വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖ്യലേഖനം

കുറ്റകൃത്യം—നിങ്ങൾക്കു സുരക്ഷിതരായിരിക്കാൻ കഴിയുമോ?

കുറ്റകൃത്യം—നിങ്ങൾക്കു സുരക്ഷിതരായിരിക്കാൻ കഴിയുമോ?

“ഒരു സന്ധ്യാസമയം. എനിക്കു വല്ലാത്ത ക്ഷീണം തോന്നി. സാധാരണയായി, നേരം ഇരുട്ടിയാലും ഞാൻ എന്റെ കൂട്ടുകാരോടൊപ്പം നടന്നാണു വീട്ടിലേക്കു പോയിരുന്നത്‌. എന്നാൽ അന്ന്‌ ഒരു ടാക്‌സി വിളിക്കാൻ തീരുമാനിച്ചു.

“പക്ഷേ ഡ്രൈവർ എന്നെ വീട്ടിലേക്കു കൊണ്ടുപോകുന്നതിനു പകരം വിജനമായ ഒരു സ്ഥലത്തേക്കാണു കൊണ്ടുപോയത്‌. അവിടെവെച്ച്‌ അയാൾ എന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. സർവശക്തിയുമെടുത്തു ഞാൻ അലറിയപ്പോൾ അയാൾ അല്‌പമൊന്നു പുറകോട്ടുമാറി. പക്ഷേ വീണ്ടും അയാൾ എന്റെ നേരെ തിരിഞ്ഞു. അപ്പോൾ ഞാൻ നിലവിളിച്ചുകൊണ്ട്‌ ഓടി.

“‘നിലവിളിക്കുന്നതുകൊണ്ട്‌ എന്തു പ്രയോജനം?’ എന്നു ഞാൻ മുമ്പു ചിന്തിച്ചിരുന്നു. എന്നാൽ അതു ഗുണം ചെയ്യുമെന്ന്‌ ഈ അനുഭവത്തിലൂടെ ഞാൻ പഠിച്ചു.”—കാരെൻ. *

പല രാജ്യങ്ങളിലും കുറ്റകൃത്യം ഇന്ന്‌ ഒരു സാധാരണസംഭവമാണ്‌. ഉദാഹരണത്തിന്‌, ഒരു ജഡ്‌ജി ഇങ്ങനെ പ്രസ്‌താവിച്ചു: “ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ കുറ്റകൃത്യത്തിന്‌ ഇരയായേക്കാം എന്നത്‌ ഒരു ദുഃഖസത്യമാണ്‌.” എന്നാൽ ചില പ്രദേശങ്ങളിൽ കുറ്റകൃത്യം അത്ര സാധാരണമല്ല. എങ്കിലും ജാഗ്രതയുള്ളവരായിരിക്കുന്നതാണു ബുദ്ധി. കാരണം, നമ്മുടെ അശ്രദ്ധ അപകടങ്ങൾ ക്ഷണിച്ചുവരുത്തിയേക്കാം.

എവിടെ ജീവിച്ചാലും നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും ജീവിതം കൂടുതൽ സുരക്ഷിതമാക്കാൻ എന്തു ചെയ്യാനാകും? ബൈബിൾ പറയുന്ന പിൻവരുന്ന തത്ത്വം ബാധകമാക്കുന്നതാണ്‌ പ്രായോഗികമായ ഒരു പടി: “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്‌പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.” (സദൃശവാക്യങ്ങൾ 22:3) പോലീസ്‌ അധികാരികളും നിർദേശിക്കുന്നത്‌ മുൻകരുതലുകൾ എടുത്തുകൊണ്ടു കുറ്റകൃത്യം പരമാവധി ഒഴിവാക്കാനാണ്‌.

