വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഇന്റർനെറ്റ്‌ തട്ടിപ്പ്‌ നിങ്ങൾ സുരക്ഷിതരോ?

ഇന്റർനെറ്റ്‌ തട്ടിപ്പ്‌ നിങ്ങൾ സുരക്ഷിതരോ?

ഇന്റർനെറ്റ്‌ തട്ടിപ്പ്‌ നിങ്ങൾ സുരക്ഷിതരോ?

അധ്യാപകനായി വിരമിച്ച വില്ല്യം താമസിക്കുന്നത്‌ യു.എസ്‌.എ.-യിലെ ഫ്‌ളോറിഡയിലാണ്‌. ഒരു ദിവസം അദ്ദേഹത്തിന്‌ ഒരു ഇ-മെയിൽ ലഭിച്ചു. അത്‌ ഇന്റർനെറ്റ്‌ സേവനദാതാവിൽനിന്നുള്ളതായിരിക്കും എന്നാണ്‌ അദ്ദേഹം കരുതിയത്‌. പണം അടച്ചതിന്റെ വിശദാംശങ്ങൾ നഷ്ടപ്പെട്ടു എന്നായിരുന്നു അതിന്റെ ഉള്ളടക്കം. അതുകൊണ്ട്‌, അതോടൊപ്പമുണ്ടായിരുന്ന ഒരു ഫാറം പൂരിപ്പിച്ച്‌ അയയ്‌ക്കുകയും ചെയ്‌തു. എന്നാൽ ഈ സ്വകാര്യവിവരങ്ങൾ ന്യൂയോർക്കിലെ ക്യൂൻസിലുള്ള ശിവ എന്ന കുറ്റവാളിക്കാണ്‌ ലഭിച്ചത്‌! വ്യാജരേഖകൾ നിർമിക്കുന്നതിനായി അടുത്ത ദിവസംതന്നെ അയാൾ വില്ല്യമിന്റെ ക്രെഡിറ്റ്‌ കാർഡ്‌ ഉപയോഗിച്ച്‌ ഇന്റർനെറ്റ്‌ വഴി ഒരു പ്രിന്റർ വാങ്ങി. ശിവ അയച്ച ഒരു ലക്ഷം ഇ-മെയിലുകളിൽ ഒന്നായിരുന്നു വില്ല്യമിനു ലഭിച്ചത്‌. നൂറോളം പേർ ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടതായി അന്വേഷകർ വെളിപ്പെടുത്തി.

ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിലുള്ള ഒരു 56-കാരി ഇന്റർനെറ്റിലൂടെ ഒരാളുമായി പ്രണയത്തിലായി. അയാൾ ഒരു ബ്രിട്ടീഷ്‌ എൻജിനീയർ ആണെന്നാണ്‌ അവർ കരുതിയത്‌. എന്നാൽ നൈജീരിയയിലുള്ള 27-കാരനായ ഒരു തട്ടിപ്പുവീരനാണ്‌ അയാളെന്ന്‌ തിരിച്ചറിഞ്ഞപ്പോഴേക്കും 24 ലക്ഷത്തോളം രൂപയ്‌ക്കു തുല്യമായ തുക അവർക്കു നഷ്ടപ്പെട്ടിരുന്നു. *

ഇന്റർനെറ്റ്‌ തട്ടിപ്പ്‌ ഇന്ന്‌ വ്യാപകമായിരിക്കുന്നു എന്നതാണ്‌ സങ്കടകരമായ വസ്‌തുത. ഒരു റിപ്പോർട്ട്‌ (“State of the Net 2010,” Consumer Reports) പറയുന്നത്‌ ഇങ്ങനെയാണ്‌: “ഉപഭോക്താക്കൾക്കു കോടിക്കണക്കിനു ഡോളറിന്റെ നഷ്ടം വരുത്തിക്കൊണ്ട്‌ ഇന്റർനെറ്റ്‌ തട്ടിപ്പ്‌ വർധിച്ചുകൊണ്ടിരിക്കുന്നു. യു.എസ്‌.-ലുള്ള 40 ശതമാനം ഇന്റർനെറ്റ്‌ ഉപഭോക്താക്കളെ ആക്രമിച്ചുകൊണ്ട്‌, കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇന്റർനെറ്റ്‌ വൈറസ്‌ ബാധ ഗണ്യമായ അളവിൽ പെരുകിയിട്ടുണ്ട്‌. ചില വീടുകളിൽ ഒന്നിലധികം സംഭവങ്ങൾ റിപ്പോർട്ടുചെയ്‌തിരിക്കുന്നു.” ഇത്തരം ആക്രമണങ്ങൾ എങ്ങനെ ഒഴിവാക്കാമെന്ന്‌ പരിചിന്തിക്കുന്നതിനു മുമ്പ്‌ തട്ടിപ്പുവീരന്മാരുടെ പതിവു തന്ത്രങ്ങളിൽ ചിലത്‌ നമുക്കു നോക്കാം.

