വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുട്ടിക്ക്‌ കാൻസറാണെന്ന്‌ അറിയുമ്പോൾ. . .

കുട്ടിക്ക്‌ കാൻസറാണെന്ന്‌ അറിയുമ്പോൾ. . .

കുട്ടിക്ക്‌ കാൻസറാണെന്ന്‌ അറിയുമ്പോൾ. . .

“മോളുടെ രോഗവാർത്ത കേട്ടപ്പോൾ ഞാൻ തകർന്നുപോയി; ഭൂമി കീഴ്‌മേൽ മറിഞ്ഞതുപോലെ. എന്റെ കുഞ്ഞ്‌ മരിച്ചാലുള്ളത്ര ദുഃഖമാണ്‌ ഞാൻ അപ്പോൾ അനുഭവിച്ചത്‌,” മകൾക്ക്‌ കാൻസറാണെന്ന്‌ അറിഞ്ഞപ്പോൾ ഉണ്ടായ വികാരം പങ്കുവെക്കുന്നു ജായിൽട്ടൺ.

സ്വന്തം കുഞ്ഞിന്‌ കാൻസറാണെന്ന്‌ അറിയുന്ന നിമിഷം! അതിന്റെ ഭീകരത വിവരിക്കുക പ്രയാസമാണ്‌. കുട്ടികളിലെ കാൻസർ എത്ര വ്യാപകമാണെന്ന്‌ ഇന്റർനാഷണൽ യൂണിയൻ എഗെൻസ്റ്റ്‌ കാൻസർ എന്ന സംഘടന പറയുന്നു: “കാൻസർ രോഗികളുടെ മൊത്തം എണ്ണവുമായി തട്ടിച്ചുനോക്കുമ്പോൾ കാൻസർ രോഗികളായ കുട്ടികൾ ചെറിയൊരു ശതമാനമാണ്‌. പക്ഷേ, (ലോകമെമ്പാടുമായി) ഒരോ വർഷവും 1,60,000-ത്തിലധികം കുട്ടികളാണ്‌ കാൻസറിന്റെ പിടിയിലമരുന്നത്‌. വികസിത രാജ്യങ്ങളിൽ, വാഹനാപകടങ്ങൾ കഴിഞ്ഞാൽ കുട്ടികളുടെ മരണത്തിന്റെ പ്രധാനം കാരണം കാൻസറാണ്‌.” ഉദാഹരണത്തിന്‌, ബ്രസീലിൽ “ഓരോ വർഷവും ഏതാണ്ട്‌ 9,000 കുട്ടികൾ കാൻസർ രോഗികളായിത്തീരുന്നു” എന്ന്‌ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ കാൻസർ പറയുന്നു.

ഒരു കുട്ടി കാൻസറിന്റെ പിടിയിലാകുമ്പോൾ “മുഴു കുടുംബത്തിന്മേലും അത്‌ ആഘാതമേൽപ്പിക്കും” എന്ന്‌ അറ്റ്‌ ദ ബെഡ്‌സൈഡ്‌—ദ മദർ ആൻഡ്‌ ചൈൽഡ്‌ കാൻസർ എന്ന പുസ്‌തകം പറയുന്നു. മിക്ക കേസുകളിലും രോഗനിർണയത്തെത്തുടർന്ന്‌ ശസ്‌ത്രക്രിയ ആവശ്യമായി വരാറുണ്ട്‌. തുടർന്ന്‌ കീമോതെറാപ്പിയോ റേഡിയേഷനോ, ചിലപ്പോൾ ഇവ രണ്ടുംകൂടിയോ വേണ്ടിവന്നേക്കാം. രണ്ടിനും പാർശ്വഫലങ്ങൾ ഉണ്ടാകും. ഇതെല്ലാം കാണേണ്ടിവരുന്ന അച്ഛനമ്മമാരുടെ അവസ്ഥ എന്തായിരിക്കും? മനോവേദനയോടൊപ്പം ഭീതിയും ദുഃഖവും കുറ്റബോധവും അമർഷവും ഒക്കെ അവർക്ക്‌ അനുഭവപ്പെട്ടേക്കാം. ഈ യാഥാർഥ്യത്തെ ഉൾക്കൊള്ളാൻ അവരുടെ മനസ്സ്‌ തയ്യാറായെന്നുവരില്ല. ഈ സാഹചര്യത്തെ മാതാപിതാക്കൾക്ക്‌ എങ്ങനെ വിജയകരമായി നേരിടാം?

