2 ശാരീരിക ആവശ്യങ്ങൾ അവഗണിക്കരുത്
“ആരും ഒരിക്കലും സ്വന്തം ശരീരത്തെ വെറുക്കുകയില്ലല്ലോ; (പകരം) അതിനെ പരിപോഷിപ്പിക്കുകയും പരിപാലിക്കുകയുമത്രേ ചെയ്യുന്നത്.” (എഫെസ്യർ 5:29) ചില മുൻകരുതലുകൾ എടുത്താൽ നിങ്ങളുടെ ആരോഗ്യത്തിൽ അതിശയകരമായ മാറ്റങ്ങളുണ്ടാകും.
ആവശ്യത്തിനു വിശ്രമം. “രണ്ടു കയ്യും നിറയെ അദ്ധ്വാനവും വൃഥാപ്രയത്നവും ഉള്ളതിനെക്കാൾ ഒരു കൈ നിറയെ വിശ്രാമം അധികം നല്ലത്.” (സഭാപ്രസംഗി 4:6) തിരക്കുപിടിച്ച ഇന്നത്തെ ജീവിതത്തിൽ സൗകര്യപൂർവം മാറ്റിവെക്കാവുന്ന ഒന്നായിട്ടാണ് പലരും ഉറക്കത്തെ കാണുന്നത്. പക്ഷേ നല്ല ആരോഗ്യത്തിന് ഉറക്കം അനിവാര്യമാണ്. ഉറങ്ങുമ്പോൾ നമ്മുടെ തലച്ചോറിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പല റിപ്പയർവർക്കുകളും നടക്കുന്നുണ്ടെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. അതെ, നല്ല ഓർമശക്തിക്കും മാനസികാരോഗ്യത്തിനും ഉറക്കം കൂടിയേ തീരൂ.
ഉറക്കം നമ്മുടെ പ്രതിരോധവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു. അത് രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കുറയ്ക്കും. പ്രമേഹം, മസ്തിഷ്കാഘാതം, ഹൃദ്രോഗം, കാൻസർ, പൊണ്ണത്തടി, വിഷാദം, അൽഷൈമേഴ്സ് എന്നിവയെ പ്രതിരോധിക്കാനും ഉറക്കം നല്ലതാണ്. ഉറക്കം വരുമ്പോൾ കാപ്പിയോ ചായയോ കുടിച്ച് അതിനെ തടയാതെ, ഉറങ്ങുക! ശരീരത്തിനു വിശ്രമം ലഭിക്കാൻ പ്രകൃത്യാ നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഒരു ഉപാധിയാണ് ഉറക്കം. മുതിർന്ന ഒരാൾക്ക് ഏഴോ എട്ടോ മണിക്കൂർ ഉറക്കം വേണം. എങ്കിലേ ഉറക്കച്ചടവില്ലാതെ ഉന്മേഷത്തോടും കാര്യക്ഷമതയോടുംകൂടെ പ്രവർത്തിക്കാനാകൂ. കുട്ടികൾക്ക് കുറച്ചുകൂടെ ഉറക്കം വേണം. കൗമാരക്കാർക്കിടയിൽ ഉറക്കക്കുറവ് മാനസിക പ്രശ്നങ്ങൾക്ക് ഇടയാക്കുന്നതായി കണ്ടുവരുന്നു. ഡ്രൈവിങ്ങിനിടെ ഇവർ ഉറങ്ങിപ്പോകാനുള്ള സാധ്യതയുമുണ്ടത്രേ.
രോഗമുള്ളപ്പോൾ ഉറക്കം വിശേഷാൽ പ്രധാനമാണ്. ജലദോഷംപോലുള്ള ചെറിയ അസുഖങ്ങൾ ഭേദമാകാൻ കൂടുതൽ സമയം ഉറങ്ങുകയും ധാരാളം പാനീയങ്ങൾ കുടിക്കുകയും ചെയ്താൽ മതിയാകും.
