എന്തുകൊണ്ട് ഇത്ര കോപം?
എന്തുകൊണ്ട് ഇത്ര കോപം?
കോപത്തിന്റെ കാരണങ്ങൾ മനസ്സിലാക്കാനാകാത്തവിധം കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണ്. അതു പൂർണമായി മനസ്സിലാക്കാൻ ശാസ്‌ത്രജ്ഞന്മാർക്കു പോലും കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും മാനസികാരോഗ്യ വിദഗ്‌ധരെല്ലാം ഒരു കാര്യം സമ്മതിക്കുന്നു: കോപത്തിനു തിരികൊളുത്തുന്ന ചില സംഗതികൾ നമുക്ക് എല്ലാവർക്കുമുണ്ട്.
അസഹ്യപ്പെടുത്തുന്നതോ നിരാശപ്പെടുത്തുന്നതോ ആയ എന്തെങ്കിലുമായിരിക്കും ഒരാളിൽ കോപം ഇളക്കിവിടുന്നത്. അന്യായവും അനീതിയും ഒക്കെ പലപ്പോഴും അതിനു കാരണമാകുന്നു. അപമാനിക്കുകയോ പരിഹസിക്കുകയോ ചെയ്‌തുകൊണ്ട് മറ്റുള്ളവർ തരംതാഴ്‌ത്തുന്നതും നമ്മെ കോപിപ്പിച്ചേക്കാം. ആരെങ്കിലും നമ്മുടെ അധികാരത്തെ ചോദ്യംചെയ്യുന്നതായും സത്‌പേരിനു കളങ്കം വരുത്തുന്നതായും നമുക്കു തോന്നുമ്പോഴും ദേഷ്യം നുരഞ്ഞുപൊന്തും.
ഒരാളെ ദേഷ്യം പിടിപ്പിക്കുന്ന കാര്യമായിരിക്കില്ല മറ്റൊരാളെ ദേഷ്യം പിടിപ്പിക്കുന്നത്. പ്രായവും ലിംഗവും അനുസരിച്ച് അതു വ്യത്യാസപ്പെട്ടിരിക്കും. ഒരുവന്റെ സംസ്‌കാരവും അതിനെ സ്വാധീനിച്ചേക്കാം. ദേഷ്യം പിടിപ്പിക്കുന്ന കാര്യങ്ങളോടുള്ള ആളുകളുടെ പ്രതികരണവും വ്യത്യസ്‌തമാണ്. ചിലർക്ക് അത്ര പെട്ടെന്നൊന്നും ദേഷ്യം പിടിക്കില്ല. അഥവാ പിടിച്ചാൽത്തന്നെ അവർ പെട്ടെന്നു തണുക്കും. എന്നാൽ മറ്റു ചിലർക്ക് മൂക്കത്തായിരിക്കും ശുണ്‌ഠി; ദിവസങ്ങളോ ആഴ്‌ചകളോ മാസങ്ങളോ ചിലപ്പോൾ അതിൽ കൂടുതലോ എടുത്തേക്കാം അതൊന്ന് ആറിത്തണുക്കാൻ.
ദേഷ്യം പിടിപ്പിക്കുന്ന സാഹചര്യങ്ങളാണ് നമ്മുടെ ചുറ്റുപാടുമുള്ളത്. കോപത്തോടെ പ്രതികരിക്കാനുള്ള ആളുകളുടെ പ്രവണതയും കൂടുതലാണ്. എന്തുകൊണ്ടാണിത്? ലോകത്തെ വലയം ചെയ്‌തിരിക്കുന്ന ചിന്താശൂന്യമായ, ‘ഞാൻ മുമ്പൻ’ മനോഭാവമാണ് ഒരു കാരണം. “അന്ത്യകാലത്ത് . . . മനുഷ്യർ സ്വസ്‌നേഹികളും ധനമോഹികളും വമ്പുപറയുന്നവരും ധാർഷ്ട്യക്കാരും . . . തന്നിഷ്ടക്കാരും അഹങ്കാരത്താൽ ചീർത്തവരും . . . ആയിരിക്കും” എന്ന് ബൈബിൾ പറയുന്നു. (2 തിമൊഥെയൊസ് 3:1-5) ഈ സ്വഭാവരീതികൾ തന്നെയല്ലേ ഇന്ന് മിക്കവർക്കുമുള്ളത്?
