വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അവൾ ജീവിതത്തിന്റെ ഉദ്ദേശ്യം കണ്ടെത്തി

അവൾ ജീവിതത്തിന്റെ ഉദ്ദേശ്യം കണ്ടെത്തി

രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു

അവൾ ജീവിതത്തിന്റെ ഉദ്ദേശ്യം കണ്ടെത്തി

തന്റെ ആടുകളെ തനിക്കറിയാമെന്നു യേശു പറയുന്നു. (യോഹന്നാൻ 10:14) ഒരു വ്യക്തിക്കു നല്ലൊരു ഹൃദയവും സമാധാനത്തോടും നീതിയോടും ഒരു പ്രിയവും ഉണ്ടെങ്കിൽ അയാൾ യേശുവിന്റെ അനുഗാമികളിലേക്ക്‌ ആകർഷിക്കപ്പെടും. ബെൽജിയത്തിലെ ഒരു സ്‌ത്രീയെപ്പോലെ, അത്തരമൊരു വ്യക്തി ജീവിതത്തിൽ ഉദ്ദേശ്യം കണ്ടെത്തും. അവരുടെ കഥ ഇതാണ്‌.

“യഹോവയുടെ സാക്ഷികൾ എന്റെ വാതിലിൽ മുട്ടിയപ്പോൾ, കടുത്ത വിഷാദത്തിലായിരുന്ന ഞാൻ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുകയായിരുന്നു. രോഗബാധിതമായ ഈ ലോകത്തിന്റെ പ്രശ്‌നങ്ങൾക്കുള്ള പരിഹാരത്തെ സംബന്ധിച്ചു സാക്ഷികൾ പറഞ്ഞത്‌ എനിക്ക്‌ ഇഷ്ടപ്പെട്ടു, എന്നാൽ ദൈവത്തിന്‌ അതിൽ ഒരു പങ്കു വഹിക്കാനുണ്ട്‌ എന്ന ആശയം എനിക്കിഷ്ടമായില്ല. എട്ടു വർഷം മുമ്പേ പള്ളിയിൽ പോകുന്നതു ഞാൻ നിർത്തിയിരുന്നു, കാരണം അവിടെ കാണാനിടയായ കാപട്യത്തെ ഞാൻ വെറുത്തു. എന്നിരുന്നാലും സാക്ഷികളുടെ കാര്യത്തിൽ, അവർ പറഞ്ഞതിൽ സത്യത്തിന്റെ ധ്വനി ഞാൻ തിരിച്ചറിയുകയും എന്തൊക്കെയായിരുന്നാലും ദൈവത്തെക്കൂടാതെ ജീവിക്കുന്നതു പ്രയാസമാണെന്നു ബോദ്ധ്യപ്പെടുകയും ചെയ്‌തു.

“ദുഃഖകരമെന്നുപറയട്ടെ, ഏതാനും സന്ദർശനങ്ങൾക്കുശേഷം സാക്ഷികളുമായുള്ള സമ്പർക്കം നിലച്ചുപോയി. ഞാൻ വല്ലാത്ത സങ്കടത്തിലായി. ദിവസം രണ്ടു പാക്കററ്‌ സിഗറററ്‌ വലിക്കുകയും മയക്കുമരുന്നിലേക്കു തിരിയുക പോലും ചെയ്‌തു. മരിച്ചുപോയ എന്റെ അപ്പൂപ്പനുമായി ആശയവിനിയമം ചെയ്യാൻ ആഗ്രഹിച്ചുകൊണ്ടു ഞാൻ ആത്മവിദ്യയിൽ ചെന്നുപെട്ടു. തൽഫലമായി രാത്രിയിൽ തനിച്ചായിരിക്കുമ്പോൾ അനുഭവിച്ച ദുഷ്ടാത്മാക്കളിൽനിന്നുള്ള ആക്രമണത്താൽ ഞാൻ എത്ര വിരണ്ടുപോയെന്നോ! ഇതു മാസങ്ങളോളം നീണ്ടുനിന്നു. തനിച്ചായിരിക്കണമല്ലോ എന്ന ചിന്തതന്നെ ഓരോ സായാഹ്നത്തിലും എന്നെ സംഭീതയാക്കി.

“അങ്ങനെയിരിക്കെ ഒരു ദിവസം പതിവിൽനിന്നു വ്യത്യസ്‌തമായ ഒരു വഴിയിലൂടെ ഞാനൊന്നു നടക്കാനിറങ്ങി. ഒരു വലിയ കെട്ടിട നിർമാണസ്ഥലത്തു ഞാൻ ചെന്നെത്തി. അവിടെ ഒരു ജനക്കൂട്ടത്തെക്കണ്ടു ഞാൻ അന്തം വിട്ടുപോയി. അതു രാജ്യഹാൾ നിർമാണവേലയിൽ ഏർപ്പെട്ടിരിക്കുന്ന യഹോവയുടെ സാക്ഷികളാണെന്ന്‌ അടുത്തുചെന്നപ്പോൾ ഞാൻ മനസ്സിലാക്കി. എന്റെ ഭവനത്തിൽ സാക്ഷികൾ നടത്തിയിട്ടുള്ള സന്ദർശനങ്ങളെക്കുറിച്ചു ഞാൻ ഓർക്കുകയും മുഴുലോകവും ഈ ജനത്തെപ്പോലെ ജീവിച്ചിരുന്നെങ്കിൽ എത്ര അത്ഭുതകരമായിരുന്നേനെ എന്നു ചിന്തിക്കുകയും ചെയ്‌തു.

