വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഥാർഥ സ്‌നേഹവും സമാധാനവും ഞാൻ കണ്ടെത്തി

യഥാർഥ സ്‌നേഹവും സമാധാനവും ഞാൻ കണ്ടെത്തി

യഥാർഥ സ്‌നേഹവും സമാധാനവും ഞാൻ കണ്ടെത്തി

എഷിദിയോ നെഹബ്രിയ പറഞ്ഞപ്രകാരം

എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട്‌, ആരുടെയും സ്‌നേഹം കിട്ടാതെയാണ്‌ ഞാൻ വളർന്നത്‌. എന്നാൽ ഇപ്പോൾ ഞാൻ സ്‌നേഹം അനുഭവിച്ചറിയുന്നു, ഒപ്പം യഥാർഥ സമാധാനവും. ഇത്‌ എങ്ങനെ സംഭവിച്ചു? ഞാൻ പറയാം.

ഈസ്റ്റ്‌ റ്റിമോറിലെ ഒരു മലഞ്ചെരുവിൽ വൃത്തിഹീനമായ ഒരു കൊച്ചുകുടിലിൽ 1976-ലാണ്‌ ഞാൻ പിറന്നുവീണത്‌. ഈസ്റ്റ്‌ റ്റിമോർ അന്ന്‌ ഇന്തൊനീഷ്യയുടെ ഭാഗമായിരുന്നു. കടുത്ത ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്നവരാണ്‌ എന്റെ അച്ഛനമ്മമാർ. അവരുടെ പത്തുമക്കളിൽ എട്ടാമനായിരുന്നു ഞാൻ. ഞങ്ങളെ എല്ലാവരെയും പോറ്റിപ്പുലർത്തുക അവർക്ക്‌ ഒട്ടും എളുപ്പമല്ലായിരുന്നു. അതുകൊണ്ട്‌ എന്നെ അവർ ഏറ്റവും അടുത്ത ഒരു ബന്ധുവിനെ (അച്ഛന്റെ ജ്യേഷ്‌ഠപുത്രനെ) ഏൽപ്പിച്ചു; എന്റെ ഇരട്ടസഹോദരൻ അച്ഛനമ്മമാരോടൊപ്പം വീട്ടിൽത്തന്നെ കഴിഞ്ഞു.

ഞാൻ ജനിക്കുന്നതിനു തൊട്ടുമുമ്പ്‌, അതായത്‌ 1975 ഡിസംബറിൽ ഈസ്റ്റ്‌ റ്റിമോറിനെ ഇന്തൊനീഷ്യ അധീനതയിലാക്കിയിരുന്നു. അതേത്തുടർന്ന്‌ ഗറില്ലാപോരാട്ടവും തുടങ്ങി. രണ്ടുദശകത്തിലധികം അത്‌ നീണ്ടുനിന്നു. അതുകൊണ്ടുതന്നെ അക്രമവും ദുരിതവും ഒക്കെ നിറഞ്ഞതായിരുന്നു എന്റെ കുട്ടിക്കാലം. പട്ടാളക്കാർ ഞങ്ങളുടെ ഗ്രാമത്തെ ആക്രമിച്ചതും ജീവനുംകൊണ്ട്‌ എല്ലാവർക്കും അവിടംവിട്ട്‌ ഓടിപ്പോകേണ്ടിവന്നതും ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. അന്ന്‌ ഞാനും എന്റെ ആ ബന്ധുവും ഒറ്റപ്പെട്ട ഒരു മലഞ്ചെരുവിലേക്ക്‌ ഓടിപ്പോയി. ഞങ്ങളെപ്പോലെ ആയിരക്കണക്കിന്‌ ആളുകളാണ്‌ അവിടെ അഭയാർഥികളായി ഉണ്ടായിരുന്നത്‌.