ശാരീരികപീഡയും ഭൗതികനഷ്ടവും മാത്രമല്ല കുറ്റകൃത്യത്തിന്‌ ഇരയാകുന്നവർ അനുഭവിക്കേണ്ടിവരുന്നത്‌. മാനസികവും വൈകാരികവും ആയ വേദനകൾ പലരെയും എക്കാലവും വേട്ടയാടിക്കൊണ്ടിരിക്കും. നമ്മുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത്‌ എത്ര പ്രധാനമാണ്‌! ഈ ലക്ഷ്യം മനസ്സിൽപ്പിടിച്ചുകൊണ്ടു കുറ്റകൃത്യങ്ങളിൽനിന്നു നിങ്ങളെ സംരക്ഷിക്കാൻ കഴിയുന്ന ചില പ്രായോഗികപടികൾ പരിശോധിക്കാം. പ്രധാനമായും നാലു തരം കുറ്റകൃത്യങ്ങളെക്കുറിച്ചാണ്‌ ഇവിടെ പ്രതിപാദിക്കുന്നത്‌—കവർച്ച, ലൈംഗികപീഡനം, സൈബർ കുറ്റകൃത്യം, സ്വകാര്യവിവരങ്ങളുടെ മോഷണം.

കവർച്ച

എന്താണ്‌ അത്‌? ബലപ്രയോഗത്തിലൂടെയോ ഭീഷണിപ്പെടുത്തിയോ വസ്‌തുക്കൾ അപഹരിക്കുന്നതാണ്‌ കവർച്ച.

ആളുകളെ ഇത്‌ എങ്ങനെ ബാധിക്കുന്നു? ബ്രിട്ടനിലെ സായുധകവർച്ചകളുടെ ഒരു പരമ്പരയ്‌ക്കു ശേഷം ഒരു അഭിഭാഷക അഭിപ്രായപ്പെട്ടത്‌, കവർച്ചയ്‌ക്ക്‌ ഇരയായ ആരുംതന്നെ ശാരീരികമായി ദ്രോഹിക്കപ്പെട്ടില്ലെങ്കിലും അവരെല്ലാം കടുത്ത മാനസികവ്യഥ അനുഭവിക്കുന്നെന്നാണ്‌. അവർ ഇങ്ങനെയും കൂട്ടിച്ചേർത്തു: “അതിന്‌ ഇരയായവരിൽ മിക്കവരും പറഞ്ഞത്‌ അവർ സമ്മർദ്ദത്തിന്റെ പിടിയിലാണെന്നും അവർക്കു നന്നായി ഉറങ്ങാൻ കഴിയുന്നില്ലെന്നും ആണ്‌. ഇത്തരം അനുഭവങ്ങൾ അനുദിനജീവിതത്തിലെ മുഴുപ്രവർത്തനങ്ങളെയും മോശമായി ബാധിക്കുന്നെന്ന്‌ എല്ലാവരുംതന്നെ പറഞ്ഞു.”

നിങ്ങൾക്ക്‌ എന്തു ചെയ്യാം?

  • കള്ളന്മാർ അവസരം മുതലെടുക്കുന്നവരാണ്‌; നിങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ചു ജാഗ്രതയുള്ളവരായിരിക്കുക

    ജാഗ്രതയുള്ളവരായിരിക്കുക. മോഷ്ടാക്കൾ അവസരം മുതലെടുക്കുന്നവരാണ്‌. മിക്കപ്പോഴും അവർ ജാഗ്രതയില്ലാത്തവരെയാണു ലക്ഷ്യം വെക്കുന്നത്‌. അതുകൊണ്ട്‌, നിങ്ങളെ നിരീക്ഷിക്കുന്നവരെ ശ്രദ്ധിക്കുകയും നിങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ചു ചിന്തയുള്ളവരായിരിക്കുകയും ചെയ്യുക. അമിതമായി മദ്യപിച്ചുകൊണ്ടും മയക്കുമരുന്നുകൾ ഉപയോഗിച്ചുകൊണ്ടും നിങ്ങളുടെ ഗ്രഹണപ്രാപ്‌തികളും ന്യായബോധവും കെടുത്തിക്കളയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഒരു ആരോഗ്യവിജ്ഞാനകോശം പറയുന്നു: “മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന വ്യക്തിക്ക്‌ വ്യക്തമായി ചിന്തിക്കാനോ അപകടസാഹചര്യങ്ങളെ വിലയിരുത്താനോ പ്രയാസമാണ്‌.”

