കൗമാരം മുതിർന്നവരുടെ ലോകത്തിലേക്കുള്ള ചുവടുവെപ്പ്
കൗമാരം മുതിർന്നവരുടെ ലോകത്തിലേക്കുള്ള ചുവടുവെപ്പ്
നിങ്ങൾ ഒരു ഉഷ്‌ണമേഖലാ പ്രദേശത്തുനിന്ന് യാത്രചെയ്‌ത് ഒരു ധ്രുവപ്രദേശത്ത് എത്തിയിരിക്കുകയാണെന്ന് സങ്കൽപ്പിക്കുക. വിമാനത്തിൽനിന്ന് പുറത്തിറങ്ങുന്ന നിങ്ങളെ വരവേൽക്കുന്നത് അസഹ്യമായ തണുപ്പാണ്. ഈ കാലാവസ്ഥയുമായി നിങ്ങൾക്ക് പൊരുത്തപ്പെടാനാകുമോ? തീർച്ചയായും! ചില മുൻകരുതലുകൾ വേണമെന്നുമാത്രം.
മക്കൾ കൗമാരത്തിലേക്ക് കാലൂന്നുമ്പോൾ ഏതാണ്ട് ഇതുപോലൊരു അവസ്ഥയിലായിരിക്കും നിങ്ങൾ. തികച്ചും അപ്രതീക്ഷിതമായൊരു മാറ്റം. അതും അവിശ്വസനീയമായ വിധത്തിൽ! ഇന്നലെവരെ നൂറുനൂറു ചോദ്യങ്ങളുമായി കൂട്ടത്തിൽനിന്നു മാറാതെ നടന്ന മകൻ. ഇന്നവന് കൂട്ടുകാർ മതിയെന്നായി. സ്‌കൂളിൽനിന്നു വന്നാൽ വിശേഷങ്ങളുമായി പിന്നാലെ നടന്നിരുന്ന മകൾ. ഇപ്പോൾ അവൾക്ക് മിണ്ടാട്ടമില്ല. എന്തെങ്കിലും ചോദിച്ചാൽ ഒരു വാക്ക്, അല്ലെങ്കിൽ ഒരു മൂളൽ. തീർന്നു സംസാരം.
“ഇന്ന് ക്ലാസ്സൊക്കെ എങ്ങനെയുണ്ടായിരുന്നു,” നിങ്ങളുടെ കുശലാന്വേഷണം.
“ങാ, കുഴപ്പമില്ലായിരുന്നു,” അവളുടെ മറുപടി.
നിശ്ശബ്ദത.
“മോളെന്താ ഇത്ര ചിന്തിക്കുന്നത്?”
“ഒന്നുമില്ല,” അവളുടെ മറുപടി.
പിന്നെയും നിശ്ശബ്ദത.
എന്താണിവിടെ സംഭവിക്കുന്നത്? കുറച്ചുനാൾ മുമ്പുവരെ, “നിങ്ങളുടെ കുട്ടിയുടെ ജീവിതത്തിന്റെ അണിയറയിൽ എപ്പോഴും നിങ്ങളുണ്ടായിരുന്നു. എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് അങ്ങോട്ട് പ്രവേശനമുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ നിങ്ങളുടെ സ്ഥാനം വെറും കാണികളുടെ കൂട്ടത്തിലാണ്! ചിലപ്പോൾ ഇരിപ്പിടം കിട്ടുന്നത് വല്ല മൂലയ്‌ക്കുമായിരിക്കും. അവിടെയെങ്കിലും കിട്ടിയാൽ ഭാഗ്യം!” ബ്രേക്കിങ് ദ കോഡ് എന്ന പുസ്‌തകം പറയുന്നു.
ഈ ‘മാറിയ കാലാവസ്ഥയിൽ’ കുട്ടിയെ അവന്റെ വഴിക്കു വിട്ടിട്ട് നിങ്ങൾ പിന്മാറണമെന്നാണോ? ഒരിക്കലും പാടില്ല! കൗമാരത്തിന്റെ ഓരോ ചുവടിലും നിങ്ങൾ അവന്റെ ഒപ്പം ഉണ്ടായിരിക്കണം; നിങ്ങൾക്ക് അത് സാധിക്കുകയും ചെയ്യും. കൗമാരം കുതൂഹലങ്ങളുടെ കാലമാണ്; ഒപ്പം ആശങ്കകളുടെയും വികാരവിക്ഷോഭങ്ങളുടെയും. അതുകൊണ്ട് നിങ്ങൾ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ കുട്ടിയെ മനസ്സിലാക്കുകയാണ്. അവന്റെ ചിന്താരീതിയും മനസ്സിന്റെ വടംവലികളും അറിയാൻ ശ്രമിക്കുക.
കുട്ടിത്തം മാറി മുതിർന്നവരുടെ ലോകത്തിലേക്ക് . . .