തന്നിഷ്ടക്കാരായ ആളുകൾക്ക് അവരുടെ ഇഷ്ടപ്രകാരം കാര്യങ്ങൾ നടക്കാതെ വരുമ്പോൾ ദേഷ്യം പിടിക്കും. കോപപ്രവണത വർധിച്ചുകൊണ്ടിരിക്കുന്നതിന് ഇനിയും പല കാരണങ്ങളുണ്ട്. ചിലത് ഇവയാണ്.
മാതാപിതാക്കളുടെ മാതൃക
കുട്ടിക്കാലത്തും കൗമാരത്തിലും, ഒരുവന്റെ വ്യക്തിത്വരൂപീകരണത്തിൽ മാതാപിതാക്കൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മനഃശാസ്‌ത്രജ്ഞനായ ഹാരി. എൽ. മിൽസ് പറയുന്നു: “തങ്ങൾക്കു ചുറ്റുമുള്ളവരെ അനുകരിച്ച് വളരെ ചെറുപ്രായത്തിലേ കുട്ടികൾ കോപം പ്രകടിപ്പിക്കാൻ തുടങ്ങുന്നു.”
അനുപേക്ഷണീയമല്ലാത്ത ഒരു സാഹചര്യത്തിൽ, അതായത് നിസ്സാരകാര്യങ്ങൾക്കു പോലും ദേഷ്യപ്പെടുന്നവർക്കിടയിലാണ് ഒരു കുട്ടി വളർന്നുവരുന്നതെങ്കിൽ ജീവിതപ്രശ്‌നങ്ങളെ കോപത്തോടെ നേരിടാനുള്ള പരിശീലനമായിരിക്കും അവനു ലഭിക്കുക. അവന്റെ സാഹചര്യത്തെ, വിഷം കലർന്ന വെള്ളം ഒഴിച്ചു വളർത്തുന്ന ഒരു ചെടിയോട് ഉപമിക്കാം. ചെടി വളർന്നേക്കാം; പക്ഷേ അതിന്റെ വളർച്ച മുരടിച്ചതായിരിക്കും. ഒടുവിൽ അത് പൂർണമായി നശിക്കാനും മതി. വിഷം കലർന്ന വെള്ളം പോലയാണ് കോപം. അതാണ് കുട്ടി സ്വാംശീകരിക്കുന്നതെങ്കിൽ മുതിർന്നവരെപ്പോലെ അവനും കോപപ്രവണത കൂടുതലായിരിക്കും.