  • നിങ്ങളുടെ വസ്‌തുക്കൾ സംരക്ഷിക്കുക. വാഹനവും വീടിന്റെ വാതിലുകളും ജനലുകളും സുരക്ഷിതമാണെന്ന്‌ ഉറപ്പുവരുത്തുക. അപരിചിതരെ വീടിനുള്ളിൽ പ്രവേശിക്കാൻ ഒരിക്കലും അനുവദിക്കരുത്‌. വിലപിടിപ്പുള്ള സാധനങ്ങളും ആഭരണങ്ങളും മറ്റും അശ്രദ്ധമായോ മറ്റുള്ളവർക്കു കാണാവുന്ന വിധത്തിലോ വെക്കാതിരിക്കുക. ഇവയൊക്കെ പ്രദർശിപ്പിക്കുന്നവരെയാണ്‌ മിക്കപ്പോഴും കള്ളന്മാരും അലഞ്ഞുതിരിഞ്ഞു നടക്കുന്ന കുട്ടികളും ലക്ഷ്യം വെക്കുന്നത്‌. സദൃശവാക്യങ്ങൾ 11:2 പറയുന്നു: “താഴ്‌മയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ട്‌.”

  • ഉപദേശം തേടുക. “ഭോഷന്നു തന്റെ വഴി ചൊവ്വായ്‌തോന്നുന്നു; ജ്ഞാനിയോ ആലോചന കേട്ടനുസരിക്കുന്നു.” (സദൃശവാക്യങ്ങൾ 12:15) നിങ്ങൾ ഒരു ദൂരസ്ഥലത്തേക്കു പോകുകയാണെന്നു കരുതുക. ആ പ്രദേശത്തെക്കുറിച്ചു നന്നായി അറിയാവുന്ന ആളുകളോടോ അധികാരികളോടോ വിവരങ്ങൾ ചോദിക്കുക. അവർ പ്രശ്‌നമുള്ള ചില സ്ഥലങ്ങളും സുരക്ഷിതരായിരിക്കാനുള്ള മാർഗങ്ങളും നിങ്ങൾക്കു പറഞ്ഞുതന്നേക്കാം.

ലൈംഗികപീഡനം

എന്താണ്‌ അത്‌? ലൈംഗികപീഡനത്തിൽ ബലാത്സംഗം മാത്രമല്ല, ഭീഷണിപ്പെടുത്തിയോ നിർബന്ധിച്ചോ ബലം പ്രയോഗിച്ചോ ചെയ്യുന്ന ഏതൊരു ലൈംഗികാതിക്രമവും ഉൾപ്പെടും.

ആളുകളെ ഇത്‌ എങ്ങനെ ബാധിക്കുന്നു? ബലാത്സംഗത്തിന്‌ ഇരയായ ഒരു വ്യക്തി പറയുന്നു: “ഏറ്റവും ദുഃഖകരമായ സത്യം, പീഡനത്തിന്‌ ഇരയാകുന്നവർ കുറച്ചു സമയത്തേക്കു മാത്രമല്ല അതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടിവരുന്നത്‌ എന്നതാണ്‌. ആ ഓർമകൾ എക്കാലവും നിലനിൽക്കും. അതു നിങ്ങളെ നിരന്തരം വേട്ടയാടുകയും ജീവിതത്തെക്കുറിച്ചുള്ള കാഴ്‌ചപ്പാടുതന്നെ മാറ്റിമറിക്കുകയും ചെയ്യും. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവിതത്തെയും അതു ബാധിക്കും.” എന്നിരുന്നാലും പീഡനത്തിന്‌ ഇരയാകുന്ന വ്യക്തിയല്ല, പീഡിപ്പിക്കുന്ന ആളാണ്‌ അതിന്‌ ഉത്തരവാദി.

നിങ്ങൾക്ക്‌ എന്തു ചെയ്യാം?