കുട്ടിക്ക് അഞ്ചുവയസ്സാകുന്നതോടെ മസ്‌തിഷ്‌കത്തിന്റെ വളർച്ച ഏതാണ്ട് പൂർത്തിയായിരിക്കും എന്ന് ഗവേഷകർ ഒരുകാലത്ത് വിചാരിച്ചിരുന്നു. ആ പ്രായത്തിനുശേഷം മസ്‌തിഷ്‌കത്തിന്റെ വലുപ്പത്തിൽ മാറ്റമൊന്നും ഉണ്ടാകുന്നില്ലെങ്കിലും അതിന്റെ പ്രവർത്തനവിധത്തിൽ മാറ്റം സംഭവിക്കുന്നുണ്ട് എന്ന് ഇപ്പോൾ അവർ കണ്ടെത്തിയിരിക്കുന്നു. താരുണ്യത്തിലേക്ക് കടക്കുന്നതോടെ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ മാറ്റങ്ങൾ അവരുടെ ചിന്താമണ്ഡലത്തെയും സ്വാധീനിച്ചുതുടങ്ങും. കൊച്ചുകുട്ടികൾ കാര്യകാരണസഹിതം ചിന്തിക്കാറില്ല. കാര്യങ്ങളെ അപഗ്രഥിക്കാനുള്ള കഴിവും അവർക്കില്ല. എന്നാൽ കൗമാരത്തിലെത്തുന്നതോടെ സ്ഥിതി മാറും. അവർ എല്ലാം വിശകലനം ചെയ്‌തുതുടങ്ങും. (1 കൊരിന്ത്യർ 13:11) ബോധ്യപ്പെട്ടാലേ അവർ എന്തും സ്വീകരിക്കൂ. സ്വന്തം ചിന്തകളും ബോധ്യങ്ങളും തുറന്നുപറയാനും അവർക്കു മടിയുണ്ടാകില്ല.
ഇറ്റലിയിൽനിന്നുള്ള പാവോലോ എന്ന ഒരു പിതാവ് പറയുന്നു: “കൗമാരക്കാരനായ എന്റെ മകനെ നോക്കുമ്പോൾ ഒരു ‘കൊച്ചു പുരുഷൻ’ മുന്നിൽ നിൽക്കുന്നതുപോലെയാണ് എനിക്കു തോന്നുന്നത്. അവൻ ഇന്ന് എന്റെ ആ പഴയ കുഞ്ഞുമകനല്ല. അവൻ വലുപ്പംവെച്ചു എന്നതു മാത്രമല്ല കാര്യം. അവന്റെ ചിന്താരീതികളും പാടേ മാറി; അതാണ് എന്നെ ഏറ്റവും അത്ഭുതപ്പെടുത്തുന്നത്. സ്വന്തം വീക്ഷണങ്ങൾ തുറന്നുപറയാനും അതിനുവേണ്ടി വാദിക്കാനുമൊന്നും അവന് പേടിയോ വിമുഖതയോ ഇല്ല.”
നിങ്ങളുടെ വീട്ടിലെ കൗമാരക്കാരനിൽ നിങ്ങൾ ഇങ്ങനെയൊരു മാറ്റം ശ്രദ്ധിച്ചോ? കുട്ടിയായിരുന്നപ്പോൾ നിങ്ങൾ പറയുന്നത് അവൻ അതുപടി അനുസരിക്കുമായിരുന്നു, മറുത്തൊന്നും ചോദിക്കാതെ. ഇനി, അവന്റെ മുഖത്തൊരു ചോദ്യഭാവം ഉണ്ടായാൽത്തന്നെ, ‘ഞാൻ പറഞ്ഞതുപോലെയങ്ങ് കേട്ടാൽമതി’ എന്ന് തറപ്പിച്ചൊന്നു പറഞ്ഞാൽപ്പിന്നെ
‘എതിർവായ്’ ഉണ്ടാകില്ല. എന്നാൽ കൗമാരത്തിലേക്കു കടന്ന ഒരു കുട്ടിയുടെ അടുക്കൽ അത് ഫലിച്ചെന്നുവരില്ല. അവന് കാരണങ്ങൾ ബോധ്യപ്പെടണം. കുടുംബം പിന്തുടർന്നുപോരുന്ന മൂല്യങ്ങളും ആദർശങ്ങളുംപോലും അവന്റെ യുവമനസ്സ് വിമർശനവിധേയമാക്കിയെന്നുവരും. ചിലപ്പോഴൊക്കെ വെട്ടിത്തുറന്നുള്ള അഭിപ്രായപ്രകടനങ്ങൾ കേട്ട് രക്ഷിതാക്കൾ, ‘ഇവനെന്താ, മത്സരിയാകാനുള്ള പുറപ്പാടാണോ?’ എന്നുപോലും തെറ്റിദ്ധരിച്ചേക്കാം.ഇത്തരം സന്ദർഭത്തിൽ, നിങ്ങളുടെ ആദർശങ്ങളെ ധിക്കരിക്കുകയാണ് മകൻ എന്ന് അനുമാനിക്കരുത്. നിങ്ങൾ പിന്തുടരുന്ന മൂല്യങ്ങളെ സ്വജീവിതത്തിലേക്കു പകർത്താനുള്ള അവന്റെ ശ്രമത്തിന്റെ ഭാഗമായിരിക്കാം ഇത്. അതിനെ ഇങ്ങനെ ദൃഷ്ടാന്തീകരിക്കാം: നിങ്ങൾ മറ്റൊരു വീട്ടിലേക്കു താമസം മാറുകയാണെന്നു കരുതുക. വീട്ടുസാമാനങ്ങളെല്ലാം അവിടേക്ക് കൊണ്ടുപോകണം. എന്നാൽ എല്ലാ വസ്‌തുക്കളും സൂക്ഷിക്കാനുള്ള സ്ഥലം പുതിയ വീട്ടിൽ കണ്ടെന്നുവരുമോ? ഇല്ലായിരിക്കാം. അപ്പോൾ അതിൽ ചിലത് ഉപേക്ഷിക്കാൻ നിങ്ങൾ തീരുമാനിച്ചേക്കാം. പക്ഷേ വിലപിടിപ്പുള്ളതെന്ന് നിങ്ങൾക്ക് അറിയാവുന്ന യാതൊന്നും നിങ്ങൾ കളയില്ല.
