വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അടയ്‌ക്ക അപകടകാരിയോ?

അടയ്‌ക്ക അപകടകാരിയോ?

അടയ്‌ക്ക അപകടകാരിയോ?

ദക്ഷിണേഷ്യയിലെ ഒരു തെരുവ്‌. സൗഹൃദഭാവത്തോടെ ഒരാൾ തന്റെ കറപിടിച്ച പല്ലുകാട്ടി ചിരിക്കുന്നു. അയാളുടെ വായ്‌ നിറയെ ചോരച്ചുവപ്പുള്ള തുപ്പൽ നിറഞ്ഞിരിക്കുകയാണ്‌. നടപ്പാത വൃത്തികേടാക്കിക്കൊണ്ട്‌ അയാൾ തുപ്പുന്നു. എന്താണ്‌ സംഭവം? അയാൾ അടയ്‌ക്ക ചേർത്ത്‌ മുറുക്കുന്നതാണ്‌.

പൂർവ ആഫ്രിക്ക മുതൽ പാക്കിസ്ഥാൻ, ഇന്ത്യ തുടങ്ങി തെക്കുകിഴക്കൻ ഏഷ്യയൊട്ടാകെ പാപ്പുവ ന്യൂഗിനി, മൈക്രോനേഷ്യ വരെ കോടിക്കണക്കിന്‌ ആളുകൾ—ലോകജനസംഖ്യയുടെ ഏകദേശം പത്തുശതമാനം—അടയ്‌ക്ക ചവയ്‌ക്കുന്നവരാണ്‌. മുറുക്കാൻ വിൽക്കുന്നവർ ചന്തകളിലും തെരുവുകളിലും ഒരു മേശയുമിട്ട്‌ ഇരിക്കുന്നത്‌ സ്ഥിരം കാഴ്‌ചയാണ്‌; ചിലപ്പോൾ അവരുടെ കുട്ടികളും കൂടെക്കാണും. മറ്റു ചിലർ ആളുകളെ ആകർഷിക്കുന്നതിന്‌ നിയോൺ ദീപങ്ങൾ തൂക്കിയിടുന്നു; അൽപ്പവസ്‌ത്രധാരികളായ പെൺകുട്ടികളെയും (“അടയ്‌ക്ക വിൽക്കുന്ന സുന്ദരികൾ”) കച്ചവടസ്ഥലത്ത്‌ അവർ നിറുത്താറുണ്ട്‌.

ലോകമെമ്പാടുമായി ആയിരക്കണക്കിനു കോടി രൂപയുടെ ബിസിനെസാണ്‌ അടയ്‌ക്ക വിൽപ്പന. ആകട്ടെ, അടയ്‌ക്കയെക്കുറിച്ച്‌ നിങ്ങൾക്ക്‌ എന്ത്‌ അറിയാം? ആളുകൾ അത്‌ ചവയ്‌ക്കുന്നത്‌ എന്തിനാണ്‌? ഈ ശീലം അവരുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കും? ഇതേക്കുറിച്ച്‌ ബൈബിൾ എന്താണ്‌ പറയുന്നത്‌? ഇതിൽനിന്ന്‌ ഊരിപ്പോരാൻ എങ്ങനെ കഴിയും?

എന്താണ്‌ അടയ്‌ക്ക?

കവുങ്ങിന്റെ (അടയ്‌ക്കാ മരം) കായാണ്‌ അടയ്‌ക്ക. ഇതൊരു ഉഷ്‌ണമേഖലാ സസ്യമാണ്‌. പസിഫിക്‌ പ്രദേശങ്ങളിലും തെക്കുകിഴക്കൻ ഏഷ്യയിലും ആണ്‌ ഇതു സാധാരണ കാണപ്പെടുന്നത്‌. അട (വെറ്റിലയുടെ മറ്റൊരു പേര്‌) ചേർത്ത്‌ ചവയ്‌ക്കുന്നതുകൊണ്ടായിരിക്കാം ഇതിന്റെ ഫലത്തിന്‌ അടയ്‌ക്ക എന്ന പേര്‌ ലഭിച്ചത്‌. ഒരു കഷണം അടയ്‌ക്ക വെറ്റിലയിൽ വെച്ച്‌ അൽപ്പം ചുണ്ണാമ്പും തേച്ചാണ്‌ ആളുകൾ മുറുക്കുന്നത്‌. ഉത്തേജകസ്വഭാവമുള്ള ഒരു സംയുക്തം ഉത്‌പാദിപ്പിക്കാൻ ചുണ്ണാമ്പിനാകും. ചിലർ സ്വാദുകൂട്ടാൻ മസാലകളോ പുകയിലയോ മധുരമോ ചേർക്കാറുണ്ട്‌.