ഇക്കാര്യത്തിൽ വൈദ്യരംഗത്തുള്ളവർക്ക്‌ വലിയൊരു സഹായമായിരിക്കാൻ കഴിയും. “കാര്യങ്ങൾ യാഥാർഥ്യത്തോടെ അവതരിപ്പിക്കുമ്പോൾത്തന്നെ ശുഭാപ്‌തിവിശ്വാസം നൽകുന്ന രീതിയിൽ സംസാരിക്കാൻ അവർക്കാകും; ഒപ്പം ചികിത്സയുടെ പാർശ്വഫലങ്ങൾ വിശദീകരിച്ചുകൊടുക്കാനും. ഉൾപ്പെട്ടിരിക്കുന്നവർക്ക്‌ തെല്ലൊരു ആശ്വാസം പകരാൻ ഈ സമീപനം സഹായിക്കും,” നിരവധി കാൻസർ രോഗികളെ ചികിത്സിച്ചിട്ടുള്ള ന്യൂയോർക്കുകാരനായ ഒരു ഡോക്‌ടർ പറയുന്നു. കാൻസർ രോഗികളായ കുട്ടികളുടെ മാതാപിതാക്കളെ വൈകാരികമായി സഹായിക്കാൻ ഇതേ അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ള മറ്റു മാതാപിതാക്കൾക്കും കഴിയും. ബ്രസീലിലെ അഞ്ച്‌ മാതാപിതാക്കളുമായി ഉണരുക! നടത്തിയ അഭിമുഖമാണ്‌ ചുവടെ.

ജായിൽട്ടണും നേയയും “രണ്ടര വയസ്സുള്ളപ്പോഴാണ്‌ മോൾക്ക്‌ അക്യൂട്ട്‌ ലിംഫോബ്ലാസ്റ്റിക്‌ ലുക്കീമിയ പിടിപെട്ടത്‌.”

എത്രനാൾ ചികിത്സ വേണ്ടിവന്നു?

“രണ്ടര വർഷത്തോളം കീമോതെറാപ്പി വേണ്ടിവന്നു.”

പാർശ്വഫലങ്ങൾ എന്തൊക്കെയായിരുന്നു?

“അവൾക്ക്‌ വല്ലാത്ത ഛർദിയുണ്ടായിരുന്നു. മുടിയെല്ലാം കൊഴിഞ്ഞു; പല്ലെല്ലാം കറുത്തു. കൂടാതെ മൂന്നു തവണ ന്യുമോണിയയും വന്നു.”

ഇതെല്ലാം നിങ്ങളെ എങ്ങനെയാണ്‌ ബാധിച്ചത്‌?

“ആദ്യമൊക്കെ ഞങ്ങൾക്ക്‌ വലിയ ഭയമായിരുന്നു. പക്ഷേ അവളുടെ ആരോഗ്യം മെച്ചപ്പെടുന്നത്‌ കണ്ടപ്പോൾ രോഗം ഭേദമാകുമെന്ന്‌ ഞങ്ങൾക്ക്‌ ഉറപ്പായി. ഇപ്പോൾ അവൾക്ക്‌ ഒൻപത്‌ വയസ്സാകാൻ പോകുന്നു.”

ഈ സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ നിങ്ങളെ സഹായിച്ചത്‌ എന്താണ്‌?

