വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാനികളും ഇന്നത്തെ മനുഷ്യസമൂഹവും

ക്രിസ്‌ത്യാനികളും ഇന്നത്തെ മനുഷ്യസമൂഹവും

ക്രിസ്‌ത്യാനികളും ഇന്നത്തെ മനുഷ്യസമൂഹവും

“എന്റെ നാമംനിമിത്തം സകല ജാതികളും നിങ്ങളെ പകെക്കും.”—മത്തായി 24:9.

1. ക്രിസ്‌ത്യാനിത്വത്തിന്റെ ഒരു വ്യതിരിക്തമായ അടയാളം എന്തായിരിക്കേണ്ടിയിരുന്നു?

 “ലോകത്തിൽനിന്നുള്ള വേർപാട്‌ ആദിമ ക്രിസ്‌ത്യാനികളുടെ ഒരു വ്യതിരിക്ത അടയാളമായിരുന്നു. തന്റെ സ്വർഗീയ പിതാവായ യഹോവയോടുള്ള പ്രാർഥനയിൽ ക്രിസ്‌തു തന്റെ ശിഷ്യൻമാരെക്കുറിച്ച്‌ ഇങ്ങനെ പറഞ്ഞു: “അവിടുത്തെ വചനം അവർക്കു ഞാൻ നൽകിയിരിക്കുന്നു. എന്നാൽ, ലോകം അവരെ ദ്വേഷിച്ചിരിക്കുന്നു. എന്തെന്നാൽ, ഞാൻ ലോകത്തിന്റെ ഭാഗമല്ലാത്തതുപോലെ അവർ ലോകത്തിന്റെ ഭാഗമല്ല.” (യോഹന്നാൻ 17:14, NW) പൊന്തിയോസ്‌ പീലാത്തോസിനു മുമ്പാകെ വിളിച്ചുവരുത്തപ്പെട്ടപ്പോൾ യേശു ഇപ്രകാരം പ്രസ്‌താവിച്ചു: “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല.” (യോഹന്നാൻ 18:36, NW) ഗ്രീക്കുതിരുവെഴുത്തുകളും ചരിത്രകാരൻമാരും ലോകത്തിൽനിന്നുള്ള ആദിമ ക്രിസ്‌ത്യാനിത്വത്തിന്റെ വേർപാടിനെക്കുറിച്ചു സാക്ഷ്യപ്പെടുത്തുന്നുണ്ട്‌.

2. (എ) കാലം കടന്നുപോകുമ്പോൾ യേശുവിന്റെ അനുഗാമികളും ലോകവും തമ്മിലുള്ള ബന്ധത്തിൽ എന്തെങ്കിലും മാററം ഉണ്ടാകണമായിരുന്നോ? (ബി) യേശുവിന്റെ രാജ്യം ജനതകളുടെ പരിവർത്തനത്തിലൂടെ വരുവാനുള്ളതായിരുന്നോ?

2 തന്റെ അനുഗാമികളും ലോകവുമായുള്ള ബന്ധത്തിന്‌ ഒരു മാററമുണ്ടാകുമെന്നും ക്രിസ്‌ത്യാനിത്വത്തിലേക്കുള്ള ലോകത്തിന്റെ പരിവർത്തനത്തിലൂടെ അവിടുത്തെ രാജ്യം വരുമെന്നും യേശു പിന്നീടു വെളിപ്പെടുത്തിയോ? ഇല്ല. യേശുവിന്റെ മരണശേഷം അത്തരമൊരു സംഗതി സൂചിപ്പിക്കുന്ന യാതൊന്നും എഴുതാൻ അവിടുത്തെ അനുഗാമികൾ നിശ്വസ്‌തരാക്കപ്പെട്ടില്ല. (യാക്കോബ്‌ 4:4 [പൊ.യു. 62-ന്‌ അൽപ്പം മുമ്പ്‌ എഴുതിയത്‌]; 1 യോഹന്നാൻ 2:15-17; 5:19 [പൊ.യു. ഏതാണ്ടു 98-ൽ എഴുതിയത്‌]) നേരേമറിച്ച്‌, യേശുവിന്റെ “സാന്നിധ്യ”ത്തെയും തുടർന്നു സംഭവിക്കുന്ന രാജ്യാധികാരത്തിലുള്ള “വരവി”നെയും അതിന്റെ “അന്ത്യ”ത്തിൽ അല്ലെങ്കിൽ നാശത്തിൽ കലാശിക്കുന്ന “വ്യവസ്ഥിതിയുടെ സമാപന”വുമായി ബൈബിൾ ബന്ധപ്പെടുത്തുന്നു. (മത്തായി 24:3, 14, 29, 30; ദാനീയേൽ 2:44; 7:13, 14) യേശു തന്റെ പറൂസിയയെ അല്ലെങ്കിൽ സാന്നിധ്യത്തെ സംബന്ധിച്ചു നൽകിയ അടയാളത്തിൽ, തന്റെ യഥാർഥ അനുഗാമികളെക്കുറിച്ച്‌ ഇങ്ങനെ പറഞ്ഞു: “അന്നു അവർ നിങ്ങളെ ഉപദ്രവത്തിന്നു ഏല്‌പിക്കയും കൊല്ലുകയും ചെയ്യും; എന്റെ നാമംനിമിത്തം സകല ജാതികളും നിങ്ങളെ പകെക്കും.”—മത്തായി 24:9.

ഇന്നത്തെ സത്യക്രിസ്‌ത്യാനികൾ

3, 4. (എ) ഒരു കാത്തലിക്ക്‌ എൻസൈക്ലോപീഡിയ ആദിമ ക്രിസ്‌ത്യാനികളെ വർണിക്കുന്നതെങ്ങനെ? (ബി) യഹോവയുടെ സാക്ഷികളെയും ആദിമ ക്രിസ്‌ത്യാനികളെയും ഏതു സമാനമായ വാക്കുകളിൽ വർണിച്ചിരിക്കുന്നു?