മുറുക്കുമ്പോൾ ഉമിനീർ ധാരാളമായി ഉത്‌പാദിപ്പിക്കപ്പെടുന്നു, അതും ചോരച്ചുവപ്പു നിറത്തിൽ. ഇതുകൊണ്ടാണ്‌ മുറുക്കുന്നവർ ഇടയ്‌ക്കിടെ തുപ്പുന്നത്‌. ചിലപ്പോഴൊക്കെ, ഓടുന്ന വാഹനത്തിൽനിന്ന്‌ തുപ്പുമ്പോൾ അതു ചെന്നുവീഴുന്നത്‌ വഴിയിലൂടെ പോകുന്ന ആളുകളുടെ ദേഹത്തായിരിക്കും!

ചവച്ചുചവച്ച്‌ നാശത്തിലേക്ക്‌!

“അടയ്‌ക്കയുടെ ഉപയോഗം പുരാതനകാലം മുതൽക്കേ ഉള്ളതാണ്‌. പ്രധാനപ്പെട്ട സാമൂഹികവും സാംസ്‌കാരികവും മതപരവും ആയ ചടങ്ങുകളിൽ അതിന്‌ വലിയ പ്രാധാന്യം കൊടുത്തുവരുന്നു” എന്ന്‌ ഒരു പ്രസിദ്ധീകരണം (Oral Health) പറയുന്നു. “ഇത്‌ ഉപയോഗിക്കുന്നവർ പലപ്പോഴും ഇതിന്റെ ദോഷഫലത്തെക്കുറിച്ച്‌ ചിന്തിക്കാറില്ല. ഇതു ചവയ്‌ക്കുമ്പോൾ ഒരുതരം സുഖാനുഭൂതിയും ആനന്ദവും ശരീരത്തിനു ഉന്മേഷവും ഒക്കെ ലഭിക്കുന്നതായി അവർ പറയുന്നു. . . . പക്ഷേ അത്‌, ആളുകൾ കരുതുന്നതുപോലെ നിരുപദ്രവകാരിയല്ല എന്നാണ്‌ തെളിവുകൾ കാണിക്കുന്നത്‌.”

അടയ്‌ക്കയിൽ അടങ്ങിയിരിക്കുന്ന ഒരു പദാർഥത്തിന്‌ അതിനോട്‌ ആസക്തി ഉളവാക്കാനാകുമെന്ന്‌ മയക്കുമരുന്ന്‌ ദുരുപയോഗത്തിനെതിരെ പ്രവർത്തിക്കുന്ന സംഘടനകൾ പറയുന്നു. ചിലർ 50 അടയ്‌ക്കവരെ ഒരുദിവസം ഉപയോഗിക്കാറുണ്ട്‌! അടയ്‌ക്ക ഉപയോഗിച്ചു തുടങ്ങി അധികം താമസിയാതെ പല്ലുകളിൽ കറപിടിക്കുന്നു, പിന്നാലെ മോണരോഗങ്ങളും. മേൽപ്പറഞ്ഞ പ്രസിദ്ധീകരണം പറയുന്നതനുസരിച്ച്‌ മുറുക്കൽ ശീലമാക്കിയിരിക്കുന്നവർക്ക്‌ വായിലെ ശ്ലേഷ്‌മസ്‌തരത്തിൽ തവിട്ടു കലർന്ന ചുവപ്പു നിറത്തിൽ കറപിടിക്കുകയും ചുളിവുകൾ വീഴുകയും ചെയ്‌തേക്കാം. കൂടാതെ, ശ്ലേഷ്‌മസ്‌തരത്തിൽ മായാത്ത വടുക്കൾ പ്രത്യക്ഷപ്പെടുകയും ക്രമേണ അതു വ്യാപിക്കുകയും ചെയ്യുന്ന ഒരുതരം രോഗവും (oral submucous fibrosis) പിടിപെട്ടേക്കാം.