“യഹോവയാംദൈവത്തിലുള്ള വിശ്വാസംതന്നെ. ബൈബിളിൽ, 2 കൊരിന്ത്യർ 1:3, 4 വാക്യങ്ങൾ പറയുന്നതുപോലെ ഞങ്ങളുടെ ‘കഷ്ടതകളിലൊക്കെയും അവൻ ഞങ്ങളെ ആശ്വസിപ്പിച്ചു.’ ഞങ്ങളുടെ ക്രിസ്‌തീയ സഹോദരീസഹോദരന്മാർ നൽകിയ പിന്തുണയും എടുത്തുപറയാതെ വയ്യ. ഞങ്ങളെ ആശ്വസിപ്പിച്ചുകൊണ്ട്‌ അവർ കത്തുകളെഴുതി, ഞങ്ങളെ ഫോണിൽ വിളിച്ചു സംസാരിച്ചു, ഞങ്ങൾക്കുവേണ്ടി പ്രാർഥിച്ചു, ഞങ്ങളോടൊപ്പം പ്രാർഥിച്ചു. ചില അവസരങ്ങളിൽ അവർ സാമ്പത്തികമായും ഞങ്ങളെ സഹായിച്ചു. ഒരവസരത്തിൽ മോളെ ചികിത്സാർഥം മറ്റൊരു സംസ്ഥാനത്തേക്ക്‌ കൊണ്ടുപോകേണ്ടിവന്നു. അവിടെയുള്ള യഹോവയുടെ സാക്ഷികൾ സ്വന്തം വീടുകളിൽ ഞങ്ങൾക്ക്‌ താമസസൗകര്യം ഒരുക്കി. ആശുപത്രിയിൽ പോകാനും വരാനും അവരുടെ സഹായം ഉണ്ടായിരുന്നു. ആ ഉപകാരങ്ങൾക്ക്‌ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.”

ലൂയിസും ഫാബിയാനയും “1992-ലാണ്‌ ഞങ്ങളുടെ മകൾക്ക്‌ കാൻസർ ആണെന്ന്‌ കണ്ടുപിടിക്കുന്നത്‌. അണ്ഡാശയത്തിലായിരുന്നു രോഗബാധ; പെട്ടെന്ന്‌ വ്യാപിക്കുന്ന, അപൂർവമായ ഒരുതരം കാൻസർ. അന്ന്‌ അവൾക്ക്‌ 11 വയസ്സായിരുന്നു.”

രോഗവിവരം അറിഞ്ഞപ്പോൾ നിങ്ങളുടെ അവസ്ഥ എന്തായിരുന്നു?

“ഞങ്ങൾ അത്‌ വിശ്വസിച്ചില്ല. ഞങ്ങളുടെ പൊന്നുമോൾക്ക്‌ കാൻസറാണെന്ന സത്യം ഉൾക്കൊള്ളാനേ ഞങ്ങൾക്ക്‌ കഴിഞ്ഞില്ല.”

എങ്ങനെയായിരുന്നു ചികിത്സ?

“ഓപ്പറേഷൻ വേണ്ടിവന്നു; തുടർന്ന്‌ കീമോതെറാപ്പിയും. ഞങ്ങളെ എല്ലാവരെയും അത്‌ ശാരീരികമായും വൈകാരികമായും തളർത്തിക്കളഞ്ഞു. രണ്ടുതവണ അവൾക്ക്‌ ന്യുമോണിയ വന്നു. രണ്ടാമത്തെ പ്രാവശ്യം അവൾ മരണത്തിൽനിന്ന്‌ കഷ്ടിച്ച്‌ രക്ഷപ്പെടുകയായിരുന്നു. പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം വല്ലാതെ കുറയുമ്പോൾ തൊലിപ്പുറത്തുനിന്നും മൂക്കിൽനിന്നും അനിയന്ത്രിതമായ രക്തസ്രാവം ഉണ്ടാകും. മരുന്നുകളുടെ സഹായത്താൽ ഇത്‌ കുറെയൊക്കെ പരിഹരിക്കപ്പെട്ടു.”

എത്രകാലം ചികിത്സ വേണ്ടിവന്നു?

“ആദ്യത്തെ ബയോപ്‌സി ടെസ്റ്റുമുതൽ അവസാനത്തെ കീമോതെറാപ്പിവരെ ഏകദേശം ആറുമാസം.”

രോഗവാർത്തയും ചികിത്സയുമൊക്കെ മകളെ എങ്ങനെയാണ്‌ ബാധിച്ചത്‌?

“ആദ്യമൊന്നും അവൾക്ക്‌ രോഗത്തിന്റെ ഗൗരവം മനസ്സിലായില്ല. ‘വയറ്റിൽ ചെറിയ പന്തുപോലുള്ള ഒരു സാധനം ഉണ്ട്‌, അത്‌ എടുത്തുകളയണം’ എന്നുമാത്രമാണ്‌ ഡോക്‌ടർ അവളോട്‌ പറഞ്ഞത്‌. പിന്നെപ്പിന്നെ അവൾക്ക്‌ കാര്യം പിടികിട്ടിത്തുടങ്ങി. ‘എനിക്ക്‌ കാൻസറാണോ ഡാഡീ?’ എന്ന്‌ അവൾ ഒരിക്കൽ എന്നോടു ചോദിച്ചു. എന്തു പറയണമെന്നറിയാതെ വല്ലാത്തൊരു അവസ്ഥയിലായിപ്പോയി ഞാൻ.”