ജനനിബിഡമായ നഗരങ്ങൾ
1800-ൽ ലോകജനസംഖ്യയുടെ മൂന്നുശതമാനം മാത്രമേ നഗരങ്ങളിൽ പാർത്തിരുന്നുള്ളൂ. 2008 ആയപ്പോഴേക്കും അത് 50 ശതമാനമായി ഉയർന്നു. 2050-ൽ അത് 70 ശതമാനം എത്തുമെന്നാണ് കണക്കുകൾ. കൂടുതൽ ആളുകൾ നഗരങ്ങളിലേക്ക് പ്രവഹിക്കാൻ തുടങ്ങുന്നതോടെ കോപവും അസ്വസ്ഥതകളും വർധിക്കാൻ ഇടയുണ്ട്. ലോകത്തിലെ ഏറ്റവും വലുതും തിരക്കുപിടിച്ചതും ആയ ഒരു നഗരമാണ് മെക്‌സിക്കോ. പലപ്പോഴും ആളുകളെ ദേഷ്യം പിടിപ്പിക്കുന്ന ഒരു പ്രധാന സംഗതിയാണ് അവിടത്തെ ഗതാഗത കുരുക്ക്. ഏതാണ്ട്
1.8 കോടി ആളുകളും 60 ലക്ഷം കാറുകളും ഉള്ള ഈ നഗരം “ലോകത്തിലെ ഏറ്റവും സമ്മർദപൂരിതമായ തലസ്ഥാനമാണ്” എന്ന് ഒരു ലേഖകൻ പറയുന്നു. “ഗതാഗത കുരുക്ക് അങ്ങേയറ്റം രൂക്ഷമായതിനാൽ ആളുകൾ കോപത്താൽ പൊട്ടിത്തെറിക്കുന്നത് സാധാരണമാണ്.”തിരക്കുപിടിച്ച നഗരങ്ങൾ മറ്റു പല സമ്മർദങ്ങൾക്കും കാരണമാകുന്നു. ശബ്ദ മലിനീകരണം, വായു മലിനീകരണം, പാർപ്പിട സൗകര്യങ്ങളുടെ അഭാവം, സാംസ്‌കാരിക സ്‌പർധകൾ, വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ എന്നിവ ഏതാനും ചിലതു മാത്രം. ഇങ്ങനെ സമ്മർദങ്ങൾ വർധിക്കുന്തോറും ആളുകൾ നിരാശിതരും കോപാകുലരും ആയിത്തീരുന്നു, പെട്ടെന്ന് ആളുകളുടെ ക്ഷമ നശിക്കുന്നു.
സാമ്പത്തിക അരക്ഷിതത്വം
ലോക സമ്പത്ത് വ്യവസ്ഥയുടെ തകർച്ച വ്യാപകമായ ഉത്‌കണ്‌ഠകൾക്കും സമ്മർദങ്ങൾക്കും വഴിമരുന്നിട്ടിരിക്കുന്നു. “ലോകവ്യാപകമായി 21 കോടിയിലധികം ആളുകൾ തൊഴിൽരഹിതരാണെന്ന് കണക്കാക്കപ്പെടുന്നു” എന്ന് അന്താരാഷ്‌ട്ര നാണയനിധിയുടെയും അന്താരാഷ്‌ട്ര തൊഴിൽ സംഘടനയുടെയും (ഐഎൽഒ) 2010-ലെ ഒരു സംയുക്ത റിപ്പോർട്ട് പറയുന്നു. സങ്കടകരമെന്നു പറയട്ടെ, പിരിച്ചുവിടപ്പെട്ടിരിക്കുന്ന ഭൂരിഭാഗം പേരും മതിയായ സാമ്പത്തിക സ്ഥിരതയുള്ളവരല്ല.
ജോലിയുള്ളവരുടെ സ്ഥിതിയും അത്ര ഭദ്രമല്ല. ജോലി സംബന്ധമായ പിരിമുറുക്കങ്ങൾ ഒരു “ആഗോള പകർച്ചവ്യാധിയാണ്” എന്ന് ഐഎൽഒ പറയുന്നു. “എപ്പോൾ വേണമെങ്കിലും ജോലി നഷ്ടപ്പെട്ടേക്കാമെന്ന ഭയത്തിലാണ് ആളുകൾ,” കാനഡയിലെ മാനേജ്‌മെന്റ് വിദഗ്‌ധനായ ലോൺ കർട്ടിസ് പറയുന്നു. അതുകൊണ്ടുതന്നെ “തങ്ങളുടെ ഭാഗം ന്യായീകരിച്ചുകൊണ്ട് മേലധികാരികളോടും സഹപ്രവർത്തകരോടും തർക്കിക്കാനുള്ള ഒരു പ്രവണത ആളുകൾക്കുണ്ട്,” അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
മുൻവിധിയും അനീതിയും
ഒരു ഓട്ടമത്സരത്തിൽ പങ്കെടുക്കാൻ വന്ന നിങ്ങളോടുമാത്രം കാല് കെട്ടിയിട്ടുകൊണ്ട് ഓടാൻ ആവശ്യപ്പെട്ടാൽ നിങ്ങൾക്ക് എന്തു തോന്നും? വർഗീയമായ മുൻവിധികളും മറ്റു തരത്തിലുള്ള മുൻവിധികളും നേരിടേണ്ടിവരുമ്പോൾ ലക്ഷക്കണക്കിന് ആളുകൾക്ക് അങ്ങനെയാണ് തോന്നുന്നത്. ഇതിന്റെ പേരിൽ ജോലി, വിദ്യാഭ്യാസം, വീട്, മറ്റ് അടിസ്ഥാന ആവശ്യങ്ങൾ എന്നിവ നിഷേധിക്കുന്നത് ആളുകളെ ദേഷ്യം പിടിപ്പിക്കുന്നു.