അടയ്‌ക്ക ചവയ്‌ക്കുന്നതുകൊണ്ട്‌ വായിലും തൊണ്ടയിലും ഒരുതരം കാൻസർ (oral squamous cell carcinoma) വരാനും സാധ്യതയുണ്ട്‌. വായിലെ കാൻസർ ബാധിതരുടെ എണ്ണം തെക്കുകിഴക്കൻ ഏഷ്യയിൽ കൂടുതലായിരിക്കുന്നതിന്റെ കാരണം ഇതാണ്‌. തയ്‌വാനിലാകട്ടെ, വായിലെ കാൻസർ പിടിപെടുന്ന ഏകദേശം 85 ശതമാനം പേരും അടയ്‌ക്ക ചവയ്‌ക്കുന്നവരാണ്‌. “തയ്‌വാനിൽ വായിലെ കാൻസർ നിരക്ക്‌ കഴിഞ്ഞ 40 വർഷത്തെ അപേക്ഷിച്ച്‌ ഏതാണ്ട്‌ നാലിരട്ടിയായി വർധിച്ചിരിക്കുന്നു, അവിടത്തെ പത്തുമരണകാരണങ്ങളിൽ പ്രധാനപ്പെട്ടതും ഇതാണ്‌” എന്ന്‌ ദ ചൈന പോസ്റ്റ്‌ എന്ന ദിനപത്രം റിപ്പോർട്ടുചെയ്യുന്നു.

മറ്റു സ്ഥലങ്ങളിലെ അവസ്ഥയും വ്യത്യസ്‌തമല്ല. പാപ്പുവ ന്യൂഗിനിയിലെ ഒരു പത്രറിപ്പോർട്ട്‌ ശ്രദ്ധിക്കുക: “ആളുകളുടെ ഇഷ്ടശീലമായ മുറുക്കൽ ഓരോ വർഷവും രണ്ടായിരത്തോളം പേരെ കൊല്ലുന്നു; പല ആരോഗ്യപ്രശ്‌നങ്ങൾക്കും ഇതു കാരണമാകുന്നു, പാപ്പുവ ന്യൂഗിനി മെഡിക്കൽ സൊസൈറ്റി റിപ്പോർട്ടുചെയ്യുന്നു.” ഹൃദയധമനീ രോഗം ഉൾപ്പെടെ “പുകവലി മൂലമുണ്ടാകുന്നത്ര രോഗങ്ങളെങ്കിലും പതിവായി അടയ്‌ക്ക ചവയ്‌ക്കുന്നതുമൂലവും ഉണ്ടാകുമെന്ന്‌” വൈദ്യരംഗത്തെ എഴുത്തുകാരനുംകൂടിയായ ഒരു ഡോക്‌ടർ പറയുന്നു.

എന്താണ്‌ ബൈബിളിന്റെ അഭിപ്രായം?

ബൈബിൾ ഒരു വൈദ്യശാസ്‌ത്ര ഗ്രന്ഥമല്ല. അടയ്‌ക്കയുടെ ഉപയോഗത്തെക്കുറിച്ച്‌ അതു പരാമർശിക്കുന്നതുമില്ല. പക്ഷേ, ഏറ്റവും മെച്ചമായ വിധത്തിൽ ശുദ്ധവും ആരോഗ്യകരവും ആയ ജീവിതം നയിക്കാൻ നമ്മെ സഹായിക്കുന്ന എണ്ണമറ്റ തത്ത്വങ്ങൾ അതിലുണ്ട്‌. പിൻവരുന്ന ബൈബിൾവാക്യങ്ങളും അതിനോടു ബന്ധപ്പെട്ട ചോദ്യങ്ങളും ഒന്ന്‌ വിലയിരുത്തുക.

