വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബാല്യം ജീവിതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിക്കേണ്ട സമയം

ബാല്യം ജീവിതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിക്കേണ്ട സമയം

ബാല്യം ജീവിതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിക്കേണ്ട സമയം

“അഞ്ചുവയസ്സുവരെ, കുട്ടികളുടെ ലോകം വീടിന്റെ ചുവരുകൾക്കുള്ളിൽ മാത്രമായി ഒതുങ്ങിനിൽക്കുന്ന ഒന്നാണ്‌. കുട്ടികളെ പരുവപ്പെടുത്താൻ താരതമ്യേന എളുപ്പമുള്ള കാലമാണത്‌. എന്നാൽ സ്‌കൂളിൽ പോയിത്തുടങ്ങുമ്പോൾ സ്ഥിതിയാകെ മാറും. പലതരം സ്വഭാവരീതികളും പലതരം സംസാരരീതികളും അവരിലേക്ക്‌ സംക്രമിക്കാനിടയുണ്ട്‌.”—വാൾട്ടർ, ഇറ്റലി.

കുട്ടികൾ വളരുമ്പോൾ ചുറ്റുമുള്ള ലോകത്തിലേക്കു തുറന്നുവെച്ച കാമറക്കണ്ണുകൾപോലെയാകും അവരുടെ മനസ്സ്‌. കളിക്കൂട്ടുകാർ, സഹപാഠികൾ, ബന്ധുജനങ്ങൾ എന്നിവരുമായൊക്കെ ഇടപഴകാൻ തുടങ്ങുന്നതോടെ കേൾക്കുന്നതും കാണുന്നതുമായ എന്തും അവരുടെ മനസ്സ്‌ ഒപ്പിയെടുക്കും. മുകളിൽ ഉദ്ധരിച്ച വാൾട്ടർ അഭിപ്രായപ്പെട്ടതുപോലെ, ശൈശവദശയിൽ നിങ്ങൾ മാത്രമേ അവന്റെ ലോകത്തിലുണ്ടായിരുന്നുള്ളൂ; പക്ഷേ ഇപ്പോൾ അവനെ സ്വാധീനിക്കാൻ പലതുമുണ്ട്‌, പലരുമുണ്ട്‌. ഈ വലിയ ലോകത്തിന്റെ വാതായനം അവന്റെ മുമ്പിൽ തുറക്കപ്പെടുന്നതിനുമുമ്പുതന്നെ, അനുസരണവും അച്ചടക്കവും അവനെ ശീലിപ്പിക്കേണ്ടത്‌ അനിവാര്യമാണ്‌. ശരിതെറ്റുകളെക്കുറിച്ചുള്ള അവബോധവും അവനിൽ വളർത്തിയിട്ടുണ്ടാകണം.

ഈ മൂല്യബോധങ്ങളൊന്നും കുട്ടിയിൽ ഒറ്റരാത്രികൊണ്ട്‌ അങ്കുരിക്കുകയില്ല. നല്ല ക്ഷമയോടും ചാതുര്യത്തോടുംകൂടെ ‘ശാസിച്ചും തിരുത്തിയും പ്രോത്സാഹിപ്പിച്ചും’ പടിപടിയായി വേണം ഈ ഗുണങ്ങൾ അവനിൽ വളർത്തിയെടുക്കാൻ. (2 തിമൊഥെയൊസ്‌ 4:2) പണ്ട്‌ ഇസ്രായേലിലെ മാതാപിതാക്കൾക്ക്‌ ദൈവം ഇങ്ങനെയൊരു കൽപ്പന നൽകിയിരുന്നു: “ഇന്നു ഞാൻ നിന്നോടു കല്‌പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‌ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.” (ആവർത്തനപുസ്‌തകം 6:6, 7) മാതാപിതാക്കൾ മക്കൾക്ക്‌ നിരന്തരമായ പ്രബോധനം നൽകേണ്ടത്‌ അനിവാര്യമാണെന്ന്‌ ഈ തിരുവെഴുത്ത്‌ സൂചിപ്പിക്കുന്നു.

