വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാതാപിതാക്കൾ പറയുന്നു

മാതാപിതാക്കൾ പറയുന്നു

മാതാപിതാക്കൾ പറയുന്നു

മക്കൾ കൗമാരത്തിലെത്തുമ്പോൾ പല മാതാപിതാക്കൾക്കും പരിഭ്രാന്തിയാണ്‌. പുതിയ കുറെ വെല്ലുവിളികളാണ്‌ അവരുടെ മുന്നിലുയരുന്നത്‌. കുട്ടികൾക്കും ഇത്‌ ചിന്താക്കുഴപ്പങ്ങളുടെ കാലമാണ്‌. ഈ ജീവിതദശയിൽ ശാരീരികമായും മാനസികമായും ഉണ്ടാകുന്ന മാറ്റങ്ങളോടു പൊരുത്തപ്പെടാൻ മക്കളെ എങ്ങനെ സഹായിക്കാം? വിവിധ നാടുകളിൽനിന്നുള്ള അച്ഛനമ്മമാർ പറയുന്നതു ശ്രദ്ധിക്കുക.

മാറ്റങ്ങൾ

“മകൻ കുട്ടിയായിരുന്നപ്പോൾ ഞാൻ എന്തെങ്കിലും പറഞ്ഞാൽ അവൻ മറുത്തൊരക്ഷരം മിണ്ടില്ലായിരുന്നു. എന്നാൽ കൗമാരത്തിലേക്കു കടന്നപ്പോൾ ആ അവസ്ഥയൊക്കെ മാറി. എന്റെ ഉപദേശങ്ങളിൽ അവനെന്തോ ഒരു വിശ്വാസക്കുറവു വന്നതുപോലെ. ഞാൻ എന്തെങ്കിലും പറഞ്ഞാൽ, ആ പറഞ്ഞ കാര്യത്തെയും അത്‌ അവതരിപ്പിച്ച വിധത്തെയും അവൻ ചോദ്യം ചെയ്യുമായിരുന്നു.”—ഫ്രാങ്ക്‌, കാനഡ.

“എന്റെ മകനിപ്പോൾ സംസാരിക്കാൻ വലിയ മടിയാണ്‌. അവൻ ഇങ്ങോട്ട്‌ എന്തെങ്കിലും പറയട്ടെ എന്നു വെച്ചു കാത്തിരുന്നാൽ നടക്കില്ല. മനസ്സിലുള്ളത്‌ എന്താണെന്ന്‌ ഞാൻതന്നെ ചോദിച്ചറിയണം. ഇനി ചോദിച്ചാൽത്തന്നെ പെട്ടെന്നൊന്നും മറുപടി പ്രതീക്ഷിക്കുകയും വേണ്ട.”—ഫ്രാൻസിസ്‌, ഓസ്‌ട്രേലിയ.

“ഈ പ്രായത്തിലുള്ള കുട്ടികളോട്‌ ഇടപെടാൻ ക്ഷമ അത്യാവശ്യമാണ്‌. ചിലപ്പോൾ നല്ല അരിശംവരും. പക്ഷേ ശാന്തമായി അവരുടെ കൂടെയിരുന്ന്‌ നയത്തിൽ കാര്യങ്ങൾ സംസാരിക്കുന്നതാണ്‌ എപ്പോഴും നല്ലത്‌.”—ഫെലീഷ, ഐക്യനാടുകൾ.

ആശയവിനിമയം

“എന്റെ ടീനേജുകാരിയായ മകൾ ചിലപ്പോൾ വല്ലാതെ കയർത്തുനിൽക്കും. ഞാൻ അവളുടെ പുറകേ നടന്ന്‌ കുറ്റങ്ങൾ കണ്ടുപിടിക്കുന്നു എന്നാണ്‌ അവളുടെ പരാതി. ഞാൻ അവളെ സ്‌നേഹിക്കുന്നുണ്ടെന്നും ജീവിതത്തിൽ അവൾ വിജയിക്കണമെന്നാണ്‌ അവളെപ്പോലെതന്നെ ഞാനും ആഗ്രഹിക്കുന്നതെന്നും അവളെ എപ്പോഴും ഓർമിപ്പിക്കേണ്ടിവരും.”—ലിസ, ഐക്യനാടുകൾ.