3 ദ്വേഷിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന അംഗങ്ങളുള്ളതും ക്രിസ്‌തീയ തത്ത്വങ്ങളോടുള്ള വിശ്വസ്‌തതയുടെയും ഈ ലോകത്തിൽനിന്നുള്ള വേർപാടിന്റെയും സൽപ്പേരു സമ്പാദിച്ചിരിക്കുന്നതുമായ മതസമൂഹം ഇന്ന്‌ ഏതാണ്‌? കൊള്ളാം, ആദിമ ക്രിസ്‌ത്യാനികളെക്കുറിച്ചുള്ള ചരിത്രപരമായ വിവരണങ്ങളോടു എല്ലാത്തരത്തിലും യോജിക്കുന്നത്‌ ഏതു ലോകവ്യാപക ക്രിസ്‌തീയ സംഘടനയാണ്‌? ഇതിനെ സംബന്ധിച്ചു ന്യൂ കാത്തലിക്ക്‌ എൻസൈക്ലോപീഡിയ ഇപ്രകാരം പ്രസ്‌താവിക്കുന്നു: “ആദിമ ക്രിസ്‌തീയ സമുദായം, ആദ്യം യഹൂദ പശ്ചാത്തലത്തിനുള്ളിലെ മറെറാരു മതവിഭാഗമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും, അതിന്റെ ദൈവശാസ്‌ത്രപരമായ പഠിപ്പിക്കലുകളിലും വിശേഷതരമായി ‘ജറുസലെമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിർത്തികൾവരെയും’ [പി.ഒ.സി ബൈ.] ക്രിസ്‌തുവിനു സാക്ഷികളായി സേവിച്ച അതിന്റെ അംഗങ്ങളുടെ തീക്ഷ്‌ണതയിലും അനുപമമെന്നു തെളിഞ്ഞു (പ്രവൃത്തികൾ 1:8).”—വാല്യം 3, പേജ്‌ 694.

4 “മറെറാരു മതവിഭാഗമായി . . . പരിഗണിക്കപ്പെട്ടു,” “പഠിപ്പിക്കലുകളിൽ . . . അനുപമം,” ‘സാക്ഷികളെന്ന നിലയിലുള്ള . . . തീക്ഷ്‌ണത’ എന്നീ പദപ്രയോഗങ്ങൾ ശ്രദ്ധിക്കുക. എന്നിട്ട്‌ അതേ എൻസൈക്ലോപീഡിയ യഹോവയുടെ സാക്ഷികളെ വർണിക്കുന്നതെങ്ങനെയെന്നു നിരീക്ഷിക്കുക: “ഒരു മതവിഭാഗം . . . ഏതാനും വർഷത്തിനുള്ളിൽ ലോകാവസാനം വരുമെന്നതിൽ സാക്ഷികൾക്ക്‌ ആഴമായ ബോധ്യമുണ്ട്‌. ഈ സജീവ വിശ്വാസമാണ്‌ അവരുടെ അക്ഷീണ തീക്ഷ്‌ണതയ്‌ക്കു പിന്നിലെ ഏററവും പ്രബലമായ പ്രേരകശക്തിയെന്നു തോന്നുന്നു. സമീപിച്ചുകൊണ്ടിരിക്കുന്ന അവിടുത്തെ രാജ്യത്തെ പ്രഖ്യാപിച്ചുകൊണ്ടു യഹോവക്കു സാക്ഷ്യം നൽകുക എന്നതാണ്‌ ഈ മതവിഭാഗത്തിലെ ഓരോ അംഗത്തിന്റെയും മൗലികമായ കടമ. . . . ബൈബിളിനെ അവരുടെ വിശ്വാസത്തിന്റെയും പെരുമാററച്ചട്ടത്തിന്റെയും ഏക ഉറവായി അവർ കരുതുന്നു . . . ഒരു യഥാർഥ സാക്ഷിയായിരിക്കാൻ ഒരുവൻ ഒരു വിധത്തിൽ അല്ലെങ്കിൽ മറെറാരു വിധത്തിൽ ഫലപ്രദമായി പ്രസംഗിക്കണം.”—വാല്യം 7, പേജുകൾ 864-5.

5. (എ) ഏതു കാര്യങ്ങളിലാണു യഹോവയുടെ സാക്ഷികളുടെ ഉപദേശങ്ങൾ അനുപമമായിരിക്കുന്നത്‌? (ബി) യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങൾ തിരുവെഴുത്തിനു ചേർച്ചയിലാണെന്നു പ്രകടമാക്കുന്ന ഉദാഹരണങ്ങൾ നൽകുക.

5 യഹോവയുടെ സാക്ഷികളുടെ പഠിപ്പിക്കലുകൾ ഏതു കാര്യങ്ങളിലാണ്‌ അനുപമമായിരിക്കുന്നത്‌? ന്യൂ കാത്തലിക്ക്‌ എൻസൈക്ലോപീഡിയ കുറച്ചു സംഗതികൾ പറയുന്നു: “അവർ [യഹോവയുടെ സാക്ഷികൾ] ത്രിത്വത്തെ പുറജാതി വിഗ്രഹാരാധനയായി തള്ളിക്കളയുന്നു . . . അവർ യേശുവിനെ യഹോവയുടെ സാക്ഷികളിൽ ഏററവും വലിയവനായും യഹോവക്കല്ലാതെ മററാർക്കും കീഴിലല്ലാത്ത ‘ഒരു ദൈവ’മായും (അങ്ങനെയാണവർ യോഹന്നാൻ 1.1 തർജമ ചെയ്യുന്നത്‌) കണക്കാക്കുന്നു. അവിടുന്ന്‌ ഒരു മനുഷ്യനെന്നനിലയിൽ മരിക്കുകയും അമർത്ത്യനായ ഒരു ആത്മപുത്രനായി ഉയിർപ്പിക്കപ്പെടുകയും ചെയ്‌തു. അവിടുത്തെ പീഡാനുഭവവും മരണവും ഭൂമിയിൽ നിത്യമായി ജീവിക്കാനുള്ള അവകാശം മനുഷ്യവർഗത്തിനു വീണ്ടെടുക്കാൻ കൊടുത്ത വിലയായിരുന്നു. നിശ്ചയമായും യഥാർഥ സാക്ഷികളുടെ ‘മഹാപുരുഷാരം’ (വെളി 7.9) ഒരു ഭൗമിക പറുദീസയിൽ പ്രത്യാശിക്കുന്നു; വിശ്വസ്‌തരായ 1,44,000 പേർ മാത്രം (വെളി 7.4; 14.1, 4) ക്രിസ്‌തുവിനോടുകൂടെ സ്വർഗീയ മഹത്ത്വം ആസ്വദിക്കും. ദുഷ്ടൻമാർ സമ്പൂർണ നാശത്തിനു വിധേയമാകും. . . . സാക്ഷികൾ നിമജ്ജനത്താൽ നടത്തുന്ന സ്‌നാപനം . . . യഹോവയാം ദൈവത്തിന്റെ സേവനത്തിനായുള്ള അവരുടെ സമർപ്പണത്തിന്റെ ബാഹ്യമായ പ്രതീകം [ആകുന്നു]. . . . രക്തപ്പകർച്ച നിരാകരിച്ചുകൊണ്ടു യഹോവയുടെ സാക്ഷികൾ പൊതുജനശ്രദ്ധ പിടിച്ചുപററിയിരിക്കുന്നു . . . വൈവാഹികവും ലൈംഗികവുമായ അവരുടെ സദാചാരം വളരെ കർശനമാണ്‌.” ഇക്കാര്യങ്ങളിലെല്ലാം യഹോവയുടെ സാക്ഷികൾ അനുപമരായിരിക്കാം, എന്നാൽ ഈ സകല ആശയങ്ങളെയും സംബന്ധിച്ചുള്ള അവരുടെ നിലപാടു ദൃഢമായി ബൈബിളിൽ ഊന്നിയതാണ്‌.—സങ്കീർത്തനം 37:29; മത്തായി 3:16; 6:10; പ്രവൃത്തികൾ 15:28, 29; റോമർ 6:23; 1 കൊരിന്ത്യർ 6:9, 10; 8:6; വെളിപ്പാടു 1:5.

