കുടുംബങ്ങൾക്കുവേണ്ടി | ദാമ്പത്യം
എങ്ങനെ ക്ഷമിക്കാം?
വെല്ലുവിളി
നിങ്ങളും ഇണയും തമ്മിൽ ഒരു വാക്കുതർക്കം ഉണ്ടാകുമ്പോൾ, പണ്ടേ പരിഹരിച്ചുകഴിഞ്ഞ പ്രശ്നങ്ങൾ ‘കണക്കുപുസ്തകത്തിൽനിന്ന്’ എണ്ണിയെണ്ണി നിരത്താറുണ്ടോ? ഒരാൾക്ക് അല്ലെങ്കിൽ രണ്ടു പേർക്കും എങ്ങനെ ക്ഷമിക്കണം എന്ന് അറിയില്ലാത്തതായിരിക്കാം ഇതിനു കാരണം.
നിങ്ങൾക്ക് അതു പഠിച്ചെടുക്കാൻ കഴിയും. പരസ്പരം ക്ഷമിക്കാൻ ഭർത്താവിനും ഭാര്യക്കും ബുദ്ധിമുട്ടായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ആദ്യം നോക്കാം.
എന്തുകൊണ്ട് അതു സംഭവിക്കുന്നു?
അധികാരം. ഇണയുടെ മേലുള്ള അധികാരം നിലനിറുത്താൻവേണ്ടി ചില ഭാര്യാഭർത്താക്കന്മാർ ക്ഷമിക്കാൻ മടിക്കുന്നു. ഒരു പിണക്കം ഉണ്ടാകുന്ന സാഹചര്യത്തിൽ പഴയ ഒരു സംഭവം തുറുപ്പുചീട്ടായി ഉപയോഗിച്ചുകൊണ്ട് അധീശത്വം പുലർത്താൻ അവർ ശ്രമിക്കുന്നു.
നീരസം. കഴിഞ്ഞകാലമുറിവുകൾ ഉണങ്ങാൻ ഏറെ സമയം വേണ്ടിവന്നേക്കാം. ചിലപ്പോൾ ഒരു ഇണ ‘ഞാൻ ക്ഷമിച്ചിരിക്കുന്നു’ എന്നു പറഞ്ഞേക്കാം. എന്നാൽ അപ്പോഴും മനസ്സിൽ നീരസം ഒളിപ്പിച്ചുവെച്ചിട്ടുണ്ടാകും. ഒരുപക്ഷേ, പകരംവീട്ടാനുള്ള അവസരത്തിനായി നോക്കിയിരിക്കുകപോലും ചെയ്തേക്കാം.
നിരാശ. ഒരു സാങ്കൽപ്പികകഥയിലേതുപോലെ പ്രണയാർദ്രമായിരിക്കും ജീവിതം എന്നു ചിന്തിച്ചുകൊണ്ടാണ് പലരും വിവാഹത്തിലേക്കു കാലെടുത്തുവെക്കുന്നത്. അതുകൊണ്ടുതന്നെ, ഒരു അഭിപ്രായവ്യത്യാസമുണ്ടാകുമ്പോൾ അവർ തങ്ങളുടെ ഭാഗത്തുതന്നെ ഉറച്ചുനിൽക്കുകയും തന്റെ ‘സ്നേഹഭാജന’ത്തിന് എന്തു പറ്റി എന്ന് അത്ഭുതപ്പെടുകയും ചെയ്തേക്കാം. അതിരുകടന്ന പ്രതീക്ഷകൾ വെച്ചുപുലർത്തുന്ന ഒരു വ്യക്തി മിക്കപ്പോഴും ഇണയുടെ തെറ്റുകൾ കണ്ടുപിടിക്കാൻ കൂടുതൽ ചായ്വു കാണിക്കും. അത്തരക്കാർക്കു ക്ഷമിക്കാൻ പ്രയാസമായിരിക്കും.
തെറ്റിദ്ധാരണ. പലരും ക്ഷമിക്കാൻ വിമുഖത കാണിക്കുന്നത് താഴെ പറയുന്നതുപോലെയുള്ള ചില തെറ്റിദ്ധാരണകൾ നിമിത്തമാണ്:
ക്ഷമിച്ചാൽ, ഞാൻ തെറ്റിനെ നിസ്സാരീകരിക്കുകയായിരിക്കും.
ക്ഷമിച്ചാൽ, ഞാൻ കഴിഞ്ഞതെല്ലാം മറക്കേണ്ടിവരും.
ക്ഷമിച്ചാൽ, ഞാൻ അടുത്ത പ്രശ്നം ക്ഷണിച്ചുവരുത്തുകയായിരിക്കും.
വാസ്തവത്തിൽ, ഇവയൊന്നും അല്ല ക്ഷമിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നത്. എന്നിരുന്നാലും ക്ഷമിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്, പ്രത്യേകിച്ചും അടുപ്പമുള്ള ഭാര്യാഭർത്താക്കന്മാർക്കിടയിൽ വഴക്കുണ്ടാകുമ്പോൾ.
