ദൈവത്തിന്റെ സുഹൃത്തായിത്തീരാൻ പ്രായം ഒരു തടസ്സമല്ല!
ദൈവത്തിന്റെ സുഹൃത്തായിത്തീരാൻ പ്രായം ഒരു തടസ്സമല്ല!
ഒലാവി ജെ. മാറ്റില പറഞ്ഞപ്രകാരം
“സ്രഷ്ടാവിനെ അടുത്തറിയാൻ കഴിയുമെന്ന കാര്യം നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?” യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരാളാണ് എന്നെ ഏറെ ചിന്തിപ്പിച്ച ഈ ചോദ്യം ചോദിച്ചത്. ആ സമയത്ത് 80-തിലേറെ പ്രായമുണ്ടായിരുന്ന എനിക്ക് അതിനോടകംതന്നെ പല പ്രമുഖരെയും രാഷ്‌ട്രീയ നേതാക്കളെയും പരിചയമുണ്ടായിരുന്നു. എന്നാൽ, ജീവിതത്തിന്റെ ആ സായാഹ്നദശയിൽ ദൈവത്തെക്കുറിച്ച് അറിയാനും അവന്റെ ഒരു സുഹൃത്തായിത്തീരാനും എനിക്ക് സാധിക്കുമായിരുന്നോ?
ഫിൻലൻഡിലെ ഹ്യുവിൻകാ എന്ന സ്ഥലത്ത് 1918 ഒക്‌ടോബറിലാണ് ഞാൻ ജനിച്ചത്. വീട്ടിൽ കന്നുകാലി, കുതിര, കോഴി, വാത്ത എന്നിവയെ വളർത്തിയിരുന്നു. കുട്ടിയായിരിക്കുമ്പോൾത്തന്നെ അത്തരം ജോലികളിൽ സഹായിച്ചിരുന്ന ഞാൻ നന്നായി അധ്വാനിക്കാൻ പഠിച്ചു, അതിൽ ഞാൻ അഭിമാനംകൊണ്ടിരുന്നു.
വളർന്നുവരവെ, കൂടുതൽ വിദ്യാഭ്യാസം നേടാൻ മാതാപിതാക്കൾ എന്നെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ ഞാൻ വീട് വിട്ട് ദൂരെയുള്ള ഒരു കോളേജിൽ ചേർന്നു. അവിടെ കായിക രംഗത്ത് പ്രവർത്തിക്കാൻ തുടങ്ങിയ ഞാൻ ‘ഫിന്നിഷ് അത്‌ലറ്റിക് അസോസിയേഷന്റെ’ ചെയർമാനായിരുന്ന ഉർഹോ കെക്കോനെനുമായി പരിചയത്തിലായി. ഭാവിയിൽ ഏതാണ്ട് 30 വർഷം ഫിൻലൻഡിലെ പ്രധാനമന്ത്രിയും പ്രസിഡന്റും ഒക്കെയായി പ്രവർത്തിക്കാൻ പോകുന്ന ആളാണ് അദ്ദേഹമെന്ന് ഞാൻ അപ്പോൾ സ്വപ്‌നത്തിൽപ്പോലും ചിന്തിച്ചിരുന്നില്ല. എന്തിന് ഏറെപ്പറയുന്നു, എന്റെ ജീവിതത്തെയും അദ്ദേഹം വലിയ അളവിൽ സ്വാധീനിക്കുമായിരുന്നു!
പ്രശസ്‌തിയുടെയും അധികാരത്തിന്റെയും നാളുകൾ
1939-ൽ ഫിൻലൻഡും സോവിയറ്റ് യൂണിയനും തമ്മിൽ ശത്രുതയിലായി. അതേ വർഷം നവംബറിൽ എന്നെ സായുധസേനയിലേക്ക് തിരഞ്ഞെടുത്തു. സൈന്യത്തിന്റെ പരിശീലകനായിട്ടായിരുന്നു എന്റെ ആദ്യനിയമനം; പിന്നീട് മെഷീൻ ഗൺ സേനാവിഭാഗത്തിന്റെ കമാൻഡർ ആയിത്തീർന്നു. ഫിൻലൻഡിന്റെയും സോവിയറ്റ് യൂണിയന്റെയും അതിർത്തി പ്രദേശമായ കാരെലിയ ആയിരുന്നു യുദ്ധമുഖം. 1941-ലെ വേനൽക്കാലത്ത് വിബോർഗ് പട്ടണത്തിനടുത്ത് യുദ്ധത്തിലായിരിക്കെ ചിതറിത്തെറിക്കുന്ന വെടിയുണ്ടയേറ്റ് എനിക്ക് ഗുരുതരമായി പരിക്കുപറ്റി; എന്നെ മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കു കാരണം പിന്നീട് എനിക്ക് യുദ്ധത്തിൽ പോരാടാനായില്ല.