  • നിങ്ങളുടെ വികാരങ്ങളെ അവഗണിക്കരുത്‌. യു.എസ്‌.എ.-യിലെ നോർത്ത്‌ കാരലൈനയിലുള്ള ഒരു പോലീസ്‌ മേധാവി നിർദേശിക്കുന്നു: “ചില ആളുകളോ സ്ഥലങ്ങളോ അത്ര പന്തിയല്ലെന്നു കണ്ടാൽ പെട്ടെന്നുതന്നെ അവിടം വിടുക. ആരെങ്കിലും അവിടെ തുടരാൻ നിങ്ങളെ നിർബന്ധിച്ചാലും അവിടെ നിൽക്കാതിരിക്കുന്നതാണു ബുദ്ധി.”

  • ആത്മവിശ്വാസം പ്രകടമാക്കുക; അലക്ഷ്യമായി നടക്കാതിരിക്കുക. ലൈംഗികചൂഷണം നടത്താൻ വലവിരിച്ചു കാത്തിരിക്കുന്നവർ ലക്ഷ്യം വെക്കുന്നത്‌ മിക്കപ്പോഴും അശ്രദ്ധമായി നടക്കുന്നവരെയും ‘തൊട്ടാവാടി’കളെയും ആണ്‌. അതുകൊണ്ട്‌ ആത്മവിശ്വാസത്തോടെ, ജാഗ്രതയോടെ നടക്കുക.

  • സത്വരം പ്രതികരിക്കുക. ഉറക്കെ നിലവിളിക്കുക. (ആവർത്തനപുസ്‌തകം 22:25-27) അക്രമിയെ അന്ധാളിപ്പിച്ചുകൊണ്ടു തിരിച്ച്‌ ആക്രമിക്കുക. അല്ലെങ്കിൽ രക്ഷപ്പെടാൻ ശ്രമിക്കുക. കഴിയുമെങ്കിൽ, ഒരു സുരക്ഷിതസ്ഥാനത്തേക്ക്‌ ഓടിരക്ഷപ്പെടുക. എത്രയും പെട്ടെന്നു പോലീസിനെ വിളിക്കുക. *

സൈബർ കുറ്റകൃത്യം

എന്താണ്‌ അത്‌? ഓൺലൈൻ വഴി ചെയ്യുന്ന കുറ്റകൃത്യമാണ്‌ ഇത്‌. നികുതിവെട്ടിപ്പ്‌, അർഹതയില്ലാത്ത ആനുകൂല്യങ്ങൾ തട്ടിയെടുക്കൽ, ക്രെഡിറ്റ്‌ കാർഡ്‌ മോഷണം, പണം കൈപ്പറ്റിയിട്ട്‌ സാധനങ്ങൾ കൊടുക്കാതിരിക്കൽ, വഞ്ചനാത്മകമായ നിക്ഷേപങ്ങളും ലേലങ്ങളും എന്നിവയെല്ലാം ഇന്നു വ്യാപകമാണ്‌. ഇന്റർനെറ്റിലൂടെ ചെയ്യുന്ന ഇവയെല്ലാം സൈബർ കുറ്റകൃത്യത്തിൽപ്പെടും.

ആളുകളെ ഇത്‌ എങ്ങനെ ബാധിക്കുന്നു? സൈബർ കുറ്റകൃത്യത്തിന്‌ ഇരയാകുന്നവർ—ചിലപ്പോൾ ഒരു സമൂഹം മുഴുവൻ—അതുമൂലമുണ്ടാകുന്ന കോടിക്കണക്കിനു രൂപയുടെ നഷ്ടം സഹിക്കേണ്ടിവരുന്നു. ഒരു ഉദാഹരണം നോക്കാം. സാന്ദ്രയ്‌ക്ക്‌ ഒരു ഇ-മെയിൽ ലഭിച്ചു. അതു ബാങ്കിൽനിന്നാണെന്ന്‌ അവൾ കരുതി. വ്യക്തിപരമായ വിവരങ്ങൾ പുതുക്കാൻ നിർദേശിച്ചുകൊണ്ടുള്ളതായിരുന്നു അത്‌. രേഖകൾ പുതുക്കി ഏതാനും നിമിഷങ്ങൾക്കുള്ളിൽ അവളുടെ അക്കൗണ്ടിൽനിന്ന്‌ 4,000 ഡോളർ (ഏകദേശം 2,08,000 രൂപ) ഒരു വിദേശബാങ്കിലേക്കു മാറ്റിയതായി അവൾ ഞെട്ടലോടെ തിരിച്ചറിഞ്ഞു. താൻ കബളിപ്പിക്കപ്പെട്ടെന്ന്‌ അപ്പോളാണ്‌ അവൾക്കു മനസ്സിലായത്‌.