6. യഹോവയുടെ സാക്ഷികൾ ഏതു നിലപാടു നിലനിർത്തിയിരിക്കുന്നു? എന്തുകൊണ്ട്‌?

6 ആയിരത്തിത്തൊള്ളായിരത്തറുപത്തഞ്ചിൽ (വ്യക്തമായും പ്രസ്‌തുത ലേഖനം എഴുതിയ വർഷം) “അവർ ജീവിച്ച സമൂഹത്തിന്റെ ഭാഗമാണ്‌ തങ്ങൾ എന്നു സാക്ഷികൾ ഈ സമയംവരെ കരുതിയിട്ടില്ല” എന്നുകൂടെ ഈ റോമൻ കത്തോലിക്കാ കൃതി പറയുന്നു. സമയം കടന്നു പോകുന്നതോടെയും യഹോവയുടെ സാക്ഷികൾ എണ്ണത്തിൽ പെരുകുന്നതോടെയും “ഒരു മതവിഭാഗത്തിനു വിപരീതമായി ഒരു സഭയുടെ സ്വഭാവവിശേഷങ്ങൾ കൂടുതൽക്കൂടുതലായി സ്വീകരിക്കുന്നതോടെ”യും, അവരും ലോകത്തിന്റെ ഭാഗമായിത്തീരുമെന്നു ഗ്രന്ഥകർത്താവു വിചാരിച്ചതായി തോന്നുന്നു. പക്ഷേ അതു സത്യമായില്ല. ഇന്ന്‌, 1965-ൽ ഉണ്ടായിരുന്ന സാക്ഷികളുടെ നാലിലധികം ഇരട്ടിയോടെ യഹോവയുടെ സാക്ഷികൾ ഈ ലോകത്തെ സംബന്ധിച്ചുള്ള അവരുടെ നിലപാടു സ്ഥിരമായി നിലനിർത്തിയിട്ടുണ്ട്‌. യേശു ‘ലോകത്തിന്റെ ഭാഗമല്ലാ’ഞ്ഞതുപോലെ “അവരും ലോകത്തിന്റെ ഭാഗമല്ല.”—യോഹന്നാൻ 17:16, NW.

വേറിട്ടുനിൽക്കുന്നവരെങ്കിലും വിരോധികളല്ല

7, 8. ആദിമ ക്രിസ്‌ത്യാനികളെ സംബന്ധിച്ചു സത്യമായിരുന്നതുപോലെ, ഇന്നു യഹോവയുടെ സാക്ഷികളെ സംബന്ധിച്ചു സത്യമായിരിക്കുന്നത്‌ എന്ത്‌?

7 രണ്ടാം നൂററാണ്ടിലെ വിശ്വാസപ്രതിവാദിയായ ജസ്‌ററിൻ മാർട്ടർ ആദിമ ക്രിസ്‌ത്യാനികൾക്കുവേണ്ടി നടത്തിയ പ്രതിവാദം പ്രമാണമായി ഉദ്ധരിച്ചുകൊണ്ട്‌, റോബർട്ട്‌ എം. ഗ്രാൻറ്‌ അദ്ദേഹത്തിന്റെ ആദിമ ക്രിസ്‌ത്യാനിത്വവും സമൂഹവും (Early Christianity and Society) എന്ന പുസ്‌തകത്തിൽ ഇങ്ങനെ എഴുതി: “ക്രിസ്‌ത്യാനികൾ വിപ്ലവകാരികളായിരുന്നെങ്കിൽ, അവരുടെ ലക്ഷ്യം നേടുന്നതിനുവേണ്ടി അവർ ഒളിവിൽ കഴിയുമായിരുന്നു. . . . അവർ സമാധാനത്തിന്റെയും ക്രമപാലനത്തിന്റെയും കാര്യത്തിൽ ചക്രവർത്തിയുടെ ഏററവും നല്ല മിത്രങ്ങളാണ്‌.” അതുപോലെ യഹോവയുടെ സാക്ഷികൾ ഇന്നു ലോകത്തിലുടനീളം സമാധാന പ്രേമികളായും ക്രമമുള്ള പൗരൻമാരായും അറിയപ്പെടുന്നു. തങ്ങൾക്കു യഹോവയുടെ സാക്ഷികളിൽനിന്നു ഭയപ്പെടേണ്ടതായി ഒന്നുംതന്നെയില്ലെന്നു ഏതു തരത്തിലുള്ള ഗവൺമെൻറുകൾക്കും അറിയാം.

