വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കോപത്തിനു കടിഞ്ഞാണിടാം

കോപത്തിനു കടിഞ്ഞാണിടാം

കോപത്തിനു കടിഞ്ഞാണിടാം

രണ്ടായിരത്തിലധികം വർഷങ്ങൾക്കുമുമ്പ്‌ ഗ്രീക്ക്‌ തത്ത്വചിന്തകനായ അരിസ്റ്റോട്ടിൽ ‘വിരേചനം’ എന്നർഥമുള്ള ‘കഥാർസിസ്‌’ എന്ന ഗ്രീക്ക്‌ പദം ഉപയോഗിക്കുകയുണ്ടായി. ദുരന്തനാടകം വീക്ഷിക്കുന്നതിലൂടെ തീവ്രമായ മാനസിക സംഘർഷവും വികാരവിക്ഷോഭവും ‘നിർമാർജനം’ ചെയ്യാൻ കഴിയുമെന്ന്‌ സ്ഥാപിക്കുന്നതിനാണ്‌ അദ്ദേഹം ഈ പദം ഉപയോഗിച്ചത്‌. മാനസിക സംഘർഷം അടക്കിവെക്കാതെ പുറന്തള്ളുകയാണെങ്കിൽ ഒരുതരം മാനസിക സംതൃപ്‌തി അനുഭവവേദ്യമാകും എന്നായിരുന്നു അതിന്റെ സാരം.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിൽ, ഓസ്‌ട്രിയയിലെ സിഗ്മണ്ട്‌ ഫ്രോയ്‌ഡ്‌ എന്ന നാഡീശാസ്‌ത്രജ്ഞൻ സമാനമായ വീക്ഷണത്തെ അനുകൂലിക്കുകയുണ്ടായി. നിഷേധാത്മക വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കാതെ അമർത്തിവെക്കുന്നവർക്ക്‌ കാലക്രമത്തിൽ മനോവിഭ്രാന്തിപോലുള്ള മാനസിക പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. അതുകൊണ്ട്‌ നിങ്ങൾ കോപം അടക്കിവെക്കാതെ അതു പ്രകടിപ്പിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം.

എന്നാൽ ഈ അടുത്ത കാലങ്ങളിൽ, അതായത്‌ 1970-കളിലും 1980-കളിലും കഥാർസിസ്‌ സിദ്ധാന്തം പരീക്ഷിച്ചുനോക്കിയ ഗവേഷകർക്ക്‌ അതിനെ പിന്താങ്ങുന്ന യാതൊന്നും കണ്ടെത്താനായിട്ടില്ല. ഈ വസ്‌തുത മനഃശാസ്‌ത്ര വിദഗ്‌ധനായ കാരൾ താവ്രിസിനെ ഇങ്ങനെ എഴുതാൻ പ്രേരിപ്പിച്ചു: “കഥാർസിസ്‌ സിദ്ധാന്തത്തിന്റെ നെഞ്ചിലൂടെ വെടിയുണ്ട പായിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കോപംപോലുള്ള നിഷേധാത്മക വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കുന്നത്‌ മാനസിക സംഘർഷത്തിൽനിന്ന്‌ മുക്തി നേടാൻ സഹായിക്കുമെന്ന്‌ ഒരു ഗവേഷണവും തെളിയിച്ചിട്ടില്ല.”

ഗാരി ഹാൻകിൻസ്‌ എന്ന മനഃശാസ്‌ത്രജ്ഞൻ അഭിപ്രായപ്പെടുന്നത്‌ ഇങ്ങനെയാണ്‌: “കഥാർസിസ്‌ സിദ്ധാന്തം പരീക്ഷിച്ച്‌ കോപത്തിന്റെ ‘കെട്ടഴിച്ചുവിടുന്നത്‌’ പലപ്പോഴും നിങ്ങളുടെ കോപം ശമിപ്പിക്കുകയല്ല മറിച്ച്‌ കൂടുതൽ രൂക്ഷമാക്കുകയാണ്‌ ചെയ്യുന്നതെന്ന്‌ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.” ഈ സിദ്ധാന്തത്തിന്റെ കാര്യത്തിൽ മാനസികാരോഗ്യ വിദഗ്‌ധർക്ക്‌ ഏകാഭിപ്രായത്തിൽ എത്താനാകുമെന്നു തോന്നുന്നില്ല. പക്ഷേ, ജ്ഞാനത്തിന്റെ ഉറവിടമായ മറ്റൊരു സരണിയിൽനിന്ന്‌, ബൈബിളിൽനിന്ന്‌ അനേകരും പ്രയോജനം നേടിയിരിക്കുന്നു.

