കുടുംബങ്ങൾക്കുവേണ്ടി | ദാമ്പത്യം
ചെലവു നിയന്ത്രിക്കാൻ എങ്ങനെ സാധിക്കും
പ്രശ്നം
നിങ്ങളുടെ ബാങ്ക് രേഖകളും ബില്ലുകളും വെളിപ്പെടുത്തുന്നത്, കൈക്കുള്ളിലെ മണൽത്തരികൾ വിരലുകൾക്കിടയിലൂടെ പോകുന്നതുപോലെ പണം ചോർന്നുപോകുന്നു എന്നാണ്. നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് കുറച്ചു നാളുകളേ ആയിട്ടുള്ളൂ, എന്നാൽ നിങ്ങളുടെ ചെലവ് അനിയന്ത്രിതമായി വർധിച്ചിരിക്കുന്നു. നിങ്ങളുടെ ഇണയാണോ അതിന് ഉത്തരവാദി? അങ്ങനെ ചിന്തിക്കാൻ വരട്ടെ! ഈ ദുരവസ്ഥയിലേക്കു നിങ്ങളെ എത്തിച്ച ചില വസ്തുതകൾ ഒരുമിച്ചു പരിചിന്തിക്കുക. *
എന്തുകൊണ്ട് അതു സംഭവിക്കുന്നു?
മാറ്റങ്ങൾ. വിവാഹിതരാകുന്നതിനു മുമ്പ് നിങ്ങൾ മാതാപിതാക്കളോടൊപ്പമാണ് ജീവിച്ചിരുന്നതെങ്കിൽ ബില്ലുകൾ അടയ്ക്കുന്നതും ചെലവുകൾ പങ്കുവെക്കുന്നതും നിങ്ങൾക്ക് ഒരു പുതിയ അനുഭവമായിരിക്കും. പണത്തോടുള്ള ബന്ധത്തിൽ നിങ്ങളുടെയും ഇണയുടെയും കാഴ്ചപ്പാടുകൾ വ്യത്യസ്തമായിരുന്നേക്കാം. ഉദാഹരണത്തിന്, ഒരാൾക്ക് പണം ചെലവാക്കുന്നതിലായിരിക്കാം താത്പര്യമെങ്കിൽ മറ്റേയാൾക്ക് പണം മിച്ചം പിടിക്കുന്നതിലായിരിക്കാം ഏറെ താത്പര്യം. പരസ്പരം പൊരുത്തപ്പെടാനും ഇരുവരും യോജിക്കുന്ന വിധത്തിൽ പണം കൈകാര്യം ചെയ്യാൻ പഠിക്കാനും സമയമെടുത്തേക്കാം.
വെച്ചുതാമസിപ്പിക്കുക. ഇപ്പോൾ ബിസിനെസ്സിൽ വിജയം നേടിയിരിക്കുന്ന ജിം, തന്റെ വിവാഹജീവിതം തുടങ്ങിയ നാളിൽ കാര്യങ്ങൾ ചിട്ടയോടെ ചെയ്യാതിരുന്നതിനാൽ വലിയ വില ഒടുക്കേണ്ടിവന്നതായി സമ്മതിച്ചുപറയുന്നു. “ഞാൻ ബില്ലുകൾ അടയ്ക്കുന്നതു നീട്ടിവെച്ചതിനാൽ പതിനായിരക്കണക്കിന് രൂപ ഞങ്ങൾ പിഴയായി അടയ്ക്കേണ്ടിവന്നു. ഞങ്ങളുടെ പണമെല്ലാം തീർന്നുപോയി!”
“അദൃശ്യമായ പണ”ത്തിന്റെ കെണി. നിങ്ങളുടെ പേഴ്സിൽനിന്നോ പോക്കറ്റിൽനിന്നോ പണം പോകുന്നത് കാണാൻ കഴിയുന്ന വിധത്തിലല്ലെങ്കിൽ, കൂടുതൽ പണം ചെലവാക്കുന്നത് എളുപ്പമായി തോന്നിയേക്കാം. നിങ്ങൾ മിക്ക ഇടപാടുകളും ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ഉപയോഗിച്ചോ അല്ലെങ്കിൽ ഇന്റർനെറ്റിലൂടെയോ ഇലക്ട്രോണിക് ബാങ്കിംഗിലൂടെയോ ആണ് നടത്തുന്നതെങ്കിൽ ഇതായിരിക്കാം സംഭവിക്കുന്നത്. അതുപോലെ, എളുപ്പത്തിൽ വായ്പ ലഭിക്കുന്നതിന്റെ പ്രലോഭനവും നവദമ്പതികൾക്ക് അമിതമായി ചെലവു ചെയ്യാനുള്ള പ്രേരണ നൽകുന്നു.
കാരണം എന്തുതന്നെയായാലും, പണപരമായ കാര്യങ്ങൾക്കു നിങ്ങളുടെ വിവാഹജീവിതത്തിൽ വലിയ പ്രശ്നങ്ങൾ ഉളവാക്കാൻ കഴിയും. ദാമ്പത്യത്തെക്കുറിച്ചുള്ള ഒരു പുസ്തകം പറയുന്നു: “എത്രയുണ്ടായിരുന്നാലും പണം എപ്പോഴും ഒരു മുഖ്യപ്രശ്നംതന്നെയാണെന്ന് മിക്ക ദമ്പതികളും പറയുന്നു. പലപ്പോഴും വാക്കുതർക്കങ്ങളുണ്ടാകുന്നതു പണത്തെ ചൊല്ലിയാണ്”.