8 വടക്കെ അമേരിക്കയിലെ ഒരു മുഖപ്രസംഗലേഖകൻ ഇപ്രകാരം എഴുതി: “യഹോവയുടെ സാക്ഷികൾ ഏതെങ്കിലും രാഷ്‌ട്രീയ ഭരണക്രമങ്ങൾക്ക്‌ ഏതെങ്കിലും തരത്തിലുള്ള ഭീഷണി ഉയർത്തുന്നെന്നു വിശ്വസിക്കാൻ മതഭ്രാന്തും അങ്ങേയററത്തെ ഭയവുമുള്ള ഭാവനയും വേണം; ഒരു മതപരമായ കൂട്ടത്തിന്‌ ആയിരിക്കാൻ കഴിയുന്നതുപോലെ യഹോവയുടെ സാക്ഷികൾ വിധ്വംസനവിരുദ്ധരും സമാധാനപ്രേമികളുമാണ്‌.” മനസ്സാക്ഷിപരമായ എതിർപ്പ്‌ (L’objection de conscience) എന്ന പുസ്‌തകത്തിൽ ഷാൻമ്പ്യർ കാതലെയ്‌ൻ ഇപ്രകാരം എഴുതുന്നു: “സാക്ഷികൾ അധികാരികളോടു പരിപൂർണമായും കീഴ്‌വഴക്കമുള്ളവരും പൊതുവെ നിയമങ്ങൾ അനുസരിക്കുന്നവരുമാണ്‌; അവർ നികുതി കൊടുക്കുന്നു. അവർ ഗവൺമെൻറുകളെ ചോദ്യം ചെയ്യാനോ മാററിമറിക്കാനോ നശിപ്പിക്കാനോ തുനിയുന്നില്ല, എന്തെന്നാൽ അവർ ഈ ലോകത്തിന്റെ കാര്യങ്ങളിൽ താത്‌പര്യമെടുക്കുന്നില്ല.” മുഴുവനായി ദൈവത്തിനർപ്പിച്ചിട്ടുള്ള തങ്ങളുടെ ജീവിതം മാത്രം രാഷ്‌ട്രം ആവശ്യപ്പെടുമ്പോൾ യഹോവയുടെ സാക്ഷികൾ അനുസരിക്കാൻ വിസമ്മതിക്കുന്നു എന്നുകൂടി കാതലെയ്‌ൻ പറയുന്നു. ഇക്കാര്യത്തിൽ അവർ ആദിമ ക്രിസ്‌ത്യാനികളോട്‌ അടുത്തു സാദൃശ്യമുള്ളവരാണ്‌.—മർക്കൊസ്‌ 12:17; പ്രവൃത്തികൾ 5:29.

ഭരണവർഗങ്ങൾ തെററിദ്ധരിക്കുന്നു

9. ലോകത്തിൽനിന്നുള്ള വേർപാടിനെ സംബന്ധിച്ച്‌ ആദിമ ക്രിസ്‌ത്യാനികളും ആധുനിക കത്തോലിക്കരും തമ്മിലുള്ള ഒരു പ്രമുഖ വ്യത്യാസം എന്താണ്‌?

9 റോമൻ ചക്രവർത്തിമാരിൽ മിക്കവരും ആദിമ ക്രിസ്‌ത്യാനികളെ തെററിദ്ധരിക്കുകയും അവരെ പീഡിപ്പിക്കുകയും ചെയ്‌തു. പൊ.യു. രണ്ടാം നൂററാണ്ടുമുതൽ ഉള്ളതെന്നു ചിലർ വിചാരിക്കുന്ന ഡയഗ്‌നേതുസിനുള്ള ലേഖനം (The Epistle to Diognetus), എന്തുകൊണ്ടെന്നു പ്രകടമാക്കിക്കൊണ്ട്‌, ഇങ്ങനെ പ്രഖ്യാപിക്കുന്നു: “ക്രിസ്‌ത്യാനികൾ ലോകത്തിൽ ജീവിക്കുന്നു. എന്നാൽ ലോകത്തിന്റെ ഭാഗമല്ല.” അതേസമയം രണ്ടാം വത്തിക്കാൻ കൗൺസിൽ സഭയെക്കുറിച്ചുള്ള അതിന്റെ സൈദ്ധാന്തിക ഭരണഘടനയിൽ കത്തോലിക്കർ “ലൗകികമായ കാര്യങ്ങളിൽ ഉൾപ്പെട്ടുകൊണ്ടു ദൈവത്തിന്റെ രാജ്യം അന്വേഷിക്കണം” എന്നും “ഉള്ളിൽനിന്നു ലോകത്തിന്റെ വിശുദ്ധീകരണത്തിനുവേണ്ടി പ്രവർത്തിക്കണ”മെന്നും പ്രസ്‌താവിച്ചു.

10. (എ) ഭരണവർഗങ്ങൾ ആദിമ ക്രിസ്‌ത്യാനികളെ എങ്ങനെ വീക്ഷിച്ചു? (ബി) പലപ്പോഴും യഹോവയുടെ സാക്ഷികൾ എങ്ങനെ വീക്ഷിക്കപ്പെടുന്നു, അവരുടെ പ്രതികരണം എന്താകുന്നു?

10 റോമൻ ചക്രവർത്തിമാർ ആദിമ ക്രിസ്‌ത്യാനികളെ “ഒരളവിൽ നിന്ദാർഹരായ ആവേശഭരിതർ” ആയി കരുതിയിരുന്നെന്നു ചരിത്രകാരനായ ഇ. ജി. ഹാർഡി പ്രസ്‌താവിക്കുന്നു. ഫ്രഞ്ച്‌ ചരിത്രകാരനായ ആത്യനെ റ്രെറാക്ക്‌മാ “സംസ്‌കാരികസമ്പന്നരായ ഗ്രീക്കുകാരും റോമൻ ഉദ്യോഗസ്ഥൻമാരും വളരെ വിചിത്രമായ ഒരു പൗരസ്‌ത്യമതവിഭാഗമെന്നു പരിഗണിച്ചതിനോടു [ക്രിസ്‌ത്യാനികൾ] പ്രകടമാക്കിയ വെറുപ്പി”നെക്കുറിച്ചു സംസാരിക്കുന്നു. ബിഥൈനിയയിലെ റോമൻ ഗവർണറായിരുന്ന യംഗർ പ്ലിനിയും ചക്രവർത്തിയായ ട്രാജനും തമ്മിലുള്ള കത്തിടപാടുകൾ, ക്രിസ്‌ത്യാനിത്വത്തിന്റെ യഥാർഥ സ്വഭാവത്തെക്കുറിച്ചു ഭരണവർഗം പൊതുവെ അജ്ഞരായിരുന്നെന്നു പ്രകടമാക്കുന്നു. അതുപോലെ ഇന്നു യഹോവയുടെ സാക്ഷികളെ ലോകത്തിലെ ഭരണവർഗങ്ങൾ മിക്കപ്പോഴും തെററിദ്ധരിക്കുന്നു, നിന്ദിക്കുക പോലും ചെയ്യുന്നു. എന്നിരുന്നാലും ഇതു സാക്ഷികളെ അത്ഭുതപ്പെടുത്തുകയോ അമ്പരപ്പിക്കുകയോ ചെയ്യുന്നില്ല.—പ്രവൃത്തികൾ 4:13; 1 പത്രൊസ്‌ 4:12, 13.