“കുട്ടികളായിരുന്നപ്പോൾ മക്കൾ എന്നോട്‌ എന്തും തുറന്നുപറയുമായിരുന്നു. അതുകൊണ്ടുതന്നെ അവരുടെ മനസ്സിലുള്ളത്‌ എന്താണെന്ന്‌ അറിയാൻ ഒട്ടും വിഷമമില്ലായിരുന്നു. ഇപ്പോൾ സ്ഥിതി അതല്ല. ഞാൻ അവരെ മനസ്സിലാക്കുന്നുണ്ടെന്നും ബഹുമാനിക്കുന്നുണ്ടെന്നും അവർക്കു തോന്നിയാൽ മാത്രമേ അവർ മനസ്സു തുറക്കൂ.”—നാൻ-ഹീ, കൊറിയ.

“‘അതു ചെയ്യരുത്‌, ഇതു ചെയ്യരുത്‌’ എന്നൊന്നും പറഞ്ഞാൽ ഈ പ്രായക്കാരുടെ അടുത്ത്‌ വിലപ്പോവില്ല. തന്മയത്വത്തോടെ വേണം അവരോട്‌ സംസാരിക്കാൻ. കാര്യകാരണങ്ങൾ വ്യക്തമാക്കിക്കൊടുക്കേണ്ടിയും വരും. അവരുടെ മനസ്സിലുള്ളത്‌ പുറത്തുകൊണ്ടുവരണമെങ്കിൽ അവർ പറയുന്നതെന്തും ക്ഷമയോടെ കേട്ടിരിക്കാനുള്ള സന്നദ്ധത നമ്മൾ കാണിക്കണം; നമ്മൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങളായിരിക്കില്ല അവർ പറയുന്നതെങ്കിൽതന്നെയും.”—ഡലീല, ബ്രസീൽ.

“മകൾ എന്തെങ്കിലും തെറ്റുചെയ്‌താൽ മറ്റുള്ളവരുടെ മുന്നിൽവെച്ച്‌ ഞാൻ തിരുത്താറില്ല. സ്വകാര്യമായി പറഞ്ഞുമനസ്സിലാക്കുകയേ ഉള്ളൂ.”—എഡ്‌ന, നൈജീരിയ.

“ചിലപ്പോൾ മോനോട്‌ സംസാരിക്കുന്നതിനിടയ്‌ക്ക്‌ ഞാൻ വീട്ടുജോലികളിലേക്കു തിരിയും. അപ്പോൾ അവൻ പറയുന്നതു മുഴുവൻ ശ്രദ്ധിക്കാനായെന്നുവരില്ല. അവനും അതു മനസ്സിലാകാറുണ്ട്‌. അതുകൊണ്ടായിരിക്കാം അവൻ എന്നോട്‌ അധികം വർത്തമാനത്തിനു വരാത്തത്‌. അവൻ സംസാരിക്കുമ്പോൾ ഞാൻ കുറേക്കൂടെ മനസ്സുവെച്ചു കേൾക്കേണ്ടിയിരിക്കുന്നു. എന്നാലേ ഉള്ളിലുള്ളതെല്ലാം മടിക്കാതെ അവൻ എന്നോടു പറയൂ.”—മിറിയം, മെക്‌സിക്കോ.

സ്വാതന്ത്ര്യം

“ടീനേജുകാരായ മക്കൾക്ക്‌ സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കാൻ എനിക്ക്‌ പേടിയും മടിയുമായിരുന്നു. അത്‌ കുറച്ച്‌ ടെൻഷന്‌ ഇടയാക്കുകയും ചെയ്‌തു. ഇക്കാര്യത്തെപ്പറ്റി ഞാൻ മക്കളുമായി തുറന്നു സംസാരിച്ചു. ഞാൻ എന്റെ ആശങ്കകൾ അവരെ അറിയിച്ചു. അവരുടെ ആഗ്രഹങ്ങൾ അവരും പറഞ്ഞു. എന്തായാലും ഒടുവിൽ ഞങ്ങൾ ഒരു ഒത്തുതീർപ്പിലെത്തി. കുറേക്കൂടെ സ്വാതന്ത്ര്യം അനുവദിക്കാമെന്ന്‌ ഞാൻ സമ്മതിച്ചു. എന്നാൽ, ഞാൻ വെക്കുന്ന പരിധികൾക്കപ്പുറം പോകാൻ പാടില്ലെന്നും നിഷ്‌കർഷിച്ചു.”—എഡ്‌വിൻ, ഘാന.

