4. ഹോട്ടലിൽനിന്നു കഴിക്കുന്നത് ശ്രദ്ധയോടെ
4. ഹോട്ടലിൽനിന്നു കഴിക്കുന്നത് ശ്രദ്ധയോടെ
നല്ല ആരോഗ്യവാനും ഊർജസ്വലനും ആയിരുന്നു 38-കാരനായ ജെഫ്. ഒരു ദിവസം യു.എസ്.എ.-യിലെ പെൻസിൽവേനിയയിലുള്ള പിറ്റ്‌സ്‌ബർഗിന് അടുത്തുള്ള ഒരു ഹോട്ടലിൽനിന്ന് അദ്ദേഹവും കുടുംബവും ഭക്ഷണം കഴിക്കുകയുണ്ടായി. ഒരു മാസം കഴിഞ്ഞപ്പോൾ കരൾവീക്കം ബാധിച്ച് അദ്ദേഹം മരണമടഞ്ഞു. കാരണം? ഹെപ്പറ്റൈറ്റിസ് എ ബാധ. ഹോട്ടൽ ഭക്ഷണത്തിലുണ്ടായിരുന്ന ഉള്ളിയായിരുന്നു വില്ലൻ!
ഒരു പാശ്ചാത്യദേശത്ത് ആഹാരത്തിനായി ചെലവാക്കുന്ന തുകയുടെ ഏതാണ്ട് പകുതിയും ആളുകൾ ഹോട്ടലിൽ ചെലവാക്കുന്നു. എന്നാൽ ഹോട്ടൽ ഭക്ഷണത്തിലൂടെയാണ് ആ ദേശത്തെ ഭക്ഷ്യജന്യരോഗങ്ങളിൽ പകുതിയോളവും പകരുന്നത്.
ഹോട്ടലിൽനിന്നാണ് ഭക്ഷണം കഴിക്കുന്നതെങ്കിൽ നിങ്ങൾക്കുവേണ്ടി ആഹാരസാധനങ്ങൾ വാങ്ങുന്നതും അടുക്കള വൃത്തിയാക്കുന്നതും ആഹാരം പാകം ചെയ്യുന്നതും ഒക്കെ മറ്റാരെങ്കിലുമാണ്. എന്നാൽ, നിങ്ങൾക്കു തീരുമാനിക്കാവുന്ന ചിലതുണ്ട്: എവിടെനിന്നു കഴിക്കണം, എന്തു കഴിക്കണം, വീട്ടിലേക്കു കൊണ്ടുപോകുന്നെങ്കിൽ അത് എങ്ങനെ കൊണ്ടുപോകണം എന്നൊക്കെ.
● പരിസരം വൃത്തിയുള്ളതാണോ?
ബ്രസീലിൽ താമസിക്കുന്ന ഡയന പറയുന്നു: “ഹോട്ടലിൽ ചെന്നാൽ ആദ്യം ചുറ്റുപാടും ഒന്നു നോക്കും; മേശയും വിരിപ്പും പാത്രങ്ങളും വിളമ്പുന്നവരും ഒക്കെ എങ്ങനെയുണ്ടെന്നറിയാൻ. വൃത്തിയില്ലെന്നു കണ്ടാൽ ഞങ്ങൾ മറ്റൊരു ഹോട്ടലിലേക്കു പോകും.” ചില ദേശങ്ങളിൽ ആരോഗ്യപരിപാലകർ പതിവായി ഹോട്ടലുകളിലെ ശുചിത്വനിലവാരം പരിശോധിച്ച് വിലയിരുത്തുകയും പൊതുജനത്തെ അറിയിക്കുകയും ചെയ്യുന്ന രീതിയുണ്ട്.
● മിച്ചമുള്ള ഭക്ഷണം വീട്ടിലേക്കു കൊണ്ടുപോകുമ്പോൾ
യു. എസ്. ഭക്ഷ്യ-ഔഷധ കാര്യാലയം നിർദേശിക്കുന്നു: “ഭക്ഷണം കഴിഞ്ഞ് രണ്ടുമണിക്കൂറിനുള്ളിൽ (അന്തരീക്ഷ താപനില 32 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണെങ്കിൽ അതിലും നേരത്തെ) വീട്ടിൽ എത്താൻ സാധിക്കുകയില്ലെങ്കിൽ മിച്ചമുള്ള ഭക്ഷണം വീട്ടിലേക്ക് എടുക്കരുത്.” മിച്ചം വരുന്നത് കൊണ്ടുപോകുന്നുണ്ടെങ്കിൽ നേരെ വീട്ടിലേക്കു പോകുക; ഫ്രിഡ്‌ജിൽ വെക്കുക.
ഈ ലേഖനപരമ്പരയിലെ നാലുനിർദേശങ്ങളും പാലിക്കുന്നെങ്കിൽ ആഹാരം നിങ്ങൾക്ക് അപകടം വരുത്തിവെക്കാൻ സാധ്യതയില്ല. (g12-E 06)
[7-ാം പേജിലെ ചതുരം/ചിത്രം]
കുട്ടികളെ പഠിപ്പിക്കുക: “ആരോഗ്യം നശിപ്പിക്കുന്ന ഭക്ഷണസാധനങ്ങൾ കഴിക്കരുതെന്ന് ഞങ്ങൾ മക്കളെ പഠിപ്പിച്ചിട്ടുണ്ട്.”—നവോമി, ഫിലിപ്പീൻസ