വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാതാപിതാക്കൾ എനിക്ക്‌ സ്വാതന്ത്ര്യം അനുവദിച്ചുതരാത്തത്‌ എന്തുകൊണ്ട്‌?

മാതാപിതാക്കൾ എനിക്ക്‌ സ്വാതന്ത്ര്യം അനുവദിച്ചുതരാത്തത്‌ എന്തുകൊണ്ട്‌?

യുവജ​നങ്ങൾ ചോദി​ക്കു​ന്നു

മാതാ​പി​താ​ക്കൾ എനിക്ക്‌ സ്വാതന്ത്ര്യം അനുവ​ദി​ച്ചു​ത​രാ​ത്തത്‌ എന്തു​കൊണ്ട്‌?

ഓസ്‌ട്രേലിയക്കാരിയായ അലിസൻ a പറയു​ന്നത്‌, തിങ്കളാ​ഴ്‌ച​ക​ളിൽ സ്‌കൂ​ളിൽ പോകു​ന്നത്‌ വളരെ ടെൻഷ​നു​ണ്ടാ​ക്കുന്ന കാര്യ​മാണെ​ന്നാണ്‌. അതിന്റെ കാരണം അവൾ പറയു​ന്നത്‌ ഇങ്ങനെ:

“തിങ്കളാഴ്‌ച സ്‌കൂ​ളിൽ വന്നാൽ ശനിയും ഞായറും ചെയ്‌ത കാര്യങ്ങൾ വർണി​ക്കാ​നേ കുട്ടി​കൾക്കു സമയമു​ള്ളൂ. എന്തൊക്കെ കഥകളാണെ​ന്നോ അവർക്കു പറയാൻ! പാർട്ടി​കൾക്കു പോയ​തും ബോയ്‌സിനോടൊ​പ്പം കറങ്ങി​യ​തും പോലീ​സി​നെ വെട്ടിച്ച്‌ രക്ഷപ്പെ​ട്ട​തും . . . അങ്ങനെ പോകും അവരുടെ വീരക​ഥകൾ! . . . കേൾക്കുമ്പോൾ പേടിതോ​ന്നും. പക്ഷേ ഇതൊക്കെ ഒരു രസമല്ലേ! എല്ലാം കഴിഞ്ഞ്‌ വെളു​പ്പിന്‌ വീട്ടിൽവ​രു​ന്നവർ പോലു​മുണ്ട്‌. അവരുടെ വീട്ടു​കാർക്കൊ​ന്നും അതൊരു വിഷയമേയല്ല. എന്റെ വീട്ടിൽ സ്ഥിതി മറിച്ചാണ്‌. ഫ്രണ്ട്‌സെ​ല്ലാം ആഘോഷം തുടങ്ങുന്ന സമയത്ത്‌ ഞങ്ങളുടെ വീട്ടിൽ പാതി​രാ​ത്രി ആയിട്ടു​ണ്ടാ​കും!

“അവർ ചെയ്‌തതൊ​ക്കെ പറഞ്ഞു​ക​ഴി​ഞ്ഞാൽ ഞാൻ എന്തൊക്കെ ചെയ്‌തു എന്ന്‌ അവർ എന്നോടു ചോദി​ക്കും. പക്ഷേ, പ്രത്യേ​കിച്ച്‌ എന്തെങ്കി​ലും ചെയ്‌തി​ട്ടുവേണ്ടേ പറയാൻ. സഭാ​യോ​ഗ​ങ്ങൾക്കു പോയി. വയൽസേ​വ​ന​ത്തി​നു പോയി. ഇതല്ലാതെ മറ്റൊ​ന്നും ഞാൻ ചെയ്‌തി​ട്ടു​ണ്ടാ​വില്ല. അവരെപ്പോ​ലെ അടിച്ചുപൊ​ളി​ക്കാൻ പറ്റുന്നി​ല്ല​ല്ലോ എന്നോർത്ത്‌ എനിക്കു സങ്കടം​വ​രും. അതു​കൊണ്ട്‌, പ്രത്യേ​കിച്ചൊ​ന്നും ചെയ്‌തില്ല എന്നു പറഞ്ഞ്‌ ഞാൻ രക്ഷപ്പെ​ടും. ‘എങ്കിൽപ്പി​ന്നെ നിനക്ക്‌ ഞങ്ങളുടെ കൂടെ വരാമാ​യി​രു​ന്നി​ല്ലേ’ എന്ന്‌ അവർ ചോദി​ക്കും.