1944 സെപ്‌റ്റംബറിൽ സൈന്യത്തിൽനിന്നു പിരിഞ്ഞ ഞാൻ വീണ്ടും കോളേജിൽ ചേർന്നു; കായിക പ്രവർത്തനങ്ങളിലും സജീവമായി ഏർപ്പെട്ടു. മൂന്നുതവണ ഞാൻ ദേശീയ ചാമ്പ്യനായി; രണ്ടുപ്രാവശ്യം റിലേ ഓട്ടത്തിലും ഒരുവട്ടം ഹർഡിൽ ഓട്ടത്തിലും. സാങ്കേതിക വിദ്യ, സാമ്പത്തിക ശാസ്‌ത്രം എന്നിവയിൽ ബിരുദം നേടി.
ഇതിനകം ഉർഹോ കെക്കോനെൻ രാഷ്‌ട്രീയ രംഗത്തെ മുടിചൂടാമന്നനായി തീർന്നിരുന്നു. ചൈനയിൽ നയതന്ത്ര പ്രതിനിധിയായി സേവിക്കാൻ, പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു; 1952-ലായിരുന്നു അത്. ചൈനയുടെ അപ്പോഴത്തെ നേതാവായിരുന്ന മാവോ സെതുങ് ഉൾപ്പെടെ പല ഗവണ്മെന്റ് അധികാരികളെയും അവിടെവെച്ച് ഞാൻ പരിചയപ്പെട്ടു. എന്നാൽ ചൈനയിൽവെച്ച് ഞാൻ പരിചയപ്പെട്ട വിശിഷ്ട വ്യക്തി ആൻനിക്കി എന്ന സുന്ദരിയായ യുവതിയായിരുന്നു. ഫിന്നിഷ് വിദേശകാര്യ മന്ത്രാലയത്തിനു കീഴിലായിരുന്നു അവൾ ജോലി ചെയ്‌തിരുന്നത്. 1956 നവംബറിൽ അവൾ എന്റെ ജീവിതസഖിയായി.
തൊട്ടടുത്ത വർഷം അർജന്റീനയിലെ ഫിന്നിഷ് എംബസിയിലേക്ക് എനിക്കു മാറ്റം കിട്ടി. അവിടെവെച്ച് ഞങ്ങൾക്ക് രണ്ട് ആൺകുട്ടികൾ പിറന്നു. 1960 ജനുവരിയിൽ ഞങ്ങൾ ഫിൻലൻഡിലേക്കു മടങ്ങി. അധികം താമസിയാതെ ഞങ്ങൾക്ക് ഒരു പെൺകുട്ടിയും ജനിച്ചു.
ഗവണ്മെന്റിന്റെ ഉന്നതതലങ്ങളിൽ
ഒരു രാഷ്‌ട്രീയ പാർട്ടിയിലും ഞാൻ അംഗമായിരുന്നില്ല. പക്ഷേ, 1963 നവംബറിൽ കെക്കോനെൻ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ വിദേശവ്യാപാര വകുപ്പിൽ മന്ത്രിയാകാൻ എന്നെ ക്ഷണിച്ചു. അദ്ദേഹം ആ സമയത്ത് രാജ്യത്തിന്റെ പ്രസിഡന്റായിരുന്നു. അന്നുമുതൽ ആറുവകുപ്പുകളിലായി 12 വർഷത്തോളം ഞാൻ മന്ത്രിയായി സേവിച്ചു; രണ്ടുതവണ വിദേശകാര്യ മന്ത്രിയായിട്ടായിരുന്നു. മനുഷ്യന്റെ സാമർഥ്യംകൊണ്ട് ലോകത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നായിരുന്നു അന്നൊക്കെ എന്റെ ഉറച്ചവിശ്വാസം. പക്ഷേ അധികാരത്തോടുള്ള മനുഷ്യന്റെ ആർത്തി ഒരിക്കലും അടങ്ങുകയില്ലെന്ന് പെട്ടെന്നുതന്നെ എനിക്കു ബോധ്യമായി. വിശ്വാസമില്ലായ്‌മയുടെയും അസൂയയുടെയും ദൂഷ്യഫലങ്ങൾ ഞാൻ നേരിട്ട് കണ്ടു.—സഭാപ്രസംഗി 8:9.