“എല്ലായിടത്തും ആളുകൾ എതിർത്തു സംസാരിക്കുന്നു”

11. (എ) ആദിമ ക്രിസ്‌ത്യാനികളെ സംബന്ധിച്ച്‌ എന്തെല്ലാം സംഗതികൾ പറയപ്പെട്ടു, യഹോവയുടെ സാക്ഷികളെക്കുറിച്ച്‌ എന്തു പറയപ്പെട്ടിരിക്കുന്നു? (ബി) യഹോവയുടെ സാക്ഷികൾ രാഷ്‌ട്രീയത്തിൽ പങ്കെടുക്കാത്തത്‌ എന്തുകൊണ്ട്‌?

11 “ഇതു ഞങ്ങൾക്കറിയാം. ഈ മതവിഭാഗത്തെ എല്ലായിടത്തും ആളുകൾ എതിർത്തു സംസാരിക്കുന്നുണ്ട്‌” എന്ന്‌ ആദിമ ക്രിസ്‌ത്യാനികളെ സംബന്ധിച്ചു പറയപ്പെട്ടു. (പ്രവൃത്തികൾ 28:22, പി.ഒ.സി ബൈ.) പൊ.യു. രണ്ടാം നൂററാണ്ടിൽ പുറജാതിക്കാരനായ സെൽസസ്‌ ക്രിസ്‌ത്യാനിത്വം ആകർഷിച്ചതു മനുഷ്യ സമൂഹത്തിലെ അധഃസ്ഥിതരെ മാത്രമാണെന്ന്‌ അവകാശപ്പെട്ടു. സമാനമായി “അതിൽ ഏറിയപങ്കും വരുന്നതു നമ്മുടെ സമൂഹത്തിലെ തരംതാണവരിൽനിന്നാണ്‌” എന്നു യഹോവയുടെ സാക്ഷികളെക്കുറിച്ചു പറയപ്പെട്ടിരിക്കുന്നു. “ലോകത്തിനു മരിച്ചവരായും ജീവിതത്തിന്റെ സകല കാര്യങ്ങൾക്കും ഉപയോഗശൂന്യരായും ക്രിസ്‌ത്യാനികൾ ചിത്രീകരിക്കപ്പെട്ടു; . . . സകലരും അവരെപ്പോലെയായാൽ ജീവിതവ്യാപാരങ്ങൾ എന്താകുമായിരുന്നു” എന്നു ചോദിച്ചിരുന്നതായി സഭാ ചരിത്രകാരനായ അഗസ്‌ററസ്‌ നിയാണ്ടർ റിപ്പോർട്ടു ചെയ്‌തു. യഹോവയുടെ സാക്ഷികൾ രാഷ്‌ട്രീയത്തിൽ പങ്കെടുക്കുന്നതിൽനിന്നു വിട്ടുനിൽക്കുന്നതിനാൽ, അവർ മനുഷ്യ സമൂഹത്തിലെ പാഴ്‌വസ്‌തുവായിരിക്കുന്നതായി പലപ്പോഴും അവരെ പഴിക്കുന്നു. എന്നാൽ അവർക്കെങ്ങനെ രാഷ്‌ട്രീയ പ്രവർത്തകരായിരിക്കാനും അതേസമയം മനുഷ്യ വർഗത്തിന്റെ ഏക പ്രത്യാശയായ ദൈവരാജ്യത്തിന്റെ വക്താക്കളായിരിക്കാനും കഴിയും? യഹോവയുടെ സാക്ഷികൾ അപ്പോസ്‌തലനായ പൗലോസിന്റെ പിൻവരുന്ന വാക്കുകൾ കാര്യമായി എടുക്കുന്നു: “ക്രിസ്‌തുയേശുവിന്റെ നല്ല പടയാളിയെപ്പോലെ കഷ്ടപ്പാടിൽ പങ്കുകൊള്ളുക. സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു പടയാളിയും, അയാളുടെ ഉദ്ദേശ്യം തന്നെ സൈന്യത്തിൽ ചേർത്ത ആളെ പ്രസാദിപ്പിക്കുക എന്നതാകയാൽ, സാധാരണ ജനങ്ങളുടെ കാര്യങ്ങളിൽ ഇടപെടാറില്ല.”—2 തിമോത്തി 2:3, 4, റിവൈസ്‌ഡ്‌ സ്‌ററാൻഡേഡ്‌ വേർഷൻ, ആൻ എക്യൂമെനിക്കൽ എഡിഷൻ.

12. വേർപാടിന്റെ ഏതു പ്രധാനപ്പെട്ട വശത്താണു യഹോവയുടെ സാക്ഷികൾക്ക്‌ ആദിമ ക്രിസ്‌ത്യാനികളുമായി സാദൃശ്യമുള്ളത്‌?

12 പ്രൊഫസർ ലററൂറെററ്‌ ക്രിസ്‌ത്യാനിത്വത്തിന്റെ ഒരു ചരിത്രം (A History of Christianity) എന്ന അദ്ദേഹത്തിന്റെ പുസ്‌തകത്തിൽ ഇപ്രകാരം എഴുതുന്നു: “ആദിമ ക്രിസ്‌ത്യാനികൾ ഗ്രീക്ക്‌-റോമാ ലോകത്തുനിന്നു വിഭിന്നരായിരുന്ന സംഗതികളിൽ ഒന്നു യുദ്ധത്തിലെ പങ്കുപററലായിരുന്നു. ആദ്യത്തെ മൂന്നു നൂററാണ്ടുകളിൽ നമ്മുടെ കാലത്തോളം നിലനിന്നിട്ടുള്ള ഒരു ക്രിസ്‌തീയ എഴുത്തും യുദ്ധത്തിലെ ക്രിസ്‌തീയ പങ്കുപററലിനെ അംഗീകരിച്ചിട്ടില്ല.” റോമാ സാമ്രാജ്യത്തിന്റെ അധഃപതനത്തിന്റെയും വീഴ്‌ചയുടെയും ചരിത്രം (The History of the Decline and Fall of the Roman Empire) എന്ന എഡ്വേർഡ്‌ ഗിബണിന്റെ കൃതി ഇങ്ങനെ പ്രസ്‌താവിക്കുന്നു: “ക്രിസ്‌ത്യാനികൾ, കൂടുതൽ പരിശുദ്ധമായ ജോലി ഉപേക്ഷിക്കാതെ, പടയാളികളുടെയോ ന്യായാധിപൻമാരുടെയോ രാജകുമാരൻമാരുടെയോ സ്ഥാനം ഏറെറടുക്കാൻ കഴിയുകയെന്നത്‌ അസാധ്യമായിരുന്നു.” സമാനമായി യഹോവയുടെ സാക്ഷികൾ കർശനമായ നിഷ്‌പക്ഷതയുടെ ഒരു നിലപാടു സ്വീകരിക്കുകയും യെശയ്യാവു 2:2-4-ലും മത്തായി 26:52-ലും വിവരിച്ചിട്ടുള്ള ബൈബിൾ തത്ത്വങ്ങൾ പിൻപററുകയും ചെയ്യുന്നു.

