വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

1. ശ്രദ്ധിച്ച്‌ വാങ്ങുക

1. ശ്രദ്ധിച്ച്‌ വാങ്ങുക

1. ശ്രദ്ധിച്ച്‌ വാങ്ങുക

ഭക്ഷ്യവസ്‌തുക്കൾ നിങ്ങൾ കൃഷി ചെയ്യുന്നില്ലെങ്കിൽ ചന്തയിൽനിന്നോ സൂപ്പർമാർക്കറ്റിൽനിന്നോ അവ വാങ്ങേണ്ടിവരും. അത്തരം ആഹാരസാധനങ്ങൾ ആരോഗ്യത്തിന്‌ ഹാനിവരുത്തുകയില്ലെന്ന്‌ എങ്ങനെ ഉറപ്പുവരുത്താം?

ഏത്‌ എപ്പോൾ വാങ്ങണം?

ഓസ്‌ട്രേലിയയിലുള്ള ഒരു ഭക്ഷ്യസുരക്ഷാ ഏജൻസി (Food Safety Information Council) നിർദേശിക്കുന്നത്‌ ഇങ്ങനെയാണ്‌: “എളുപ്പം കേടാകാത്ത ഭക്ഷണസാധനങ്ങൾ ആദ്യം മേടിക്കുക. ഫ്രിഡ്‌ജിലോ ഫ്രീസറിലോ വെക്കേണ്ടവയാണെങ്കിൽ മറ്റെല്ലാം വാങ്ങിയതിനു ശേഷം അവ വാങ്ങുക.” ചൂടുള്ള ഭക്ഷ്യവസ്‌തുക്കളും അവസാനം മേടിക്കുക.

പഴകിയ സാധനങ്ങൾ വാങ്ങരുത്‌

ഭക്ഷ്യവസ്‌തുക്കൾ പഴകിയിട്ടില്ലെന്ന്‌ ഉറപ്പാക്കുക. * രണ്ടുമക്കളുള്ള നൈജീരിയക്കാരിയായ രൂത്ത്‌ പറയുന്നത്‌ ശ്രദ്ധിക്കൂ: “ഏറ്റവും പുതിയ സാധനങ്ങൾ കിട്ടാൻ അതിരാവിലെ ഞാൻ ചന്തയിൽ പോകും.” മെക്‌സിക്കോയിലുള്ള എലിസബത്തും ചന്തയിൽനിന്നാണ്‌ സാധനങ്ങൾ വാങ്ങുന്നത്‌. അവർ പറയുന്നു: “അവിടെ, ഒട്ടും പഴക്കംവന്നിട്ടില്ലാത്ത പഴങ്ങളും പച്ചക്കറികളും കിട്ടും. എന്നുതന്നെയല്ല, നല്ലതുനോക്കി തിരഞ്ഞെടുക്കാനും കഴിയും.” “അന്നന്ന്‌ അറക്കുന്ന മാംസമേ ഞാൻ വാങ്ങിക്കാറുള്ളൂ. വാങ്ങിയത്‌ മിച്ചമുണ്ടെങ്കിൽ അത്‌ ഫ്രിഡ്‌ജിൽ വെക്കാനും മറക്കാറില്ല.”

നല്ലതാണെന്ന്‌ ഉറപ്പുവരുത്തുക

ഭക്ഷണസാധനങ്ങൾ തിരഞ്ഞെടുക്കുന്നതിനു മുമ്പ്‌ പിൻവരുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക: ‘ഈ പഴത്തിന്റെയോ പച്ചക്കറിയുടെയോ തൊലി കേടായിട്ടുണ്ടോ? മാംസത്തിന്‌ അസാധാരണമായ എന്തെങ്കിലും ഗന്ധമുണ്ടോ?’ പായ്‌ക്കറ്റിലോ ടിന്നിലോ ഉള്ള ഭക്ഷണസാധനങ്ങളാണെങ്കിൽ ടിന്നിനും പായ്‌ക്കറ്റിനും കേടുപറ്റിയിട്ടില്ലെന്ന്‌ ഉറപ്പുവരുത്തുക. അല്ലാത്തപക്ഷം ഭക്ഷണത്തിൽ ബാക്‌ടീരിയ ഉണ്ടാകാൻ സാധ്യതയുണ്ട്‌.