അടവുകൾ പയറ്റുന്ന വിധം

ഇന്റർനെറ്റിലെ മിക്ക തട്ടിപ്പുകളും നടക്കുന്നത്‌ ഇ-മെയിൽ വഴിയാണ്‌. ‘ഫിഷിങ്‌ മെയിൽ’ എന്നാണ്‌ വില്ല്യമിനു ലഭിച്ച തട്ടിപ്പുസന്ദേശം അറിയപ്പെടുന്നത്‌. ഇരയിട്ടു മീൻ പിടിക്കുന്നതുപോലെ, തട്ടിപ്പുകാർ ഇത്തരം സന്ദേശങ്ങൾ ഉപയോഗിച്ച്‌ പാസ്‌വേഡും ക്രെഡിറ്റ്‌ കാർഡ്‌ നമ്പറുകളും ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങളും ആധികാരികമെന്നു തോന്നുന്ന, എന്നാൽ വ്യാജമായ വെബ്‌സൈറ്റിലൂടെ തന്ത്രപൂർവം കൈക്കലാക്കുന്നു. ഒരു കമ്പ്യൂട്ടർ പ്രോഗ്രാം (ഇ-മെയിൽ എക്‌സ്‌ട്രാക്‌ടർ) ഉപയോഗിച്ച്‌ തട്ടിപ്പുവീരന്മാർക്ക്‌ നിങ്ങളുടെ ഇ-മെയിൽ വിലാസം തരപ്പെടുത്താനായേക്കും.

നിങ്ങൾ ഇന്റർനെറ്റിൽ വിവരങ്ങളൊന്നും നൽകുന്നില്ലെങ്കിൽപ്പോലും ചില ‘ഫിഷിങ്‌ ഇ-മെയിലുകൾ’ പണിപറ്റിച്ചേക്കാം. ചിലപ്പോൾ ഇ-മെയിൽ തുറക്കുന്ന മാത്രയിൽ ‘സ്‌പൈ സോഫ്‌റ്റ്‌വെയർ’ നിങ്ങളുടെ കമ്പ്യൂട്ടറിൽ പ്രവർത്തനം ആരംഭിക്കും. കമ്പ്യൂട്ടറിന്റെ പ്രവർത്തനങ്ങളെല്ലാം ഈ പ്രോഗ്രാമിന്‌ പിടിച്ചെടുക്കാനാകും. വേറെ ചിലത്‌, കീബോർഡിൽ നിങ്ങൾ അമർത്തുന്ന അക്ഷരങ്ങൾ പകർത്തിയെടുത്ത്‌ നിങ്ങളുടെ പാസ്‌വേഡുകളും സ്വകാര്യവിവരങ്ങളും കൈക്കലാക്കും. മറ്റു ചിലതാകട്ടെ, നിങ്ങളെ ഒരു വ്യാജവെബ്‌സൈറ്റിലേക്കു നയിച്ചേക്കാം. ഇത്തരം തട്ടിപ്പുകൾക്ക്‌ ഇരയാകാതിരിക്കാൻ എന്തു ചെയ്യാൻ കഴിയും?