“എന്റെ മകൻ ഒരു മോട്ടോർബൈക്ക്‌ വേണമെന്ന്‌ ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ അവൻ ബൈക്കോടിക്കുന്നത്‌ എനിക്ക്‌ പേടിയായിരുന്നു. ഞാൻ അവനെ ഒരുപാട്‌ വഴക്കു പറഞ്ഞു. അതിന്റെ ദോഷവശങ്ങളെല്ലാം കാണിച്ചുകൊടുത്തു. അവനു പറയാനുള്ളതു കേൾക്കാൻ പക്ഷേ ഞാൻ കൂട്ടാക്കിയില്ല. അത്‌ അവനെ വല്ലാതെ ദേഷ്യംപിടിപ്പിച്ചു. എങ്ങനെയും ഒരെണ്ണം വാങ്ങിയിട്ടേ ഉള്ളെന്നായി അവൻ! എന്റെ സമീപനം മാറ്റുന്നതാണ്‌ ബുദ്ധിയെന്ന്‌ എനിക്കു മനസ്സിലായി. ബൈക്കിനെപ്പറ്റിയും അതിന്റെ ഉപയോഗത്തെപ്പറ്റിയും കിട്ടാവുന്ന വിവരങ്ങളൊക്കെ ശേഖരിക്കാൻ ഞാൻ അവനോടു പറഞ്ഞു; അത്‌ കൊണ്ടുനടക്കാനുള്ള ചെലവ്‌, ഉണ്ടാകാനിടയുള്ള അപകടങ്ങൾ, ലൈസൻസ്‌ നേടാനും അത്‌ നഷ്ടപ്പെടാതിരിക്കാനും ചെയ്യേണ്ട കാര്യങ്ങൾ എന്നിവയെപ്പറ്റിയെല്ലാം. സഭയിലെ പക്വതയുള്ള ക്രിസ്‌ത്യാനികളുടെ ഉപദേശം തേടാനും ഞാൻ ആവശ്യപ്പെട്ടു. അവന്റെ ആഗ്രഹങ്ങൾ അടിച്ചമർത്താൻ ശ്രമിക്കുന്നതിനുപകരം അവ തുറന്നുപ്രകടിപ്പിക്കാൻ അനുവദിക്കുന്നതാണ്‌ നല്ലതെന്ന്‌ എനിക്കു മനസ്സിലായി. അതെ, അതായിരുന്നു അതിന്റെ ശരി!”—ഹേ-യാങ്‌, കൊറിയ.

“മക്കൾക്ക്‌ ഞങ്ങൾ അതിരുകൾ വെച്ചിട്ടുണ്ടായിരുന്നെങ്കിലും, ഉചിതമായ അളവിൽ സ്വാതന്ത്ര്യവും അനുവദിച്ചിരുന്നു. ആ സ്വാതന്ത്ര്യം അവർ ദുർവിനിയോഗം ചെയ്യുന്നില്ലെന്നു കാണുമ്പോൾ കുറെക്കൂടെ സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കും. അങ്ങനെ, കൂടുതൽ സ്വാതന്ത്ര്യം നേടാനുള്ള അവസരം ഞങ്ങൾ അവർക്ക്‌ തുറന്നുകൊടുത്തു. കൂട്ടിലടച്ച കിളികളെപ്പോലെ അവരെ വളർത്താനല്ല ഞങ്ങൾ ആഗ്രഹിക്കുന്നതെന്നു മനസ്സിലാക്കാനും അവർക്കു കഴിഞ്ഞു. എന്നാൽ അതിരുകൾ ലംഘിച്ചാൽ അതിനുള്ള ശിക്ഷ നൽകാനും ഞങ്ങൾ മറന്നിരുന്നില്ല.”—ഡൊറൊറ്റേ, ഫ്രാൻസ്‌.

