വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നീതിയുടെ വഴിയേ ചരിക്കാൻ

നീതിയുടെ വഴിയേ ചരിക്കാൻ

നീതിയുടെ വഴിയേ ചരിക്കാൻ

നാം സന്തുഷ്ടരായിരിക്കാനും മനസ്സമാധാനത്തോടെ ജീവിക്കാനും മറ്റുള്ളവർക്ക്‌ സന്തോഷം പകരുന്ന കാര്യങ്ങൾ ചെയ്യാനും നമ്മുടെ സ്രഷ്ടാവ്‌ ആഗ്രഹിക്കുന്നു. ‘നീതി പ്രവർത്തിക്കാനും കരുണയെ സ്‌നേഹിക്കാനും’ ആണ്‌ അവൻ നമ്മോട്‌ ആവശ്യപ്പെടുന്നത്‌. (മീഖാ 6:​8, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) നമുക്ക്‌ അതിന്‌ എങ്ങനെ കഴിയും? നീതികേട്‌ പ്രവർത്തിക്കുന്നതിൽനിന്ന്‌ നമ്മെ തടയുന്ന ഗുണങ്ങൾ വളർത്തിയെടുത്തുകൊണ്ട്‌. ഇക്കാര്യത്തിൽ ബൈബിളിനു നമ്മെ സഹായിക്കാനാകുന്നത്‌ എങ്ങനെയെന്ന്‌ നോക്കുക.

അത്യാഗ്രഹത്തിൽനിന്ന്‌ ഊരിപ്പോരാൻ. അത്യാഗ്രഹത്തിനെതിരെ പ്രയോഗിക്കാൻ കഴിയുന്ന ഏറ്റവും കരുത്തുറ്റ ആയുധമാണ്‌ സ്‌നേഹം. അത്‌ കേവലമൊരു വികാരമോ അനുരാഗമോ അല്ല; മറിച്ച്‌ മറ്റുള്ളവർക്കുവേണ്ടി എല്ലാം ത്യജിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ഗുണമാണ്‌. അത്തരം ‘സ്‌നേഹം ദയ കാണിക്കുന്നു,’ “സ്വാർത്ഥം അന്വേഷിക്കുന്നില്ല” എന്ന്‌ 1 കൊരിന്ത്യർ 13:​4, 5 (സത്യവേദപുസ്‌തകം) പറയുന്നു. കുടുംബവൃത്തത്തിലോ സുഹൃത്തുക്കൾക്കിടയിലോ മാത്രമായി ഒതുങ്ങിനിൽക്കുന്നതല്ല ഈ സ്‌നേഹം. “നിങ്ങളെ സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കുന്നതുകൊണ്ട്‌ നിങ്ങൾക്ക്‌ എന്തു പ്രതിഫലമാണു ലഭിക്കുക?” ഒരിക്കൽ യേശു ചോദിക്കുകയുണ്ടായി. ദൈവത്തെ അറിയാത്തവർപോലും അങ്ങനെ ചെയ്യുന്നുണ്ടെന്നാണ്‌ അവൻ പറഞ്ഞത്‌.​—⁠മത്തായി 5:⁠46.

മുൻവിധി മാറ്റാൻ. “ദൈവം പക്ഷപാതമുള്ളവനല്ലെന്നും ഏതൊരു ജനതയിലും അവനെ ഭയപ്പെടുകയും നീതി പ്രവർത്തിക്കുകയും ചെയ്യുന്ന മനുഷ്യൻ അവനു സ്വീകാര്യനാണെന്നും” പ്രവൃത്തികൾ 10:​34, 35 പറയുന്നു. ജാതിയുടെയോ സാമൂഹികനിലയുടെയോ ലിംഗഭേദത്തിന്റെയോ അടിസ്ഥാനത്തിലല്ല ദൈവം രക്ഷ നൽകുന്നത്‌. അവന്റെ ദൃഷ്ടിയിൽ “യഹൂദനോ ഗ്രീക്കുകാരനോ എന്നില്ല; അടിമയോ സ്വതന്ത്രനോ എന്നില്ല; സ്‌ത്രീയോ പുരുഷനോ എന്നുമില്ല.” (ഗലാത്യർ 3:28) ദൈവത്തെ അനുകരിക്കുന്നെങ്കിൽ നമുക്ക്‌ മുൻവിധി മാറ്റാനാകും. ഐക്യനാടുകളിൽ താമസിക്കുന്ന ഡൊറോത്തിയുടെ അനുഭവം നോക്കുക.