മറ്റു തരത്തിലുള്ള അനീതികളും ഒരു വ്യക്തിയുടെ മനസ്സിടിച്ചുകളഞ്ഞേക്കാം. അതുമൂലം ഉണ്ടാകുന്ന വൈകാരിക വേദന വലുതായിരിക്കും. ഒരിക്കലെങ്കിലും അനീതിയുടെ നൊമ്പരം അനുഭവിക്കേണ്ടിവന്നിട്ടുള്ളവരാണ് നമ്മിൽ മിക്കവരും. 3,000-ത്തിലധികം വർഷങ്ങൾക്കു മുമ്പ് ജ്ഞാനിയായ ശലോമോൻരാജാവ് പ്രസ്‌താവിച്ചു: “പീഡിതന്മാർ കണ്ണുനീരൊഴുക്കുന്നു; അവർക്കു ആശ്വാസപ്രദൻ ഇല്ല.” (സഭാപ്രസംഗി 4:1) അനീതി കൊടികുത്തിവാഴുകയും ആശ്വാസം അന്യമാകുകയും ചെയ്യുമ്പോൾ ഒരുവന്റെ ഹൃദയം കോപത്താൽ ജ്വലിച്ചേക്കാം.
വിനോദവ്യവസായം
ടെലിവിഷനിലെയും മറ്റു മാധ്യമങ്ങളിലെയും അക്രമങ്ങൾ കുട്ടികളിൽ ചെലുത്തുന്ന സ്വാധീനത്തെ സ്ഥിരീകരിക്കാൻ ആയിരത്തിലധികം പഠനങ്ങൾ നടന്നിട്ടുണ്ട്. വിനോദപരിപാടികൾ തിരഞ്ഞെടുക്കാൻ കുടുംബങ്ങളെ സഹായിക്കുന്ന ഒരു സംഘടനയുടെ സ്ഥാപകനായ ജയിംസ് പി. സ്റ്റെയർ പറയുന്നത് ഇങ്ങനെയാണ്: “അതിക്രൂരമായ അക്രമങ്ങൾ ആവർത്തിച്ച് കാണുന്ന ഒരു തലമുറ അക്രമപ്രിയരും അനുകമ്പയില്ലാത്തവരും മൃഗീയമായ കാര്യങ്ങളോട് പ്രതിപത്തിയുള്ളവരും ആയിരിക്കും.”
ടെലിവിഷനിൽ അക്രമം സ്ഥിരമായി കാണുന്ന എല്ലാ കുട്ടികളും വലുതാകുമ്പോൾ കുറ്റവാളികൾ ആയിത്തീരുന്നില്ല എന്നതു ശരിയാണ്. എന്നാൽ പൊട്ടിത്തെറിച്ചുകൊണ്ട് കോപം പ്രകടിപ്പിക്കുന്നതാണ് പ്രതികൂല സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള ശരിയായ മാർഗമെന്ന് വിനോദമാധ്യമങ്ങൾ പലപ്പോഴും ചിത്രീകരിക്കുന്നു. അങ്ങനെ അക്രമത്തോട് യാതൊരു വിമുഖതയും ഇല്ലാത്ത ഒരു തലമുറ ഇന്നു രൂപപ്പെട്ടുകൊണ്ടിരിക്കുന്നു.