13. യഹോവയുടെ സാക്ഷികൾക്കുനേരേ എന്ത്‌ ആരോപണമാണ്‌ ഉന്നയിക്കപ്പെടുന്നത്‌, വസ്‌തുത എന്തു പ്രകടമാക്കുന്നു?

13 യഹോവയുടെ സാക്ഷികൾ കുടുംബങ്ങളെ തകർക്കുന്നതായി അവരുടെ ശത്രുക്കൾ കുററപ്പെടുത്തുന്നു. ഒന്നോ അതിലധികമോ അംഗങ്ങൾ യഹോവയുടെ സാക്ഷികളായിത്തീരുമ്പോൾ വിഭജിതമായിത്തീരുന്ന കുടുംബങ്ങളുടെ ഉദാഹരണങ്ങൾ ഉണ്ടെന്നതു ശരിതന്നെ. ഇതു സംഭവിക്കുമെന്നു യേശു മുൻകൂട്ടിപ്പറഞ്ഞു. (ലൂക്കൊസ്‌ 12:51-53) എന്നിരുന്നാലും ഇക്കാരണത്താൽ തകരുന്ന വിവാഹങ്ങൾ വ്യത്യസ്‌തമാണെന്നു സ്ഥിതിവിവരക്കണക്കുകൾ പ്രകടമാക്കുന്നു. ഉദാഹരണത്തിന്‌, ഫ്രാൻസിലെ യഹോവയുടെ സാക്ഷികൾക്കിടയിൽ മൂന്നു വിവാഹിത ദമ്പതികളിൽ ഒരാളുടെ ഇണ സാക്ഷിയല്ല. എന്നിട്ടും ഈ മിശ്ര വിവാഹങ്ങളിലെ വിവാഹമോചന നിരക്കു ദേശീയ ശരാശരിയെക്കാൾ ഉയർന്നതല്ല. എന്തുകൊണ്ട്‌? അപ്പോസ്‌തലൻമാരായ പൗലോസും പത്രോസും ജ്ഞാനപൂർവകമായ, നിശ്വസ്‌ത ബുദ്ധ്യുപദേശം അവിശ്വാസികളായ വിവാഹിത ഇണയുള്ള ക്രിസ്‌ത്യാനികൾക്കു നൽകി, യഹോവയുടെ സാക്ഷികൾ അവരുടെ വാക്കുകൾ പിൻപററാൻ ശ്രമിക്കുന്നു. (1 കൊരിന്ത്യർ 7:12-16; 1 പത്രൊസ്‌ 3:1-4) ഒരു മിശ്രവിവാഹം തകരുന്നെങ്കിൽ മുൻകൈ എടുക്കുന്നത്‌ മിക്കവാറും എല്ലായ്‌പോഴുംതന്നെ സാക്ഷിയല്ലാത്ത ഇണയായിരിക്കും. അതേസമയം, വിവാഹ ഇണകൾ സാക്ഷികളായിത്തീർന്നതുകൊണ്ടും അവരുടെ ജീവിതത്തിൽ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കാൻ തുടങ്ങിയതുകൊണ്ടും അനേകായിരം വിവാഹങ്ങൾ രക്ഷപെട്ടിട്ടുണ്ട്‌.

ക്രിസ്‌ത്യാനികൾ, ത്രിത്വവാദികളല്ല

14. ആദിമ ക്രിസ്‌ത്യാനികൾക്കെതിരെ കൊണ്ടുവന്ന ആരോപണം എന്തായിരുന്നു, എന്തുകൊണ്ടതു പരസ്‌പരവിരുദ്ധമായിരിക്കുന്നു?

14 റോമാ സാമ്രാജ്യത്തിൽ ആദിമ ക്രിസ്‌ത്യാനികൾക്കെതിരായി കൊണ്ടുവന്ന ആരോപണങ്ങളിലൊന്ന്‌ അവർ നിരീശ്വരവാദികളായിരുന്നു എന്നതു പരസ്‌പരവിരുദ്ധമാണ്‌. ഡോ. അഗസ്‌ററസ്‌ നിയാണ്ടർ ഇങ്ങനെ എഴുതുന്നു: “ക്രിസ്‌ത്യാനികൾ ജനങ്ങളുടെയിടയിൽ വിളിക്കപ്പെട്ടതു നിരീശ്വരവാദികൾ, ദൈവങ്ങളെ നിഷേധിക്കുന്നവർ, . . . എന്ന പൊതുവായ പേരിലായിരുന്നു.” “ദൈവങ്ങളെയല്ല, മനുഷ്യരുടെ കൈപ്പണിയായ മരവും കല്ലും മാത്ര”മായതിനെ ആരാധിച്ച പുറജാതിക്കാർ, ബഹുദൈവങ്ങളെയല്ല, ജീവിക്കുന്ന സ്രഷ്ടാവിനെ ആരാധിച്ച ക്രിസ്‌ത്യാനികളെ നിരീശ്വരവാദികളെന്നു മുദ്ര കുത്തുന്നത്‌ എത്ര വിചിത്രമായിരിക്കുന്നു.—യെശയ്യാവു 37:19.

15, 16. (എ) ചില മതാധികാരികൾ യഹോവയുടെ സാക്ഷികളെക്കുറിച്ച്‌ എന്തു പറഞ്ഞിരിക്കുന്നു, എന്നാൽ ഇത്‌ ഏതു ചോദ്യം ഉയർത്തുന്നു? (ബി) യഹോവയുടെ സാക്ഷികൾ യഥാർഥ ക്രിസ്‌ത്യാനികളാണെന്ന്‌ എന്തു പ്രകടമാക്കുന്നു?