“തിങ്കളാഴ്‌ച കഴിഞ്ഞാൽ പ്രശ്‌നം തീർന്നു എന്നു വിചാ​രി​ച്ചാൽ, അപ്പോ​ഴും രക്ഷയില്ല. പിറ്റേന്നു തുടങ്ങും, അടുത്ത​യാ​ഴ്‌ചത്തെ പരിപാ​ടി​കളെ​ക്കു​റി​ച്ചുള്ള ചർച്ചകൾ. ഞാൻ ഒന്നും മിണ്ടാതെ എല്ലാം കേട്ടി​രി​ക്കും. ആകെ ഒറ്റപ്പെ​ട്ട​തുപോ​ലെ എനിക്കു തോന്നും.”

തിങ്കളാഴ്‌ച രാവിലെ സ്‌കൂ​ളിൽ എത്തു​മ്പോൾ ഇങ്ങനെയൊക്കെ​യാ​ണോ നിങ്ങൾക്കും തോന്നു​ന്നത്‌? വീടിനു വെളി​യി​ലുള്ള ലോകം സന്തോ​ഷി​ച്ചു തിമിർക്കുമ്പോൾ വീട്ടിൽ പൂട്ടി​യി​ട്ട​തുപോ​ലെ കഴി​യേ​ണ്ടി​വ​രുക! അതുമല്ലെ​ങ്കിൽ ഒരു അമ്യൂ​സ്‌മെന്റ്‌ പാർക്കിൽ ചെന്നിട്ട്‌ മറ്റുള്ളവർ കളിച്ചു​ര​സി​ക്കു​ന്നത്‌ അസൂയയോ​ടെ നോക്കി​നിൽക്കേ​ണ്ടി​വ​രുക! നിങ്ങളു​ടെ അവസ്ഥയെ നിങ്ങൾ അങ്ങനെ​യാ​ണോ കാണു​ന്നത്‌? കൂട്ടു​കാർ ചെയ്യു​ന്നതെ​ല്ലാം ചെയ്യണമെന്നൊ​ന്നും നിങ്ങൾക്ക്‌ ആഗ്രഹ​മില്ല. വല്ലപ്പോ​ഴുമൊന്ന്‌ അടിച്ചുപൊ​ളി​ക്കണം, അത്ര​യേ​യു​ള്ളൂ. ആകട്ടെ, ഈ വരുന്ന ശനിയും ഞായറും എന്തു ചെയ്യാ​നാണ്‌ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌?

ഡാൻസ്‌ പ്രോഗ്രാം കാണാൻ പോകുക

ഗാന​മേ​ള​യ്‌ക്കു പോകുക

സിനി​മ​യ്‌ക്കു പോകുക

പാർട്ടി​ക്കു പോകുക

മറ്റെ​ന്തെ​ങ്കി​ലും

ശരിയാണ്‌, എന്തെങ്കി​ലുമൊ​ക്കെ നേര​മ്പോ​ക്കു​കൾ ഉണ്ടെങ്കി​ലേ ജീവി​ത​ത്തിന്‌ രസമുള്ളൂ. (സഭാ​പ്ര​സം​ഗി 3:1, 4) ഈ പ്രായ​ത്തിൽ നിങ്ങൾ ജീവിതം ആസ്വദി​ക്കണം എന്നുതന്നെ​യാണ്‌ നിങ്ങളു​ടെ സ്രഷ്ടാ​വിന്റെ​യും ആഗ്രഹം. (സഭാ​പ്ര​സം​ഗി 11:9) ഇനി, നിങ്ങളു​ടെ മാതാ​പി​താ​ക്കൾ ആഗ്രഹി​ക്കു​ന്ന​തും അതുതന്നെ​യാണെന്നു പറഞ്ഞാൽ, വിശ്വ​സി​ക്കാൻ നിങ്ങൾക്കു ബുദ്ധി​മു​ട്ടു തോന്നിയേ​ക്കാം. പക്ഷേ അതാണു സത്യം! എന്നാൽ, നിങ്ങൾ അറിഞ്ഞി​രി​ക്കേണ്ട ഒരു വസ്‌തു​ത​യുണ്ട്‌. നിങ്ങൾ സന്തോ​ഷ​മാ​യി​രി​ക്കാൻ അച്ഛനും അമ്മയും ആഗ്രഹി​ക്കുമ്പോ​ഴും അവരെ അലട്ടിയേ​ക്കാ​വുന്ന ചില കാര്യ​ങ്ങ​ളുണ്ട്‌: (1) എന്തുതരം വിനോ​ദ​ങ്ങ​ളിൽ ആയിരി​ക്കും നിങ്ങൾ ഏർപ്പെ​ടു​ന്നത്‌? (2) ആരൊക്കെ​യാ​യി​രി​ക്കും നിങ്ങ​ളോടൊ​പ്പ​മു​ള്ളത്‌?

