ക്രൈസ്‌തവലോകം ഈ ലോകത്തിന്റെ ഒരു ഭാഗമായിത്തീർന്ന വിധം
ക്രൈസ്‌തവലോകം ഈ ലോകത്തിന്റെ ഒരു ഭാഗമായിത്തീർന്ന വിധം
ആദിമ ക്രിസ്‌ത്യാനിത്വം ആരംഭിച്ചിടമായ റോമാ സാമ്രാജ്യം കാലം കടന്നുപോയതോടെ തകർന്നു. ആ തകർച്ച പുറജാതി മതങ്ങളുടെമേലുള്ള ക്രിസ്‌ത്യാനിത്വത്തിന്റെ അന്തിമ വിജയത്തിന്റെ സമയവുംകൂടെയായിരുന്നെന്നു ചരിത്രകാരൻമാർ പലരും അവകാശപ്പെടുന്നു. ഒരു വ്യത്യസ്‌ത വീക്ഷണം പ്രകടിപ്പിച്ചുകൊണ്ട് ആംഗ്ലിക്കൻ ബിഷപ്പായ ഇ. ഡബ്ലിയു. ബാൺസ് ഇങ്ങനെ എഴുതി: “ഉത്‌കൃഷ്ട സംസ്‌കാരം നിലംപതിച്ചപ്പോൾ ക്രിസ്‌ത്യാനിത്വം യേശുക്രിസ്‌തുവിനെക്കുറിച്ചുള്ള ശ്രേഷ്‌ഠ വിശ്വാസമില്ലാതായി: ഛിന്നഭിന്നമായിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തിനു സാമൂഹികമായി കെട്ടുറപ്പു നൽകുന്ന ഘടകമെന്നനിലയിൽ അതൊരു ഉപയോഗപ്രദമായ മതമായിത്തീർന്നു.”—ക്രിസ്‌ത്യാനിത്വത്തിന്റെ ഉയർച്ച (The Rise of Christianity).
ആ പതനത്തിനുമുമ്പു യേശുവിനെ അനുകരിക്കുന്നു എന്ന് അവകാശപ്പെട്ടവർ രണ്ട്, മൂന്ന്, നാല് എന്നീ നൂററാണ്ടുകളിൽ പല വിധങ്ങളിലും റോമാ ലോകത്തുനിന്നു സ്വയം വേർപെട്ടുനിന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. എന്നാൽ പ്രബോധനങ്ങളിലും പ്രവർത്തനത്തിലും സംഘടനയിലും, യേശുവും അവിടുത്തെ അപ്പോസ്‌തലൻമാരും മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെതന്നെ, വിശ്വാസത്യാഗത്തിന്റെ വികാസത്തെയും അതു വെളിപ്പെടുത്തുന്നു. (മത്തായി 13:36-43; പ്രവൃത്തികൾ 20:29, 30; 2 തെസ്സലൊനീക്യർ 2:3-12; 2 തിമൊഥെയൊസ് 2:16-18; 2 പത്രൊസ് 2:1-3, 10-22) അവസാനം ഗ്രീക്ക്-റോമൻ ലോകവുമായി അനുരഞ്‌ജനത്തിലാകാനിടയായ ക്രിസ്‌ത്യാനികളെന്ന് അവകാശപ്പെട്ട ചിലർ ലോകത്തിന്റെ പുറജാതീയ വിശ്വാസത്തെയും (അതിന്റെ ഉത്സവങ്ങളും ദൈവമാതാവിന്റെ ആരാധനയും ഒരു ത്രിയേക ദൈവവും പോലുള്ളവ) അതിന്റെ തത്ത്വശാസ്‌ത്രത്തെയും (ഒരു അമർത്ത്യ ദേഹിയിലുള്ള വിശ്വാസം പോലുള്ളവ) ഭരണപരമായ സംഘടനയെയും (ഒരു വൈദികവർഗത്തിന്റെ ആവിർഭാവത്തിൽ കാണുന്നതു പോലുള്ളവ) സ്വീകരിച്ചു. പുറജാതി ജനസാമാന്യത്തെ ആകർഷിച്ചതും റോമാ ചക്രവർത്തിമാർ ആദ്യം തൂത്തെറിയാൻ ശ്രമിച്ചെങ്കിലും പിന്നീടു കൈക്കൊള്ളുകയും സ്വന്തം ലക്ഷ്യങ്ങൾക്കുവേണ്ടി ഉപയോഗപ്പെടുത്തുവാൻ പരിശ്രമിക്കുകയും ചെയ്‌ത ഒരു ശക്തിയായിത്തീർന്നതും ക്രിസ്‌ത്യാനിത്വത്തിന്റെ ഈ ദുഷിച്ച പതിപ്പായിരുന്നു.