“അച്ചടക്കകാര്യങ്ങളിൽ ഞാൻ ഒട്ടും വിട്ടുവീഴ്‌ച കാണിക്കില്ല. കുട്ടികൾ കൃത്യസമയത്ത്‌ വീട്ടിൽ എത്തിക്കൊള്ളണമെന്ന്‌ എനിക്കു നിർബന്ധമാണ്‌. എങ്കിലും കുട്ടികൾ അനുസരണം കാണിക്കുമ്പോൾ നിയന്ത്രണത്തിൽ അൽപ്പമൊരു അയവുവരുത്തും. ഇടയ്‌ക്കൊക്കെ കുറച്ചുകൂടെ സമയം പുറത്തു ചെലവഴിക്കാൻ ഞാൻ അവരെ അനുവദിക്കും. പക്ഷേ ഒന്നിൽ കൂടുതൽ തവണ അവർ അനുവാദം കൂടാതെ വൈകിയാൽ അതിന്റെ ശിക്ഷ കൊടുക്കാതിരിക്കില്ല.”—ഈൽ-ഹാൻ, കൊറിയ.

“തൊഴിലാളി അനുസരണവും ഉത്തരവാദിത്വബോധവും കാണിക്കുന്നതിനനുസരിച്ചാണല്ലോ അയാൾക്ക്‌ എന്ത്‌ ആനുകൂല്യങ്ങൾ നൽകണമെന്ന്‌ തൊഴിലുടമ നിശ്ചയിക്കുന്നത്‌. മകന്റെ കാര്യത്തിലും ഈ തത്ത്വമാണ്‌ ഞാൻ വെച്ചിരിക്കുന്നത്‌. ഞങ്ങൾ പറയുന്നതുപോലെ അച്ചടക്കവും അനുസരണവും കാണിച്ചാൽ അതിനനുസരിച്ചുള്ള സ്വാതന്ത്ര്യവും അവനു ലഭിക്കുമെന്ന്‌ ഞാൻ മകന്‌ മനസ്സിലാക്കിക്കൊടുത്തിട്ടുണ്ട്‌. ഒരു തൊഴിലാളി ചുമതലകൾ വേണ്ടവിധം നിർവഹിച്ചില്ലെങ്കിൽ ലഭിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ പിൻവലിക്കപ്പെടാം. അതുപോലെ, ഉത്തരവാദിത്വബോധമില്ലാതെ പെരുമാറിയാൽ തനിക്കു ലഭിച്ചിരിക്കുന്ന സ്വാതന്ത്ര്യവും ഇല്ലാതാകുമെന്ന്‌ എന്റെ മകന്‌ നന്നായി അറിയാം.”—റാമൊൺ, മെക്‌സിക്കോ. (g11-E 10)

[22-ാം പേജിലെ ആകർഷകവാക്യം]

“കുട്ടിയെ ചെറുപ്പത്തിൽത്തന്നെ നേരായ മാർഗ്ഗം പഠിപ്പിക്കുക. അപ്പോൾ, വളർന്നുവലുതാകുമ്പോൾ, അവൻ ആ വഴിയിലൂടെത്തന്നെ ജീവിച്ചുകൊള്ളും.”സദൃശവാക്യങ്ങൾ 22:6, പരിശുദ്ധ ബൈബിൾഈസി റ്റു റീഡ്‌ വേർഷൻ

[23-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

അനുഭവത്തിൽനിന്ന്‌ . . .

“മക്കളുടെ കൗമാരം കൗതുകകരമായ ഒരു അനുഭവമാണ്‌ !”

ജോസഫ്‌: എന്റെ മൂത്ത രണ്ടു പെൺമക്കളും ടീനേജ്‌ പ്രായക്കാരാണ്‌. കുട്ടികൾ അവരുടെ കാഴ്‌ചപ്പാടുകളെപ്പറ്റി പറയുമ്പോൾ അത്‌ കേൾക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടത്‌ പ്രധാനമാണ്‌. എന്റെ കുറവുകൾ തുറന്നുസമ്മതിക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്യുന്നതുകൊണ്ട്‌ ഞങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിന്‌ ഇതുവരെ ഭംഗംവന്നിട്ടില്ല. മക്കളുടെ കൗമാരം കൗതുകകരമായ ഒരു അനുഭവമാണ്‌! ദൈവവചനമായ ബൈബിളിലെ മാർഗനിർദേശങ്ങളോട്‌ ഞങ്ങൾ ഒരുപാട്‌ കടപ്പെട്ടിരിക്കുന്നു.