പ്രിയമുള്ളവരേ, ജഡത്തെയും ആത്മാവിനെയും മലിനമാക്കുന്ന എല്ലാറ്റിൽനിന്നും നമ്മെത്തന്നെ ശുദ്ധീകരിച്ച്‌ നമുക്കു ദൈവഭയത്തിൽ നമ്മുടെ വിശുദ്ധിയെ പരിപൂർണമാക്കാം.’ (2 കൊരിന്ത്യർ 7:1) ‘നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു സ്വീകാര്യവുമായ യാഗമായി അർപ്പിക്കുവിൻ.’ (റോമർ 12:1) അടയ്‌ക്ക ചവച്ച്‌ തന്റെ ശരീരത്തെ മലിനമാക്കുന്ന ഒരാൾ ദൈവത്തിന്റെ മുമ്പാകെ ശുദ്ധനായിരിക്കുമോ?

‘അവൻ (ദൈവം) മുഖാന്തരമല്ലോ നാം ജീവിക്കുന്നത്‌.’ (പ്രവൃത്തികൾ 17:28) ‘എല്ലാ നല്ല ദാനങ്ങളും തികഞ്ഞ വരങ്ങൾ ഒക്കെയും ഉയരത്തിൽനിന്നു വരുന്നു.’ (യാക്കോബ്‌ 1:17) ദൈവത്തിൽനിന്നുള്ള അമൂല്യ ദാനമാണ്‌ ജീവൻ. ദുഷിച്ച ശീലങ്ങൾ പിൻപറ്റിക്കൊണ്ട്‌ രോഗം വരുത്തിവെക്കുന്ന ഒരു വ്യക്തി ജീവൻ എന്ന ദാനത്തെ വിലമതിക്കുകയാണെന്ന്‌ പറയാനാകുമോ?

“രണ്ടുയജമാനന്മാരെ സേവിക്കാൻ ആർക്കും കഴിയുകയില്ല.” (മത്തായി 6:24) “ഞാൻ ഒന്നിനും അടിമയാകുകയില്ല.” (1 കൊരിന്ത്യർ 6:12) ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി ദുഷിച്ച ഒരു ശീലത്തിന്‌ അടിമയാകുകയും തന്റെ ജീവിതത്തെ നിയന്ത്രിക്കാൻ ആ ശീലത്തെ അനുവദിക്കുകയും ചെയ്യുമോ?

“നിന്റെ അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്‌നേഹിക്കണം.” (മർക്കോസ്‌ 12:31) “സ്‌നേഹം അയൽക്കാരനു ദോഷം പ്രവർത്തിക്കുന്നില്ല.” (റോമർ 13:10) വഴിയിലും വഴിയോരത്തും മറ്റും മുറുക്കി തുപ്പി മറ്റുള്ളവരുടെ ആരോഗ്യത്തിന്‌ ഹാനിവരുത്തുകയും പരിസരം വൃത്തികേടാക്കുകയും ചെയ്യുന്നെങ്കിൽ നാം ആളുകളെ ആത്മാർഥമായി സ്‌നേഹിക്കുകയാണെന്ന്‌ പറയാനാകുമോ?

“ഒരുവൻ വിതയ്‌ക്കുന്നതുതന്നെ കൊയ്യും” എന്നതിൽ സംശയം വേണ്ട. (ഗലാത്യർ 6:7, 8) ഇതൊരു അടിസ്ഥാന പ്രകൃതിനിയമമാണ്‌. അതുകൊണ്ട്‌, തെറ്റായ ശീലങ്ങളാണ്‌ നാം വിതയ്‌ക്കുന്നതെങ്കിൽ മോശം കാര്യങ്ങളായിരിക്കും നാം കൊയ്യുക. എന്നാൽ ദൈവം ഉദ്ദേശിച്ച വിധത്തിൽ നല്ല ശീലങ്ങൾസഹിതം നാം ജീവിക്കുമ്പോൾ നന്മ കൊയ്യാൻ കഴിയുമെന്നു മാത്രമല്ല നിലനിൽക്കുന്ന, യഥാർഥ സന്തോഷം കണ്ടെത്താനും നമുക്കാകും. നിങ്ങൾക്ക്‌ സ്ഥിരമായി അടയ്‌ക്ക ഉപയോഗിക്കുന്ന ശീലമുണ്ടോ? ആ ശീലത്തിൽനിന്ന്‌ പുറത്തുകടന്ന്‌ ദൈവത്തിന്റെ ദൃഷ്ടിയിൽ ശരിയായതു ചെയ്യാനും നല്ലൊരു ജീവിതം നയിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ, ഏറെ ഫലവത്തെന്നു തെളിഞ്ഞിട്ടുള്ള മൂന്നുപടികൾ പ്രാർഥനാപൂർവം ചിന്തിക്കുക.

