വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആരോഗ്യദായകമായ ഭക്ഷണം സകലർക്കും ഉടൻ!

ആരോഗ്യദായകമായ ഭക്ഷണം സകലർക്കും ഉടൻ!

ആരോഗ്യദായകമായ ഭക്ഷണം സകലർക്കും ഉടൻ!

നാം കഴിക്കുന്ന ആഹാരം നമ്മുടെ ആരോഗ്യം നശിപ്പിക്കാതിരിക്കാൻ പ്രായോഗികമായി പലതും ചെയ്യാനാകും എന്നത്‌ ശരിയാണ്‌. പക്ഷേ, എത്രയൊക്കെ ശ്രദ്ധിച്ചാലും നമ്മുടെ നിയന്ത്രണത്തിലല്ലാത്ത പല കാര്യങ്ങളും അപകടം വരുത്തിവെച്ചേക്കാം. ഉദാഹരണത്തിന്‌, ഭക്ഷ്യവസ്‌തുക്കൾ വാങ്ങുന്നതിനും പാകം ചെയ്യുന്നതിനും മുമ്പ്‌ എല്ലാം പരിശോധിച്ചുനോക്കുക പറ്റുന്ന കാര്യമല്ല. ഒരുപക്ഷേ, മറ്റെവിടെയെങ്കിലും വെച്ച്‌ തയ്യാറാക്കി കയറ്റിവിടുന്ന ഭക്ഷ്യവസ്‌തുക്കളായിരിക്കാം നമുക്ക്‌ ലഭിക്കുന്നത്‌. ഇനി, നാം വാങ്ങുന്ന ആഹാരസാധനങ്ങളിൽ വായുവിലോ ജലത്തിലോ മണ്ണിലോ ഉള്ള ഹാനികരമായ രാസപദാർഥങ്ങൾ കലർന്നിട്ടുണ്ടാകാനും ഇടയുണ്ട്‌.

“ഭക്ഷ്യജന്യരോഗ നിയന്ത്രണം: ഒരു അന്താരാഷ്‌ട്ര പ്രശ്‌നം” എന്ന തലക്കെട്ടോടു കൂടിയ ഒരു റിപ്പോർട്ടിൽ ലോകാരോഗ്യ സംഘടനയിലെ വിദഗ്‌ധർ പറയുന്നത്‌ ഇങ്ങനെയാണ്‌: ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങൾ “ദേശീയതലത്തിൽ പരിഹരിക്കാൻ ശ്രമിച്ചതുകൊണ്ടു കാര്യമില്ല; അതിന്‌, അന്താരാഷ്‌ട്ര സഹകരണം കൂടിയേ തീരൂ.” അതെ, ഭക്ഷ്യജന്യരോഗങ്ങൾ ഒരു ആഗോളപ്രശ്‌നമാണ്‌!

സാഹചര്യം ഇതായിരിക്കെ, “സകലർക്കും ആരോഗ്യദായകമായ ഭക്ഷണം ഉടൻ ലഭിക്കുമെന്ന്‌ എന്താണ്‌ ഉറപ്പ്‌?” എന്ന്‌ പലരും ചോദിക്കുന്നു. ആഹാരസംബന്ധിയായ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കൊണ്ടുവരുമെന്ന്‌ “സർവ്വഭൂമിയുടെയും നാഥനായ യഹോവ”യാണ്‌ ഉറപ്പു നൽകിയിരിക്കുന്നത്‌. (യോശുവ 3:13) എന്നിരുന്നാലും, ഇന്ന്‌ ലഭിക്കുന്ന ആരോഗ്യകരമല്ലാത്ത ഭക്ഷ്യവസ്‌തുക്കൾ കാണുമ്പോൾ ദൈവത്തിൽ ആശ്രയിക്കാൻ കഴിയില്ലെന്ന്‌ ചിലർ പറയുന്നു. എന്നാൽ ഇങ്ങനെയൊന്ന്‌ ചിന്തിച്ചുനോക്കൂ: വിളമ്പുകാരന്റെ അശ്രദ്ധമൂലം നല്ലൊരു ആഹാരസാധനം മോശമായാൽ പാചകക്കാരനെ കുറ്റപ്പെടുത്തുന്നതിൽ അർഥമുണ്ടോ? ഒരിക്കലുമില്ല.

