വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുടുംബങ്ങൾക്കുവേണ്ടി | ദാമ്പത്യം

മുറിപ്പെടുത്തുന്ന സംസാരം എങ്ങനെ ഒഴിവാക്കാം?

മുറിപ്പെടുത്തുന്ന സംസാരം എങ്ങനെ ഒഴിവാക്കാം?

വെല്ലുവിളി

അഭിപ്രായവ്യത്യാസം ഉണ്ടാകുന്ന ഓരോ സാഹചര്യങ്ങളിലും നിങ്ങളും ഇണയും പരസ്‌പരം കുറ്റപ്പെടുത്തലുകളുടെ ഒരു കെട്ടഴിച്ചുവിടുന്നു. നിങ്ങളുടെ ദാമ്പത്യത്തിൽ മുറിപ്പെടുത്തുന്ന സംസാരം പതിവായതിനാൽ അതു നിങ്ങളുടെ സംസാരരീതിതന്നെ ആയിത്തീർന്നിരിക്കുന്നു.

ഇത്തരമൊരു രീതി നിങ്ങൾക്കുണ്ടെങ്കിൽ അതു മാറ്റാൻ സാധിക്കും. അതിനായി ആദ്യം നിങ്ങൾ അതിന്റെ കാരണങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്‌. അതുപോലെ, ഈ മാറ്റം വരുത്തുന്നത്‌ ഉചിതമായിരിക്കുന്നത്‌ എന്തുകൊണ്ടെന്നും പരിചിന്തിക്കുക.

എന്തുകൊണ്ട്‌ അതു സംഭവിക്കുന്നു?

കുടുംബപശ്ചാത്തലം. അനേകരും വളർന്നുവന്ന കുടുംബങ്ങളിൽ മുറിപ്പെടുത്തുന്ന സംസാരം സാധാരണമായിരുന്നു. തങ്ങളുടെ മാതാപിതാക്കളിൽനിന്നു കേട്ട ഈ സംസാരരീതി ആയിരിക്കാം അനേകം ഭാര്യാഭർത്താക്കന്മാരും അനുകരിക്കുന്നത്‌.

വിനോദത്തിന്റെ സ്വാധീനം. ചലച്ചിത്രങ്ങളും ടെലിവിഷൻ ഹാസ്യപരിപാടികളും പരുക്കൻ സംസാരത്തെ നിരുപദ്രവകരമായോ തമാശയായോ തോന്നുംവിധം ചിത്രീകരിക്കുന്നു.

സംസ്‌കാരം. തങ്ങൾ ബലഹീനരല്ലെന്നു കാണിക്കാനായി പുരുഷന്മാർ മേധാവിത്വം പുലർത്തുന്നവരും സ്‌ത്രീകൾ തന്റേടികളും ആയിരിക്കണമെന്നാണ്‌ ചില സമൂഹങ്ങൾ പഠിപ്പിക്കുന്നത്‌. ഈ മനോഭാവമുള്ള ഇണകൾക്കിടയിൽ ഒരു ഭിന്നാഭിപ്രായമുണ്ടാകുമ്പോൾ അവർ പരസ്‌പരം സ്‌നേഹിതരായി കരുതുന്നതിനു പകരം ശത്രുക്കളായി വീക്ഷിക്കുകയും സുഖപ്പെടുത്തുന്ന വാക്കുകൾക്കു പകരം മുറിപ്പെടുത്തുന്ന വാക്കുകൾ ഉപയോഗിക്കുകയും ചെയ്‌തേക്കാം.

കാരണം എന്തായാലും ശരി, മുറിപ്പെടുത്തുന്ന സംസാരം വിവാഹമോചനത്തിനും അനേകം ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമായേക്കാം. വാക്കുകൾക്കു മുഷ്ടികളെക്കാൾ ശക്തമായ പ്രഹരമേൽപ്പിക്കാൻ കഴിയുമെന്നു ചിലർ പറയുന്നു. ഉദാഹരണത്തിന്‌, വാഗ്രൂപേണയും ശാരീരികമായും ഭർത്താവിന്റെ ഉപദ്രവമേറ്റ ഒരു ഭാര്യ പറയുന്നു: “ഉപദ്രവമേൽക്കുന്നതിനെക്കാൾ, അപമാനകരമായ വാക്കുകൾ സഹിക്കുന്നതാണ്‌ എനിക്കു പ്രയാസകരമായി തോന്നിയത്‌. പരിഹസിക്കുന്നതിനെക്കാൾ എനിക്ക്‌ ഇഷ്ടം അദ്ദേഹം എന്നെ തല്ലുന്നതാണ്‌.”

മുറിപ്പെടുത്തുന്ന സംസാരത്താൽ നിങ്ങളുടെ ദാമ്പത്യം തകരാൻപോകുകയാണെങ്കിൽ എന്തു ചെയ്യാൻ കഴിയും?

