വേർപാടിന്റെ വേദനയുമായി പൊരുത്തപ്പെടാൻ. . .
വേർപാടിന്റെ വേദനയുമായി പൊരുത്തപ്പെടാൻ. . .
“ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ.” —സങ്കീർത്തനം 34:18.
പ്രിയപ്പെട്ടവരുടെ വിയോഗം. അതു സൃഷ്ടിക്കുന്ന വിക്ഷുബ്ധത പലപ്പോഴും വാക്കുകൾക്കതീതമാണ്! ഞെട്ടൽ, മരവിപ്പ്, ദുഃഖം, കുറ്റബോധം, ദേഷ്യം അങ്ങനെ പലപല വൈകാരിക ഘട്ടങ്ങളിലൂടെ നിങ്ങൾ കടന്നുപോയേക്കാം. വേർപാടിന്റെ വേദന ഓരോരുത്തരിലും ഓരോ വിധത്തിലായിരിക്കും. അതുകൊണ്ടുതന്നെ മേൽപ്പറഞ്ഞ എല്ലാ വൈകാരിക അവസ്ഥകളും നിങ്ങൾക്ക് ഉണ്ടാകണമെന്നില്ല. ഇനി, ദുഃഖം പ്രകടിപ്പിക്കുന്ന വിധത്തിലും ഉണ്ടാകാം വ്യത്യാസങ്ങൾ. എന്തായാലും ദുഃഖം അടക്കിവെക്കാൻ ശ്രമിക്കരുത്.
“മനസ്സു തുറന്നു കരയുക!”
അമ്മയുടെ വേർപാടിനെക്കുറിച്ച് ഓർക്കുകയാണ് ഡോക്ടറായ എലോയ്സ. “ആദ്യമൊക്കെ ഞാൻ കുറെ കരഞ്ഞു. പിന്നെപ്പിന്നെ ദുഃഖം ഉള്ളിലൊതുക്കാൻ ശ്രമിച്ചു, എന്റെ രോഗികളിൽ ആരെങ്കിലും മരിക്കുമ്പോൾ സാധാരണ ചെയ്യാറുള്ളതുപോലെ. എന്റെ ആരോഗ്യത്തെ അത് സാരമായി ബാധിച്ചെന്നു തോന്നുന്നു. പ്രിയപ്പെട്ടവരുടെ മരണത്തിൽ ദുഃഖിക്കുന്നവരോട് എനിക്കു പറയാനുള്ളത് ഇതാണ്: മനസ്സു തുറന്നു കരയുക! ഉള്ളിലെ വേദന ശമിക്കാൻ അതു സഹായിക്കും.”
ചിലപ്പോൾ, ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞാലും ദുഃഖത്തിൽനിന്നു പുറത്തുകടക്കാനായെന്നുവരില്ല. കാൻസർ പിടിപെട്ടാണ് സേസില്യയുടെ ഭർത്താവ് മരിച്ചത്. “‘ഇത്രയും കാലമായില്ലേ, ഇനിയും ഇങ്ങനെ ദുഃഖിച്ചു നടക്കുന്നത് എന്തിനാണ്?’ എന്ന മട്ടാണ് ചിലർക്ക്. അവർ പ്രതീക്ഷിക്കുന്നതുപോലെയാകാൻ കഴിയുന്നില്ലല്ലോ എന്നോർക്കുമ്പോൾ എനിക്ക് എന്നോടുതന്നെ ദേഷ്യം തോന്നും.” സേസില്യ പറയുന്നു.
