വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആദിമ ക്രിസ്‌ത്യാനികളും ലോകവും

ആദിമ ക്രിസ്‌ത്യാനികളും ലോകവും

ആദിമ ക്രിസ്‌ത്യാനികളും ലോകവും

ഏകദേശം രണ്ടായിരം വർഷംമുമ്പു മധ്യപൂർവദേശത്ത്‌ ഏററവും അത്ഭുതകരമായ ഒരു സംഭവം നടന്നു. ദൈവത്തിന്റെ ഏകജാത പുത്രൻ തന്റെ സ്വർഗീയ വാസസ്ഥലത്തുനിന്നു മനുഷ്യവർഗലോകത്തിൽ കുറച്ചുകാലം ജീവിക്കേണ്ടതിനായി അയക്കപ്പെട്ടു. മനുഷ്യവർഗത്തിലെ മിക്കവരും എങ്ങനെയാണു പ്രതികരിച്ചത്‌? അപ്പോസ്‌തലനായ യോഹന്നാൻ ഇങ്ങനെ മറുപടി പറയുന്നു: “അവൻ [യേശു] ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല. അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല.”—യോഹന്നാൻ 1:10, 11.

ദൈവപുത്രനായ യേശുവിനെ ലോകം സ്വീകരിച്ചതേയില്ല. എന്തുകൊണ്ടായിരുന്നു സ്വീകരിക്കാഞ്ഞത്‌? ഇപ്രകാരം പറഞ്ഞപ്പോൾ യേശു ഒരു കാരണം വിശദീകരിച്ചു: “അതിന്റെ പ്രവൃത്തികൾ ദോഷമുള്ളവ എന്നു ഞാൻ അതിനെക്കുറിച്ചു സാക്ഷ്യം പറയുന്നതുകൊണ്ടു അതു [ലോകം] എന്നെ പകെക്കുന്നു.” (യോഹന്നാൻ 7:7) ഒടുവിൽ, ചില യഹൂദ മതനേതാക്കളാലും ഒരു ഏദോമ്യ രാജാവിനാലും ഒരു റോമൻ രാഷ്‌ട്രീയക്കാരനാലും പ്രതിനിധാനം ചെയ്യപ്പെട്ട അതേ ലോകം യേശുവിനെ കൊല്ലിച്ചു. (ലൂക്കൊസ്‌ 22:66–23:25; പ്രവൃത്തികൾ 3:14, 15; 4:24-28) യേശുവിന്റെ അനുഗാമികളെ സംബന്ധിച്ചെന്ത്‌? ലോകം അവരെ സ്വീകരിക്കാൻ കൂടുതൽ സന്നദ്ധമായിരിക്കുമോ? ഇല്ല. യേശുവിന്റെ മരണത്തിന്‌ അല്‌പം മുമ്പ്‌ അവിടുന്ന്‌ അവർക്കു മുന്നറിയിപ്പു നൽകി: “നിങ്ങൾ ലോകത്തിന്റെ ഭാഗം ആയിരുന്നു എങ്കിൽ ലോകം അതിന്റെ സ്വന്തമായതിനെ ഇഷ്ടപ്പെടുമായിരുന്നു; എന്നാൽ നിങ്ങൾ ലോകത്തിന്റെ ഭാഗമായിരിക്കാതെ ഞാൻ നിങ്ങളെ ലോകത്തിൽനിന്നു തിരഞ്ഞെടുത്തിരിക്കുന്നതുകൊണ്ടു ലോകം നിങ്ങളെ പകെക്കുന്നു.”—യോഹന്നാൻ 15:19, NW.

അപ്പോസ്‌തലിക കാലഘട്ടങ്ങളിൽ

യേശുവിന്റെ വാക്കുകൾ സത്യമാണെന്നു തെളിഞ്ഞു. അവിടുത്തെ മരണത്തിനുശേഷം ഏതാനും ആഴ്‌ചകൾ മാത്രം കഴിഞ്ഞപ്പോൾ അവിടുത്തെ ശിഷ്യൻമാരെ അറസ്‌ററ്‌ ചെയ്യുകയും ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്‌തു. (പ്രവൃത്തികൾ 4:1-3; 5:17, 18, 40) അനന്തരം താമസിയാതെ, തീക്ഷ്‌ണതയുള്ളവനായിരുന്ന സ്‌തെഫാനൊസിനെ യഹൂദൻമാരുടെ ന്യായാധിപസംഘത്തിനു മുമ്പിലേക്കു വലിച്ചിഴക്കുകയും തുടർന്നു കല്ലെറിഞ്ഞു കൊല്ലുകയും ചെയ്‌തു. (പ്രവൃത്തികൾ 6:8-12; 7:54, 57, 58) പിന്നീട്‌, രാജാവായ ഹെരോദ്‌ അഗ്രിപ്പ I-ാമൻ അപ്പോസ്‌തലനായ യാക്കോബിനെ വധിച്ചു. (പ്രവൃത്തികൾ 12:1, 2) പരദേശവാസികളായ യഹൂദൻമാരുടെ പ്രേരണയാൽ മിഷനറിയാത്രാവേളകളിൽ പൗലോസ്‌ പീഡിപ്പിക്കപ്പെട്ടു.—പ്രവൃത്തികൾ 13:50; 14:2, 19.