ദുഷ്ട ആത്മവ്യക്തികളുടെ സ്വാധീനം
ഭൂമിയിൽ ആളിക്കത്തുന്ന കോപത്തിനു പിന്നിൽ ഒരു അദൃശ്യശക്തിയുണ്ടെന്ന് ബൈബിൾ വെളിപ്പെടുത്തുന്നു. മാനവചരിത്രത്തിന്റെ തുടക്കത്തിൽ മത്സരിയായിത്തീർന്ന ഒരു ആത്മവ്യക്തി സർവശക്തനായ ദൈവത്തിനെതിരെ തിരിഞ്ഞു. സാത്താൻ എന്നാണ് ഈ ദുഷ്ട ആത്മവ്യക്തിയെ ബൈബിൾ വിളിക്കുന്നത്. എബ്രായ ഭാഷയിൽ ആ പേരിന്, “എതിരാളി” അല്ലെങ്കിൽ “പ്രതിയോഗി” എന്നാണ് അർഥം. (ഉല്‌പത്തി 3:1-13) പിന്നീട്, മറ്റു ദൂതന്മാരെയും സാത്താൻ തന്റെ വശത്താക്കി.
ഭൂതങ്ങൾ അഥവാ ദുഷ്ട ആത്മജീവികൾ എന്ന് അറിയപ്പെടുന്ന അനുസരണംകെട്ട ആ ദൂതന്മാരുടെ പ്രവർത്തനം ഇപ്പോൾ ഭൂമിയിൽ മാത്രമായി ഒതുക്കപ്പെട്ടിരിക്കുന്നു. (വെളിപാട് 12:9, 10, 12) കൂടാതെ, തങ്ങൾക്ക് അവശേഷിക്കുന്നത് അൽപ്പകാലം മാത്രമാണെന്ന് അറിയാവുന്നതിനാൽ അവർ “മഹാക്രോധത്തോടെ”യാണ് പ്രവർത്തിക്കുന്നത്. അവരെ നമുക്ക് കാണാനാകുന്നില്ലെങ്കിലും അവരുടെ പ്രവർത്തനം നമുക്ക് അനുഭവിച്ചറിയാനാകുന്നു. എങ്ങനെ?
“ശത്രുത, ശണ്‌ഠ, സ്‌പർധ, ക്രോധം, കലഹം, ഭിന്നത, . . . അസൂയ . . . തുടങ്ങിയ” ദുർഗുണങ്ങൾ പ്രകടിപ്പിക്കാൻ നമ്മെ പ്രലോഭിപ്പിച്ചുകൊണ്ട് സാത്താനും അവന്റെ ഭൂതങ്ങളും തെറ്റു ചെയ്യാനുള്ള നമ്മുടെ സ്വാഭാവിക ചായ്‌വിനെ മുതലെടുക്കുന്നു.—ഗലാത്യർ 5:19-21.
കോപപ്രവണതയെ ചെറുക്കുക
അനുദിന ജീവിതത്തിൽ നേരിടുന്ന പ്രശ്‌നങ്ങളും സമ്മർദങ്ങളും ഉത്‌കണ്‌ഠകളും ആണ് ആളുകളുടെ കോപത്തിനു കാരണമെന്ന് ഇപ്പോൾ നമുക്കു വ്യക്തമായി.
ദേഷ്യപ്പെടാനുള്ള ശക്തമായ പ്രേരണയെ അടക്കിനിറുത്തുക അത്ര എളുപ്പമല്ല. കോപത്തെ എങ്ങനെ വരുതിയിലാക്കാം എന്ന് ചർച്ച ചെയ്യുന്നതാണ് അടുത്ത ലേഖനം. (g12-E 03)
[5-ാം പേജിലെ ചതുരം]
നിങ്ങൾക്ക് കോപപ്രവണതയുണ്ടോ? ചില ലക്ഷണങ്ങൾ:
▶ കടയിൽ കാത്തുനിൽക്കേണ്ടിവരുമ്പോൾ ദേഷ്യം വരുന്നു.