പക്ഷേ, പട്ടാളക്കാർ ഞങ്ങളുടെ ഒളിത്താവളം കണ്ടെത്തി. പെട്ടെന്നുതന്നെ ശത്രുസേനയുടെ ബോംബുവർഷവും തുടങ്ങി. സർവതും തകർന്നടിഞ്ഞു. എവിടെയും കൊള്ളയും കൊലയും ആയിരുന്നു. ഓർക്കുമ്പോൾ വല്ലാത്ത ഭയം തോന്നുന്നു. പിന്നീട്‌ ഞങ്ങൾ ഗ്രാമത്തിൽ തിരിച്ചെത്തിയെങ്കിലും ജീവിതം ഭയത്തിന്റെ നിഴലിലായിരുന്നു. അയൽക്കാരിൽ പലരെയും കാണാതായി, അനേകരും കൊല്ലപ്പെട്ടു. അടുത്ത ഊഴം എന്റേതായിരിക്കുമെന്ന്‌ ഞാൻ കരുതി.

എനിക്കു പത്തുവയസ്സുള്ളപ്പോൾ എന്റെ ആ ബന്ധു രോഗം പിടിപെട്ടു മരിച്ചു. അതുകൊണ്ട്‌ മാതാപിതാക്കൾ എന്നെ വല്യമ്മയുടെ അടുത്തേക്ക്‌ അയച്ചു. ജീവിതത്തിൽ വളരെയധികം കയ്‌പ്പുനീർ കുടിച്ചിട്ടുള്ള വിധവയായ വല്യമ്മ എന്നെ ഒരു ഭാരമായിട്ടാണ്‌ കണക്കാക്കിയത്‌. ഒരു അടിമയെപ്പോലെ അവർ എന്നോട്‌ ഇടപെട്ടു. ഒരിക്കൽ എനിക്ക്‌ തീരെ സുഖമില്ലാതായി, ജോലി ചെയ്യാൻപോലും പറ്റാത്ത അവസ്ഥയിലായിരുന്നു ഞാൻ. അന്നു വല്യമ്മ എന്നെ തല്ലി. എന്റെ സ്ഥിതി വളരെ പരിതാപകരമായിരുന്നു. ഞാൻ മരിച്ചുപോയാലും വല്യമ്മയ്‌ക്കു കുഴപ്പമില്ലായിരുന്നു. ദൈവാനുഗ്രഹമെന്നു പറയട്ടെ, എന്റെ മറ്റൊരു ബന്ധു (അമ്മയുടെ ജ്യേഷ്‌ഠപുത്രൻ) എന്നെ അവരുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി.

ഒടുവിൽ, 12-ാം വയസ്സിൽ ഞാൻ സ്‌കൂളിൽ പോകാൻ തുടങ്ങി. പക്ഷേ, അധികം വൈകുംമുമ്പെ ബന്ധുവിന്റെ ഭാര്യ രോഗിയായി. അദ്ദേഹത്തെ അത്‌ വല്ലാതെ തളർത്തിക്കളഞ്ഞു. അവർക്ക്‌ ഭാരമാകേണ്ടല്ലോ എന്നോർത്ത്‌ ഞാൻ അവിടെനിന്ന്‌ ഓടിപ്പോന്നു; വനത്തിൽ താവളമടിച്ചിരുന്ന ഇന്തൊനീഷ്യൻ പട്ടാളക്കാരോടൊപ്പം ചേർന്നു. അവരുടെ വസ്‌ത്രങ്ങൾ കഴുകുന്നതും ഭക്ഷണം തയ്യാറാക്കുന്നതും ക്യാമ്പ്‌ വൃത്തിയാക്കുന്നതും ആയിരുന്നു എന്റെ ജോലി. മര്യാദയോടെയാണ്‌ അവർ എന്നോട്‌ ഇടപെട്ടത്‌. എന്നെക്കൊണ്ട്‌ ഉപയോഗമുണ്ടെന്ന്‌ എനിക്ക്‌ അപ്പോൾ തോന്നി. പക്ഷേ, ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ബന്ധുക്കൾ എന്നെ കണ്ടെത്തി. എന്നെ തിരികെ അയയ്‌ക്കാൻ അവർ പട്ടാളക്കാരെ നിർബന്ധിച്ചു.

