വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സത്യസന്ധരായിരിക്കുക സാധ്യമാണ്‌!

സത്യസന്ധരായിരിക്കുക സാധ്യമാണ്‌!

സത്യസന്ധരായിരിക്കുക സാധ്യമാണ്‌!

“വ്യാജത്താൽ നേടിയ ആഹാരം മനുഷ്യന്നു മധുരം; പിന്നത്തേതിലോ അവന്റെ വായിൽ ചരൽനിറയും.”—സദൃശവാക്യങ്ങൾ 20:17.

സത്യസന്ധമല്ലാത്ത പ്രവൃത്തികളാണോ ബിസിനെസ്‌ വിജയത്തിന്‌ ആധാരം? അല്ലേയല്ല. വാസ്‌തവത്തിൽ, വഞ്ചന പ്രശ്‌നങ്ങൾക്കും പ്രയാസങ്ങൾക്കും വഴിതെളിക്കുകയേ ഉള്ളൂ. അതേസമയം, സത്യസന്ധർ വിശ്വാസയോഗ്യരായിരിക്കും; അതാണ്‌ ദീർഘകാല വിജയത്തിന്റെ ഒരു അവിഭാജ്യ ഘടകം.

വിശ്വാസയോഗ്യരായിരിക്കുക

സത്യസന്ധനാണെന്ന ഖ്യാതി നിങ്ങളുടെ വിജയത്തെ സ്വാധീനിക്കും, നിങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും. കഴിഞ്ഞ ലേഖനത്തിൽ പരാമർശിച്ച ഫ്രെൻസിന്റെ അനുഭവം അതാണ്‌ വ്യക്തമാക്കുന്നത്‌. അദ്ദേഹം പറയുന്നു: “ഞാൻ സത്യസന്ധനും വിശ്വസ്‌തനും ആണോ എന്ന്‌ തൊഴിലുടമകൾ പരിശോധിക്കുന്നുണ്ടായിരുന്നു. അക്കാര്യം എനിക്ക്‌ അറിയില്ലായിരുന്നെങ്കിലും അതിലെല്ലാം ഞാൻ വിജയിച്ചു. ഫലമോ? എന്റെ സത്യസന്ധതയ്‌ക്ക്‌ അവർ പ്രതിഫലം തന്നു. എന്നുതന്നെയല്ല, കൂടുതൽ ഉത്തരവാദിത്വങ്ങളും സ്വാതന്ത്ര്യവും എനിക്കു ലഭിച്ചു. എന്നെക്കാൾ മിടുക്കരായ, വിദഗ്‌ധരായ ആളുകൾ വേറെയുണ്ടെന്ന്‌ എനിക്കറിയാം. പക്ഷേ, തൊഴിലുടമകൾക്ക്‌ എന്നിൽ വിശ്വാസമുള്ളതുകൊണ്ടാണ്‌ ഈ ജോലിയിൽത്തന്നെ എനിക്കു തുടരാൻ കഴിയുന്നത്‌.”

വിവേകശൂന്യമായ തീരുമാനങ്ങൾ ഒഴിവാക്കുക

മുൻ ലേഖനത്തിൽ പരാമർശിച്ച ഡേവിഡ്‌ എന്ന ബിസിനെസുകാരൻ പറയുന്നത്‌ ശ്രദ്ധിക്കുക: “നിസ്സാര നേട്ടങ്ങൾക്കുവേണ്ടി ചിലർ തിരിമറികൾ നടത്തുന്നത്‌ ഞാൻ കണ്ടിട്ടുണ്ട്‌. അപ്പോൾ ഞാൻ മനസ്സിൽ വിചാരിക്കും: ‘സാധനങ്ങൾ വാങ്ങുമ്പോൾ ചിലപ്പോൾ ബില്ല്‌ കിട്ടാൻ വൈകിയേക്കാം; എന്നുകരുതി അത്‌ ഒരിക്കലും കിട്ടാതിരിക്കില്ലല്ലോ!’ അതുപോലെ, തട്ടിപ്പുംവെട്ടിപ്പും കാണിച്ചാൽ കാലാന്തരത്തിൽ ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ അത്‌ തിരിഞ്ഞുകൊത്തും. അതുകൊണ്ടുതന്നെ അതുപോലുള്ള പല ബിസിനെസുകളും ഞങ്ങൾ വേണ്ടെന്നുവെച്ചു. അത്തരം ബിസിനെസുകൾ നടത്തിയ പല കമ്പനികളും പിന്നീടു തകർന്നു. ചിലർക്ക്‌ നിയമനടപടികളും നേരിടേണ്ടിവന്നു. അങ്ങനെയുള്ള ദുരന്തങ്ങളൊന്നും ഞങ്ങൾക്ക്‌ ഉണ്ടായില്ല.”

