വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“പ്രപഞ്ചത്തിലെ ഏറ്റവും പഠനക്ഷമതയുള്ള യന്ത്രം”

“പ്രപഞ്ചത്തിലെ ഏറ്റവും പഠനക്ഷമതയുള്ള യന്ത്രം”

“പ്രപഞ്ചത്തിലെ ഏറ്റവും പഠനക്ഷമതയുള്ള യന്ത്രം”

“പ്രപഞ്ചത്തിലെ ഏറ്റവും പഠനക്ഷമതയുള്ള യന്ത്രം.” ഒരു കുഞ്ഞിന്റെ ഇളംമസ്‌തിഷ്‌കത്തിനു നൽകിയിരിക്കുന്ന രസകരമായ ഒരു വിശേഷണമാണിത്‌. അങ്ങനെയൊരു വിശേഷണം നൽകാൻ മതിയായ കാരണങ്ങളുണ്ടുതാനും. കുഞ്ഞ്‌ ജനിച്ചു വീഴുമ്പോൾത്തന്നെ ചുറ്റുമുള്ള കാഴ്‌ചകളും ശബ്ദങ്ങളും സംവേദനങ്ങളും അവന്റെ മസ്‌തിഷ്‌കം പിടിച്ചെടുക്കാൻ തുടങ്ങും.

മനുഷ്യരുടെ മുഖം, അവരുടെ ശബ്ദം, സ്‌പർശനം എന്നിവയെല്ലാം കുഞ്ഞുങ്ങളിൽ കൗതുകമുണർത്തുന്ന കാര്യങ്ങളാണ്‌. “ഒരു കുഞ്ഞ്‌ ഇഷ്ടപ്പെടുന്ന ദൃശ്യങ്ങൾ, അവന്റെ ശ്രദ്ധ പിടിച്ചുപറ്റുന്ന ശബ്ദങ്ങൾ, വീണ്ടുംവീണ്ടും അവൻ അനുഭവിക്കാൻ ഇഷ്ടപ്പെടുന്ന സംവേദനങ്ങൾ എന്നിവയെക്കുറിച്ചെല്ലാം പലവിധ പഠനങ്ങൾ നടന്നിട്ടുണ്ട്‌. കുഞ്ഞ്‌ ഇതെല്ലാം ആദ്യമായി തിരിച്ചറിഞ്ഞു തുടങ്ങുന്നത്‌ അവനുമായി ഏറ്റവും അടുത്തിടപഴകുന്ന ആളുമായി ബന്ധപ്പെടുത്തിയാണ്‌.” പെനലോപ്‌ ലിച്ച്‌, ബേബിഹുഡ്‌ എന്ന തന്റെ പുസ്‌തകത്തിൽ പറയുന്നു. കുട്ടിയുടെ ബൗദ്ധിക, മാനസിക വികാസത്തിൽ മാതാപിതാക്കൾ നിർണായക പങ്കുവഹിക്കുന്നതിൽ അതിശയിക്കാനില്ല!

“ഞാൻ ശിശുവിനെപ്പോലെ സംസാരിച്ചു”

ഒരു നവജാത ശിശു, കേവലം കേൾവിയിലൂടെ ഒരു ഭാഷ പഠിച്ചെടുക്കുന്നത്‌ അച്ഛനമ്മമാരെയും ശിശുകാര്യവിദഗ്‌ധരെയും ഒരുപോലെ അമ്പരപ്പിച്ചിട്ടുണ്ട്‌. ഒരു കുഞ്ഞ്‌ ഏതാനും ദിവസങ്ങൾക്കുള്ളിൽ അമ്മയുടെ ശബ്ദവുമായി പരിചയത്തിലാകും; അത്‌ അന്യരുടെ ശബ്ദത്തെക്കാൾ അവന്‌ പ്രിയപ്പെട്ടതായി മാറും. ഏതാനും ആഴ്‌ചകൾക്കുള്ളിൽ അവന്‌ അച്ഛനമ്മമാരുടെ സംസാരഭാഷ മറ്റു ഭാഷകളിൽനിന്ന്‌ വേർതിരിച്ചറിയാൻ കഴിയും. ഏതാനും മാസങ്ങൾക്കുള്ളിൽ അവൻ ആ ഭാഷയുടെ ഓരോ വാക്കുകളും വ്യതിരിക്തമായി തിരിച്ചറിയാനുള്ള കഴിവ്‌ ആർജിക്കും; അങ്ങനെ ശബ്ദങ്ങളും സംസാരവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ അവൻ പ്രാപ്‌തനാകും.