രാഷ്‌ട്രീയപ്രവർത്തകൻ

ഹൈസ്‌കൂൾ പൂർത്തിയാക്കിയ ശേഷം ഈസ്റ്റ്‌ റ്റിമോറിന്റെ തലസ്ഥാനമായ ഡിലിയിലേക്ക്‌ ഞാൻ പോയി; അവിടെ ഒരു സർവകലാശാലയിൽ ചേർന്നു. എന്നെപ്പോലെയുള്ള പല ചെറുപ്പക്കാരെയും ഞാൻ അവിടെ കണ്ടുമുട്ടി. രാഷ്‌ട്രീയത്തിലൂടെ മാത്രമേ ദേശത്തിന്‌ സ്വാതന്ത്ര്യം ലഭിക്കുകയുള്ളുവെന്നും സാമൂഹികാവസ്ഥകൾ മെച്ചപ്പെടുകയുള്ളുവെന്നും ഞങ്ങൾ കരുതി. ഞങ്ങളുടെ വിദ്യാർഥിസംഘടന പല രാഷ്‌ട്രീയപ്രകടനങ്ങളും സംഘടിപ്പിച്ചു; പക്ഷേ, മിക്കതും ലഹളയിലാണ്‌ പര്യവസാനിച്ചത്‌. കൂട്ടുകാരിൽ പലർക്കും ദേഹോപദ്രവമേറ്റു, ചിലർ കൊല്ലപ്പെട്ടു.

2002-ൽ ഈസ്റ്റ്‌ റ്റിമോറിന്‌ സ്വാതന്ത്ര്യം ലഭിച്ചു. അപ്പോഴേക്കും രാജ്യം ആകെ തകർന്നു തരിപ്പണമായിരുന്നു; പതിനായിരക്കണക്കിന്‌ ആളുകളാണ്‌ കൊല്ലപ്പെട്ടത്‌; ലക്ഷക്കണക്കിന്‌ ആളുകൾ കുടിയൊഴിപ്പിക്കപ്പെട്ടു. എങ്കിലും കാര്യങ്ങൾ മെച്ചപ്പെടും എന്നായിരുന്നു എന്റെ പ്രതീക്ഷ. പക്ഷേ, തൊഴിലില്ലായ്‌മയും ദാരിദ്ര്യവും രാഷ്‌ട്രീയരംഗത്തെ അരാജകത്വവും എങ്ങും തുടർന്നു.

പുതിയ വഴിത്തിരിവ്‌

ആ സമയത്ത്‌ ചില ബന്ധുക്കളോടൊപ്പമാണ്‌ ഞാൻ താമസിച്ചിരുന്നത്‌. എന്നെക്കാൾ പ്രായംകുറഞ്ഞ ഒരു അകന്ന ബന്ധുവും കൂട്ടത്തിൽ ഉണ്ടായിരുന്നു. ആൻഡ്രേ എന്നായിരുന്നു അവന്റെ പേര്‌. യഹോവയുടെ സാക്ഷികളോടൊത്ത്‌ അവൻ ബൈബിൾ പഠിക്കുന്നുണ്ടായിരുന്നു. ഞാൻ അടിയുറച്ച ഒരു കത്തോലിക്കാവിശ്വാസിയായിരുന്നതിനാൽ അവൻ മറ്റൊരു മതത്തോടൊപ്പം ചേരുന്നത്‌ എനിക്ക്‌ ഒട്ടും പിടിച്ചില്ല. എങ്കിലും ബൈബിൾ പറയുന്നത്‌ എന്താണെന്ന്‌ അറിഞ്ഞാൽ കൊള്ളാമെന്നുണ്ടായിരുന്നു എനിക്ക്‌. അതുകൊണ്ട്‌ ആൻഡ്രേയുടെ മുറിയിലുണ്ടായിരുന്ന ബൈബിൾ ഞാൻ ഇടയ്‌ക്കൊക്കെ വായിക്കുമായിരുന്നു. വായിച്ചപ്പോൾ എനിക്ക്‌ അതിൽ കുറെക്കൂടി താത്‌പര്യം തോന്നി.