അതെ, കുട്ടികളെ വളർത്തുന്നത്‌ ലാഘവത്തോടെ എടുക്കാവുന്ന ഒരു കാര്യമല്ല. തങ്ങളുടെ ഉത്തരവാദിത്വം ഭംഗിയായി നിർവഹിക്കാൻ മാതാപിതാക്കൾ ശ്രദ്ധ നൽകേണ്ട ചില കാര്യങ്ങളുണ്ട്‌. അവയിൽ ചിലതാണ്‌ താഴെ കൊടുത്തിരിക്കുന്നത്‌.

കേട്ടിരിക്കാൻ ഒരു കാലം

“സംസാരിപ്പാൻ ഒരു കാലം” ഉള്ളതുപോലെ കേട്ടിരിക്കാനും ഒരു കാലമുണ്ടെന്ന്‌ ബൈബിൾ പറയുന്നു. (സഭാപ്രസംഗി 3:7) മറ്റൊരാൾ—നിങ്ങൾ ഉൾപ്പെടെ—സംസാരിക്കുമ്പോൾ കേട്ടിരിക്കാൻ കുട്ടിയെ എങ്ങനെ പഠിപ്പിക്കാം? നിങ്ങൾതന്നെ ഒരു മാതൃകയായിരുന്നാൽ മതി! സ്വന്തം മക്കൾ ഉൾപ്പെടെ മറ്റുള്ളവർ സംസാരിക്കുമ്പോൾ ക്ഷമയോടെ കേൾക്കുന്ന ശീലമുണ്ടോ നിങ്ങൾക്ക്‌?

കുട്ടികൾ അധികനേരം നിങ്ങൾ പറയുന്നത്‌ കേട്ടിരുന്നെന്നുവരില്ല; പെട്ടെന്ന്‌ അവരുടെ ശ്രദ്ധ പതറും. അത്‌ നിങ്ങളുടെ ക്ഷമയെ ശരിക്കും പരിശോധിക്കും. ഓരോ കുട്ടിയും വ്യത്യസ്‌തനാണ്‌. അതുകൊണ്ട്‌ എപ്പോൾ, എങ്ങനെ സംസാരിച്ചാലാണ്‌ നിങ്ങളുടെ കുട്ടി ശ്രദ്ധിക്കാൻ താത്‌പര്യപ്പെടുന്നതെന്ന്‌ നിരീക്ഷിച്ച്‌ മനസ്സിലാക്കണം. അതിൻപ്രകാരം അവനോടു സംസാരിക്കുക. ബ്രിട്ടനിൽനിന്നുള്ള ഒരു പിതാവ്‌ അവലംബിച്ചിരിക്കുന്ന രീതി ഇതാണ്‌: “മോളോട്‌ ഞാൻ ഒരു കാര്യം പറഞ്ഞിട്ട്‌, അവൾക്കു മനസ്സിലായത്‌ സ്വന്തം വാക്കുകളിൽ എന്നോടു പറയാൻ ഞാൻ ആവശ്യപ്പെടും. അതിനു ഫലമുണ്ടായി. ഞാൻ പറയുന്ന കാര്യങ്ങൾക്ക്‌ അവൾ കൂടുതൽ ശ്രദ്ധ നൽകാൻ തുടങ്ങി. വളരുന്തോറും, അവൾ ഇക്കാര്യത്തിൽ മെച്ചപ്പെടുന്നുണ്ട്‌.”

യേശു ശിഷ്യന്മാർക്ക്‌ പല പ്രബോധനങ്ങളും നൽകിയ കൂട്ടത്തിൽ ഇങ്ങനെയും പറഞ്ഞു: “ആകയാൽ നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നതിനു ശ്രദ്ധനൽകുവിൻ.” (ലൂക്കോസ്‌ 8:18) മുതിർന്നവർ ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ടെങ്കിൽ കുഞ്ഞുങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ.

