വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ ബന്ധം വെറും സൗഹൃദമോ? അതോ. . . ഭാഗം 1

ഞങ്ങളുടെ ബന്ധം വെറും സൗഹൃദമോ? അതോ. . . ഭാഗം 1

യുവജനങ്ങൾ ചോദിക്കുന്നു

ഞങ്ങളുടെ ബന്ധം വെറും സൗഹൃദമോ? അതോ. . . ഭാഗം 1

ഈ തലക്കെട്ട്‌ വായിച്ചപ്പോൾ ആരുടെയെങ്കിലും മുഖം നിങ്ങളുടെ മനസ്സിൽ തെളിഞ്ഞോ?

ഉവ്വ്‌ → എങ്കിൽ ഈ ലേഖനം എത്രയും പെട്ടെന്നു വായിക്കുക. ഇതിലെ വിവരങ്ങൾ നിങ്ങൾ കരുതുന്നതിലും ഏറെ ഗുണം ചെയ്യും.

ഇല്ല → എന്നാലും വായിച്ചോളൂ.എതിർലിംഗത്തിലുള്ളവരുമായുള്ള സൗഹൃദം പരിധി വിടാതെ, പ്രശ്‌നങ്ങൾ ഇല്ലാതെ നിലനിറുത്തിക്കൊണ്ടുപോകാൻ ഇതു നിങ്ങളെ സഹായിക്കും.

താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവന ശരിയോ തെറ്റോ:

വിവാഹത്തെക്കുറിച്ച്‌ ഗൗരവമായി ചിന്തിക്കാത്തിടത്തോളംകാലം എതിർലിംഗത്തിൽപ്പെട്ടവരുമായി ഒരു സൗഹൃദവും പാടില്ല.

___ ശരി ___ തെറ്റ്‌

ഓർക്കുക: യേശു വിവാഹത്തെക്കുറിച്ച്‌ ചിന്തിച്ചിരുന്നില്ല. പക്ഷേ, എതിർലിംഗത്തിൽപ്പെട്ട ധാരാളം സുഹൃത്തുക്കൾ അവനുണ്ടായിരുന്നു എന്ന്‌ തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. (മത്തായി 12:​46-50; ലൂക്കോസ്‌ 8:​1-3) ഏകാകിയായിരുന്ന തിമൊഥെയൊസിനും അത്തരം സുഹൃത്തുക്കൾ ഉണ്ടായിരുന്നിരിക്കണം. കാരണം പൗലോസ്‌ അപ്പൊസ്‌തലൻ അവനോട്‌ പറഞ്ഞു: ‘ഇളയസ്‌ത്രീകളെ പൂർണനിർമലതയോടെ സഹോദരിമാരെപ്പോലെ കണക്കാക്കുക.’​—⁠1 തിമൊഥെയൊസ്‌ 5:​1, 2.

തിമൊഥെയൊസിന്‌ വ്യത്യസ്‌ത സഭകളിൽ സേവിക്കേണ്ടിയിരുന്നതിനാൽ പല ചെറുപ്പക്കാരികളുമായും അവന്‌ ഇടപെടേണ്ടിവരുമെന്ന്‌ പൗലോസിന്‌ അറിയാമായിരുന്നു. (മർക്കോസ്‌ 10:​29, 30) അവരോടൊക്കെ അവൻ സൗഹൃദത്തിലാകുന്നത്‌ തെറ്റായിരുന്നോ? അല്ല. പക്ഷേ, വിവാഹത്തെക്കുറിച്ച്‌ അവൻ ആ സമയത്ത്‌ ചിന്തിക്കുന്നില്ലായിരുന്നതിനാൽ അത്തരം സൗഹൃദങ്ങൾ അതിരുവിടാൻ പാടില്ലായിരുന്നു. അവരുമായി പ്രണയത്തിലാകുന്നത്‌ ഒഴിവാക്കാൻ അത്‌ സഹായിക്കുമായിരുന്നു. എന്നുതന്നെയല്ല, ആ ചെറുപ്പക്കാരികളുമായി ശൃംഗരിക്കാനോ അവരുടെ വികാരങ്ങൾകൊണ്ട്‌ പന്താടാനോ പാടില്ലായിരുന്നു.​—⁠ലൂക്കോസ്‌ 6:⁠31.