2004-ൽ, യേശുവിന്റെ മരണത്തിന്റെ സ്‌മാരകാചരണത്തിൽ പങ്കെടുക്കാനുള്ള ഒരു ക്ഷണക്കത്ത്‌ ആൻഡ്രേ എനിക്കു തന്നു. പോകാമെന്നു ഞാൻ തീരുമാനിച്ചു. ക്ഷണക്കത്തിലെ വിവരങ്ങൾ തെറ്റായി വായിച്ചതിനാൽ രണ്ടുമണിക്കൂർ മുമ്പേ ഞാൻ അവിടെ എത്തി. സാക്ഷികൾ വന്നപ്പോൾ നല്ലൊരു വരവേൽപ്പാണ്‌ അവർ എനിക്കു നൽകിയത്‌. പ്രാദേശികസാക്ഷികൾ മാത്രമല്ല വിദേശികളായ സാക്ഷികളും അക്കൂട്ടത്തിലുണ്ടായിരുന്നു. അവരുടെ നല്ല പെരുമാറ്റം എന്നെ വല്ലാതെ ആകർഷിച്ചു. പ്രസംഗത്തിൽ കേട്ട എല്ലാ തിരുവെഴുത്തുകളും ഞാൻ ഒരു നോട്ടുബുക്കിൽ കുറിച്ചെടുത്തു. ഞാൻ ഉപയോഗിക്കുന്ന കത്തോലിക്കാബൈബിളിൽ അതെല്ലാം ഉണ്ടോ എന്ന്‌ പരിശോധിക്കാനായിരുന്നു അത്‌. ഞാൻ വീട്ടിൽച്ചെന്ന്‌ നോക്കി, എല്ലാം സത്യമായിരുന്നു!

തൊട്ടടുത്ത ആഴ്‌ചയിൽ ഞാൻ കുർബാന കാണാൻ പള്ളിയിൽ പോയി. ഞാനും മറ്റു ചിലരും വൈകിയെത്തിയതിനാൽ പുരോഹിതൻ ഞങ്ങളെ ദേഷ്യത്തോടെ പള്ളിയിൽനിന്ന്‌ ആട്ടിയിറക്കി. ഞങ്ങൾ പുറത്തുനിൽക്കവെ, പുരോഹിതൻ ഇങ്ങനെ പറഞ്ഞുകൊണ്ട്‌ ശുശ്രൂഷ അവസാനിപ്പിച്ചു: “യേശുവിന്റെ സമാധാനം നിങ്ങളോട്‌ കൂടെയുണ്ടായിരിക്കട്ടെ.” ഇതുകേട്ട ഒരു സ്‌ത്രീ യാതൊരു മടിയും കൂടാതെ ധൈര്യത്തോടെ വിളിച്ചു ചോദിച്ചു: “ആ ആളുകളെ പള്ളിയിൽനിന്ന്‌ ആട്ടിയിറക്കിയ നിങ്ങൾക്ക്‌ എങ്ങനെ സമാധാനത്തെക്കുറിച്ച്‌ പറയാൻ കഴിയുന്നു?” പുരോഹിതൻ അത്‌ കേട്ടില്ലെന്നു നടിച്ചു. അന്ന്‌ ഞാൻ പള്ളിവിട്ടതാണ്‌. പിന്നെ തിരിച്ചുപോയിട്ടില്ല.