നിങ്ങൾക്കും ഇതുപോലെ തോന്നിയിട്ടുണ്ടോ? എങ്കിൽ ഒന്നോർക്കുക: ‘ഈ വിധത്തിലേ ദുഃഖിക്കാവൂ’ അല്ലെങ്കിൽ ‘ഇത്ര നാളത്തേക്കേ ദുഃഖിക്കാവൂ’ എന്നു പറഞ്ഞ് ദുഃഖത്തിന് ഒരു പരിധിവെക്കാനാവില്ല. കാരണം, ദുരന്തത്തെ അംഗീകരിച്ച് മുന്നോട്ടുപോകാൻ ഓരോരുത്തർക്കുമുള്ള കഴിവ് വ്യത്യസ്തമായിരിക്കും. നിങ്ങളുടെ വേദനയെ മറികടക്കാൻ ബുദ്ധിമുട്ട് തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ അതിനെ സ്വാഭാവികമായി കണക്കാക്കുക. ‘ഇത്ര നാളുകൾക്കുള്ളിൽ ഞാൻ ഈ വേദനയിൽനിന്നു പുറത്തു കടക്കണം’ എന്ന മട്ടിൽ ദുരന്തവുമായി പൊരുത്തപ്പെടാൻ തിടുക്കം കാട്ടേണ്ടതില്ല. a
ഇനി, ദുഃഖത്തിന്റെ നീർച്ചുഴിയിൽനിന്ന് ഒരിക്കലും പുറത്തു കടക്കാനാവില്ലെന്ന് തോന്നുന്നെങ്കിലോ? പുത്രനായ യോസേഫ് മരിച്ചപ്പോൾ ദൈവദാസനായിരുന്ന യാക്കോബിനും അങ്ങനെ തോന്നി. യാക്കോബ് “ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതെ . . . കരഞ്ഞുകൊണ്ടിരുന്നു” എന്ന് ബൈബിൾ പറയുന്നു. (ഉല്പത്തി 37:35) ആകട്ടെ, നിങ്ങളുടെ മനോവ്യഥയെ ലഘൂകരിക്കാൻ പ്രായോഗികമായി എന്തെല്ലാം ചെയ്യാം?
ആരോഗ്യം ശ്രദ്ധിക്കുക. “ചിലപ്പോൾ വല്ലാത്ത തളർച്ച തോന്നും; ഒന്നും ചെയ്യാൻ ശക്തിയില്ലാത്തതുപോലെ.” സേസില്യ പറയുന്നു. അതെ, വേർപാടിന്റെ ദുഃഖം ഒരു വ്യക്തിയെ വൈകാരികമായി മാത്രമല്ല ശാരീരികമായും തളർത്തിക്കളയും. അതുകൊണ്ട് ആരോഗ്യകാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം. ആവശ്യത്തിനു വിശ്രമിക്കുകയും പോഷകഗുണമുള്ള ആഹാരം കഴിക്കുകയും ചെയ്യുക.
ഭക്ഷണം പാകം ചെയ്യാനോ കഴിക്കാനോ പറ്റിയ മാനസികാവസ്ഥയിലായിരിക്കില്ല നിങ്ങൾ. പക്ഷേ ഭക്ഷണം കഴിക്കാതിരുന്നാൽ നിങ്ങളുടെ പ്രതിരോധശേഷി കുറയും. രോഗം പിടിപെടാനുള്ള സാധ്യതയും കൂടും. അത് നിങ്ങളുടെ സ്ഥിതി വഷളാക്കുകയേയുള്ളൂ. അതുകൊണ്ട് ആരോഗ്യം പരിരക്ഷിക്കാൻ ആവശ്യമായത്ര ആഹാരം കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. b
ചെറിയ തോതിൽ വ്യായാമം ചെയ്യുന്നതും നല്ലതാണ്. വെറുതെയൊന്നു നടക്കുന്നതുപോലും ഗുണം ചെയ്യും. വീടിനുള്ളിലെ വീർപ്പുമുട്ടലിൽനിന്ന് പുറത്തുകടക്കാൻ അതു സഹായിക്കും. വ്യായാമം ചെയ്യുമ്പോൾ മസ്തിഷ്കത്തിൽ എൻഡോർഫിൻ ഉത്പാദിപ്പിക്കപ്പെടുന്നു. മനസ്സിന് അയവുവരുത്തുന്ന ഒരു രാസപദാർഥമാണ് അത്.
മറ്റുള്ളവരുടെ സഹായം തേടുക. ഇണ നഷ്ടപ്പെട്ട ഒരാളെ സംബന്ധിച്ചിടത്തോളം ഇത് വിശേഷാൽ പ്രധാനമാണ്. പണം കൈകാര്യം ചെയ്യൽ, വീട്ടുജോലികൾ ചെയ്യൽ എന്നിങ്ങനെ നിങ്ങളുടെ ഇണ തനിയെ ചെയ്തുപോന്ന പല ഉത്തരവാദിത്വങ്ങളും ഉണ്ടായിരിക്കാം. ഇപ്പോൾ അതെല്ലാം നിങ്ങളുടെ ചുമലിലാണ്. ഈ സാഹചര്യത്തിൽ സുഹൃത്തുക്കൾ നൽകുന്ന ഉപദേശം വലിയ സഹായമായിരിക്കും.—സദൃശവാക്യങ്ങൾ 25:11.