നിങ്ങളുടെ മകനും ഏതാണ്ട് ഈയൊരു അവസ്ഥയിലാണ്. എങ്ങനെ? ഒരിക്കൽ അവൻ, “അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞ്” സ്വന്തമായൊരു ജീവിതം തുടങ്ങും. (ഉല്‌പത്തി 2:24) കൗമാരത്തിലേക്കു പ്രവേശിച്ചിരിക്കുന്ന കുട്ടി ആ ദിവസത്തിനായുള്ള തയ്യാറെടുപ്പിലാണെന്നു പറയാം. വർഷങ്ങൾക്കപ്പുറം സംഭവിക്കുന്ന കാര്യമാണത്. കാരണം, അവൻ ഇപ്പോഴും ഒരു മുതിർന്നയാളായിട്ടില്ല. എങ്കിലും, അവൻ ‘പുതിയ വീട്ടിലേക്കുള്ള പാക്കിങ്’ തുടങ്ങിക്കഴിഞ്ഞു. നിങ്ങൾ അവനെ പഠിപ്പിച്ച മൂല്യങ്ങളും സദാചാരനിഷ്‌ഠകളും കൗമാരവർഷങ്ങളിലെല്ലാം അവൻ വിശകലനം ചെയ്‌തുകൊണ്ടിരിക്കും. അതെ, മുതിർന്നവരുടെ ലോകത്തിലേക്കു പ്രവേശിക്കുമ്പോൾ തന്നോടൊപ്പം കൊണ്ടുപോകേണ്ട മൂല്യങ്ങൾ അവയിൽനിന്നു തിരഞ്ഞെടുത്തുകൊണ്ടിരിക്കുകയാണ് അവൻ. *
കുട്ടി ഇത്തരത്തിൽ തന്റേതായ തീരുമാനങ്ങൾ കൈക്കൊള്ളുന്നു എന്ന അറിവ് നിങ്ങളെ ഒട്ടൊന്ന് ആശങ്കപ്പെടുത്തിയേക്കാം. എന്നാൽ ഒരു കാര്യം ഉറപ്പാണ്: മൂല്യവത്താണെന്ന് അവനു തോന്നുന്ന കാര്യങ്ങൾമാത്രമേ അവൻ വലുതാകുമ്പോൾ മുറുകെപ്പിടിക്കുകയുള്ളൂ. അതുകൊണ്ട് അവൻ നിങ്ങളോടൊപ്പമുള്ള ഈ സമയത്തുതന്നെ അവൻ ആ മൂല്യങ്ങളെ വിശകലനം ചെയ്യട്ടെ. അതാണ് സുരക്ഷിതം.—പ്രവൃത്തികൾ 17:11.
അതെ, അതുതന്നെയാണ് നല്ലത്. നിങ്ങൾ പറയുന്നതെന്തും കണ്ണുമടച്ച് സ്വീകരിക്കുന്നത് ശീലമാക്കിയാൽ ഭാവിയിൽ, മറ്റുള്ളവർ എന്തെങ്കിലും പറയുമ്പോഴും അവൻ അതുതന്നെ ചെയ്‌തേക്കാം. (പുറപ്പാടു 23:2) ബൈബിൾ പറയുന്നതുപോലെ, ‘ബുദ്ധിഹീനനായ’ അഥവാ വിവേകവും വകതിരിവും ഇല്ലാത്തവനായ അങ്ങനെയൊരു യുവാവിനെ ആർക്കും എളുപ്പം കബളിപ്പിച്ച് വശത്താക്കാം. (സദൃശവാക്യങ്ങൾ 7:7) കാര്യങ്ങൾ സ്വയം ബോധ്യപ്പെടാതെ വിശ്വസിക്കാൻ തയ്യാറാകുന്ന ഒരു ചെറുപ്പക്കാരൻ, ‘മനുഷ്യരുടെ കൗശലങ്ങളിലും വഴിതെറ്റിക്കുന്ന ഉപായങ്ങളിലും കുടുങ്ങി ഉപദേശങ്ങളുടെ ഓരോ കാറ്റിനാലും അലഞ്ഞുഴലുന്നവനും തിരകളിൽപ്പെട്ടെന്നപോലെ ആടിയുലയുന്നവനും ആയിരിക്കും.’—എഫെസ്യർ 4:14.
നിങ്ങളുടെ കുട്ടിക്ക് അത് സംഭവിക്കരുതെന്ന് നിങ്ങൾക്ക് ആഗ്രഹമില്ലേ? എങ്കിൽ അവനെ എങ്ങനെ സഹായിക്കാം? പിൻവരുന്ന മൂന്നുകാര്യങ്ങൾ ഉറപ്പുവരുത്തുക.
1 വിവേചനാപ്രാപ്‌തി വളർത്തണം
“വളർച്ചയെത്തിയവർ (അഥവാ പക്വമതികളായവർ) . . . ശരിയും തെറ്റും തിരിച്ചറിയാൻ തക്കവിധം ഉപയോഗത്താൽ തങ്ങളുടെ വിവേചനാപ്രാപ്‌തിയെ പരിശീലിപ്പിച്ചിരിക്കുന്ന”വരായിരിക്കും എന്ന് പൗലോസ് അപ്പൊസ്‌തലൻ എഴുതി. (എബ്രായർ 5:14) ‘തെറ്റും ശരിയുമൊക്കെ ഞാൻ കുഞ്ഞിലേ അവനെ പഠിപ്പിച്ചുകൊടുത്തിട്ടുണ്ട്’ എന്ന് നിങ്ങൾ പറഞ്ഞേക്കാം. അതു വൃഥാവായിട്ടില്ല. അന്നും വളർച്ചയുടെ ഈ ഘട്ടത്തിലും അവന് അത് ഉപകരിച്ചിട്ടുണ്ട് എന്നുള്ളതിനു സംശയമില്ല. (2 തിമൊഥെയൊസ് 3:14) എന്നാൽ മനുഷ്യർ തങ്ങളുടെ ‘വിവേചനാപ്രാപ്‌തിയെ പരിശീലിപ്പിക്കേണ്ടതുണ്ട്’ എന്ന് പൗലോസ് പറഞ്ഞത് ശ്രദ്ധിക്കുക. എന്താണ് അതിന്റെ അർഥം? കൊച്ചുകുട്ടികൾക്ക് ശരിതെറ്റുകളെക്കുറിച്ച് ഒരു ധാരണ മാത്രമേയുള്ളൂ. എന്നാൽ കൗമാരക്കാർ അങ്ങനെയായാൽ പോരാ. അവർ ‘ഗ്രഹണപ്രാപ്‌തിയുടെ കാര്യത്തിൽ മുതിർന്നുവരണം.’ (1 കൊരിന്ത്യർ 14:20; സദൃശവാക്യങ്ങൾ 1:4; 2:11) മകൻ നിങ്ങളെ അന്ധമായി അനുസരിക്കാനാണോ നിങ്ങൾ ആഗ്രഹിക്കുക, അതോ സ്വന്തം ചിന്താപ്രാപ്‌തി ഉപയോഗിച്ച് ന്യായാന്യായങ്ങൾ വിലയിരുത്തി നിങ്ങൾ പറയുന്നത് സ്വീകരിക്കാനാണോ? (റോമർ 12:1, 2) ശരി, ഇക്കാര്യത്തിൽ കുട്ടിയെ എങ്ങനെ സഹായിക്കാം?
