ബൈബിളിന്റെ വീക്ഷണം
വിഷാദം
എന്താണ് വിഷാദം?
“ഞാൻ കുനിഞ്ഞു ഏററവും കൂനിയിരിക്കുന്നു; ഞാൻ ഇടവിടാതെ ദുഃഖിച്ചുനടക്കുന്നു.”—സങ്കീർത്തനം 38:6.
ഗവേഷകർ പറയുന്നത്
ജീവിതത്തിൽ ഇടയ്ക്കൊക്കെ നിരുത്സാഹം അനുഭവിക്കുന്നവരാണ് എല്ലാവരും. എന്നാൽ ഒരു വ്യക്തിയുടെ ദൈനംദിനജീവിതത്തെ തുടർച്ചയായി ദുർബലമാക്കുന്ന ഒന്നാണ് വിഷാദരോഗം. ഇടയ്ക്കൊക്കെ തോന്നുന്ന വിഷാദം എന്താണെന്നോ വിഷാദരോഗത്തിൽ ഉൾപ്പെട്ടിരിക്കുന്നത് എന്താണെന്നോ എന്നതിനെക്കുറിച്ചു വിദഗ്ധർക്കുപോലും ഒരേ അഭിപ്രായത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല എന്നതാണു വാസ്തവം. എന്നിരുന്നാലും, ചിലർ അങ്ങേയറ്റത്തെ നിഷേധാത്മകവികാരങ്ങളോടൊപ്പം വിലകെട്ടവനാണെന്ന തോന്നലും അമിതമായ കുറ്റബോധവും അനുഭവിക്കുന്നവരാണെന്നു പറയുന്നതാവും ഉചിതം.
ബൈബിൾ പറയുന്നത്
നിഷേധാത്മകവികാരങ്ങളിലൂടെ കടന്നുപോയ അനേകം സ്ത്രീപുരുഷന്മാരെക്കുറിച്ചു ബൈബിൾ പറയുന്നു. ഉദാഹരണത്തിന്, ഹന്നാ “മനോവ്യസന”ത്തിലായി എന്നു പറഞ്ഞിരിക്കുന്നു. ഈ പദം “ഹൃദയം നുറുങ്ങിയ,” “ആഴമായ നിരാശയിലാണ്ട അവസ്ഥയിലായി” എന്നും പരിഭാഷപ്പെടുത്തിയിരിക്കുന്നു. (1 ശമൂവേൽ 1:10) അതുപോലെ, ഒരിക്കൽ അതീവദുഃഖിതനായ ഏലിയാപ്രവാചകൻ തന്റെ ജീവനെ എടുത്തുകൊൾവാനായി യഹോവയോടു പ്രാർഥിച്ചു.—1 രാജാക്കന്മാർ 19:4.
ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്ക് “വിഷാദമഗ്നരെ സാന്ത്വനപ്പെടുത്തുവിൻ” എന്ന നിർദേശം നൽകിയിരുന്നു. (1 തെസ്സലോനിക്യർ 5:14) “ജീവിതത്തിന്റെ ഉത്കണ്ഠകളാൽ തങ്ങൾ നിസ്സഹായരാണെന്നു താത്കാലികമായി തോന്നുന്നവരെ കുറിക്കാനായിരിക്കാം” ‘വിഷാദമഗ്നർ’ എന്ന പദം ഉപയോഗിച്ചിരിക്കുന്നതെന്ന് ഒരു പരാമർശകൃതി പറയുന്നു. ഇതിന് അർഥം, ചില സാഹചര്യങ്ങളിൽ വിശ്വസ്തരായ സ്ത്രീപുരുഷന്മാർക്കുപോലും വിഷാദം അനുഭവപ്പെട്ടിരുന്നു എന്നാണ്.
വിഷാദരോഗം—ആരുടെ കുഴപ്പം?
“ഇന്നോളം സർവസൃഷ്ടിയും ഒന്നടങ്കം ഞരങ്ങി വേദനപ്പെട്ടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ.” —റോമർ 8:22.