ഊരിപ്പോരാൻ മൂന്നുവഴികൾ

1. ശക്തമായ ആഗ്രഹം. ഒരു ദുശ്ശീലം നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുമെന്ന്‌ മനസ്സിലാക്കിയതുകൊണ്ടുമാത്രം അതിൽനിന്ന്‌ പുറത്തുകടക്കാനാകില്ല. പുകയിലയുടെയും മയക്കുമരുന്നിന്റെയും ദുരുപയോഗവും അടയ്‌ക്ക ചവയ്‌ക്കലും ജീവിതത്തെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുമെന്ന്‌ അറിഞ്ഞുകൊണ്ടുതന്നെയാണ്‌ പലരും ആ ശീലങ്ങൾ തുടരുന്നത്‌. അതുകൊണ്ട്‌ ഒരു ദുശ്ശീലത്തിൽനിന്ന്‌ ഊരിപ്പോരണമെങ്കിൽ അതു അവസാനിപ്പിക്കുന്നതിനുള്ള ശക്തമായ ആഗ്രഹവും ആവശ്യമാണ്‌. അതിനുവേണ്ടി സ്രഷ്ടാവിനെക്കുറിച്ചും അവന്‌ നിങ്ങളോടുള്ള ആഴമായ സ്‌നേഹത്തെക്കുറിച്ചും അറിയാൻ എന്തുകൊണ്ട്‌ ബൈബിൾ പഠിച്ചുകൂടാ? ‘ദൈവത്തിന്റെ വചനം ജീവനും ശക്തിയുമുള്ളതാണ്‌’ എന്ന്‌ എബ്രായർ 4:12 പറയുന്നു.

2. ദൈവത്തിന്റെ സഹായം തേടുക. “ചോദിച്ചുകൊണ്ടിരിക്കുവിൻ, നിങ്ങൾക്കു നൽകപ്പെടും. അന്വേഷിച്ചുകൊണ്ടിരിക്കുവിൻ, നിങ്ങൾ കണ്ടെത്തും. മുട്ടിക്കൊണ്ടിരിക്കുവിൻ, നിങ്ങൾക്കു തുറന്നുകിട്ടും. ചോദിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്ന ഏവനും കണ്ടെത്തുന്നു; മുട്ടുന്ന ഏവനും തുറന്നുകിട്ടുന്നു” എന്നാണ്‌ യേശുക്രിസ്‌തു പറഞ്ഞത്‌. (ലൂക്കോസ്‌ 11:9, 10) സത്യദൈവമായ യഹോവയോട്‌ അവന്റെ സഹായത്തിനും ശക്തിക്കും വേണ്ടി നിങ്ങൾ ആത്മാർഥമായി പ്രാർഥിക്കുന്നതു കാണുമ്പോൾ അവൻ നിങ്ങളെ ഒരിക്കലും അവഗണിക്കുകയില്ല. കാരണം, “ദൈവം സ്‌നേഹമാകുന്നു” എന്ന്‌ 1 യോഹന്നാൻ 4:8 പറയുന്നു. ആ സ്‌നേഹം ജീവിതത്തിലൂടെ അനുഭവിച്ചറിഞ്ഞ വ്യക്തിയാണ്‌ പൗലോസ്‌ അപ്പൊസ്‌തലൻ. അവൻ എഴുതി: “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം സകലവും ചെയ്യാൻ ഞാൻ പ്രാപ്‌തനാണ്‌.”—ഫിലിപ്പിയർ 4:13.