ഉദാരമായി ക്ഷമിക്കുക

ബൈബിൾ ഇപ്രകാരം ഉപദേശിക്കുന്നു: “ഒരുവനു മറ്റൊരുവനെതിരെ പരാതിക്കു കാരണമുണ്ടായാൽത്തന്നെ അന്യോന്യം പൊറുക്കുകയും ഉദാരമായി ക്ഷമിക്കുകയും ചെയ്യുവിൻ.” (കൊലോസ്യർ 3:13) ക്ഷമിക്കാനും വിട്ടുവീഴ്‌ച ചെയ്യാനും കുഞ്ഞുന്നാളിലേ കുട്ടികളെ പരിശീലിപ്പിക്കണം. എങ്ങനെയാണ്‌ അതു ചെയ്യേണ്ടത്‌?

ഇവിടെയും നിങ്ങൾതന്നെയാണ്‌ മാതൃകയാകേണ്ടത്‌. മറ്റുള്ളവരോടു നിങ്ങൾ ക്ഷമിക്കുന്നതും പൊറുക്കുന്നതും കുട്ടികൾ കണ്ടു വളരട്ടെ. റഷ്യക്കാരിയായ ഒരു അമ്മ ഇക്കാര്യത്തിൽ പ്രത്യേക ശ്രമം ചെയ്യുന്നു. അവർ പറയുന്നതിങ്ങനെയാണ്‌: “മറ്റുള്ളവരോടു ക്ഷമിക്കാനും വിട്ടുവീഴ്‌ച ചെയ്യാനും മനസ്സുകാണിച്ചുകൊണ്ട്‌ ഞങ്ങൾ മക്കൾക്കൊരു മാതൃകയാകാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. അതുപോലെ പെട്ടെന്നു മുഷിയാതിരിക്കാനും.” “എന്റെ ഭാഗത്താണ്‌ തെറ്റ്‌ എങ്കിൽ ഞാൻ കുട്ടികളോട്‌ ക്ഷമ ചോദിക്കും. മറ്റുള്ളവരോട്‌ ഇടപെടുമ്പോൾ അവരും അതുപോലെ ചെയ്യണമെന്നാണ്‌ ഞാൻ ആഗ്രഹിക്കുന്നത്‌.” അവർ കൂട്ടിച്ചേർക്കുന്നു.

ക്ഷമിക്കാനുള്ള സന്നദ്ധതയും ഭിന്നതകൾ പരിഹരിച്ചു മുന്നോട്ടുപോകാനുള്ള പ്രാപ്‌തിയും മുതിർന്നവരുടെ ലോകത്ത്‌ അനിവാര്യമായ ഗുണങ്ങളാണ്‌. അതുകൊണ്ട്‌ മറ്റുള്ളവരോട്‌ പരിഗണനയോടെ ഇടപെടാനും സ്വന്തം തെറ്റുകൾ മടികൂടാതെ അംഗീകരിക്കാനും നിങ്ങളുടെ കുഞ്ഞുങ്ങളെ ഇപ്പോഴേ പഠിപ്പിക്കുക. കുട്ടിക്ക്‌ നൽകാനാകുന്ന വിലയേറിയ ഒരു ധനമാണ്‌ ഈ സദ്‌ശീലങ്ങൾ. അത്‌ ജീവിതകാലം മുഴുവൻ അവന്റെ കൂടെയുണ്ടാകും.