അത്തരം എതിർപ്പുകളോട്‌ ആദിമ ക്രിസ്‌ത്യാനികൾ പ്രതികരിച്ചത്‌ എങ്ങനെയാണ്‌? ആദിമനാളുകളിൽ മതാധികാരികൾ യേശുവിന്റെ നാമത്തിൽ പ്രസംഗിക്കുന്നതിൽനിന്ന്‌ അപ്പോസ്‌തലൻമാരെ വിലക്കിയപ്പോൾ, “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു” എന്ന്‌ അവർ പ്രസ്‌താവിച്ചു. (പ്രവൃത്തികൾ 4:19, 20; 5:29) എതിർപ്പു പൊന്തിവന്നപ്പോഴെല്ലാം അവരുടെ മനോഭാവം അതു തന്നെയായിരുന്നു. എന്നിരുന്നാലും അപ്പോസ്‌തലനായ പൗലോസ്‌ റോമിലെ ക്രിസ്‌ത്യാനികളെ “ശ്രേഷ്‌ഠാധികാരങ്ങൾക്കു (ഗവൺമെൻറുകൾക്കു) കീഴടങ്ങി”യിരിക്കാൻ ബുദ്ധ്യുപദേശിച്ചു. “കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ” എന്നുകൂടെ അദ്ദേഹം അവരെ ബുദ്ധ്യുപദേശിച്ചു. (റോമർ 12:18; 13:1) തൻമൂലം ആദിമ ക്രിസ്‌ത്യാനികൾക്ക്‌ ഒരു ദുഷ്‌കരമായ സമനില നേടേണ്ടതുണ്ടായിരുന്നു. അവരുടെ പ്രാഥമിക ഭരണാധിപൻ എന്ന നിലയിൽ അവർ ദൈവത്തെ അനുസരിച്ചു. അതേസമയം അവർ ദേശീയ അധികാരങ്ങൾക്കു കീഴ്‌പ്പെട്ടിരിക്കുകയും സകല മനുഷ്യരുമായി സമാധാനത്തിൽ ജീവിക്കാൻ പരിശ്രമിക്കുകയും ചെയ്‌തു.

റോമാലോകത്തിലെ ക്രിസ്‌ത്യാനികൾ

അന്ന്‌, റോമാസാമ്രാജ്യത്തിന്റെ പ്രഥമശതക ലോകത്തിൽ ക്രിസ്‌ത്യാനികൾ നിസ്സംശയമായും റോമൻ സൈനിക വിഭാഗങ്ങളാൽ നിലനിർത്തപ്പെട്ട പാക്‌സ്‌ റോമാനയിൽനിന്ന്‌ അഥവാ റോമൻ സമാധാനത്തിൽനിന്നു പ്രയോജനമനുഭവിച്ചു. ഉറച്ച നിയമക്രമവാഴ്‌ചയും നല്ല റോഡുകളും താരതമ്യേന സുരക്ഷിതമായ സമുദ്രയാത്രയും ക്രിസ്‌ത്യാനിത്വത്തിന്റെ വ്യാപനത്തിനുപകരിച്ച ഒരു സാഹചര്യമൊരുക്കി. ആദിമ ക്രിസ്‌ത്യാനികൾ വ്യക്തമായും സമൂഹത്തോടുള്ള തങ്ങളുടെ കടപ്പാടു തിരിച്ചറിയുകയും “കൈസർക്കുള്ളതു കൈസർക്കു കൊടുപ്പിൻ” എന്ന യേശുവിന്റെ അനുശാസനം ചെവിക്കൊള്ളുകയും ചെയ്‌തു. (മർക്കൊസ്‌ 12:17) റോമാ ചക്രവർത്തിയായ അന്റൊണിനസ്‌ പയസിനു (പൊ.യു. [പൊതു യുഗം] 138-161) എഴുതിയപ്പോൾ ജസ്‌ററിൻ മാർട്ടർ ക്രിസ്‌ത്യാനികൾ “മറെറല്ലാ മനുഷ്യരെക്കാളും കൂടുതൽ മനസ്സോടെ” അവരുടെ നികുതി കൊടുത്തുവെന്ന്‌ അവകാശപ്പെട്ടു. (ഒന്നാം വിശ്വാസസമർഥനം [First Apology], അധ്യായം 17) ക്രിസ്‌ത്യാനികൾ നികുതിയടച്ചിരുന്ന മനസ്സാക്ഷിപൂർവകമായ വിധം നിമിത്തം അവരുടെ നികുതി പിരിവുകാർക്കു “ക്രിസ്‌ത്യാനികളോടു നന്ദിയുടെ ഒരു കടപ്പാട്‌ ഉണ്ടായിരുന്നതായി” പൊ.യു. 197-ൽ തെർത്തുല്യൻ റോമൻ ഭരണാധിപൻമാരോടു പറഞ്ഞു. (വിശ്വാസസമർഥനം Apology, അധ്യായം 42) ശ്രേഷ്‌ഠാധികാരങ്ങൾക്കു കീഴടങ്ങിയിരിക്കേണം എന്ന പൗലോസിന്റെ ബുദ്ധ്യുപദേശം അവർ പിൻപററിയിരുന്ന ഒരു വിധം ഇതായിരുന്നു.