നിങ്ങൾക്കു ചെയ്യാനാകുന്നത്
സഹകരിക്കാൻ ദൃഢനിശ്ചയം ചെയ്യുക. പരസ്പരം പഴിചാരുന്നതിനു പകരം ചെലവു നിയന്ത്രിക്കുന്നതിനായി ഒത്തൊരുമിച്ചു പ്രവർത്തിക്കുക. ചർച്ചയുടെ ആരംഭത്തിൽത്തന്നെ ഈ വിഷയം നിങ്ങൾക്കിടയിൽ ഒരു വിടവുണ്ടാക്കാൻ നിങ്ങൾ അനുവദിക്കുകയില്ലെന്നു തീരുമാനിക്കുക.—ബൈബിൾ തത്ത്വം: എഫെസ്യർ 4:32.
ഒരു ബജറ്റ് ഉണ്ടാക്കുക. ഒരു മാസത്തേക്കുള്ള നിങ്ങളുടെ എല്ലാ ചെലവുകളും, അത് എത്ര ചെറുതായിരുന്നാലും എഴുതി വെക്കുക. അത്, പണം ഏതു വഴിക്കാണ് പോകുന്നതെന്നു കണ്ടുപിടിക്കാനും അനാവശ്യചെലവുകൾ തിരിച്ചറിയാനും സഹായിക്കും. എന്തായിരുന്നാലും പണത്തിന്റെ അനിയന്ത്രിതമായ ചെലവുകൾ നിറുത്തിയേ മതിയാകൂ.
ഭക്ഷണം, വസ്ത്രം, വാടക അല്ലെങ്കിൽ പണയം, കാർ ലോണിന്റെ അടവുകൾ തുടങ്ങിയ അവശ്യചെലവുകളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുക. ഓരോന്നിനുംവേണ്ടി ഒരു നിശ്ചിതസമയത്തിനുള്ളിൽ, ഒരുപക്ഷേ ഒരു മാസം, എത്ര പണം ചെലവാകാൻ സാധ്യതയുണ്ടെന്ന് കണക്കുകൂട്ടി നിശ്ചയിക്കുക.—ബൈബിൾ തത്ത്വം: ലൂക്കോസ് 14:28.
“കടം മേടിക്കുന്നവൻ കടം കൊടുക്കു ന്നവന്നു ദാസൻ.”—സദൃശവാക്യങ്ങൾ 22:7
ഓരോ മാസവും വ്യത്യസ്ത ചെലവുകൾക്കായി (ഭക്ഷണം, വാടക, ഇന്ധനം തുടങ്ങിയവയ്ക്ക്) ഒരു തുക നീക്കിവെക്കുക. ചിലർ, ഓരോ ചെലവിന്റെയും ഇനം തരംതിരിച്ച് അതിന് വേണ്ട പണം വെവ്വേറെ കവറുകളിൽ ഇട്ടുവെക്കുന്നു. * ഏതെങ്കിലും ഒരു കവറിനുള്ളിലെ പണം തീർന്നുപോകുന്നെങ്കിൽ ആ വിഭാഗത്തിലുള്ള ചെലവുകൾ നിറുത്തുകയോ അല്ലെങ്കിൽ മറ്റൊരു കവറിൽനിന്നു പണം എടുത്ത് ഈ കവറിൽ വെക്കുകയോ ചെയ്യുന്നു.
വസ്തുവകകളെക്കുറിച്ചുള്ള വീക്ഷണം പുനർവിചിന്തനം ചെയ്യുക. ഏറ്റവും നൂതനമായ വസ്തുക്കൾ ഉണ്ടായിരിക്കുന്നതിലല്ല സന്തോഷം; “ഒരുവന് എത്ര സമ്പത്തുണ്ടായാലും അവന്റെ വസ്തുവകകളല്ല അവന്റെ ജീവന് ആധാരമായിരിക്കുന്നത്” എന്നാണ് യേശു പറഞ്ഞത്. (ലൂക്കോസ് 12:15) നിങ്ങൾ ആ വാക്കുകൾ വിശ്വസിക്കുന്നുണ്ടോ എന്ന് നിങ്ങളുടെ പണം ചെലവാക്കുന്ന ശീലം സൂചിപ്പിച്ചേക്കാം.—ബൈബിൾ തത്ത്വം: 1 തിമൊഥെയൊസ് 6:8.
പൊരുത്തപ്പെടുത്തലുകൾ വരുത്തുക. “കേബിൾ ടിവി-ക്കുവേണ്ടി പണം ചെലവാക്കുന്നതും പുറത്തു പോയി ഭക്ഷണം കഴിക്കുന്നതും ഒക്കെ താങ്ങാനാകുമെന്നു തുടക്കത്തിൽ തോന്നിയേക്കാം. എന്നാൽ കാലാന്തരത്തിൽ അതിനു നിങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിലാക്കാൻ കഴിയും. ഞങ്ങളുടെ വരുമാനത്തിനുള്ളിൽ ഒതുങ്ങി ജീവിക്കാൻ ചില കാര്യങ്ങൾ വേണ്ടെന്നുവെക്കാൻ പഠിക്കേണ്ടിയിരുന്നു” എന്ന് വിവാഹിതനായിട്ട് രണ്ടു വർഷം കഴിഞ്ഞ ഏരൻ പറയുന്നു.▪ (g14-E 06)