ഒരു ആത്മാർഥ സുഹൃത്ത് “അനർത്ഥകാലത്തു . . . സഹോദരനായ്തീരുന്നു” എന്ന് ബൈബിൾ പറയുന്നു. സദൃശവാക്യങ്ങൾ 17:17) അതുകൊണ്ട് മറ്റുള്ളവർക്ക് ഒരു ഭാരമാകുമെന്നു കരുതി സ്വയം ഒറ്റപ്പെടുത്തരുത്. പകരം മറ്റുള്ളവരുമായി ഇടപഴകാൻ ശ്രമിക്കുക. സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ അത് സഹായിക്കും. അമ്മയുടെ മരണം ഏൽപ്പിച്ച ആഘാതത്തെ തരണംചെയ്യാൻ തന്നെ സഹായിച്ചത് അതാണെന്ന് സാലി എന്ന യുവതി പറയുന്നു. “എന്തു പരിപാടികൾ പ്ലാൻ ചെയ്താലും സുഹൃത്തുക്കൾ എന്നെയും ഒപ്പം കൂട്ടും. ഏകാന്തതയിൽനിന്നു മോചനം നേടാൻ അതെന്നെ ഏറെ സഹായിച്ചു. മാത്രമല്ല, പലരും മമ്മിയെക്കുറിച്ചും എന്റെ ദുഃഖത്തെക്കുറിച്ചുമൊക്കെ ചോദിച്ചറിയുമായിരുന്നു. മമ്മിയെപ്പറ്റി എന്തെങ്കിലും പറയാൻ കഴിയുമ്പോൾ എനിക്ക് വലിയ ആശ്വാസം തോന്നും.”
(അവരെക്കുറിച്ച് ഓർക്കാൻ മടിക്കേണ്ട. നിങ്ങൾ ഒരുമിച്ചു പങ്കിട്ട നല്ല നിമിഷങ്ങളെക്കുറിച്ച് ഓർക്കുന്നതു നല്ലതാണ്. പഴയ ഫോട്ടോകൾ മറിച്ചു നോക്കാം. ആദ്യമൊക്കെ മനസ്സിന് വേദന തോന്നും. പക്ഷേ കാലം കടന്നുപോകുമ്പോൾ മനസ്സിന്റെ ദുഃഖം കുറയ്ക്കാൻ ആ ഓർമകൾക്കാകും.
ഡയറി എഴുതുന്നതും ഗുണം ചെയ്യും. നിങ്ങളുടെ ഓർമയിലുള്ള നല്ല കാര്യങ്ങൾ, പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ, ഒക്കെ എഴുതിവെക്കാം. മനസ്സിലുള്ളതെല്ലാം കടലാസ്സിലേക്കു പകർത്തുന്നത് കൂടിക്കുഴഞ്ഞു കിടക്കുന്ന ചിന്തകളെ ഒന്നു ചിട്ടപ്പെടുത്താൻ സഹായിക്കും. വൈകാരിക സംഘർഷത്തിനും അത് അയവുവരുത്തും.
