വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മരിച്ചവർക്ക്‌ ജീവിച്ചിരിക്കുന്നവരെ സഹായിക്കാൻ കഴിയുമോ?

മരിച്ചവർക്ക്‌ ജീവിച്ചിരിക്കുന്നവരെ സഹായിക്കാൻ കഴിയുമോ?

ബൈബിളിന്റെ വീക്ഷണം

മരിച്ചവർക്ക്‌ ജീവിച്ചിരിക്കുന്നവരെ സഹായിക്കാൻ കഴിയുമോ?

ജീവിച്ചിരിക്കുന്നവർക്ക്‌ മാർഗദർശനമേകാൻ മരിച്ചവർക്കു കഴിയുമെന്ന വിശ്വാസം പണ്ടുമുതലുണ്ട്‌. ഗ്രീക്ക്‌ കവിയായ ഹോമർ രചിച്ച ഒരു പുരാതനകൃതിയിൽ ഈ വിശ്വാസത്തെക്കുറിച്ചുള്ള പരാമർശം കാണാം. ഒഡീസിയസിനെക്കുറിച്ചുള്ള (യൂലിസീസ്സ്‌ എന്നും അറിയപ്പെട്ടിരുന്നു) ഈ കൃതിയിൽ, നായകൻ മാതൃദേശമായ ഇതാകായിലേക്കുള്ള വഴി അറിയാൻ മരിച്ചുപോയ ഒരു പ്രവാചകന്റെ സഹായം തേടി പാതാളത്തിൽപ്പോയതായി അതിൽ പറയുന്നു.

കുഴപ്പിക്കുന്ന പല ചോദ്യങ്ങൾക്കും പരേതാത്മാക്കളിൽനിന്ന്‌ ഉത്തരം കിട്ടുമെന്ന പ്രതീക്ഷയിൽ പലരും മധ്യവർത്തികളുടെ സഹായം തേടിയിട്ടുണ്ട്‌, പൂർവികരുടെ ശവകുടീരത്തിൽ കിടന്നുറങ്ങിയിട്ടുണ്ട്‌, ഭൂതവിദ്യയുമായി ബന്ധപ്പെട്ട ആചാരങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്‌. എന്നാൽ ഇത്തരം അമാനുഷികമായ സഹായങ്ങൾ മരിച്ചവരിൽനിന്നു ലഭിക്കാൻ സാധ്യതയുണ്ടോ?

വളരെ വ്യാപകമായ ഒന്ന്‌

മരണത്തിൽ വേർപെട്ടുപോയവരുമായി സമ്പർക്കത്തിൽ വരാനാകുമെന്നാണ്‌ ഇന്നുള്ള മിക്ക പ്രമുഖ മതങ്ങളുടെയും പഠിപ്പിക്കൽ. മതസർവവിജ്ഞാനകോശം (ഇംഗ്ലീഷ്‌) ഇങ്ങനെ പറയുന്നു: “ആഭിചാരം അതായത്‌ പ്രേതങ്ങളെ മന്ത്രവിദ്യകൊണ്ട്‌ ആവാഹിച്ചുവരുത്തുന്ന രീതി, ഒരുതരം ഭാവികഥനവിദ്യയാണ്‌.” ഇത്‌ “വളരെ വ്യാപകമാണ്‌” എന്നും അത്‌ പറയുന്നു. പുതിയ കത്തോലിക്കാ സർവവിജ്ഞാനകോശം (ഇംഗ്ലീഷ്‌) ഇതിനോട്‌ യോജിക്കുന്നു: “ആഭിചാരത്തിന്റെ വിവിധ രൂപങ്ങൾ ലോകമെങ്ങും പ്രചാരം സിദ്ധിച്ചിരിക്കുന്നു.” അതുകൊണ്ടുതന്നെ, പരലോകത്തുനിന്ന്‌ വിവരങ്ങൾ ലഭിക്കാൻ പല മതങ്ങളിലുമുള്ള ആളുകൾ ശ്രമിക്കുന്നതിൽ ഒട്ടും അതിശയിക്കാനില്ല.

മരിച്ചവരുമായി സമ്പർക്കം പുലർത്തുന്നത്‌ “സഭ നിശിതമായി കുറ്റം വിധിച്ചിരുന്നെങ്കിലും മധ്യയുഗത്തിലും നവോത്ഥാനകാലത്തും ഈ സമ്പ്രദായം നിലനിന്നിരുന്നു എന്നതിന്‌ പല തെളിവുകളുണ്ട്‌” എന്ന്‌ പുതിയ കത്തോലിക്കാ സർവവിജ്ഞാനകോശം പറയുന്നു. എന്നാൽ ബൈബിൾ ഇതേക്കുറിച്ച്‌ എന്തു പറയുന്നു?

