കുടുംബങ്ങൾക്കുവേണ്ടി | മാതാപിതാക്കൾ
ആശയവിനിമയം കൗമാരത്തോട്—ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പ്രശ്‌നം
കുഞ്ഞായിരുന്നപ്പോൾ വാതോരാതെ സംസാരിച്ചിരുന്ന നിങ്ങളുടെ പൊന്നോമന. കൗമാരത്തിലേക്ക് കാലെടുത്തുവെച്ചപ്പോൾ അവനു പക്ഷേ മിണ്ടാട്ടമില്ല. അവനോട് സംസാരിക്കാമെന്നു വെച്ചാലോ, പേരിന് എന്തെങ്കിലും പറഞ്ഞെങ്കിലായി. മിണ്ടിയാൽത്തന്നെ അതു വാക്കുതർക്കമാകും, വീട് പിന്നെ ഒരു പോർക്കളമായി.
കൗമാരത്തിലുള്ള മക്കളുടെ മനസ്സുതുറക്കാൻ കഴിയുംവിധം നിങ്ങൾക്ക് അവരോട് സംസാരിക്കാനാകും. എന്നാൽ അതിനു വിഘാതമായി നിൽക്കുന്ന രണ്ടുകാര്യങ്ങൾ നമുക്ക് ആദ്യം നോക്കാം.
കാരണം
സ്വാതന്ത്ര്യത്തിനായുള്ള വാഞ്‌ഛ. ദുർഘടംപിടിച്ച ജീവിതവഴിത്താരയിലൂടെ മുന്നോട്ടുപോകാൻ കഴിയുംവിധം ഉത്തരവാദിത്വബോധമുള്ള വ്യക്തിയായി മകൻ മാറേണ്ടതുണ്ട്. അതിന് അവൻ എപ്പോഴും യാത്രക്കാരുടെ സീറ്റിലിരുന്നാൽ മതിയാവില്ല; പതിയെപ്പതിയെ ഡ്രൈവറുടെ സീറ്റിലേക്കു മാറണം. ചില കുട്ടികൾ വേണ്ടതിലേറെ സ്വാതന്ത്ര്യം ആഗ്രഹിക്കുമ്പോൾ ചില മാതാപിതാക്കൾ വേണ്ടത്ര സ്വാതന്ത്ര്യം കുട്ടികൾക്കു നൽകുന്നില്ല എന്നതാണ് യാഥാർഥ്യം. ഇത് സാഹചര്യം സംഘർഷഭരിതമാക്കുന്നു. “തൊട്ടതിനും പിടിച്ചതിനും ഒക്കെ നിയമങ്ങളാണ് എന്റെ അച്ഛനും അമ്മയ്‌ക്കും, അവർ ഒന്നിനും സമ്മതിക്കില്ല,” 16 വയസ്സുകാരൻ ബോബി * പരാതിപ്പെടുന്നു. “18 വയസ്സാകുമ്പോഴേക്കും എനിക്ക് കൂടുതൽ സ്വാതന്ത്ര്യം തന്നില്ലെങ്കിൽ ഞാൻ വീട് വിട്ടുപോകും.”