ലോകം ജയിച്ചടക്കുന്നു
സഭാ ചരിത്രകാരനായ അഗസ്‌ററസ് നിയാണ്ടർ “ക്രിസ്‌ത്യാനിത്വവും” ലോകവും തമ്മിലുള്ള ഈ പുതിയ ബന്ധത്തിലെ അപകടം പ്രകടമാക്കി. ക്രിസ്‌ത്യാനികൾ ലോകത്തിൽനിന്നുള്ള തങ്ങളുടെ വേർപാട് ഉപേക്ഷിച്ചാൽ “ലോകവുമായിട്ടുള്ള സഭയുടെ കുഴയലായിരിക്കും ഫലം . . . അതിനാൽ സഭ അവളുടെ ശുദ്ധി കളഞ്ഞുകുളിക്കും. കീഴടക്കുന്നതായി തോന്നുമെങ്കിലും അവൾ കീഴടക്കപ്പെടുകയായിരിക്കും ചെയ്യുക” എന്ന് അദ്ദേഹം എഴുതി.—ക്രിസ്‌തീയ മതത്തിന്റെയും സഭയുടെയും പൊതുവായ ചരിത്രം (General History of the Christian Religion and Church), വാല്യം 2, പേജ് 161.
സംഭവിച്ചത് ഇതാണ്. നാലാം നൂററാണ്ടിന്റെ ആരംഭത്തിൽ റോമാ ചക്രവർത്തിയായ കോൺസ്‌ററൻറയിൻ ശിഥിലമായിക്കൊണ്ടിരുന്ന തന്റെ സാമ്രാജ്യത്തെ കെട്ടുറപ്പിൽ നിർത്താൻ തന്റെ നാളിലെ “ക്രിസ്‌തീയ” മതത്തെ ഉപയോഗപ്പെടുത്താൻ ശ്രമിച്ചു. ഈ ഉദ്ദേശ്യത്തിൽ, ക്രിസ്‌ത്യാനികളെന്ന് അവകാശപ്പെട്ടവർക്കു മതസ്വാതന്ത്ര്യം അനുവദിക്കുകയും പുറജാതീയ പൗരോഹിത്യത്തിന്റെ പദവികളിൽ ചിലത് അവരുടെ വൈദികവർഗത്തിനു നൽകുകയും ചെയ്‌തു. ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇപ്രകാരം പ്രസ്‌താവിക്കുന്നു: “സാമൂഹിക ഉത്തരവാദിത്വങ്ങൾ സ്വീകരിക്കാൻ കോൺസ്‌ററൻറയിൻ സഭയെ ലോകത്തിൽനിന്നുള്ള പിൻമാററത്തിൽനിന്നു പുറത്തുകൊണ്ടുവരുകയും സഭയ്‌ക്കുവേണ്ടി പുറജാതീയ സമൂഹങ്ങളെ നേടാൻ അതിനെ സഹായിക്കുകയും ചെയ്‌തു.”
ദേശീയ മതം
കോൺസ്‌ററൻറയിനുശേഷം ജൂലിയൻ ചക്രവർത്തി (പൊ.യു. 361-363) ക്രിസ്‌ത്യാനിത്വത്തെ എതിർക്കാനും പുറജാതി മതം തിരികെ കൊണ്ടുവരാനും ഒരു ശ്രമം നടത്തി. എന്നാൽ അദ്ദേഹം വിജയിച്ചില്ല, ഏതാണ്ട് 20 വർഷം കഴിഞ്ഞ്, ചക്രവർത്തിയായ തിയോഡോസിയസ് I-ാമൻ പുറജാതി മതങ്ങളെ നിരോധിക്കുകയും ത്രിയേകവിശ്വാസ “ക്രിസ്‌ത്യാനിത്വ”ത്തെ റോമൻ സാമ്രാജ്യത്തിലെ ദേശീയ മതമായി അടിച്ചേൽപ്പിക്കുകയും ചെയ്‌തു. സമർഥമായ കൃത്യതയോടെ ഫ്രഞ്ച് ചരിത്രകാരനായ ഹെൻട്രി മറൂ ഇങ്ങനെ എഴുതി: “തിയോഡോസിയസിന്റെ വാഴ്‌ചയുടെ അന്ത്യത്തോടെ ക്രിസ്‌ത്യാനിത്വം, കൂടുതൽ കൃത്യമായി, ഓർത്തഡോക്‌സ് കത്തോലിക്കാമതം മുഴു റോമാ ലോകത്തിന്റെയും ഔദ്യോഗിക മതമായിത്തീർന്നു.” ഓർത്തഡോക്‌സ് കത്തോലിക്കാമതം സത്യക്രിസ്‌ത്യാനിത്വത്തെ മാററി തൽസ്ഥാനത്തു വരുകയും “ലോകത്തിന്റെ ഒരു ഭാഗം” ആയിത്തീരുകയും ചെയ്‌തിരുന്നു. ഈ ദേശീയ മതം യേശുവിന്റെ ആദിമ അനുഗാമികളുടെ മതത്തിൽനിന്ന് അതിയായി വ്യത്യസ്‌തമായിരുന്നു. അവരോട് അവിടുന്ന് ഇപ്രകാരം പറഞ്ഞിരുന്നു: “നിങ്ങൾ ലോകത്തിന്റെ ഭാഗമല്ല”—യോഹന്നാൻ 15:19, NW.