നന്ദി കാണിക്കുക

നന്ദി എന്ന വികാരം അന്യമായിക്കൊണ്ടിരിക്കുകയാണ്‌ ലോകത്തിൽ. പലരും ‘സ്വസ്‌നേഹികളായി’ മാറിയിരിക്കുന്നു. (2 തിമൊഥെയൊസ്‌ 3:1, 2) അതുകൊണ്ട്‌, കുഞ്ഞുങ്ങളായിരിക്കുമ്പോൾത്തന്നെ മറ്റുള്ളവരോടു നന്ദി കാണിക്കാൻ അവരെ ശീലിപ്പിക്കുക. “നിങ്ങൾ നന്ദിയുള്ളവരെന്നു കാണിക്കു”വിൻ എന്ന്‌ പൗലോസ്‌ അപ്പൊസ്‌തലൻ പറയുകയുണ്ടായി.—കൊലോസ്യർ 3:15.

നല്ല രീതിയിൽ പെരുമാറാനും മറ്റുള്ളവരോട്‌ കരുതൽ കാണിക്കാനും ചെറിയ കുട്ടികളായിരിക്കുമ്പോൾത്തന്നെ മക്കളെ ശീലിപ്പിക്കാനാകും. എങ്ങനെ? ഡോ. കൈൽ പ്രൂവെറ്റ്‌, പേരന്റ്‌സ്‌ എന്ന മാസികയിൽ ഇങ്ങനെ എഴുതി: “വീട്ടിൽ കൃതജ്ഞതയുടെ ഒരു അന്തരീക്ഷമുണ്ടെങ്കിൽ, കുട്ടികളിൽ കൃതജ്ഞതാമനോഭാവം വളർന്നുവരാൻ വലിയ പ്രയാസമുണ്ടാകില്ല.” “ലഭിച്ച സഹായത്തെപ്പറ്റി, മറ്റുള്ളവർ കാണിച്ച കരുതലിനെപ്പറ്റി, മാതാപിതാക്കളായ നിങ്ങൾ വിലമതിപ്പ്‌ പ്രകടിപ്പിക്കുന്നത്‌ ഒരു ശീലമാക്കണം എന്നർഥം. . . . അതെ, നന്ദിവാക്കുകൾ പറഞ്ഞുപറഞ്ഞു ശീലിക്കണം.” അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ബ്രിട്ടനിലുള്ള റിച്ചാർഡ്‌ എന്ന പിതാവിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “മുത്തശ്ശീമുത്തശ്ശന്മാർ, അധ്യാപകർ തുടങ്ങി നമ്മോട്‌ സ്‌നേഹവും കരുതലും കാണിക്കുന്ന എല്ലാവരോടും എങ്ങനെ നന്ദി കാണിക്കണമെന്ന്‌ ഞങ്ങൾ മക്കൾക്ക്‌ സ്വന്തം മാതൃകയിലൂടെ കാണിച്ചുകൊടുത്തിട്ടുണ്ട്‌.” “ആരെങ്കിലും ഞങ്ങളെ ഭക്ഷണത്തിനു വിളിച്ചാൽ ഞങ്ങൾ ‘താങ്ക്‌-യൂ’ കാർഡ്‌ നൽകാൻ ഒരിക്കലും മറക്കാറില്ല. കുട്ടികളും അതിൽ ഒപ്പിടും, അല്ലെങ്കിൽ കൊച്ചുകൊച്ചു ചിത്രങ്ങൾ വരയ്‌ക്കും.” ഹൃദ്യമായ പെരുമാറ്റവും കൃതജ്ഞതാമനോഭാവവും പിൽക്കാല ജീവിതത്തിൽ നല്ല വ്യക്തിബന്ധങ്ങൾ വളർത്തിയെടുക്കാൻ നിങ്ങളുടെ കുട്ടിയെ സഹായിക്കും.