പ്രിയപ്പെട്ടവരുടെ ഓർമയുണർത്തുന്ന വസ്തുക്കൾ സൂക്ഷിക്കുന്നതിനെക്കുറിച്ചെന്ത്? അത് നല്ലതാണെന്നും അല്ലെന്നും അഭിപ്രായമുണ്ട്. പ്രിയപ്പെട്ടവരുടെ ഓർമയുണർത്തുന്ന വസ്തുക്കൾ സൂക്ഷിച്ചുവെക്കുന്നത് സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങിവരവ് ബുദ്ധിമുട്ടാക്കുമെന്ന് ചിലർ കരുതുന്നു. എന്നാൽ മറ്റു ചിലർക്ക് അവ കാണുന്നത് വലിയ ആശ്വാസമാണ്. “മമ്മി ഉപയോഗിച്ചിരുന്ന പല സാധനങ്ങളും ഞാൻ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ദുഃഖം മറക്കാൻ അത് എന്നെ വളരെയധികം സഹായിക്കുന്നു” എന്ന് സാലി പറയുന്നു. c
‘സർവാശ്വാസത്തിന്റെയും ദൈവത്തിൽ’ ആശ്രയിക്കുക. “നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും” എന്ന് ബൈബിൾ ഉറപ്പു നൽകുന്നു. (സങ്കീർത്തനം 55:22) കേവലം മനശ്ശാന്തി നേടാനുള്ള ഒരു ഉപാധിയായി പ്രാർഥനയെ കാണരുത്. മറിച്ച്, ‘നമ്മുടെ കഷ്ടതകളിലൊക്കെയും നമ്മെ ആശ്വസിപ്പിക്കുന്ന’ “സർവാശ്വാസത്തിന്റെയും ദൈവ”വുമായുള്ള ആശയവിനിമയമായി അതിനെ വീക്ഷിക്കണം.—2 കൊരിന്ത്യർ 1:3, 4.
നമുക്ക് യഥാർഥ ആശ്വാസം പകരാൻ കഴിയുന്നത് ദൈവവചനമായ ബൈബിളിനു മാത്രമാണ്. “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകുമെന്നാണ് ദൈവത്തിലുള്ള എന്റെ പ്രത്യാശ” എന്ന് ക്രിസ്തീയ അപ്പൊസ്തലനായ പൗലോസ് എഴുതി. (പ്രവൃത്തികൾ 24:15) മരിച്ചവർ ജീവനിലേക്കു തിരികെ വരുമെന്ന ബൈബിളധിഷ്ഠിത പ്രത്യാശയെക്കുറിച്ചു ചിന്തിക്കുന്നത് പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ ദുഃഖിക്കുന്നവർക്ക് വലിയ ആശ്വാസം പകരും. d ലോറെൻ എന്ന യുവതിയുടെ അനുഭവം അതാണു കാണിക്കുന്നത്. ഒരു അപകടത്തിൽ കൗമാരപ്രായത്തിലുള്ള സഹോദരനെ നഷ്ടപ്പെട്ട അവർ പറയുന്നു: “എത്ര ദുഃഖത്തിലായാലും ബൈബിൾ എടുത്ത് ഒരു വാക്യമെങ്കിലും ഞാൻ വായിക്കുമായിരുന്നു, വിശേഷിച്ചും എനിക്ക് കരുത്തുപകരുന്ന തിരുവെഴുത്തുകൾ. അതും ഒരിക്കലല്ല പലവട്ടം. ലാസറിന്റെ മരണത്തിൽ ദുഃഖിച്ചിരുന്ന മറിയയോട് യേശു പറഞ്ഞ വാക്കുകൾ, ‘നിന്റെ സഹോദരൻ ഉയിർത്തെഴുന്നേൽക്കും’ എന്ന വാഗ്ദാനം, എനിക്ക് ഏറെ ആശ്വാസം നൽകിയിട്ടുണ്ട്.”—യോഹന്നാൻ 11:23.
“അത് നിങ്ങളെ കീഴടക്കാൻ അനുവദിച്ചുകൂടാ”
ദുഃഖത്തിൽനിന്നു പുറത്തുവരുക എളുപ്പമല്ലായിരിക്കാം. പക്ഷേ ജീവിതവുമായി മുന്നോട്ടുപോകാൻ അങ്ങനെ ചെയ്തേ മതിയാകൂ. സാധാരണ ജീവിതത്തിലേക്കു മടങ്ങിവരാൻ ശ്രമിക്കുന്നത് പ്രിയപ്പെട്ട ആളോട് ചെയ്യുന്ന അപരാധമാണെന്നു ചിന്തിക്കേണ്ട. നിങ്ങൾ അവരെ മറന്നുകളഞ്ഞെന്നും അതിന് അർഥമില്ല. നിങ്ങൾക്ക് ഒരിക്കലും അവരെ മറക്കാനാവില്ല എന്നതാണ് സത്യം. ചില സമയങ്ങളിൽ ഓർമകൾ മനസ്സിലേക്ക് ഇരമ്പിവന്നേക്കാം. എന്നാൽ കാലം കടന്നുപോകുമ്പോൾ, ആ ഓർമകൾ കൊണ്ടുവരുന്ന വേദനയുടെ തീവ്രത കുറഞ്ഞുവരും.