നിങ്ങൾക്ക്‌ എന്തു ചെയ്യാം?

  • ദീർഘദൃഷ്ടിയുള്ളവരായിരിക്കുക! നല്ല നിലവാരമുള്ളതെന്നു തോന്നിക്കുന്ന വെബ്‌സൈറ്റുകളാൽ വഞ്ചിക്കപ്പെടരുത്‌. നിയമാനുസൃതമായ സാമ്പത്തികസ്ഥാപനങ്ങൾ ഒരിക്കലും രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ഇ-മെയിലിലൂടെ അയച്ചുകൊടുക്കാൻ ആവശ്യപ്പെടാറില്ലെന്ന കാര്യം മനസ്സിൽപ്പിടിക്കുക. ഓൺലൈനിലൂടെ സാധനങ്ങൾ വാങ്ങുകയോ പണം നിക്ഷേപിക്കുകയോ ചെയ്യുന്നതിനു മുമ്പുതന്നെ ആ കമ്പനി വിശ്വാസയോഗ്യമാണെന്ന്‌ ഉറപ്പുവരുത്തണം. സദൃശവാക്യങ്ങൾ 14:15 പറയുന്നു: “അല്‌പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്‌മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.” വിദേശരാജ്യങ്ങളിലുള്ള കമ്പനികളുമായി ഇടപാടുകൾ നടത്തുന്നതിനു മുമ്പു പ്രത്യേകം ശ്രദ്ധിക്കണം. കാരണം, പ്രശ്‌നങ്ങളുണ്ടായാൽ അതു പരിഹരിക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും.

  • സ്ഥാപനത്തെയും അതിന്റെ നയങ്ങളെയും വിലയിരുത്തുക! നിങ്ങളോടുതന്നെ ചോദിക്കുക: ‘ഈ കമ്പനിയുടെ മേൽവിലാസം ശരിയാണോ? ഫോൺ നമ്പർ കൃത്യമാണോ? പറഞ്ഞുറപ്പിച്ചതിലും അധികം പണം കൊടുക്കേണ്ടിവരുമോ? ഓർഡർ ചെയ്‌ത വസ്‌തു എപ്പോളായിരിക്കും ലഭിക്കുന്നത്‌? വാങ്ങിയ സാധനം വേണ്ടെങ്കിൽ കമ്പനി അതു തിരിച്ചെടുക്കുകയോ പണം തിരിച്ചുനൽകുകയോ ചെയ്യുമോ?’