മരിച്ചവരോട്‌ ആലോചന ചോദിക്കണമോ?

പുരാതനകാലത്ത്‌ യഹോവയാംദൈവം തന്റെ ജനത്തോട്‌ ഇങ്ങനെ കൽപ്പിച്ചിരുന്നു: ‘അഞ്‌ജനക്കാരൻ (മരിച്ചവരുമായി സംഭാഷണം നടത്തുന്നവൻ) നിങ്ങളുടെ ഇടയിൽ കാണരുത്‌.’ (ആവർത്തനപുസ്‌തകം 18:​9-13) എന്തുകൊണ്ടാണ്‌ യഹോവ അങ്ങനെയൊരു കൽപ്പന നൽകിയത്‌? ജീവിച്ചിരിക്കുന്നവർക്ക്‌ മരിച്ചവരോട്‌ സംസാരിക്കാൻ കഴിയുമെങ്കിൽ അതിന്‌ അനുവദിക്കാതിരിക്കുന്നത്‌ ദൈവം ചെയ്യുന്ന ഒരു ക്രൂരതയായിരിക്കില്ലേ? എന്നാൽ മരിച്ചവരോട്‌ സംസാരിക്കാൻ സാധ്യമല്ല എന്നതാണ്‌ യാഥാർഥ്യം. എന്തുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌?

മരിച്ചുപോയവർ അബോധാവസ്ഥയിലാണെന്ന്‌ തിരുവെഴുത്തുകൾ ആവർത്തിച്ചു വ്യക്തമാക്കുന്നു. സഭാപ്രസംഗി 9:​5-ൽ പറയുന്നത്‌ ഇങ്ങനെയാണ്‌: “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല.” സങ്കീർത്തനം 146:​3, 4 പറയുന്നു: “നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുതു. അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു.” മനുഷ്യൻ “മരണത്തോടെ ബലഹീനരായി”ത്തീരുന്നു എന്ന്‌ യെശയ്യാ പ്രവാചകനും പറഞ്ഞു.​—⁠യെശയ്യാവു 26:​14, NW.

എന്നാൽ മരിച്ച പ്രിയപ്പെട്ടവരുമായി ഭൂതവിദ്യയിലൂടെ സമ്പർക്കം പുലർത്താൻ കഴിയുന്നുണ്ടെന്നാണ്‌ അനേകരും വാദിക്കുന്നത്‌. അത്തരം അനുഭവങ്ങൾ ധാരാളമുള്ളതിനാൽ പരലോകത്തുള്ള ആരോടോ അവർ സംസാരിക്കുന്നുണ്ട്‌ എന്നു വ്യക്തം. എന്നാൽ മുകളിൽ കണ്ട തിരുവെഴുത്തുകളെല്ലാം ഒരു കാര്യം തെളിയിക്കുന്നു: അവർ സംസാരിക്കുന്നത്‌ മരിച്ചവരോടല്ല! അങ്ങനെയെങ്കിൽ ആരോടാണ്‌ അവർ സംസാരിക്കുന്നത്‌?

ആരോട്‌ സംസാരിക്കുന്നു?

ദൈവത്തിന്റെ ദൂതപുത്രന്മാർ അവനെതിരെ മത്സരിച്ച്‌ ഭൂതങ്ങളായി തീർന്നെന്ന്‌ ബൈബിൾ പറയുന്നു. (ഉല്‌പത്തി 6:​1-5; യൂദാ 6, 7) മരണശേഷവും മനുഷ്യൻ ജീവനോടിരിക്കുന്നു എന്ന നുണ ഇവരാണ്‌ പ്രചരിപ്പിച്ചിരിക്കുന്നത്‌. ഈ നുണ സത്യമാണെന്ന്‌ വരുത്തിത്തീർക്കാൻ ഇവർ മരിച്ചുപോയ ആളുകളായി നടിച്ച്‌ ജീവിച്ചിരിക്കുന്നവരോട്‌ സംസാരിക്കുന്നു.

ഇസ്രായേലിലെ ശൗൽ രാജാവിന്റെ കാര്യമെടുക്കുക. അനുസരണക്കേടുനിമിത്തം യഹോവ അവനെ തള്ളിക്കളഞ്ഞതിനെത്തുടർന്ന്‌ അവൻ ഒരു മധ്യവർത്തിയിലൂടെ മരിച്ചുപോയ ശമുവേൽ പ്രവാചകനോട്‌ സംസാരിക്കാൻ ശ്രമിച്ചതായി ബൈബിൾ പറയുന്നു. പരലോകത്തുനിന്ന്‌ ശൗലിന്‌ സന്ദേശം ലഭിച്ചു, പക്ഷേ അത്‌ ശമുവേലിൽനിന്ന്‌ അല്ലായിരുന്നു. കാരണം, ജീവിതാവസാനകാലത്ത്‌ ശമുവേൽ ശൗലിനെ കാണാൻ കൂട്ടാക്കിയിരുന്നില്ല. മാത്രമല്ല മധ്യവർത്തികളുമായി സമ്പർക്കത്തിൽ വരുന്നതിനെ അവൻ എതിർക്കുകയും ചെയ്‌തിരുന്നു. വാസ്‌തവത്തിൽ, ശമുവേൽ ആയി നടിച്ച ഒരു ഭൂതത്തിൽനിന്നാണ്‌ ശൗലിന്‌ സന്ദേശം ലഭിച്ചത്‌.​—⁠1 ശമൂവേൽ 28:​3-20.