ഇങ്ങനെ ചിന്തി​ക്കുക: കൂട്ടു​കാർ ഒരു പരിപാ​ടി​ക്കാ​യി നിങ്ങളെ ക്ഷണിക്കു​ന്നു. പക്ഷേ അച്ഛനും അമ്മയും സമ്മതി​ക്കു​മോ എന്ന്‌ നിങ്ങൾക്ക്‌ ഉറപ്പില്ല. നിങ്ങൾ എന്തു ചെയ്യും? പല ചിന്തകൾ നിങ്ങളു​ടെ മനസ്സി​ലൂ​ടെ കടന്നുപോ​കു​ന്നു. ഒരു തീരു​മാ​നം എടുക്കു​ന്ന​തി​നു​മുമ്പ്‌, ആ ചിന്തകളെ വിലയി​രു​ത്താ​നും അവയുടെ അനന്തര​ഫ​ല​ങ്ങളെ​ക്കു​റിച്ച്‌ ആലോ​ചി​ക്കാ​നും ബൈബിൾ ആവശ്യപ്പെ​ടു​ന്നു. (ആവർത്ത​ന​പു​സ്‌തകം 32:29; സദൃശ​വാ​ക്യ​ങ്ങൾ 7:6-23) കൂട്ടു​കാ​രിൽനിന്ന്‌ ക്ഷണം ലഭിച്ചി​രി​ക്കുന്ന സ്ഥിതിക്ക്‌, ഇപ്പോൾ നിങ്ങളു​ടെ മുമ്പിൽ പല വഴിക​ളുണ്ട്‌.

1. വീട്ടിൽ ചോദി​ക്കാ​തെ പോകുക.

ഈ വഴി തിര​ഞ്ഞെ​ടു​ക്കാ​നുള്ള കാരണം: നിങ്ങൾക്ക്‌ എന്തു ചെയ്യാ​നും സ്വാതന്ത്ര്യ​മുണ്ടെന്ന്‌ കൂട്ടു​കാരെയൊ​ന്നു ബോധ്യപ്പെ​ടു​ത്തണം, അതായി​രി​ക്കാം നിങ്ങളു​ടെ ലക്ഷ്യം. അല്ലെങ്കിൽ, നിങ്ങൾക്ക്‌ അച്ഛനമ്മ​മാരെ​ക്കാൾ അറിവുണ്ടെ​ന്നും അവർ പറയുന്ന കാര്യ​ങ്ങ​ളിൽ വലിയ കഴമ്പില്ലെ​ന്നും തോന്നു​ന്ന​തുകൊ​ണ്ടാ​കാം.—സദൃശ​വാ​ക്യ​ങ്ങൾ 15:5.

അനന്തരഫലങ്ങൾ: നിങ്ങളെ വിശ്വ​സി​ക്കാൻ കൊള്ളില്ല എന്ന ധാരണ​യാ​യി​രി​ക്കും കൂട്ടു​കാർക്കു കിട്ടുക. അച്ഛനമ്മ​മാ​രെ പറ്റിക്കുന്ന നിങ്ങൾക്ക്‌ കൂട്ടു​കാ​രെ പറ്റിക്കാ​നും മടികാ​ണില്ലെന്ന്‌ അവർ കരുതും. മാത്രമല്ല, അച്ഛനും അമ്മയും അതറി​യുമ്പോൾ നിങ്ങൾ അങ്ങനെ ചെയ്‌ത​ല്ലോ എന്നോർത്ത്‌ വല്ലാതെ വിഷമി​ക്കും. ഉള്ള സ്വാതന്ത്ര്യം​കൂ​ടെ നിങ്ങൾക്ക്‌ നഷ്ടപ്പെ​ടാ​നും ഇടയുണ്ട്‌. മാതാ​പി​താ​ക്ക​ളു​ടെ സമ്മതമി​ല്ലാ​തെ, തന്നിഷ്ടപ്ര​കാ​രം കൂട്ടു​കാരോടൊ​പ്പം പോകു​ന്നത്‌ ഒട്ടും ബുദ്ധി​യാ​യി​രി​ക്കില്ല!—സദൃശ​വാ​ക്യ​ങ്ങൾ 12:15.