തെക്കുകിഴക്കൻ ആഫ്രിക്കയിൽ വലിയൊരു കന്നുകാലിവളർത്തൽ കേന്ദ്രം തുടങ്ങാൻ ശ്രമിച്ച കെന്നിന്റെ അനുഭവം നോക്കുക. കൈക്കൂലി കൊടുത്തിരുന്നെങ്കിൽ സാധനങ്ങൾ വേഗത്തിൽ ഇറക്കുമതി ചെയ്യാനും നികുതിയിൽനിന്ന്‌ ഒഴിവാകാനും അദ്ദേഹത്തിന്‌ കഴിയുമായിരുന്നു. അദ്ദേഹം പറയുന്നു: “ഈ ബിസിനെസ്‌ ചെയ്യുന്ന പലരും കൈക്കൂലി കൊടുത്തിരുന്നു. ഞങ്ങൾ പക്ഷേ സത്യസന്ധമായാണ്‌ കാര്യങ്ങൾ ചെയ്‌തത്‌. അതിനാൽ ബിസിനെസ്‌ തുടങ്ങാൻ പത്തുവർഷം വേണ്ടിവന്നു എന്നത്‌ ശരിയാണ്‌; എങ്കിലും അതുകൊണ്ട്‌ ഗുണമേ ഉണ്ടായുള്ളൂ. കൈക്കൂലി കൊടുത്തവരെ അഴിമതിക്കാരായ ഉദ്യോഗസ്ഥർ പിന്നെയും പിന്നെയും ശല്യപ്പെടുത്തിക്കൊണ്ടിരുന്നു.”

സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ

ബിസിനെസ്‌ തകരുമെന്ന്‌ തോന്നുമ്പോൾ തിരിമറികൾ നടത്താൻ ശക്തമായ പ്രേരണ തോന്നും. എന്നാൽ, സത്യസന്ധനാണെന്ന ഖ്യാതി അത്തരം സന്ദർഭങ്ങളിൽപ്പോലും പ്രയോജനം ചെയ്യും.

ഐക്യനാടുകളിൽ ഭവനനിർമാണ വ്യവസായത്തിൽ മാന്ദ്യം നേരിട്ടപ്പോൾ ബിസിനെസ്‌ തകർന്ന ബില്ലിന്റെ അനുഭവം അതാണ്‌ കാണിക്കുന്നത്‌. അദ്ദേഹം വിശദീകരിക്കുന്നു: “ഞങ്ങളുമായി ഇടപാടുണ്ടായിരുന്ന പല വലിയ കമ്പനികളും നഷ്ടത്തിലായതിനെത്തുടർന്ന്‌ ഞങ്ങൾക്ക്‌ കിട്ടേണ്ടിയിരുന്ന ലക്ഷക്കണക്കിന്‌ ഡോളറുകൾ വെള്ളത്തിലായി. പ്രതീക്ഷയെല്ലാം നഷ്ടപ്പെട്ടപ്പോൾ ഇതേ ബിസിനെസ്‌ ചെയ്യുന്ന മറ്റൊരു കമ്പനിയെ സമീപിച്ച്‌, ‘ഞങ്ങളിൽ ആർക്കെങ്കിലും ജോലി നൽകാമോ?’ എന്നു ഞാൻ ചോദിച്ചു. മിക്കവരെയും ജോലിക്ക്‌ എടുക്കാമെന്ന്‌ വെറും 48 മണിക്കൂറിനുള്ളിൽ അവർ ഉറപ്പുനൽകി. എന്റെ സേവനത്തെയും സത്യസന്ധതയെയും കുറിച്ച്‌ കേട്ടിട്ടുള്ളതായി അവർ എന്നോടു പറഞ്ഞു.”

മുകളിൽ പരാമർശിച്ച വ്യക്തികളെല്ലാം യഹോവയുടെ സാക്ഷികളാണ്‌. ജീവിതത്തിലെ മറ്റു മേഖലകളിൽ എന്നപോലെ അവരുടെ ബിസിനെസ്‌ നിലവാരങ്ങളും ബൈബിൾതത്ത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌. സത്യസന്ധത അവരുടെ ബിസിനെസിനെ പരാജയപ്പെടുത്തുകയല്ല മറിച്ച്‌ അവർക്ക്‌ നേട്ടമാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌!

പക്ഷേ, കാപട്യം നേട്ടങ്ങൾ ഉണ്ടാക്കുന്നതായി പലപ്പോഴും തോന്നിയേക്കാം. എന്നാൽ സാമ്പത്തിക നേട്ടമാണോ വിജയത്തിന്റെ അളവുകോൽ? (g12-E 01)

[6-ാം പേജിലെ ആകർഷക വാക്യം]

സത്യസന്ധനാണെന്ന ഖ്യാതി നിങ്ങളുടെ വിജയത്തെ സ്വാധീനിക്കും, നിങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും

[7-ാം പേജിലെ ചിത്രം]

“എന്റെ സേവനത്തെയും സത്യസന്ധതയെയും കുറിച്ച്‌ കേട്ടിട്ടുള്ളതായി അവർ എന്നോടു പറഞ്ഞു.”—ബിൽ, ഐക്യനാടുകൾ