സമാനമായി, ഭൂമിയിൽ ഉത്‌പാദിപ്പിക്കുന്ന ഭക്ഷ്യവസ്‌തുക്കൾ ഭക്ഷ്യയോഗ്യമല്ലാതാക്കുന്നത്‌ മനുഷ്യനാണ്‌, അല്ലാതെ അത്‌ ഉണ്ടാക്കിയ സ്രഷ്ടാവല്ല. അതെ, ആഹാരസംബന്ധിയായ പ്രശ്‌നങ്ങൾക്കു പിന്നിൽ മനുഷ്യകരങ്ങളാണ്‌. പക്ഷേ, ദൈവം വാഗ്‌ദാനം ചെയ്യുന്നു: ‘ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കും.’​—⁠വെളിപാട്‌ 11:⁠18.

നാം കഴിക്കുന്ന ആഹാരം ഗുണനിലവാരമുള്ളതായിരിക്കാനാണ്‌ ദൈവം ആഗ്രഹിക്കുന്നത്‌. തനിക്ക്‌ അതേക്കുറിച്ച്‌ ചിന്തയുണ്ടെന്ന്‌ ദൈവം ഇതിനോടകം കാണിച്ചിരിക്കുന്നു. അവൻ ഭൂമിയെ സൃഷ്ടിച്ചപ്പോൾ അതിൽ “കാണ്മാൻ ഭംഗിയുള്ള” ഫലവൃക്ഷങ്ങൾ മാത്രമല്ല “തിന്മാൻ നല്ല ഫലമുള്ള” വൃക്ഷങ്ങളെയും മുളപ്പിച്ചെന്ന്‌ ബൈബിൾ പറയുന്നു. (ഉല്‌പത്തി 2:⁠9) മനുഷ്യകുലത്തിന്‌ രോഗങ്ങൾ പിടിപെട്ടതിനു ശേഷവും ആരോഗ്യപരിപാലനത്തിനും ഭക്ഷ്യസുരക്ഷയ്‌ക്കും വേണ്ട വ്യക്തമായ നിർദേശങ്ങൾ യഹോവയാംദൈവം തന്റെ ജനത്തിനു നൽകുകയുണ്ടായി.​—⁠“ആരോഗ്യപരിരക്ഷയ്‌ക്ക്‌ ഒരു നിയമസംഹിത” എന്ന ചതുരം കാണുക.

നാം ഏതുതരം ആഹാരം കഴിക്കാനാണ്‌ ദൈവം ആഗ്രഹിക്കുന്നത്‌? ബൈബിൾ പറയുന്നു: “അവൻ മൃഗങ്ങൾക്കു പുല്ലും മനുഷ്യന്റെ ഉപയോഗത്തിന്നായി സസ്യവും മുളെപ്പിക്കുന്നു; അവൻ ഭൂമിയിൽനിന്നു ആഹാരവും മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും അവന്റെ മുഖത്തെ മിനുക്കുവാൻ എണ്ണയും മനുഷ്യന്റെ ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും ഉത്ഭവിപ്പിക്കുന്നു.” (സങ്കീർത്തനം 104:​14, 15) “ഭൂചരജന്തുക്കളൊക്കെയും നിങ്ങൾക്കു ആഹാരം ആയിരിക്കട്ടെ” എന്നും ബൈബിൾ പറയുന്നു.​—⁠ഉല്‌പത്തി 9:⁠3.