മകൾ അനുഭവിക്കുന്ന ദുരിതങ്ങൾ കണ്ടപ്പോൾ നിങ്ങൾക്ക്‌ എന്താണ്‌ തോന്നിയത്‌?

“ഞങ്ങൾ അനുഭവിച്ച മനോവേദനയൊന്നും വാക്കുകളിലൂടെ പറഞ്ഞറിയിക്കാവുന്നതല്ല. കീമോതെറാപ്പിക്കുവേണ്ടി സൂചി കുത്താൻ ഞരമ്പ്‌ കിട്ടാതെവരുമ്പോൾ കുഞ്ഞുമകൾ നഴ്‌സിനെ സഹായിക്കുന്ന രംഗം. അതു കണ്ടുനിൽക്കേണ്ടിവരുന്ന മാതാപിതാക്കളുടെ അവസ്ഥ. വിഷമം സഹിക്കാനാവാതെ വരുമ്പോൾ ഞാൻ ബാത്ത്‌റൂമിൽ പോയി കരയും, പ്രാർഥിക്കും. ഒരു രാത്രി ഞാൻ ആകെ തകർന്നുപോയി. മോൾക്കു പകരം എന്നെ മരിക്കാൻ അനുവദിച്ചുകൂടേ എന്നുപോലും ഞാൻ യഹോവയോട്‌ ചോദിച്ചു.”

ഈ വിഷമഘട്ടത്തിൽ പിടിച്ചുനിൽക്കാൻ നിങ്ങളെ സഹായിച്ചത്‌ എന്താണ്‌?

“ഞങ്ങളുടെ ക്രിസ്‌തീയ സഹോദരീസഹോദരന്മാരിൽനിന്നു ലഭിച്ച സഹായമായിരുന്നു ഒരു സുപ്രധാന ഘടകം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും സഹവിശ്വാസികൾ ഞങ്ങളെ ഫോണിൽ വിളിക്കുകയുണ്ടായി. ഒരിക്കൽ ഒരു സഹോദരൻ എന്റെ ബൈബിൾ എടുത്തുകൊണ്ടുവരാൻ എന്നോട്‌ ആവശ്യപ്പെട്ടു. എന്നിട്ട്‌ അദ്ദേഹം സ്‌നേഹപൂർവം സങ്കീർത്തനപുസ്‌തകത്തിൽനിന്നുള്ള ചില വാക്യങ്ങൾ എന്നെ വായിച്ചുകേൾപ്പിച്ചു. ആ വാക്യങ്ങൾ എനിക്കും ഭാര്യയ്‌ക്കും നൽകിയ ആശ്വാസം ചെറുതല്ല. മോളുടെ ചികിത്സാഘട്ടത്തിലെ ഏറ്റവും പ്രയാസം നിറഞ്ഞ സമയമായിരുന്നു അത്‌.”

റോസിമാരി “നാലു വയസ്സുള്ളപ്പോഴാണ്‌ മോൾക്ക്‌ ലുക്കീമിയ ആണെന്നു കണ്ടെത്തുന്നത്‌.”

നിങ്ങളുടെ ആദ്യ പ്രതികരണം എന്തായിരുന്നു?

“ആ വാർത്ത എനിക്ക്‌ വിശ്വസിക്കാനേ കഴിഞ്ഞില്ല. ഏതുസമയവും ഞാൻ കരച്ചിൽതന്നെയായിരുന്നു. എന്നെ സഹായിക്കണമേയെന്ന്‌ ഞാൻ ദൈവത്തോട്‌ യാചിച്ചു. ഇളയകുഞ്ഞിന്റെ അവസ്ഥ മൂത്തമോളെയും വല്ലാതെ ബാധിച്ചു. കുറെദിവസത്തേക്ക്‌ അവളെ എന്റെ അമ്മയുടെ അടുക്കൽ കൊണ്ടുപോയി നിറുത്തേണ്ടിവന്നു.”