‘കോപം കളയുക’

കോപം നിയന്ത്രിക്കുന്നതിനെക്കുറിച്ച്‌ സങ്കീർത്തനക്കാരനായ ദാവീദ്‌ ബൈബിളിൽ മനോഹരമായി വിവരിച്ചിരിക്കുന്നത്‌ നോക്കുക: “കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക; മുഷിഞ്ഞുപോകരുതു; അതു ദോഷത്തിന്നു ഹേതുവാകേയുള്ളു.” (സങ്കീർത്തനം 37:8) കോപം നിമിത്തം ‘മുഷിയാതിരിക്കുകയാണെങ്കിൽ,’ പിന്നീട്‌ കുറ്റബോധം തോന്നിയേക്കാവുന്ന എന്തെങ്കിലും ചെയ്യുന്നതോ പറയുന്നതോ ഒഴിവാക്കാൻ നിങ്ങൾക്കു കഴിയും. സംഗതി പറയാൻ എളുപ്പമാണ്‌, പ്രവർത്തിക്കാനാണ്‌ ബുദ്ധിമുട്ട്‌. പക്ഷേ, നിങ്ങൾക്ക്‌ അതു സാധിക്കും. കോപം നിയന്ത്രിക്കാൻ സഹായിക്കുന്ന മൂന്നുകാര്യങ്ങളെക്കുറിച്ച്‌ നമുക്കിപ്പോൾ നോക്കാം.

കോപത്തിന്റെ തീവ്രത കുറയ്‌ക്കുക

കോപം നിയന്ത്രിക്കുന്നതിന്‌ ചിന്തയിലും പെരുമാറ്റത്തിലും വേഗത കുറയ്‌ക്കുക, ശാന്തരാകുക. ദേഷ്യപ്പെട്ടിരിക്കുമ്പോൾ മനസ്സിൽ തോന്നുന്നത്‌ എടുത്തുചാടി പറയരുത്‌. വല്ലാത്ത മാനസിക സംഘർഷം നിമിത്തം നിയന്ത്രണം വിട്ടുപോകാൻ സാധ്യതയുണ്ടെങ്കിൽ ഈ ബൈബിൾ ബുദ്ധിയുപദേശം ഓർക്കുക: “കലഹത്തിന്റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ; ആകയാൽ കലഹമാകുംമുമ്പെ തർക്കം നിർത്തിക്കളക.”—സദൃശവാക്യങ്ങൾ 17:14.

തന്റെ ചൂടൻ സ്വഭാവത്തിനു കടിഞ്ഞാണിടാൻ ജാക്കിനെ സഹായിച്ചത്‌ അതാണ്‌. അദ്ദേഹത്തിന്റെ പിതാവ്‌ ഒരു കുടിയനും ദേഷ്യക്കാരനും ആയിരുന്നു. വളർന്നുവന്നപ്പോൾ ജാക്കിന്റെ സ്വഭാവവും അക്രമാസക്തമായിത്തീർന്നു. അദ്ദേഹം പറയുന്നു: “ദേഷ്യം വരുമ്പോൾ തീയിൽ നിൽക്കുന്നതുപോലെയാണ്‌ എനിക്കു തോന്നിയിരുന്നത്‌. ഞാൻ ദേഷ്യത്തോടെ ആക്രോശിക്കുകയും മുഷ്ടിചുരുട്ടി ഇടിക്കാൻ തുനിയുകയും ചെയ്യുമായിരുന്നു.”

എന്നാൽ, യഹോവയുടെ സാക്ഷികളോടൊത്ത്‌ ബൈബിൾ പഠിക്കാൻ തുടങ്ങിയതോടെ ജാക്കിന്റെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ ദൃശ്യമായി. ദൈവത്തിന്റെ സഹായത്താൽ മാറ്റംവരുത്താനും തന്റെ ദേഷ്യം നിയന്ത്രിക്കാനും സാധിക്കുമെന്ന്‌ അദ്ദേഹം മനസ്സിലാക്കി. അതുപോലെതന്നെ സംഭവിക്കുകയും ചെയ്‌തു. ഒരിക്കൽ ഒരു സഹജോലിക്കാരൻ തന്റെ നേർക്ക്‌ ദേഷ്യപ്പെട്ട്‌ അസഭ്യം ചൊരിഞ്ഞപ്പോൾ എങ്ങനെയാണ്‌ താൻ പ്രതികരിച്ചതെന്ന്‌ ജാക്ക്‌ വിവരിക്കുന്നു: “എന്റെ സിരകളിലൂടെ കോപം നുരഞ്ഞുപൊന്തി. അയാളെ അടിച്ചു താഴെയിടാനാണ്‌ എനിക്ക്‌ ആദ്യം തോന്നിയത്‌.”