വർഗത്തിന്റെയും ജാതിയുടെയും പേരിലുള്ള വേർതിരിവിൽ ഡൊറോത്തിക്ക്‌ രോഷം തോന്നിയിരുന്നു. അടിച്ചമർത്തലിന്‌ വിധേയരായി കഴിഞ്ഞിരുന്ന കറുത്തവർഗക്കാരെ മോചിപ്പിക്കുന്നതിനായി ഒരു വിപ്ലവപ്രസ്ഥാനത്തിൽ അവൾ ചേർന്നു. എന്നാൽ ആ സമയത്താണ്‌ യഹോവയുടെ സാക്ഷികളുടെ യോഗത്തിന്‌ ഹാജരാകാൻ അവൾക്ക്‌ അവസരം ലഭിക്കുന്നത്‌. അവിടെ ഹാജരായിരുന്ന കറുത്തവർഗക്കാരും വെളുത്തവർഗക്കാരും തന്നെ സഹർഷം സ്വാഗതം ചെയ്‌തത്‌ അവളുടെ ഉള്ളിൽ തട്ടി. ആളുകളുടെ ചിന്താഗതികൾക്ക്‌ മാറ്റം വരുത്താൻ ദൈവത്തെക്കൊണ്ടു മാത്രമേ സാധിക്കൂ എന്ന്‌ പെട്ടെന്നുതന്നെ അവൾ തിരിച്ചറിഞ്ഞു. വെളുത്തവർഗക്കാരായ സാക്ഷികളുടെ ആത്മാർഥസ്‌നേഹം രുചിച്ചറിഞ്ഞപ്പോൾ അവൾ പൊട്ടിക്കരഞ്ഞുപോയി. “മുമ്പായിരുന്നെങ്കിൽ വിപ്ലവത്തിന്റെ പേരിൽ അവരെ കൊല്ലാൻപോലും ഞാൻ മടിക്കില്ലായിരുന്നു,” അവൾ പറഞ്ഞു.

സാമൂഹ്യവിരുദ്ധമായ പെരുമാറ്റം ഒഴിവാക്കാൻ. യേശുവിന്റെ അനുഗാമികളായിത്തീർന്ന ചിലർ ഒരു കാലത്ത്‌ മദ്യപന്മാരും ദൂഷകന്മാരും പിടിച്ചുപറിക്കാരും ആയിരുന്നു. എന്നാൽ ക്രിസ്‌ത്യാനികളായിത്തീർന്ന അവർക്ക്‌ ദൈവത്തിന്റെ സഹായത്താൽ അത്തരം ദുശ്ശീലങ്ങൾ മാറ്റാനും സ്‌നേഹം, ദയ, നന്മ എന്നിങ്ങനെയുള്ള ഗുണങ്ങൾ വളർത്തിയെടുക്കാനും കഴിഞ്ഞു. (1 കൊരിന്ത്യർ 5:11; 6:​9-11; ഗലാത്യർ 5:22) സമാനമായി ഇന്നും, ദൈവത്തെ ആരാധിക്കാൻ തുടങ്ങിയിരിക്കുന്ന ആയിരക്കണക്കിന്‌ ആളുകൾ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്‌. അസ്‌ർബൈജാനിൽ താമസിക്കുന്ന ഫെറോദ്ദീന്റെ കാര്യമെടുക്കൂ.

