വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ ബന്ധം വെറും സൗഹൃദമോ? അതോ. . . ഭാഗം 2

ഞങ്ങളുടെ ബന്ധം വെറും സൗഹൃദമോ? അതോ. . . ഭാഗം 2

യുവജനങ്ങൾ ചോദിക്കുന്നു

ഞങ്ങളുടെ ബന്ധം വെറും സൗഹൃദമോ? അതോ. . . ഭാഗം 2

മുൻലേഖനത്തിൽ നാം പരിചിന്തിച്ചത്‌:

● വിവാഹത്തെക്കുറിച്ച്‌ ഗൗരവമായി ചിന്തിക്കുന്നതിന്‌ മുമ്പ്‌ എതിർലിംഗത്തിലുള്ള ഒരാളുമായി മാനസികമായി അടുത്താൽ നിങ്ങളിൽ ആരെങ്കിലും അതിന്റെ പേരിൽ വേദനിക്കേണ്ടിവരും.​—⁠സദൃശവാക്യങ്ങൾ 6:⁠27.

● വിവാഹത്തെക്കുറിച്ച്‌ ഗൗരവമായി ചിന്തിക്കുന്നതിന്‌ മുമ്പ്‌ എതിർലിംഗത്തിലുള്ള ഒരാളുമായി മാനസികമായി അടുത്താൽ നല്ല സൗഹൃദങ്ങൾ നഷ്ടപ്പെടും. *​—⁠സദൃശവാക്യങ്ങൾ 18:⁠24.

ഈ ലേഖനത്തിൽ നാം പരിചിന്തിക്കുന്നത്‌:

● മാനസികമായി അടുക്കുന്നതിന്റെ മറ്റൊരു അപകടം

● എതിർലിംഗത്തിൽപ്പെട്ട ഒരാളുമായുള്ള സൗഹൃദം പരിധി വിട്ടോ എന്ന്‌ എങ്ങനെ മനസ്സിലാക്കാം?

വസ്‌തുത: വിവാഹത്തെക്കുറിച്ച്‌ ഗൗരവമായി ചിന്തിക്കുന്നതിന്‌ മുമ്പ്‌ എതിർലിംഗത്തിലുള്ള ഒരാളുമായി മാനസികമായി അടുത്താൽ നിങ്ങളുടെ സത്‌പേര്‌ പോകാൻ ഇടയുണ്ട്‌. മിയ * എന്ന പെൺകുട്ടി പറയുന്നു: “ഒന്നിലേറെ പെൺകുട്ടികളുമായി സൗഹൃദമുള്ള പല പയ്യന്മാരെയും എനിക്കറിയാം. അവർക്ക്‌ അതൊരു ‘കളിതമാശയാണ്‌.’ എന്നാൽ പെൺകുട്ടികൾ പലപ്പോഴും ഇത്‌ കാര്യമായിട്ടാണ്‌ കാണുക. പെൺപിള്ളേരുടെ ശ്രദ്ധ പിടിച്ചുപറ്റുക മാത്രമാണ്‌ ഈ പയ്യന്മാരുടെ ലക്ഷ്യം.”

ചിന്തിക്കാൻ:

● ആൺകുട്ടികളായാലും പെൺകുട്ടികളായാലും എതിർലിംഗത്തിലുള്ളവരുമായുള്ള അമിതമായ അടുപ്പം നിങ്ങളുടെ സത്‌പേരിനെ ബാധിച്ചേക്കാവുന്നത്‌ എങ്ങനെ?

“എതിർലിംഗത്തിലുള്ളവർക്ക്‌ മൊബൈലിലൂടെ സന്ദേശങ്ങൾ അയയ്‌ക്കുന്നതിൽ അപകടങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്‌. ഒരാൾക്ക്‌ ഒരു ചെറിയ സന്ദേശം അയച്ചുകൊണ്ടായിരിക്കാം നിങ്ങൾ തുടങ്ങുന്നത്‌. പക്ഷേ പെട്ടെന്നുതന്നെ സന്ദേശങ്ങളുടെ എണ്ണം കൂടും, അതും പലർക്ക്‌. അറിയാതെയാണെങ്കിലും നിങ്ങൾ അങ്ങനെ പലരുമായി അടുപ്പത്തിലാകുന്നു. തനിക്കു മാത്രമാണ്‌ അവൾ സന്ദേശം അയയ്‌ക്കുന്നതെന്നും തന്നോട്‌ അവൾക്ക്‌ ഇഷ്ടമാണെന്നും ആയിരിക്കും ഓരോ ആൺകുട്ടിയും ചിന്തിക്കുന്നത്‌. പക്ഷേ യാഥാർഥ്യം മനസ്സിലാകുമ്പോൾ അത്‌ അവരെ വല്ലാതെ വേദനിപ്പിക്കും. എന്നുതന്നെയല്ല, ശൃംഗാരിയെന്ന ദുഷ്‌പേരും നിങ്ങൾക്കു കിട്ടും.”​—⁠ലോറ