അവന്റെ മനസ്സിലുള്ളത് അവൻ തുറന്നുപറയട്ടെ. ഇടയ്‌ക്കുകയറി തടസ്സപ്പെടുത്തരുത്. അഹിതകരമായ എന്തെങ്കിലും കേൾക്കുമ്പോൾ പൊട്ടിത്തെറിക്കുകയുമരുത്! “ഏതു മനുഷ്യനും കേൾക്കാൻ തിടുക്കവും സംസാരിക്കാൻ സാവകാശവും കാണിക്കട്ടെ; അവൻ കോപത്തിനു താമസമുള്ളവനും ആയിരിക്കട്ടെ” എന്ന് ബൈബിൾ ഉദ്‌ബോധിപ്പിക്കുന്നു. (യാക്കോബ് 1:19; സദൃശവാക്യങ്ങൾ 18:13) “ഹൃദയത്തിന്റെ നിറവിൽനിന്നല്ലയോ വായ് സംസാരിക്കുന്നത്?” എന്ന് യേശുവും പറയുകയുണ്ടായി. (മത്തായി 12:34) കുട്ടി പറയുന്നത് ശ്രദ്ധിച്ചുകേൾക്കുന്നെങ്കിൽ അവനെ അലട്ടുന്ന പ്രശ്‌നങ്ങൾ എന്തൊക്കെയാണെന്നു കണ്ടുപിടിക്കാം.
സംസാരിക്കാനുള്ള നിങ്ങളുടെ ഊഴം വരുമ്പോൾ, നിങ്ങളുടെ നിർദേശങ്ങൾ കണിശമായ ചില പ്രസ്‌താവനകളായി അവതരിപ്പിക്കരുത്; പകരം തന്മയത്വത്തോടെയുള്ള ചില ചോദ്യങ്ങളാവാം. “നിങ്ങൾക്ക് എന്തു തോന്നുന്നു?” എന്നതുപോലുള്ള ചില ചോദ്യങ്ങൾ യേശു ശ്രോതാക്കളോട് ചോദിക്കുകയുണ്ടായി; ശിഷ്യന്മാരോടുമാത്രമല്ല, ധിക്കാരികളായ എതിരാളികളോടുപോലും. (മത്തായി 21:23, 28) അവരുടെ ഹൃദയത്തിലുള്ളത് പുറത്തുകൊണ്ടുവരാനുള്ള ഒരു മാർഗമായിരുന്നു അത്. മകൻ എതിരഭിപ്രായം പറയുന്ന ഒരു സാഹചര്യത്തിൽ നിങ്ങൾക്കും ഈ രീതിയൊന്നു പരീക്ഷിച്ചുനോക്കാം. ഒരു സാഹചര്യം കാണുക:
കുട്ടി ഇങ്ങനെ പറഞ്ഞാൽ: “ദൈവത്തിൽ വിശ്വസിക്കേണ്ട ആവശ്യമുണ്ടെന്ന് എനിക്കു തോന്നുന്നില്ല.”
നിങ്ങൾ പറയരുതാത്തത്: “അങ്ങനെയല്ലല്ലോ ഞങ്ങൾ നിന്നെ ഇതുവരെ പഠിപ്പിച്ചത്. ദൈവത്തിൽ വിശ്വസിക്കാതെ പിന്നെ?”
നിങ്ങൾക്ക് പറയാവുന്നത്: “അങ്ങനെയൊരു തോന്നൽ മോന് ഉണ്ടാകാൻ കാരണമെന്താണ്?”
കുട്ടിയുടെ മനസ്സറിയേണ്ടത് എന്തുകൊണ്ട്? അവൻ നിങ്ങളോടു പറഞ്ഞതു മാത്രമേ നിങ്ങൾ കേട്ടുള്ളൂ. അവന്റെ ഉള്ളിലുള്ളത് എന്താണെന്ന് ഇപ്പോഴും നിങ്ങൾക്കറിയില്ല; അത് അറിയാൻ ശ്രമിക്കണം. (സദൃശവാക്യങ്ങൾ 20:5) ദൈവമുണ്ടോ എന്ന സംശയമായിരിക്കില്ല അവനെക്കൊണ്ട് അങ്ങനെ പറയിച്ചത്. പിന്നെയോ, ദൈവം വെച്ചിരിക്കുന്ന നിയമങ്ങളും നിലവാരങ്ങളും തനിക്ക് പാലിക്കാനാകില്ലെന്ന തോന്നലായിരിക്കാം.