പെട്ടെന്നുതന്നെ ഞാൻ ബൈബിൾ പഠിക്കാനും ആൻഡ്രേയോടൊപ്പം യോഗങ്ങൾക്കു പോകാനും തുടങ്ങി. ഉത്‌കണ്‌ഠാകുലരായ ബന്ധുക്കൾക്കെല്ലാം ഞങ്ങളോട്‌ എതിർപ്പായി. ആൻഡ്രേയുടെ വല്യമ്മ ഞങ്ങളെ ഭീഷണിപ്പെടുത്തി: “ഈ മതത്തോടൊപ്പം പഠിക്കുന്നത്‌ അവസാനിപ്പിച്ചില്ലെങ്കിൽ നിങ്ങൾ രണ്ടിനെയും ഞാൻ ഒരു കുഴി കുഴിച്ച്‌ അതിൽ ഇട്ട്‌ മൂടും.” ആ ഭീഷണിയൊന്നും ഞങ്ങളുടെ അടുത്ത്‌ വിലപ്പോയില്ല. ആത്മീയ പുരോഗതി വരുത്താൻ ഞങ്ങൾ ഉറച്ചിരുന്നു.

മാറ്റങ്ങൾ വരുത്തുന്നു

ശരിക്കും സ്‌നേഹം എന്താണെന്ന്‌ ഞാൻ അറിഞ്ഞിട്ടില്ലെന്ന്‌ ബൈബിൾ പഠിച്ചപ്പോഴാണ്‌ മനസ്സിലായത്‌. ഞാൻ പിടിവാശിക്കാരനും നിഷ്‌ഠുരനും ആയിരുന്നു. എനിക്ക്‌ ആരിലും വിശ്വാസമില്ലായിരുന്നു. എങ്കിലും, സാക്ഷികൾ എന്റെ കാര്യത്തിൽ പ്രത്യേക താത്‌പര്യം കാണിച്ചു. എനിക്ക്‌ ഒട്ടും സുഖമില്ലാതായ ഒരവസരത്തിൽ ബന്ധുക്കളാരും തിരിഞ്ഞുനോക്കിയില്ല. സാക്ഷികളാണ്‌ എന്നെ കാണാൻ വന്നതും സഹായിച്ചതും. അവരുടെ സ്‌നേഹം “വെറും വാക്കുകളും പറച്ചിലുകളും” അല്ലായിരുന്നു. മറിച്ച്‌ ആ ‘സ്‌നേഹം യഥാർഥമായിരുന്നു.’ അത്‌ ‘പ്രവൃത്തിയിലൂടെ വ്യക്തമാകുകയും’ ചെയ്‌തു.​—⁠1 യോഹന്നാൻ 3:​18, പരിശുദ്ധ ബൈബിൾ, ഈസി-റ്റു-റീഡ്‌ വേർഷൻ.

എന്റെ രൂപവും സ്വഭാവവും പരുക്കനായിരുന്നെങ്കിലും സാക്ഷികൾ എന്നോട്‌ ‘സഹാനുഭൂതിയും സഹോദരപ്രീതിയും’ കാണിച്ചു. (1 പത്രോസ്‌ 3:⁠8) സ്‌നേഹം എന്താണെന്ന്‌ ജീവിതത്തിൽ ആദ്യമായി ഞാൻ അനുഭവിച്ചറിഞ്ഞു. എന്റെ സ്വഭാവത്തിന്‌ മാറ്റം വന്നു. ദൈവത്തോടും സഹമനുഷ്യരോടും ഉള്ള സ്‌നേഹം എന്റെ ഉള്ളിൽ നാമ്പിടാൻ തുടങ്ങി. അങ്ങനെ, ഞാൻ യഹോവയ്‌ക്ക്‌ സമർപ്പിച്ച്‌ 2004 ഡിസംബറിൽ ജലസ്‌നാനമേറ്റു; അധികം വൈകാതെതന്നെ ആൻഡ്രേയും.