ബൈബിൾ പറയുന്നത്‌: ‘തങ്ങളുടെ സ്വഭാവം നിർദ്ദോഷവും നീതിയുക്തവുമാണോ എന്ന്‌ (ഒരു ആൺകുട്ടി അല്ലെങ്കിൽ പെൺകുട്ടി) സ്വന്തം പ്രവൃത്തികളിലൂടെ വെളിപ്പെടുത്തുന്നു.’​—⁠സുഭാഷിതങ്ങൾ (സദൃശവാക്യങ്ങൾ) 20:​11, പി.ഒ.സി. ബൈബിൾ.

ചുരുക്കത്തിൽ: എതിർലിംഗത്തിലുള്ളവരുമായി ഇടപെടുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ ആ സൗഹൃദങ്ങൾക്ക്‌ പരിധികൾ വെക്കുന്നില്ലെങ്കിൽ അത്‌ ഹൃദയവേദനയ്‌ക്ക്‌ ഇടയാക്കും, നല്ല സൗഹൃദങ്ങൾ നഷ്ടമാകും, നിങ്ങളുടെ സത്‌പേര്‌ കളങ്കപ്പെടും.

സൗഹൃദം പരിധി വിട്ടോ എന്ന്‌ എങ്ങനെ മനസ്സിലാക്കാം? അത്‌ അറിയാൻ സ്വയം ഇങ്ങനെ ചോദിക്കുക: ‘സ്വകാര്യവിവരങ്ങൾ ഞാൻ പങ്കുവെക്കുന്ന എതിർലിംഗത്തിൽപ്പെട്ട ഒരു സുഹൃത്ത്‌ എനിക്കുണ്ടോ?’ എറിൻ എന്ന പെൺകുട്ടി പറയുന്നു: “ഒരു ആൺകുട്ടിയോട്‌ സൗഹൃദത്തിൽ കവിഞ്ഞ ഒന്നുമില്ലെങ്കിൽ നേരം വെളുത്താൽ ഉടനെ ആദ്യം അവനോട്‌ സംസാരിക്കണമെന്നോ അല്ലെങ്കിൽ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം ആദ്യം അവനോട്‌ പറയണമെന്നോ നിങ്ങൾ ചിന്തിക്കുകയില്ല. വൈകാരികപിന്തുണയ്‌ക്ക്‌ അവനെ നിങ്ങൾ ആശ്രയിക്കുകയില്ലെന്നും തീർച്ചയാണ്‌.”

ചിന്തിക്കാൻ:

● എതിർലിംഗത്തിലുള്ള ഒരാളോട്‌ മനസ്സുതുറക്കാൻ ആഗ്രഹം തോന്നുന്നത്‌ എന്തുകൊണ്ട്‌? അതിന്റെ അപകടങ്ങൾ എന്തെല്ലാമാണ്‌?

“പരിചയമുള്ള ആൺകുട്ടികൾ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരൊന്നുമല്ല. പെൺകുട്ടികളോട്‌ സംസാരിക്കുന്നതുപോലെ ഞാൻ അവരുമായി മണിക്കൂറുകളോളം ഫോണിൽ ചെലവഴിക്കാറില്ല. ചില കാര്യങ്ങൾ ഞാൻ അവരോടു പറയുകപോലുമില്ല.”—റിയ.

ബൈബിൾ പറയുന്നത്‌: ‘പറയുന്ന വാക്കുകളിൽ ശ്രദ്ധിക്കുക. വകതിരിവില്ലാതെ സംസാരിക്കുന്നവൻ നശിപ്പിക്കപ്പെടും.’​—⁠സദൃശവാക്യങ്ങൾ 13:​3, പരിശുദ്ധ ബൈബിൾ, ഈസി-റ്റു-റീഡ്‌ വേർഷൻ.