എന്നാൽ ശാന്തത കൈവരിക്കാൻ ജാക്കിനെ സഹായിച്ചത്‌ എന്താണ്‌? അദ്ദേഹം പറയുന്നു: “‘ശാന്തനാകാൻ എന്നെ സഹായിക്കണമേ’ എന്നു യഹോവയോടു പ്രാർഥിച്ചത്‌ ഞാൻ ഓർക്കുന്നു. ജീവിതത്തിൽ ആദ്യമായി എന്നിൽ സമാധാനം നിറയുന്നതായി അപ്പോൾ എനിക്ക്‌ അനുഭവപ്പെട്ടു. മറുത്തൊന്നും പറയാതെ അവിടംവിട്ടു പോകാൻ എനിക്കു കഴിഞ്ഞു.” ജാക്ക്‌ തന്റെ ബൈബിൾപഠനം തുടർന്നു; ദൈവത്തോടു പ്രാർഥിക്കുകയും സദൃശവാക്യങ്ങൾ 26:20-ലെ “വിറകു ഇല്ലാഞ്ഞാൽ തീ കെട്ടുപോകും” എന്നതുപോലുള്ള തിരുവെഴുത്തുകളെക്കുറിച്ച്‌ ധ്യാനിക്കുകയും ചെയ്‌തു. ഒടുവിൽ, കോപത്തെ നിയന്ത്രിക്കുന്നതിൽ ജാക്ക്‌ വിജയിക്കുകതന്നെ ചെയ്‌തു.

ശാന്തരാകാൻ പഠിക്കുക

“ശാന്തമനസ്സു ദേഹത്തിന്നു ജീവൻ.” (സദൃശവാക്യങ്ങൾ 14:30) ഈ അടിസ്ഥാന ബൈബിൾതത്ത്വം ജീവിതത്തിൽ പ്രാവർത്തികമാക്കുന്നത്‌ ഒരുവന്റെ ശാരീരികവും വൈകാരികവും ആത്മീയവും ആയ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. കോപത്തെ വരുതിയിലാക്കി ശാന്തത കൈവരിക്കാൻ സഹായിക്കുന്ന ലളിതമായ ചില മാർഗങ്ങൾ പഠിച്ചെടുക്കുക. പിരിമുറുക്കം മൂലമുണ്ടാകുന്ന കോപം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില നിർദേശങ്ങളാണ്‌ ചുവടെ:

● ദീർഘമായി ശ്വാസോച്ഛ്വാസം ചെയ്യുക; കോപത്തിന്റെ തീവ്രത പെട്ടെന്നു കുറയ്‌ക്കാനുള്ള ഏറ്റവും മികച്ച ഒരു മാർഗമാണിത്‌.

● ഓരോ തവണ ശ്വാസം എടുക്കുമ്പോഴും ശാന്തത കൈവരിക്കാൻ സഹായിക്കുന്ന തരത്തിലുള്ള, “ശാന്തനാകൂ,” “അതുപോട്ടെ,” “കാര്യമാക്കേണ്ട” എന്നിങ്ങനെയുള്ള വാക്കുകൾ ഉരുവിടുക.

● വായന, സംഗീതം, പൂന്തോട്ടപരിപാലനം എന്നിങ്ങനെ നിങ്ങൾക്ക്‌ സന്തോഷം നൽകുന്നതും ശാന്തത കൈവരിക്കാൻ സഹായിക്കുന്നതും ആയ ഏതെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടുക.

● ക്രമമായ വ്യായാമവും പോഷകപ്രദമായ ഭക്ഷണവും ശീലമാക്കുക.

അമിതമായി പ്രതീക്ഷിക്കാതിരിക്കുക

കോപം ജ്വലിപ്പിച്ചേക്കാവുന്ന കാര്യങ്ങളെയും ആളുകളെയും പാടേ ഒഴിവാക്കാൻ നിങ്ങൾക്കു സാധിച്ചെന്നു വരില്ല. പക്ഷേ, നിങ്ങളുടെ പ്രതികരണം നിയന്ത്രിക്കാൻ നിങ്ങൾക്കാകും. അതിന്‌ നിങ്ങളുടെ ചിന്താരീതിയിൽ അൽപ്പം പൊരുത്തപ്പെടുത്തലുകൾ വേണ്ടിവന്നേക്കാം.