3. മറ്റുള്ളവരുടെ സഹായം തേടുക. നിങ്ങൾ ആരോടൊപ്പമാണോ സഹവസിക്കുന്നത്‌ അവർക്കു നിങ്ങളെ നല്ലരീതിയിലോ മോശമായ വിധത്തിലോ സ്വാധീനിക്കാനാകും. സദൃശവാക്യങ്ങൾ 13:20 പറയുന്നത്‌ ശ്രദ്ധിക്കുക: “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.” അതുകൊണ്ട്‌, വിവേകത്തോടെ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുക. യഹോവയുടെ സാക്ഷികളിൽ ചിലർക്കൊക്കെ ഒരുകാലത്ത്‌ അടയ്‌ക്ക ചവയ്‌ക്കുന്ന ശീലം ഉണ്ടായിരുന്നു. എന്നാൽ സഹവിശ്വാസികളോടൊപ്പമുള്ള സഹവാസവും ബൈബിൾപഠനവും ആ ദുശ്ശീലത്തിൽനിന്ന്‌ ഊരിപ്പോരാൻ അവരെ സഹായിച്ചിരിക്കുന്നു! (g12-E 02)

[18, 19 പേജുകളിലെ ചതുരം/ചിത്രങ്ങൾ]

അവർ ആ ദുശ്ശീലത്തോട്‌ വിടപറഞ്ഞു

ഒരുകാലത്ത്‌ അടയ്‌ക്ക ചവയ്‌ക്കുന്ന ശീലം ഉണ്ടായിരുന്ന എന്നാൽ പിന്നീട്‌ അതു നിറുത്തിയ അഞ്ചുവ്യക്തികളുമായി ഉണരുക! അഭിമുഖം നടത്തി. അവർ പറയുന്നത്‌ ശ്രദ്ധിക്കുക.

ഈ ശീലം തുടങ്ങാൻ ഇടയായത്‌ എങ്ങനെ?

പൗളിൻ: കുട്ടിയായിരിക്കെ അച്ഛനമ്മമാരിൽനിന്ന്‌ കിട്ടിയതാണ്‌ എനിക്ക്‌ ആ ശീലം. പാപ്പുവ ന്യൂഗിനിയിലെ എന്റെ ഗ്രാമത്തിൽ അടയ്‌ക്ക ചവയ്‌ക്കുന്നത്‌ സർവസാധാരണമായിരുന്നു.

ബെറ്റി: രണ്ടുവയസ്സുള്ളപ്പോൾ, അച്ഛനാണ്‌ ആദ്യമായി എനിക്ക്‌ അടയ്‌ക്ക തന്നത്‌. കൗമാരപ്രായത്തിലൊക്കെ, അടയ്‌ക്കാമരംപോലെ ഏതു സമയത്തും എന്റെ കൈയിൽ ഇഷ്ടംപോലെ അടയ്‌ക്ക കാണുമായിരുന്നു! നേരം വെളുത്താൽ എന്റെ ആദ്യത്തെ പണി അടയ്‌ക്ക ചവയ്‌ക്കലായിരുന്നു, അത്രകണ്ട്‌ ഞാൻ അതിന്‌ അടിമയായിരുന്നു.

വെൻ ജുങ്‌: 16 വയസ്സുള്ളപ്പോഴാണ്‌ ഞാൻ ഈ ശീലം തുടങ്ങിയത്‌. അടയ്‌ക്ക ചവയ്‌ക്കൽ ഒരു ഫാഷൻ ആയിരുന്നു; ഞാൻ വലുതായെന്നു കാണിക്കാനുള്ള ഒരു മാർഗംകൂടിയായിരുന്നു അത്‌. മറ്റുള്ളവരുടെ പ്രീതി പിടിച്ചുപറ്റാനും ഞാൻ ആഗ്രഹിച്ചു.

