വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

4 ആരോ​ഗ്യ​ശീ​ലങ്ങൾ പിൻപ​റ്റുക

4 ആരോ​ഗ്യ​ശീ​ലങ്ങൾ പിൻപ​റ്റുക

“വിവേ​ക​മു​ള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊ​ള്ളു​ന്നു.” (സദൃശ​വാ​ക്യ​ങ്ങൾ 22:3) ആരോ​ഗ്യം പരിര​ക്ഷി​ക്കാൻ അൽപ്പ​മൊ​ന്നു ശ്രദ്ധി​ച്ചാൽ പല ദുരി​ത​ങ്ങ​ളും ഒഴിവാ​ക്കാൻ കഴിയും. ഒപ്പം പണവും സമയവും ലാഭി​ക്കാം.

വ്യക്തി​ശു​ചി​ത്വം പാലി​ക്കുക. “രോഗ​സംക്ര​മണം തടയാ​നും സ്വന്തം ആരോ​ഗ്യം പരിര​ക്ഷി​ക്കാ​നും ചെയ്യേണ്ട ഏറ്റവും പ്രധാന സംഗതി​യാണ്‌ കൈ കഴുകുക എന്നുള്ളത്‌.” യു.എസ്‌. സെന്റേ​ഴ്‌സ്‌ ഫോർ ഡിസീസ്‌ കൺ​ട്രോൾ ആൻഡ്‌ പ്രി​വെൻഷൻ റിപ്പോർട്ടു ചെയ്യുന്നു. 80 ശതമാനം അണുബാ​ധ​യ്‌ക്കും കാരണം കൈക​ളു​ടെ വൃത്തി​യി​ല്ലാ​യ്‌മ​യാണ്‌. അതു​കൊണ്ട്‌ ദിവസം പലപ്രാ​വ​ശ്യം കൈ കഴുകുക. വിശേ​ഷി​ച്ചും ഭക്ഷണം തയ്യാറാ​ക്കു​ക​യോ കഴിക്കു​ക​യോ ചെയ്യു​ന്ന​തി​നു മുമ്പും മുറി​വു​ക​ളിൽ സ്‌പർശി​ക്കു​ക​യോ മുറി​വു​കൾ ഡ്രസ്സ്‌ ചെയ്യു​ക​യോ ചെയ്യു​ന്ന​തി​നു​മു​മ്പും കൈകൾ കഴുകി​യി​രി​ക്കണം. അതു​പോ​ലെ, മൃഗങ്ങളെ തൊടു​ക​യോ ടോയ്‌ലറ്റ്‌ ഉപയോ​ഗി​ക്കു​ക​യോ കുഞ്ഞിന്റെ ഡയപ്പർ മാറ്റു​ക​യോ ചെയ്‌ത​തി​നുശേ​ഷ​വും കൈ കഴുകാൻ മറക്കരുത്‌.

സോപ്പും വെള്ളവും ഉപയോ​ഗിച്ച്‌ കൈ കഴുകു​ന്ന​താണ്‌ ഹാൻഡ്‌-സാനി​റ്റൈസർ ഉപയോ​ഗി​ക്കു​ന്ന​തിനെ​ക്കാൾ ഫലപ്രദം. കൈ കഴുകാൻ കുട്ടി​കളെ പരിശീ​ലി​പ്പി​ക്കുക; വായിൽ കൈയി​ടു​ന്ന​തും കണ്ണിൽ സ്‌പർശി​ക്കു​ന്ന​തുംപോ​ലുള്ള ദുശ്ശീ​ലങ്ങൾ ഒഴിവാ​ക്കാൻ അവരെ പഠിപ്പി​ക്കുക. അങ്ങനെ​യാ​കുമ്പോൾ കുട്ടികൾ ആരോ​ഗ്യ​മു​ള്ള​വ​രാ​യി വളരും. ദിവസ​വും കുളി​ക്കു​ന്ന​തും വസ്‌ത്ര​ങ്ങ​ളും കിടക്ക​വി​രി​ക​ളും മറ്റും വൃത്തി​യാ​യി സൂക്ഷി​ക്കു​ന്ന​തും ആരോ​ഗ്യ​പ​രി​ര​ക്ഷ​യ്‌ക്ക്‌ അനിവാ​ര്യ​മാണ്‌.