▶ സഹജോലിക്കാരോട് എപ്പോഴും തർക്കിക്കുന്നു.
▶ പകൽ സമയത്ത് നിങ്ങളെ ദേഷ്യം പിടിപ്പിച്ച കാര്യങ്ങൾ രാത്രിയിൽ നിങ്ങളുടെ ഉറക്കം കെടുത്തുന്നു.
▶ നിങ്ങളെ വേദനിപ്പിച്ചവരോട് ക്ഷമിക്കാൻ ബുദ്ധിമുട്ട്.
▶ പലപ്പോഴും വികാരങ്ങളെ നിയന്ത്രിക്കാനാകാതെ വരുന്നു.
▶ ദേഷ്യപ്പെട്ട ശേഷം ലജ്ജയും കുറ്റബോധവും തോന്നുന്നു. *
[അടിക്കുറിപ്പ്]
^ ഖ. 36 MentalHelp.net-ൽ നിന്നുള്ള വിവരങ്ങൾ.
[6-ാം പേജിലെ ചതുരം]
കോപം ചില കണക്കുകൾ
അമിത കോപത്തെക്കുറിച്ച് ഇംഗ്ലണ്ടിലെ ‘ലണ്ടൻ മാനസിക ആരോഗ്യ സംഘടന’ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി. ആ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്ന ചില കണക്കുകളാണ് താഴെ:
84 ശതമാനം ആളുകൾക്ക് അഞ്ചുവർഷം മുമ്പ് ഉണ്ടായിരുന്നതിനെക്കാൾ കൂടുതൽ സമ്മർദം ജോലി സ്ഥലങ്ങളിൽ അനുഭവപ്പെടുന്നു.
65 ശതമാനം ഓഫീസ് ജോലിക്കാർ അനിയന്ത്രിതമായ കോപത്തിന് ഇരയായിട്ടുണ്ട്.
45 ശതമാനം ജോലിക്കാർക്ക് ജോലിക്കിടയിൽ പതിവായി തങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാറുണ്ട്.
ജോലിക്ക് ഹാജരാകാത്തവരിൽ 60 ശതമാനത്തോളം ആളുകൾ സമ്മർദം നിമിത്തമാണ് ജോലിക്ക് ഹാജരാകാത്തത്.
ബ്രിട്ടനിലുള്ള 33 ശതമാനം ആളുകൾ അയൽക്കാരുമായി ദേഷ്യത്തിലാണ്; പരസ്‌പരം സംസാരിക്കാൻപോലും ഇവർ കൂട്ടാക്കാറില്ല.
64 ശതമാനം ആളുകൾ ഒരു സർവേയിൽ പറഞ്ഞത്, ആളുകൾ മുമ്പത്തെ അപേക്ഷിച്ച് കൂടുതൽ കോപപ്രവണതയുള്ളവർ ആയിത്തീരുന്നു എന്നാണ്.
32 ശതമാനം ആളുകൾക്ക് കോപം നിയന്ത്രിക്കാൻ പ്രയാസപ്പെടുന്ന സുഹൃത്തുക്കളോ ബന്ധുക്കളോ ഉണ്ട്.
[5-ാം പേജിലെ ചിത്രം]
നിങ്ങൾ കോപത്തോടെ പൊട്ടിത്തെറിക്കുമ്പോൾ മക്കളെ അത് എങ്ങനെ ബാധിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?
[6-ാം പേജിലെ ചിത്രം]
കോപം, അക്രമം എന്നിവയെക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണത്തെ വിനോദവ്യവസായം സ്വാധീനിക്കുന്നുണ്ടോ?