ഫ്രഞ്ച് ചരിത്രകാരനും തത്ത്വചിന്തകനുമായ ലൂയിസ് റൂസ്സിയാ ഇപ്രകാരം എഴുതി: “ക്രിസ്‌ത്യാനിത്വം വ്യാപിച്ചതോടെ അതു തിരിച്ചറിയാൻ കഴിയാത്ത ഘട്ടത്തോളം വിചിത്രമായ ഉത്‌പരിവർത്തനങ്ങൾക്കു വിധേയമായി. . . . ത്യാഗത്തോടെ ജീവിച്ച ദരിദ്രരുടെ ആദിമ സഭ അപ്രതിരോധ്യമായി ജയിച്ചടക്കുന്ന ഒരു സഭയായിത്തീർന്നു, നിലവിലുള്ള ലൗകിക അധികാരങ്ങളുടെമേൽ അധീശത്വം പുലർത്താൻ അതിനു കഴിയാതെവന്നപ്പോൾ അത് അവയുമായി അനുരഞ്‌ജനത്തിലായി.”
പൊ.യു. അഞ്ചാം നൂററാണ്ടിന്റെ ആരംഭത്തിൽ റോമൻ കത്തോലിക്കരുടെ “വിശുദ്ധ” അഗസ്‌ററ്യൻ ദൈവത്തിന്റെ നഗരം (The City of God) എന്ന തന്റെ പ്രമുഖ കൃതി രചിച്ചു. അതിൽ അദ്ദേഹം “ദൈവത്തിന്റേതും ലോകത്തിന്റേതുമായ” രണ്ടു നഗരങ്ങളെ വർണിച്ചു. കത്തോലിക്കരും ലോകവും തമ്മിലുള്ള വേർപാടിന് ഈ കൃതി ഊന്നൽ നൽകിയോ? യഥാർഥത്തിൽ ഇല്ല. പ്രൊഫസർ ലററൂറെററ് ഇങ്ങനെ പ്രസ്‌താവിക്കുന്നു: “ഭൗമികവും സ്വർഗീയവുമായ ഈ രണ്ടു നഗരങ്ങൾ കൂടിക്കുഴഞ്ഞതാണെന്ന് അദ്ദേഹം തുറന്നു സമ്മതിച്ചു.” “[കത്തോലിക്കാ] സഭയുടെ സ്ഥാപനത്തോടെ ദൈവരാജ്യം ഭൂമിയിൽ ആരംഭിച്ചു” എന്ന് അഗസ്‌ററ്യൻ പഠിപ്പിച്ചു. (ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക, മാക്രോപീഡിയ, വാല്യം 4, പേജ് 506) അങ്ങനെ അഗസ്‌ററ്യന്റെ ആദിമോദ്ദേശ്യം എന്തുതന്നെയായിരുന്നാലും, അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾക്കു കത്തോലിക്കാ സഭയെ ലോകത്തിന്റെ രാഷ്‌ട്രീയ കാര്യങ്ങളിൽ ഏറെ ആഴത്തിൽ ഉൾപ്പെടുത്തുന്നതിന്റെ ഫലമുണ്ടായിരുന്നു.