2. ചോദി​ക്കു​ന്നില്ല, പോകു​ന്നു​മില്ല.

ഈ വഴി തിര​ഞ്ഞെ​ടു​ക്കാ​നുള്ള കാരണം: കൂട്ടു​കാ​രു​ടെ ആ ക്ഷണം നിങ്ങൾക്ക്‌ സ്വീക​രി​ക്കാൻ പറ്റിയ ഒന്നല്ലെ​ന്നും അവിടെ വരുന്ന ചിലർ നിങ്ങൾക്കു കമ്പനി​കൂ​ടാൻ പറ്റിയവർ ആയിരി​ക്കില്ലെ​ന്നും നിങ്ങൾക്കു തോന്നു​ന്നു. (1 കൊരി​ന്ത്യർ 15:33; ഫിലി​പ്പി​യർ 4:8) അല്ലെങ്കിൽ, പോക​ണമെന്ന്‌ ആഗ്രഹ​മുണ്ട്‌, പക്ഷേ വീട്ടിൽ ചോദി​ക്കാൻ ധൈര്യ​മില്ല.

അനന്തരഫലങ്ങൾ: അതൊരു നല്ല ഐഡിയ അല്ലെന്ന്‌ സ്വയം ബോധ്യപ്പെ​ട്ട​തുകൊ​ണ്ടാണ്‌ പോകാ​തി​രി​ക്കു​ന്നതെ​ങ്കിൽ, കൂട്ടു​കാർ ചോദി​ക്കുമ്പോൾ യാതൊ​രു ചമ്മലു​മി​ല്ലാ​തെ കാരണം വിശദീ​ക​രി​ക്കാ​നാ​കും. എന്നാൽ വീട്ടിൽ ചോദി​ക്കാൻ ധൈര്യ​മി​ല്ലാ​ത്ത​തുകൊ​ണ്ടാണ്‌ പോകാ​തി​രി​ക്കു​ന്നതെ​ങ്കിൽ, പോകാൻ കഴിഞ്ഞി​ല്ല​ല്ലോ എന്നു പരിത​പിച്ച്‌ വീട്ടി​ലി​രിക്കേ​ണ്ടി​വ​രും.

3. ചോദി​ച്ചുനോ​ക്കാം.

ഈ വഴി തിര​ഞ്ഞെ​ടു​ക്കാ​നുള്ള കാരണം: മാതാ​പി​താ​ക്ക​ളു​ടെ സ്ഥാനത്തെ നിങ്ങൾ അംഗീ​ക​രി​ക്കു​ന്നു, അവർ പറയു​ന്ന​തി​നെ മാനി​ക്കു​ന്നു. (കൊ​ലോ​സ്യർ 3:20) മാതാ​പി​താ​ക്കളോ​ടു സ്‌നേ​ഹ​മു​ള്ള​തുകൊ​ണ്ടും അവരെ വിഷമി​പ്പി​ക്കാൻ ആഗ്രഹ​മി​ല്ലാ​ത്ത​തുകൊ​ണ്ടും അവരുടെ കണ്ണു​വെ​ട്ടിച്ച്‌ എന്തെങ്കി​ലും ചെയ്യാൻ നിങ്ങൾ ശ്രമി​ക്കു​ന്നില്ല. (സദൃശ​വാ​ക്യ​ങ്ങൾ 10:1) അല്ലെങ്കിൽ, നിങ്ങളു​ടെ ആവശ്യം അവരുടെ മുമ്പാകെ അവതരി​പ്പി​ക്കാ​നുള്ള സ്വാതന്ത്ര്യ​മുണ്ടെന്ന്‌ നിങ്ങൾക്കു തോന്നു​ന്നു.

അനന്തരഫലങ്ങൾ: നിങ്ങൾ മാതാ​പി​താ​ക്കളെ സ്‌നേ​ഹി​ക്കു​ക​യും ബഹുമാ​നി​ക്കു​ക​യും ചെയ്യു​ന്നുണ്ടെന്ന്‌ അവർക്ക്‌ മനസ്സി​ലാ​കും. തന്നെയു​മല്ല, നിങ്ങളു​ടെ ആവശ്യം ന്യായ​മാണെന്നു കണ്ടാൽ അവർ അനുവാ​ദം നൽകിയെ​ന്നും​വ​രാം.