ഫെറോദ്ദീൻ ഒരു അനാഥാലയത്തിലാണ്‌ വളർന്നത്‌. മറ്റു കുട്ടികളുമായി എപ്പോഴും അവൻ വഴക്കിട്ടിരുന്നു. മുതിർന്നപ്പോൾ ഫെറോദ്ദീൻ ഒരു മുഷ്ടിയുദ്ധപരിശീലകനായി. “ഞാൻ പരുക്കനും ക്രൂരനും ആയിത്തീർന്നു.” “ഭക്ഷണസമയത്ത്‌ എന്റെ ഭാര്യ സാറ എന്തെങ്കിലും മറന്നുപോയാൽ, എന്തിന്‌ പല്ലുകുത്തിപോലും മറന്നാൽ ഞാൻ അവളെ അടിക്കുമായിരുന്നു. ഞങ്ങൾ നടന്നുപോകുമ്പോൾ ആരെങ്കിലും അവളെ നോക്കിയാൽ അയാൾക്കിട്ടും ഞാൻ കൊടുക്കുമായിരുന്നു,” ഫെറോദ്ദീൻ പറയുന്നു.

തന്നെ വധസ്‌തംഭത്തിൽ തറച്ച പടയാളികളോട്‌ ക്ഷമിക്കണമേയെന്ന്‌ യേശു ദൈവത്തോട്‌ പ്രാർഥിച്ചതിനെക്കുറിച്ച്‌ ഒരിക്കൽ ഫെറോദ്ദീൻ മനസ്സിലാക്കി. അത്‌ അദ്ദേഹത്തെ വല്ലാതെ സ്‌പർശിച്ചു. (ലൂക്കോസ്‌ 23:34) ‘ദൈവപുത്രനു മാത്രമേ അതിനു കഴിയൂ,’ അദ്ദേഹം ചിന്തിച്ചു. തുടർന്ന്‌, ദൈവത്തെക്കുറിച്ച്‌ പഠിക്കണമെന്നായി അദ്ദേഹത്തിന്‌. സഹായിക്കാമെന്ന്‌ യഹോവയുടെ സാക്ഷികൾ പറഞ്ഞപ്പോൾ അദ്ദേഹം യാതൊരു മടിയും കൂടാതെ സൗജന്യമായി ബൈബിൾ പഠിക്കാൻ തുടങ്ങി. പെട്ടെന്നുതന്നെ അദ്ദേഹത്തിന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടു. ഭാര്യയോടും വളരെ ദയയോടെ ഇടപെട്ടു തുടങ്ങി. അവളും ബൈബിൾ പഠിക്കാൻ അത്‌ ഇടയാക്കി. ഇന്ന്‌ അവർ സമാധാനത്തോടെ സത്യദൈവത്തെ ഒരുമിച്ച്‌ ആരാധിക്കുന്നു.

നിങ്ങൾ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ലോകത്തെ മാറ്റിമറിക്കാൻ പോകുന്നില്ല എന്നത്‌ ശരിയാണ്‌. എന്നാൽ നീതിനിഷ്‌ഠമായ ഒരു പുതിയ ലോകം കൊണ്ടുവരാൻ ദൈവം ഉദ്ദേശിച്ചിരിക്കുന്നു; അതിനുള്ള പ്രാപ്‌തിയും അവനുണ്ട്‌! മുൻലേഖനത്തിന്റെ ആമുഖത്തിൽ 2 തിമൊഥെയൊസ്‌ 3:​1-4 നാം വായിക്കുകയുണ്ടായി. ഇക്കാലത്തെ ആളുകളുടെ സവിശേഷത ബൈബിൾ വളരെ വ്യക്തമായി അവിടെ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്‌. മറ്റു ബൈബിൾ പ്രവചനങ്ങളെപ്പോലെതന്നെ ഈ പ്രവചനത്തിലെ വാക്കുകളും അക്ഷരംപ്രതി നമ്മുടെ കണ്മുന്നിൽ നിറവേറിക്കാണുന്നതിനാൽ അനീതി തുടച്ചുനീക്കുമെന്ന ദൈവത്തിന്റെ വാഗ്‌ദാനത്തിൽ വിശ്വസിക്കുന്നത്‌ ഒരിക്കലും ഒരു മണ്ടത്തരമല്ല. അതെ, നിശ്ചയമായും ആ വാഗ്‌ദാനം ദൈവം നിവർത്തിക്കും. എന്നാൽ എങ്ങനെ? (g12-E 05)

[13-ാം പേജിലെ ചതുരം/ചിത്രം]