ചെയ്യാനാകുന്നത്‌

സംശയാസ്‌പദമായ ഇ-മെയിൽ ലിങ്കുകൾ സൂക്ഷിക്കുക. ചിലപ്പോൾ ‘ട്രോജൻ’ എന്ന്‌ അറിയപ്പെടുന്ന വൈറസുകൾ മറ്റൊരാൾക്ക്‌ നിങ്ങളുടെ കമ്പ്യൂട്ടറിലേക്കുള്ള പ്രവേശനം സാധ്യമാക്കിയേക്കാം. അങ്ങനെ നിങ്ങളുടെ സ്വകാര്യവിവരങ്ങൾ അവർക്ക്‌ കൈക്കലാക്കാനാകും. അവിശ്വസനീയമായ ലാഭം വാഗ്‌ദാനം ചെയ്‌തുകൊണ്ടുള്ള ഇ-മെയിലുകളോടു പ്രതികരിക്കാതിരിക്കുക. ‘ഫോറം’ എന്ന്‌ അറിയപ്പെടുന്ന ഇന്റർനെറ്റ്‌ ചർച്ചാവേദികളും അശ്ലീലസൈറ്റുകളും സോഷ്യൽ നെറ്റ്‌വർക്കിങ്‌ സൈറ്റുകളും കമ്പ്യൂട്ടർ പ്രോഗ്രാമിന്റെ ഉറവിടം വ്യക്തമാക്കാതെ അവ ലഭ്യമാക്കുന്ന വെബ്‌സൈറ്റുകളും തട്ടിപ്പുകാരുടെ വിഹാരരംഗങ്ങളാണ്‌. വിലപ്പെട്ട വിവരങ്ങൾ ചോർത്താനും സ്വകാര്യവിവരങ്ങൾ മോഷ്ടിക്കാൻ സഹായിക്കുന്ന സ്‌പൈ സോഫ്‌റ്റ്‌വെയറുകൾ വിതറാനും തട്ടിപ്പുകാർക്ക്‌ സൗകര്യമൊരുക്കുന്നവയാണ്‌ ഇത്തരം വേദികൾ.

“നിങ്ങളുടെ കമ്പ്യൂട്ടർ അപകടത്തിലാണ്‌! അത്‌ ഒഴിവാക്കാൻ ഇവിടെ അമർത്തുക” അല്ലെങ്കിൽ “സൗജന്യപ്രോഗ്രാമുകൾക്ക്‌ ഇവിടെ അമർത്തുക” എന്നിങ്ങനെയുള്ള സന്ദേശങ്ങൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ പ്രത്യക്ഷപ്പെട്ടേക്കാം. അങ്ങനെ ചെയ്‌താൽ ഒരുപക്ഷേ ‘സ്‌പൈ സോഫ്‌റ്റ്‌വെയർ’ പ്രവർത്തനക്ഷമമാക്കുകയായിരിക്കും നിങ്ങൾ.

ഇന്റർനെറ്റിലൂടെ നിങ്ങൾ ജോലി അന്വേഷിക്കുകയാണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കുക. തട്ടിപ്പുകാർവ്യാജസൈറ്റുകൾ ഉപയോഗിച്ച്‌ നിങ്ങളുടെ സാമ്പത്തിക വിവരങ്ങളും “രജിസ്‌ട്രേഷൻ ഫീസ്‌” എന്നു പറഞ്ഞ്‌ പണവും അപഹരിച്ചേക്കാം.