മാതാ​പി​താ​ക്കൾ സമ്മതി​ക്കാ​ത്ത​തി​ന്റെ കാരണങ്ങൾ

അച്ഛനും അമ്മയും അനുവാ​ദം തരുന്നില്ലെ​ങ്കി​ലോ? അതു നിങ്ങളെ വല്ലാതെ വിഷമി​പ്പി​ക്കും, സംശയ​മില്ല. പക്ഷേ, അവരുടെ ഭാഗത്തു​നി​ന്നു ചിന്തി​ച്ചാൽ അവർ പറയു​ന്നതു ശരിയാണെന്ന്‌ നിങ്ങൾക്കു മനസ്സി​ലാ​കും. അവർ സമ്മതി​ക്കാ​തി​രി​ക്കു​ന്നത്‌ പല കാരണ​ങ്ങൾകൊ​ണ്ടാ​കാം. അതിൽ ചിലത്‌ താഴെ കൊടു​ത്തി​രി​ക്കു​ന്നു.

അവർക്ക്‌ നിങ്ങ​ളെ​ക്കാൾ അറിവും അനുഭ​വ​പ​രി​ച​യ​വും ഉണ്ട്‌. ബീച്ചിൽ നീന്താൻ പോകു​ന്ന​തിനെ​പ്പറ്റി നിങ്ങൾ ചിന്തി​ക്കു​ക​യാണെ​ന്നി​രി​ക്കട്ടെ. ലൈഫ്‌ ഗാർഡു​ക​ളു​ടെ കാവലുള്ള ഒരു ബീച്ചിൽ പോകാ​നാ​യി​രി​ക്കി​ല്ലേ നിങ്ങൾ താത്‌പ​ര്യപ്പെ​ടുക? തീർച്ച​യാ​യും. കാരണം കടലിൽ നീന്തി​ര​സി​ക്കുമ്പോൾ, പതിയി​രി​ക്കുന്ന അപകടങ്ങൾ നിങ്ങൾ ശ്രദ്ധിച്ചെ​ന്നു​വ​രില്ല. പക്ഷേ, ലൈഫ്‌ ഗാർഡു​ക​ളുണ്ടെ​ങ്കിൽ അപകടങ്ങൾ പേടി​ക്കാ​തെ നിങ്ങൾക്ക്‌ സുരക്ഷി​ത​മാ​യി നീന്താം. നിങ്ങൾക്കു കാണാ​നാ​കാത്ത അപകടങ്ങൾ അവർക്കു കാണാൻ കഴിയും.

അതു​പോ​ലെ, അച്ഛനും അമ്മയ്‌ക്കും നിങ്ങ​ളെ​ക്കാൾ അറിവും അനുഭ​വ​പ​രി​ച​യ​വും ഉള്ളതി​നാൽ നിങ്ങൾക്കു കാണാൻ കഴിയാത്ത പല അപകട​ങ്ങ​ളും അവർക്കു കാണാൻ കഴി​ഞ്ഞേ​ക്കും. ബീച്ചിലെ ലൈഫ്‌ ഗാർഡു​കളെപ്പോലെ​യാണ്‌ നിങ്ങളു​ടെ മാതാ​പി​താ​ക്കൾ. നിങ്ങളു​ടെ രസം കെടു​ത്തു​കയല്ല അവരുടെ ലക്ഷ്യം; പകരം, നിങ്ങളു​ടെ സന്തോഷം കവർന്നു​ക​ളഞ്ഞേ​ക്കാ​വുന്ന അപകട​ങ്ങ​ളിൽനിന്ന്‌ നിങ്ങളെ രക്ഷിക്കു​ക​യാണ്‌.

അവർ നിങ്ങളെ സ്‌നേ​ഹി​ക്കു​ന്നു. നിങ്ങൾ സുരക്ഷി​ത​രാ​യി​രി​ക്ക​ണമെന്ന്‌ മാതാ​പി​താ​ക്കൾക്ക്‌ നിർബ​ന്ധ​മുണ്ട്‌. സാധ്യ​മാ​കുമ്പോഴൊ​ക്കെ അവർ നിങ്ങളു​ടെ ആവശ്യങ്ങൾ അനുവ​ദി​ച്ചു​ത​രു​ന്ന​തും ചില സാഹച​ര്യ​ങ്ങ​ളിൽ അനുമതി നിഷേ​ധി​ക്കു​ന്ന​തും നിങ്ങ​ളോ​ടുള്ള സ്‌നേ​ഹംകൊ​ണ്ടാണ്‌. നിങ്ങൾ ഒരു ആവശ്യ​വു​മാ​യി അവരുടെ മുന്നിൽ ചെല്ലുമ്പോൾ, അത്‌ ഏതെങ്കി​ലും തരത്തിൽ നിങ്ങൾക്ക്‌ ദോഷംചെ​യ്യു​മോ എന്ന്‌ അവർ ചിന്തി​ച്ചുനോ​ക്കും. ഇല്ലെന്ന്‌ ഏതാണ്ട്‌ ഉറപ്പാ​യാൽ മാത്രമേ അവർ അത്‌ അനുവ​ദി​ച്ചു​തരൂ.

