വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിളിന്റെ വീക്ഷണം

അശ്ലീലം

അശ്ലീലം

അശ്ലീലത്തെ ബൈബിൾ കുറ്റം വിധിക്കുന്നുണ്ടോ?

“ഒരു സ്‌ത്രീയോടു മോഹം തോന്നത്തക്കവിധം അവളെ നോക്കിക്കൊണ്ടിരിക്കുന്നവൻ തന്റെ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്‌തുകഴിഞ്ഞു.” —മത്തായി 5:28.

ഗുരുതരമായിരിക്കുന്നതിന്റെ കാരണം അശ്ലീലം ഇന്ന്‌ ജനപ്രീതി നേടിക്കൊണ്ട്‌ ലോകത്തിന്റെ സകല മുക്കിലും മൂലയിലും കടന്നുചെന്നിരിക്കുന്നു.

അത്‌ ഇന്ന്‌ ആർക്കും വിരൽത്തുമ്പിൽ ലഭ്യമാണ്‌. ദൈവത്തെ പ്രസാദിപ്പിക്കാനും സന്തുഷ്ടജീവിതം നയിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ അശ്ലീലത്തെക്കുറിച്ചുള്ള ദൈവത്തിന്റെ കാഴ്‌ചപ്പാട്‌ നിങ്ങൾ മനസ്സിലാക്കിയിരിക്കേണ്ടത്‌ ആവശ്യമാണ്‌.

ബൈബിൾ പറയുന്നത്‌ അശ്ലീലം എന്ന വിഷയത്തെക്കുറിച്ച്‌ ബൈബിൾ പ്രത്യേകപരാമർശമൊന്നും നടത്തുന്നില്ല.

എന്നിരുന്നാലും അശ്ലീലം ആസ്വദിക്കുന്നത്‌ അനവധി ബൈബിൾതത്ത്വങ്ങൾക്കു കടകവിരുദ്ധമാണ്‌.

വിവാഹിതനായ ഒരു പുരുഷൻ തന്റെ ഭാര്യയല്ലാത്ത ഒരു സ്‌ത്രീയെ ലൈംഗികതൃഷ്‌ണയോടെ ‘നോക്കിക്കൊണ്ടിരിക്കുന്നെങ്കിൽ’ അതിനു വ്യഭിചാരത്തിലേക്കു നയിക്കാൻ കഴിയുമെന്ന്‌ ബൈബിൾ അസന്ദിഗ്‌ധമായി പ്രസ്‌താവിക്കുന്നു. ലൈംഗിക അധാർമികതയിൽ ഏർപ്പെടാനുള്ള അത്യാസക്തിയോടെ അശ്ലീലചിത്രങ്ങൾ ‘നോക്കിക്കൊണ്ടിരിക്കുന്ന’ വിവാഹിതനോ അവിവാഹിതനോ ആയ ഏതൊരാൾക്കും ഈ പ്രസ്‌താവനയ്‌ക്കു പിന്നിലെ ബൈബിൾതത്ത്വം ബാധകമാണ്‌. അത്തരം ശീലം ദൈവകോപം വിളിച്ചുവരുത്തും എന്നതിന്‌ രണ്ടു പക്ഷമില്ല.

ലൈംഗിക അധാർമികതയിലേക്കു നയിക്കാത്തപക്ഷം അശ്ലീലം ഒരു അപരാധമാണോ?

“ആകയാൽ പരസംഗം, അശുദ്ധി, ഭോഗതൃഷ്‌ണ, ദുരാസക്തി, . . . അത്യാഗ്രഹം എന്നിവ സംബന്ധമായി നിങ്ങളുടെ ഭൗമികാവയവങ്ങളെ നിഗ്രഹിക്കുവിൻ.”—കൊലോസ്യർ 3:5.

ആളുകൾ പറയുന്നത്‌ ലൈംഗിക ദുഷ്‌പെരുമാറ്റത്തിനും അശ്ലീലത്തിനും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന കാര്യത്തിൽ ചില ഗവേഷകർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്‌.

ആളുകളുടെ അഭിപ്രായം എന്തുതന്നെയായാലും, അശ്ലീലം ആസ്വദിക്കുന്നത്‌ അതിൽത്തന്നെ ധാർമികതയ്‌ക്ക്‌ നിരക്കുന്നതാണോ?

ബൈബിൾ പറയുന്നത്‌ ‘അശ്ലീലഫലിതത്തെ’ ആശാസ്യമല്ലാത്തതും അധാർമികവും ആയാണ്‌ ബൈബിൾ വരച്ചുകാട്ടുന്നത്‌. (എഫെസ്യർ 5:3, 4)

ആ നിലയ്‌ക്ക്‌ അശ്ലീലചിത്രങ്ങളും മറ്റും അതിലും ഗൗരവം കുറഞ്ഞതാണെന്ന്‌ എങ്ങനെ കരുതാനാകും? ഇന്ന്‌ അശ്ലീലം എന്ന്‌ പൊതുവെ വിളിക്കപ്പെടുന്ന കാര്യങ്ങളിൽ, മുഖ്യമായും വ്യഭിചാരത്തിലും സ്വവർഗരതിയിലും പരസംഗത്തിന്റെ ഇതരരൂപങ്ങളിലും ആളുകൾ യഥാർഥത്തിൽ ഏർപ്പെടുന്നതിന്റെ റെക്കോർഡ്‌ ചെയ്യപ്പെട്ട ദൃശ്യങ്ങൾ ഉൾപ്പെടുന്നു. അത്തരം അധമവേഴ്‌ചകളുടെ ദൃശ്യങ്ങൾ ആസക്തിയോടെ നോക്കിക്കൊണ്ടിരിക്കുന്നത്‌ അശ്ലീലസംസാരത്തെക്കാൾ ഗുരുതരമാണെന്നു വ്യക്തം. അതു തീർച്ചയായും ദൈവത്തെ അപ്രീതിപ്പെടുത്തും!

