കേണ്ട ആവശ്യമില്ല.—സങ്കീർത്തനം 119:46.
ക്രിസ്‌ത്യാനികൾ എല്ലാത്തരം ആളുകളെയും ആദരിക്കേണ്ടതല്ലേ, അവരുടെ ലൈംഗിക പ്രവണതകൾ കണക്കിലെടുക്കാതെതന്നെ? ശരിയാണ്. കാരണം, “സകലതരം മനുഷ്യരെയും ബഹുമാനി”ക്കണമെന്ന് ബൈബിൾ അനുശാസിക്കുന്നു. (1 പത്രോസ് 2:17) അതുകൊണ്ട് ക്രിസ്‌ത്യാനികൾ ആരെയും വെറുക്കുന്നില്ല. സ്വവർഗരതിക്കാർ ഉൾപ്പെടെ എല്ലാവരോടും അവർ പരിഗണനയോടെ ഇടപെടുന്നു.—മത്തായി 7:12.
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “സ്വവർഗരതി ഇഷ്ടമില്ലാത്ത നിങ്ങൾ ഫലത്തിൽ സ്വവർഗരതിക്കാരോടുള്ള വെറുപ്പ് ഊട്ടിവളർത്തുകയല്ലേ?”
ഇങ്ങനെ മറുപടി പറയാം: “ഒരിക്കലുമല്ല. സ്വവർഗരതിയെയാണ് ഞാൻ വെറുക്കുന്നത്, സ്വവർഗരതിക്കാരെയല്ല.”
✔ കൂടുതലായി ഇങ്ങനെ പറയാം: “ഉദാഹരണത്തിന് ഞാൻ പുകവലിക്കാറില്ല. സത്യം പറഞ്ഞാൽ പുകവലി എനിക്കു വെറുപ്പാണ്. പക്ഷേ നിങ്ങൾ പുകവലിക്കുന്ന ആളാണെന്നും നിങ്ങൾക്ക് പുകവലിയോട് വെറുപ്പില്ലെന്നും കരുതുക. എന്റേതിൽനിന്ന് വ്യത്യസ്‌തമായ ഒരു കാഴ്‌ചപ്പാട് ഉള്ളതിന്റെ പേരിൽ എനിക്കു നിങ്ങളോടു വെറുപ്പു തോന്നില്ല. എന്റെ വീക്ഷണത്തിന്റെ പേരിൽ നിങ്ങൾ എന്നെയും വെറുക്കില്ല. ശരിയല്ലേ? സ്വവർഗരതിയുടെ കാര്യത്തിലും അങ്ങനെതന്നെ.”
സകലരോടും സഹിഷ്‌ണുത കാണിക്കാനല്ലേ യേശു പഠിപ്പിച്ചത്? ആ സ്ഥിതിക്ക് ക്രിസ്‌ത്യാനികൾ സ്വവർഗരതി അംഗീകരിക്കേണ്ടതല്ലേ? എല്ലാ ജീവിതശൈലികളും നല്ലതാണെന്നും രക്ഷയിലേക്കു നയിക്കുമെന്നും യേശു പഠിപ്പിച്ചില്ല. തന്നിൽ വിശ്വസിക്കുന്നവർക്ക് രക്ഷ ലഭിക്കുമെന്നാണ് അവൻ പഠിപ്പിച്ചത്. (യോഹന്നാൻ 3:16) യേശുവിൽ വിശ്വസിക്കുന്നതിൽ ദൈവത്തിന്റെ ധാർമിക നിയമങ്ങൾ അനുസരിക്കുന്നത് ഉൾപ്പെടുന്നു. സ്വവർഗരതിപോലുള്ള പല ദുർന്നടപടികളും ഈ ധാർമികസംഹിതയുടെ ലംഘനമാണ്.—റോമർ 1:26, 27.
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “സ്വവർഗരതിക്കാരുടെ ഈ ലൈംഗിക പ്രവണത ജന്മസിദ്ധമാണ്. അതുകൊണ്ട് അവർക്ക് അതു മാറ്റാനാവില്ല.”
ഇങ്ങനെ മറുപടി പറയാം: “സ്വവർഗരതിക്കാരുടെ ജനിതക ഘടനയെക്കുറിച്ച് ബൈബിൾ ഒന്നും പറയുന്നില്ല. അതേസമയം മാറ്റാൻ ബുദ്ധിമുട്ടുള്ള ചില പ്രവണതകൾ ഉണ്ടെന്ന് ബൈബിൾ സമ്മതിക്കുന്നു. (2 കൊരിന്ത്യർ 10:4, 5) ചിലർക്ക് ഒരേ ലിംഗവർഗത്തിൽപ്പെട്ടവരോട് ആകർഷണം തോന്നാമെങ്കിലും അങ്ങനെയുള്ള പ്രവണതകളെ നുള്ളിക്കളയാനാണ് ബൈബിൾ ക്രിസ്‌ത്യാനികളോടു പറയുന്നത്.”