നിങ്ങളുടെ കാര്യമോ? വിവാഹത്തെക്കുറിച്ച്‌ നിങ്ങൾ ചിന്തിച്ചുതുടങ്ങിയോ?

ഉവ്വ്‌ ⇨ എതിർലിംഗത്തിൽപ്പെട്ടവരുമായുള്ള നിങ്ങളുടെ സൗഹൃദം നല്ലൊരു ജീവിതപങ്കാളിയെ കണ്ടെത്താൻ വഴിതുറന്നേക്കാം.​—⁠സദൃശവാക്യങ്ങൾ 18:22; 31:⁠10.

ഇല്ല ⇨ പരിധികൾ വെക്കുക! (യിരെമ്യാവു 17:⁠9) പറയാൻ എത്ര എളുപ്പം, അല്ലേ? “എതിർലിംഗത്തിൽപ്പെട്ട ഒരാളെ ഒരു കൂട്ടുകാരനായിമാത്രം കാണുക എന്നത്‌ അത്ര എളുപ്പമല്ല.” “പരിധി വെക്കേണ്ടത്‌ എവിടെ എന്ന്‌ അറിയാനും ബുദ്ധിമുട്ടാണ്‌,” നിയ * എന്ന 18-കാരി പറയുന്നു.

എതിർലിംഗത്തിൽപ്പെട്ടവരുമായുള്ള സൗഹൃദങ്ങളെ പരിധിയിൽ നിറുത്തേണ്ടത്‌ എന്തുകൊണ്ട്‌? ഇല്ലെങ്കിൽ അത്‌ നിങ്ങൾക്കോ മറ്റുള്ളവർക്കോ ഹൃദയവേദന ഉണ്ടാക്കും. എന്തുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌?

വസ്‌തുത: വിവാഹത്തെക്കുറിച്ച്‌ ഗൗരവമായി ചിന്തിക്കുന്നതിന്‌ മുമ്പ്‌ എതിർലിംഗത്തിലുള്ള ഒരാളുമായി മാനസികമായി അടുത്താൽ നിങ്ങളിൽ ആരെങ്കിലും അതിന്റെ പേരിൽ വേദനിക്കേണ്ടിവരും. “രണ്ടുതവണ എനിക്ക്‌ അതു സംഭവിച്ചു,” 19 വയസ്സുള്ള കെല്ലി പറയുന്നു. “ഒരിക്കൽ എനിക്ക്‌ ഒരു പയ്യനോട്‌ ഇഷ്ടം തോന്നി. മറ്റൊരിക്കൽ ഒരു പയ്യൻ എന്നോട്‌ അടുപ്പം കാണിച്ചു. രണ്ടുസന്ദർഭത്തിലും ആരെങ്കിലും ഒരാൾ വേദനിച്ചു. മായാത്ത മുറിപ്പാടുകളായി ഇന്നും അത്‌ എന്റെ ഹൃദയത്തിൽ ഉണ്ട്‌.”

ചിന്തിക്കാൻ:

എതിർലിംഗത്തിൽപ്പെട്ടവരുമായി സമയം ചെലവഴിക്കാൻ ഏറ്റവും നല്ലത്‌ എങ്ങനെയുള്ള സാഹചര്യങ്ങളായിരിക്കും? ഏത്‌ സാഹചര്യങ്ങൾ ഒഴിവാക്കുന്നതാണ്‌ നല്ലത്‌?