ലിസ: മൂത്ത മകൾ കൗമാരത്തിലേക്കു കടന്നപ്പോൾ അവൾക്ക്‌ എന്റെ ശ്രദ്ധയും പരിചരണവും ഏറെ ആവശ്യമുണ്ടെന്ന്‌ ഞാൻ മനസ്സിലാക്കി. ഒരുപാട്‌ സമയം ഞങ്ങൾ സംസാരിച്ചിരിക്കുമായിരുന്നു. അവൾ പറയുന്നതെല്ലാം ഞാൻ ശ്രദ്ധയോടെ കേട്ടിരിക്കും, വേണ്ട വൈകാരിക പിന്തുണ നൽകുകയും ചെയ്യും. എന്തും മടിക്കാതെ തുറന്നുപറയാനുള്ള സ്വാതന്ത്ര്യം ഞാനും ഭർത്താവും മക്കൾക്ക്‌ കൊടുത്തിട്ടുണ്ട്‌. അവരുടെ വികാരങ്ങളെ ഞങ്ങൾ മാനിക്കുന്നുണ്ടെന്നും അവർക്കറിയാം. “കേൾക്കാൻ തിടുക്കവും സംസാരിക്കാൻ സാവകാശവും” ഉള്ളവരായിരിക്കാനുള്ള യാക്കോബ്‌ 1:19-ലെ ബുദ്ധിയുപദേശം പിൻപറ്റാൻ ഞാൻ ശ്രമിക്കുന്നുണ്ട്‌.

വിക്‌ടോറിയ: മമ്മിയാണ്‌ എന്റെ ബെസ്റ്റ്‌ ഫ്രണ്ട്‌. മമ്മിയെപ്പോലെ ഇത്ര കരുതലും സ്‌നേഹവുമുള്ള വേറെ ആരെയും ഞാൻ കണ്ടിട്ടില്ല. എല്ലാവരോടും മമ്മി അങ്ങനെതന്നെയാണ്‌. മമ്മിക്ക്‌ ആളുകളോട്‌ ഭയങ്കര ആത്മാർഥതയാണ്‌. ഇങ്ങനെയൊരു അമ്മയെ കിട്ടിയത്‌ ഞങ്ങളുടെ ഭാഗ്യം!

ഒലീവിയ: ഡാഡിക്കും ഞങ്ങളുടെ കാര്യത്തിൽ വലിയ ശ്രദ്ധയാണ്‌. ഞങ്ങൾ പണക്കാരൊന്നുമല്ല. എങ്കിലും മറ്റുള്ളവർക്ക്‌ സഹായങ്ങൾ ചെയ്‌തുകൊടുക്കാൻ ഡാഡി എപ്പോഴും റെഡിയാണ്‌. ഞങ്ങളോടൊപ്പം കളിക്കാനും ചിരിക്കാനുമൊക്കെ ഡാഡി കൂടും. പക്ഷേ സീരിയസാകേണ്ടത്‌ എപ്പോഴാണെന്നും ഡാഡിക്ക്‌ നന്നായി അറിയാം. ഞങ്ങൾക്കു ജീവനാണ്‌ ഡാഡിയെ!

“ഞങ്ങൾക്ക്‌ വിരസത തോന്നാറേയില്ല!”