15 ഇന്നു ക്രൈസ്‌തവലോകത്തിലുള്ള ചില അധികാരികൾ ഇതിനു തുല്യമായി യഹോവയുടെ സാക്ഷികൾ ക്രിസ്‌ത്യാനികളാണെന്നു നിഷേധിക്കുന്നതു പരസ്‌പരവിരുദ്ധമാണ്‌. എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ സാക്ഷികൾ ത്രിത്വത്തെ തിരസ്‌ക്കരിക്കുന്നു. ക്രൈസ്‌തവലോകത്തിന്റെ പക്ഷപാതമുള്ള നിർവചനപ്രകാരം “ക്രിസ്‌തുവിനെ ദൈവമായി അംഗീകരിക്കുന്നവരാണ്‌ ക്രിസ്‌ത്യാനികൾ.” ഇതിനു വിപരീതമായി, “യേശുവിൽ വിശ്വസിക്കുകയും അവിടുത്തെ പഠിപ്പിക്കലുകൾ പിൻപററുകയും ചെയ്യുന്ന ഒരു വ്യക്തി” എന്നു “ക്രിസ്‌ത്യാനി” എന്ന നാമത്തെയും “യേശുക്രിസ്‌തുവിന്റെ ഉപദേശങ്ങളിൻമേലും അവിടുന്നു ദൈവപുത്രനായിരുന്നെന്ന വിശ്വാസത്തിൻമേലും അധിഷ്‌ഠിതമായ ഒരു മതം” എന്നു “ക്രിസ്‌ത്യാനിത്വ”ത്തെയും ഒരു ആധുനിക നിഘണ്ടു നിർവചിക്കുന്നു. ഈ നിർവചനത്തിനു കൂടുതൽ നന്നായി യോജിക്കുന്നത്‌ ഏതു സമൂഹമാണ്‌?

16 താൻ ആരാണെന്നതു സംബന്ധിച്ച യേശുവിന്റെതന്നെ സാക്ഷ്യം യഹോവയുടെ സാക്ഷികൾ സ്വീകരിക്കുന്നു. അവിടുന്ന്‌ ഇങ്ങനെ പ്രസ്‌താവിച്ചു: “ഞാൻ ദൈവത്തിന്റെ പുത്രൻ” ആകുന്നു, “ഞാൻ പുത്രനായ ദൈവം ആകുന്നു” എന്നല്ല. (യോഹന്നാൻ 10:36; യോഹന്നാൻ 20:31 താരതമ്യപ്പെടുത്തുക.) ക്രിസ്‌തുവിനെ സംബന്ധിച്ച അപ്പോസ്‌തലനായ പൗലോസിന്റെ നിശ്വസ്‌ത പ്രസ്‌താവന അവർ അംഗീകരിക്കുന്നു: “ദൈവത്തിന്റെ രൂപത്തിൽ ആയിരിക്കെ, ദൈവവുമായുള്ള സമത്വം ബലാത്‌കാരേണ പിടിച്ചുപറിക്കേണ്ട ഒന്നായി കരുതാതെ.” * (ഫിലിപ്പ്യർ 2:6, ദ ന്യൂ ജറൂസലേം ബൈബിൾ) നമ്മുടെ ക്രിസ്‌ത്യാനിത്വത്തിലെ പുറജാതീയ വിശ്വാസം (The Paganism in Our Christianity) എന്ന പുസ്‌തകം ഇപ്രകാരം പ്രസ്‌താവിക്കുന്നു: “യേശുക്രിസ്‌തു അത്തരമൊരു പ്രതിഭാസത്തെ [സഹതുല്യരുടെ ഒരു ത്രിത്വം] ഒരിക്കലും പരാമർശിച്ചില്ല, പുതിയ നിയമത്തിൽ ഒരിടത്തും ‘ത്രിത്വം’ എന്ന വാക്കു പ്രത്യക്ഷപ്പെടുന്നില്ല. നമ്മുടെ കർത്താവിന്റെ മരണശേഷം മുന്നൂറു വർഷം കഴിഞ്ഞു സഭ പ്രസ്‌തുത ആശയം സ്വീകരിച്ചു; ആ ആശയത്തിന്റെ ഉത്ഭവം പൂർണമായും പുറജാതീയമാണ്‌.” യഹോവയുടെ സാക്ഷികൾ ക്രിസ്‌തുവിനെക്കുറിച്ചുള്ള ബൈബിൾപരമായ പഠിപ്പിക്കൽ സ്വീകരിക്കുന്നു. അവർ ക്രിസ്‌ത്യാനികളാണ്‌, ത്രിത്വവാദികളല്ല.

സഭൈക്യത്തോടു വിയോജിപ്പ്‌

17. യഹോവയുടെ സാക്ഷികൾ സഭൈക്യ അല്ലെങ്കിൽ മിശ്രവിശ്വാസ പ്രസ്ഥാനങ്ങളുമായി എന്തുകൊണ്ടു സഹകരിക്കുന്നില്ല?

17 അവർ സഭൈക്യപ്രസ്ഥാനത്തിൽ പങ്കെടുക്കാൻ വിസമ്മതിക്കുന്നെന്നും “കേറി ആക്രമിക്കുന്ന മതപരിവർത്തനം” എന്നു പറയപ്പെടുന്നതിൽ ഏർപ്പെടുന്നു എന്നതുമാണ്‌ യഹോവയുടെ സാക്ഷികൾക്കെതിരെ ഉന്നയിക്കപ്പെടുന്ന മററു രണ്ടു പരാതികൾ. ഈ രണ്ട്‌ ആക്ഷേപങ്ങൾ ആദിമ ക്രിസ്‌ത്യാനികളുടെ നേർക്കും തൊടുത്തുവിട്ടിരുന്നു. ക്രൈസ്‌തവലോകം, അവളുടെ കാത്തോലിക്ക, ഓർത്തഡോക്‌സ്‌, പ്രൊട്ടസ്‌ററൻറ്‌ ഘടകങ്ങൾ സഹിതം അവിതർക്കിതമായി ഈ ലോകത്തിന്റെ ഭാഗമാണ്‌. യേശുവിനെപ്പോലെ യഹോവയുടെ സാക്ഷികൾ “ലോകത്തിന്റെ ഭാഗമല്ല.” (യോഹന്നാൻ 17:14, NW) മിശ്രവിശ്വാസ പ്രസ്ഥാനങ്ങളിലൂടെ ക്രിസ്‌തീയമല്ലാത്ത നടത്തയെയും വിശ്വാസങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന മതസംഘടനകളുമായി സഖ്യത്തിലാകാൻ അവർക്കെങ്ങനെയാണു സാധിക്കുക?

18. (എ) സത്യമതം ആചരിക്കുന്നത്‌ തങ്ങൾ മാത്രമാണെന്നു വിശ്വസിക്കുന്നതിനു യഹോവയുടെ സാക്ഷികളെ വിമർശിക്കാൻ കഴിയാത്തത്‌ എന്തുകൊണ്ട്‌? (ബി) തങ്ങളുടേതു സത്യമതമാണെന്നു വിശ്വസിക്കുമ്പോൾ റോമൻ കത്തോലിക്കർക്കില്ലാത്തത്‌ എന്താണ്‌?