“ശിശുവായിരുന്നപ്പോൾ ഞാൻ ശിശുവിനെപ്പോലെ സംസാരിച്ചു” എന്ന്‌ ക്രിസ്‌തുശിഷ്യനായ പൗലോസ്‌ എഴുതി. (1 കൊരിന്ത്യർ 13:11) ആദ്യനാളുകളിൽ എങ്ങനെയാണ്‌ ഒരു കുഞ്ഞ്‌ സംസാരിക്കുന്നത്‌? അവ്യക്തമായ എന്തൊക്കെയോ കുറെ ശബ്ദങ്ങൾ അവൻ പുറപ്പെടുവിക്കുന്നുവെന്നേ നമുക്കു തോന്നൂ. എന്നാൽ അത്‌ വെറും ശബ്ദങ്ങളാണോ? ഡോക്‌ടർ ലിസ്‌ ഇലിയറ്റ്‌, കുഞ്ഞിന്റെ ആദ്യത്തെ അഞ്ചുവർഷങ്ങളിൽ മനസ്സും മസ്‌തിഷ്‌കവും വളരുന്നത്‌ എങ്ങനെയെന്ന്‌ വിവരിക്കുന്ന തന്റെ പുസ്‌തകത്തിൽ പറയുന്നത്‌ ഇങ്ങനെയാണ്‌: “സംഭാഷണം സങ്കീർണമായ ഒരു പ്രവർത്തനമാണ്‌. ചുണ്ട്‌, നാക്ക്‌, അണ്ണാക്ക്‌, സ്വനപേടകം എന്നിവയെ നിയന്ത്രിക്കുന്ന ഡസൻകണക്കിനു പേശികളെ ദ്രുതഗതിയിൽ ഏകോപിപ്പിച്ചുകൊണ്ട്‌ നടക്കുന്ന അതിവിസ്‌മയകരമായ ഒരു പ്രക്രിയ.” അവർ കൂട്ടിച്ചേർക്കുന്നു: “കുഞ്ഞ്‌ പുറപ്പെടുവിക്കുന്ന ഇത്തരം ശബ്ദങ്ങൾ ശ്രദ്ധ ആകർഷിക്കാനുള്ള ഒരു മാർഗം മാത്രമാണെന്ന്‌ തോന്നാമെങ്കിലും സംസാരപ്രാപ്‌തി എന്ന സങ്കീർണമായ വിദ്യ സ്വായത്തമാക്കാനുള്ള ഒരു പരിശീലനമാണ്‌ അത്‌.”

കുഞ്ഞുങ്ങൾ ഇത്തരത്തിൽ അവരുടേതായ ഭാഷയിൽ സംവദിക്കുമ്പോൾ മാതാപിതാക്കൾ രസകരമായ പലപല മുഖഭാവങ്ങളോടെയും അംഗവിക്ഷേപങ്ങളോടെയും അവരോടും സംസാരിക്കും. അങ്ങനെ ചെയ്യുന്നതിന്‌ പ്രയോജനങ്ങളുണ്ട്‌. ഈ വിനിമയരീതി കുട്ടിയുടെ പ്രതികരണശേഷിയെ ഉത്തേജിപ്പിക്കും. സംഭാഷണമെന്ന കലയുടെ ബാലപാഠങ്ങൾ കുട്ടി പഠിക്കുന്നത്‌ ഇങ്ങനെയാണ്‌.

മാറുന്ന റോളുകൾ

നവജാതശിശുക്കളുടെ ആവശ്യങ്ങളോട്‌ അച്ഛനമ്മമാർ വളരെ വേഗം പ്രതികരിക്കും. അവനൊന്ന്‌ ചിണുങ്ങിയാൽ അവർ ഓടിയെത്തുകയായി: അവനെ ഊട്ടാൻ, അവന്റെ ഉടുപ്പു മാറ്റാൻ, അവനെ താരാട്ടിയുറക്കാൻ എന്തിനും അവർ റെഡി. ഇത്തരം പരിലാളനകൾ ഉചിതവും അനിവാര്യവുമാണ്‌. പരിചാരകരുടെ റോളിലാണ്‌ മാതാപിതാക്കളിപ്പോൾ.—1 തെസ്സലോനിക്യർ 2:7.