ഉദാഹരണത്തിന്, ദൈവം വെച്ചിരിക്കുന്ന സദാചാരനിഷ്‌ഠകൾ ലംഘിക്കാൻ ശക്തമായ സമ്മർദമുണ്ടാകുമ്പോൾ ‘ദൈവത്തെയങ്ങു മാറ്റിനിറുത്തിയാൽ പിന്നെ സൗകര്യമായല്ലോ’ എന്ന് ഒരു യുവമനസ്സ് ചിന്തിച്ചുപോയേക്കാം. (സങ്കീർത്തനം 14:1) ‘ദൈവം ഇല്ലെങ്കിൽപ്പിന്നെ ബൈബിളിലെ ദൈവകൽപ്പനകളും പാലിക്കേണ്ടതില്ലല്ലോ.’ അവന്റെ മനസ്സു പോകുന്നത് ആ വഴിക്കായിരിക്കും.
അങ്ങനെയാണെങ്കിൽ, ‘ദൈവിക നിലവാരങ്ങൾ പിൻപറ്റുന്നത് നന്മയേ വരുത്തൂ എന്ന വിശ്വാസം എനിക്കുണ്ടോ?’ എന്നു ചിന്തിക്കാൻ അവനെ സഹായിക്കുക. (യെശയ്യാവു 48:17, 18) അത് നന്മയേ വരുത്തൂ എന്നുണ്ടെങ്കിൽ ‘എന്തു സമ്മർദം ഉണ്ടായാലും ആ നിലവാരങ്ങൾക്കുവേണ്ടി ഉറച്ചുനിൽക്കുന്നതല്ലേ ബുദ്ധി’ എന്നു ചിന്തിക്കാൻ അവനെ പ്രോത്സാഹിപ്പിക്കുക.—ഗലാത്യർ 5:1.
കുട്ടി ഇങ്ങനെ പറഞ്ഞാൽ: “ഡാഡി ഈ മതത്തിലാണെന്നുവെച്ച് ഞാനും അത് സ്വീകരിക്കണമെന്നുണ്ടോ?”
നിങ്ങൾ പറയരുതാത്തത്: “അങ്ങനെ എന്റേത്, നിന്റേത് എന്ന രീതിയൊന്നും ഈ വീട്ടിൽ പറ്റില്ല. നീ ഞങ്ങളുടെ മകനാണ്, ഞങ്ങൾ പറയുന്നതങ്ങ് അനുസരിച്ചാൽ മതി.”
നിങ്ങൾക്ക് പറയാവുന്നത്: “മോൻ പറഞ്ഞത് ഗൗരവമുള്ള ഒരു കാര്യമാണ്. ഡാഡിയുടെ മതവിശ്വാസങ്ങൾ ശരിയല്ലെന്നു തോന്നുന്നെങ്കിൽ അതിനെക്കാൾ നല്ലതെന്തോ മോൻ കണ്ടെത്തിയിട്ടുണ്ടാകണമല്ലോ. എന്താണ് ആ വിശ്വാസങ്ങൾ? ഏത് സാന്മാർഗിക ചട്ടങ്ങൾ അനുസരിച്ചു നാം ജീവിക്കണമെന്നാണ് മോനു തോന്നുന്നത്?”
കുട്ടിയുടെ മനസ്സറിയേണ്ടത് എന്തുകൊണ്ട്? ഈ വിധത്തിൽ കുട്ടിയോടു സംവദിച്ചാൽ അവന്റെ ചിന്താഗതി അവൻതന്നെ അപഗ്രഥിച്ചുനോക്കാൻ ഇടയാകും. വിശ്വാസസംബന്ധമായി തനിക്ക് എതിരഭിപ്രായമൊന്നും ഇല്ലെന്നും
തന്നെ അലട്ടുന്ന ചില പ്രശ്‌നങ്ങളാണ് വാസ്‌തവത്തിൽ തന്നെ ചിന്താക്കുഴപ്പത്തിലാക്കിയതെന്നും അവൻ മനസ്സിലാക്കും.ഉദാഹരണത്തിന്, നിങ്ങളുടെ കുട്ടിക്ക് അവന്റെ മതവിശ്വാസങ്ങൾ മറ്റുള്ളവർക്ക് വിശദീകരിച്ചുകൊടുക്കാൻ അറിയില്ലായിരിക്കും. (കൊലോസ്യർ 4:6; 1 പത്രോസ് 3:15) അല്ലെങ്കിൽ അവന് മറ്റൊരു മതത്തിൽപ്പെട്ട ഒരു പെൺകുട്ടിയോട് പ്രണയം തോന്നുന്നുണ്ടാകാം. എന്തായാലും പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണം കണ്ടെത്താൻ ശ്രമിക്കുക. കുട്ടിയെയും അതിനു സഹായിക്കുക. കുട്ടി തന്റെ വിവേചനാപ്രാപ്‌തി ഉപയോഗിച്ച് തീരുമാനങ്ങളെടുത്തു ശീലിച്ചാൽ മുതിർന്നുകഴിയുമ്പോൾ ഏറെ മെച്ചമായി അവന് അതു ചെയ്യാനാകും.
