വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മരംകൊത്തിയുടെ തലവിരുത്‌!

മരംകൊത്തിയുടെ തലവിരുത്‌!

ആരുടെ കരവിരുത്‌?

മരംകൊത്തിയുടെ തലവിരുത്‌!

● തലയ്‌ക്ക്‌ ഏൽക്കുന്ന ഒരു ആഘാതം—അതിന്റെ ഗുരുത്വ ത്വരണം (g-force) 80-നും 100-നും ഇടയ്‌ക്കാണെങ്കിൽ അതു മതി ബോധം നശിക്കാൻ. ഇത്‌ മനുഷ്യന്റെ കാര്യം, എന്നാൽ മരംകൊത്തിയുടെ കാര്യമോ? ഓരോ കൊത്തും അതിന്റെ തലയ്‌ക്ക്‌ ഏൽപ്പിക്കുന്ന ആഘാതം ഏതാണ്ട്‌ 1,200 ഗുരുത്വ ത്വരണത്തിലുള്ളതാണ്‌! ബോധക്കേട്‌ പോയിട്ട്‌ ഒരു തലവേദനപോലും അതിന്‌ ഉണ്ടാകുന്നില്ല. എന്താണ്‌ അതിന്റെ രഹസ്യം?

സവിശേഷതകൾ: മരംകൊത്തിയുടെ തലയിലെ നാലുഭാഗങ്ങളാണ്‌ തലയ്‌ക്ക്‌ ക്ഷതം ഏൽക്കാതിരിക്കാൻ സഹായിക്കുന്നതെന്ന്‌ ഗവേഷകർ കണ്ടെത്തിയിരിക്കുന്നു:

1. ബലവും വഴക്കവും ഉള്ള കൊക്ക്‌

2. ജിഹ്വാസ്ഥി—തലയോട്ടിയെ ചുറ്റിയുള്ള ഇലാസ്‌തികതയുള്ള കലയും അസ്ഥിയും ചേർന്നുള്ള ഭാഗം

3. തലയോട്ടിക്കകത്തെ മൃദുവായ അസ്ഥിയുള്ള ഭാഗം

4. സെറിബ്രോസ്‌പൈനൽ ദ്രവത്തിനുവേണ്ടി തലയോട്ടിക്കും തലച്ചോറിനും ഇടയിൽ അൽപ്പസ്ഥലം മാത്രം

ഈ ഭാഗങ്ങളാണ്‌ തലയ്‌ക്കു സംരക്ഷണമേകുന്നത്‌. അങ്ങനെ, മസ്‌തിഷ്‌കത്തിന്‌ ഒരു പോറൽപോലും ഏൽക്കാതെ സെക്കന്റിൽ 22 പ്രാവശ്യം വരെ മരത്തിൽ തുരുതുരെ കൊത്താൻ മരംകൊത്തിക്ക്‌ സാധിക്കുന്നു.

മരംകൊത്തിയുടെ തലയെക്കുറിച്ചു പഠിച്ച ഗവേഷകർ 60,000 ഗുരുത്വ ത്വരണം വരെ ആഘാതം താങ്ങാൻ കെൽപ്പുള്ള സംരക്ഷണകവചം വികസിപ്പിച്ചെടുത്തിരിക്കുന്നു. ഈ കണ്ടുപിടിത്തം വിമാനാപകടത്തിന്റെയും മറ്റും വിശദാംശങ്ങൾ അറിയാൻ സഹായിക്കുന്ന ഉപകരണം (ബ്ലാക്ക്‌ ബോക്‌സ്‌) ഉൾപ്പെടെ പല മേഖലകളിൽ ഉപയോഗിക്കാനായേക്കും. ഇപ്പോഴത്തെ ‘ബ്ലാക്ക്‌ ബോക്‌സു’കൾക്ക്‌ ഏതാണ്ട്‌ 1,000 ഗുരുത്വ ത്വരണത്തിലുള്ള ആഘാതം താങ്ങാനുള്ള ശേഷിയേ ഉള്ളൂ. കിം ബ്ലാക്ക്‌ബേൺ (യു.കെ.-യിലുള്ള ക്രാൻഫീൽഡ്‌ സർവകലാശാലയിലെ എഞ്ചിനീയർ) പറയുന്നു: “അസാധ്യമെന്നു തോന്നുന്ന കാര്യങ്ങൾപോലും സാധ്യമാക്കാനായി പല ഘടകങ്ങൾ സംയോജിപ്പിച്ചുകൊണ്ട്‌ സാങ്കേതികമായി മികച്ച ഘടനകൾക്കു രൂപംനൽകാനുള്ള പ്രകൃതിയുടെ ഉദാത്തമായ കഴിവിന്റെ ഉത്തമ ഉദാഹരണമാണ്‌” മരംകൊത്തിയുടെ തല.

നിങ്ങൾക്ക്‌ എന്തു തോന്നുന്നു? മരംകൊത്തിയുടെ തല ആകസ്‌മികമായി ഉണ്ടായതാണോ? അല്ലെങ്കിൽ അത്‌ ആരുടെ കരവിരുത്‌? (g12-E 01)

[30-ാം പേജിലെ രേഖാചിത്രം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

1

2

3

4

[30-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

Redheaded woodpecker: © 2011 photolibrary.com