ഇങ്ങനെ ആശിക്കുന്നതെല്ലാം അപ്പപ്പോൾ സാധിച്ചുകിട്ടുന്ന കുഞ്ഞിന്‌ വീട്ടിലെ ‘രാജാവ്‌’ താനാണെന്ന്‌ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. മറ്റുള്ളവരെല്ലാം, വിശേഷിച്ചും അച്ഛനും അമ്മയും, തന്റെ ആജ്ഞാനുവർത്തികളാണെന്ന ചിന്ത അവനിൽ ഉടലെടുക്കുന്നു. ഇതൊരു നല്ല ചിന്തയല്ലെങ്കിലും കുഞ്ഞുങ്ങളിൽ സഹജമായി ഉണ്ടാകുന്ന ഒരു വികാരമാണത്‌. കാരണം, കഴിഞ്ഞ ഒന്നൊന്നര വർഷമായി അവൻ കണ്ടുവന്നത്‌ അതാണല്ലോ. വീട്ടിലെ എല്ലാം തനിക്കു ചുറ്റും വട്ടം കറങ്ങുന്നു! തന്നെ പരിചരിക്കാനും ശുശ്രൂഷിക്കാനുമായി കുറെ വലിയ മനുഷ്യർ! ഫാമിലി കൗൺസിലറായ ജോൺ റോസ്‌മോണ്ട്‌ എഴുതുന്നു: “വെറും രണ്ടുവർഷംകൊണ്ട്‌ അച്ഛനുമമ്മയും അവന്‌ കെട്ടിക്കൊടുത്ത ഈ സങ്കൽപ്പക്കൊട്ടാരം പൊളിച്ചുകളയാൻ പിന്നെയൊരു പതിനാറു വർഷമെങ്കിലും വേണ്ടിവരും! രസകരമെന്നു പറയട്ടെ, അതു പൊളിച്ചുകളയേണ്ട ദൗത്യവും മാതാപിതാക്കളുടേതുതന്നെ, അവൻപോലും അറിയാതെ സാവധാനത്തിൽ.”

കുഞ്ഞിന്‌ രണ്ടുവയസ്സാകുമ്പോഴേക്കും മാതാപിതാക്കളുടെ റോൾ മാറുകയായി. പരിചാരകരുടെ റോളല്ല അവർക്കിനി; അധ്യാപകരുടേതാണ്‌. ‘കുട്ടിരാജാവിന്റെ കൊട്ടാരം’ പൊളിഞ്ഞുവീഴാൻ തുടങ്ങുന്നത്‌ അതോടെയാണ്‌. അച്ഛനും അമ്മയും തന്നെയല്ല, താനാണ്‌ അച്ഛനെയും അമ്മയെയും അനുസരിക്കേണ്ടത്‌ എന്ന കാര്യം കുട്ടി തിരിച്ചറിഞ്ഞു തുടങ്ങുന്നു. വീട്ടിലെ തന്റെ ‘ആധിപത്യം’ അവസാനിച്ചിരിക്കുന്നു എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ അവന്‌ ബുദ്ധിമുട്ടായിരിക്കാം. അടിയറവു പറയാൻ അത്ര പെട്ടെന്നൊന്നും അവൻ തയ്യാറാവില്ല. അവൻ ഒരു പ്രത്യേക അടവ്‌ പയറ്റിനോക്കും. എന്താണത്‌?

വാശിക്കുടുക്കയെ വരുതിയിലാക്കാൻ

ഏതാണ്ട്‌ രണ്ടുവയസ്സാകുമ്പോൾ മിക്ക കുട്ടികളുടെയും പെരുമാറ്റത്തിൽ വലിയ തോതിലുള്ള മാറ്റം ദൃശ്യമാകും. അതിലൊന്നാണ്‌ വാശിപ്രകടനങ്ങൾ. ‘ടാൻട്രം’ എന്നു വിളിക്കുന്ന ഈ സ്വഭാവവിശേഷം മാതാപിതാക്കളെ തെല്ലൊന്നുമല്ല വട്ടംകറക്കുന്നത്‌. ‘ഇല്ലാ. . . ,’ ‘വേണ്ടാ,’ എന്തിനും ഏതിനും കുഞ്ഞുവായിൽനിന്ന്‌ വരുന്ന പ്രതികരണം ഇതായിരിക്കും. തന്നോടുതന്നെയും അച്ഛനമ്മമാരോടും ഒരുതരം അരിശമായിരിക്കും കുഞ്ഞിന്‌ അപ്പോൾ. നിങ്ങളുടെ അടുത്തുനിന്ന്‌ മാറണമെന്നുണ്ട്‌, എന്നാൽ നിങ്ങളെ വിട്ടുപോകാനും വയ്യാ. ഈ പരാക്രമത്തിനു മുന്നിൽ അമ്പരന്നു നിൽക്കുന്ന മാതാപിതാക്കൾ കുഞ്ഞിനെ ശാന്തനാക്കാൻ എന്തു ചെയ്യണം എന്നറിയാതെ കുഴങ്ങിപ്പോകുകയേയുള്ളൂ. വാസ്‌തവത്തിൽ കുഞ്ഞിന്‌ ഇതെന്തുപറ്റി?