ആലോചിക്കുക: നിങ്ങളുടെ എല്ലാ കാര്യങ്ങളും എതിർലിംഗത്തിലുള്ള ഒരാളോട്‌ പറയുന്നതിൽ കുഴപ്പമുണ്ടോ? നിങ്ങളുടെ ആ സൗഹൃദം പിന്നീട്‌ തകർന്നാലോ? അക്കാര്യങ്ങളെല്ലാം പറഞ്ഞതിനെപ്രതി നിങ്ങൾക്ക്‌ ഖേദിക്കേണ്ടിവരുമോ?

അലക്‌സിസ്‌ എന്ന പെൺകുട്ടി ഇക്കാര്യങ്ങളെല്ലാം ഇങ്ങനെ ചുരുക്കിപ്പറയുന്നു: “എതിർലിംഗത്തിൽപ്പെട്ട ഒരാളാണെന്നു കരുതി ആരെയും അവഗണിക്കേണ്ടതില്ല. പക്ഷേ, സൗഹൃദത്തിൽ കവിഞ്ഞൊരു ബന്ധമാണ്‌ നിങ്ങൾക്കിടയിലുള്ളതെങ്കിൽ അതിനെ വെറുമൊരു സൗഹൃദം എന്നു പറഞ്ഞ്‌ സ്വയം വഞ്ചിക്കരുത്‌. നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുക. അങ്ങനെ ചെയ്‌താൽ ഒരുപാട്‌ ഹൃദയവേദന ഒഴിവാക്കാനാകും.” (g12-E 07)

“യുവജനങ്ങൾ ചോദിക്കുന്നു” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.pr418.com എന്ന വെബ്‌സൈറ്റിൽ കാണാവുന്നതാണ്‌.

[അടിക്കുറിപ്പുകൾ]

^ ഖ. 5 കൂടുതൽ വിവരങ്ങൾക്ക്‌ മുൻലേഖനം കാണുക.

^ ഖ. 9 ഈ ലേഖനത്തിലെ ചില പേരുകൾ മാറ്റിയിരിക്കുന്നു.

[25-ാം പേജിലെ ചതുരം]

അനുഭവകഥ: “ഞാൻ ഒരു പയ്യനുമായി സൗഹൃദത്തിലായി. ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. പക്ഷേ ഞങ്ങൾ ഏറെ നേരം സംസാരിക്കുന്നുണ്ടെന്നും അത്‌ വ്യക്തിപരമായ കാര്യങ്ങളിലേക്കു തിരിയുന്നുണ്ടെന്നും പിന്നീട്‌ എനിക്കു മനസ്സിലായി. അവൻ തന്റെ പ്രശ്‌നങ്ങളെല്ലാം എന്നോടു തുറന്നുപറയുമായിരുന്നു; ഞങ്ങളുടെ അടുപ്പം പരിധി വിട്ടു പോകുന്നതായി എനിക്കു തോന്നി. അങ്ങനെയിരിക്കെ ഒരു ദിവസം, എന്നോട്‌ ഇഷ്ടമാണെന്നു പറഞ്ഞ്‌ അവന്റെ ഒരു ഇ-മെയിൽ വന്നു. എന്തു പറയണമെന്ന്‌ എനിക്ക്‌ അറിയില്ലായിരുന്നു. ആരെങ്കിലും നിങ്ങളെ ഇഷ്ടമാണെന്ന്‌ പറയുന്നത്‌ നല്ല കാര്യമല്ലേ? അതുകൊണ്ട്‌ ഞാൻ ആദ്യം ഒന്ന്‌ പൊങ്ങി. പക്ഷേ പിന്നീട്‌ ആകെ ഭയം തോന്നി. അവന്റെ ഉള്ളിൽ ഇങ്ങനെയൊരു ചിന്തയുള്ളതുകൊണ്ട്‌ ‘വെറും സുഹൃത്തുക്കളായി’ ഇനി തുടരാൻ കഴിയില്ലെന്ന്‌ എനിക്കു മനസ്സിലായി. പ്രണയിക്കാനുള്ള പ്രായമൊന്നും നമുക്കായിട്ടില്ലെന്ന്‌ അവനോടു പറഞ്ഞാൽ അത്‌ അവനെ വിഷമിപ്പിക്കുമെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു. സംഭവിച്ചതു മുഴുവൻ ഞാൻ മാതാപിതാക്കളോടു സംസാരിച്ചു. പഴയതുപോലെ അത്ര അടുത്ത ബന്ധം ഇനി നല്ലതല്ലെന്ന്‌ അവർ എന്നോട്‌ പറഞ്ഞു. ഈ അനുഭവം എന്നെ പഠിപ്പിച്ചത്‌ ഇതാണ്‌: വെറും നിസ്സാരമെന്നു തോന്നുന്ന ഒരു കാര്യം വളരെ പെട്ടെന്നായിരിക്കും ഗൗരവമായിത്തീരുന്നത്‌. അന്നുമുതൽ വളരെ ശ്രദ്ധിച്ചു മാത്രമേ എതിർലിംഗത്തിലുള്ളവരുമായി ഞാൻ സംസാരിക്കാറുള്ളൂ, വിശേഷിച്ചും മൊബൈൽ സന്ദേശങ്ങൾ കൈമാറുമ്പോൾ. ജോഡിതിരിഞ്ഞ്‌ സംസാരിക്കാതെ കൂട്ടത്തോടൊപ്പം ആയിരിക്കാൻ ഞാൻ ഇപ്പോൾ ശ്രദ്ധിക്കുന്നു. അങ്ങനെയാകുമ്പോൾ സംസാരം വ്യക്തിപരമായ കാര്യങ്ങളിലേക്കു ചൂഴ്‌ന്നിറങ്ങില്ല, മറ്റേ വ്യക്തിയുമായി മാനസികമായി അടുക്കുകയുമില്ല.”​—⁠എലന.