സോണി: കുട്ടികളെ അലട്ടുന്ന ഒരു പ്രശ്‌നമുണ്ടെങ്കിൽ ഞങ്ങളെല്ലാവരും ഒരുമിച്ചിരുന്ന്‌ അത്‌ ചർച്ച ചെയ്യും. ഞങ്ങൾക്കിടയിൽ രഹസ്യങ്ങളില്ല. ബൈബിൾതത്ത്വങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ഞങ്ങൾ തീരുമാനങ്ങൾ എടുക്കാറ്‌. പക്വതയുള്ള നല്ല കൂട്ടുകാരാണ്‌ അവരുടേതെന്ന്‌ ഞാനും ഭാര്യയും ഉറപ്പുവരുത്താറുണ്ട്‌. ഞങ്ങളുടെ കൂട്ടുകാർ അവരുടെയും കൂട്ടുകാരാണ്‌, അവരുടെ കൂട്ടുകാർ ഞങ്ങളുടെയും.

ഈനസ്‌: ഞങ്ങൾക്ക്‌ ചെയ്യാൻ ഒരുപാട്‌ കാര്യങ്ങളുണ്ട്‌. കുടുംബം ഒരുമിച്ചാണ്‌ ഞങ്ങൾ അതൊക്കെ ചെയ്യുന്നത്‌. യഹോവയുടെ സാക്ഷികളാണ്‌ ഞങ്ങൾ. അതുകൊണ്ടുതന്നെ, സുവാർത്താ ഘോഷണം, വ്യക്തിപരമായ ബൈബിൾ പഠനം, കുടുംബാരാധന എന്നിങ്ങനെ പല കാര്യങ്ങളുമായി ഞങ്ങൾ തിരക്കിലാണ്‌. ഇതിനുപുറമേ ഞങ്ങൾ ചില സന്നദ്ധസേവനങ്ങളിലും ഉൾപ്പെടാറുണ്ട്‌; ദുരിതാശ്വാസ പ്രവർത്തനങ്ങൾ, രാജ്യഹാൾ നിർമാണവേല എന്നിങ്ങനെ. ഇതിനിടയിൽ വിനോദത്തിനും വിശ്രമത്തിനുമായി സമയം കണ്ടെത്താനും ഞങ്ങൾ മറക്കാറില്ല. ഞങ്ങൾക്ക്‌ വിരസത തോന്നാറേയില്ല!

കെൽസി: ഞങ്ങൾ പറയുന്നതെല്ലാം ഡാഡി ശ്രദ്ധയോടെ കേൾക്കും. കുടുംബത്തെ ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ ഡാഡി ഞങ്ങളോടെല്ലാം അഭിപ്രായം ചോദിക്കാറുണ്ട്‌. ഒന്നു സംസാരിക്കണമെന്നു തോന്നുമ്പോഴോ സഹായം വേണമെന്നു തോന്നുമ്പോഴോ എന്റെ അടുത്തേക്ക്‌ ഓടി എത്താൻ മമ്മിയും മടിക്കാറില്ല.

സമാന്ത: മമ്മിയുടെ ഓരോ നോക്കും ഓരോ വാക്കും ഞാൻ വേണ്ടപ്പെട്ട ഒരാളാണെന്നും ഞാൻ സ്‌നേഹിക്കപ്പെടുന്നുണ്ടെന്നും ഉള്ള തോന്നലുണ്ടാക്കുന്നു; പലപ്പോഴും മമ്മി അത്‌ തിരിച്ചറിയാറില്ലെങ്കിൽപ്പോലും. ഞാൻ പറയുന്നതൊക്കെ മമ്മി ശ്രദ്ധയോടെ കേട്ടിരിക്കും. ഞങ്ങളുടെ കാര്യത്തിൽ മമ്മിക്ക്‌ എന്ത്‌ ശ്രദ്ധയാണെന്നോ! ഈ ഫ്രണ്ട്‌ഷിപ്പിനു പകരം വെക്കാൻ മറ്റൊന്നുമില്ല.

[ചിത്രങ്ങൾ]

ജോസഫ്‌ കാമേറയും ഭാര്യ ലിസയും മക്കൾ വിക്‌ടോറിയ, ഒലീവിയ, ഇസബെല്ല എന്നിവരോടൊപ്പം

സോണി സാപാറ്റായും ഭാര്യ ഈനസും മക്കൾ സമാന്തയോടും കെൽസിയോടുമൊപ്പം

[22-ാം പേജിലെ ചിത്രം]

മക്കൾക്ക്‌ കുറെയൊക്കെ സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കാം; ഒപ്പം ഉചിതമായ പരിധികളും വെക്കണം