ധനകാര്യസ്ഥാപനങ്ങളുടെയോ കമ്പനികളുടെയോ കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ മറ്റൊരു സ്ഥലത്തിരുന്ന്‌ ചോർത്താൻമാത്രം സാമർഥ്യമുള്ളവരാണ്‌ ഇപ്പോഴത്തെ തട്ടിപ്പുകാർ. 2007 ജനുവരിയിൽ, ഐക്യനാടുകളിൽ അനേകം ശാഖകളുള്ള ഒരു വലിയ കച്ചവടസ്ഥാപനത്തിന്റെ കമ്പ്യൂട്ടർ സംവിധാനത്തിൽ കള്ളന്മാർ നുഴഞ്ഞുകയറുകയും ലക്ഷക്കണക്കിനുവരുന്ന ഉപഭോക്താക്കളുടെ ക്രെഡിറ്റ്‌ കാർഡ്‌ വിവരങ്ങൾ ഉൾപ്പെടെയുള്ള രേഖകൾ കൈക്കലാക്കുകയും ചെയ്‌തു. നൈജീരിയയിൽ വിവിധ ബാങ്കുകളുടെ കമ്പ്യൂട്ടറുകളിൽ കടന്നുകൂടിയ കള്ളന്മാർ എറ്റിഎം-ൽനിന്ന്‌ പണം കവരുന്നതിനുവേണ്ടി 15 ലക്ഷം പിൻ നമ്പർ മോഷ്ടിക്കുകയുണ്ടായി. തട്ടിപ്പുകാരായ ജോലിക്കാരിൽനിന്നും ഇന്റർനെറ്റിൽ കയറിക്കൂടി വിവരങ്ങൾ മോഷ്ടിക്കുന്നവരിൽനിന്നും ക്രെഡിറ്റ്‌ കാർഡ്‌ വിവരങ്ങളും ആളുകളുടെ സ്വകാര്യരേഖകളും വിലയ്‌ക്കു വാങ്ങുന്ന ഒരു കരിഞ്ചന്ത ഇന്ന്‌ കരുത്താർജിച്ചുകൊണ്ടിരിക്കുകയാണ്‌. (g12-E 01)

[അടിക്കുറിപ്പ്‌]

^ ഖ. 3 ഇന്റർനെറ്റ്‌ ഡേറ്റിങ്ങിന്റെ അപകടങ്ങളെക്കുറിച്ച്‌ ഉണരുക! മുന്നറിയിപ്പ്‌ നൽകുന്നു. 2005 മെയ്‌ 8 ലക്കത്തിന്റെ 12-14 പേജുകളും 2005 ജൂൺ 8 ലക്കത്തിന്റെ 22-24 പേജുകളും കാണുക.

[11-ാം പേജിലെ ചതുരം]

ഫിഷിങ്‌ ഇ-മെയിൽ: പാസ്‌വേഡും ക്രെഡിറ്റ്‌ കാർഡ്‌ നമ്പറുകളും ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങളും ആധികാരികമെന്നു തോന്നിപ്പിക്കുന്ന, എന്നാൽ വ്യാജമായ വെബ്‌സൈറ്റിലൂടെ തന്ത്രപൂർവം കൈക്കലാക്കാൻ ഉപയോഗിക്കുന്ന ഇ-മെയിലുകൾ

സ്‌പൈ സോഫ്‌റ്റ്‌വെയർ: കമ്പ്യൂട്ടറിന്റെ പ്രവർത്തനങ്ങളെല്ലാം പിടിച്ചെടുക്കുന്ന പ്രോഗ്രാം

ട്രോജൻ: പ്രത്യക്ഷത്തിൽ പ്രശ്‌നകാരിയെന്ന്‌ തോന്നാത്തതും, എന്നാൽ നിങ്ങൾ അറിയാതെ കമ്പ്യൂട്ടറിലെ സുരക്ഷാസംവിധാനം തകരാറിലാക്കുന്നതും ആയ പ്രോഗ്രാം

[12, 13 പേജുകളിലെ ചതുരം/ചിത്രങ്ങൾ]

തട്ടിപ്പിന്‌ ഇരയാകാതിരിക്കാൻ

കൈക്കൊള്ളേണ്ട മുൻകരുതലുകൾ:

1 ‘ഫയർവാൾ’ (ഒരു സുരക്ഷാസംവിധാനം) നിങ്ങളുടെ കമ്പ്യൂട്ടറിൽ എപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തുക. എല്ലാ കമ്പ്യൂട്ടർ പ്രോഗ്രാമുകളും (operating system, applications, and antivirus software) അപ്പപ്പോൾ പരിഷ്‌കരിക്കുക.

2 കമ്പ്യൂട്ടറിലെ വിവരങ്ങളുടെ പകർപ്പ്‌ (back up) എടുക്കുക, സുരക്ഷിതമായി സൂക്ഷിക്കുക.

3 വിവേകത്തോടെ പ്രവർത്തിക്കുക. ഇന്റർനെറ്റിലെ വിവരങ്ങളെല്ലാം അതേപടി വിശ്വസിക്കരുത്‌. സദൃശവാക്യങ്ങൾ 14:15 പറയുന്നു: “അല്‌പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്‌മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.”