കുട്ടിയുടെ ജീവിതത്തിൽ പെട്ടെന്നുണ്ടായ ആ മാറ്റത്തെക്കുറിച്ചു ചിന്തിക്കുക. കുറച്ചുനാൾ മുമ്പുവരെ അവനൊന്നു ചിണുങ്ങിയാൽ വീട്ടിലെ പരിവാരങ്ങളെല്ലാം ഓടിയെത്തുമായിരുന്നു. ഇനി അങ്ങനെയുള്ള സേവനങ്ങളൊന്നും അധികം പ്രതീക്ഷിക്കാനാവില്ലെന്നും കുറച്ചു കാര്യങ്ങളെങ്കിലും താൻ തനിയെ ചെയ്യേണ്ടിവരുമെന്നും അവൻ തിരിച്ചറിയാൻ തുടങ്ങുന്നു. ഇതിനെല്ലാം പുറമേ മുതിർന്നവരെ അനുസരിക്കേണ്ട സ്ഥാനത്താണ്‌ താൻ ഇപ്പോൾ എന്ന്‌ അവന്‌ കൂടുതൽക്കൂടുതൽ വ്യക്തമാകുന്നു. കുട്ടികളോടുള്ള ബൈബിൾ കൽപ്പനയും അതാണ്‌: “മക്കളേ, എല്ലാകാര്യങ്ങളിലും നിങ്ങളുടെ അമ്മയപ്പന്മാരെ അനുസരിക്കുവിൻ.”—കൊലോസ്യർ 3:20.

ഈ ഘട്ടത്തിൽ മാതാപിതാക്കൾ ഒരിക്കലും കുട്ടിയുടെ വാശിക്കു വളംവെച്ചു കൊടുക്കരുത്‌. മാതാപിതാക്കൾ ദൃഢതയോടെ എന്നാൽ സ്‌നേഹവായ്‌പോടെ കുട്ടിയുടെമേൽ അധികാരം പ്രയോഗിക്കുമ്പോൾ തന്റെ സ്ഥാനം മനസ്സിലാക്കി പെരുമാറാൻ അവൻ പഠിക്കും. അവന്റെ വളർച്ചയിൽ ഇത്‌ ഏറെ ഗുണം ചെയ്യും.

സദാചാരബോധം

മൃഗങ്ങൾക്കും യന്ത്രങ്ങൾക്കും വാക്കുകൾ തിരിച്ചറിയാനും സംസാരം അനുകരിക്കാനും കഴിയും. എന്നാൽ കേൾക്കുന്ന കാര്യത്തിന്റെ അടിസ്ഥാനത്തിൽ സ്വയം വിലയിരുത്താനുള്ള കഴിവ്‌ മനുഷ്യനുമാത്രമേയുള്ളൂ. രണ്ടോ മൂന്നോ വയസ്സുള്ള കുഞ്ഞിനുപോലും അഭിമാനം, നാണക്കേട്‌, കുറ്റബോധം, ജാള്യം എന്നീ വികാരങ്ങൾ അനുഭവപ്പെടുന്നത്‌ അതുകൊണ്ടാണ്‌. അവനിൽ നൈതികബോധം നാമ്പിട്ടു തുടങ്ങി എന്നതിന്റെ സൂചനയാണിത്‌. നാളെ അവൻ വളർന്നു കഴിയുമ്പോൾ ചുറ്റുമുള്ളവർ തെറ്റുചെയ്യുമ്പോഴും വേറിട്ടുനിൽക്കാൻ അവനെ സഹായിക്കുന്നത്‌ ആ മൂല്യബോധമായിരിക്കും.