ഇങ്ങനെ ചെയ്തുനോക്കാം
ക്ഷമിക്കുന്നതിൽ എന്താണ് ഉൾപ്പെടുന്നത് എന്നു തിരിച്ചറിയുക. ‘ക്ഷമിക്കുക’ എന്ന വാക്ക് ‘വിട്ടുകളയുക’ എന്ന അർഥത്തിലും ബൈബിളിൽ ഉപയോഗിച്ചിട്ടുണ്ട്. പലപ്പോഴും, ക്ഷമിക്കുക എന്നാൽ സംഭവിച്ചതെല്ലാം മറക്കണം എന്നോ തെറ്റിനെ നിസ്സാരീകരിക്കണം എന്നോ അർഥമാക്കുന്നില്ല. നിങ്ങളുടെ നന്മയ്ക്കും ദാമ്പത്യത്തിനും വേണ്ടി ആ കാര്യം വിട്ടുകളയുക എന്നേ അതിന് അർഥമുള്ളൂ.
ക്ഷമിക്കാതിരുന്നാലുള്ള പ്രശ്നങ്ങൾ ചിന്തിക്കുക. നീരസം വെച്ചുകൊണ്ടിരുന്നാൽ ഉയർന്ന രക്തസമ്മർദവും വിഷാദരോഗവും ഉൾപ്പെടെ ശാരീരികവും വൈകാരികവും ആയ വലിയ പ്രശ്നങ്ങളിൽ അതു നമ്മെ കൊണ്ടെത്തിച്ചേക്കാം എന്നാണു ചില വിദഗ്ധർ പറയുന്നത്. അതു ക്രമേണ നിങ്ങളുടെ കുടുംബജീവിതത്തെപ്പോലും താറുമാറാക്കും. നല്ല കാരണത്തോടെതന്നെയാണ് ബൈബിൾ ഇങ്ങനെ പറയുന്നത്: “തമ്മിൽ ദയയും ആർദ്രാനുകമ്പയും ഉള്ളവരായി . . . അന്യോന്യം ഉദാരമായി ക്ഷമിക്കുവിൻ.”—എഫെസ്യർ 4:32.
ക്ഷമിച്ചാലുള്ള പ്രയോജനങ്ങൾ ചിന്തിക്കുക. ക്ഷമിക്കുന്ന ശീലം ഇരുവർക്കുമുണ്ടെങ്കിൽ, തെറ്റുകളുടെ ‘കണക്ക്’ സൂക്ഷിക്കുന്നതിനു പകരം നിങ്ങൾക്കും ഇണയ്ക്കും തെറ്റായ ആന്തരം ഒന്നുമില്ലായിരുന്നെന്നു തിരിച്ചറിയാൻ എളുപ്പമായിരിക്കും. അത് നീരസം കുറയാനും സ്നേഹം വളരാനും ഇടയാകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കും.—ബൈബിൾതത്ത്വം: കൊലോസ്യർ 3:13.
യാഥാർഥ്യബോധമുള്ളവരായിരിക്കുക. നിങ്ങൾ വിവാഹം കഴിച്ചപ്പോൾ, കുറവുകൾ സഹിതമാണ് ഇണയെ സ്വീകരിച്ചത് എന്നു മനസ്സിൽപ്പിടിക്കുന്നെങ്കിൽ ക്ഷമിക്കാൻ കൂടുതൽ എളുപ്പമായിരിക്കും. ദാമ്പത്യം പരിരക്ഷിക്കാൻ സഹായിക്കുന്ന ഒരു പുസ്തകം (Fighting for Your Marriage) ഇങ്ങനെ പറയുന്നു: “ലഭിക്കാത്തതിൽ മാത്രം നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചാൽ, ലഭിച്ചതെല്ലാം വേഗം മറന്നുപോകും. നിങ്ങളുടെ ജീവിതത്തിൽ ഇതിൽ ഏതിനാണ് ശ്രദ്ധ കൊടുക്കുന്നത്?” ഓർക്കുക, നിങ്ങൾ ഉൾപ്പെടെ ആരും പൂർണരല്ല.—ബൈബിൾതത്ത്വം: യാക്കോബ് 3:2.
ന്യായബോധമുള്ളവരായിരിക്കുക. അടുത്ത തവണ നിങ്ങളുടെ ഇണ മുറിവേൽപ്പിക്കുന്ന രീതിയിൽ നിങ്ങളോടു സംസാരിക്കുകയോ പെരുമാറുകയോ ചെയ്താൽ, സ്വയം ചോദിക്കുക: ‘ഈ സാഹചര്യം അത്ര ഗൗരവമുള്ളതാണോ? എന്നോടു ക്ഷമ പറയുന്നതുവരെ ഞാൻ കാത്തിരിക്കണമോ? സംഭവിച്ചതെല്ലാം വിട്ടുകളയാൻ എനിക്കു കഴിയുമോ?’—ബൈബിൾതത്ത്വം: 1 പത്രോസ് 4:8.
ആവശ്യമെങ്കിൽ, ചർച്ച ചെയ്യുക. നിങ്ങളെ വേദനിപ്പിച്ചത് എന്താണെന്നും അത് എന്തുകൊണ്ടാണെന്നും ശാന്തമായി വിശദീകരിക്കുക. നിങ്ങളുടെ ഭാഗം സമർഥിക്കാനോ തെറ്റായ ആരോപണങ്ങൾ നടത്താനോ തുനിയരുത്. അങ്ങനെ ചെയ്താൽ, ഇണ തന്റെ ഭാഗം ന്യായീകരിക്കാൻ ശ്രമിച്ചേക്കാം. പകരം ഇണയുടെ പ്രവൃത്തികൾ, തന്നെ എത്രത്തോളം ബാധിച്ചെന്നു മാത്രം പറയുക. ◼ (g13-E 09)