കൂടാതെ തങ്ങളുടെ ക്രിസ്‌തീയ തത്ത്വങ്ങൾ അനുവദിക്കുന്നിടത്തോളം ആദിമ ക്രിസ്‌ത്യാനികൾ തങ്ങളുടെ അയൽക്കാരുമായി സമാധാനത്തിൽ ജീവിക്കാൻ പരിശ്രമിച്ചു. എന്നാൽ അത്‌ എളുപ്പമായിരുന്നില്ല. അവർക്കു ചുററുമുണ്ടായിരുന്ന ലോകം മിക്കവാറും അധാർമികവും ഗ്രീക്ക്‌-റോമാ വിഗ്രഹാരാധനയിൽ പൂണ്ടുകിടന്നതുമായിരുന്നു. അതിനോടുകൂടെ ചക്രവർത്തിപൂജയും പുതുതായി ചേർക്കപ്പെട്ടു. പുറജാതീയ റോമൻ മതം അടിസ്ഥാനപരമായി രാഷ്‌ട്രത്തിന്റെ മതമായിരുന്നു. അതിനാൽ അത്‌ ആചരിക്കാനുള്ള ഏതു വിസമ്മതവും രാഷ്‌ട്രത്തോടുള്ള ശത്രുതയായി വീക്ഷിക്കപ്പെടാമായിരുന്നു. ഇതു ക്രിസ്‌ത്യാനികളെ എവിടെ കൊണ്ടെത്തിച്ചു?

ഓക്‌സ്‌ഫോർഡ്‌ പ്രൊഫസറായ ഇ. ജി. ഹാർഡി ഇങ്ങനെ എഴുതി: “മനസ്സാക്ഷിബോധമുള്ള ഒരു ക്രിസ്‌ത്യാനിക്കു വിഗ്രഹാരാധന ഉൾപ്പെടുന്നതായി അസാധ്യമായ പല കാര്യങ്ങളും തെർത്തുല്യൻ വിവരിച്ചുപറയുന്നുണ്ട്‌; ഉദാഹരണത്തിന്‌, കരാറുകളിൽ ഏർപ്പെടുമ്പോൾ പതിവുള്ള ശപഥം; ഉത്സവസമയങ്ങളിൽ വാതിലുകളിലെ ദീപാലങ്കാരം മുതലായ പുറജാതീയമായ സകല മതചടങ്ങുകളും; കളികളും സർക്കസ്സും; മതേതര (അന്യമത ക്ലാസിക്കൽ) സാഹിത്യങ്ങൾ പഠിപ്പിക്കുന്ന ജോലി; സൈനിക സേവനം; ഗവൺമെൻറ്‌ ഉദ്യോഗങ്ങൾ.”—ക്രിസ്‌ത്യാനിത്വവും റോമൻ ഗവൺമെൻറും (Christianity and the Roman Government).