ബൈബിൾ പറയുന്നത്
ആദ്യമനുഷ്യജോഡികളുടെ മത്സരത്തിന്റെ ഫലമായാണു രോഗങ്ങൾ വന്നതെന്നു ബൈബിൾ നമ്മെ പഠിപ്പിക്കുന്നു. ഉദാഹരണത്തിന്, സങ്കീർത്തനം 51:5 പ്രസ്താവിക്കുന്നത്: “ഞാൻ അകൃത്യത്തിൽ ഉരുവായി; പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭംധരിച്ചു” എന്നാണ്. അതുപോലെ റോമർ 5:12 ഇങ്ങനെ വിശദീകരിക്കുന്നു: “ഏകമനുഷ്യനിലൂടെ (ആദ്യമനുഷ്യനായ ആദാം) പാപവും പാപത്തിലൂടെ മരണവും ലോകത്തിൽ കടന്നു. അങ്ങനെ, എല്ലാവരും പാപം ചെയ്തതിനാൽ മരണം സകലമനുഷ്യരിലേക്കും വ്യാപിച്ചു.” ആദാമിൽനിന്നു പാരമ്പര്യമായി നമുക്കോരോരുത്തർക്കും അപൂർണത കൈമാറിക്കിട്ടിയിരിക്കുന്നതിനാൽ നാമെല്ലാം ശാരീരികവും വൈകാരികവും ആയ രോഗങ്ങൾക്ക് അടിമകളാണ്. അതുകൊണ്ട്, ബൈബിൾ ഇപ്രകാരം പറയുന്നു: “ഇന്നോളം സർവസൃഷ്ടിയും ഒന്നടങ്കം ഞരങ്ങി വേദനപ്പെട്ടിരിക്കുന്നു.” (റോമർ 8:22) എന്നിരുന്നാലും ഒരു ഡോക്ടർക്കും നൽകാൻ കഴിയാത്ത ഉറപ്പു ബൈബിൾ വെച്ചുനീട്ടുന്നു—ദൈവത്തിന്റെ സമാധാനപൂർണമായ പുതിയ ലോകത്തിൽ വിഷാദം ഉൾപ്പെടെ എല്ലാവിധ രോഗങ്ങളും വൈകല്യങ്ങളും പൊയ്പ്പോകും.—വെളിപാട് 21:4.
വിഷാദത്തെ തരണം ചെയ്യാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
“ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.” —സങ്കീർത്തനം 34:18.
അതു തിരിച്ചറിയേണ്ടത് എന്തുകൊണ്ട്?
നിങ്ങളുടെ സാഹചര്യങ്ങളെ എല്ലായ്പോഴും നിങ്ങൾക്കു നിയന്ത്രിക്കാനാകില്ല; ചില സാഹചര്യങ്ങളിൽ മോശമായ കാര്യങ്ങൾ നിങ്ങളെ ബാധിക്കുമെന്നുള്ളതു തീർച്ചയാണ്. (സഭാപ്രസംഗി 9:11, 12) എന്നിരുന്നാലും, നിഷേധാത്മകവികാരങ്ങൾ നിങ്ങളുടെ ജീവിതത്തെ കീഴ്പ്പെടുത്താതിരിക്കാൻ പ്രായോഗികമായ നടപടികൾ നിങ്ങൾക്കു വികസിപ്പിച്ചെടുക്കാനാകും.
ബൈബിൾ പറയുന്നത്
രോഗികൾക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യമെന്നു ബൈബിൾ പറയുന്നു. (ലൂക്കോസ് 5:31) ദുർബലപ്പെടുത്തുന്ന വിഷാദരോഗത്താൽ നിങ്ങൾ കഷ്ടപ്പെടുകയാണെങ്കിൽ വൈദ്യചികിത്സ തേടുന്നതിൽ തെറ്റില്ല. അതുപോലെ, പ്രാർഥനയുടെ മൂല്യവും ബൈബിൾ എടുത്തുകാട്ടുന്നു. ഉദാഹരണത്തിന്, സങ്കീർത്തനം 55:22 പറയുന്നത് “നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല” എന്നാണ്. മനഃശാസ്ത്രപരമായ ഒരു ഊന്നുവടിയല്ല പ്രാർഥന. മറിച്ച് “ഹൃദയം നുറുങ്ങിയവർക്കു” സമീപസ്ഥനായ യഹോവയാം ദൈവത്തോടു നടത്തുന്ന ശരിക്കുള്ള ആശയവിനിമയമാണ് പ്രാർഥന.—സങ്കീർത്തനം 34:18.
ഒരു ഉറ്റ സുഹൃത്തുമായി നിങ്ങളുടെ വികാരങ്ങൾ പങ്കുവെക്കുന്നതും പ്രയോജനം ചെയ്തേക്കാം. (സദൃശവാക്യങ്ങൾ 17:17) “എന്റെ വിഷാദത്തെക്കുറിച്ചു തന്നോടു സംസാരിക്കാൻ ഒരു സഹവിശ്വാസി എന്നെ പ്രോത്സാഹിപ്പിച്ചു” എന്ന് യഹോവയുടെ സാക്ഷിയായ ഡാനിയെല്ല പറയുന്നു. “ഇത്തരത്തിലുള്ള ഒരു സംഭാഷണം വർഷങ്ങളായി ഞാൻ ഒഴിവാക്കിയിരുന്നെങ്കിലും ഇക്കാലമത്രയും എനിക്ക് ആവശ്യമായിരുന്നത് ഇതായിരുന്നു എന്നു ഞാൻ തിരിച്ചറിഞ്ഞു. ആ സംഭാഷണത്തിനു ശേഷം എനിക്ക് എത്രമാത്രം ആശ്വാസം തോന്നിയെന്നോ!” ▪ (g13-E 10)