ഭാവിയെക്കുറിച്ച്‌ അവന്റെ വചനം വാഗ്‌ദാനം ചെയ്യുന്നത്‌ ഇതാണ്‌: “നീ നിലത്തു വിതെക്കുന്ന വിത്തിന്നു മഴയും നിലത്തിലെ വിളവായ അപ്പവും അവൻ നിനക്കു തരും; അതു പുഷ്ടിയും സമൃദ്ധിയും ഉള്ളതായിരിക്കും; അന്നു നിന്റെ കന്നുകാലികൾ വിസ്‌താരമായ മേച്ചൽപുറങ്ങളിൽ മേയും.” (യെശയ്യാവു 30:23) അതെ, ഇന്നത്തെ ഉത്‌കണ്‌ഠാജനകമായ വാർത്തകൾക്കു പകരം പെട്ടെന്നുതന്നെ ഇങ്ങനെയൊരു വാർത്ത കേൾക്കാം: “ആരോഗ്യദായകമായ ഭക്ഷണം സകലർക്കും!” (g12-E 06)

[9-ാം പേജിലെ ആകർഷകവാക്യം]

സുഭിക്ഷമായി ആഹാരം ലഭിക്കുന്ന ഒരു നല്ല ഭാവി സ്രഷ്ടാവ്‌ വാഗ്‌ദാനം ചെയ്യുന്നു

[8-ാം പേജിലെ ചതുരം]

“ആരോഗ്യപരിരക്ഷയ്‌ക്ക്‌ ഒരു നിയമസംഹിത”

ഏതാണ്ട്‌ 3,500 വർഷങ്ങൾക്കു മുമ്പ്‌ ഇസ്രായേൽ ജനതയ്‌ക്ക്‌ മോശൈക ന്യായപ്രമാണം ലഭിച്ചു. പല ഭക്ഷ്യജന്യരോഗങ്ങളിൽനിന്നും ആ നിയമസംഹിത ഇസ്രായേല്യരെ സംരക്ഷിക്കുകയുണ്ടായി. അവർക്കു ലഭിച്ച ചില നിർദേശങ്ങൾ നോക്കൂ:

● ചത്ത മൃഗവുമായി സമ്പർക്കത്തിൽ വന്ന ഉപകരണങ്ങളും പാത്രങ്ങളും തൊടരുത്‌: ‘പാത്രം എന്തായാലും വെള്ളത്തിൽ ഇടേണം; അതു സന്ധ്യവരെ അശുദ്ധമായിരിക്കേണം; പിന്നെ ശുദ്ധമാകും.’​—⁠ലേവ്യപുസ്‌തകം 11:​31-34.

● തനിയെ ചത്ത മൃഗത്തെ ഭക്ഷിക്കരുത്‌: “താനേ ചത്ത ഒന്നിനെയും തിന്നരുത്‌.”​—⁠ആവർത്തനപുസ്‌തകം 14:⁠21.

● മിച്ചം വരുന്നത്‌ ഏറെ ദിവസം സൂക്ഷിക്കരുത്‌: “ശേഷിപ്പുള്ളതു പിറ്റെന്നാളും തിന്നാം. യാഗമാംസത്തിൽ മൂന്നാം ദിവസംവരെ ശേഷിക്കുന്നതു തീയിൽ ഇട്ടു ചുട്ടുകളയേണം.”​—⁠ലേവ്യപുസ്‌തകം 7:​16-18.

ചുറ്റുമുള്ള ദേശങ്ങൾക്കുണ്ടായിരുന്ന നിയമസംഹിതയോട്‌ താരതമ്യം ചെയ്യുമ്പോൾ മോശൈക ന്യായപ്രമാണത്തിൽ അടങ്ങിയിരുന്ന “വിജ്ഞാനപ്രദവും ന്യായയുക്തവും ആയ ആരോഗ്യപരിരക്ഷാ നിയമങ്ങൾ” തന്നെ ഏറെ അതിശയിപ്പിക്കുന്നതായി ഡോ. എ. റെൻഡൽ ഷോർട്ട്‌ പറയുന്നു.