കാര്യകാരണസഹിതം ചിന്തിക്കുന്നു. കൊച്ചുകുട്ടികൾ കാര്യകാരണസഹിതം ചിന്തിക്കാറില്ല. കാര്യങ്ങൾ അപഗ്രഥിക്കാനുള്ള കഴിവും അവർക്കില്ല. എന്നാൽ കൗമാരമാകുമ്പോൾ മിക്ക ചെറുപ്പക്കാരും കാര്യങ്ങളെ വിശകലനം ചെയ്യാൻ തുടങ്ങും. ഇതു വളരെ പ്രധാനമാണ്; ന്യായബോധത്തോടെ കാര്യങ്ങൾ ചെയ്യാൻ ഇത് അവരെ പ്രാപ്‌തരാക്കും. ഉദാഹരണത്തിന്, നീതിബോധം സംബന്ധിച്ച ഒരു കൊച്ചുകുട്ടിയുടെ കാഴ്‌ചപ്പാട് ഒരു കൗമാരക്കാരന്റേതിൽനിന്നു വ്യത്യസ്‌തമാണ്. ‘അമ്മ ഒരു മിഠായി പൊട്ടിച്ച് പകുതി എനിക്കും പകുതി ചേട്ടനും നൽകി’ എന്നാണ് ഒരു കൊച്ചുകുട്ടി ചിന്തിക്കുക; ലഭിക്കുന്ന വസ്‌തുവിന്റെ ആകൃതിയിലും അളവിലും മാത്രമായി അവന്റെ നീതിബോധം ചുരുങ്ങുന്നു. എന്നാൽ ഒരു കൗമാരക്കാരൻ ചിന്തിക്കുന്നത് ആ വിധത്തിലായിരിക്കില്ല. അവനെ സംബന്ധിച്ചിടത്തോളം നീതിയുക്തമായത് എപ്പോഴും തുല്യമല്ല; തുല്യമായത് എപ്പോഴും നീതിയുക്തമല്ല. ഇങ്ങനെ കാര്യകാരണസഹിതം ചിന്തിക്കുന്ന ഒരു കൗമാരക്കാരൻ സ്വയം പ്രശ്‌നങ്ങൾ പരിഹരിക്കാനും തന്റേതായ അഭിപ്രായങ്ങൾ രൂപീകരിക്കാനും ഉള്ള പ്രാപ്‌തി നേടുന്നു. അതേസമയം, മാതാപിതാക്കളുടെ അഭിപ്രായങ്ങളോട് മറുതലിക്കാനുള്ള പ്രവണതയും ഇത് അവനിൽ ഉളവാക്കുന്നു.
നിങ്ങൾക്കു ചെയ്യാനാകുന്നത്
സംഭാഷണത്തിനു പറ്റിയ അവസരങ്ങൾ തേടുക. സംഭാഷണങ്ങളിൽ ഏർപ്പെടാനാകുന്ന അവസരങ്ങൾ നഷ്ടപ്പെടുത്തരുത്. ഉദാഹരണത്തിന്, വീട്ടുജോലികൾ ചെയ്യുമ്പോഴോ യാത്രയിലായിരിക്കുമ്പോഴോ ഒക്കെ മക്കൾ മനസ്സുതുറന്നു സംസാരിക്കുന്നതായാണ് ചില മാതാപിതാക്കളുടെ അനുഭവം. മുഖാമുഖമുള്ള സംഭാഷണത്തെക്കാൾ ഇത്തരം സംഭാഷണമായിരിക്കും അവർക്ക് കൂടുതൽ പ്രിയം.—ബൈബിൾതത്ത്വം: ആവർത്തനപുസ്‌തകം 6:6, 7.
കാര്യങ്ങൾ ചുരുക്കമായി പറയുക. പ്രശ്‌നങ്ങളെല്ലാം തലനാരിഴ കീറി ചർച്ച ചെയ്യണമെന്നില്ല. നിങ്ങളുടെ വീക്ഷണം ചുരുങ്ങിയ വാക്കുകളിൽ വ്യക്തമാക്കുക. ഒരുപക്ഷേ നിങ്ങൾ പറഞ്ഞ മിക്ക കാര്യങ്ങളും അവൻ “കേൾക്കുന്നത്” പിന്നീടായിരിക്കും. തനിച്ചായിരിക്കുമ്പോൾ അവൻ അതേക്കുറിച്ച് ചിന്തിക്കട്ടെ. അതിനുള്ള അവസരം അവനു നൽകുക.—ബൈബിൾതത്ത്വം: സദൃശവാക്യങ്ങൾ 1:1-4.
ശ്രദ്ധിച്ചുകേൾക്കുക, കടുംപിടിത്തം ഒഴിവാക്കുക. കുട്ടികൾ പറയുമ്പോൾ ശ്രദ്ധിച്ചുകേൾക്കുക. ഇടയ്‌ക്കുകയറി സംസാരിക്കരുത്. അങ്ങനെയാകുമ്പോൾ പ്രശ്‌നത്തിന്റെ പൂർണരൂപം മനസ്സിലാക്കാൻ നിങ്ങൾക്കാകും. മറുപടി നൽകുമ്പോൾ ന്യായബോധം ഉള്ളവരായിരിക്കുക; നിയമങ്ങൾ വള്ളിപുള്ളി തെറ്റാതെ അനുസരിപ്പിക്കാൻ ശ്രമിച്ചാൽ പഴുതുകൾ കണ്ടെത്താനേ മകൻ ശ്രമിക്കുകയുള്ളൂ. “മക്കൾ ഇരട്ടജീവിതം നയിക്കാൻ തുടങ്ങുന്നത് ഇങ്ങനെയാണ്” “അച്ഛനമ്മമാരുടെ മുമ്പിൽവെച്ച് അവരെ പ്രീതിപ്പെടുത്തുന്ന കാര്യങ്ങൾ പറയുന്ന മക്കൾ അവർ കൺവെട്ടത്തില്ലാത്തപ്പോൾ തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്നു” എന്നാണ് ഒരു പുസ്‌തകം (Staying Connected to Your Teenager) പറയുന്നത്.—ബൈബിൾതത്ത്വം: ഫിലിപ്പിയർ 4:5.
