ശ്ശൊ...ഞാൻ എന്തിന് അതു പറഞ്ഞു?
യുവജനങ്ങൾ ചോദിക്കുന്നു
ശ്ശൊ...ഞാൻ എന്തിന് അതു പറഞ്ഞു?
പിൻവരുന്ന കാര്യങ്ങൾ വിശകലനംചെയ്യാൻ ഈ ലേഖനം നിങ്ങളെ സഹായിക്കും
എന്തുകൊണ്ട് ചിലപ്പോൾ അരുതാത്തത് പറഞ്ഞുപോകുന്നു
എന്തുചെയ്യാം നാവിൽ പിഴച്ചാൽ
എങ്ങനെ നാവിന് കടിഞ്ഞാണിടാം
“സാധാരണ ഞാൻ സൂക്ഷിച്ചേ സംസാരിക്കാറുള്ളൂ. പക്ഷേ ചില സമയത്ത് വേണ്ടാത്തത് പറഞ്ഞുപോകും. എവിടെയെങ്കിലും ഓടിയൊളിക്കാനാണ് പിന്നെ തോന്നുക!”—ചെയ്‌സ്
“എല്ലാവരുടെയും മനസ്സിലുള്ളതായിരിക്കും ചിലപ്പോൾ ഞാൻ പറയുന്നത്. പക്ഷേ അത് ആളുകൾ കേൾക്കെ പറയാൻ പാടില്ലാത്തതായിരിക്കും. . .ശ്ശൊ!”—ആലീ
എന്തുകൊണ്ട് സംഭവിക്കുന്നു
ബൈബിൾ പറയുന്നു: “വാക്കിൽ തെറ്റാത്തവനായി ആരെങ്കിലും ഉണ്ടെങ്കിൽ അവൻ . . . പൂർണമനുഷ്യൻ ആകുന്നു.” (യാക്കോബ് 3:2) എന്താണ് ഇതിന്റെ അർഥം? ഒരു മനുഷ്യനും നാവിനെ പൂർണമായി നിയന്ത്രിക്കാനാകില്ല. അനെറ്റിന്റെ * അനുഭവമാണ് പലർക്കുമുള്ളത്. ചിന്തിക്കുന്ന കാര്യങ്ങൾ എടുത്തുചാടി പറയാതിരിക്കാൻ അവൾ ശ്രദ്ധിക്കാറുണ്ട്; പക്ഷേ പലപ്പോഴും അത് പാളിപ്പോകും.
അനുഭവം: “ഞാൻ കളയാൻ വെച്ചിരുന്ന ഏതാനും വസ്‌ത്രങ്ങൾ എന്റെ കൂട്ടുകാരിക്ക് ഇഷ്ടപ്പെട്ടു. ‘നിനക്കത് പാകമാകില്ല,’ ഞാൻ ഓർക്കാതെ പറഞ്ഞുപോയി. ‘എന്താ, ഞാനൊരു തടിച്ചിയാണെന്നാണോ നിന്റെ വിചാരം?’ അവൾ ചോദിച്ചു.”—കൊറീൻ.
ചിലപ്പോഴൊക്കെ നിങ്ങൾ നിയന്ത്രണം വിട്ട് സംസാരിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ ചുവടെ പറയുന്നത് തിരിച്ചറിയുക.
● എവിടെയാണ് നിങ്ങൾക്കു പിഴയ്‌ക്കുന്നത്?
___ ദേഷ്യത്തോടെ സംസാരിക്കുന്നു
___ ചിന്തിക്കാതെ സംസാരിക്കുന്നു
___ കേൾക്കുംമുമ്പെ സംസാരിക്കുന്നു
___ മറ്റു ചിലതിൽ ․․․․․
ഉദാഹരണത്തിന് അലെക്‌സിസ പറയുന്നു: “ധാരാളം തമാശ പൊട്ടിക്കുന്ന കൂട്ടത്തിലാണ് ഞാൻ. പക്ഷേ ഞാൻ പറയുന്നത് ചിലപ്പോഴൊക്കെ ആളുകൾ തെറ്റായ വിധത്തിലാണ് എടുക്കുന്നത്.”
● ആരോട് സംസാരിക്കുമ്പോഴാണ് മിക്കപ്പോഴും തെറ്റിപ്പോകുന്നത്?
___ മാതാപിതാക്കൾ
___ കൂടെപ്പിറപ്പ്
___ കൂട്ടുകാർ
___ മറ്റുള്ളവർ ․․․․․
ഉദാഹരണത്തിന് 20 വയസ്സുള്ള ക്രിസ്റ്റീൻ പറയുന്നു: “ഏറെ സ്‌നേഹിക്കുന്നവരെയാണ് ഞാൻ പലപ്പോഴും വേദനിപ്പിക്കാറ്. കൂടുതൽ സ്വാതന്ത്ര്യം തോന്നുന്നതുകൊണ്ടാകാം അങ്ങനെ സംഭവിക്കുന്നത്.”