മറ്റുള്ളവരിൽനിന്ന്‌ അമിതമായി പ്രതീക്ഷിക്കുന്നവർക്ക്‌ കോപിക്കാനുള്ള പ്രവണത കൂടുതലായിരിക്കും. എന്താണ്‌ കാരണം? അവരുടെ പ്രതീക്ഷകൾക്കൊത്ത്‌ ആളുകളോ സാഹചര്യങ്ങളോ ഉയരുന്നില്ലെങ്കിൽ അത്തരക്കാർ പെട്ടെന്ന്‌ നിരാശിതരാകുകയും എളുപ്പത്തിൽ കോപിക്കുകയും ചെയ്യും. മറ്റുള്ളവരിൽനിന്ന്‌ പൂർണത പ്രതീക്ഷിക്കുന്ന ഇത്തരം മനോഭാവം ഒഴിവാക്കാൻ ഈ വസ്‌തുത മനസ്സിൽപ്പിടിക്കുക: ‘നീതിമാൻ ആരുമില്ല; ഒരുവൻപോലുമില്ല. എല്ലാവരും വഴിതെറ്റി ഒരുപോലെ ആയിത്തീർന്നിരിക്കുന്നു.’ (റോമർ 3:10, 12) അതുകൊണ്ട്‌ നമ്മളോ മറ്റുള്ളവരോ പൂർണരാണെന്നു ചിന്തിക്കുകയാണെങ്കിൽ സ്വയം പരാജയപ്പെടാൻ നാം തയ്യാറെടുക്കുകയായിരിക്കും.

നമ്മെക്കുറിച്ചോ മറ്റുള്ളവരെക്കുറിച്ചോ അമിതമായി പ്രതീക്ഷിക്കാതിരിക്കുന്നതാണ്‌ ജ്ഞാനം. ബൈബിൾ പറയുന്നു: “നാമെല്ലാം പലതിലും തെറ്റിപ്പോകുന്നുവല്ലോ. വാക്കിൽ തെറ്റാത്തവനായി ആരെങ്കിലും ഉണ്ടെങ്കിൽ അവൻ . . . പൂർണമനുഷ്യൻ ആകുന്നു.” (യാക്കോബ്‌ 3:2) അതെ, “പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയിൽ ഇല്ല.” (സഭാപ്രസംഗി 7:20) നമുക്കില്ലാത്ത ഒരു കാര്യം—പൂർണത—ഉണ്ടെന്നു ഭാവിച്ചാൽ സംഘർഷവും ക്രോധവും നിറഞ്ഞതായിരിക്കും നമ്മുടെ ജീവിതം.

അപൂർണരായതിനാൽ നമുക്കെല്ലാം പലപ്പോഴും ദേഷ്യം വരുക സ്വാഭാവികമാണ്‌. പക്ഷേ അത്‌ എങ്ങനെ പ്രകടിപ്പിക്കുന്നു എന്നത്‌ ഓരോരുത്തരുടെയും തീരുമാനമാണ്‌. പൗലോസ്‌ അപ്പൊസ്‌തലൻ സഹക്രിസ്‌ത്യാനികൾക്ക്‌ ഇങ്ങനെ മുന്നറിയിപ്പു നൽകി: “കോപം വന്നാലും പാപം ചെയ്യരുത്‌; സൂര്യൻ അസ്‌തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുത്‌.” (എഫെസ്യർ 4:26) അതെ, കോപം നിയന്ത്രിക്കുന്നതിലൂടെ നമ്മുടെ വികാരങ്ങൾ ശരിയായ വിധത്തിൽ പ്രകടിപ്പിക്കാൻ നമുക്കു സാധിക്കും. അത്‌ എല്ലാവർക്കും പ്രയോജനം വരുത്തും. (g12-E 03)

[8, 9 പേജുകളിലെ ചതുരം/ചിത്രങ്ങൾ]

ശാന്തരാകാൻ പഠിക്കുക

ദീർഘമായി ശ്വാസോച്ഛ്വാസം ചെയ്യുക

നിങ്ങൾക്ക്‌ സന്തോഷം നൽകുന്ന എന്തെങ്കിലും ചെയ്യുക

പതിവായി വ്യായാമം ചെയ്യുക