[26-ാം പേജിലെ ചതുരം]

മാതാപിതാക്കളോടു ചോദിക്കുക

‘ചിന്തിക്കാൻ’ എന്നതിന്‌ കീഴിൽ നൽകിയിരിക്കുന്ന ചോദ്യങ്ങളെക്കുറിച്ച്‌ മാതാപിതാക്കളുടെ അഭിപ്രായം ആരായുക. അവർക്ക്‌ വ്യത്യസ്‌തമായ അഭിപ്രായമാണോ ഉള്ളത്‌? എന്താണ്‌ അവരുടെ അഭിപ്രായം? അവ മികച്ചതായിരിക്കുന്നത്‌ ഏതുവിധത്തിൽ?​—⁠സദൃശവാക്യങ്ങൾ 1:⁠8.

[26-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

കൂട്ടുകാർക്ക്‌ പറയാനുള്ളത്‌

ആൻഡ്രേ​—⁠എത്രത്തോളം സമയം ഒരു പെൺകുട്ടിയുമായി ചെലവിടുന്നുവോ അത്രത്തോളം സൗഹൃദത്തിൽ കവിഞ്ഞുള്ള ചിന്തകൾ മുളപ്പൊട്ടാൻ സാധ്യത ഏറെയാണ്‌. നിങ്ങൾക്ക്‌ അവളോട്‌ ഇഷ്ടമുണ്ടെന്ന്‌ തോന്നാനും അത്‌ ഇടയാക്കും. വിവാഹത്തെക്കുറിച്ച്‌ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നില്ലെങ്കിൽ സൗഹൃദത്തിൽ കവിഞ്ഞുള്ള ഒരു ബന്ധത്തിന്‌ താത്‌പര്യമുണ്ടെന്ന്‌ നിങ്ങളുടെ പെരുമാറ്റത്തിൽ നിഴലിക്കരുത്‌.

കസീഡി​—⁠എല്ലാവരോടും തുറന്ന്‌ ഇടപെടുന്ന പ്രകൃതമാണ്‌ എന്റേത്‌. ചെറുപ്പംമുതലേ ആൺകുട്ടികൾക്കിടയിലാണ്‌ ഞാൻ വളർന്നത്‌. അതുകൊണ്ട്‌ അവരോട്‌ ഇടപഴകിപ്പോകാൻ എനിക്ക്‌ യാതൊരു ബുദ്ധിമുട്ടുമില്ല. പക്ഷേ അത്‌ എപ്പോഴും അത്ര നല്ലതല്ല. പെൺകുട്ടികളോട്‌ പെരുമാറുന്നതുപോലെ അവരോട്‌ ഇടപെട്ടാൽ അത്‌ തെറ്റിദ്ധാരണയ്‌ക്ക്‌ ഇടയാക്കിയേക്കാം. ആങ്ങളമാരെപ്പോലെ ആൺകുട്ടികളെ കാണുന്നത്‌ അവരോട്‌ മര്യാദയോടെ ഇടപെടാൻ എന്നെ സഹായിക്കുന്നു.