2 മാർഗദർശിയായി മുതിർന്നൊരാൾ വേണം
ചില സംസ്‌കാരങ്ങളിലെ യുവജനങ്ങളിൽ, മനഃശാസ്‌ത്രജ്ഞർ കൗമാരകാലത്തിന്റെ പ്രത്യേകതയായി ചൂണ്ടിക്കാട്ടുന്ന ‘പ്രക്ഷുബ്ധതയും കോളിളക്കങ്ങളുമൊന്നും’ കാണുന്നില്ല. എന്തായിരിക്കാം കാരണം? അത്തരം സമൂഹങ്ങളിൽ യുവപ്രായക്കാർ വളരെ നേരത്തേതന്നെ മുതിർന്നവരുടെ ലോകവുമായി ഇടപഴകാൻ തുടങ്ങുന്നു എന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ചെറുപ്രായത്തിലേ അവർ മുതിർന്നവരോടൊപ്പം ജോലിചെയ്യുന്നു, മുതിർന്നവരുടെ കളിചിരികളിൽ പങ്കുചേരുന്നു, മുതിർന്നവരുടേതായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ പഠിക്കുന്നു. ‘യുവജന സംസ്‌കാരം,’ ‘ബാലജന കുറ്റകൃത്യം,’ ‘കൗമാരം’ തുടങ്ങിയ പദങ്ങൾപോലും അവരുടെ ഭാഷയിൽ ഇല്ലത്രേ.
ഇനി, മറ്റുചില ദേശങ്ങളിലെ കാര്യമെടുക്കാം. അവിടെ കുട്ടികൾക്ക് അധ്യാപകരുമായോ മാതാപിതാക്കളുമായോ ഉള്ള ബന്ധവും അടുപ്പവുമൊക്കെ കേട്ടറിവുമാത്രം. ക്ലാസ്സ് മുറികളിൽ ഒരുപാട് വിദ്യാർഥികളുള്ളതിനാൽ ഓരോ കുട്ടിക്കും വേണ്ട ശ്രദ്ധ നൽകാൻ അധ്യാപകർക്കു കഴിഞ്ഞെന്നുവരില്ല. കുട്ടികൾ ആകെ ഇടപഴകുന്നത് കൂട്ടുകാരും സമപ്രായക്കാരും മാത്രമായിട്ടായിരിക്കും. വീട്ടിലെത്തിയാലോ? അവിടെയും ശ്രദ്ധിക്കാൻ ആരുമില്ലാത്ത അവസ്ഥ. അച്ഛനും അമ്മയും ജോലിക്കാർ. ബന്ധുജനങ്ങളും അടുത്തെങ്ങുമില്ല. അപ്പോഴും കൂട്ടുകാർത്തന്നെ ശരണം. * ഇവിടത്തെ അപകടം എന്താണ്? സമപ്രായക്കാരുമായിമാത്രം കുട്ടി സഹവസിക്കുന്നു എന്നതിനെക്കാൾ ഗൗരവമുള്ള വേറൊരു പ്രശ്‌നമുണ്ട്. മുതിർന്നവരുടെ ലോകത്തിൽ പങ്കാളിത്തമില്ലെങ്കിൽ എത്ര സദ്‌സ്വഭാവിയായ കുട്ടിയും ഉത്തരവാദിത്വബോധമില്ലാത്തവനായിത്തീരും എന്നു ഗവേഷകർ മനസ്സിലാക്കിയിരിക്കുന്നു.
കുട്ടികളെ മുതിർന്നവരുടെ ലോകത്തുനിന്ന് മാറ്റിനിറുത്താതിരുന്ന ഒരു സമൂഹമായിരുന്നു പണ്ടത്തെ ഇസ്രായേൽ ജനത. ഉദാഹരണത്തിന്, യഹൂദയുടെ രാജാവായിരുന്ന ഉസ്സീയാവിന്റെ കാര്യമെടുക്കാം. അധികാരമേൽക്കുമ്പോൾ അവൻ കൗമാരത്തിലാണ്. എന്നാൽ രാജ്യഭരണമെന്ന ഭാരിച്ച ഉത്തരവാദിത്വം നിർവഹിക്കാൻ അവനു കഴിഞ്ഞത് എങ്ങനെയാണ്? ഒരു ഘട്ടത്തിൽ സെഖര്യാവ് എന്നൊരു മനുഷ്യൻ അവന് ഉപദേശകനും വഴികാട്ടിയുമായി ഉണ്ടായിരുന്നു. സെഖര്യാവ്, ‘ദൈവഭയത്തിൽ അവനെ ഉപദേശിച്ചുവന്നു’ എന്ന് ബൈബിൾ പറയുന്നു.—2 ദിനവൃത്താന്തം 26:5.
നിങ്ങളെ കൂടാതെ, നിങ്ങളുടെ അതേ ആദർശങ്ങളും മൂല്യങ്ങളും വെച്ചുപുലർത്തുന്ന മുതിർന്ന മറ്റൊരാൾ നിങ്ങളുടെ മകന് മാർഗദർശിയായി ഉണ്ടോ? കുട്ടി അങ്ങനെയുള്ളവരോടൊത്ത് സമയം ചെലവഴിക്കുന്നതിൽ അസൂയ തോന്നേണ്ടതില്ല. അങ്ങനെയൊരാളുടെ സ്വാധീനം കുട്ടിയെ നേർവഴിക്കു നടക്കാൻ സഹായിക്കും. “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും” എന്നു ബൈബിൾ പറയുന്നു.—സദൃശവാക്യങ്ങൾ 13:20.
3 ഉത്തരവാദിത്വബോധം വളർത്തുക
ചില ദേശങ്ങളിൽ കുട്ടികളുടെ സംരക്ഷണാർഥം ചില നിയമങ്ങളുണ്ട്. 18, 19 നൂറ്റാണ്ടുകളിലെ വ്യവസായ വിപ്ലവത്തിന്റെ ഫലമായി രൂപംകൊണ്ട ഈ നിയമങ്ങൾ, ആഴ്‌ചയിൽ ഒരു നിശ്ചിത സമയത്തിലധികം കുട്ടികളെക്കൊണ്ട് ജോലി ചെയ്യിക്കരുതെന്നും ചിലതരം ജോലികൾ കുട്ടികളെക്കൊണ്ട് ചെയ്യിക്കാൻ പാടില്ലെന്നും അനുശാസിക്കുന്നു.
