വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭക്ഷ്യവിഷബാധ—കരുതിയിരിക്കുക

ഭക്ഷ്യവിഷബാധ—കരുതിയിരിക്കുക

ഭക്ഷ്യവിഷബാധ​—⁠കരുതിയിരിക്കുക

“ഇ.കോളി ബാക്‌ടീരിയ​—⁠സ്‌കൂൾ അടച്ചു.”​—⁠റോയ്‌റ്റേഴ്‌സ്‌ ന്യൂസ്‌ സർവീസ്‌, ജർമനി.

“മുളപ്പിച്ച ഭക്ഷ്യവസ്‌തുക്കളിൽ സാൽമോണെല്ല ബാധ, അഞ്ചുസംസ്ഥാനങ്ങളിൽ.” ​—⁠യുഎസ്‌എ റ്റുഡെ.

“ഇഡ്ഡലിയിൽ ഇ.കോളി ബാക്‌ടീരിയ.”​—⁠ദ ടൈംസ്‌ ഓഫ്‌ ഇൻഡ്യ, പൂണെ, ഇൻഡ്യ.

ഭക്ഷ്യവിഷബാധയ്‌ക്ക്‌ അനേകരും ഇരയാകുന്നു. പല രാജ്യങ്ങളിൽനിന്നുള്ള ഇത്തരം വാർത്തകൾ സൂചിപ്പിക്കുന്നത്‌ അതാണ്‌. വികസിത രാജ്യങ്ങളിൽ ഓരോ വർഷവും ഏകദേശം 30 ശതമാനം ആളുകൾക്ക്‌ ഭക്ഷ്യജന്യരോഗങ്ങൾ പിടിപെടുന്നതായി പഠനങ്ങൾ കാണിക്കുന്നു.

ഇങ്ങനെയുള്ള വാർത്തകൾ കേൾക്കുമ്പോൾ നിങ്ങൾക്ക്‌ ഭയം തോന്നാറുണ്ടോ? ഹോങ്‌കോങ്ങിലുള്ള ഹോയ്‌ എന്നൊരു പിതാവ്‌ പറയുന്നത്‌ ഇങ്ങനെയാണ്‌: “എനിക്ക്‌ വല്ലാത്ത പരിഭ്രമം തോന്നാറുണ്ട്‌, ചിലപ്പോൾ ദേഷ്യവും.” “എനിക്ക്‌ രണ്ടുമക്കളുണ്ട്‌. അവർ കഴിക്കുന്ന ആഹാരസാധനങ്ങൾ എവിടെനിന്നു വരുന്നു, എങ്ങനെ ഉണ്ടാക്കുന്നു എന്നൊക്കെ ആർക്ക്‌ അറിയാം? അതേക്കുറിച്ച്‌ ഓർക്കുമ്പോൾ വല്ലാത്ത ആധിയാണ്‌.”

ദരിദ്രരാഷ്‌ട്രങ്ങളിൽ ഭക്ഷ്യജന്യരോഗങ്ങളും ജലജന്യരോഗങ്ങളും ഓരോ വർഷവും ആയിരക്കണക്കിന്‌ ആളുകളുടെ ജീവനാണ്‌ അപഹരിക്കുന്നത്‌, അതിൽ കൂടുതലും കുട്ടികളാണ്‌. നൈജീരിയയിലുള്ള ബോല പറയുന്നു: “ഇവിടുത്തെ ചന്തകളിൽ ഭക്ഷ്യവസ്‌തുക്കൾ തുറന്നുവെക്കുന്നതുകൊണ്ട്‌ മഴയും കാറ്റും പൊടിയും എല്ലാം അടിക്കും, നിറയെ ഈച്ചകളുമാണ്‌.” “ഭക്ഷ്യവിഷബാധയെക്കുറിച്ച്‌ കേൾക്കുന്നത്‌ സാധാരണമാണ്‌. എനിക്ക്‌ ശരിക്കും പേടി തോന്നാറുണ്ട്‌. വീട്ടിൽ ആർക്കും അസുഖം പിടിപെടാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കുന്നു.”

ആകട്ടെ, ഭക്ഷ്യജന്യരോഗങ്ങളിൽനിന്ന്‌ നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കാനാകുമോ? കാനഡയിലുള്ള ഒരു ഭക്ഷ്യസുരക്ഷാ ഏജൻസി പറയുന്നു: “കടകളിൽ ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരസാധനങ്ങൾ കണ്ടെത്തുന്നെങ്കിൽ അത്‌ വലിയൊരു വാർത്തയാകും, അതിൽ തെറ്റില്ലതാനും. എന്നാൽ വീട്ടിലെ അടുക്കളയിലും അപകടങ്ങൾ പതിയിരിക്കുന്നു എന്നതാണ്‌ യാഥാർഥ്യം. അവിടെ നാം എന്തു ചെയ്യുന്നു അല്ലെങ്കിൽ ചെയ്യുന്നില്ല എന്നത്‌ രോഗങ്ങൾക്ക്‌ കാരണമായേക്കാം.”

കുടുംബാംഗങ്ങൾക്ക്‌ ഭക്ഷ്യജന്യരോഗങ്ങൾ വരാതിരിക്കാൻ എന്തു ചെയ്യാനാകും? ഇത്തരം രോഗങ്ങൾ പ്രതിരോധിക്കാൻ ഇതാ നാലുവഴികൾ. (g12-E 06)

[3-ാം പേജിലെ ചതുരം]

അപകടസാധ്യത ആർക്ക്‌?

ഭക്ഷ്യജന്യരോഗങ്ങൾ ചിലർക്ക്‌ എളുപ്പം പിടിപെട്ടേക്കാം. ഉദാഹരണത്തിന്‌:

● അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾ

● ഗർഭിണികൾ

● 70 വയസ്സിനു മുകളിലുള്ളവർ

● രോഗപ്രതിരോധശേഷി കുറഞ്ഞവർ

നിങ്ങളോ നിങ്ങളുടെ കൂടെയുള്ളവരോ മേൽപ്പറഞ്ഞ ഏതെങ്കിലും വിഭാഗത്തിൽപ്പെട്ടവരാണെങ്കിൽ ആഹാരം പാകം ചെയ്യുമ്പോഴും വിളമ്പുമ്പോഴും കഴിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കുക.

[കടപ്പാട്‌]

ഉറവിടം: ന്യൂ സൗത്ത്‌ വെയ്‌ൽസിലെ ഭക്ഷ്യവിഭാഗം, ഓസ്‌ട്രേലിയ.