എപ്പോഴും ഒരേ വ്യക്തിയോടൊപ്പം ജോഡിതിരിയുന്നത്‌ ബുദ്ധിയല്ലാത്തത്‌ എന്തുകൊണ്ട്‌? മറ്റേ വ്യക്തിക്ക്‌ എന്തു തോന്നിയേക്കാം? നിങ്ങളുടെ മനസ്സിൽ എന്തായിരിക്കാം?

“ ‘ഓ, സൗഹൃദത്തിൽ കവിഞ്ഞ ഒന്നും ഞങ്ങൾക്കിടയിൽ ഇല്ല. അവൻ എനിക്ക്‌ ആങ്ങളയെപ്പോലെയാണ്‌,’ എന്നൊക്കെ പറഞ്ഞ്‌ ഞാൻ ചിലപ്പോഴൊക്കെ സ്വയം വഞ്ചിച്ചിരുന്നു. പക്ഷേ അവൻ മറ്റൊരു പെൺകുട്ടിയോട്‌ അടുക്കുന്നതു കാണുമ്പോൾ എനിക്ക്‌ വിഷമം തോന്നും, എന്നോടു മാത്രമേ അവൻ അടുക്കാവൂ എന്നതുപോലെ.”​—⁠ഡയന.

ബൈബിൾ പറയുന്നത്‌: “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്‌പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.”​—⁠സദൃശവാക്യങ്ങൾ 22:⁠3.

വസ്‌തുത: വിവാഹത്തെക്കുറിച്ച്‌ ഗൗരവമായി ചിന്തിക്കുന്നതിന്‌ മുമ്പ്‌ എതിർലിംഗത്തിലുള്ള ഒരാളുമായി മാനസികമായി അടുത്താൽ നല്ല സൗഹൃദങ്ങൾ നഷ്ടപ്പെടും. “ഞാനും ഒരു പയ്യനും മൊബൈലിലൂടെ എന്നും സന്ദേശങ്ങൾ അയയ്‌ക്കാറുണ്ടായിരുന്നു. പക്ഷേ പതിയെപ്പതിയെ അവൻ അയയ്‌ക്കുന്ന കാര്യങ്ങൾ ശൃംഗാരച്ചുവയുള്ളതായി. ഒരു ദിവസം, അവന്‌ എന്നെ ഇഷ്ടമാണെന്നും വെറും കൂട്ടുകാരായിരുന്നാൽ മാത്രം പോരെന്നും പറഞ്ഞു. എന്നാൽ അവനെ ആ രീതിയിൽ കാണാൻ എനിക്ക്‌ ഒട്ടും പറ്റുമായിരുന്നില്ല. ഞാൻ അത്‌ പറഞ്ഞശേഷം വല്ലപ്പോഴും മാത്രമേ ഞങ്ങൾ സംസാരിച്ചിട്ടുള്ളൂ, ഒടുവിൽ ആ ബന്ധം നിലച്ചു,” പതിനാറുകാരി കാത്തി തന്റെ അനുഭവം പറയുന്നു.

ന്തിക്കാൻ:

ഈ സംഭവത്തിൽ ആരാണ്‌ വേദനിച്ചത്‌, എന്തുകൊണ്ട്‌? ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കാൻ കാത്തിക്കോ ആ ആൺകുട്ടിക്കോ എന്തെങ്കിലും ചെയ്യാനാകുമായിരുന്നോ? എങ്കിൽ എങ്ങനെ?

മൊബൈലിലൂടെ സന്ദേശം കൈമാറുമ്പോൾ സൗഹൃദത്തിൽ കവിഞ്ഞ ഒരു ബന്ധം ആഗ്രഹിക്കുന്നെന്ന സൂചന മനഃപൂർവമല്ലെങ്കിലും മറ്റെയാൾക്ക്‌ ലഭിച്ചേക്കാവുന്നത്‌ എങ്ങനെ?