ദന്തശുചിത്വം പാലിക്കുക. ഓരോ തവണ ഭക്ഷണം കഴിച്ചശേഷവും ബ്രഷുചെയ്യുകയും ഫ്ളോസുചെയ്യുകയും വേണം, കിടക്കാൻ പോകുന്നതിനുമുമ്പ് പ്രത്യേകിച്ചും. ഇത് ദന്തക്ഷയം ചെറുക്കും, മോണരോഗങ്ങളിൽനിന്ന് സംരക്ഷണം നൽകും, പല്ലുകളുടെ ആയുസ്സു കൂട്ടും. ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കണമെങ്കിൽ ബലമുള്ള പല്ലുകൾതന്നെ വേണം. അതുകൊണ്ട് നിങ്ങളുടെ പല്ലുകൾ സംരക്ഷിക്കുക. ആനകൾക്കിടയിൽ കണ്ടുവരുന്ന ഒരു പ്രതിഭാസം ഇത്തരുണത്തിൽ ശ്രദ്ധേയമാണ്. അവ ചാകുന്നത് വയസ്സാകുന്നതുകൊണ്ടല്ലത്രേ. പല്ലുകൾ കൊഴിഞ്ഞുപോകുമ്പോൾ അവയ്ക്ക് ആഹാരം ചവച്ചരയ്ക്കാൻ പറ്റാതെ വരുന്നു. അങ്ങനെ പോഷണം ലഭിക്കാതെ അവ ചാകുന്നു. പല്ല് എത്ര പ്രധാനമാണെന്ന് ഇതു വ്യക്തമാക്കുന്നു. ഭക്ഷണം കഴിച്ചശേഷം ബ്രഷുചെയ്യാനും ഫ്ളോസുചെയ്യാനും കുട്ടികളെ ശീലിപ്പിക്കുന്നത് ചെറുപ്രായത്തിൽ മാത്രമല്ല ജീവിതകാലത്തുടനീളം നല്ല ആരോഗ്യത്തോടിരിക്കാൻ അവരെ സഹായിക്കും.
ഡോക്ടറെ കാണാൻ മടിക്കരുത്. ചില അസുഖങ്ങൾക്ക് വിദഗ്ധ ചികിത്സ കൂടിയേ തീരൂ. ഏതു രോഗവും തുടക്കത്തിലേ കണ്ടുപിടിക്കുന്നത് ഗുണം ചെയ്യും. തുടക്കത്തിലാകുമ്പോൾ അത് ചികിത്സിച്ചു ഭേദമാക്കാൻ എളുപ്പമായിരിക്കും, മാത്രമല്ല ചെലവും കുറയും. അതുകൊണ്ട് ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടുമ്പോൾ, രോഗലക്ഷണങ്ങൾ ശമിപ്പിക്കാൻ നോക്കുന്നതിനുപകരം രോഗകാരണം കണ്ടെത്താനും അതിനു ചികിത്സ തേടാനും ശ്രദ്ധിക്കുക.
വിദഗ്ധരായ ഡോക്ടർമാരെ കണ്ട് പതിവായി ചെക്കപ്പുകൾ നടത്തുക. ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങളും അങ്ങനെ ഒഴിവാക്കാനായേക്കും. ഗർഭകാലത്ത് ആവശ്യമായ വൈദ്യപരിചരണം തേടുന്നതും ഇതിൽ ഉൾപ്പെടുന്നു. a എന്നാൽ ഡോക്ടർമാർക്ക് അത്ഭുതകരമായി രോഗസൗഖ്യം നൽകാനാവില്ലെന്ന കാര്യം മനസ്സിൽപ്പിടിക്കുക. ദൈവരാജ്യത്തിൻ കീഴിൽ ദൈവം “സകലവും പുതുതാക്കു”മ്പോൾ മാത്രമേ പരിപൂർണ രോഗവിമുക്തി സാധ്യമാകൂ.—വെളിപാട് 21:4, 5. (g11-E 03)
a 2010 ജൂലൈ-സെപ്റ്റംബർ ലക്കം ഉണരുക!-യിലെ, “ആരോഗ്യമുള്ള അമ്മമാർ, ആരോഗ്യമുള്ള കുഞ്ഞുങ്ങൾ” എന്ന ലേഖനം കാണുക.