ശിക്ഷണം നൽകാൻ മടിക്കേണ്ടാ

കുട്ടികൾ വളരുമ്പോൾ, ‘വിതയ്‌ക്കുന്നത്‌ കൊയ്യും’ എന്ന പാഠം അവർ തിരിച്ചറിയേണ്ടതുണ്ട്‌. (ഗലാത്യർ 6:7) ചെറുപ്പമാണെങ്കിലും അധികാരസ്ഥാനത്തുള്ളവരെ മാനിക്കാൻ കടപ്പെട്ടവരാണ്‌ കുട്ടികൾ. അത്‌ മാതാപിതാക്കളാകാം, സ്‌കൂളിലെയും സമൂഹത്തിലെയും അധികാരികളാകാം. മേൽപ്പറഞ്ഞ ബൈബിൾ തത്ത്വത്തിന്റെ അർഥം ഗ്രഹിക്കാൻ കുട്ടികളെ എങ്ങനെ സഹായിക്കാം?

‘ബാലന്‌ ശിക്ഷ കൊടുക്കാതിരിക്കരുത്‌’ എന്ന്‌ ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 23:13) ‘ഇന്ന തെറ്റിന്ന്‌ ഇന്ന ശിക്ഷ’ എന്ന്‌ കുട്ടിക്ക്‌ താക്കീത്‌ നൽകിയിട്ടുണ്ടെങ്കിൽ പറഞ്ഞതുപോലെ പ്രവർത്തിക്കുക. “പറഞ്ഞത്‌ നടപ്പാക്കാൻ മാതാപിതാക്കൾക്ക്‌ കഴിയണം. അല്ലെങ്കിൽ, സ്വന്തം ഇഷ്ടം എങ്ങനെയും സാധിച്ചെടുക്കാനുള്ള ഒരു പ്രവണത കുട്ടികളിൽ വളരും.” അർജന്റീനക്കാരിയായ നോർമ എന്നൊരു അമ്മ പറയുന്നു.

‘കുട്ടി തെറ്റു ചെയ്യട്ടെ, എന്നിട്ടു ശിക്ഷ തീരുമാനിച്ചാൽ മതിയല്ലോ’ എന്ന സമീപനം അരുത്‌. കാരണം, മുന്നറിയിപ്പു നൽകാതെ കുട്ടിയെ ശിക്ഷിക്കുമ്പോൾ അവൻ അനാവശ്യമായി തർക്കിക്കാനും ന്യായീകരിക്കാനുമൊക്കെയുള്ള സാധ്യതയുണ്ട്‌. എന്നാൽ ആവശ്യമായ ചട്ടങ്ങൾ വെക്കുകയും അവ ലംഘിച്ചാലുള്ള ശിക്ഷയെക്കുറിച്ച്‌ കുട്ടിക്ക്‌ അറിവുകൊടുക്കുകയും ചെയ്‌തിട്ടുണ്ടെങ്കിൽ, ശിക്ഷ നടപ്പാക്കുന്നതിൽ രക്ഷിതാക്കളായ നിങ്ങൾ വിട്ടുവീഴ്‌ച ചെയ്യില്ലെന്ന്‌ വ്യക്തമാക്കിയിട്ടുണ്ടെങ്കിൽ, അവൻ മറുതലിക്കാനുള്ള സാധ്യത കുറവാണ്‌.

ശിക്ഷണത്തിനു ഫലമുണ്ടാകണമെങ്കിൽ അതു നടപ്പാക്കുന്ന രീതിയിലുമുണ്ട്‌ കാര്യം. നിങ്ങളുടെ ദേഷ്യം അടങ്ങി മനസ്സ്‌ ശാന്തമാകട്ടെ, എന്നിട്ടുമതി ശിക്ഷണം. ബൈബിൾ ഇങ്ങനെ ഉപദേശിക്കുന്നു: “സകല വിദ്വേഷവും കോപവും ക്രോധവും ആക്രോശവും ദൂഷണവും എല്ലാവിധ ദുർഗുണങ്ങളോടുംകൂടെ നിങ്ങളെ വിട്ട്‌ ഒഴിഞ്ഞുപോകട്ടെ.” (എഫെസ്യർ 4:31) ക്രൂരമായ ശിക്ഷകളോ വാക്കാലുള്ള അധിക്ഷേപമോ ഒരിക്കലും പാടില്ല.