“ആൺകുട്ടികളോടൊത്ത്‌ സമയം ചെലവഴിക്കുന്നത്‌ മനഃപൂർവം ഒഴിവാക്കേണ്ടിവന്നിട്ടുണ്ട്‌. അവരുമായുള്ള സൗഹൃദം രസകരമാണെങ്കിലും പരിധിക്ക്‌ അപ്പുറംപോയാൽ അവസാനം അതു തകരും. അത്‌ ഞാൻ ആഗ്രഹിക്കുന്നില്ല.”—ലോറ.

ബൈബിൾ പറയുന്നത്‌: ‘വിവേകി താൻ എങ്ങോട്ട്‌ പ്രയാണം ചെയ്യുന്നുവെന്നു നോക്കുന്നു.’​—⁠സുഭാഷിതങ്ങൾ (സദൃശവാക്യങ്ങൾ) 14:​15, ഓശാന ബൈബിൾ.

ചുരുക്കത്തിൽ: എതിർലിംഗത്തിൽപ്പെട്ടവരുമായി ഇടപഴകുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ വിവാഹത്തെക്കുറിച്ച്‌ നിങ്ങൾ ഗൗരവമായി ചിന്തിച്ചിട്ടില്ലെങ്കിൽ ബന്ധങ്ങൾക്ക്‌ പരിധി വെക്കുക.

അടുത്ത ലേഖനത്തിൽ. . .

വിവാഹം കഴിക്കുക എന്ന ഉദ്ദേശ്യമില്ലാതെ എതിർലിംഗത്തിലുള്ളവരുമായി വൈകാരികമായി അടുത്താൽ അത്‌ നിങ്ങളുടെ സത്‌പേരിനെ ബാധിക്കും, എങ്ങനെ? (g12-E 06)

“യുവജനങ്ങൾ ചോദിക്കുന്നു” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.pr418.com എന്ന വെബ്‌സൈറ്റിൽ കാണാവുന്നതാണ്‌.

[അടിക്കുറിപ്പ്‌]

^ ഖ. 13 ഈ ലേഖനത്തിലെ ചില പേരുകൾ മാറ്റിയിരിക്കുന്നു.

[22-ാം പേജിലെ ചതുരം]

നിങ്ങളാണെങ്കിൽ എന്തു ചെയ്യും?

അനുഭവകഥ:

“1,500 കിലോമീറ്ററിലേറെ അകലെയുള്ള ഒരു സുഹൃത്തിന്‌ ഞാൻ സന്ദേശം അയയ്‌ക്കാൻ തുടങ്ങി. ആഴ്‌ചയിൽ ഒരിക്കലെങ്കിലും ഞങ്ങൾ അങ്ങനെ സന്ദേശങ്ങൾ കൈമാറുമായിരുന്നു. എനിക്ക്‌ അവനോട്‌ പ്രണയമൊന്നും തോന്നിയിട്ടില്ല. അവനും അങ്ങനെയൊന്നുമില്ലെന്നാണ്‌ ഞാൻ കരുതിയത്‌. പക്ഷേ ഒരു ദിവസം അവന്റെ ഒരു സന്ദേശം വന്നു: ‘എന്റെ കരളേ, ഞാൻ നിന്നെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു. ഇത്രയും ദിവസം നീ എവിടെയായിരുന്നു?’ ഞാൻ ഞെട്ടിപ്പോയി! സൗഹൃദത്തിൽ കവിഞ്ഞ ഒന്നായി ഞാൻ ഈ ബന്ധത്തെ കണ്ടിട്ടില്ലെന്ന്‌ പറഞ്ഞു. ‘ഓ, അങ്ങനെയായിരുന്നോ?’ അവൻ തിരിച്ച്‌ അയച്ചു. പിന്നീട്‌ ഒരിക്കലും അവൻ സന്ദേശം അയച്ചിട്ടില്ല.”—ജാനെറ്റ്‌.