അതെ, ക്രിസ്‌തീയ വിശ്വാസത്തെ തള്ളിപ്പറയാതെ റോമാ ലോകത്തു ജീവിക്കുക ബുദ്ധിമുട്ടായിരുന്നു. ഫ്രഞ്ച്‌ കത്തോലിക്കാ ഗ്രന്ഥകാരനായ എ. ഹമാൻ ഇങ്ങനെ എഴുതുന്നു: “ഒരു ദൈവത്തെ നേരിടാതെ എന്തെങ്കിലും ഒരു കാര്യം ചെയ്യുക അസാധ്യമായിരുന്നു. ക്രിസ്‌ത്യാനിയുടെ നിലപാട്‌ അവനു ദൈനംദിന പ്രശ്‌നങ്ങൾ കൈവരുത്തി; സമൂഹത്തിന്റെ മുഖ്യധാരയിൽനിന്ന്‌ അകന്നാണ്‌ അവൻ ജീവിച്ചത്‌ . . . വീട്ടിലും തെരുവിലും ചന്തസ്ഥലത്തും ആവർത്തിച്ചുണ്ടാകുന്ന പ്രശ്‌നങ്ങളെ അവൻ അഭിമുഖീകരിച്ചു . . . തെരുവിൽ ഒരു റോമൻ പൗരൻ ആയാലും അല്ലെങ്കിലും ഒരു ക്രിസ്‌ത്യാനി ഒരു അമ്പലത്തെയോ പ്രതിമയെയോ കടന്നുപോകുമ്പോൾ അവന്റെ തല അനാവരണം ചെയ്യണമായിരുന്നു. സംശയം ജനിപ്പിക്കാതെ അതിൽനിന്നെല്ലാം വിട്ടുനിൽക്കാൻ അവന്‌ എങ്ങനെ കഴിയുമായിരുന്നു, ഇനി വിധേയത്വത്തിന്റെ ഒരു പ്രവൃത്തി കൂടാതെ അവന്‌ അതെങ്ങനെ അനുസരിക്കാൻ കഴിയുമായിരുന്നു? അവൻ വ്യാപാരത്തിൽ ഏർപ്പെടുകയും പണം കടംവാങ്ങേണ്ടതായി വരുകയും ചെയ്‌തിരുന്നെങ്കിൽ വായ്‌പ തരുന്നയാളോടു ദൈവങ്ങളുടെ നാമത്തിൽ സത്യം ചെയ്യണമായിരുന്നു . . . അവൻ രാഷ്‌ട്രീയ ഉദ്യോഗം സ്വീകരിച്ചാൽ ഒരു ബലിയർപ്പിക്കാൻ പ്രതീക്ഷിച്ചിരുന്നു. പേരു ചേർത്തുകഴിഞ്ഞാൽ പ്രതിജ്ഞയെടുക്കുന്നതും സൈനിക സേവനത്തിന്റെ ചടങ്ങുകളിൽ പങ്കെടുക്കുന്നതും അവന്‌ എങ്ങനെ ഒഴിവാക്കാൻ കഴിയുമായിരുന്നു?”—ആദിമ ക്രിസ്‌ത്യാനികൾക്കിടയിലെ ദൈനംദിന ജീവിതം, പൊ.യു. 95-197. [La vie quotidienne des premiers chrétiens (95-197)].

നല്ല പൗരൻമാരെങ്കിലും ദ്വേഷിക്കപ്പെട്ടവർ

പൗലോസ്‌ റോമിൽ നീറോ ചക്രവർത്തിയാലുള്ള വിചാരണ പ്രതീക്ഷിച്ചിരുന്ന പൊ.യു. ഏതാണ്ട്‌ 60-ലോ 61-ലോ പ്രമുഖ യഹൂദൻമാർ ഈ ആദിമ ക്രിസ്‌ത്യാനികളെക്കുറിച്ച്‌ ഇപ്രകാരം പറഞ്ഞു: “ഈ മതഭേദത്തിന്നു എല്ലായിടത്തും വിരോധം പറയുന്നു എന്നു ഞങ്ങൾ അറിയുന്നു.” (പ്രവൃത്തികൾ 28:22) ക്രിസ്‌ത്യാനികളെക്കുറിച്ച്‌ എതിർത്തു സംസാരിച്ചിരുന്നു എന്നതിനു ചരിത്രരേഖയുടെ പിൻബലമുണ്ട്‌—എന്നാൽ അത്‌ അന്യായമായിട്ടായിരുന്നു. ഇ.ഡബ്ലിയു. ബാൺസ്‌ ക്രിസ്‌ത്യാനിത്വത്തിന്റെ ഉയർച്ച (The Rise of Christianity) എന്ന തന്റെ പുസ്‌തകത്തിൽ ഇങ്ങനെ വിവരിക്കുന്നു: “ക്രിസ്‌തീയ പ്രസ്ഥാനം അതിന്റെ ആദിമ ആധികാരിക രേഖകളിൽ അടിസ്ഥാനപരമായി ധാർമികവും നിയമമനുസരിക്കുന്നതുമായി പ്രതിനിധാനം ചെയ്യപ്പെടുന്നു. അതിന്റെ അംഗങ്ങൾ നല്ല പൗരൻമാരും വിശ്വസ്‌ത പ്രജകളുമായിരിക്കാൻ ആഗ്രഹിച്ചു. പുറജാതി മതത്തിന്റെ കുററങ്ങളും കുറവുകളും അവർ ഒഴിവാക്കി. സ്വകാര്യ ജീവിതത്തിൽ അവർ സമാധാനമുള്ള അയൽക്കാരും വിശ്വസ്‌ത സുഹൃത്തുക്കളുമായിരിക്കാൻ ശ്രമിച്ചു. ഗൗരവമുള്ളവരും സൗമ്യരും പരിശ്രമശാലികളും ശുദ്ധജീവിതം നയിക്കുന്നവരുമായിരിക്കാൻ അവർ അഭ്യസിക്കപ്പെട്ടു. അവർ എങ്ങും നടമാടിയിരുന്ന അഴിമതിയുടെയും കാമാസക്തിയുടെയും മധ്യേ, തങ്ങളുടെ തത്ത്വങ്ങളോടു വിശ്വസ്‌തരായിരുന്നെങ്കിൽ, അവർ പരമാർഥരും സത്യസന്ധരുമായിരുന്നു. അവരുടെ ലൈംഗിക നിലവാരങ്ങൾ ഉയർന്നതായിരുന്നു: വിവാഹബന്ധം ആദരിക്കപ്പെട്ടു, കുടുംബ ജീവിതം നിർമലമായിരുന്നു. അത്തരം സദ്‌ഗുണങ്ങളുള്ളപ്പോൾ, അവർക്കു കുഴപ്പക്കാരായ പൗരൻമാരാകാൻ കഴിയുമായിരുന്നില്ല എന്ന്‌ ഒരുവൻ ചിന്തിക്കുമായിരുന്നു. എന്നിട്ടും അവർ വളരെക്കാലം വെറുക്കപ്പെടുകയും ദ്വേഷിക്കപ്പെടുകയും പകയ്‌ക്കപ്പെടുകയും ചെയ്‌തു.”