✔ ഇങ്ങനെ ചെയ്യാം: സ്വവർഗലൈംഗിക താത്‌പര്യങ്ങൾക്കു പിന്നിലെ കാരണത്തെക്കുറിച്ച് ഒരു തർക്കത്തിനു മുതിരാതിരിക്കുന്നതാണ് നല്ലത്. പകരം ബൈബിൾ ആ പ്രവൃത്തിയെ വിലക്കുന്നു എന്ന കാര്യം ഊന്നിപ്പറയുക. ഉദാഹരണമായി നിങ്ങൾക്ക് ഇങ്ങനെ പറയാം: “അക്രമികളായ ചില ആളുകൾക്ക് അങ്ങനെയൊരു വാസനയുള്ളത് ജനിതക കാരണങ്ങൾകൊണ്ടാണെന്ന് പലരും പറയാറുണ്ട്. (സദൃശവാക്യങ്ങൾ 29:22) അതു ശരിയാണെന്നുതന്നെ ഇരിക്കട്ടെ. പക്ഷേ ബൈബിൾ കോപശീലത്തെ കുറ്റംവിധിക്കുകയാണു ചെയ്യുന്നത്. (സങ്കീർത്തനം 37:8; എഫെസ്യർ 4:31) ചിലർക്ക് അക്രമവാസനയുണ്ട് എന്ന ഒറ്റക്കാരണത്താൽ ബൈബിൾ നൽകുന്ന അനുശാസനം തെറ്റാണെന്നു വരുമോ?”
സ്വവർഗത്തിൽപ്പെട്ട ഒരാളോട് ആർക്കെങ്കിലും പ്രണയം തോന്നിയാൽ അരുതെന്നു പറയാൻ ദൈവത്തിന് എങ്ങനെ കഴിയും? അതു ക്രൂരതയല്ലേ? ഓരോരുത്തരും സ്വന്തം ലൈംഗിക ചോദനകൾക്ക് അനുസരിച്ചാണു ജീവിക്കേണ്ടത് എന്ന അബദ്ധ ചിന്താഗതിയെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു വാദമുഖമാണ് അത്. ആഗ്രഹിക്കുന്നെങ്കിൽ അനുചിതമായ ലൈംഗിക ചോദനകളെ നിഗ്രഹിക്കാൻ മനുഷ്യൻ പ്രാപ്‌തനാണെന്ന് ബൈബിൾ വ്യക്തമാക്കുന്നു.—കൊലോസ്യർ 3:5.
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “സ്വവർഗരതിയിൽ ഏർപ്പെടണോ വേണ്ടയോ എന്നുള്ളത് നിങ്ങളുടെ ഇഷ്ടം. പക്ഷേ അവരോടുള്ള നിങ്ങളുടെ വീക്ഷണം മാറ്റണം.”
ഇങ്ങനെ മറുപടി പറയാം: “ഇങ്ങനെയൊന്നു ചിന്തിക്കുക: എനിക്ക് ചൂതുകളി ഇഷ്ടമല്ല. പക്ഷേ നിങ്ങൾക്ക്
ഇഷ്ടമാണ്. എന്നാൽ ലക്ഷക്കണക്കിന് ആളുകൾ അതിൽ ഏർപ്പെടുന്നുണ്ട് എന്ന കാരണം പറഞ്ഞ് ഞാൻ എന്റെ വീക്ഷണം മാറ്റണമെന്ന് നിങ്ങൾ ശഠിക്കുമോ?”✔ ഓർക്കുക: സ്വവർഗരതിക്കാർ ഉൾപ്പെടെ മിക്ക ആളുകളും ഏതെങ്കിലുമൊരു ധാർമിക സംഹിത പിൻപറ്റുന്നവരായിരിക്കും. വഞ്ചന, അനീതി, യുദ്ധം എന്നിങ്ങനെ സമൂഹത്തിൽ നടമാടുന്ന ചില അനാചാരങ്ങളെ അവർ വെറുത്തേക്കാം. ബൈബിളും അങ്ങനെയുള്ള കാര്യങ്ങൾക്ക് എതിരാണ്. അതോടൊപ്പം സ്വവർഗരതി ഉൾപ്പെടെയുള്ള ചില ലൈംഗിക നടപടികളെയും ബൈബിൾ വിലക്കുന്നു.—1 കൊരിന്ത്യർ 6:9-11.