  • വാഗ്‌ദാനം അവിശ്വസനീയമാംവിധം ആകർഷകമെങ്കിൽ ശ്രദ്ധാലുക്കൾ ആയിരിക്കുക! ഇന്റർനെറ്റ്‌ പകൽക്കൊള്ളക്കാർ പ്രധാനമായും ലക്ഷ്യമിടുന്നത്‌ അത്യാഗ്രഹികളെയും മടിയന്മാരെയുമാണ്‌. കുറഞ്ഞ അധ്വാനത്തിലൂടെ വലിയ വരുമാനം, അർഹതയില്ലെങ്കിലും വായ്‌പകളും ക്രെഡിറ്റ്‌ കാർഡുകളും, ചെറിയ നിക്ഷേപത്തിലൂടെ വലിയ സമ്പാദ്യം എന്നിവയൊക്കെയാണു ചില മോഹനവാഗ്‌ദാനങ്ങൾ. അമേരിക്കൻ ഗവൺമെന്റിന്റെ കീഴിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒരു വ്യവസായസംഘടന (യു.എസ്‌. ഫെഡറൽ ട്രേഡ്‌ കമ്മീഷൻ) പറയുന്നത്‌ ഇങ്ങനെയാണ്‌: “ഏതൊരു നിക്ഷേപവാഗ്‌ദാനവും നിയമാനുസൃതമാണോ എന്നു സമയമെടുത്തു വിശകലനം ചെയ്യുക. ഒരു വാഗ്‌ദാനം എത്ര ആകർഷകമാണോ അത്രതന്നെ അപകടസാധ്യതയും അതിനുണ്ട്‌. ഏജന്റിന്റെ നിർബന്ധത്തിനു വഴങ്ങി നിയമാനുസൃതമാണെന്ന്‌ ഉറപ്പില്ലാത്ത ഒരു നിക്ഷേപത്തിലേക്ക്‌ എടുത്തുചാടാതിരിക്കുക.”

സ്വകാര്യവിവരങ്ങളുടെ മോഷണം

എന്താണ്‌ അത്‌? ചതിക്കാനോ ഏതെങ്കിലും കുറ്റകൃത്യം ചെയ്യാനോ വേണ്ടി ഒരാളുടെ വ്യക്തിപരമായ വിവരങ്ങൾ നിയമവിരുദ്ധമായി ചോർത്തുന്നതാണു സ്വകാര്യവിവരങ്ങളുടെ മോഷണം.

ആളുകളെ ഇത്‌ എങ്ങനെ ബാധിക്കുന്നു? നമ്മുടെ സ്വകാര്യവിവരങ്ങൾ ഉപയോഗിച്ചു ക്രെഡിറ്റ്‌ കാർഡുകൾ ഉണ്ടാക്കുകയോ വായ്‌പ എടുക്കുകയോ പുതിയ അക്കൗണ്ടുകൾ ആരംഭിക്കുകയോ ചെയ്യുന്നു. അങ്ങനെ നിങ്ങളുടെ പേരിൽ ഭീമമായ കടം വരുത്തിവെക്കുന്നു. കഷ്ടപ്പെട്ടു കടങ്ങൾ തീർത്താലും നിങ്ങളെക്കുറിച്ചുള്ള മതിപ്പ്‌ വീണ്ടെടുക്കാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടിവരും. വഞ്ചനയ്‌ക്ക്‌ ഇരയായ ഒരു വ്യക്തി ഇപ്രകാരം പറഞ്ഞു: “പണം മുഴുവൻ നഷ്ടപ്പെടുന്നതിനെക്കാൾ കഷ്ടമാണു സത്‌പേരു കളങ്കപ്പെടുന്നത്‌.”

നിങ്ങൾക്ക്‌ എന്തു ചെയ്യാം?

  • രഹസ്യവിവരങ്ങൾ സൂക്ഷിക്കുക. ഓൺലൈനിലൂടെ ബാങ്ക്‌ ഇടപാടുകൾ നടത്തുകയോ സാധനങ്ങൾ വാങ്ങുകയോ ചെയ്യുകയാണെങ്കിൽ പാസ്‌വേഡ്‌ കൂടെക്കൂടെ മാറ്റുക, പ്രത്യേകിച്ചും പൊതുസ്ഥാപനത്തിലെ ഒരു കമ്പ്യൂട്ടറാണ്‌ നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ. നേരത്തേ സൂചിപ്പിച്ചതുപോലെ ഇ-മെയിലിലൂടെ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ആവശ്യപ്പെടുന്നെങ്കിൽ ജാഗ്രതയുള്ളവരായിരിക്കുക.