ഈ നിയമങ്ങൾ കുട്ടികളെ ഒരുപരിധിവരെ സംരക്ഷിക്കുന്നുണ്ടെന്നുള്ളത് ശരിയാണ്. എന്നാൽ ഇതിനൊരു മറുവശമുണ്ടെന്നും വിദഗ്‌ധർ പറയുന്നു. ഇതുമൂലം, ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു നിർവഹിക്കാനുള്ള അവസരമാണ്
കുട്ടികൾക്ക് നിഷേധിക്കപ്പെടുന്നത് എന്നാണ് അവരുടെ അഭിപ്രായം. “പല കൗമാരക്കാരും ഒരുതരം പിടിവാശിക്കാരായി മാറിയിരിക്കുന്നു. ‘ആഗ്രഹിക്കുന്നതെല്ലാം കൈയിൽ കിട്ടണം. പക്ഷേ അതിനുവേണ്ടി മിനക്കെടാനോ ബുദ്ധിമുട്ടാനോ ഒന്നും കഴിയില്ല’ എന്ന മട്ട്.” എസ്‌കേപ്പിങ് ദി എൻഡ്‌ലസ് അഡോളസെന്റ്‌സ് എന്ന പുസ്‌തകം പറയുന്നു. “കൗമാരക്കാരുടെ കഴിവും ഊർജവും ഉപകാരപ്പെടുത്താതെ അവരെ ഉല്ലാസങ്ങളിൽ ആറാടിക്കാൻ മാത്രം ശ്രമിക്കുന്ന ഈ ലോകത്തിൽ മറിച്ചെന്തു പ്രതീക്ഷിക്കാൻ!”ഇതിനു വിരുദ്ധമായി, വളരെ ചെറുപ്പത്തിൽത്തന്നെ ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത യുവാക്കളെക്കുറിച്ച് ബൈബിൾ പറയുന്നു. തിമൊഥെയൊസാണ് അവരിലൊരാൾ. പൗലോസിനെ അവൻ കണ്ടുമുട്ടുന്നത് തന്റെ കൗമാരത്തിലാണ്. തിമൊഥെയൊസിന്റെ ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയ ആളാണ് പൗലോസ്. “ദൈവത്തിൽനിന്നു . . . ലഭിച്ച കൃപാവരം അഗ്നിനാളംപോലെ ജ്വലിപ്പിച്ചു നിറുത്തണമെന്ന്” ഒരിക്കൽ പൗലോസ് അവനോടു പറഞ്ഞു. (2 തിമൊഥെയൊസ് 1:6) വീടുവിട്ട്, അപ്പൊസ്‌തലനായ പൗലോസിനോടൊപ്പം ക്രിസ്‌തീയ ശുശ്രൂഷയ്‌ക്ക് ഇറങ്ങിത്തിരിക്കുമ്പോൾ തിമൊഥെയൊസ് ചെറുപ്പമായിരുന്നു; ഒരുപക്ഷേ, കൗമാരദശയുടെ അവസാനത്തിൽ അല്ലെങ്കിൽ യൗവനാരംഭത്തിൽ. ആ യാത്രകളിൽ അവർ സഭകൾ സ്ഥാപിക്കുകയും സഹവിശ്വാസികളെ ബലപ്പെടുത്തുകയും ചെയ്‌തു. തിമൊഥെയൊസിന്റെ കൂടെ ഒരു പതിറ്റാണ്ടോളം ചെലവഴിച്ചശേഷം പൗലോസ് ഫിലിപ്പിയിലെ ക്രിസ്‌ത്യാനികളോട് ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ കാര്യത്തിൽ ആത്മാർഥതാത്‌പര്യം കാണിക്കുമെന്ന് എനിക്ക് ഉറപ്പുള്ള മറ്റൊരാൾ ഇവിടെയില്ല.”—ഫിലിപ്പിയർ 2:20.
പൊതുവെ, കൗമാരക്കാർക്ക് ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ ഉത്സാഹമാണ്. അർഥവത്തായ ജോലിയാണെങ്കിൽ പരപ്രേരണയില്ലാതെതന്നെ അവർ അതു ചെയ്‌തുകൊള്ളും. ഭാവിയിൽ അവർ കാര്യപ്രാപ്‌തിയുള്ളവരായിത്തീരും എന്നതു മാത്രമല്ല ഇതുകൊണ്ടുള്ള നേട്ടം. കൗമാരത്തിൽത്തന്നെ അവർ കുടുംബത്തിനും സമൂഹത്തിനും ഉപകാരമുള്ളവരാണെന്നു തെളിയും.
മാറിയ ‘കാലാവസ്ഥയുമായി’ പൊരുത്തപ്പെടാം
മുമ്പു പറഞ്ഞതുപോലെ, മകനോ മകളോ കൗമാരത്തിലേക്കു കടക്കുന്നതോടെ ‘കാലാവസ്ഥ’ മാറുകയായി. ഏതാനും വർഷം മുമ്പുവരെ ഉണ്ടായിരുന്ന അവസ്ഥയായിരിക്കില്ല ഇനി. എന്നാൽ ആശങ്കപ്പെടേണ്ട! ഈ മാറിയ സാഹചര്യവുമായി പൊരുത്തപ്പെടാവുന്നതേയുള്ളൂ. കുട്ടിയുടെ വളർച്ചയുടെ ഇതുവരെയുള്ള ഘട്ടങ്ങളിൽ നിങ്ങൾക്ക് അതിനു കഴിഞ്ഞല്ലോ.