പുരാതന ലോകം യേശുവിനെ മനസ്സിലാക്കാതിരുന്നതുപോലെ അതു ക്രിസ്‌ത്യാനികളെയും മനസ്സിലാക്കിയില്ല, അതുകൊണ്ട്‌ അവരെ വെറുക്കുകയാണു ചെയ്‌തത്‌. അവർ ചക്രവർത്തിയെയും പുറജാതി ദൈവങ്ങളെയും ആരാധിക്കാൻ വിസമ്മതിച്ചതിനാൽ നിരീശ്വരവാദികളാണെന്നു കുററമാരോപിക്കപ്പെട്ടു. ഒരു ദുരന്തം സംഭവിച്ചാൽ അവർ ദൈവങ്ങളെ കോപിപ്പിച്ചതായി പഴിക്കപ്പെട്ടു. അധാർമിക കളികളിലോ രക്തരൂക്ഷിത ദ്വന്ദയുദ്ധ പ്രകടനങ്ങളിലോ ഹാജരാകാഞ്ഞതിനാൽ അവരെ സാമൂഹിക വിരുദ്ധരായി, ‘മനുഷ്യ വർഗവിദ്വേഷികളായി’പ്പോലും കരുതിയിരുന്നു. ക്രിസ്‌തീയ “മതവിഭാഗ”ത്താൽ കുടുംബങ്ങൾ തകർന്നുവെന്നും അതിനാൽ സാമൂഹിക ഭദ്രതയ്‌ക്ക്‌ അത്‌ ഒരു അപകടമാണെന്നും അവരുടെ ശത്രുക്കൾ അവകാശപ്പെട്ടു. തങ്ങളുടെ ഭാര്യമാർ ക്രിസ്‌ത്യാനികളായിത്തീരുന്നതിനെക്കാൾ വ്യഭിചാരം ചെയ്യുന്നത്‌ ഇഷ്ടപ്പെട്ടിരുന്ന പുറജാതി ഭർത്താക്കൻമാരെക്കുറിച്ചു തെർത്തുല്യൻ പ്രസ്‌താവിച്ചു.

അന്നു വ്യാപകമായി നടത്തപ്പെട്ടിരുന്ന ഗർഭച്ഛിദ്രത്തെ എതിർത്തിരുന്നതിനാൽ ക്രിസ്‌ത്യാനികൾ വിമർശിക്കപ്പെട്ടു. എന്നിട്ടും അവരുടെ എതിരാളികൾ അവരെ കുട്ടികളെ കൊല്ലുന്നവരെന്നു പറഞ്ഞു കുററപ്പെടുത്തിയിരുന്നു. അവരുടെ യോഗങ്ങളിൽ ബലിചെയ്യപ്പെട്ട കുട്ടികളുടെ രക്തം അവർ കുടിച്ചതായി ആരോപിക്കപ്പെട്ടിരുന്നു. അതേസമയം അവരുടെ ശത്രുക്കൾ അവരെക്കൊണ്ടു രക്തം ചേർന്ന സോസേജ്‌ ബലമായി തീററുവാൻ ശ്രമിച്ചു, അത്‌ അവരുടെ മനസ്സാക്ഷിക്ക്‌ എതിരാണെന്ന്‌ അറിഞ്ഞുകൊണ്ടുതന്നെ. അപ്രകാരം ഈ എതിരാളികൾ അവരുടെതന്നെ ആരോപണത്തെ ഖണ്ഡിച്ചു.—തെർത്തുല്യൻ, അപ്പോളജി, അധ്യായം 9.