എന്നാൽ, ക്ഷമയുടെ നെല്ലിപ്പലക കണ്ടുപോകുന്ന സാഹചര്യങ്ങളിലോ? ന്യൂസിലൻഡുകാരനായ പീറ്റർ പറയുന്നു: “നമ്മൾ സഹികെട്ടുപോകുന്ന സാഹചര്യങ്ങളുണ്ടാകാം. ദേഷ്യം അടക്കാൻ അപ്പോൾ ശരിക്കും ബുദ്ധിമുട്ടായിരിക്കും. പക്ഷേ, ശിക്ഷിക്കുന്നത്‌ തെറ്റു ചെയ്‌തതുകൊണ്ടാണെന്നും, അല്ലാതെ അച്ഛനോ അമ്മയോ അവരുടെ ദേഷ്യം തീർക്കുന്നതല്ലെന്നും കുട്ടികൾക്കു മനസ്സിലാക്കാൻ കഴിയണം.”

ഇപ്പോൾ ലഭിക്കുന്ന തിരുത്തൽ ഭാവിയിൽ എങ്ങനെ ഗുണം ചെയ്യുമെന്നു മനസ്സിലാക്കാൻ പീറ്ററും ഭാര്യയും മക്കളെ സഹായിക്കുന്നു. “അങ്ങേയറ്റം ദേഷ്യംപിടിപ്പിക്കുന്ന ഒരു കാര്യമായിരിക്കാം കുട്ടികൾ ചെയ്‌തത്‌. പക്ഷേ അവർ ചെയ്‌ത തെറ്റിനെ വിമർശിക്കുന്നതിനുപകരം അവർ എങ്ങനെയുള്ളവരായി വളരുന്നതുകാണാനാണ്‌ ഞങ്ങൾ ആഗ്രഹിക്കുന്നത്‌ എന്ന കാര്യത്തിന്‌ ഊന്നൽനൽകി സംസാരിക്കും.” പീറ്റർ പറയുന്നു.

ന്യായബോധം ഉള്ളവരായിരിക്കുക

തന്റെ ജനമായ ഇസ്രായേൽ തെറ്റുചെയ്‌തപ്പോൾ ദൈവം അവരോട്‌, “ഞാൻ നിന്നെ ന്യായമായി ശിക്ഷിക്കും” എന്നു പറയുകയുണ്ടായി. (യിരെമ്യാവു 46:28) അതായത്‌ അവരുടെ തെറ്റിന്‌ സമമായ ശിക്ഷ മാത്രമേ ദൈവം നൽകുമായിരുന്നുള്ളൂ. മാതാപിതാക്കളായ നിങ്ങളും മക്കൾ ചെയ്യുന്ന തെറ്റിന്‌ അർഹമായ ശിക്ഷയേ നൽകാവൂ; എങ്കിലേ ശിക്ഷണംകൊണ്ട്‌ ഫലമുണ്ടാകൂ. ‘ന്യായബോധമുള്ളവരായിരിക്കാൻ’ പൗലോസ്‌ ക്രിസ്‌ത്യാനികൾക്ക്‌ നൽകിയ ഉദ്‌ബോധനം ഇത്തരുണത്തിൽ ശ്രദ്ധേയമാണ്‌.—ഫിലിപ്പിയർ 4:5.