വേണ്ടത്ര വിവരങ്ങൾ ഇല്ലെങ്കിൽ. സ്‌നേ​ഹ​മുള്ള മാതാ​പി​താ​ക്കൾ ഒരിക്ക​ലും മക്കളുടെ കാര്യ​ത്തിൽ ‘റിസ്‌ക്‌’ എടുക്കാൻ തയ്യാറാ​വില്ല. നിങ്ങളു​ടെ ആവശ്യം ശരിക്കും മനസ്സി​ലാ​കാ​തി​രി​ക്കു​ക​യോ അറിയേണ്ട എല്ലാ വിവര​ങ്ങ​ളും നിങ്ങളിൽനിന്ന്‌ ലഭിക്കാ​തി​രി​ക്കു​ക​യോ ചെയ്‌താൽ അവർ അനുമതി നിഷേ​ധിച്ചേ​ക്കാം.

അനുവാ​ദം നേടാൻ വഴിയു​ണ്ടോ?

അത്‌ നാലു​ഘ​ട​ക​ങ്ങളെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌.

സത്യസന്ധത: ആദ്യം​തന്നെ സത്യസ​ന്ധ​മാ​യി സ്വയം ചോദി​ക്കുക: ‘ഞാൻ പോകാൻ ആഗ്രഹി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? പരിപാ​ടി​യിൽ സംബന്ധി​ക്കാ​നുള്ള ആഗ്രഹംകൊ​ണ്ടാ​ണോ അതോ കൂട്ടു​കാർ ചെയ്യു​ന്ന​തുപോലെയൊ​ക്കെ ചെയ്യാ​നുള്ള ആഗ്രഹംകൊ​ണ്ടാ​ണോ? അതുമല്ലെ​ങ്കിൽ ഞാൻ ഇഷ്ടപ്പെ​ടുന്ന ‘ആൾ’ അവിടെ വരും എന്നതുകൊ​ണ്ടാ​ണോ?’ എന്തായാ​ലും ഉള്ള കാര്യം മാതാ​പി​താ​ക്കളോട്‌ തുറന്നു പറയുക. അവരും നിങ്ങളു​ടെ പ്രായം കഴിഞ്ഞു വന്നവരാണ്‌. അതു​കൊണ്ട്‌ നിങ്ങൾ പറഞ്ഞില്ലെ​ങ്കി​ലും അവർക്കു കാര്യം മനസ്സി​ലാ​കും. എന്നാൽ നിങ്ങൾ സത്യസ​ന്ധ​മാ​യി, മനസ്സി​ലു​ള്ളതു തുറന്നു പറഞ്ഞാൽ അവർ അത്‌ വിലമ​തി​ക്കും. അവർ നൽകുന്ന ഉപദേ​ശ​ത്തിൽനിന്ന്‌ പ്രയോ​ജനം നേടാ​നും നിങ്ങൾക്കു കഴിയും. (സദൃശ​വാ​ക്യ​ങ്ങൾ 7:1, 2) എന്നാൽ ഒരിക്കൽ സത്യസ​ന്ധ​ത​യി​ല്ലായ്‌മ കാണി​ച്ചാൽ പിന്നെ മാതാ​പി​താ​ക്കൾ നിങ്ങളെ വിശ്വ​സിച്ചെ​ന്നു​വ​രില്ല. നിങ്ങളു​ടെ ആവശ്യങ്ങൾ അവർ അനുവ​ദി​ച്ചു​ത​രാ​നുള്ള സാധ്യ​ത​യും കുറയും.