ഒരു പുതിയ മതവിഭാഗമെന്നനിലയിൽ വെറുക്കപ്പെട്ടു

ചരിത്രകാരനായ കെന്നത്ത്‌ സ്‌കോട്ട്‌ ലററൂറെററ്‌ ഇങ്ങനെ എഴുതി: “ഇനിയും ക്രിസ്‌ത്യാനിത്വത്തിന്റെ പുതുതായ ഉത്ഭവത്തെ പ്രതി മറെറാരു കൂട്ടം ആരോപണങ്ങൾ അതിനെ പരിഹാസവിധേയമാക്കുകയും അതിന്റെ പ്രതിയോഗികളുടെ (യഹൂദമതത്തിന്റെയും ഗ്രീക്ക്‌-റോമാ പുറജാതിമതങ്ങളുടെയും) പുരാതനത്വത്തോടു വിപരീത താരതമ്യം നടത്തുകയും ചെയ്‌തു.” (ക്രിസ്‌ത്യാനിത്വത്തിന്റെ വികാസത്തിന്റെ ഒരു ചരിത്രം [A History of the Expansion of Christianity] വാല്യം 1, പേജ്‌ 131) പൊ.യു. രണ്ടാം നൂററാണ്ടിന്റെ ആരംഭത്തിൽ റോമൻ ചരിത്രകാരനായ സ്യൂട്ടോണിയസ്‌ ക്രിസ്‌ത്യാനിത്വത്തെ “പുതിയതും ഉപദ്രവകരവുമായ ഒരു അന്ധവിശ്വാസ”മെന്നു വിളിച്ചു. ക്രിസ്‌ത്യാനി എന്ന പേരുപോലും വെറുക്കപ്പെട്ടു എന്നും ക്രിസ്‌ത്യാനികൾ ഒരു അനഭിമത മതഭേദമായിരുന്നു എന്നും തെർത്തുല്യൻ സാക്ഷ്യപ്പെടുത്തി. രണ്ടാം നൂററാണ്ടിൽ ക്രിസ്‌ത്യാനികളെ റോമാസാമ്രാജ്യത്തിലെ ഉദ്യോഗസ്ഥർ എങ്ങനെ വീക്ഷിച്ചിരുന്നു എന്നതിനെപ്പററി വിവരിക്കവെ, റോബർട്ട്‌ എം. ഗ്രാൻറ്‌ ഇപ്രകാരം എഴുതി: “ക്രിസ്‌ത്യാനിത്വം വെറും അനാവശ്യമായ, സാധ്യതയനുസരിച്ച്‌, ഹാനികരം പോലുമായ ഒരു മതമാണ്‌ എന്നതായിരുന്നു അടിസ്ഥാനമായ കാഴ്‌ചപ്പാട്‌.”—ആദിമ ക്രിസ്‌ത്യാനിത്വവും സമൂഹവും (Early Christianity and Society).

അതിതീക്ഷ്‌ണമായ മതപരിവർത്തനം ആരോപിക്കപ്പെട്ടു

സോർബോൺ [സർവകലാശാല] പ്രൊഫസറായ ജീൻ ബർണാഡ്‌ അദ്ദേഹത്തിന്റെ സഭയുടെ ആദിമശതകങ്ങൾ (Les premiers siècles de l’Eglise) എന്ന പുസ്‌തകത്തിൽ ഇങ്ങനെ എഴുതി: “[ക്രിസ്‌ത്യാനികൾ] എല്ലായിടത്തും പോയി സകലരോടും സംസാരിക്കേണ്ടതുണ്ടായിരുന്നു. പെരുവഴികളിലും നഗരങ്ങളിലും പൊതുചത്വരങ്ങളിലും വീടുകളിലും. സ്വാഗതം ചെയ്യപ്പെട്ടാലും ഇല്ലെങ്കിലും. ദരിദ്രരോടും സ്വത്തുക്കളുടെ പ്രതിബന്ധമുണ്ടായിരുന്ന ധനികരോടും. ചെറിയവരോടും റോമൻ പ്രവിശ്യകളിലെ ഗവർണർമാരോടും . . . അവർ കരമാർഗവും കടൽമാർഗവും യാത്ര ചെയ്‌തു ഭൂമിയുടെ അററങ്ങളോളം പോകണമായിരുന്നു.”

അവർ അതു ചെയ്‌തോ? ലഭ്യമായ തെളിവനുസരിച്ച്‌ അവർ അതു ചെയ്‌തു. “കടുത്ത മതപരിവർത്തനം” ഹേതുവായി പൊതുജനാഭിപ്രായം ആദിമ ക്രിസ്‌ത്യാനികൾക്കെതിരായിരുന്നു എന്നു പ്രൊഫസർ ലിയോൺ ഹോമോ വിവരിക്കുന്നു. മതപരിവർത്തനത്തിനുള്ള തീക്ഷ്‌ണത യഹൂദർക്കു നഷ്ടപ്പെട്ടു, “നേരേമറിച്ചു ക്രിസ്‌ത്യാനികൾ അതിതീക്ഷ്‌ണതയുള്ള മിഷനറിമാരായിരുന്നു, അതുകൊണ്ടുതന്നെ വിദ്വേഷം ഉണർത്തി”യെന്നു പ്രൊഫസർ ലററൂറെറെറ്‌ പ്രസ്‌താവിക്കുന്നു.