കുട്ടികൾക്ക്‌ മാന്യത നൽകിക്കൊണ്ടുവേണം രക്ഷിതാക്കൾ അവരുടെ തെറ്റുതിരുത്താൻ. മാതാപിതാക്കൾ ന്യായബോധമുള്ളവരാണോ എന്ന്‌ അതിലൂടെ തെളിയും. ഇറ്റലിക്കാരനായ സാന്റി പറയുന്നതു ശ്രദ്ധിക്കുക: “മോനോ മോളോ തെറ്റു ചെയ്യുമ്പോൾ ഞാൻ ഒരിക്കലും അവരെ താഴ്‌ത്തിക്കെട്ടി സംസാരിക്കില്ല. ആ തെറ്റിന്റെ അടിസ്ഥാന കാരണം കണ്ടെത്തി ഞാൻ അതു പരിഹരിക്കാൻ ശ്രമിക്കും. മറ്റുള്ളവരുടെ മുമ്പിൽവെച്ച്‌ കുട്ടികളെ ശിക്ഷിക്കാതിരിക്കാനും കഴിയുന്നത്ര ഞാൻ ശ്രദ്ധിക്കാറുണ്ട്‌. എന്തിന്‌, മക്കളെ അവരുടെ കൂടെപ്പിറപ്പിന്റെ മുമ്പിൽവെച്ചുപോലും ഞാൻ ശാസിക്കാറില്ല. അതുപോലെ മറ്റുള്ളവരുടെ മുമ്പിൽവെച്ചോ അല്ലാതെയോ അവരുടെ എന്തെങ്കിലും കുറവുകളെടുത്തു പറഞ്ഞ്‌ ഒരിക്കലും ഞാൻ അവരെ കളിയാക്കാറില്ല.”

ന്യായബോധമുള്ളവരായിരിക്കുന്നതിന്റെ പ്രാധാന്യം നേരത്തേ പരാമർശിച്ച റിച്ചാർഡും മനസ്സിലാക്കിയിട്ടുണ്ട്‌. “കുട്ടിയെ ഒരു തെറ്റിനു ശിക്ഷിക്കുകയാണെന്നിരിക്കട്ടെ. ആ സന്ദർഭത്തിൽ, മുമ്പ്‌ അവൻ ചെയ്‌ത തെറ്റുകൾകൂടെ വലിച്ചിഴയ്‌ക്കേണ്ടതില്ല. അപ്പോഴത്തെ തെറ്റിനുള്ള ശിക്ഷ മതി,” അദ്ദേഹം പറയുന്നു. “ശിക്ഷണം നൽകിക്കഴിഞ്ഞാൽ വീണ്ടുംവീണ്ടും അതേക്കുറിച്ച്‌ സംസാരിക്കുകയോ കുട്ടിയെ അത്‌ ഓർമിപ്പിക്കുകയോ ചെയ്യേണ്ടതില്ല.”

കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നത്‌ തീർച്ചയായും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്‌. രക്ഷിതാക്കളുടെ ഭാഗത്തുനിന്ന്‌ പല ത്യാഗങ്ങളും വേണ്ടിവരും. എങ്കിലും അതിനൊക്കെ പ്രതിഫലം ലഭിക്കും. റഷ്യക്കാരിയായ യെലേന എന്ന അമ്മ സ്വന്തം അനുഭവം സാക്ഷ്യപ്പെടുത്തുന്നു: “മകനോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനായി ഞാൻ ഒരു പാർട്ട്‌-ടൈം ജോലിയാണ്‌ തിരഞ്ഞെടുത്തിരിക്കുന്നത്‌. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉൾപ്പെടെ ചില പ്രശ്‌നങ്ങളൊക്കെ ഇതുമൂലം എനിക്കുണ്ട്‌. എന്നാലെന്താ, എന്റെ മകൻ സന്തോഷവാനാണ്‌. മാത്രമല്ല, ഞങ്ങൾക്കിടയിലെ ബന്ധം കൂടുതൽ ഗാഢമാകുകയും ചെയ്‌തിരിക്കുന്നു.” (g11-E 10)

[11-ാം പേജിലെ ചിത്രം]

മറ്റുള്ളവരോട്‌ കരുതൽ കാണിക്കാൻ കുട്ടികൾ പഠിക്കട്ടെ

[12-ാം പേജിലെ ചിത്രം]

കുട്ടികൾക്ക്‌ മാന്യത നൽകിക്കൊണ്ടുവേണം അവരുടെ തെറ്റുതിരുത്താൻ