സ്ഥിതിഗതികൾ മെച്ചപ്പെടുത്താൻ ആത്മാർഥതയോടെ പരിശ്രമിച്ചിട്ടുള്ള പലരെയും എനിക്കറിയാം. പക്ഷേ അങ്ങനെയുള്ള നേതാക്കന്മാർക്കുപോലും ലക്ഷ്യം കാണാനായില്ല എന്നതാണ് വാസ്‌തവം.
യൂറോപ്പിലെ സുരക്ഷിതത്വത്തെയും സഹകരണത്തെയും കുറിച്ചു ചർച്ച ചെയ്യുന്നതിനായി 1975-ലെ വേനൽക്കാലത്ത് 35 രാഷ്‌ട്രങ്ങളിലെ തലവന്മാർ ഹെൽസിങ്കിയിൽ സമ്മേളിച്ചു. ആ സമയത്ത് ഞാൻ വിദേശകാര്യ മന്ത്രിയും പ്രസിഡന്റ് കെക്കോനെന്റെ ഉപദേശകനും ആയിരുന്നു. സമ്മേളനത്തിന്റെ സംഘാടനചുമതല എനിക്കായിരുന്നതിനാൽ അതിൽ പങ്കെടുത്ത എല്ലാ ദേശീയ നേതാക്കന്മാരെയും പരിചയപ്പെടാൻ എനിക്കു സാധിച്ചു.
എന്റെ നയതന്ത്രപരമായ ചാതുര്യം അങ്ങേയറ്റം പരീക്ഷിക്കപ്പെട്ട സമയമായിരുന്നു ആ ഏതാനും നാളുകൾ. പ്രതിനിധികൾക്കു സമ്മതമാകുംവിധം ഇരിപ്പിടങ്ങൾ ക്രമീകരിക്കുന്നതുപോലും വലിയ ബുദ്ധിമുട്ടായിരുന്നു! എന്നിരുന്നാലും, ആ സമ്മേളനവും അതിനോട് അനുബന്ധിച്ചു നടന്ന മറ്റു യോഗങ്ങളും മനുഷ്യാവകാശങ്ങൾ നേടിയെടുക്കാനും വൻശക്തികളുമായുള്ള നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെടുത്താനും സഹായിച്ചതായി ഞാൻ കരുതുന്നു.
ആത്മീയ ആവശ്യത്തെക്കുറിച്ച് ചിന്തിക്കുന്നു
1983-ൽ ഞാൻ വിരമിക്കുകയും ഫ്രാൻസിൽ താമസിക്കുന്ന മകളുടെ അടുക്കലേക്ക് താമസം മാറുകയും ചെയ്‌തു. അധികം താമസിയാതെ ജീവിതത്തിൽ ദുരന്തങ്ങൾ ആഞ്ഞടിക്കാൻ തുടങ്ങി. 1994 നവംബറിൽ ആൻനിക്കിക്ക് സ്‌തനാർബുദമാണെന്ന് സ്ഥിരീകരിച്ചു. അതേ വർഷം ഒരു വ്യാജ സമ്പാദ്യപദ്ധതിയിൽ ഞാൻ അകപ്പെട്ടു. സത്‌പേര് കാത്തുസൂക്ഷിക്കാൻ ജീവിതത്തിലുടനീളം ഞാൻ ശ്രമിച്ചിരുന്നു. പക്ഷേ, തീരുമാനത്തിലുണ്ടായ ഈ ഒരൊറ്റ പിഴവ് എന്റെ സകലപേരും കളഞ്ഞുകുളിച്ചു.
യഹോവയുടെ സാക്ഷികളുമായി കണ്ടുമുട്ടിയ അനേകം സന്ദർഭങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അവർ സന്ദർശിക്കുന്നതും അവരുടെ മാസികകൾ വായിക്കുന്നതും എനിക്ക് ഇഷ്ടമായിരുന്നെങ്കിലും ആത്മീയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ എനിക്ക് ഒട്ടും സമയമില്ലായിരുന്നു. എന്നാൽ ഞാൻ ജോലിയിൽനിന്നു വിരമിച്ച്, അർബുദവുമായി മല്ലിടുന്ന ആൻനിക്കിയെ പരിചരിച്ചുകൊണ്ടിരിക്കെ, 2002 സെപ്‌റ്റംബറിൽ യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരാൾ എന്നെ സന്ദർശിച്ചു. ഈ ലേഖനത്തിന്റെ തുടക്കത്തിൽ പരാമർശിച്ച ചോദ്യം അദ്ദേഹം എന്നോട് ചോദിച്ചു. ‘ദൈവത്തെക്കുറിച്ചുള്ള സത്യം മനസ്സിലാക്കാൻ വാസ്‌തവത്തിൽ കഴിയുമോ? അവന്റെ സുഹൃത്തായിത്തീരാൻ സാധിക്കുമോ?’ ഞാൻ ചിന്തിച്ചു. ഞാൻ എന്റെ ബൈബിൾ പൊടിതട്ടിയെടുത്ത് സാക്ഷികളുമായി ക്രമമായി ബൈബിൾ ചർച്ച ചെയ്യാൻ തുടങ്ങി.