ഇങ്ങനെ ചെയ്‌തുനോക്കാം

സമാനുഭാവം കാണിക്കുക. ഇണയുടെ സ്ഥാനത്തു നിങ്ങളെത്തന്നെ നിറുത്തുകയും നിങ്ങളുടെ വാക്കുകൾ ഇണയെ എങ്ങനെ ബാധിക്കുമെന്നു മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുക. സാധിക്കുമെങ്കിൽ, നിങ്ങളുടെ സംസാരം മുറിപ്പെടുത്തുന്നതായി ഇണയ്‌ക്കു തോന്നിയ ഒരു പ്രത്യേകസാഹചര്യത്തെക്കുറിച്ചു ചിന്തിക്കുക. നിങ്ങൾ യഥാർഥത്തിൽ എന്തു പറയുന്നു എന്നതല്ല പകരം നിങ്ങളുടെ ഇണയെ അത്‌ എങ്ങനെ ബാധിക്കുന്നു എന്നതാണു പ്രധാനം. മുറിപ്പെടുത്തുന്ന സംസാരത്തിനു പകരം ദയാപൂർവമായ വാക്കുകൾ ഉപയോഗിച്ചു സംസാരിക്കാൻ കഴിയുമായിരുന്നോ എന്നു ചിന്തിക്കുക. ബൈബിൾ പറയുന്നു: “മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.”—സദൃശവാക്യങ്ങൾ 15:1.

ബഹുമാന്യരായ ദമ്പതികളെ നിരീക്ഷിക്കുക. മോശമായ മാതൃകകൾ അനുകരിച്ചാണു നിങ്ങൾ ആശയവിനിമയം നടത്തുന്നതെങ്കിൽ നല്ല മാതൃകകൾക്കായി തിരയുക. അനുകരണയോഗ്യമായ സംസാരരീതിയുള്ള വിവാഹയിണകളെ ശ്രദ്ധിക്കുക.—ബൈബിൾതത്ത്വം: ഫിലിപ്പിയർ 3:17.

ഒരിക്കൽ നിങ്ങൾ പങ്കുവെച്ച വികാരങ്ങൾ പുതുക്കുക. മുറിപ്പെടുത്തുന്ന സംസാരം പലപ്പോഴും ഹൃദയത്തിൽനിന്നാണ്‌, അധരത്തിൽനിന്നല്ല വരുന്നത്‌. അതുകൊണ്ട്‌, നിങ്ങളുടെ ഇണയെക്കുറിച്ചു നല്ല ചിന്തകളും വികാരങ്ങളും വളർത്തിയെടുക്കാൻ കഠിനശ്രമം ചെയ്യുക. നിങ്ങൾ ഒരുമിച്ച്‌ ആസ്വദിച്ച പ്രവർത്തനങ്ങൾ ഓർത്തെടുക്കുക. പഴയ ഫോട്ടോകൾ എടുത്തുനോക്കുക. എന്താണ്‌ നിങ്ങളെ ചിരിപ്പിച്ചത്‌? ഏതു ഗുണങ്ങളാണ്‌ നിങ്ങളെ പരസ്‌പരം ആകർഷിച്ചത്‌?—ബൈബിൾതത്ത്വം: ലൂക്കോസ്‌ 6:45.

നിങ്ങളെ’ എങ്ങനെ ബാധിക്കുന്നു എന്നു പറയുക. ഇണയെ വാക്കുകളാൽ വേദനിപ്പിക്കുന്നതിനു പകരം നിങ്ങളെ അത്‌ എങ്ങനെ ബാധിക്കുന്നു എന്നു പറയുക. ഉദാഹരണത്തിന്‌, “നീ കാര്യങ്ങൾ ചെയ്യുമ്പോൾ ഒരിക്കലും എന്നോടു ആലോചിക്കാറില്ല, അതു നിന്റെ സ്വഭാവമാണ്‌” എന്നു പറയുന്നതിനെക്കാൾ “എന്നോടു ആലോചിക്കാതെ കാര്യങ്ങൾ ചെയ്യുമ്പോൾ എനിക്കു വിലയില്ലാത്തതുപോലെ തോന്നിപ്പോകുന്നു” എന്നു പറയുന്നത്‌ രംഗം വഷളാകാതിരിക്കാൻ സഹായിക്കും.—ബൈബിൾതത്ത്വം: കൊലോസ്യർ 4:6.

എപ്പോൾ നിറുത്തണമെന്ന്‌ അറിയുക. രംഗം ചൂടുപിടിക്കുന്നതായും സംസാരം കൈവിട്ടുപോകുന്നതായും കണ്ടാൽ ആ സംഭാഷണം മറ്റൊരു സമയത്തേയ്‌ക്കു മാറ്റിവെക്കുന്നതായിരിക്കും നല്ലത്‌. സംഭാഷണം കൂടുതൽ ശാന്തമായ വിധത്തിൽ കൈകാര്യം ചെയ്യാനാകുന്നതുവരെ അവിടെനിന്നു മാറിപ്പോയാലും തെറ്റില്ല.—ബൈബിൾതത്ത്വം: സദൃശവാക്യങ്ങൾ 17:14.

മുറിപ്പെടുത്തുന്ന സംസാരം പലപ്പോഴും ഹൃദയത്തിൽനിന്നാണ്‌, അധരത്തിൽനിന്നല്ല വരുന്നത്‌