നിങ്ങളുടെ മകനെ മിടുക്കനാക്കാനുള്ള സമയമായി ഈ കൗമാര വർഷങ്ങളെ കാണുക. (1) വിവേചനാപ്രാപ്‌തി വളർത്തിയെടുക്കാൻ അവനെ സഹായിക്കുക. (2) മാതൃകാവ്യക്തിത്വങ്ങളുമായി ഇടപഴകാൻ അവസരം നൽകിക്കൊണ്ട് ആവശ്യമായ മാർഗദർശനം അവനു ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. (3) ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു നിർവഹിക്കാൻ അവനെ പ്രാപ്‌തനാക്കുക. അങ്ങനെ ജീവിതത്തെ നേരിടാൻ അവനെ സജ്ജനാക്കുക. (g11-E 10)
[അടിക്കുറിപ്പുകൾ]
^ ഖ. 17 മാതാപിതാക്കളോട് വിടപറയാൻ തയ്യാറെടുക്കുന്ന സുദീർഘമായൊരു കാലഘട്ടമാണ് കൗമാരം എന്ന് ഒരു റഫറൻസ് കൃതി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് 2009 മേയ് 1 ലക്കം വീക്ഷാഗോപുരത്തിന്റെ (യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിക്കുന്നത്) 10-12 പേജുകൾ കാണുക.
^ ഖ. 38 സമപ്രായക്കാരോടൊപ്പം സമയം ചെലവിടാനുള്ള കുട്ടികളുടെ താത്‌പര്യത്തെ ഊട്ടിവളർത്തുകയാണ് ഇന്നത്തെ വിനോദവ്യവസായം. തങ്ങൾക്ക് തങ്ങളുടേതായ ഒരു സംസ്‌കാരമുണ്ടെന്നും ആ ലോകം മനസ്സിലാക്കാനോ അവിടേക്കു കടന്നുവരാനോ മുതിർന്നവർക്കു കഴിയില്ലെന്നും ഇന്നത്തെ കുട്ടികൾ ധരിച്ചുവെച്ചിരിക്കുന്നതിൽ അത്ഭുതപ്പെടാനില്ല.
[20-ാം പേജിലെ ചതുരം/ചിത്രം]
“ഏറ്റവും നല്ല അച്ഛനെയും അമ്മയെയുമാണ് എനിക്കു കിട്ടിയത്”
യഹോവയുടെ സാക്ഷികളായ മാതാപിതാക്കൾ ബൈബിൾ നിലവാരങ്ങൾ അനുസരിച്ച് ജീവിക്കാൻ മക്കളെ പഠിപ്പിക്കുന്നെന്നു മാത്രമല്ല ഇക്കാര്യത്തിൽ സ്വയം മക്കൾക്കൊരു മാതൃകയാകുകയും ചെയ്യുന്നു. (എഫെസ്യർ 6:4) എന്നിരുന്നാലും അവർ ഒരിക്കലും അവരുടെ മതവിശ്വാസങ്ങൾ മക്കളുടെമേൽ അടിച്ചേൽപ്പിക്കുന്നില്ല. സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള പ്രായമാകുമ്പോൾ മകനോ മകളോതന്നെയാണ് തന്റെ മതം തിരഞ്ഞെടുക്കേണ്ടതെന്ന് അവർ മനസ്സിലാക്കുന്നു.
ആഷ്‌ളിൻ എന്ന 18 വയസ്സുകാരി മാതാപിതാക്കളുടെ മതവിശ്വാസങ്ങൾതന്നെയാണ് തിരഞ്ഞെടുത്തത്. ആഷ്‌ളിൻ പറയുന്നു: “ആഴ്‌ചയിലൊരിക്കൽ ഒരു മതകർമത്തിൽ പങ്കെടുക്കുന്നതോടെ തീരുന്നതല്ല എന്റെ വിശ്വാസം. എന്റെ മതം എന്റെ ജീവിതരീതിതന്നെയാണ്. ചെയ്യുന്ന ഓരോ കാര്യത്തിലും, എടുക്കുന്ന ഓരോ തീരുമാനത്തിലും എന്റെ മതവിശ്വാസങ്ങൾ എന്നെ സ്വാധീനിക്കാറുണ്ട്. ആരെ കൂട്ടുകാരാക്കണം, എങ്ങനെയുള്ള ക്ലാസ്സുകൾ ഒഴിവാക്കണം, ഏതുതരം പുസ്‌തകങ്ങൾ വായിക്കണം എന്നീ തീരുമാനങ്ങളും അതിൽ ഉൾപ്പെടുന്നു.”
തന്റെ ക്രിസ്‌തീയ മാതാപിതാക്കൾ തന്നെ വളർത്തിക്കൊണ്ടുവന്ന രീതിയെ നന്ദിയോടെ സ്‌മരിക്കുന്നു ആഷ്‌ളിൻ. “ഏറ്റവും നല്ല അച്ഛനെയും അമ്മയെയുമാണ് എനിക്കു കിട്ടിയത്. ഒരു യഹോവയുടെ സാക്ഷിയാകാനും ആ മതവിശ്വാസത്തിൽ തുടരാനും ഉള്ള ആഗ്രഹം എന്നിൽ നട്ടത് അവരാണ്. ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം എന്റെ മാതാപിതാക്കൾ എന്റെ വഴികാട്ടികളായിരിക്കും.”
[17-ാം പേജിലെ ചിത്രം]
കുട്ടി മനസ്സുതുറക്കട്ടെ
[18-ാം പേജിലെ ചിത്രം]
കുട്ടിക്ക് നേർവഴി കാട്ടാൻ പക്വതയുള്ള ഒരു മുതിർന്ന സുഹൃത്തിനാകും
[19-ാം പേജിലെ ചിത്രം]
അർഥവത്തായ ജോലികൾ നൽകി മകനെ ഉത്തരവാദിത്വബോധമുള്ളവനാക്കുക