“പായ്‌ക്കറ്റിലും ടിന്നിലും ഒക്കെ വരുന്ന ഭക്ഷണസാധനങ്ങൾ കാലാവധി കഴിഞ്ഞതാണോയെന്ന്‌ പ്രത്യേകം ശ്രദ്ധിക്കുക,” സൂപ്പർമാർക്കറ്റിൽനിന്ന്‌ ഭക്ഷണസാധനങ്ങൾ വാങ്ങാറുള്ള ഹോങ്‌കോങ്ങിലെ ചെങ്‌-ഫൈ നിർദേശിക്കുന്നു. എന്താണ്‌ കാരണം? “കാലാവധി കഴിഞ്ഞ” സാധനങ്ങൾക്ക്‌ ചിലപ്പോൾ നല്ല രുചിയും മണവും ഒക്കെ ഉണ്ടാകുമെങ്കിലും അവ പക്ഷേ രോഗങ്ങൾ വരുത്തിവെക്കുമെന്ന്‌ വിദഗ്‌ധർ മുന്നറിയിപ്പുതരുന്നു.

വീട്ടിലേക്ക്‌ കൊണ്ടുവരുമ്പോൾ

വീണ്ടും ഉപയോഗിക്കാവുന്നതരം ബാഗുകളിലാണ്‌ സാധനങ്ങൾ വാങ്ങുന്നതെങ്കിൽ ചൂടുള്ള സോപ്പുവെള്ളം ഉപയോഗിച്ച്‌ ഇടയ്‌ക്കിടെ അവ കഴുകി വൃത്തിയാക്കുക. പല ഭക്ഷ്യവസ്‌തുക്കളും മത്സ്യമാംസാദികളോടൊപ്പം കൊണ്ടുവന്നാൽ രോഗങ്ങൾക്ക്‌ വഴിവെച്ചേക്കാം. അതുകൊണ്ട്‌ അവ ഒരേ ബാഗിൽ കൊണ്ടുവരുന്നത്‌ നന്നല്ല.

ഇറ്റലിയിലുള്ള എൻറിക്കോയും ലോറെഡാനയും വീടിനടുത്തുനിന്നാണ്‌ സാധനങ്ങൾ വാങ്ങുന്നത്‌. ആ ദമ്പതികൾ പറയുന്നു: “ഒത്തിരി ദൂരം യാത്ര ചെയ്യേണ്ടതില്ലാത്തതിനാൽ ഭക്ഷണം കേടാകാനുള്ള സാധ്യത കുറവാണ്‌.” സാധനങ്ങൾ വാങ്ങി വീട്ടിലെത്താൻ അരമണിക്കൂറിലേറെ താമസമുണ്ടെങ്കിൽ ശീതീകരിച്ച ഭക്ഷ്യവസ്‌തുക്കളുടെ തണുപ്പ്‌ നഷ്ടപ്പെടാതെ അവ വീട്ടിലെത്തിക്കാൻ ക്രമീകരണം ചെയ്യുക.

വീട്ടിൽ കൊണ്ടുവന്നശേഷം ഭക്ഷണസാധനങ്ങൾക്ക്‌ അണുബാധയുണ്ടാകാതിരിക്കാൻ എന്തൊക്കെ ചെയ്യാനാകും? അടുത്ത ലേഖനം അതേക്കുറിച്ചുള്ളതാണ്‌. (g12-E 06)

[അടിക്കുറിപ്പ്‌]

^ ഖ. 6 2011 മാർച്ച്‌ ലക്കം ഉണരുക!-യിലെ “പാഠം 1​—⁠നല്ല ഭക്ഷണശീലങ്ങൾ” (ഇംഗ്ലീഷ്‌) എന്ന ലേഖനം കാണുക.

[4-ാം പേജിലെ ചതുരം]

കുട്ടികളെ പഠിപ്പിക്കുക: “പായ്‌ക്കറ്റിൽ വരുന്ന ഭക്ഷണസാധനങ്ങൾ വാങ്ങിക്കഴിക്കുന്നതിനു മുമ്പ്‌ അതിന്റെ കാലാവധി തീർന്നിട്ടില്ലെന്ന്‌ ഉറപ്പുവരുത്താൻ ഞാൻ കുട്ടികളോട്‌ പറഞ്ഞിട്ടുണ്ട്‌.”​—⁠രൂത്ത്‌, നൈജീരിയ