ഏകദേശം ഈ പ്രായത്തിൽതന്നെ മാതാപിതാക്കൾ മറ്റൊരു വിസ്‌മയത്തിനു സാക്ഷികളാകുന്നു. കുട്ടി മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കാൻ തുടങ്ങുന്നു. രണ്ടുവയസ്സുവരെ അവൻ കളിപ്പാട്ടങ്ങളുമായി ഒറ്റയ്‌ക്കു കളിക്കുകയായിരുന്നു; പക്ഷേ ഇപ്പോൾ ആളുകളുമായി ചേർന്ന്‌ കളിക്കാനാണ്‌ അവന്‌ ഇഷ്ടം. അച്ഛന്റെയും അമ്മയുടെയും മനസ്സിനെ സന്തോഷിപ്പിക്കുന്നത്‌ എന്താണെന്ന്‌ ഇപ്പോൾ അവന്‌ അറിയാം. അവരെ സന്തോഷിപ്പിക്കാൻ അവൻ ആഗ്രഹിക്കുകയും ചെയ്‌തേക്കാം. മുതിർന്നവർ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുമ്പോൾ അതു കേൾക്കാനും അംഗീകരിക്കാനുമൊക്കെ അവന്റെ കുഞ്ഞുമനസ്സ്‌ സന്നദ്ധമാകുന്നു.

മൂന്നുവയസ്സാകുന്നതോടെ കുട്ടി ശരിയും തെറ്റും, നല്ലതും ചീത്തയും, എന്താണെന്നു മനസ്സിലാക്കിത്തുടങ്ങും. കാര്യപ്രാപ്‌തിയും ജീവിതത്തെ നേരിടാൻ ധൈര്യവും ഉള്ളവരായി വളർന്നുവരാനുള്ള പരിശീലനം ഇപ്പോൾമുതൽ കൊടുക്കാം. (g11-E 10)

[5-ാം പേജിലെ ആകർഷകവാക്യം]

ഒരു കുഞ്ഞ്‌ ഏതാനും ദിവസങ്ങൾക്കുള്ളിൽ അമ്മയുടെ ശബ്ദവുമായി പരിചയത്തിലാകും; അത്‌ അന്യരുടെ ശബ്ദത്തെക്കാൾ അവന്‌ പ്രിയപ്പെട്ടതായി മാറും

[6-ാം പേജിലെ ആകർഷകവാക്യം]

മൂന്നുവയസ്സാകുന്നതോടെ കുട്ടി ശരിയും തെറ്റും, നല്ലതും ചീത്തയും, എന്താണെന്നു മനസ്സിലാക്കിത്തുടങ്ങും

[6-ാം പേജിലെ ചതുരം]

കുട്ടി വാശിക്കാരനാകുന്നത്‌ എന്തുകൊണ്ട്‌?

“കുട്ടി വാശിക്കാരനായത്‌ അവനോടുള്ള തങ്ങളുടെ സമീപനം ശരിയല്ലാഞ്ഞതുകൊണ്ടാണെന്ന്‌ ചില മാതാപിതാക്കൾ കരുതുന്നു.” ന്യൂ പേരന്റ്‌ പവർ എന്ന പുസ്‌തകത്തിൽ ജോൺ റോസ്‌മോണ്ട്‌ എഴുതുന്നു. “തങ്ങളുടെ ഭാഗത്തുനിന്നു വന്നുപോയ പിഴവാണ്‌ കുട്ടിയുടെ പിടിവാശിക്കു കാരണം എന്നു ചിന്തിക്കുന്ന മാതാപിതാക്കൾ ഉടനെ അതു തിരുത്താൻ ശ്രമിക്കും. ‘നോ’ എന്ന്‌ പറഞ്ഞതാണ്‌ കുഴപ്പമെങ്കിൽ ‘യെസ്‌’ എന്നു പറഞ്ഞേക്കാമെന്ന്‌ അവർ കരുതും. ഒന്നു തല്ലിപ്പോയാലോ, പ്രായശ്ചിത്തമായി പാവം മാതാപിതാക്കൾ കുട്ടി ആവശ്യപ്പെടുന്നതെന്തും സാധിച്ചു കൊടുക്കും, ഒരുപക്ഷേ ചോദിച്ചതിലധികംപോലും. ഫലമോ, കുഞ്ഞിനും സന്തോഷം, അച്ഛനും അമ്മയ്‌ക്കും സന്തോഷം. തന്ത്രം ഫലിച്ചു എന്നു കാണുന്ന കുട്ടി ഇഷ്ടങ്ങൾ സാധിച്ചുകിട്ടാൻ പിടിവാശി ഒരു സ്ഥിരം ഫോർമുലയാക്കും.”