2004 ജൂൺ മാസത്തിൽ എന്റെ പ്രിയപത്‌നി എന്നോടു
വിടപറഞ്ഞു. ആ സാഹചര്യത്തിൽ മക്കൾ എനിക്കൊരു താങ്ങായിരുന്നു. പക്ഷേ, മനുഷ്യർ മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു എന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ അപ്പോഴും എന്നെ അലട്ടിക്കൊണ്ടിരുന്നു. ലൂഥറൻ സഭയിലെ രണ്ടുപാസ്റ്റർമാരോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, “ഇതൊക്കെ വളരെ വിഷമംപിടിച്ച ചോദ്യങ്ങളാണ്” എന്നു മാത്രമേ അവർക്കു മറുപടി ഉണ്ടായിരുന്നുള്ളൂ. ആ ഉത്തരം എനിക്ക് തൃപ്‌തികരമായിരുന്നില്ല. ആത്മീയ ആവശ്യങ്ങളെക്കുറിച്ച് കൂടുതൽ ഗൗരവത്തോടെ ഞാൻ ചിന്തിക്കാൻ തുടങ്ങി.സാക്ഷികളുമായി പഠനം തുടരവെ, എന്റെ ആഗ്രഹംപോലെതന്നെ ബൈബിളിനെക്കുറിച്ചുള്ള എന്റെ അറിവ് വർധിച്ചു. ഉദാഹരണത്തിന്, മരണം എന്നത് ഉറക്കത്തിനു തുല്യമായ അബോധാവസ്ഥയാണെന്നും മരിച്ചവർക്ക് മനുഷ്യരായിത്തന്നെ ഈ ഭൂമിയിൽ വീണ്ടും ജീവിക്കാൻ കഴിയുമെന്നും ഞാൻ ബൈബിളിൽനിന്നു മനസ്സിലാക്കി. (യോഹന്നാൻ 11:25) എനിക്കത് പ്രത്യാശയും അങ്ങേയറ്റം ആശ്വാസവും പകർന്നു.
പെട്ടെന്നുതന്നെ ഞാൻ ബൈബിൾ മുഴുവൻ വായിച്ചുതീർത്തു. എന്നെ സ്‌പർശിച്ച ഒരു തിരുവെഴുത്തായിരുന്നു മീഖാ 6:8. യഹോവയാംദൈവം എത്ര സ്‌നേഹവാനും നീതിനിഷ്‌ഠനും ആണെന്ന് അതു വായിച്ചപ്പോൾ എനിക്കു വ്യക്തമായി. അവിടെ പറയുന്നത് ഇങ്ങനെയാണ്: “ന്യായം പ്രവർത്തിപ്പാനും ദയാതല്‌പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്‌മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നത്?” എത്ര ലളിതവും ജ്ഞാനസമ്പുഷ്ടവും ആയ വാക്കുകൾ, അല്ലേ?
ശോഭനമായ ഭാവി മുന്നിൽക്കണ്ട്
ദൈവത്തെക്കുറിച്ചുള്ള സത്യം മനസ്സിലാക്കിയപ്പോൾ അവനിലുള്ള എന്റെ വിശ്വാസവും ആശ്രയവും ദൃഢമായിത്തീർന്നു. സ്രഷ്ടാവുമായി ഒരു ഗാഢബന്ധം ഉടലെടുക്കാൻ തുടങ്ങി! യെശയ്യാവു 55:11-ലെ അവന്റെ വാക്കുകൾ എന്നെ വളരെ ആകർഷിച്ചു: “എന്റെ വായിൽനിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” അതെ, ദൈവം ഇന്നുവരേക്കും തന്റെ വാഗ്‌ദാനങ്ങൾ പാലിച്ചിട്ടുണ്ട്. ഭാവിയിലും അവൻ അതുതന്നെ ചെയ്യും. മാനുഷഗവണ്മെന്റുകളെക്കൊണ്ടോ രാഷ്‌ട്രീയ നേതാക്കന്മാരുടെ കൂടിക്കാഴ്‌ചകൾകൊണ്ടോ നേടാനാകാത്ത കാര്യങ്ങൾ അവൻ യാഥാർഥ്യമാക്കും! സങ്കീർത്തനം 46:9-ലെ വാഗ്‌ദാനമാണ് അതിലൊന്ന്: “അവൻ ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിർത്തൽചെയ്യുന്നു.”
യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്ക് ഹാജരാകുന്നതിനാൽ ഞാൻ വളരെ പ്രയോജനം നേടിയിരിക്കുന്നു. യേശുവിന്റെ യഥാർഥ അനുഗാമികളെ തിരിച്ചറിയിക്കുന്ന ആത്മാർഥമായ ക്രിസ്‌തീയ സ്‌നേഹം ഞാൻ അനുഭവിച്ചറിഞ്ഞത് അവിടെവെച്ചാണ്. (യോഹന്നാൻ 13:35) ദേശീയതയുടെ അതിർവരമ്പുകളെ മറികടക്കുന്നതാണ് ഈ സ്‌നേഹം; രാഷ്‌ട്രീയത്തിന്റെയും വാണിജ്യത്തിന്റെയും ലോകത്തിൽ അന്യമായ ഒന്ന്!
അനന്യമായ പദവി!
എനിക്കിപ്പോൾ തൊണ്ണൂറിലേറെ വയസ്സായി. യഹോവയുടെ സാക്ഷികളിൽ ഒരാളായിരിക്കുക എന്നത് ഇതുവരെ ലഭിച്ചിട്ടുള്ളതിലേക്കുംവെച്ച് ഏറ്റവും മഹത്തായ ഒരു പദവിയായി ഞാൻ കരുതുന്നു. ജീവിതത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കാനും ദൈവത്തെക്കുറിച്ചുള്ള സത്യം അറിയാനും ഉള്ള വിശിഷ്ട പദവിയാണ് എനിക്കു ലഭിച്ചത്. എന്റെ ആത്മീയ ആവശ്യം തൃപ്‌തിപ്പെട്ടിരിക്കുന്നു!
ഈ പ്രായത്തിലും ക്രിസ്‌തീയപ്രവർത്തനങ്ങളിൽ തീക്ഷ്‌ണതയോടെ ഏർപ്പെടാൻ ഒരു പരിധിവരെ എനിക്കു കഴിയുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ജീവിതകാലത്തുടനീളം അനേകം പ്രമുഖരെ പരിചയപ്പെടാനും വലിയ വലിയ ചുമതലകൾ വഹിക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ, സ്രഷ്ടാവായ യഹോവയാംദൈവത്തെ അറിഞ്ഞതും അവന്റെ ഒരു സുഹൃത്തായിത്തീർന്നതും ആണ് അതിനെക്കാളൊക്കെ ശ്രേഷ്‌ഠം. അതിനോട് തുലനം ചെയ്യാൻ യാതൊന്നുമില്ല! അവന്റെ ‘കൂട്ടുവേലക്കാരിൽ’ ഒരാളായി പ്രവർത്തിക്കാൻ അവസരം നൽകിയതിന് ഞാൻ അവനെ സ്‌തുതിക്കുന്നു; അവനോട് നന്ദി പറയാൻ എനിക്കു വാക്കുകളില്ല. (1 കൊരിന്ത്യർ 3:9) സ്രഷ്ടാവായ യഹോവയാംദൈവത്തിന്റെ സുഹൃത്തായിത്തീരാൻ പ്രായം ഒരു തടസ്സമല്ല! (g12-E 01)
[21-ാം പേജിലെ ചിത്രം]
ഹെൽസിങ്കി സമ്മേളനത്തിൽ പ്രസിഡന്റ് കെക്കോനെനോടും യു.എസ്. പ്രസിഡന്റ് ഫോർഡിനോടും ഒപ്പം, 1975-ൽ
[21-ാം പേജിലെ ചിത്രം]
സോവിയറ്റ് നേതാവായ ബ്രെഷ്‌നെവിനോടും പ്രസിഡന്റ് കെക്കോനെനോടും കൂടെ
[22-ാം പേജിലെ ചിത്രം]
ക്രിസ്‌തീയ പ്രവർത്തനങ്ങളിൽ ഞാൻ തീക്ഷ്‌ണതയോടെ ഏർപ്പെടുന്നു
[21-ാം പേജിലെ ചിത്രങ്ങൾക്ക കടപ്പാട]
താഴെ ഇടത്ത്: Ensio Ilmonen/Lehtikuva; താഴെ വലത്ത്: Esa Pyysalo/Lehtikuva