ഒരു വിഭജിത സാമ്രാജ്യം
പൊ.യു. 395-ൽ തിയോഡോസിയസ് I-ാമൻ മരിച്ചപ്പോൾ റോമാ സാമ്രാജ്യം ഔദ്യോഗികമായി രണ്ടായി വിഭജിക്കപ്പെട്ടു. പൗരസ്‌ത്യ അഥവാ ബൈസ്സാൻറയിൻ സാമ്രാജ്യത്തിനു തലസ്ഥാനമായി കോൺസ്‌ററാൻറിനോപ്പിൾ ലഭിച്ചു (മുമ്പു ബൈസ്സാൻറയിയം, ഇപ്പോൾ ഇസ്‌താൻബൂൾ), പശ്ചിമ സാമ്രാജ്യത്തിന്റെ തലസ്ഥാനം (പൊ.യു. 402-നുശേഷം) ഇററലിയിലെ റാവന്നയിലും. തൽഫലമായി രാഷ്‌ട്രീയമായും മതപരമായും ക്രൈസ്‌തവലോകം വിഭജിതമായിത്തീർന്നു. സഭയും രാഷ്‌ട്രവും തമ്മിലുള്ള ബന്ധം സംബന്ധിച്ചാണെങ്കിൽ, പൗരസ്‌ത്യ സാമ്രാജ്യത്തിലെ സഭ കൈസര്യായിലെ യൂസേബിയസിന്റെ (കോൺസ്‌ററൻറയിന്റെ ഒരു സമകാലികൻ) സിദ്ധാന്തം പിൻപററി. ചക്രവർത്തിയും സാമ്രാജ്യവും ക്രിസ്‌തീയമായിത്തീർന്നാൽ സഭയും രാഷ്‌ട്രവും ഒരു ഏക ക്രിസ്‌തീയ സമൂഹമായിത്തീരുമെന്നും ദൈവത്തിന്റെ ഭൂമിയിലെ പ്രതിനിധിയായി ചക്രവർത്തി
പ്രവർത്തിക്കുമെന്നും, ലോകത്തിൽനിന്നുള്ള വേർപാടിന്റെ ക്രിസ്‌തീയ തത്ത്വം അവഗണിച്ചുകൊണ്ടു യൂസേബിയസ് ന്യായവാദം ചെയ്‌തു. പൊതുവെ സഭയും രാഷ്‌ട്രവും തമ്മിലുള്ള ഈ ബന്ധം പൗരസ്‌ത്യ ഓർത്തഡോക്‌സ് സഭകൾ നൂററാണ്ടുകളോളം പിന്തുടർന്നു പോന്നു. ഒരു ഓർത്തഡോക്‌സ് ബിഷപ്പായ തിമോത്തി വാർ അദ്ദേഹത്തിന്റെ ഓർത്തഡോക്‌സ് ചർച്ച് എന്ന പുസ്‌തകത്തിൽ അതിന്റെ പരിണതഫലം പ്രകടമാക്കി: “കഴിഞ്ഞ പത്തു നൂററാണ്ടുകളിൽ ദേശീയവാദം ഓർത്തഡോക്‌സ് വിശ്വാസത്തിന്റെ ശാപമായിരുന്നു.”പശ്ചിമ ദേശത്ത് ആക്രമണകാരികളായ ജർമൻ ഗോത്രങ്ങൾ പൊ.യു. 476 ആയപ്പോഴേക്കും റോമാ ചക്രവർത്തിയെ സ്ഥാനഭ്രഷ്ടനാക്കി. ഇതു പശ്ചിമ റോമാ സാമ്രാജ്യത്തിന്റെ അന്ത്യം കുറിച്ചു. അതേത്തുടർന്നുണ്ടായ രാഷ്‌ട്രീയ ശൂന്യതയെക്കുറിച്ചു ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇപ്രകാരം പ്രസ്‌താവിക്കുന്നു: “ഒരു പുതിയ അധികാരകേന്ദ്രം രൂപംകൊണ്ടു: റോമിലെ ബിഷപ്പിന്റെ സഭയായ റോമൻ സഭ. നിലച്ചുപോയ റോമാ സാമ്രാജ്യത്തിന്റെ പിൻഗാമിയായി ഈ സഭ സ്വയം പരിഗണിച്ചു.” ഇതേ എൻസൈക്ലോപീഡിയ തുടർന്ന് ഇങ്ങനെ പറയുന്നു: “റോമൻ പാപ്പാമാർ . . . സഭാഭരണത്തിന്റെ ലൗകികാവകാശം സഭാ-രാഷ്‌ട്രത്തിന്റെ അതിർത്തികൾക്കപ്പുറത്തേക്കു വ്യാപിപ്പിക്കുകയും ക്രിസ്‌തു പാപ്പായ്‌ക്കു സഭയുടെമേൽ ആത്മീയ അധികാരം മാത്രമല്ല ലോകരാജ്യങ്ങളുടെമേൽ ലൗകിക അധികാരവും നൽകിയെന്ന ഇരട്ടവാൾ സിദ്ധാന്തമെന്നറിയപ്പെടുന്നതു വികസിപ്പിച്ചെടുക്കുകയും ചെയ്‌തു.”