പിന്നെപ്പിന്നെ, ഒരുമിച്ചുണ്ടായിരുന്ന നിമിഷങ്ങളെക്കുറിച്ച് ഓർക്കാൻ നിങ്ങൾ ഇഷ്ടപ്പെടും. ആഷ്ലി എന്ന പെൺകുട്ടി പറയുന്നു: “മരിക്കുന്നതിന്റെ തലേദിവസം അമ്മയുടെ സ്ഥിതി അൽപ്പം മെച്ചപ്പെട്ടതുപോലെ തോന്നി. അന്ന്, ദിവസങ്ങൾക്കുശേഷം അമ്മ കിടക്കയിൽ എഴുന്നേറ്റിരുന്നു. ചേച്ചി അമ്മയുടെ മുടി ചീകിക്കൊണ്ടിരിക്കുമ്പോൾ ഞങ്ങൾ മൂന്നുപേരും എന്തോ പറഞ്ഞു ചിരിച്ചത് ഞാനോർക്കുന്നു. നാളുകൾക്കുശേഷം അന്നാണ് അമ്മ ഒന്നു ചിരിച്ചു കണ്ടത്. ഞങ്ങളുടെ സാമീപ്യം അമ്മയെ ഒരുപാട് സന്തോഷിപ്പിച്ചതുപോലെ.”
നിങ്ങളെ വിട്ടുപിരിഞ്ഞ ആ വ്യക്തിയിൽനിന്നു പഠിച്ച നല്ലനല്ല കാര്യങ്ങളെക്കുറിച്ചും ഓർക്കാൻ കഴിയും. സാലി പറയുന്നു: “മമ്മിയിൽനിന്ന് ഞാൻ പലതും പഠിച്ചു. ജീവിതത്തിൽ പല നല്ല ഉപദേശങ്ങളും മമ്മി നൽകിയിട്ടുണ്ട്. പക്ഷേ ഉപദേശിക്കുകയാണെന്ന മട്ടിൽ മമ്മി ഒരിക്കലും ഉപദേശങ്ങൾ നൽകിയിട്ടില്ല. ഡാഡിയുടെയും മമ്മിയുടെയും സഹായം കൂടാതെ സ്വന്തമായി ശരിയായ തീരുമാനങ്ങളെടുക്കാൻ എന്നെ പഠിപ്പിച്ചതും മമ്മിയാണ്.”
ഇനി, ജീവിതവുമായി മുന്നോട്ടുപോകാൻവേണ്ട കരുത്തുപകരാനും ആ ഓർമകൾക്കാകും. അലിക്സ് എന്ന യുവാവിന്റെ കാര്യത്തിൽ അതു ശരിയായിരുന്നു. “ജീവിതം ആസ്വദിക്കാനുള്ളതാണെന്ന് ഡാഡി കൂടെക്കൂടെ പറയുമായിരുന്നു. ഡാഡി പോയതിനുശേഷവും ആ വാക്കുകൾ അക്ഷരംപ്രതി അനുസരിക്കാൻ ഞാൻ തീരുമാനിച്ചു. അച്ഛനെയോ അമ്മയെയോ നഷ്ടപ്പെട്ടവരോട് എനിക്കു പറയാനുള്ളത് ഇതാണ്: ആ ദുഃഖം ഒരിക്കലും മനസ്സിൽനിന്നു മാഞ്ഞുപോകില്ല. പക്ഷേ അത് നിങ്ങളെ കീഴടക്കാൻ അനുവദിച്ചുകൂടാ. ദുഃഖിക്കുന്നതും കരയുന്നതുമൊക്കെ സ്വാഭാവികമാണ്. പക്ഷേ മുന്നിലുള്ള ജീവിതം സന്തോഷത്തോടെ ജീവിച്ചുതീർക്കേണ്ടതാണെന്ന കാര്യം മറക്കരുത്.” (g11-E 04)
[അടിക്കുറിപ്പുകൾ]
a മറ്റൊരു വീട്ടിലേക്കു മാറിത്താമസിക്കുക, രണ്ടാമതൊരു വിവാഹം കഴിക്കുക തുടങ്ങിയ തീരുമാനങ്ങൾ സാവകാശം മതി. ഇപ്പോഴത്തെ സാഹചര്യവുമായി പൊരുത്തപ്പെട്ടശേഷം മാത്രം ചെയ്യേണ്ട കാര്യങ്ങളാണവ.