ചികിത്സയുടെ പാർശ്വഫലങ്ങൾ എന്തൊക്കെയായിരുന്നു?

“കുറെദിവസം അടുപ്പിച്ച്‌ കീമോതെറാപ്പി എടുത്തുകഴിഞ്ഞപ്പോൾ അരുണരക്താണുക്കളുടെ എണ്ണം തീരെ കുറഞ്ഞുപോയി. അതു വർധിപ്പിക്കാൻ ഡോക്‌ടർമാർ അവൾക്ക്‌ അയൺ സപ്ലിമെന്റുകളും എറിത്രോപൊയ്‌റ്റിനും കൊടുത്തു. രക്തം കുറയുന്നത്‌ ചികിത്സാഘട്ടത്തിലുടനീളം വലിയൊരു പ്രശ്‌നമായിരുന്നു. ചിലപ്പോൾ കോച്ചിപ്പിടുത്തവും ഉണ്ടായിട്ടുണ്ട്‌.”

ചികിത്സ എത്രനാൾ വേണ്ടിവന്നു?

“രണ്ടുവർഷവും നാലുമാസവും തീവ്രമായ തോതിലുള്ള കീമോതെറാപ്പി വേണ്ടിവന്നു. അവളുടെ മുടിയെല്ലാം കൊഴിഞ്ഞുപോയി. വല്ലാതെ വണ്ണംവെക്കുകയും ചെയ്‌തു. എന്തായാലും, നല്ല നർമബോധമുള്ള കുട്ടിയായിരുന്നു അവൾ. അതുകൊണ്ട്‌ ഇതൊന്നും അവളെ തകർത്തുകളഞ്ഞില്ല. ഏതാണ്ട്‌ ആറുവർഷം കഴിഞ്ഞപ്പോൾ അവളിൽ രോഗത്തിന്റെ ലക്ഷണങ്ങളൊന്നും ഇല്ലെന്ന്‌ ഡോക്‌ടർമാർ സ്ഥിരീകരിച്ചു.”

ഈ പരീക്ഷാഘട്ടത്തിൽ തളരാതിരിക്കാൻ നിങ്ങളെ സഹായിച്ചത്‌ എന്താണ്‌?

“ഞാനും മോളും എപ്പോഴും പ്രാർഥിക്കുമായിരുന്നു. വിവിധ പരിശോധനകൾ സഹിക്കേണ്ടിവന്ന വിശ്വസ്‌ത ദൈവദാസന്മാരെക്കുറിച്ചുള്ള ബൈബിൾ വിവരണങ്ങൾ ഞങ്ങൾ പരിചിന്തിക്കുമായിരുന്നു. നാളെയെക്കുറിച്ച്‌ ഉത്‌കണ്‌ഠപ്പെടരുത്‌ എന്ന മത്തായി 6:34-ലെ യേശുവിന്റെ വാക്കുകളും ഞങ്ങൾ മനസ്സിൽപ്പിടിച്ചു. സഹവിശ്വാസികളിൽനിന്നും ഞങ്ങൾക്ക്‌ സഹായം ലഭിച്ചു. യഹോവയുടെ സാക്ഷികളുടെ പ്രാദേശിക ആശുപത്രി ഏകോപന സമിതിയും ചികിത്സകരും നൽകിയ സഹായം എടുത്തുപറയാതെ വയ്യ. ഇത്തരത്തിലുള്ള എത്രയോ കേസുകൾ നിത്യേന കൈകാര്യംചെയ്യുന്നവരാണ്‌ അവർ.”