പ്രശ്‌നങ്ങളും നിറയെ അനുഗ്രഹങ്ങളും

യഥാർഥ സ്‌നേഹവും നീതിയും ഒരിക്കലും അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ആളുകളെ സഹായിക്കാൻ ഞാൻ അതിയായി ആഗ്രഹിച്ചു. അതുകൊണ്ട്‌ സ്‌നാനമേറ്റതിനെ തുടർന്ന്‌, യഹോവയുടെ സാക്ഷികൾ പയനിയറിങ്‌ എന്നു വിളിക്കുന്ന മുഴുസമയ ക്രിസ്‌തീയശുശ്രൂഷ ഞാൻ ഏറ്റെടുത്തു. രാഷ്‌ട്രീയ പ്രകടനങ്ങളിലും ലഹളകളിലും പങ്കെടുക്കുന്നതിനെക്കാൾ എത്രയോ നവോന്മേഷം പകരുന്നതാണ്‌ ബൈബിളിൽ നൽകിയിരിക്കുന്ന ആശ്വാസദായകമായ സന്ദേശം പങ്കുവെക്കുന്നത്‌! ഒടുവിൽ ഞാൻ ആളുകളെ ശരിക്കും സഹായിക്കാൻ തുടങ്ങി!

2006-ൽ രാഷ്‌ട്രീയപ്രക്ഷോഭവും പ്രാദേശികസംഘർഷങ്ങളും ഈസ്റ്റ്‌ റ്റിമോറിൽ വീണ്ടും തലപൊക്കാൻ തുടങ്ങി. ദീർഘകാലമായി നിറവേറാത്ത ചില ആവശ്യങ്ങളുടെ പേരിൽ ഘടകകക്ഷികളും പോരാട്ടം ആരംഭിച്ചു. ഡിലി നഗരം ഉപരോധത്തിലായി. ഈസ്റ്റ്‌ റ്റിമോറിലുള്ള പലർക്കും പ്രാണരക്ഷാർഥം പലായനം ചെയ്യേണ്ടിവന്നു. മറ്റു സാക്ഷികളോടൊപ്പം ഞാൻ ബവുകാവുവിലേക്ക്‌ രക്ഷപ്പെട്ടു. ഡിലിയുടെ കിഴക്കായി ഏതാണ്ട്‌ 120 കിലോമീറ്റർ അകലെയുള്ള ഒരു വലിയ പട്ടണമാണ്‌ ബവുകാവു. ഞങ്ങളുടെ ഈ ദുരവസ്ഥ പക്ഷേ ഒരു അനുഗ്രഹമായി മാറി. കാരണം ഞങ്ങൾക്ക്‌ അവിടെ ഒരു പുതിയ സഭ സ്ഥാപിക്കാനായി; ഡിലിയ്‌ക്കു പുറത്തുള്ള ആദ്യത്തെ സഭ!

മൂന്നുവർഷങ്ങൾക്കു ശേഷം, അതായത്‌ 2009-ൽ, മുഴുസമയ ക്രിസ്‌തീയ ശുശ്രൂഷകർക്കുവേണ്ടിയുള്ള ഒരു പ്രത്യേക സ്‌കൂളിൽ പങ്കെടുക്കാനുള്ള ക്ഷണം എനിക്കു ലഭിച്ചു. ഇന്തൊനീഷ്യയിലെ ജക്കാർത്തയിൽ വെച്ചായിരുന്നു അത്‌. അവിടത്തെ സാക്ഷികൾ എന്നെ അവരുടെ വീട്ടിൽ കൊണ്ടുപോയി. അവരുടെ ഹൃദയവിശാലതയും ആത്മാർഥ സ്‌നേഹവും എനിക്ക്‌ ഒരിക്കലും മറക്കാനാകില്ല. ലോകമെമ്പാടുമുള്ള “മുഴുസഹോദരവർഗ”ത്തിന്റെ, എനിക്കുവേണ്ടി കരുതുന്ന ഒരു അന്താരാഷ്‌ട്ര “കുടുംബത്തിന്റെ” ഭാഗമാണ്‌ ഞാൻ എന്ന്‌ എനിക്കപ്പോൾ ശരിക്കും ബോധ്യമായി.​—⁠1 പത്രോസ്‌ 2:⁠17.