“സാക്ഷികൾ എന്റെ ഭവനത്തിലേക്കു തിരിച്ചുവന്നിരുന്നെങ്കിൽ എന്നു ഞാൻ യഥാർഥത്തിൽ ആഗ്രഹിച്ചു. തൻമൂലം ഞാൻ ഹാൾ പണിയുന്ന ചിലരോടു സംസാരിച്ചു. ഞാൻ ദൈവത്തോടു പ്രാർഥിച്ചു. പത്തു ദിവസം കഴിഞ്ഞപ്പോൾ എന്നെ ആദ്യമായി സന്ദർശിച്ച മനുഷ്യൻ എന്റെ വീട്ടിലെത്തി. നമുക്കു ബൈബിൾ പഠനം തുടരാമെന്ന്‌ അദ്ദേഹം നിർദേശിക്കുകയും ഞാൻ സന്തോഷപൂർവം സമ്മതിക്കുകയും ചെയ്‌തു. അപ്പോൾത്തന്നെ അദ്ദേഹം എന്നെ രാജ്യഹാളിലെ യോഗങ്ങൾക്കു ക്ഷണിച്ചു. ഞാൻ ആ ക്ഷണം സ്വീകരിച്ചു. അത്തരമൊരു കാഴ്‌ച ഞാൻ ഒരിക്കലും കണ്ടിരുന്നില്ല! പരസ്‌പരം സ്‌നേഹിക്കയും സന്തോഷിക്കയും ചെയ്യുന്ന ആളുകളെ ഞാൻ വളരെ നാളുകളായി അന്വേഷിക്കുകയായിരുന്നു. അവസാനം ഇതാ ഇവിടെയുണ്ടവർ!

“അതിനുശേഷം ഞാൻ എല്ലാ യോഗങ്ങൾക്കും പോയി. ഏകദേശം മൂന്ന്‌ ആഴ്‌ചകൾ കഴിഞ്ഞപ്പോൾ, പുകവലിക്കുന്ന ദുശ്ശീലം ഞാൻ നിർത്തി. ജ്യോതിഷത്തെക്കുറിച്ചുള്ള പുസ്‌തകങ്ങളും സാത്താന്യ സംഗീതമുള്ള റെക്കോഡുകളും ഞാൻ വലിച്ചെറിഞ്ഞു, ദുഷ്ടാത്മാക്കൾക്ക്‌ എന്റെമേലുണ്ടായിരുന്ന പിടി അയയുകയാണെന്ന്‌ എനിക്കു തോന്നി. യഹോവയുടെ ബൈബിൾ തത്ത്വങ്ങൾക്കനുസൃതമായി ഞാൻ എന്റെ ജീവിതത്തെ ക്രമപ്പെടുത്തി, മൂന്നു മാസം കഴിഞ്ഞു ഞാൻ സുവാർത്ത പ്രസംഗിക്കാൻ തുടങ്ങി. ആറു മാസം കഴിഞ്ഞപ്പോൾ ഞാൻ സ്‌നാപനമേൽക്കുകയും മൂന്നാം ദിവസം സഹായപയനിയറിംഗ്‌ ആരംഭിക്കുകയും ചെയ്‌തു.

“എനിക്കു യഹോവ ചെയ്‌തുതന്നിട്ടുള്ള എല്ലാ നല്ല സംഗതികൾക്കും ഞാൻ അവിടുത്തേക്കു നന്ദി പറയുന്നു. അവസാനം എന്റെ ജീവിതത്തിന്‌ ഒരു ഉദ്ദേശ്യമുണ്ടായി. അതേ, ഞാൻ അഭയവും സംരക്ഷണവും കണ്ടെത്തിയ യഹോവയുടെ നാമം ഒരു ബലമുള്ള ഗോപുരമാണ്‌. (സദൃശവാക്യങ്ങൾ 18:10) യഥാർഥത്തിൽ എനിക്കും സങ്കീർത്തനക്കാരനെപ്പോലെ തോന്നുന്നു. അദ്ദേഹം സങ്കീർത്തനം 84:10-ൽ ഇപ്രകാരം എഴുതി: “നിന്റെ പ്രാകാരങ്ങളിൽ കഴിക്കുന്ന ഒരു ദിവസം വേറെ ആയിരം ദിവസത്തെക്കാൾ ഉത്തമമല്ലോ; ദുഷ്ടൻമാരുടെ കൂടാരങ്ങളിൽ പാർക്കുന്നതിനെക്കാൾ എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽ കാവല്‌ക്കാരനായിരിക്കുന്നതു എനിക്കു ഏറെ ഇഷ്ടം.”

ഈ വിനീതഹൃദയിയായ സ്‌ത്രീ ജീവിതത്തിൽ ഉദ്ദേശ്യം കണ്ടെത്തി. ഒരു നല്ല ഹൃദയത്തോടെ യഹോവയെ അന്വേഷിക്കുന്ന ഏതൊരാൾക്കും അതുതന്നെ സാധിക്കും.