കാൻസർ രോഗിയായ ഒരു കുട്ടിയെ നിങ്ങൾക്ക്‌ അറിയാമോ? അല്ലെങ്കിൽ നിങ്ങളുടെ കുടുംബത്തിൽത്തന്നെ രോഗം ബാധിച്ചിരിക്കുന്ന ഒരു കുട്ടിയുണ്ടോ? നിങ്ങൾ അനുഭവിക്കുന്ന മനോവിഷമം തികച്ചും സ്വാഭാവികമാണ്‌, മേൽപ്പറഞ്ഞവരുടെ അനുഭവങ്ങൾ സൂചിപ്പിക്കുന്നതുപോലെതന്നെ. അതെ, ജീവിതത്തിൽ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അതിരറ്റ ദുഃഖവും മനഃക്ലേശവുമൊക്കെ തോന്നുന്നത്‌ മനുഷ്യസഹജമാണ്‌. ‘കരയാൻ ഒരു കാലം ഉണ്ട്‌’ എന്ന്‌ പറയുകവഴി ബൈബിൾതന്നെ ആ വസ്‌തുത അംഗീകരിക്കുന്നു. (സഭാപ്രസംഗി 3:4) എന്നാൽ “പ്രാർത്ഥന കേൾക്കുന്ന” സത്യദൈവമായ യഹോവയുടെ മുമ്പാകെ ആത്മാർഥമായി ഹൃദയം പകരുന്നെങ്കിൽ അവൻ നിങ്ങളെ നിശ്ചയമായും ആശ്വസിപ്പിക്കും.—സങ്കീർത്തനം 65:2. (g11-E 05)

[23-ാം പേജിലെ ചതുരം]

മനശ്ശാന്തിയേകുന്ന തിരുവചനങ്ങൾ

“നാളെയെക്കുറിച്ച്‌ ഒരിക്കലും ഉത്‌കണ്‌ഠപ്പെടരുത്‌; നാളത്തെ ദിവസത്തിന്‌ അതിന്റേതായ ഉത്‌കണ്‌ഠകൾ ഉണ്ടായിരിക്കുമല്ലോ. അതതു ദിവസത്തിന്‌ അന്നന്നത്തെ ക്ലേശങ്ങൾതന്നെ ധാരാളം.”—മത്തായി 6:34.

“മനസ്സലിവുള്ള പിതാവും സർവാശ്വാസത്തിന്റെയും ദൈവവുമായി, നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്‌ത്തപ്പെടുമാറാകട്ടെ. . . . നമ്മുടെ കഷ്ടതകളിലൊക്കെയും അവൻ നമ്മെ ആശ്വസിപ്പിക്കുന്നു.”—2 കൊരിന്ത്യർ 1:3, 4.

“ഒന്നിനെക്കുറിച്ചും ഉത്‌കണ്‌ഠപ്പെടേണ്ട; ഏതു കാര്യത്തിലും പ്രാർഥനയാലും യാചനയാലും നിങ്ങളുടെ അപേക്ഷകൾ കൃതജ്ഞതാസ്‌തോത്രങ്ങളോടെ ദൈവത്തെ അറിയിക്കുക; അപ്പോൾ മനുഷ്യബുദ്ധിക്ക്‌ അതീതമായ ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്‌തുയേശു മുഖാന്തരം കാത്തുകൊള്ളും.”—ഫിലിപ്പിയർ 4:6, 7.

“(ദൈവം) നിങ്ങളെക്കുറിച്ചു കരുതലുള്ളവനാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊള്ളുവിൻ.”—1 പത്രോസ്‌ 5:7.

[24-ാം പേജിലെ ചതുരം/ചിത്രം]

സഹായപ്രദമായ ഒരു ക്രമീകരണം

ആശുപത്രി അധികൃതർക്കും രോഗികൾക്കും സഹകരിച്ചു പ്രവർത്തിക്കാൻ വേണ്ട സഹായങ്ങൾ ലഭ്യമാക്കുന്നതിനായി യഹോവയുടെ സാക്ഷികൾക്ക്‌ ആശുപത്രി ഏകോപന സമിതികളുണ്ട്‌. ‘രക്തം വർജിക്കുക’ എന്ന ബൈബിളിലെ കൽപ്പനയെ മാനിക്കാൻ സന്നദ്ധരായ വിദഗ്‌ധ ഡോക്‌ടർമാരെ കണ്ടെത്താൻ ഈ സമിതികൾ യഹോവയുടെ സാക്ഷികളെ സഹായിക്കുന്നു.—പ്രവൃത്തികൾ 15:20.

[23-ാം പേജിലെ ചിത്രം]

നേയയും സ്‌തെഫാനിയും ജായിൽട്ടണും

[23-ാം പേജിലെ ചിത്രം]

ലൂയിസും എലൈനും ഫാബിയാനയും

[23-ാം പേജിലെ ചിത്രം]

എലൈനും റോസിമാരിയും