അശ്ലീലം കണ്ട്‌ ആളിപ്പടർന്ന അഭിനിവേശത്താൽ ആളുകൾ അതിൽക്കണ്ട കാമകേളികൾ ആവർത്തിക്കാനുള്ള സാധ്യത സംബന്ധിച്ചു ഗവേഷകർക്കിടയിൽ ഇപ്പോഴും തർക്കം നിലനിൽക്കുന്നു. എന്നാൽ ബൈബിൾ പറയുന്നത്‌ അശ്ലീലം ആസ്വദിക്കുന്നത്‌ ആത്മീയമായി വിനാശം വിതയ്‌ക്കുകയും ദൈവത്തെ അങ്ങേയറ്റം അപ്രീതിപ്പെടുത്തുകയും ചെയ്യും എന്നാണ്‌. അതുകൊണ്ട്‌ ബൈബിൾ ഇങ്ങനെ അനുശാസിക്കുന്നു: “ആകയാൽ പരസംഗം, . . . ഭോഗതൃഷ്‌ണ . . . എന്നിവ സംബന്ധമായി നിങ്ങളുടെ ഭൗമികാവയവങ്ങളെ നിഗ്രഹിക്കുവിൻ.” (കൊലോസ്യർ 3:5) അശ്ലീലം കണ്ടുരസിക്കുന്നവർ ഇതിനു നേർവിപരീതമാണ്‌ ചെയ്യുന്നത്‌. ഭോഗതൃഷ്‌ണയെ നിഗ്രഹിക്കുന്നതിനുപകരം അവർ അതിനെ ഊട്ടിവളർത്തുകയും ഊതിക്കത്തിക്കുകയും ചെയ്യുന്നു.

അശ്ലീലത്തിന്റെ പിടിയിൽപ്പെടാതിരിക്കാൻ നിങ്ങളെ എന്തു സഹായിക്കും?

‘തിന്മയല്ല നന്മ തന്നേ അന്വേഷിപ്പിൻ; തിന്മ ദ്വേഷിച്ചു നന്മ ഇച്ഛിക്കുവിൻ.’—ആമോസ്‌ 5:14, 15.

ബൈബിൾ പറയുന്നത്‌ കുത്തഴിഞ്ഞ ജീവിതം നയിച്ചവരും മദ്യപന്മാരും മോഷ്ടാക്കളും ആയിരുന്ന ചിലർ തങ്ങളുടെ അപഥസഞ്ചാരം വിട്ടുതിരിഞ്ഞതിനെക്കുറിച്ച്‌ ബൈബിൾ പറയുന്നുണ്ട്‌. (1 കൊരിന്ത്യർ 6:9-11)

എങ്ങനെയാണ്‌ അവർക്ക്‌ അതിനായത്‌? ദൈവവചനത്തിലടങ്ങിയിരിക്കുന്ന ജ്ഞാനം ബാധകമാക്കുകവഴി തിന്മയെ വെറുക്കാൻ അവർ പഠിച്ചു.

അശ്ലീലത്തിന്റെ ദാരുണമായ ഭവിഷ്യത്തുകളെക്കുറിച്ചു ശ്രദ്ധാപൂർവം ചിന്തിക്കുന്നതിലൂടെ ഈ തിന്മയെ വെറുക്കാൻ പഠിക്കാൻ ഒരു വ്യക്തിക്കു കഴിയും. അശ്ലീലം വീക്ഷിക്കുന്ന ചില ആളുകൾ “വിഷാദം, അന്തർമുഖത്വം, ഛിദ്രബന്ധങ്ങൾ” തുടങ്ങി നിരവധി തിക്തഫലങ്ങൾ അനുഭവിക്കുന്നതായി യൂട്ടാ സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റി അടുത്തകാലത്തു പ്രസിദ്ധീകരിച്ച ഒരു പഠനം വെളിപ്പെടുത്തുന്നു. അതിലുപരിയായി, മുകളിൽ വിശദീകരിച്ചതുപോലെ, അശ്ലീലം വീക്ഷിക്കുന്നത്‌ ദൈവത്തെ അപ്രീതിപ്പെടുത്തുന്നു. ഏറ്റവും ശോചനീയമായ പരിണിതഫലമാണത്‌. അതെ, അത്‌ മനുഷ്യരെ സ്രഷ്ടാവിൽനിന്ന്‌ അകറ്റുന്നു.

നന്മയെ സ്‌നേഹിക്കുന്നതിനു നമ്മെ പഠിപ്പിക്കാൻ ബൈബിളിനാകും. നാം ബൈബിൾ വായിക്കുന്തോറും അതിലെ ധാർമിക നിലവാരങ്ങളോടുള്ള നമ്മുടെ പ്രതിപത്തിയും വർധിക്കും. നന്മയോടുള്ള നമ്മുടെ സ്‌നേഹത്തിന്‌ ആഴമേറുമ്പോൾ അത്‌ അശ്ലീലത്തിനെതിരെ ഉറച്ച നിലപാടെടുക്കാൻ സഹായിക്കും. അപ്പോൾ നമ്മുടെ വികാരങ്ങൾ സങ്കീർത്തനക്കാരന്റെ പിൻവരുന്ന വാക്കുകൾക്കു ചേർച്ചയിലായിരിക്കും: “ഞാൻ ഒരു നീചകാര്യം എന്റെ കണ്ണിന്നു മുമ്പിൽ വെക്കുകയില്ല.”—സങ്കീർത്തനം 101:3. ◼ (g13-E 03)