ദേശീയ പ്രൊട്ടസ്‌ററൻറ് സഭകൾ
മധ്യയുഗങ്ങളിലുടനീളം ഓർത്തഡോക്‌സ്, കത്തോലിക്കാ മതങ്ങൾ രാഷ്‌ട്രീയത്തിലും ലൗകിക ഉപജാപങ്ങളിലും യുദ്ധങ്ങളിലും ആഴമായി ഉൾപ്പെടുന്നതിൽ തുടർന്നുപോന്നു. പതിനാറാം നൂററാണ്ടിലെ പ്രൊട്ടസ്‌ററൻറ് നവീകരണം ലോകത്തിൽനിന്നു വേറിട്ടുനിൽക്കുന്ന സത്യക്രിസ്‌ത്യാനിത്വത്തിലേക്കുള്ള ഒരു തിരിച്ചുവരവിനെ അടയാളപ്പെടുത്തിയോ?
ഇല്ല. ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയിൽ നാം ഇങ്ങനെ വായിക്കുന്നു: “ലൂഥറൻ,
കാൽവിനിസ്‌ററ്, ആംഗ്ലിക്കൻ പാരമ്പര്യങ്ങളുടെ പ്രൊട്ടസ്‌ററൻറ് പരിഷ്‌കർത്താക്കൾ . . . അഗസ്‌ററ്യന്റെ വീക്ഷണങ്ങളോടു ദൃഢമായി പററിനിന്നു, അദ്ദേഹത്തിന്റെ ദൈവശാസ്‌ത്രത്തോട് അവർക്ക് ഒരു പ്രത്യേക മമത തോന്നി. . . . പതിനാറാം നൂററാണ്ടിൽ യൂറോപ്പിലുണ്ടായിരുന്ന മൂന്നു പ്രമുഖ പ്രൊട്ടസ്‌ററൻറ് പാരമ്പര്യങ്ങളിൽ ഓരോന്നും സാക്‌സണിയിലെയും [മധ്യജർമനി] സ്വിററ്‌സർലൻഡിലെയും ഇംഗ്ലണ്ടിലെയും ലൗകിക അധികാരികളിൽനിന്നു പിന്തുണ നേടുകയും രാഷ്‌ട്രത്തോടുള്ള താരതമ്യത്തിൽ മധ്യകാല സഭയുടെ അതേ സ്ഥാനത്തു നിലകൊള്ളുകയും ചെയ്‌തു.”യഥാർഥ ക്രിസ്‌ത്യാനിത്വത്തിലേക്ക് ഒരു തിരിച്ചുവരവു നടത്തുന്നതിനു പകരം, നവീകരണം രാഷ്‌ട്രങ്ങളുടെ പ്രീതി നേടുകയും യുദ്ധങ്ങളിൽ അവയെ സജീവമായി പിന്തുണക്കുകയും ചെയ്‌ത ദേശീയമോ പ്രാദേശികമോ ആയ ഒരു കൂട്ടം സഭകളെ ഉളവാക്കി. വാസ്‌തവത്തിൽ കത്തോലിക്കാ സഭയും പ്രൊട്ടസ്‌ററൻറ് സഭകളും മതയുദ്ധങ്ങളെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു. മതത്തോടുള്ള ചരിത്രകാരന്റെ സമീപനം (An Historian’s Approach to Religion) എന്ന പുസ്‌തകത്തിൽ അർനോൾഡ് ടോയൻബി അത്തരം യുദ്ധങ്ങളെ സംബന്ധിച്ച് ഇങ്ങനെ എഴുതി: “അവ ആയുധ ബലത്താൽ പരസ്‌പരം അടിച്ചമർത്താൻ ശ്രമിക്കുന്ന മൃഗീയ പ്രവർത്തനത്തിൽ ഫ്രാൻസിലെയും നെതർലൻഡിലെയും ജർമനിയിലെയും അയർലണ്ടിലെയും കത്തോലിക്കരെയും പ്രൊട്ടസ്‌ററൻറുകാരെയും ഇംഗ്ലണ്ടിലെയും സ്‌കോട്ട്‌ലണ്ടിലെയും പ്രൊട്ടസ്‌ററൻറുകാർക്കിടയിലെ എതിർ വിഭാഗങ്ങളെയും തുറന്നുകാട്ടി.” അയർലണ്ടിനെയും മുൻയൂഗോസ്ലാവിയയെയും വിഭജിക്കുന്ന ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പോരാട്ടങ്ങൾ, റോമൻ കത്തോലിക്കാ സഭകളും ഓർത്തഡോക്‌സ് സഭകളും പ്രൊട്ടസ്‌ററൻറ് സഭകളും ഈ ലോകത്തിന്റെ കാര്യങ്ങളിൽ ഇപ്പോഴും ആഴമായി ഉൾപ്പെടുന്നുവെന്നു പ്രകടമാക്കുന്നു.