ജിയെൽ ലയാൻ: അടയ്‌ക്ക വിൽക്കലായിരുന്നു എന്റെ തൊഴിൽ. ബിസിനെസിൽ വിജയിക്കണമെങ്കിൽ അടയ്‌ക്ക ഗുണമേന്മയുള്ളതായിരിക്കണമല്ലോ. അതിനാൽ ഞാൻ അത്‌ രുചിച്ചുനോക്കാൻ തുടങ്ങി. അങ്ങനെ അതൊരു ശീലമായി.

നിങ്ങളുടെ ആരോഗ്യത്തെ അത്‌ എങ്ങനെയാണ്‌ ബാധിച്ചത്‌?

ജിയെൽ ലയാൻ: എന്റെ വായിലും പല്ലിലും ചുണ്ടിലും എല്ലാം ചോരചുവപ്പു നിറത്തിൽ കറയായിരുന്നു. അന്നെടുത്ത ഫോട്ടോകളൊന്നും കാണുന്നതുതന്നെ എനിക്ക്‌ ഇഷ്ടമല്ല; അത്രയ്‌ക്കു വികൃതമാണ്‌ അവ. ചുണ്ടിലെ വ്രണങ്ങൾ നിമിത്തം ഞാൻ ഇപ്പോഴും കഷ്ടപ്പെടുകയാണ്‌.

പൗളിൻ: ഛർദിയും വയറിളക്കവും വായിൽ വ്രണങ്ങളും എനിക്ക്‌ പതിവായി വരുമായിരുന്നു.

ബെറ്റി: എന്റെ ഭാരം വെറും 35 കിലോ ആയിരുന്നു, എന്റെയത്ര പൊക്കമുള്ള മുതിർന്ന ഒരാൾക്കുവേണ്ട ഭാരം വെച്ചുനോക്കുമ്പോൾ അതു വളരെ കുറവായിരുന്നു. മഹാവൃത്തികേടായിരുന്നു എന്റെ പല്ലുകൾ. പലപ്പോഴും സ്റ്റീൽബ്രഷുകൊണ്ട്‌ ഉരച്ചാണ്‌ ഞാൻ പല്ലുകൾ വൃത്തിയാക്കിയിരുന്നത്‌.

സാം: വയറിളക്കവും മോണരോഗവും എനിക്ക്‌ കൂടെക്കൂടെ വരാറുണ്ടായിരുന്നു. എനിക്ക്‌ ഇപ്പോൾ ആകെ ഒരു പല്ലേ ഉള്ളൂ! പല്ലു വൃത്തിയാക്കാൻ സ്റ്റീൽബ്രഷ്‌ ഉപയോഗിച്ചതുകൊണ്ടൊന്നും വലിയ ഗുണമുണ്ടായില്ലെന്നു തോന്നുന്നു.

എന്തുകൊണ്ടാണ്‌ ആ ശീലം ഉപേക്ഷിച്ചത്‌?

പൗളിൻ: ‘ജഡത്തെ മലിനമാക്കുന്ന എല്ലാറ്റിൽനിന്നും നമ്മെത്തന്നെ ശുദ്ധീകരിക്കണമെന്ന്‌’ ബൈബിളിൽനിന്നു ഞാൻ വായിച്ചു. (2 കൊരിന്ത്യർ 7:1) സ്രഷ്ടാവിനെ സന്തോഷിപ്പിക്കാൻ പരമാവധി ശ്രമിക്കുമെന്ന്‌ ഞാൻ അപ്പോൾ തീരുമാനം എടുത്തു.

സാം: യഹോവയാംദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ എന്നിൽ പ്രവർത്തിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. അതിനുവേണ്ടി അടയ്‌ക്ക ചവയ്‌ക്കാനുള്ള പ്രലോഭനത്തെ ചെറുക്കാൻ സഹായിക്കണമേ എന്ന്‌ ഞാൻ യഹോവയോട്‌ പ്രാർഥിച്ചു. അവൻ ആ പ്രാർഥന കേട്ടു. കഴിഞ്ഞ ഏതാണ്ട്‌ 30 വർഷമായി ഞാൻ അടയ്‌ക്ക ഉപയോഗിച്ചിട്ടില്ല.