എന്തുചെയ്യാം നാവിൽ പിഴച്ചാൽ
ബൈബിൾ പറയുന്നു: ‘സമാധാനത്തിന് ഉതകുന്ന കാര്യങ്ങൾ നമുക്കു പിൻപറ്റാം.’ (റോമർ 14:19) ക്ഷമ ചോദിക്കുന്നതാണ് ഈ നിർദേശം പിൻപറ്റാനുള്ള ഒരു മാർഗം.
അനുഭവം: “എനിക്ക് പത്തുമാസം പ്രായമുള്ളപ്പോൾ അമ്മ മരിച്ചു. അച്ഛന് എന്റെ കാര്യത്തിൽ യാതൊരു ശ്രദ്ധയും ഉണ്ടായിരുന്നില്ല. ആന്റിയും അങ്കിളും ആയിരുന്നു എന്നെ വളർത്തിയത്. പത്തോ പതിനൊന്നോ വയസ്സുള്ളപ്പോഴാണെന്നു തോന്നുന്നു, ഒരു ദിവസം എനിക്ക് വല്ലാത്ത സങ്കടം തോന്നി, ഒറ്റയ്‌ക്കാണെന്നും മറ്റും ഓർത്ത്. അമ്മ മരിച്ചതിൽ ഏറെ അമർഷവും. ആരോടെങ്കിലും ദേഷ്യപ്പെടാൻ നോക്കിയിരിക്കുമ്പോഴാണ് എന്തോ ചെയ്‌തുകൊടുക്കാൻ ആന്റി ആവശ്യപ്പെട്ടത്. ഞാൻ പൊട്ടിത്തെറിച്ചു. ‘എനിക്ക് നിങ്ങളെ ഇഷ്ടമല്ല,’ ‘നിങ്ങൾ എന്റെ അമ്മയല്ലല്ലോ’ എന്നൊക്കെ ഞാൻ പറഞ്ഞു. ആകെ സ്‌തംഭിച്ചുപോയ ആന്റി മുറിയിൽ കയറി വാതിൽ അടച്ചു. അവരുടെ കരച്ചിൽ എനിക്കു കേൾക്കാമായിരുന്നു. ഞാനും ആകെ വല്ലാതെയായി. എന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ആന്റിയായിരുന്നു. എന്നിട്ടും വളരെ മോശമായി ഞാൻ അവരോടു പെരുമാറി. പിന്നീട് അങ്കിൾ എന്നോടു സംസാരിക്കുകയും നാവിനെ നിയന്ത്രിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന തിരുവെഴുത്തുകൾ കാണിച്ചുതരുകയും ചെയ്‌തു. ഞാൻ ആന്റിയോട് ആത്മാർഥമായി ക്ഷമ ചോദിച്ചു. തെറ്റ് എന്റെ ഭാഗത്തായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു.”—കാരെൻ.
ക്ഷമ ചോദിക്കാൻ ബുദ്ധിമുട്ടായിരുന്നേക്കാവുന്നത് എന്തുകൊണ്ട്? ഒരു കാരണം ചുവടെ എഴുതുക.
․․․․․
ക്ഷമ ചോദിക്കുന്നത് പ്രയോജനം ചെയ്‌തേക്കാവുന്നത് എങ്ങനെ?
․․․․․
സൂചന: സദൃശവാക്യങ്ങൾ 11:2-ലെയും മത്തായി 5:23, 24-ലെയും തത്ത്വങ്ങൾ പരിശോധിക്കുക.
നാവിന്റെ നിയന്ത്രണം നഷ്ടപ്പെടാതെ നോക്കുന്നതാണ് പ്രധാനം. അങ്ങനെയാകുമ്പോൾ നിങ്ങൾക്ക് ക്ഷമ ചോദിക്കേണ്ട ആവശ്യമേ വരില്ല. പക്ഷേ, അത് എങ്ങനെ കഴിയും?
എങ്ങനെ നാവിന് കടിഞ്ഞാണിടാം
ബൈബിൾ പറയുന്നു: “ഏതു മനുഷ്യനും കേൾക്കാൻ തിടുക്കവും സംസാരിക്കാൻ സാവകാശവും കാണിക്കട്ടെ; അവൻ കോപത്തിനു താമസമുള്ളവനും ആയിരിക്കട്ടെ.” (യാക്കോബ് 1:19) ഈ നിർദേശം ബാധകമാക്കാൻ നിങ്ങളെ സഹായിക്കുന്ന ചില നുറുങ്ങുകൾ ഇതാ: (g12-E 01)
താഴെ കൊടുത്തിരിക്കുന്ന തിരുവെഴുത്തുകൾ വായിച്ച് അതതിനു ചേരുന്ന അഭിപ്രായങ്ങൾ കണ്ടുപിടിക്കുക.
1 “നിങ്ങൾക്കുതന്നെ അമിത പ്രാധാന്യം നൽകരുത്; അങ്ങനെയാകുമ്പോൾ നിങ്ങൾക്ക് എളുപ്പം ശുണ്‌ഠിപിടിക്കുകയില്ല.”—ഡാനെറ്റ്.