ലോകത്തിൽനിന്നു വേറിട്ടുനിൽക്കുന്ന സത്യക്രിസ്‌ത്യാനിത്വം ഭൂമിയിൽ മേലാൽ സ്ഥിതി ചെയ്യുന്നില്ലെന്നാണോ ഇതെല്ലാം അർഥമാക്കുന്നത്? പിൻവരുന്ന ലേഖനം ആ ചോദ്യത്തിന് ഉത്തരം നൽകും.
[10, 11 പേജുകളിലെ ചതുരം/ചിത്രം]
“ക്രിസ്‌ത്യാനിത്വം” ഒരു രാഷ്‌ട്രമതമായിത്തീർന്ന വിധം
ക്രിസ്‌ത്യാനിത്വം ഈ ലോകത്തിന്റെ ഒരു ഭാഗമായിരിക്കാൻ ഒരിക്കലും ഉദ്ദേശിക്കപ്പെട്ടിരുന്നില്ല. (മത്തായി 24:3, 9; യോഹന്നാൻ 17:16) എന്നിട്ടും, പൊ.യു. നാലാം നൂററാണ്ടിൽ “ക്രിസ്‌ത്യാനിത്വം” റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക ദേശീയമതമായിത്തീർന്നു എന്നു ചരിത്രപുസ്‌തകങ്ങൾ നമ്മോടു പറയുന്നു. ഇതെങ്ങനെ സംഭവിച്ചു?
നീറോയുടെ (പൊ.യു. 54-68) കാലംമുതൽ പൊ.യു. മൂന്നാം നൂററാണ്ടുവരെ എല്ലാ റോമൻ ചക്രവർത്തിമാരും ക്രിസ്‌ത്യാനികളെ സജീവമായി പീഡിപ്പിക്കുകയോ അവരെ പീഡിപ്പിക്കുന്നതിന് അനുവദിക്കുകയോ ചെയ്‌തു. അവർക്കുവേണ്ടി സഹിഷ്‌ണുതയുടെ ഒരു പ്രഖ്യാപനം പുറപ്പെടുവിച്ച ആദ്യത്തെ റോമൻ ചക്രവർത്തി ഗാലീനസ് (പൊ.യു. 253-268) ആയിരുന്നു. എന്നിട്ടുപോലും ക്രിസ്‌ത്യാനിത്വം സാമ്രാജ്യത്തിലുടനീളം ഭ്രഷ്ടു കല്‌പിക്കപ്പെട്ട ഒരു മതമായിരുന്നു. ഗാലീനസിനുശേഷം പീഡനം തുടർന്നു, ഡയോക്ലീഷ്യന്റെയും (പൊ.യു. 284-305) അദ്ദേഹത്തിന്റെ തൊട്ടടുത്ത പിൻഗാമികളുടെയും കീഴിൽ അതു കൂടുതൽ കഠിനമാകുക പോലും ചെയ്‌തു.
നാലാം നൂററാണ്ടിന്റെ ആരംഭഘട്ടത്തിൽ കോൺസ്‌ററൻറയിൻ I-ാമന്റെ മതംമാററമെന്നു പറയപ്പെടുന്നതോടെയാണ് ഒരു വഴിത്തിരിവുണ്ടായത്. ഈ “മതംമാററ”ത്തെക്കുറിച്ച് ഒരു ഫ്രഞ്ച് കൃതിയായ പുതിയ കത്തോലിക്കാ വിശ്വവിജ്ഞാനകോശം (Théo—Nouvelle encyclopédie catholique) ഇങ്ങനെ പ്രസ്‌താവിക്കുന്നു: “കോൺസ്‌ററൻറയിൻ ഒരു ക്രിസ്‌തീയ ചക്രവർത്തിയാണെന്ന് അവകാശപ്പെട്ടു. വാസ്‌തവത്തിൽ, അദ്ദേഹം സ്‌നാപനമേൽക്കുന്നതു മരണക്കിടക്കയിൽ വെച്ചുമാത്രമായിരുന്നു.” എന്നിരുന്നാലും പൊ.യു. 313-ൽ കോൺസ്‌ററൻറയിനും അദ്ദേഹത്തിന്റെ സഹചക്രവർത്തിയായ ലിസിനിയസും ക്രിസ്‌ത്യാനികൾക്കും പുറജാതികൾക്കും ഒരുപോലെ മതസ്വാതന്ത്ര്യം നൽകുന്ന ഒരു ശാസനം പുറപ്പെടുവിച്ചു. ന്യൂ കാത്തലിക്ക് എൻസൈക്ലോപീഡിയ ഇപ്രകാരം പ്രസ്‌താവിക്കുന്നു: “പുറജാതിമതത്തിനു പുറമേ, ക്രിസ്‌ത്യാനിത്വത്തെ ഒരു നിയമാനുസൃത മതമായി (religio licita) അംഗീകരിച്ചു എന്നർഥമാക്കിയ ക്രിസ്‌ത്യാനികൾക്കായുള്ള കോൺസ്‌ററൻറയിന്റെ ആരാധനാസ്വാതന്ത്ര്യാനുമതി വിപ്ലവാത്മകമായ ഒരു നടപടിയായിരുന്നു.”