b മദ്യത്തിൽ അഭയംതേടുന്നത് ബുദ്ധിയല്ല. കുറച്ചു സമയത്തേക്ക് ദുഃഖം മറക്കാൻ നിങ്ങൾക്കു കഴിഞ്ഞെന്നിരിക്കും. പക്ഷേ അതൊരു ശാശ്വത പരിഹാരമല്ലെന്ന് ഓർക്കുക. നിങ്ങൾ മദ്യത്തിന് അടിമയായെന്നും വരാം.
c ഇക്കാര്യത്തിൽ സ്വന്തം വീക്ഷണം അടിച്ചേൽപ്പിക്കാതിരിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും ശ്രദ്ധിക്കണം.—ഗലാത്യർ 6:2, 5.
d മരിച്ചവരുടെ അവസ്ഥയെയും അവരെ ഉയിർപ്പിക്കുമെന്ന ദൈവത്തിന്റെ വാഗ്ദാനത്തെയും കുറിച്ച് കൂടുതൽ വിവരങ്ങൾ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 6, 7 അധ്യായങ്ങളിൽ കാണാം.
[31-ാം പേജിലെ ആകർഷകവാക്യം]
“എത്ര മനോവിഷമമുള്ള സാഹചര്യത്തിലും ബൈബിൾ എടുത്ത് ഒരു വാക്യമെങ്കിലും ഞാൻ വായിക്കുമായിരുന്നു”—ലോറെൻ
[30-ാം പേജിലെ ചതുരം/ചിത്രം]
കുറ്റബോധം കൈകാര്യം ചെയ്യൽ
നിങ്ങളുടെ ഭാഗത്തെ എന്തെങ്കിലും അനാസ്ഥ പ്രിയപ്പെട്ടയാളുടെ മരണത്തിന് ഇടയാക്കിയ ഘടകങ്ങളിലൊന്നാണ് എന്ന് ഒരുപക്ഷേ നിങ്ങൾക്കു തോന്നുന്നുണ്ടാകാം. കുറ്റബോധം, അത് യഥാർഥമോ സാങ്കൽപ്പികമോ ആയിക്കൊള്ളട്ടെ, ഒരു സ്വാഭാവിക ദുഃഖപ്രതികരണമാണെന്നു മനസ്സിലാക്കുന്നതു പ്രയോജനകരമാണ്. കുറ്റബോധത്തിന്റെ കാര്യത്തിലും അത് എങ്ങനെയും നിങ്ങളിൽത്തന്നെ ഒതുക്കിനിറുത്തണമെന്ന് വിചാരിക്കാതിരിക്കുക. നിങ്ങൾക്ക് എത്രമാത്രം കുറ്റബോധം തോന്നുന്നു എന്നതിനെ കുറിച്ച് മറ്റുള്ളവരോടു സംസാരിക്കുന്നത് ആ സമയത്ത് അനിവാര്യമായിരിക്കുന്ന ആശ്വാസം പ്രദാനം ചെയ്യും.
മറ്റൊരാളെ നാം എത്രയധികം സ്നേഹിച്ചാലും, അയാളുടെ അല്ലെങ്കിൽ അവളുടെ ജീവിതത്തെ നിയന്ത്രിക്കുന്നതിനാകട്ടെ, “കാലവും” മുൻകൂട്ടിക്കാണാനാവാത്ത സംഭവങ്ങളും നമ്മുടെ പ്രിയപ്പെട്ടവരുടെമേൽ വന്നുഭവിക്കുന്നത് തടയാനാകട്ടെ നമുക്കു കഴിയില്ല എന്നു മനസ്സിലാക്കുക. (സഭാപ്രസംഗി 9:11) മാത്രമല്ല, നിങ്ങളുടെ ആന്തരം ശുദ്ധമായിരുന്നു എന്നതിന് സംശയമില്ല. ഉദാഹരണത്തിന്, നിങ്ങൾ ഡോക്ടറുടെ അടുത്ത് വ്യക്തിയെ കുറെക്കൂടെ നേരത്തേ എത്തിക്കാൻ ക്രമീകരണം ചെയ്യാതിരുന്നത് നിങ്ങളുടെ പ്രിയപ്പെട്ട ആൾ രോഗം മൂർച്ഛിച്ച് മരിക്കണമെന്ന ഉദ്ദേശ്യത്തോടെ ആയിരുന്നോ? തീർച്ചയായും അല്ല! അങ്ങനെയെങ്കിൽ ആ വ്യക്തിയുടെ മരണത്തിന് നിങ്ങൾ യഥാർഥത്തിൽ ഉത്തരവാദിയാണോ? അല്ല.