[27-ാം പേജിലെ ചതുരം]

മാതാപിതാക്കളോട്‌ ഒരു വാക്ക്‌

അനുയോജ്യമായ ചുറ്റുപാടുകളിൽ എതിർലിംഗത്തിൽപ്പെട്ട ചെറുപ്പക്കാർ പരസ്‌പരം ഇടപഴകുന്നതിൽ തെറ്റില്ല. എന്നാൽ വിവാഹത്തിലേക്കു നയിക്കുന്ന ഒരു ബന്ധത്തെക്കുറിച്ച്‌ ചിന്തിച്ചിട്ടില്ലാത്തവർ പരിധി വെക്കുക. * അങ്ങനെയുള്ളവർക്ക്‌ എതിർലിംഗത്തിൽപ്പെട്ടവരുമായുള്ള സൗഹൃദം വെറും സൗഹൃദത്തിൽ കവിഞ്ഞ ഒന്നായിരിക്കരുത്‌.

വിവാഹത്തെക്കുറിച്ച്‌ ഗൗരവമായി ചിന്തിക്കുന്നതിനു മുമ്പ്‌ പരസ്‌പരം വൈകാരികമായി അടുക്കുന്നെങ്കിൽ എന്തായിരിക്കും ഫലം? തുടക്കത്തിൽ അത്‌ വളരെ രസകരമായി തോന്നിയേക്കാമെങ്കിലും പിന്നീട്‌ അത്‌ നിരാശയ്‌ക്ക്‌ വഴിവെക്കും. ചക്രം ഇല്ലാത്ത ഒരു കാറിൽ ഇരിക്കുന്നതുപോലെയാണ്‌ അത്‌. തങ്ങളുടെ ബന്ധം മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന്‌ പെട്ടെന്നുതന്നെ അല്ലെങ്കിൽ അധികം താമസിയാതെ അവർ തിരിച്ചറിയും. ചിലർ ഇത്തരം ബന്ധങ്ങൾ രഹസ്യമായി തുടങ്ങിയേക്കാം. എന്നാൽ അതിൽ ധാർമികമായ പല അപകടങ്ങളും ഒളിഞ്ഞിരിപ്പുണ്ട്‌. മറ്റു ചിലർ വേർപിരിയുന്നു, അവരുടെ ബന്ധങ്ങൾ തകരുന്നു. പരസ്‌പരം വഞ്ചിക്കപ്പെട്ടതായി അവർക്കു തോന്നുന്നു; ഒപ്പം ഹൃദയവേദനയും നിരാശയും. പ്രായത്തിനു മുമ്പുള്ള ഇത്തരം പ്രണയബന്ധങ്ങളുടെ ചതിക്കുഴികളിൽ വീഴാതിരിക്കാൻ കൗമാരപ്രായത്തിലുള്ള മക്കളെ എങ്ങനെ സഹായിക്കാം?​—⁠സഭാപ്രസംഗി 11:⁠10.

എതിർലിംഗത്തിൽപ്പെട്ടവരുമായുള്ള സൗഹൃദത്തെക്കുറിച്ച്‌ മക്കളോട്‌ മനസ്സുതുറന്നു സംസാരിക്കാൻ അവസരം ഒരുക്കുന്നതാണ്‌ ഏറ്റവും പ്രധാനപ്പെട്ട മാർഗം. സൗഹൃദത്തിൽ കവിഞ്ഞ ഒരു ബന്ധമായി അത്‌ പരിണമിക്കുന്നുണ്ടോ എന്ന്‌ അറിയാനും വേണ്ടിവരുന്നെങ്കിൽ സഹായം നൽകാനും നിങ്ങൾക്ക്‌ അപ്പോൾ കഴിയും.