നീതിക്കായുള്ള അന്വേഷണം

ഐക്യനാടുകളിൽ താമസിക്കുന്ന ഹൈഡ തന്റെ അനുഭവം അയവിറക്കുന്നു: “വർഗീയതയും യുദ്ധവും ദാരിദ്ര്യവും മറ്റ്‌ അനീതികളും എന്റെ മനസ്സമാധാനം കെടുത്തിയിരുന്നു. എല്ലാറ്റിനുമൊരു പരിഹാരം വന്നെങ്കിൽ എന്ന്‌ ഞാൻ അതിയായി ആഗ്രഹിച്ചു.” “അങ്ങനെ, പൗരാവകാശ പ്രസ്ഥാനത്തോടൊപ്പം ഞാൻ പ്രവർത്തിക്കാൻ തുടങ്ങി, സാവധാനം ഒരു രാഷ്‌ട്രീയ പാർട്ടിയിലും അംഗമായി. എന്നാൽ അനീതി തുടച്ചുനീക്കാൻ അതിനൊന്നുമായില്ല.

“സമൂലമായ ഒരു മാറ്റം കൂടിയേ തീരൂ എന്ന്‌ എനിക്കു തോന്നി. ഹിപ്പിപ്രസ്ഥാനത്തിലായി പിന്നെ എന്റെ ശ്രദ്ധ. പക്ഷേ അതും എന്നെ നിരാശപ്പെടുത്തുകയാണുണ്ടായത്‌. സമൂഹത്തിലെ ദുരവസ്ഥകൾക്ക്‌ മാറ്റം വരുത്തുന്നതിനെക്കാൾ ലൈംഗികതയിലും മദ്യപാനത്തിലും റോക്ക്‌ സംഗീതത്തിലും ഒക്കെയായിരുന്നു പല ഹിപ്പികൾക്കും താത്‌പര്യം. എന്റെ പ്രതീക്ഷകളെല്ലാം തകർന്നടിഞ്ഞു; ഞാൻ അങ്ങേയറ്റം നിരാശയിലായി. അങ്ങനെയിരിക്കെ യഹോവയുടെ സാക്ഷികളിൽ ഒരാളെ ഞാൻ കണ്ടുമുട്ടി. ദൈവം വരുത്താൻ പോകുന്ന മാറ്റങ്ങളെക്കുറിച്ച്‌ അവർ എനിക്ക്‌ ബൈബിളിൽനിന്നു കാണിച്ചുതന്നു. ഉദാഹരണത്തിന്‌ വെളിപാട്‌ 21:​3, 4 പോലുള്ള തിരുവെഴുത്തുകൾ അവർ എന്റെ ശ്രദ്ധയിൽപ്പെടുത്തി. ദൈവം സകലരുടെയും മുഖത്തുനിന്ന്‌ കണ്ണുനീർ തുടച്ചുനീക്കുമെന്നും അനീതിയുടെ ദാരുണഫലമായ വിലാപവും മുറവിളിയും വേദനയും ഉണ്ടായിരിക്കില്ലെന്നും ആ വാക്യം പറയുന്നു. ‘ഈ വാഗ്‌ദാനങ്ങളെല്ലാം സത്യമായിത്തീരുമോ?’ ഞാൻ സ്വയം ചോദിച്ചു.

“ദൈവത്തിന്റെ ശക്തിയെയും സ്‌നേഹത്തെയും കുറിച്ച്‌ തിരുവെഴുത്തുകളിൽനിന്ന്‌ മനസ്സിലാക്കുകയും യഹോവയുടെ സാക്ഷികൾക്കിടയിലെ സ്‌നേഹം അനുഭവിച്ചറിയുകയും ചെയ്‌തപ്പോൾ എന്റെ സംശയങ്ങളെല്ലാം പൊയ്‌പ്പോയി. ദൈവത്തിന്റെ വാഗ്‌ദാനങ്ങൾ നിറവേറുന്നതിനുവേണ്ടി ഞാൻ ആകാംക്ഷയോടെ നോക്കിയിരിക്കുന്നു.”

[12-ാം പേജിലെ ചിത്രം]

ദൈവസ്‌നേഹം അനുകരിക്കുന്നെങ്കിൽ മുൻവിധി മാറ്റാനാകും

[12-ാം പേജിലെ ചിത്രം]

ഫെറോദ്ദീൻ ഭാര്യ സാറയോടൊപ്പം