ഭൂതങ്ങൾ ദൈവത്തിന്റെ ശത്രുക്കളാണ്‌. അവരുമായി സമ്പർക്കത്തിൽ വരുന്നത്‌ അപകടം വരുത്തിവെക്കും. ഇക്കാരണത്താൽ ബൈബിൾ ഇങ്ങനെ കൽപ്പിക്കുന്നു: “വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും അടുക്കൽ പോകരുതു. അവരാൽ അശുദ്ധരായ്‌തീരുവാൻ തക്കവണ്ണം അവരെ അന്വേഷിക്കയും അരുത്‌.” (ലേവ്യപുസ്‌തകം 19:31) ‘മരിച്ചവരുമായി സംഭാഷണം നടത്തരുത്‌,’ അങ്ങനെ ചെയ്യുന്നത്‌ “യഹോവ വെറുക്കുന്നു” എന്നും തിരുവെഴുത്ത്‌ മുന്നറിയിപ്പു തരുന്നു. (ആവർത്തനപുസ്‌തകം 18:​11, 12, പരിശുദ്ധ ബൈബിൾ, ഈസി-റ്റു-റീഡ്‌ വേർഷൻ) അവിശ്വസ്‌തത നിമിത്തം യഹോവ ശൗൽ രാജാവിനെ കൊന്നുകളഞ്ഞു. അവന്റെ അവിശ്വസ്‌തതയിൽ ‘വെളിച്ചപ്പാടത്തിയോട്‌ അരുളപ്പാടു ചോദിച്ചതും’ ഉൾപ്പെട്ടിരുന്നു.​—⁠1 ദിനവൃത്താന്തം 10:​13, 14.

ആ സ്ഥിതിക്ക്‌, കുഴപ്പിക്കുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം വേണ്ടിവരുമ്പോഴും ഗൗരവമായ തീരുമാനം എടുക്കേണ്ടിവരുമ്പോഴും അതിശ്രേഷ്‌ഠമായ മാർഗനിർദേശത്തിനായി നിങ്ങൾ ആരിലേക്കു തിരിയണം? യഹോവയാംദൈവത്തെ മഹാ ‘ഉപദേഷ്ടാവായി’ തിരുവെഴുത്തുകൾ വർണിക്കുന്നു. നിങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവരും അവന്റെ വചനമായ ബൈബിൾ പരിശോധിക്കുകയും അതിലെ നിർദേശങ്ങൾ ബാധകമാക്കുകയും ചെയ്യുമ്പോൾ ‘വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ എന്നൊരു വാക്കു പിറകിൽനിന്നു കേൾക്കും.’ (യെശയ്യാവു 30:​20, 21) സത്യദൈവത്തിന്റെ ശബ്ദം ഇന്ന്‌ നേരിട്ട്‌ കേൾക്കാനാകുമെന്ന്‌ ക്രിസ്‌ത്യാനികൾ കരുതുന്നില്ല. ബൈബിളിലൂടെയാണ്‌ അവൻ അവരെ നയിക്കുന്നത്‌. ‘നിങ്ങളെ നയിക്കുന്നത്‌ ഞാനായിരിക്കട്ടെ’ എന്ന്‌ യഹോവ പറയുന്നതുപോലെയാണ്‌ അത്‌. (g12-E 06)

നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

● മരിച്ചവരുമായി സമ്പർക്കത്തിൽ വരുന്നതിനെ ദൈവം എങ്ങനെ വീക്ഷിക്കുന്നു?​—⁠ ആവർത്തനപുസ്‌തകം 18:​9-13.

● ജീവിച്ചിരിക്കുന്നവർക്ക്‌ അറിവു പകർന്നുകൊടുക്കാൻ മരിച്ചവർക്ക്‌ കഴിയുമോ? നിങ്ങൾ അങ്ങനെ പറയുന്നത്‌ എന്തുകൊണ്ട്‌?​—⁠സഭാപ്രസംഗി 9:⁠5.

● മാർഗനിർദേശത്തിനായി നമുക്ക്‌ ആരിലേക്കു തിരിയാനാകും?​—⁠യെശയ്യാവു 30:​20, 21.