2 “അൽപ്പസമയം ഞാനൊന്നു നടക്കും. തനിച്ചായിരിക്കുന്നതിനും മനസ്സൊന്നു തണുക്കുന്നതിനും അതു സഹായിക്കുന്നു.”—ബ്രിയേൽ.
3 “അഭിപ്രായവ്യത്യാസങ്ങളെല്ലാം അപ്പപ്പോൾ വെട്ടിത്തുറന്നു പറയുന്നതായിരുന്നു എന്റെ പ്രകൃതം. എന്തിനും ഏതിനും ഞാൻ പ്രശ്‌നമുണ്ടാക്കുമായിരുന്നു. പക്ഷേ നിസ്സാര കാര്യങ്ങളൊക്കെ വിട്ടുകളയുന്നതാണ് നല്ലതെന്ന് മുതിർന്നപ്പോൾ ഞാൻ മനസ്സിലാക്കി.”—സീലിയ.
4 “ആരെങ്കിലും ദേഷ്യത്തോടെ പൊട്ടിത്തെറിക്കുമ്പോൾ തിരിച്ചൊന്നും പറയാതിരുന്നാൽ കുറച്ചു കഴിയുമ്പോൾ അവർ മടുത്ത് അവസാനിപ്പിച്ചുകൊള്ളും. എരിതീയിൽ എണ്ണയൊഴിക്കുന്നതിനുപകരം അൽപ്പം ക്ഷമ കാണിക്കുക.”—കെരൻ.
5 “എനിക്കു ചിലരോട് നീരസം തോന്നാറുണ്ട്. അവരോട് എന്തു പറയണം എന്നൊക്കെ ഞാൻ മനസ്സിൽ കണക്കുകൂട്ടും. പക്ഷേ അതു പറഞ്ഞിരുന്നെങ്കിൽ എത്ര മണ്ടത്തരമാകുമായിരുന്നു എന്ന് പിന്നീട് ഞാൻ ചിന്തിക്കും. തിടുക്കത്തിൽ പ്രതികരിക്കാതിരിക്കുക, അതാണ് ഞാൻ പഠിച്ച പാഠം.”—ചാൾസ്.
“യുവജനങ്ങൾ ചോദിക്കുന്നു” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്‌സൈറ്റിൽ കാണാവുന്നതാണ്.
[അടിക്കുറിപ്പുകൾ]
^ ഖ. 10 ചില പേരുകൾ മാറ്റിയിരിക്കുന്നു.
[17-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
ആലീ—എന്തെങ്കിലും പറയുന്നതിനു മുമ്പ് ഞാൻ സ്വയം ചോദിക്കും: ‘പറയാൻപോകുന്ന കാര്യം സാഹചര്യത്തെ കൂടുതൽ വഷളാക്കുമോ? മറ്റെയാൾക്ക് എന്തായിരിക്കും തോന്നുന്നത്?’ എന്തു പറയണമെന്ന് വ്യക്തമായി അറിയില്ലെങ്കിൽ മിണ്ടാതിരിക്കുന്നതായിരിക്കും ബുദ്ധി.
ചെയ്‌സ്—ചുറ്റും നിൽക്കുന്നവരിൽ എന്റെ സംസാരം എന്തു ഫലം ഉളവാക്കുമെന്ന് എന്തെങ്കിലും പറയുന്നതിനു മുമ്പ് ഞാൻ ചിന്തിക്കും. മുതിർന്നുവരുന്തോറും ഞാൻ ഇക്കാര്യത്തിൽ മെച്ചപ്പെടുന്നുണ്ടെന്നാണ് എനിക്കു തോന്നുന്നത്. അനുഭവത്തിലൂടെ നിങ്ങളും അതു പഠിക്കും.
[19-ാം പേജിലെ ചതുരം]
മാതാപിതാക്കളോടു ചോദിക്കുക
പൂർണരല്ലാത്തതുകൊണ്ട് “നാമെല്ലാം പലതിലും തെറ്റിപ്പോകുന്നു” എന്ന് ക്രിസ്‌തുശിഷ്യനായ യാക്കോബ് എഴുതി. നാവിനെ നിയന്ത്രിക്കുന്ന കാര്യത്തിൽ എന്തെല്ലാം ബുദ്ധിമുട്ടുകളാണ് നേരിട്ടിട്ടുള്ളതെന്ന് മാതാപിതാക്കളോടു ചോദിക്കുക.—യാക്കോബ് 3:2.
[18-ാം പേജിലെ ചിത്രം]
“പുറത്തുവന്ന ടൂത്ത്‌പേസ്റ്റ് തിരികെ കയറ്റാൻ സാധിക്കില്ല. സംസാരത്തിന്റെ കാര്യത്തിലും ഇത് സത്യമാണ്. വ്രണപ്പെടുത്തുന്ന എന്തെങ്കിലും നാവിൽനിന്നു വീണുപോയാൽ അത് പിന്നെ തിരിച്ചെടുക്കാനാവില്ല!”—ജയിംസ്.