എന്നിരുന്നാലും ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇങ്ങനെ പ്രഖ്യാപിക്കുന്നു: “അദ്ദേഹം ക്രിസ്‌ത്യാനിത്വത്തെ സാമ്രാജ്യത്തിന്റെ മതമാക്കിയില്ല.” ഫ്രഞ്ച് ചരിത്രകാരനും ഇൻസ്‌ററിററ്യൂട്ട് ഓഫ് ഫ്രാൻസിൽ അംഗവുമായ ഷാൻറാം പലാംഗ് ഇങ്ങനെ എഴുതുന്നു: “എന്നിരുന്നാലും റോമൻ രാഷ്‌ട്രം . . . ഔദ്യോഗികമായി പുറജാതീയമായി നിലകൊണ്ടു. ക്രിസ്‌തുമതത്തോടു പററിനിൽക്കവെ, കോൺസ്‌ററൻറയിൻ ആ അവസ്ഥയ്‌ക്ക് അറുതി വരുത്തിയില്ല.” പ്രൊഫസർ ഏർണസ്‌ററ് ബാർക്കർ റോമിന്റെ പൈതൃകം (The Legacy of Rome) എന്ന തന്റെ കൃതിയിൽ ഇങ്ങനെ പ്രസ്‌താവിച്ചു: “[കോൺസ്‌ററൻറയിന്റെ വിജയം] ക്രിസ്‌ത്യാനിത്വത്തെ സത്വരം രാഷ്‌ട്രത്തിന്റെ മതമെന്നനിലയിൽ സ്ഥാപിക്കുന്നതിൽ കലാശിച്ചില്ല. സാമ്രാജ്യത്തിന്റെ പൊതുവായ ആരാധനാസമ്പ്രദായങ്ങളിൽ ഒന്നായി ക്രിസ്‌ത്യാനിത്വത്തെ അംഗീകരിക്കുന്നതിൽ കോൺസ്‌ററൻറയിൻ സംതൃപ്‌തനായിരുന്നു. അടുത്ത എഴുപതു വർഷത്തേക്കു പഴയ പുറജാതിമതാനുഷ്‌ഠാനങ്ങൾ റോമിൽ ഔദ്യോഗികമായി ആചരിച്ചുപോന്നിരുന്നു.”
അതുകൊണ്ട് ഈ ഘട്ടത്തിൽ “ക്രിസ്‌ത്യാനിത്വം” റോമാസാമ്രാജ്യത്തിൽ ഒരു നിയമാനുസൃത മതമായിരുന്നു. അത്, പദത്തിന്റെ സമ്പൂർണമായ അർഥത്തിൽ, ഔദ്യോഗിക ദേശീയ മതമായിത്തീർന്നത് എപ്പോഴായിരുന്നു? നാം ന്യൂ കാത്തലിക്ക് എൻസൈക്ലോപീഡിയായിൽ ഇങ്ങനെ വായിക്കുന്നു: “ജൂലിയൻ [പൊ.യു. 361-363] ഒഴികെ [കോൺസ്‌ററൻറയ്‌നിന്റെ] പിൻഗാമികൾ അദ്ദേഹത്തിന്റെ നയം തുടർന്നു. ജൂലിയന്റെ മരണം ക്രിസ്‌ത്യാനിത്വത്തിന്റെ പീഡനത്തിനു സത്വരം അറുതി വരുത്തി. ഒടുവിൽ, നാലാം നൂററാണ്ടിന്റെ അവസാനപാദത്തിൽ മഹാനായ തിയോഡോസിയസ് [പൊ.യു. 379-395] ക്രിസ്‌ത്യാനിത്വത്തെ സാമ്രാജ്യത്തിലെ ഔദ്യോഗിക മതമാക്കുകയും പരസ്യമായ പുറജാതിയാരാധനയെ അടിച്ചമർത്തുകയും ചെയ്‌തു.”