ചോദി​ക്കു​ന്ന സമയം: അച്ഛനോ അമ്മയോ ജോലി​ക​ഴിഞ്ഞ്‌ വീട്ടിലെ​ത്തിയ ഉടനെ​യോ മറ്റുകാ​ര്യ​ങ്ങ​ളിൽ മുഴു​കി​യി​രി​ക്കുമ്പോ​ഴോ ആവശ്യ​ങ്ങ​ളു​മാ​യി അവരെ ബുദ്ധി​മു​ട്ടി​ക്ക​രുത്‌. അവർ സ്വസ്ഥമാ​യി​രി​ക്കുന്ന സമയം നോക്കി കാര്യം അവതരി​പ്പി​ക്കാം. അതേസ​മയം അത്‌ അവസാ​ന​നി​മി​ഷത്തേക്ക്‌ മാറ്റിവെച്ച്‌ തിടു​ക്ക​ത്തിൽ ഒരു തീരു​മാ​നം പറയാൻ അവരെ നിർബ​ന്ധി​ക്കു​ക​യു​മ​രുത്‌. സാധാ​ര​ണ​ഗ​തി​യിൽ ആലോ​ചിച്ച്‌ ഒരു തീരു​മാ​നം പറയാ​നാണ്‌ അച്ഛനമ്മ​മാർ താത്‌പ​ര്യപ്പെ​ടുക. അതു​കൊണ്ട്‌ കാര്യം നേരത്തേ അവതരി​പ്പി​ക്കുക. അത്‌ അവരോ​ടു കാണി​ക്കുന്ന പരിഗ​ണ​ന​യാ​യി​രി​ക്കും. അവർ അത്‌ വിലമ​തി​ക്കു​ക​യും ചെയ്യും.

വ്യക്തമായ വിവരങ്ങൾ: വിവര​ങ്ങളെ​ല്ലാം വ്യക്തമാ​യി പറയുക. “ആരൊക്കെ അവിടെ ഉണ്ടാകും,” “മേൽനോ​ട്ടം വഹിക്കാൻ മുതിർന്ന ആരെങ്കി​ലും കാണു​മോ,” “പരിപാ​ടി എപ്പോൾ കഴിയും” തുടങ്ങിയ ചോദ്യ​ങ്ങൾക്ക്‌ “എനിക്ക​റി​യില്ല” എന്ന മറുപ​ടി​യാണ്‌ കൊടു​ക്കു​ന്നതെ​ങ്കിൽ, അനുവാ​ദം തരാൻ മാതാ​പി​താ​ക്കൾക്ക്‌ ബുദ്ധി​മു​ട്ടാ​യി​രി​ക്കും.

മനോ​ഭാ​വം: അച്ഛനെ​യും അമ്മയെ​യും ശത്രു​ക്ക​ളാ​യി കാണാ​തി​രി​ക്കുക. അച്ഛനും അമ്മയും നിങ്ങളും ഒരു ടീമാണെന്ന്‌ ഓർക്കുക. ഇതുവരെ പറഞ്ഞ കാര്യ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ ചിന്തി​ക്കുമ്പോൾ അതു ശരിയാണെന്നു തോന്നു​ന്നി​ല്ലേ? അവരെ സുഹൃ​ത്തു​ക്ക​ളാ​യി കണ്ടാൽ നിങ്ങൾക്ക്‌ അവരോ​ടു മറുത്തു​നിൽക്കാൻ തോന്നില്ല. അതു​പോ​ലെ അവരും നിങ്ങ​ളോ​ടു സഹകരി​ക്കും. എന്നാൽ അനുവാ​ദം തരാൻ പറ്റി​ല്ലെന്ന്‌ അവർ പറഞ്ഞാ​ലോ? ആദര​വോ​ടെ കാരണം ചോദി​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, ഒരു കലാപ​രി​പാ​ടിക്ക്‌ പോ​കേണ്ടെന്ന്‌ അവർ പറഞ്ഞാൽ, അതിന്റെ കാരണം മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക. പരിപാ​ടി അവതരി​പ്പി​ക്കു​ന്ന​വരെ​ക്കു​റിച്ച്‌ അവർക്ക്‌ മോശ​മായ അഭി​പ്രാ​യ​മു​ള്ള​തുകൊ​ണ്ടാ​ണോ? അതു നടക്കുന്ന സ്ഥലം അത്ര സുരക്ഷി​ത​മല്ലെ​ന്നു​ണ്ടോ? നിങ്ങളു​ടെ കൂടെ​യു​ള്ളത്‌ എങ്ങനെ​യു​ള്ള​വ​രാ​യി​രി​ക്കും എന്ന്‌ അവർ ഉത്‌ക​ണ്‌ഠപ്പെ​ടു​ന്നു​ണ്ടോ? പ്രവേശന ഫീസ്‌ കൂടു​ത​ലാണെന്ന്‌ അവർ ചിന്തി​ക്കു​ന്നു​ണ്ടാ​കു​മോ? “നിങ്ങൾക്ക്‌ എന്നെ വിശ്വാ​സ​മില്ല,” “ബാക്കിയെ​ല്ലാ​വ​രും പോകു​ന്നു​ണ്ട​ല്ലോ,” “എന്റെ ഫ്രണ്ട്‌സിന്റെയെ​ല്ലാം വീട്ടിൽ സമ്മതിച്ചു” എന്നിങ്ങനെ​യുള്ള പരാതി​കൾ ഒഴിവാ​ക്കുക. മാതാ​പി​താ​ക്ക​ളു​ടെ തീരു​മാ​നം അംഗീ​ക​രി​ക്കാ​നും അതിനെ മാനി​ക്കാ​നു​മുള്ള പക്വത കാണി​ക്കുക. അപ്പോൾ അവർ നിങ്ങ​ളെ​യും മാനി​ക്കും. അടുത്ത പ്രാവ​ശ്യം നിങ്ങളു​ടെ ആവശ്യം അനുവ​ദി​ച്ചു​ത​രാൻ അവർ കൂടുതൽ സന്നദ്ധത കാണി​ക്കു​ക​യും ചെയ്യും. (g11-E 02)