അത്തരം സൗഹൃദങ്ങളെക്കുറിച്ച്‌ പറയാൻ മക്കൾ ചായ്‌വ്‌ കാണിക്കുമ്പോൾ മനഃപൂർവമല്ലെങ്കിലും ചില മാതാപിതാക്കൾ അതിനുള്ള അവസരം കൊടുക്കുന്നില്ല. അതേക്കുറിച്ച്‌ ചില ചെറുപ്പക്കാർ ഉണരുക!-യോട്‌ പറയുകയുണ്ടായി.

“എനിക്ക്‌ അടുപ്പം തോന്നിയ വ്യക്തിയെക്കുറിച്ച്‌ അമ്മയോട്‌ പറയാൻ പലപ്പോഴും ഞാൻ ശ്രമിച്ചിരുന്നു. പക്ഷേ അമ്മ ദേഷ്യപ്പെടുമെന്ന്‌ എനിക്കു തോന്നി; അതുകൊണ്ട്‌ മടിച്ചു.”—കാര.

“ഇഷ്ടപ്പെട്ട ഒരു പയ്യനെക്കുറിച്ച്‌ അമ്മയോട്‌ പറഞ്ഞപ്പോൾ ‘നിന്റെ കല്യാണത്തിന്‌ ഞാൻ ഉണ്ടാകുമെന്ന്‌ കരുതേണ്ട!’ എന്നാണ്‌ അമ്മ പറഞ്ഞത്‌. അതിനു പകരം, ‘ആരാ ഈ പയ്യൻ? നിനക്ക്‌ അവനെ ഇഷ്ടപ്പെടാൻ എന്താ കാരണം?’ എന്നോ മറ്റോ ആണ്‌ അമ്മ ചോദിച്ചിരുന്നതെങ്കിൽ അമ്മയുടെ നിർദേശങ്ങൾ സ്വീകരിക്കാൻ ഞാൻ കുറെക്കൂടി തയ്യാറായേനെ.”​—⁠നതീൻ.

മുകളിൽ കണ്ടതുപോലെ പ്രതികരിക്കുന്നതിനു പകരം മക്കൾ പറയുന്നത്‌ മാതാപിതാക്കൾ ശ്രദ്ധിച്ചു കേൾക്കുകയും തുടർന്ന്‌ വേണ്ട മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുമ്പോൾ എന്തായിരിക്കും ഫലം?

“എനിക്ക്‌ ഉള്ളിൽ ഇഷ്ടം തോന്നിയ പയ്യനെക്കുറിച്ച്‌ പറഞ്ഞപ്പോൾ അച്ഛനമ്മമാർ പൊട്ടിത്തെറിച്ചില്ല. വേണ്ട നിർദേശങ്ങൾ തന്നെങ്കിലും അവർ എന്റെ വികാരങ്ങൾ മനസ്സിലാക്കി. നൽകിയ നിർദേശങ്ങൾ മനസ്സോടെ സ്വീകരിക്കാനും പിന്നീടും മനസ്സുതുറന്ന്‌ കാര്യങ്ങൾ പറയാനും അതുകൊണ്ട്‌ എളുപ്പമായി.”—കൊറിന.

“ചെറുപ്പകാലത്ത്‌ തങ്ങൾക്ക്‌ ഇഷ്ടം തോന്നിയ ചിലരെക്കുറിച്ച്‌ അച്ഛനമ്മമാർ എന്നോടു പറഞ്ഞു. ചില ബന്ധങ്ങൾ തകരാൻ ഇടയായത്‌ എന്തുകൊണ്ടെന്നും അവർ വിശദീകരിച്ചു. ഇഷ്ടമുള്ള ആരെയെങ്കിലും കുറിച്ച്‌ അവരോടു പറയാൻ പേടിക്കേണ്ടതില്ലെന്ന്‌ എനിക്ക്‌ അപ്പോൾ ബോധ്യമായി.” ​—⁠ലിനെറ്റ്‌.

പ്രായത്തിനു മുമ്പ്‌ കുട്ടികൾ പ്രണയബന്ധങ്ങളിൽ അകപ്പെടുന്നതിന്‌ ചില കാരണങ്ങൾ ഉണ്ടായിരിക്കാം.

