2. ശുചിത്വം കാക്കുക
2. ശുചിത്വം കാക്കുക
രോഗികളുടെ ക്ഷേമത്തിൽ തത്‌പരനായ ഒരു ഡോക്‌ടർ കൈകൾ വൃത്തിയായി സൂക്ഷിക്കും, ഉപകരണങ്ങൾ അണുവിമുക്തമാക്കി വെക്കും, ഓപ്പറേഷൻ തീയേറ്റർ ശുചിയായി സൂക്ഷിക്കും. സമാനമായി, ശുചിത്വം പാലിക്കുകയും അടുക്കള വൃത്തിയായി സൂക്ഷിക്കുകയും ഭക്ഷണസാധനങ്ങൾ കേടാകാതെ നോക്കുകയും ചെയ്‌തുകൊണ്ട് നിങ്ങൾക്ക് കുടുംബത്തിന്റെ ആരോഗ്യം നിലനിറുത്താനാകും.
● കൈകൾ കഴുകുക
“ജലദോഷവും പനിയും പോലുള്ള പകർച്ചവ്യാധികളിൽ 80 ശതമാനവും പകരുന്നത് കൈകളിലൂടെയാണ്” എന്ന് കാനഡയിലെ പൊതുജനാരോഗ്യകേന്ദ്രം പറയുന്നു. അതുകൊണ്ട് ഭക്ഷണം പാകം ചെയ്യുമ്പോഴും ഭക്ഷണം കഴിക്കുന്നതിനു മുമ്പും കക്കൂസ് ഉപയോഗിച്ചതിനു ശേഷവും ഒക്കെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക.
● അടുക്കള വൃത്തിയായി സൂക്ഷിക്കുക
ഏറ്റവും വൃത്തിയായി സൂക്ഷിക്കാറുള്ള ഇടമാണ് കക്കൂസും കുളിമുറിയും. എന്നാൽ “അവിടെ കാണുന്നതരം ബാക്‌ടീരിയകൾ ഏറ്റവും കൂടുതൽ കണ്ടത് അടുക്കളയിൽ ഉപയോഗിക്കുന്ന തുണിയിലും സ്‌പോഞ്ചിലും ആയിരുന്നു” എന്ന് ഒരു പഠനം വെളിപ്പെടുത്തുന്നു.
അതുകൊണ്ട്, അടുക്കളയിൽ ഉപയോഗിക്കുന്ന തുണികൾ കൂടെക്കൂടെ കഴുകി ഉണക്കുക. പാചകം ചെയ്യുന്ന ഇടം വൃത്തിയാക്കാൻ ചൂടുവെള്ളവും സോപ്പും ഉപയോഗിക്കാനാകും. എന്നാൽ എല്ലായ്‌പോഴും ഇത് അത്ര എളുപ്പമല്ല. ബോല എന്ന സ്‌ത്രീയുടെ കാര്യം നോക്കുക. അവർ പറയുന്നു: വീട്ടിൽ പൈപ്പ് വെള്ളമില്ലാത്തതിനാൽ “വലിയ ബുദ്ധിമുട്ടാണ്.” “പക്ഷേ വൃത്തിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്‌ചയ്‌ക്കും ഞാൻ തയ്യാറല്ല. വീടും അടുക്കളയും വൃത്തിയാക്കാനായി സോപ്പും വെള്ളവും എപ്പോഴും ഉണ്ടായിരിക്കും.”
● ഭക്ഷ്യവസ്‌തുക്കൾ നന്നായി കഴുകുക
ഭക്ഷ്യവസ്‌തുക്കൾ കടയിൽനിന്ന് ലഭിക്കുമ്പോൾ അവ ശുദ്ധിയുള്ളതായിരിക്കണമെന്നില്ല. മലിനജലം, മൃഗങ്ങൾ, വിസർജ്യം, മറ്റ് ആഹാരസാധനങ്ങൾ എന്നിവയാൽ അവ മലിനപ്പെട്ടിട്ടുണ്ടാകാം. പഴങ്ങളുടെയും പച്ചക്കറികളുടെയും തൊലി കളയുന്നുണ്ടെങ്കിൽപ്പോലും അപകടകാരികളായ ബാക്‌ടീരിയകളെ നീക്കം ചെയ്യാൻ അവ നന്നായി കഴുകുക. ഇതിന് സമയം ആവശ്യമാണ്. “പച്ചക്കറികൾ നല്ലപോലെ കഴുകിയതിനു ശേഷമേ ഞാൻ സാലഡ് ഉണ്ടാക്കാറുള്ളൂ. ഒരിക്കലും ധൃതി കൂട്ടാറില്ല,” ബ്രസീലിലുള്ള ഡയന എന്ന അമ്മ പറയുന്നു.
● മത്സ്യമാംസങ്ങൾ വേർതിരിച്ചുവെക്കുക
ബാക്‌ടീരിയകളെ തടയാൻ മത്സ്യം, മാംസം എന്നിവ നന്നായി അടച്ച് മറ്റു ഭക്ഷണപദാർഥങ്ങളിൽനിന്നും മാറ്റി സൂക്ഷിക്കുക. മത്സ്യമാംസങ്ങൾ മുറിക്കുന്നതിന് വേറെ കത്തിയും കട്ടിങ് ബോർഡും ഉണ്ടായിരിക്കണം. ഉപയോഗിക്കുന്നതിനു മുമ്പും ഉപയോഗിച്ച ശേഷവും സോപ്പും ചൂടുവെള്ളവും കൊണ്ട് അവ കഴുകുക.
ഭക്ഷണസാധനങ്ങളും അവ ഒരുക്കാനുള്ള ഉപകരണങ്ങളും ഇപ്പോൾ തയ്യാർ. ഇനി, പാചകം ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? (g12-E 06)
[5-ാം പേജിലെ ചതുരം]
കുട്ടികളെ പഠിപ്പിക്കുക: “ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈ കഴുകാൻ ഞങ്ങൾ മക്കളെ പഠിപ്പിച്ചിട്ടുണ്ട്; നിലത്തു വീണ ഭക്ഷണം കളയണമെന്ന് അല്ലെങ്കിൽ കഴുകിയെടുക്കണമെന്ന് അവർക്ക് അറിയാം.”—ഹോയ്, ഹോങ്‌കോങ്