ഒടുവിൽ സമാധാനം!

സ്‌കൂളിൽ പങ്കെടുത്തതിനു ശേഷം ഞാൻ ബവുകാവുവിലേക്കു തിരിച്ചുപോയി. ഇപ്പോഴും അവിടെത്തന്നെയാണ്‌ ഞാൻ താമസിക്കുന്നത്‌. മറ്റുള്ളവർ എന്നെ സഹായിച്ചതുപോലെ ആളുകളെ ആത്മീയമായി സഹായിക്കുന്നതിൽ ഞാൻ വളരെ സന്തുഷ്ടനാണ്‌. ഉദാഹരണത്തിന്‌, ബവുകാവുവിന്‌ പുറത്തുള്ള ഒറ്റപ്പെട്ട ഒരു ഗ്രാമത്തിൽ ഏതാണ്ട്‌ 20-ഓളം ആളുകളെ ഞാനും മറ്റുള്ളവരും ചേർന്ന്‌ ബൈബിൾ പഠിപ്പിക്കുന്നു. എഴുതാനും വായിക്കാനും അറിയാത്ത പ്രായംചെന്നവരാണ്‌ അവരിൽ മിക്കവരും. എല്ലാവരും വാരന്തോറും യോഗങ്ങൾക്കു വരുന്നു. മൂന്നുപേർ സ്‌നാനമേറ്റ്‌ നമ്മുടെ ആത്മീയ “കുടുംബത്തിന്റെ” ഭാഗമായിരിക്കുന്നു.

ഏതാനും വർഷങ്ങൾക്കു മുമ്പ്‌ ബൈബിൾ പഠിച്ച്‌ പെട്ടെന്നു പുരോഗമിച്ചു സ്‌നാനമേറ്റ, ദയയും സൗഹൃദഭാവവും ഉള്ള ഫെലിസാർഡ എന്ന പെൺകുട്ടിയെ ഞാൻ കണ്ടുമുട്ടി. 2011-ൽ ഞങ്ങൾ വിവാഹിതരായി. എന്റെ ബന്ധു ആൻഡ്രേ ഈസ്റ്റ്‌ റ്റിമോറിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസിൽ സേവിക്കുന്നു. എന്റെ ബന്ധുക്കളിൽ മിക്കവരും, എന്തിന്‌ ഞങ്ങളെ കുഴിച്ചുമൂടുമെന്ന്‌ ഭീഷണിപ്പെടുത്തിയ ആൻഡ്രേയുടെ വല്യമ്മപോലും ഇപ്പോൾ എന്റെ വിശ്വാസത്തെ ആദരിക്കുന്നു.

കഴിഞ്ഞകാലത്ത്‌ എനിക്ക്‌ എല്ലാറ്റിനോടും എല്ലാവരോടും ദേഷ്യമായിരുന്നു. ആരും എന്നെ സ്‌നേഹിക്കാത്തതായി, സ്‌നേഹിക്കപ്പെടാൻ കൊള്ളാത്തവനായി എനിക്കു തോന്നി. എന്നാൽ ഇപ്പോൾ, യഥാർഥ സ്‌നേഹവും സമാധാനവും ഞാൻ ആസ്വദിക്കുന്നു. അതിന്‌ യഹോവയോട്‌ നന്ദി പറയാൻ വാക്കുകളില്ല! (g12-E 06)

[18-ാം പേജിലെ ചിത്രം]

എഷിദിയോ രാഷ്‌ട്രീയപ്രവർത്തകനായിരുന്നപ്പോൾ

[20-ാം പേജിലെ ചിത്രം]

എഷിദിയോയും ഫെലിസാർഡയും ഈസ്റ്റ്‌ റ്റിമോറിലെ ബവുകാവു സഭയിലുള്ളവരോടൊത്ത്‌