18 തങ്ങൾ മാത്രമാണു സത്യമതം ആചരിക്കുന്നതെന്ന്‌ ആദിമ ക്രിസ്‌ത്യാനികളെപ്പോലെ, യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നതിനെ ന്യായമായി വിമർശിക്കാൻ ആർക്കാണു കഴിയുക? സഭൈക്യപ്രസ്ഥാനവുമായി സഹകരിക്കുന്നെന്നു കപടമായി അവകാശപ്പെടുമ്പോൾത്തന്നെ, കത്തോലിക്കാ സഭപോലും ഇപ്രകാരം പ്രഖ്യാപിക്കുന്നു: “‘അതുകൊണ്ടു പോയി സകല ജാതികളെയും ശിഷ്യരാക്കുക’ എന്ന്‌ അവിടുന്ന്‌ അപ്പോസ്‌തലൻമാരോടു പറഞ്ഞപ്പോൾ സകല മനുഷ്യരുടെ ഇടയിലും സത്യമതം പ്രചരിപ്പിക്കുന്നതിനുള്ള ദൗത്യം ക്രിസ്‌തു ഭരമേൽപ്പിച്ച സാർവത്രികവും അപ്പോസ്‌തലികവുമായ സഭയിൽ ഈ ഒരേയൊരു സത്യമതം തുടർന്നു സ്ഥിതി ചെയ്യുന്നുവെന്നു ഞങ്ങൾ വിശ്വസിക്കുന്നു.” (രണ്ടാം വത്തിക്കാൻ കൗൺസിൽ, “മതസ്വാതന്ത്ര്യത്തെ സംബന്ധിച്ച പ്രഖ്യാപനം”) എന്നിരുന്നാലും പ്രത്യക്ഷത്തിൽ അത്തരമൊരു വിശ്വാസം കത്തോലിക്കരിൽ ശിഷ്യരെ ഉളവാക്കാൻ പുറപ്പെടുന്നതിൽ അക്ഷീണമായ തീക്ഷ്‌ണത നിവേശിപ്പിക്കാൻ മതിയായിരിക്കുന്നില്ല.

19. (എ) എന്തു ചെയ്യാൻ യഹോവയുടെ സാക്ഷികൾ ദൃഢനിശ്ചയമുള്ളവരാണ്‌, എന്തു പ്രേരണയോടെ? (ബി) അടുത്ത ലേഖനത്തിൽ എന്തു പരിചിന്തിക്കപ്പെടും?

19 യഹോവയുടെ സാക്ഷികൾക്ക്‌ അത്തരം തീക്ഷ്‌ണതയുണ്ട്‌. ദൈവം ആവശ്യപ്പെടുന്നിടത്തോളം സാക്ഷീകരണം നടത്തിക്കൊണ്ടിരിക്കാൻ അവർ ദൃഢനിശ്ചയമുള്ളവരാണ്‌. (മത്തായി 24:14) അവരുടെ സാക്ഷീകരണം തീക്ഷ്‌ണമാണ്‌, എന്നാൽ കേറി ആക്രമിക്കുന്ന വിധത്തിലല്ല. അത്‌ അയൽക്കാരോടുള്ള സ്‌നേഹത്താൽ പ്രചോദിതമാണ്‌, മനുഷ്യവർഗത്തോടുള്ള വിദ്വേഷത്താലല്ല. മനുഷ്യവർഗത്തിൽ സാധ്യമാകുന്നടത്തോളം പേർ രക്ഷ പ്രാപിക്കണമെന്നവർ പ്രത്യാശിക്കുന്നു. (1 തിമൊഥെയൊസ്‌ 4:16) ആദിമ ക്രിസ്‌ത്യാനികളെപ്പോലെ, “എല്ലാവരോടും സമാധാനത്തിൽ വർത്തിക്കുവാൻ” അവർ പരിശ്രമിക്കുന്നു. (റോമർ 12:18, പി.ഒ.സി ബൈ.) ഇത്‌ അവർ എങ്ങനെ ചെയ്യുന്നുവെന്നതു പിൻവരുന്ന ലേഖനത്തിൽ ചർച്ച ചെയ്യുന്നതായിരിക്കും.

[അടിക്കുറിപ്പുകൾ]

^ ത്രിത്വപഠിപ്പിക്കലുമായി ബന്ധപ്പെട്ട ഈ വാക്യത്തെക്കുറിച്ചുള്ള ഒരു ചർച്ചയ്‌ക്ക്‌ 1971, ജൂൺ 15-ലെ വീക്ഷാഗോപുരം (The Watchtower), 355-6 പേജുകൾ കാണുക.

പുനരവലോകനം

ആദിമ ക്രിസ്‌ത്യാനികളുടെ സവിശേഷതകൾ എന്ത്‌, അവരോടു യഹോവയുടെ സാക്ഷികൾ സദൃശരായിരിക്കുന്നതെങ്ങനെ?

തങ്ങൾ നല്ല പൗരൻമാരാണെന്നു യഹോവയുടെ സാക്ഷികൾ ഏതെല്ലാം കാര്യങ്ങളിൽ പ്രകടിപ്പിക്കുന്നു?

ഭരണവർഗങ്ങൾ ആദിമ ക്രിസ്‌ത്യാനികളെ എങ്ങനെ വീക്ഷിച്ചു, ഇന്ന്‌ അതിന്‌ എന്തെങ്കിലും വ്യത്യാസമുണ്ടോ?

തങ്ങൾക്കു സത്യമുണ്ടെന്നുള്ള ബോധ്യം സാക്ഷികളെ എന്തു ചെയ്യാൻ പ്രേരിപ്പിക്കുന്നു?

[അധ്യയന ചോദ്യങ്ങൾ

[12-ാം പേജിലെ ചിത്രം]

ദൈവം ആവശ്യപ്പെടുന്നിടത്തോളം സാക്ഷീകരണം തുടർന്നുനടത്താൻ യഹോവയുടെ സാക്ഷികൾ ദൃഢനിശ്ചയമുള്ളവരാണ്‌

[17-ാം പേജിലെ ചിത്രം]

പീലാത്തോസ്‌ പറഞ്ഞു: ലോകത്തിന്റെ ഭാഗമല്ലാത്ത “ആ മനുഷ്യൻ ഇതാ”.—യോഹന്നാൻ 19:5

[കടപ്പാട്‌]

“Ecce Homo” by A. Ciseri: Florence, Galleria d’Arte Moderna / Alinari/Art Resource, N.Y.