“ഞാൻ ഒരു പയ്യനുമായി ആരും അറിയാതെ പ്രണയത്തിലായി. കാരണം ആ ബന്ധം എനിക്ക്‌ ഏറെ സന്തോഷം നൽകി. ഞാൻ പറയുന്നതെല്ലാം ശ്രദ്ധിച്ചുകേൾക്കാൻ അവൻ മനസ്സു കാണിച്ചിരുന്നു.”—അനെറ്റ്‌.

“ഈ ഒരു ആൺകുട്ടിയോട്‌ എനിക്ക്‌ പ്രത്യേക ഇഷ്ടം തോന്നി. അവനോടൊപ്പം ആയിരിക്കുന്നത്‌ രസമായിരുന്നു. കാരണം, എന്റെ കാര്യത്തിൽ അവൻ പ്രത്യേക താത്‌പര്യം കാണിച്ചു. അതായിരുന്നു എന്റെ ബലഹീനതയും. മറ്റുള്ളവരുടെ ശ്രദ്ധ കിട്ടണമെന്നാണ്‌ എപ്പോഴും എന്റെ ആഗ്രഹം, അത്‌ നല്ലതാണെങ്കിലും അല്ലെങ്കിലും.”—എമി.

“നിന്നെ കാണാൻ കൊള്ളാമെന്നോ ഈ വേഷം നിനക്ക്‌ നന്നായി ഇണങ്ങുന്നുണ്ടെന്നോ അച്ഛനമ്മമാർ പറയുന്നെങ്കിൽ ഒരു പയ്യനിൽനിന്ന്‌ അതേ അഭിപ്രായം കേൾക്കാൻ എനിക്ക്‌ അത്ര ആഗ്രഹം തോന്നില്ല.”​—⁠കെരൻ.

സ്വയം ചോദിക്കുക:

പേടികൂടാതെ മക്കൾക്ക്‌ എന്നോട്‌ ഇടപെടാൻ എനിക്ക്‌ എന്തു ചെയ്യാനാകും?​—⁠ഫിലിപ്പിയർ 4:⁠5.

“കേൾക്കാൻ തിടുക്കവും സംസാരിക്കാൻ സാവകാശവും” എനിക്കുണ്ടോ?​—⁠യാക്കോബ്‌ 1:⁠19.

സ്‌നേഹത്തിനും അംഗീകാരത്തിനും വേണ്ടി മക്കൾ പുറത്തുള്ളവരിലേക്ക്‌ തിരിയാനുള്ള പ്രലോഭനം കുറയ്‌ക്കാൻ എന്തു ചെയ്യാനാകും?​—⁠കൊലോസ്യർ 3:⁠21.

ചുരുക്കത്തിൽ: എതിർലിംഗത്തിൽപ്പെട്ടവരുമായുള്ള സൗഹൃദത്തിന്‌ പരിധി വെക്കാനും അങ്ങനെ പ്രശ്‌നങ്ങൾ ഒഴിവാക്കാനും കഴിയുന്നത്‌ എങ്ങനെയെന്ന്‌ മക്കളെ പഠിപ്പിക്കുക. അവർ ആർജിച്ചെടുക്കുന്ന ഈ നല്ല ശീലങ്ങൾ മുതിർന്നുവരുമ്പോൾ ഒരു മുതൽക്കൂട്ടാകും.​—⁠കൊലോസ്യർ 3:5; 1 തെസ്സലോനിക്യർ 4:​3-6.

[അടിക്കുറിപ്പ്‌]

^ ഖ. 37 തൊട്ടുമുമ്പുള്ള രണ്ടുലേഖനങ്ങൾ കാണുക.

[25-ാം പേജിലെ ചാർട്ട്‌]

(യഥാർഥരൂപം കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

അതിർവരമ്പുകൾ

ചെയ്യാവുന്നത്‌ ചെയ്യരുതാത്തത്‌

കൂട്ടത്തോടൊപ്പം സഹവസിക്കുക  X ജോഡിതിരിയുക

പരസ്‌പരം പരിചയപ്പെടുക  X രഹസ്യങ്ങൾ പങ്കുവെക്കുക

സംഭാഷണം ആസ്വദിക്കുക  X ശൃംഗരിക്കുക

[26-ാം പേജിലെ ഡയഗ്രം]

(യഥാർഥരൂപം കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ഇടപഴകുക

ശൃംഗരിക്കുക

സ്‌പർശിക്കുക

കൈ പിടിക്കുക

ചുംബിക്കുക