ബൈബിൾ വെക്കുന്ന നിലവാരങ്ങൾ മുൻവിധി പ്രതിഫലിപ്പിക്കുന്നതോ യുക്തിഹീനമോ അല്ല. “പരസംഗത്തിൽനിന്ന് ഓടിയകലുവിൻ” എന്ന ശക്തമായ നിർദേശം ബൈബിൾ നൽകുന്നു. (1 കൊരിന്ത്യർ 6:18) ലൈംഗിക കാര്യത്തിൽ ദൈവം വെച്ചിരിക്കുന്ന മാനദണ്ഡങ്ങൾ ഒരേ ലിംഗവർഗത്തിൽപ്പെട്ടവരോട് ലൈംഗിക അഭിനിവേശം തോന്നുന്നവർക്കും ബാധകമാണ്.
പ്രലോഭനങ്ങളെ മറികടന്ന്, ലൈംഗിക കാര്യങ്ങളിൽ സംയമനം പാലിച്ച്, ബൈബിളിന്റെ ധാർമിക നിലവാരങ്ങൾക്ക് കീഴ്‌പെട്ടു ജീവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾ ഇന്ന് ഭൂമിയിലുണ്ട്. യോജിച്ച വിവാഹപങ്കാളിയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയില്ലാത്തവരും ലൈംഗികശേഷി നഷ്ടപ്പെട്ട ഇണകൾ ഉള്ളവരും ഒക്കെ ഇതിൽപ്പെടുന്നു. തങ്ങളുടെ ലൈംഗിക ആഗ്രഹങ്ങൾ തൃപ്‌തിപ്പെടുത്താൻ അവർക്കു കഴിയുന്നില്ലെങ്കിലും അവർ സന്തുഷ്ടരാണ്. അങ്ങനെ നോക്കുമ്പോൾ, ദൈവത്തെ പ്രസാദിപ്പിക്കണമെന്ന ആഗ്രഹമുണ്ടെങ്കിൽ സ്വവർഗഭോഗ താത്‌പര്യങ്ങൾ ഉള്ളവർക്കും വികാരങ്ങളെ നിയന്ത്രിച്ചു മുന്നോട്ടുപോകാൻ തീർച്ചയായും കഴിയും.—ആവർത്തനപുസ്‌തകം 30:19. (g10-E 12)
“യുവജനങ്ങൾ ചോദിക്കുന്നു” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്‌സൈറ്റിൽ കാണാവുന്നതാണ്.
[അടിക്കുറിപ്പുകൾ]
^ ഖ. 4 പേരുകൾ മാറ്റിയിട്ടുണ്ട്.
^ ഖ. 7 ബൈബിളിൽ കാണുന്ന, “പരസംഗം” എന്ന പദം അവിഹിത ലൈംഗികബന്ധത്തെ മാത്രമല്ല, മറ്റൊരാളുടെ ലൈംഗിക അവയവം ഉത്തേജിപ്പിക്കൽ, അധരസംഭോഗം, ഗുദസംഭോഗം എന്നിവയെയും കുറിക്കുന്നു.
ചിന്തിക്കാൻ:
● മനുഷ്യർക്ക് ദൈവം ധാർമിക നിയമങ്ങൾ നൽകിയിരിക്കുന്നത് എന്തുകൊണ്ട്?
● ബൈബിൾ വെക്കുന്ന ധാർമിക നിലവാരങ്ങൾ പിൻപറ്റുന്നത് നിങ്ങൾക്ക് എങ്ങനെ പ്രയോജനം ചെയ്യും?
[12-ാം പേജിലെ ചതുരം]
ഉഭയലൈംഗികതയുടെ കാര്യമോ?
ഒരേസമയം സ്വവർഗത്തിൽപ്പെട്ടവരോടും എതിർലിംഗവർഗത്തിൽപ്പെട്ടവരോടും ലൈംഗിക അഭിനിവേശം തോന്നുന്ന ആൺകുട്ടികളും പെൺകുട്ടികളും ഉണ്ട്. എന്നാൽ ഉഭയലൈംഗികത എന്ന ഈ പ്രവണത പെൺകുട്ടികൾക്കിടയിൽ വർധിച്ചു വരുന്നതായി കാണുന്നു. അതിന്റെ ചില കാരണങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
● ശ്രദ്ധകിട്ടാൻ
“ചില ആൺകുട്ടികൾക്ക് സ്വവർഗരതിക്കാരായ പെൺകുട്ടികളോടാണ് പ്രിയം. ഇവരെ വീഴ്‌ത്താൻ ഏതറ്റംവരെ പോകാനും ചില പെൺകുട്ടികൾക്ക് മടിയില്ല.”—ജെസീക്ക, 16.