ഇതിനെ സ്ഥിരീകരിച്ചുകൊണ്ടും ഈ പുതിയ ദേശീയമതം എന്തായിരുന്നെന്നു വെളിപ്പെടുത്തിക്കൊണ്ടും ബൈബിൾ പണ്ഡിതനും ചരിത്രകാരനുമായ എഫ്. ജെ. ഫോക്‌സ് ജാക്‌സൻ ഇങ്ങനെ എഴുതി: “കോൺസ്‌ററൻറയിനു കീഴിൽ ക്രിസ്‌ത്യാനിത്വവും റോമാ സാമ്രാജ്യവും സഖ്യത്തിലായിരുന്നു. തിയോഡോസിയസിനു കീഴിൽ അവ ഏകീകൃതരായി. . . . അതുമുതലിങ്ങോട്ടു കത്തോലിക്കർ എന്ന നാമധേയം പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും തുല്യ ഭക്തിയോടെ ആരാധിക്കുന്നവർക്കു മാത്രമായി നീക്കിവെക്കപ്പെടേണ്ടിയിരുന്നു. ഈ ചക്രവർത്തിയുടെ സമ്പൂർണ മതനയം ഈ ലക്ഷ്യത്തിലേക്കു തിരിച്ചുവിടപ്പെട്ടിരുന്നു, കത്തോലിക്കാ വിശ്വാസം റോമാക്കാരുടെ ഒരേയൊരു നിയമാനുസൃത മതമായിത്തീരുന്നതിൽ കലാശിക്കുകയും ചെയ്‌തു.”
“തിയോഡോസിയസ്, പുറജാതിമതങ്ങളെ എതിർത്തുനിൽക്കുമ്പോൾത്തന്നെ, ഓർത്തഡോക്‌സ് [കത്തോലിക്കാ] സഭയ്‌ക്ക് അനുകൂലമായും പ്രവർത്തിച്ചു; പൊ.യു. 380-ലെ അദ്ദേഹത്തിന്റെ ശാസനം ഡമാസസ് പാപ്പായുടെയും അലക്‌സാണ്ട്രിയായിലെ [ത്രിത്വവിശ്വാസ] ബിഷപ്പിന്റെയും വിശ്വാസം ഏററുപറയാൻ എല്ലാ പ്രജകളോടും ആജ്ഞാപിക്കുകയും വിയോജിച്ചവർക്ക് ആരാധനാസ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്‌തു. കോൺസ്‌ററാൻറിനോപ്പിളിലെ വലിയ കൗൺസിൽ (381) എല്ലാ പാഷണ്ഡതകളെയും വീണ്ടും അപലപിച്ചു, ഒരു ബിഷപ്പും അവയെ പിന്തുണക്കില്ലെന്നു ചക്രവർത്തി ഉറപ്പാക്കി. നിഖ്യാ [ത്രിത്വവിശ്വാസ] ക്രിസ്‌ത്യാനിത്വം യഥാർഥത്തിൽ രാഷ്‌ട്രമതമായിത്തീർന്നിരുന്നു . . . സഭ രാഷ്‌ട്രവുമായി ദൃഢമായി ഏകീകരിക്കപ്പെടുകയും അതിന്റെ സമ്പൂർണ പിന്തുണ ആസ്വദിക്കുകയും ചെയ്‌തു”വെന്നു ഷാൻറാം പലാംഗ് എഴുതി.
അതുകൊണ്ട്, റോമാ സാമ്രാജ്യത്തിന്റെ ദേശീയമതമായിത്തീർന്നത് അപ്പോസ്‌തലൻമാരുടെ നാളിലെ മായംചേർത്ത ക്രിസ്‌ത്യാനിത്വമായിരുന്നില്ല. അതു തിയോഡോസിയസ് I-ാമൻ ചക്രവർത്തി ശക്തിയുപയോഗിച്ച് അടിച്ചേൽപ്പിച്ചതും റോമൻ കത്തോലിക്കാ സഭയാൽ ആചരിക്കപ്പെട്ടതുമായ നാലാം നൂററാണ്ടിലെ ത്രിത്വവിശ്വാസ കത്തോലിക്കാമതമായിരുന്നു, വാസ്‌തവത്തിൽ അത് അന്നും ഇന്നും ഈ ലോകത്തിന്റെ ഒരു ഭാഗംതന്നെ.
[കടപ്പാട്]
Emperor Theodosius I: Real Academia de la Historia, Madrid (Foto Oronoz)
[8-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Scala/Art Resource, N.Y.