    കമ്പ്യൂട്ടർ ഉപയോഗിച്ചു മാത്രമല്ല മോഷ്ടാക്കൾ സ്വകാര്യവിവരങ്ങൾ അപഹരിക്കുന്നത്‌. ബാങ്ക്‌ രേഖകളോ ചെക്കുബുക്കുകളോ ക്രെഡിറ്റ്‌ കാർഡുകളോ പോലുള്ള പ്രധാനപ്പെട്ട രേഖകൾ കൈക്കലാക്കാൻ ഏതുവിധേനയും അവർ ശ്രമിക്കും. അതുകൊണ്ട്‌, ഇവയെല്ലാം സൂക്ഷിച്ചുവെക്കുക. ആവശ്യമില്ലാത്ത എല്ലാ രഹസ്യരേഖകളും നശിപ്പിച്ചുകളയുക. അഥവാ ഏതെങ്കിലും രേഖകൾ നഷ്ടപ്പെട്ടെന്നോ മോഷണം പോയെന്നോ തോന്നിയാൽ ഉടൻതന്നെ അധികാരികളെ വിവരം അറിയിക്കണം.

  • നിങ്ങളുടെ അക്കൗണ്ടുകൾ കൂടെക്കൂടെ പരിശോധിക്കുക. “സ്വകാര്യവിവരങ്ങളുടെ മോഷണത്തിനെതിരെയുള്ള . . . ഫലപ്രദമായ ഒരു ആയുധമാണ്‌ ഇത്തരം മോഷണങ്ങളെക്കുറിച്ചുള്ള അവബോധം” എന്ന്‌ മുമ്പു പരാമർശിച്ച വ്യവസായസംഘടന പറയുന്നു. “സ്വകാര്യവിവരങ്ങളുടെ മോഷണസാധ്യതയെക്കുറിച്ച്‌ നേരത്തെ അറിയുന്നതു വലിയ വ്യത്യാസം ഉണ്ടാക്കുന്നു” എന്നും അതു കൂട്ടിച്ചേർക്കുന്നു. പതിവായി നിങ്ങളുടെ അക്കൗണ്ടുകൾ പരിശോധിച്ചുകൊണ്ട്‌ അസാധാരണമായ എന്തെങ്കിലും ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന്‌ ഉറപ്പുവരുത്തുക. കഴിയുമെങ്കിൽ നിങ്ങളുടെ ഇടപാടുകളെക്കുറിച്ചുള്ള റിപ്പോർട്ട്‌ ഒരു അംഗീകൃത ഏജൻസിയിൽനിന്നു കൈപ്പറ്റുക. അതിലുള്ള ബാങ്ക്‌-ക്രെഡിറ്റ്‌ കാർഡ്‌ ഇടപാടുകൾ നിങ്ങളുടേതുതന്നെയാണെന്ന്‌ ഉറപ്പുവരുത്തുക.

വാസ്‌തവത്തിൽ ഇന്നത്തെ ലോകത്തിൽ ഒന്നിനും ഒരു ഉറപ്പുമില്ല. അങ്ങേയറ്റം ശ്രദ്ധയുള്ളവർപോലും കുറ്റകൃത്യത്തിന്‌ ഇരകളായേക്കാം. അതുകൊണ്ട്‌ ബൈബിളിൽ അടങ്ങിയിരിക്കുന്ന ജ്ഞാനം തിരിച്ചറിയുന്നതും അതിനോടു പറ്റിനിൽക്കുന്നതും നമുക്കു പ്രയോജനം ചെയ്യും. “അതിനെ ഉപേക്ഷിക്കരുതു; അതു നിന്നെ കാക്കും; അതിൽ പ്രിയം വെക്കുക; അതു നിന്നെ സൂക്ഷിക്കും.” (സദൃശവാക്യങ്ങൾ 4:6) കുറ്റകൃത്യം എന്നേക്കുമായി അവസാനിക്കുമെന്നും ബൈബിൾ ഉറപ്പു നൽകുന്നു.

കുറ്റകൃത്യങ്ങൾക്ക്‌ ഉടൻ അവസാനം!