4 അത്യാഗ്രഹം ആപത്താണ്‌. (ലൂക്കോസ്‌ 12:15) ‘സൗജന്യ’ ഓഫറുകളും തീരെ കുറഞ്ഞ നിരക്കിൽ സാധനങ്ങൾ വിൽക്കുന്ന വെബ്‌സൈറ്റുകളും സൂക്ഷിക്കുക. അത്‌ ഒരുപക്ഷേ നിങ്ങളെ കുരുക്കാനുള്ള ‘ഫിഷിങ്‌ ഇര’ ആയിരിക്കാം.

5 അനാവശ്യ ഇ-മെയിലുകളും സന്ദേശങ്ങളും (instant messages) സൂക്ഷിക്കുക. വിശേഷിച്ച്‌, അവ ‘ലിങ്കുകൾ’ അടങ്ങിയതോ പാസ്‌വേഡോ മറ്റു സ്വകാര്യവിവരങ്ങളോ നൽകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ളതോ ആണെങ്കിൽ.

6 മറ്റുള്ളവർക്ക്‌ എളുപ്പം ഊഹിച്ചെടുക്കാൻ സാധിക്കാത്ത പാസ്‌വേഡുകൾ തിരഞ്ഞെടുക്കുക. ഇടയ്‌ക്കിടെ പാസ്‌വേഡുകൾ മാറ്റിക്കൊണ്ടിരിക്കുക. പല അക്കൗണ്ടുകൾക്ക്‌ ഒരേ പാസ്‌വേഡ്‌ ഉപയോഗിക്കാതിരിക്കുക.

7 വിശ്വസനീയവും സുരക്ഷിതവും ആയ വെബ്‌സൈറ്റിൽ മാത്രം നിങ്ങളുടെ ക്രെഡിറ്റ്‌ കാർഡ്‌ അല്ലെങ്കിൽ ബാങ്ക്‌ വിവരങ്ങൾ നൽകുക.

8 വെബ്‌ വിലാസം കൃത്യമായി ടൈപ്പുചെയ്യുക, വിശേഷിച്ച്‌ ധനകാര്യസ്ഥാപനങ്ങളുടെ. ഒരൊറ്റ അക്ഷരപ്പിശകുമതി നിങ്ങളെ വ്യാജവെബ്‌സൈറ്റിലേക്കു തിരിച്ചുവിടാൻ.

9 ക്രെഡിറ്റ്‌ കാർഡ്‌ വിശദാംശങ്ങൾപോലുള്ള സൂക്ഷ്‌മ വിവരങ്ങൾ കൈമാറുമ്പോൾ സുരക്ഷിതമായ ഇന്റർനെറ്റ്‌ സൈറ്റുകൾ (encrypted connections) ഉപയോഗിക്കുക. ആവശ്യം കഴിഞ്ഞാൽ ബന്ധം വിച്ഛേദിക്കുക.

10 ക്രെഡിറ്റ്‌ കാർഡ്‌ ഇടപാടുകളും ബാങ്ക്‌ ഇടപാടുകളും കൂടെക്കൂടെ ശ്രദ്ധാപൂർവം പരിശോധിക്കുക. അസ്വാഭാവികമായ ഒരു ഇടപാട്‌ നടന്നതായി ശ്രദ്ധയിൽപ്പെടുന്നെങ്കിൽ ഉടൻ ബാങ്കുമായി ബന്ധപ്പെടുക.

11 സുരക്ഷിതമല്ലാത്ത വയർലെസ്‌ കണക്ഷനുകൾ (Wi-Fi) ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. വ്യാജവെബ്‌സൈറ്റിലേക്ക്‌ തിരിച്ചുവിടാനോ നിങ്ങളുടെ വിവരങ്ങൾ ചോർത്താനോ തട്ടിപ്പുകാർക്കു കഴിയും.

12 “പാസ്‌വേഡ്‌ ഓർമിച്ചുവെക്കണമോ” എന്ന ചോദ്യത്തിന്‌ “വേണ്ട” എന്ന നിർദേശം നൽകുക. ട്രോജൻ പ്രോഗ്രാമുകൾക്ക്‌ അത്തരം പാസ്‌വേഡുകൾ മോഷ്ടിക്കാനാകും.