പൊ.യു. രണ്ടാം നൂററാണ്ടിൽ റോമൻ തത്ത്വചിന്തകനായ സെൽസസ്‌ ക്രിസ്‌ത്യാനികളുടെ പ്രസംഗ രീതികളെ വിമർശിച്ചു. ക്രിസ്‌ത്യാനിത്വം വിദ്യാഭ്യാസമില്ലാത്തവർക്കു വേണ്ടിയുള്ളതാണ്‌ എന്നും അതിനു ബോധ്യപ്പെടുത്താനാകുന്നതു ‘വിഡ്‌ഢികളെയും അടിമകളെയും സ്‌ത്രീകളെയും കൊച്ചുകുട്ടികളെയും മാത്രമാണെന്നും’ അദ്ദേഹം പ്രസ്‌താവിച്ചു. “കബളിപ്പിക്കാവുന്നവരെ” ഉപദേശം പഠിപ്പിക്കുന്നെന്നും ‘യുക്തിപൂർവകമായ ചിന്തകൂടാതെ അവരെ വിശ്വസിപ്പിക്കുന്നെന്നും’ പറഞ്ഞുകൊണ്ടു ക്രിസ്‌ത്യാനികളെ അദ്ദേഹം കുററപ്പെടുത്തി. “ചോദ്യങ്ങളൊന്നും ചോദിക്കേണ്ട; വിശ്വസിച്ചാൽ മാത്രം മതി” എന്ന്‌ അവർ പുതിയ ശിഷ്യരോടു പറഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു. എന്നിരുന്നാലും ഒറിജൻ പറയുന്നതനുസരിച്ചു സെൽസസ്‌ തന്നെ ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “സാധാരണക്കാർ മാത്രമല്ല യേശുവിന്റെ മതം സ്വീകരിക്കത്തക്കവണ്ണം അവിടുത്തെ സിദ്ധാന്തത്താൽ നയിക്കപ്പെട്ടത്‌.”

സഭൈക്യപ്രസ്ഥാനം ഇല്ല

ഏകസത്യദൈവത്തിൽനിന്നുള്ള സത്യം തങ്ങൾക്കു ലഭിച്ചിട്ടുണ്ടെന്ന്‌ അവകാശപ്പെട്ടതിനും ആദിമ ക്രിസ്‌ത്യാനികൾ വിമർശിക്കപ്പെട്ടു. അവർ സഭൈക്യപ്രസ്ഥാനത്തെയോ (Ecumenism) മിശ്രവിശ്വാസത്തെയോ സ്വാഗതം ചെയ്‌തില്ല. ലാററൂറെററ്‌ ഇപ്രകാരം എഴുതി: “അക്കാലത്തെ മിക്ക വിശ്വാസങ്ങളിൽനിന്നും വ്യത്യസ്‌തമായി അവർ [ക്രിസ്‌ത്യാനികൾ] മററു മതങ്ങളോടു പ്രതികൂലമായി നിലകൊണ്ടു . . . മററു മതവിഭാഗങ്ങളുടെ സ്വഭാവവിശേഷമായ നന്നേ വിശാലമായ സഹിഷ്‌ണുതക്കു വിരുദ്ധമായി ആത്യന്തികമായ സത്യം തങ്ങൾക്കുണ്ടെന്ന്‌ അവർ പ്രഖ്യാപിച്ചു.”

പൊ.യു. 202-ൽ സെപ്‌ററിമിയസ്‌ സേവറസ്‌ ചക്രവർത്തി ക്രിസ്‌ത്യാനികൾ മതപരിവർത്തനം ചെയ്യിക്കുന്നതു നിരോധിച്ചുകൊണ്ടുള്ള ഒരു ശാസനം പുറപ്പെടുവിച്ചു. എന്നിരുന്നാലും ഇതു തങ്ങളുടെ വിശ്വാസത്തെ സംബന്ധിച്ചു സാക്ഷീകരിക്കുന്നതിൽനിന്ന്‌ അവരെ തടഞ്ഞില്ല. ലററൂറെററ്‌ അതിന്റെ ഫലം ഇങ്ങനെ വർണിക്കുന്നു: “നിലവിലിരുന്ന പുറജാതി മതങ്ങളുമായും അന്നത്തെ പല സാമൂഹിക ആചാരങ്ങളുമായും ധാർമിക നടപടികളുമായും അനുരഞ്‌ജനത്തിലെത്താനുള്ള ആദിമ ക്രിസ്‌ത്യാനിത്വത്തിന്റെ വിസമ്മതത്തിൽ, അത്‌ അതിനെ സമൂഹത്തോടു കിടനിൽക്കുന്ന ഒരു സാംഗത്യവും (Coherence) സംഘടനയും വളർത്തിയെടുത്തു. അതിൽ ചേരാൻ ആവശ്യമായിരുന്ന ഈ അകൽച്ചതന്നെ അതിന്റെ അനുയായികൾക്കു പീഡനത്തിനെതിരെ ശക്തിയുടെയും ശിഷ്യരെ നേടിയെടുക്കുന്നതിലെ തീക്ഷ്‌ണതയുടെയും ഒരു ഉറവിടം പ്രദാനം ചെയ്‌ത ബോധ്യം നൽകി.”