ജിയെൽ ലയാൻ: ബൈബിൾ വായിച്ചപ്പോൾ, “പാപികളേ, കൈകൾ വെടിപ്പാക്കുവിൻ” എന്ന വാക്യം എന്റെ ശ്രദ്ധയിൽപ്പെട്ടു. (യാക്കോബ്‌ 4:8) അത്‌ എന്നെ ഇരുത്തി ചിന്തിപ്പിച്ചു. അടയ്‌ക്ക വരുത്തിവെക്കുന്ന ദോഷത്തെക്കുറിച്ച്‌ അറിഞ്ഞിട്ടും അത്‌ ഉപയോഗിക്കുന്നതും വിൽക്കുന്നതും ശരിയാണോ? ആത്മീയമായും ശാരീരികമായും എന്നെ ദുഷിപ്പിക്കുന്ന ഈ ദുശ്ശീലം മാറ്റി എന്റെ ‘കൈകൾ വെടിപ്പാക്കാൻ’ ഞാൻ അപ്പോൾത്തന്നെ തീരുമാനിച്ചു.

നിങ്ങൾക്ക്‌ എന്തൊക്കെ പ്രയോജനങ്ങൾ ലഭിച്ചു?

വെൻ ജുങ്‌: കൂട്ടുകാരുടെ ഇടയിൽ ആളാകാൻ വേണ്ടിയാണ്‌ ഞാൻ അടയ്‌ക്ക ഉപയോഗിക്കാൻ തുടങ്ങിയത്‌. എന്നാൽ അതിനെക്കാളൊക്കെ നല്ല സൗഹൃദം ഇന്ന്‌ എനിക്കുണ്ട്‌—യഹോവയുമായും എന്റെ ആത്മീയ സഹോദരീസഹോദരന്മാരുമായും.

സാം: ഞാൻ ഇപ്പോൾ ശാരീരികമായും ആത്മീയമായും ആരോഗ്യവാനാണ്‌. ദുശ്ശീലങ്ങൾക്കുവേണ്ടി പണം പാഴാക്കാത്തതിനാൽ കുടുംബകാര്യങ്ങളൊക്കെ നന്നായി നോക്കിനടത്താൻ എനിക്കാകുന്നു.

പൗളിൻ: എന്നെ മലിനമാക്കുന്ന കാര്യങ്ങളിൽനിന്ന്‌ എനിക്കു മോചനം ലഭിച്ചു. എന്റെ പല്ലുകൾക്ക്‌ ബലവും നിറവും തിരിച്ചുകിട്ടി. വീടും പരിസരവും ഇപ്പോൾ വൃത്തിയുള്ളതാണ്‌, മുമ്പ്‌ അടയ്‌ക്കയുടെ തോടും മുറുക്കി തുപ്പിയതിന്റെ പാടുകളും ഒക്കെയായി ആകെ വൃത്തികേടായിരുന്നു.

ബെറ്റി: എനിക്ക്‌ ഇപ്പോൾ നല്ല ആരോഗ്യവും ശുദ്ധമായ ഒരു മനസ്സാക്ഷിയും ഉണ്ട്‌. ഒരു അധ്യാപികയായും ഒപ്പം മുഴുസമയ ക്രിസ്‌തീയ ശുശ്രൂഷകയായും ഞാൻ പ്രവർത്തിക്കുന്നു.

[18-ാം പേജിലെ ചിത്രങ്ങൾ]

ബെറ്റി

പൗളിൻ

വെൻ ജുങ്‌

ജിയെൽ ലയാൻ

സാം

[17-ാം പേജിലെ രേഖാചിത്രം/ചിത്രങ്ങൾ]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

പതിവായി അടയ്‌ക്ക ചവയ്‌ക്കുന്നത്‌ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക്‌ കാരണമായേക്കാം

കറപിടിച്ച പല്ലുകളും മോണരോഗവും

രോഗം ബാധിച്ച ശ്ലേഷ്‌മസ്‌തരം

വായിലെ കാൻസർ

[16-ാം പേജിലെ ചിത്രം]

വെറ്റിലയിൽ പൊതിഞ്ഞ അടയ്‌ക്ക