● ജിജ്ഞാസ
“സിനിമയിലും ടിവി-യിലും മറ്റും പെൺകുട്ടികൾ പെൺകുട്ടികളെ ചുംബിക്കുന്ന രംഗങ്ങൾ കാണുന്ന കൗമാരക്കാർക്ക് അതൊന്നു പരീക്ഷിച്ചുനോക്കാനുള്ള പ്രേരണയുണ്ടാകും. പ്രത്യേകിച്ചും അതൊരു തെറ്റാണെന്ന് അവർക്കു തോന്നുന്നില്ലെങ്കിൽ.”—ലിസ, 26.
● ആകർഷണം
“ഉഭയലൈംഗികത പുലർത്തുന്ന രണ്ടു പെൺകുട്ടികളെ ഞാൻ ഒരു പാർട്ടിയിൽവെച്ച് കണ്ടുമുട്ടി. അവർക്ക് എന്നെ ഇഷ്ടമാണെന്ന് എന്റെ കൂട്ടുകാരിയിൽനിന്ന് ഞാൻ പിന്നീട് അറിഞ്ഞു. അവരിൽ ഒരാൾക്ക് ഞാൻ മെസ്സേജുകൾ അയയ്‌ക്കാൻ തുടങ്ങി. കുറെ കഴിഞ്ഞപ്പോൾ എന്റെ മനസ്സിൽ അവളോട് പ്രേമം തോന്നിത്തുടങ്ങി.”—വിക്കി, 13.
നിങ്ങൾ ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ബൈബിൾ അശുദ്ധമെന്നു വിളിക്കുന്ന കാര്യങ്ങൾ പരീക്ഷിച്ചുനോക്കാൻ ഒരിക്കലും മുതിരരുത്. (എഫെസ്യർ 4:19; 5:11) എന്നാൽ നിങ്ങൾക്ക് ആൺകുട്ടികളോടും പെൺകുട്ടികളോടും ഒരുപോലെ ആകർഷണം തോന്നുന്നെങ്കിലോ? അങ്ങനെ തോന്നുന്നപക്ഷം ആ ചോദനയ്‌ക്ക് അനുസരിച്ചാണ് നിങ്ങൾ ജീവിക്കേണ്ടതെന്ന് പലരും പറയും. പക്ഷേ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു സംഗതിയുണ്ട്: സ്വവർഗത്തിൽപ്പെട്ട ഒരാളോടു തോന്നുന്ന ആകർഷണം താരുണ്യത്തിൽ താത്‌കാലികമായി വന്നുപോകുന്ന ഒരു വികാരം മാത്രമാണ്. പതിനാറു വയസ്സുകാരി ലിസെറ്റ് സ്വന്ത അനുഭവം പറയുന്നു: “എന്റെ വികാരങ്ങളെക്കുറിച്ച് മാതാപിതാക്കളോടു സംസാരിച്ചത് എന്നെ സഹായിച്ചു. മാത്രമല്ല, ശരീരത്തിലെ ഹോർമോണിന്റെ അളവിൽ വലിയ വ്യതിയാനങ്ങൾ സംഭവിക്കുന്ന ഒരു കാലമാണ് കൗമാരമെന്ന് ബയോളജി ക്ലാസ്സിൽനിന്ന് എനിക്കു മനസ്സിലായി. എല്ലാ കുട്ടികളും അവരുടെ ശാരീരിക മാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കിയാൽ ഇങ്ങനെയുള്ള ആകർഷണങ്ങൾ താത്‌കാലികം മാത്രമാണെന്ന് അവർ തിരിച്ചറിയും. അപ്പോൾ സ്വവർഗാനുരാഗം പോലുള്ള ചോദനകൾക്ക് അവർ വഴിപ്പെടില്ല.”
ഇനി നിങ്ങളുടെ ഈ തോന്നലുകൾ ഒരു ഘട്ടം കഴിഞ്ഞിട്ടും മനസ്സിൽനിന്നു മാഞ്ഞുപോകുന്നില്ലെന്നു കരുതുക. എങ്കിലും ആഗ്രഹിക്കുന്നെങ്കിൽ ആ ദുഷിച്ച മോഹങ്ങൾക്ക് വഴിപ്പെടാതിരിക്കാൻ നിങ്ങൾക്കാകുമെന്ന് ബൈബിൾ ഉറപ്പു പറയുന്നു. *
[അടിക്കുറിപ്പ്]
^ ഖ. 42 കൂടുതൽ വിവരങ്ങൾക്ക് യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും—വാല്യം 2 (ഇംഗ്ലീഷ്) എന്ന പുസ്‌തകത്തിന്റെ “സ്വവർഗപ്രണയത്തിൽനിന്ന് എങ്ങനെ ഒഴിഞ്ഞുനിൽക്കാം?” എന്ന 28-ാം അധ്യായം കാണുക.
[11-ാം പേജിലെ ചിത്രം]
ക്രിസ്‌ത്യാനികൾ ‘ഒഴുക്കിനെതിരെ നീന്താൻ’ ധൈര്യമുള്ളവരാണ്