കുറ്റകൃത്യം ദൈവം അവസാനിപ്പിക്കുമെന്നു നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌? പിൻവരുന്നവ പരിചിന്തിക്കുക:

  • കുറ്റകൃത്യം അവസാനിപ്പിക്കാൻ ദൈവം ആഗ്രഹിക്കുന്നു. “യഹോവയായ ഞാൻ ന്യായത്തെ ഇഷ്ടപ്പെടുകയും അന്യായമായ കവർച്ചയെ വെറുക്കയും ചെയ്യുന്നു.”—യെശയ്യാവു 61:8.

  • കുറ്റകൃത്യം അവസാനിപ്പിക്കാനുള്ള ശക്തി അവനുണ്ട്‌. “അവൻ ശക്തിയിൽ അത്യുന്നതനാകുന്നു; അവൻ ന്യായത്തിന്നും പൂർണ്ണനീതിക്കും ഭംഗം വരുത്തുന്നില്ല.”—ഇയ്യോബ്‌ 37:23.

  • ദുഷ്ടന്മാരെ നശിപ്പിക്കുമെന്നും നീതിമാന്മാരെ സംരക്ഷിക്കുമെന്നും അവൻ വാഗ്‌ദാനം ചെയ്‌തിരിക്കുന്നു. “ദുഷ്‌പ്രവൃത്തിക്കാർ ഛേദിക്കപ്പെടും.” “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.”—സങ്കീർത്തനം 37:9, 29.

  • തന്നെ വിശ്വസ്‌തമായി സേവിക്കുന്നവർക്കു സമാധാനപൂർണമായ ഒരു പുതിയ ലോകം അവൻ വാഗ്‌ദാനം ചെയ്‌തിരിക്കുന്നു. “എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.”—സങ്കീർത്തനം 37:11.

ഈ വാക്കുകൾ നിങ്ങളുടെ ഹൃദയത്തെ സ്‌പർശിക്കുന്നില്ലേ? മനുഷ്യവർഗത്തെക്കുറിച്ചുള്ള ദൈവോദ്ദേശ്യം എന്താണെന്ന്‌ അറിയാൻ ബൈബിൾ പരിശോധിക്കുക. പ്രായോഗികജ്ഞാനത്തിന്റെ കലവറയാണു ബൈബിൾ. കുറ്റകൃത്യമില്ലാത്ത നല്ലൊരു നാളെയെക്കുറിച്ചുള്ള യഥാർഥപ്രത്യാശ പകരാൻ ബൈബിളിനല്ലാതെ മറ്റൊരു പുസ്‌തകത്തിനും കഴിയില്ല. *(g13-E 05)

കുറ്റകൃത്യം ഇല്ലാത്ത സമാധാനപൂർണമായ ഒരു പുതിയ ലോകം ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്നു

^ ഖ. 5 പേരുകൾ മാറ്റിയിരിക്കുന്നു.

^ ഖ. 22 ലൈംഗികപീഡനത്തിന്‌ ഇരയാകുന്നവർ മിക്കപ്പോഴും തങ്ങൾക്ക്‌ അറിയാവുന്നവരാലാണ്‌ പീഡിപ്പിക്കപ്പെടുന്നത്‌. കൂടുതൽ വിവരങ്ങൾക്ക്‌, യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും—പ്രായോഗികമായ ഉത്തരങ്ങളും, വാല്യം 1 (ഇംഗ്ലീഷ്‌) പേജ്‌ 228-ലെ “ലൈംഗികാഭാസന്മാരിൽനിന്ന്‌ എങ്ങനെ സംരക്ഷണം നേടാം?” എന്ന ഭാഗം കാണുക. ഈ പുസ്‌തകം www.pr418.com എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്‌.

^ ഖ. 44 പ്രധാനപ്പെട്ട ബൈബിൾ പഠിപ്പിക്കലുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിൽ കാണാം. യഹോവയുടെ സാക്ഷികളിൽനിന്നു സൗജന്യമായി നിങ്ങൾക്ക്‌ ഇതു സ്വന്തമാക്കാം. അല്ലെങ്കിൽ www.pr418.com എന്ന വെബ്‌സൈറ്റ്‌ പരിശോധിക്കുക.