സാം​ക്ര​മിക രോഗങ്ങൾ പിടിപെ​ടാ​തെ നോക്കുക. ജലദോ​ഷ​മോ പനിയോ ഉള്ളവരു​മാ​യി അടുത്ത സമ്പർക്കം പുലർത്ത​രുത്‌. ഉമിനീ​രി​ലൂടെ​യും മൂക്കിലെ ശ്ലേഷ്‌മ​ത്തി​ലൂടെ​യും രോഗം പകരുമെ​ന്ന​തി​നാൽ രോഗി ഉപയോ​ഗി​ക്കുന്ന പ്ലേറ്റും സ്‌പൂ​ണും ഉപയോ​ഗി​ക്കാ​തി​രി​ക്കാൻ ശ്രദ്ധി​ക്കുക. ഹെപ്പറ്റൈ​റ്റിസ്‌ ബി, ഹെപ്പറ്റൈ​റ്റിസ്‌ സി, എച്ച്‌ഐവി/എയ്‌ഡ്‌സ്‌ എന്നിവ പ്രധാ​ന​മാ​യും ലൈം​ഗി​ക​ബ​ന്ധ​ത്തി​ലൂടെ​യും കുത്തിവെ​പ്പി​ലൂടെ​യും രക്തപ്പകർച്ച​യി​ലൂടെ​യു​മാണ്‌ പകരു​ന്നത്‌. ചില സാം​ക്ര​മിക രോഗ​ങ്ങൾക്കെ​തി​രെ വാക്‌സി​നു​ക​ളുണ്ടെ​ങ്കി​ലും രോഗി​യു​മാ​യി സമ്പർക്ക​ത്തിൽ വരാൻ സാധ്യ​ത​യുണ്ടെ​ങ്കിൽ ആവശ്യ​മായ മുൻക​രു​ത​ലു​കൾ എടുക്കു​ന്ന​താ​ണു ബുദ്ധി. കൊതു​കു​ക​ളിൽനി​ന്നും രോഗ​കാ​രി​ക​ളായ മറ്റു ഷഡ്‌പ​ദ​ങ്ങ​ളിൽനി​ന്നും സംരക്ഷണം നേടു​ന്ന​തും പ്രധാ​ന​മാണ്‌. കുട്ടി​കളെ കൊതു​കു​വ​ല​യ്‌ക്കു​ള്ളിൽത്തന്നെ ഉറക്കാൻ ശ്രദ്ധി​ക്കുക. കൊതു​കു നിവാരണ ഉപാധി​ക​ളും ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌. a

വീട്‌ വൃത്തി​യാ​യി സൂക്ഷി​ക്കുക. വീടും പരിസ​ര​വും വൃത്തി​യാ​യി സൂക്ഷി​ക്കണം. വെള്ളം കെട്ടി​നിൽക്കാൻ അനുവ​ദി​ക്ക​രുത്‌; കാരണം ഇങ്ങനെ​യുള്ള സ്ഥലങ്ങൾ കൊതു​കി​ന്റെ ഈറ്റി​ല്ല​മാണ്‌. ചപ്പുച​വ​റു​ക​ളും മാലി​ന്യ​ങ്ങ​ളും ഭക്ഷണപ​ദാർഥ​ങ്ങ​ളും, ഈച്ചകളെ​യും പ്രാണി​കളെ​യും ആകർഷി​ക്കും. ഈ രോഗാ​ണു​വാ​ഹി​കളെ അകറ്റി​നി​റു​ത്താൻ പ്രത്യേ​കം ശ്രദ്ധി​ക്കുക. വെളിമ്പ്രദേ​ശ​ങ്ങ​ളിൽ മലമൂത്ര വിസർജനം നടത്താതെ കക്കൂസു​കൾതന്നെ ഉപയോ​ഗി​ക്കുക. കുഴി​ക്ക​ക്കൂ​സു​ക​ളാണെ​ങ്കിൽ ഈച്ചകളെ അകറ്റാൻ അവ മൂടി​യി​ടുക. നേത്രരോ​ഗ​ങ്ങ​ളും മറ്റു രോഗ​ങ്ങ​ളും പരത്തു​ന്നത്‌ പ്രധാ​ന​മാ​യും ഈച്ചക​ളാണ്‌.

അപകടങ്ങൾ പറ്റാതെ നോക്കുക. ജോലി ചെയ്യുമ്പോ​ഴും വാഹനങ്ങൾ ഓടി​ക്കുമ്പോ​ഴും സുരക്ഷാ​നി​യ​മങ്ങൾ അനുസ​രി​ക്കണം. വാഹനം നല്ല കണ്ടീഷ​നി​ലാണെന്ന്‌ ഉറപ്പാ​ക്കുക. സുരക്ഷ​യ്‌ക്കാ​യുള്ള സേഫ്‌റ്റി ഗ്ലാസ്സുകൾ, ഹെൽമെറ്റ്‌, പാദര​ക്ഷകൾ, സീറ്റ്‌ ബെൽറ്റ്‌ തുടങ്ങി​യവ ഒഴിവാ​ക്ക​രുത്‌. കൂടുതൽ സമയം വെയി​ലത്ത്‌ ചെലവ​ഴി​ക്കു​ന്നത്‌ കാൻസ​റി​നെ ക്ഷണിച്ചു​വ​രു​ത്തിയേ​ക്കാം. തൊലി ചുക്കി​ച്ചു​ളി​യാ​നും അതു കാരണ​മാ​കും. പുകവ​ലി​ശീ​ല​മുണ്ടെ​ങ്കിൽ അത്‌ ഉപേക്ഷി​ക്കുക, ഇന്നുതന്നെ! അതുവഴി ഹൃദയാ​ഘാ​തം, ശ്വാസകോശ അർബുദം, പക്ഷാഘാ​തം എന്നീ രോഗങ്ങൾ വരാനുള്ള സാധ്യത ഗണ്യമാ​യി കുറയ്‌ക്കാം. b (g11-E 03)