ശാന്തരായിരിക്കുക. “പരസ്‌പരം യോജിക്കാൻ പറ്റാതെവരുമ്പോൾ ഞാൻ പറയുന്നതിനൊക്കെ മമ്മി ഉടക്കുണ്ടാക്കും. അതുമതി എനിക്ക് ദേഷ്യംപിടിക്കാൻ; പിന്നെ വാക്കുതർക്കമാകും,” കൗമാരക്കാരിയായ കാത്തി പറയുന്നു. ചാടിക്കയറി എന്തെങ്കിലും പറയുന്നതിനു പകരം മക്കളുടെ വികാരങ്ങൾ മനസ്സിലാക്കുന്നുണ്ടെന്ന് നിങ്ങളുടെ സംസാരത്തിൽ വ്യക്തമായിരിക്കണം. ഉദാഹരണത്തിന്, “ഇതാണോ ഇത്ര വലിയ കാര്യം” എന്നു ചോദിക്കുന്നതിനു പകരം “നിന്നെ അത് എത്രമാത്രം അലട്ടുന്നുണ്ടെന്ന് എനിക്കു മനസ്സിലാകുന്നു” എന്ന് പറഞ്ഞുകൂടേ.—ബൈബിൾതത്ത്വം: സദൃശവാക്യങ്ങൾ 10:19.
പ്രശ്‌നപരിഹാരം സ്വയം കണ്ടെത്താൻ അവരെ സഹായിക്കുക. കാര്യകാരണസഹിതം ചിന്തിക്കാനുള്ള കൗമാരക്കാരുടെ പ്രാപ്‌തി പേശികൾക്ക് തുല്യമാണ്. പേശികൾ വികാസം പ്രാപിക്കാൻ വ്യായാമം വേണം. സമാനമായി കുട്ടി ഒരു പ്രശ്‌നത്തിൽ അകപ്പെടുമ്പോൾ അതു പരിഹരിക്കാൻ അവൻ സ്വയം “വ്യായാമമുറകൾ” ചെയ്യേണ്ടതുണ്ട്. നിങ്ങൾ അവനുവേണ്ടി ആ “വ്യായാമം” ചെയ്യരുത്. പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കുമ്പോൾ തന്റേതായ ചില പരിഹാരമാർഗങ്ങൾ മുന്നോട്ടുവെക്കാൻ അവനെ അനുവദിക്കുക. നിങ്ങൾക്കും ചില നിർദേശങ്ങൾ നൽകാവുന്നതാണ്. എന്നിട്ട് ഇങ്ങനെ പറയാം: “ഇതൊക്കെയാണ് ചില വഴികൾ. ഒന്നുരണ്ടുദിവസം ഇതേക്കുറിച്ച് ഒന്ന് ആലോചിച്ചു നോക്കൂ. നിനക്ക് ഏതാണ് ഏറ്റവും നല്ലതായി തോന്നുന്നതെന്നും അത് എന്തുകൊണ്ടാണെന്നും നമുക്ക് ഒരുമിച്ച് പിന്നീട് സംസാരിക്കാം.”—ബൈബിൾതത്ത്വം: എബ്രായർ 5:14.
^ ഖ. 7 ഈ ലേഖനത്തിലെ പേരുകൾക്ക് മാറ്റം വരുത്തിയിരിക്കുന്നു.
കൗമാരത്തിലുള്ള ആൺകുട്ടിയെ പരാമർശിച്ചുകൊണ്ടുള്ളതാണ് ഈ ലേഖനമെങ്കിലും ഇതിലെ തത്ത്വങ്ങൾ ഇരുകൂട്ടർക്കും ബാധകമാണ്.