“യുവജ​നങ്ങൾ ചോദി​ക്കു​ന്നു” എന്ന പരമ്പര​യിൽനി​ന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്‌​സൈ​റ്റിൽ കാണാ​വു​ന്ന​താണ്‌.

[അടിക്കു​റിപ്പ്‌]

a പേരു മാറ്റി​യി​ട്ടുണ്ട്‌.

[11-ാം പേജിലെ ചതുരം/ചിത്രം]

എന്റെ മാതാ​പി​താ​ക്കൾക്ക്‌ എന്നെ വലിയ വിശ്വാ​സ​മാണ്‌. കാരണം ഇതുവരെ അവരുടെ കണ്ണു​വെ​ട്ടിച്ച്‌ യാതൊ​ന്നും ഞാൻ ചെയ്‌തി​ട്ടില്ല. എന്റെ കൂട്ടു​കാരെ​ക്കു​റി​ച്ചുള്ള എല്ലാ വിവര​ങ്ങ​ളും ഞാൻ അവരോ​ടു പറയാ​റുണ്ട്‌. മാത്രമല്ല, എന്തെങ്കി​ലും പരിപാ​ടി​ക്കു പോയിട്ട്‌ പറ്റാത്ത എന്തെങ്കി​ലും കണ്ടാൽ ഉടനെ വീട്ടിലേക്കു തിരി​ച്ചുപോ​രാ​നും എനിക്കു മടിയില്ല.

[ചിത്രം]

കിംബർലി

മാതാപിതാക്കളോടു ചോദി​ച്ച​റി​യു​ക

[12-ാം പേജിലെ ചതുരം]

ഈ ലേഖന​ത്തിൽ പറഞ്ഞി​രി​ക്കുന്ന കാര്യങ്ങൾ സംബന്ധിച്ച്‌ അച്ഛന്റെ​യും അമ്മയുടെ​യും വീക്ഷണം അറിയാൻ നിങ്ങൾക്കു താത്‌പ​ര്യ​മു​ണ്ടോ? അതിന്‌ ഒരു മാർഗമേ​യു​ള്ളൂ, അവരോ​ടു​തന്നെ ചോദി​ക്കുക. പറ്റിയ സമയംനോ​ക്കി വിഷയം എടുത്തി​ടാം; എന്നിട്ട്‌ അവരുടെ മനസ്സി​ലു​ള്ളത്‌ അറിയാൻ ശ്രമി​ക്കാം. അവരോ​ടു ചോദി​ക്കാൻ ആഗ്രഹി​ക്കുന്ന ഒരു ചോദ്യം താഴെ എഴുതുക.

․․․․․

[12-ാം പേജിലെ ചിത്രം]

മാതാപിതാക്കൾ ലൈഫ്‌ ഗാർഡു​കളെപ്പോലെ​യാണ്‌; നിങ്ങൾ കാണാത്ത അപകടങ്ങൾ കാണാ​നും മുന്നറി​യി​പ്പു തരാനും അവർക്കാ​കും