● വിവാഹം കഴിക്കുന്നതിനെക്കുറിച്ച്‌ നിങ്ങൾ ചിന്തിച്ചുതുടങ്ങിയിട്ടില്ലെങ്കിൽ അല്ലെങ്കിൽ നിങ്ങൾ ഇപ്പോൾ അത്‌ ആഗ്രഹിക്കുന്നില്ലെങ്കിൽ ജാനെറ്റിന്‌ ലഭിച്ചതുപോലുള്ള സന്ദേശം ലഭിച്ചാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും?

● നിങ്ങൾ ഒരു ആൺകുട്ടിയാണെങ്കിൽ എന്തു തോന്നുന്നു? ആ പയ്യൻ ഇങ്ങനെയുള്ള സന്ദേശങ്ങൾ അയച്ചത്‌ ശരിയാണോ? എന്തുകൊണ്ട്‌?

● നേരിട്ട്‌ സംസാരിക്കുന്നതിനെക്കാൾ ഫോണിലൂടെ സന്ദേശങ്ങൾ അയയ്‌ക്കുന്നത്‌ വ്യക്തികളെ വൈകാരികമായി അടുപ്പിക്കുമോ? നിങ്ങളുടെ അഭിപ്രായം എന്താണ്‌, എന്തുകൊണ്ട്‌?

[23-ാം പേജിലെ ചിത്രം]

മാതാപിതാക്കളോടു ചോദിക്കുക

‘ചിന്തിക്കാൻ’ എന്നതിന്‌ കീഴിൽ നൽകിയിരിക്കുന്ന ചോദ്യങ്ങളെക്കുറിച്ച്‌ മാതാപിതാക്കളുടെ അഭിപ്രായം ആരായുക. അവർക്ക്‌ വ്യത്യസ്‌തമായ അഭിപ്രായമാണോ ഉള്ളത്‌? എന്താണ്‌ അവരുടെ അഭിപ്രായം? അവ മികച്ചതായിരിക്കുന്നത്‌ ഏതുവിധത്തിൽ?​—⁠സദൃശവാക്യങ്ങൾ 13:⁠10.

[23-ാം പേജിലെ ചതുരം/ചിത്രം]

കൂട്ടുകാർക്ക്‌ പറയാനുള്ളത്‌

ജോഷ്വ​—⁠ഒരേ ആളോടൊപ്പം എത്രത്തോളം സമയം ചെലവഴിക്കുന്നുവോ അത്രത്തോളം നിങ്ങൾ ആ വ്യക്തിയുമായി അടുക്കാൻ സാധ്യതയുണ്ട്‌.

നതാഷ​—⁠വെറും സുഹൃത്തുക്കളായിരിക്കാൻ ആഗ്രഹിക്കുകയും അതേസമയം ഒരാളോടൊപ്പം മാത്രം എന്നും സമയം ചെലവഴിക്കുകയും ചെയ്യുന്നെങ്കിൽ നിങ്ങളിൽ ആർക്കെങ്കിലും അല്ലെങ്കിൽ ഇരുവർക്കും പ്രണയം തോന്നിത്തുടങ്ങാം.

കെൽസി​—⁠വെറും സൗഹൃദമായി തുടങ്ങിയാലും ഏറെ സമയം ഒന്നിച്ച്‌ ചെലവഴിച്ചാൽ നിങ്ങളുടെ ചിന്തകൾ മാറിമറിയാൻ അധികം സമയം വേണ്ടിവരില്ല. വെറും കൂട്ടുകാരായിരിക്കാൻ സാധിക്കും, പക്ഷേ അതിന്‌ പക്വതയും വിവേകവും ആവശ്യമാണ്‌.

[22-ാം പേജിലെ ചിത്രം]

വിവാഹം കഴിക്കുക എന്ന ഉദ്ദേശ്യമില്ലാതെ എതിർലിംഗത്തിലുള്ളവരുമായി വൈകാരികമായി അടുത്താൽ. . . !