അതുകൊണ്ടു ചരിത്രരേഖ വ്യക്തമാണ്‌. മിക്കവാറും ആദിമ ക്രിസ്‌ത്യാനികൾ, നല്ല പൗരൻമാരാകാനും സകല മനുഷ്യരുമായും സമാധാനത്തിൽ ജീവിക്കാനും പരിശ്രമിക്കവെ തന്നെ, “ലോകത്തിന്റെ ഭാഗ”മായിത്തീരാൻ വിസമ്മതിച്ചു. (യോഹന്നാൻ 15:19, NW) അവർ അധികാരികളോട്‌ ആദരവുള്ളവരായിരുന്നു. എന്നാൽ അവർ പ്രസംഗിക്കുന്നതു കൈസർ നിരോധിച്ചപ്പോൾ പ്രസംഗിക്കുന്നതിൽത്തന്നെ തുടരുകയല്ലാതെ ഒരു പോംവഴിയും അവർക്കില്ലായിരുന്നു. സകലരുമായും സമാധാനത്തിൽ ജീവിക്കാൻ അവർ ശ്രമിച്ചു, എന്നാൽ ധാർമിക നിലവാരങ്ങളോടും പുറജാതി വിഗ്രഹാരാധനയോടും വിട്ടുവീഴ്‌ചക്ക്‌ അവർ തയ്യാറായില്ല. ഇതെല്ലാം നിമിത്തം ക്രിസ്‌തു മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെ തന്നെ അവർ വെറുക്കപ്പെടുകയും ദ്വേഷിക്കപ്പെടുകയും പകയ്‌ക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്‌തു.—യോഹന്നാൻ 16:33.

ലോകത്തിൽനിന്നുള്ള അവരുടെ വേർപാടു തുടർന്നോ? അല്ലെങ്കിൽ കാലം കടന്നുപോയതോടെ ക്രിസ്‌ത്യാനിത്വം ആചരിക്കുന്നുവെന്ന്‌ അവകാശപ്പെട്ടവർ ഈക്കാര്യത്തിൽ അവരുടെ മനോഭാവം മാററിയോ?

[4-ാം പേജിലെ ആകർഷകവാക്യം]

ക്രിസ്‌ത്യാനികൾ റോമാ ചക്രവർത്തിയെയും പുറജാതി ദൈവങ്ങളെയും ആരാധിക്കാൻ വിസമ്മതിച്ചതുകൊണ്ട്‌ അവരെ നിരീശ്വരവാദികളായി കുററപ്പെടുത്തി

[6-ാം പേജിലെ ആകർഷകവാക്യം]

“ക്രിസ്‌ത്യാനിയുടെ നിലപാട്‌ അവനു ദൈനംദിന പ്രശ്‌നങ്ങൾ കൈവരുത്തി; സമൂഹത്തിന്റെ മുഖ്യധാരയിൽനിന്ന്‌ അകന്നാണ്‌ അവൻ ജീവിച്ചത്‌.”

[2-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

Cover: Alinari/Art Resource, N.Y.

[3-ാം പേജിലെ ചിത്രം]

“ക്രിസ്‌ത്യാനിത്വത്തിന്റെ പുതുതായ ഉത്ഭവത്തെ പ്രതി മറെറാരു കൂട്ടം ആരോപണങ്ങൾ അതിനെ പരിഹാസവിധേയമാക്കുകയും അതിന്റെ പ്രതിയോഗികളുടെ പുരാതനത്വത്തോടു വിപരീത താരതമ്യം നടത്തുകയും ചെയ്‌തു.”

[കടപ്പാട്‌]

Museo della Civiltà Romana, Roma

[7-ാം പേജിലെ ചിത്രം]

ഒന്നാം നൂററാണ്ടിലെ ക്രിസ്‌ത്യാനികൾ രാജ്യസന്ദേശത്തിന്റെ തീക്ഷ്‌ണതയുള്ള പ്രസംഗകരായി അറിയപ്പെട്ടു