മകളെ കാറപകടത്തിൽ നഷ്ടപ്പെട്ട ഒരമ്മ കുറ്റബോധത്തെ തരണം ചെയ്യാൻ പഠിച്ചു. അവർ വിശദീകരിക്കുന്നു: “ഞാനാണ് അവളെ പുറത്തേക്ക് അയച്ചത് എന്നതുകൊണ്ട് എനിക്കു കുറ്റബോധം തോന്നി. എന്നാൽ അങ്ങനെ ചിന്തിക്കുന്നത് അർഥശൂന്യമാണെന്ന് പിന്നീടു ഞാൻ മനസ്സിലാക്കി. വീട്ടിലെ ഒരു ആവശ്യത്തിന് അവളെ ഡാഡിയോടൊപ്പം അയച്ചത് യാതൊരു പ്രകാരത്തിലും തെറ്റല്ലായിരുന്നു. അത് കേവലം യാദൃച്ഛികമായി സംഭവിച്ച ഒരു ദുരന്തമായിരുന്നു.”
‘പക്ഷേ എനിക്കു പറയാൻ അല്ലെങ്കിൽ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആശിക്കുന്ന ഒട്ടേറെ സംഗതികളുണ്ട്’ എന്നു നിങ്ങൾ പറഞ്ഞേക്കാം. ശരിതന്നെ, എന്നാൽ ഞാൻ എല്ലാം തികഞ്ഞ ഒരു പിതാവോ മാതാവോ കുട്ടിയോ ആണെന്ന് നമ്മിൽ ആർക്കാണു പറയാൻ കഴിയുക? ബൈബിൾ നമ്മെ ഇങ്ങനെ ഓർമിപ്പിക്കുന്നു: “നാം എല്ലാവരും പലതിലും തെറ്റിപ്പോകുന്നു; ഒരുത്തൻ വാക്കിൽ തെറ്റാതിരുന്നാൽ അവൻ . . . സൽഗുണപൂർത്തിയുള്ള പുരുഷൻ ആകുന്നു.” (യാക്കോബ് 3:2, സത്യവേദപുസ്തകം; റോമർ 5:12) അതുകൊണ്ട് നിങ്ങൾ പൂർണതയുള്ള വ്യക്തിയല്ല എന്ന വസ്തുത അംഗീകരിക്കുക. “ഞാൻ ഇങ്ങനെ ചെയ്തിരുന്നെങ്കിൽ,” “അങ്ങനെ ചെയ്തിരുന്നെങ്കിൽ” എന്നൊക്കെ ചിന്തിച്ച് മനസ്സു വിഷമിപ്പിക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല, പകരം അത് വൈകാരിക സുഖപ്പെടലിനെ മന്ദീഭവിപ്പിക്കാനാണു സാധ്യത.*
[അടിക്കുറിപ്പ്]
ഈ ചതുരത്തിലെ വിവരങ്ങൾ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ എന്ന ലഘുപത്രികയിൽനിന്നുള്ളതാണ്.
[29-ാം പേജിലെ ചിത്രം]
സ്വയം ദുഃഖിക്കുമ്പോഴും മറ്റുള്ളവരെ ആശ്വസിപ്പിക്കേണ്ടിവന്നേക്കാം
[32-ാം പേജിലെ ചിത്രം]
ഡയറി എഴുതുന്നതും ഫോട്ടോകൾ മറിച്ചുനോക്കുന്നതും മറ്റുള്ളവരുടെ സഹായം തേടുന്നതും വേർപാടിന്റെ വേദനയുമായി പൊരുത്തപ്പെടാൻ സഹായിക്കും