വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിരോധനത്തിൻ കീഴിൽ ബൈബിൾ സാഹിത്യങ്ങൾ അച്ചടിക്കൽ

നിരോധനത്തിൻ കീഴിൽ ബൈബിൾ സാഹിത്യങ്ങൾ അച്ചടിക്കൽ

നിരോധനത്തിൻ കീഴിൽ ബൈബിൾ സാഹിത്യങ്ങൾ അച്ചടിക്കൽ

മാൽക്കം ജി. വെയ്‌ൽ പറഞ്ഞ പ്രകാരം

കുട്ടികൾ [Children] പുസ്‌തകം അച്ചടിക്കുക.” രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ആസ്‌ട്രേലിയയിലുള്ള യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ മേൽവിചാരകനിൽനിന്നു വിസ്‌മയിപ്പിക്കുന്ന ഈ നിർദേശം എനിക്കു ലഭിച്ചു. ഐക്യനാടുകളിലെ മിസോറിയയിൽ നടന്ന കൺവെൻഷനിൽ 1941 ഓഗസ്‌ററ്‌ 10-ാം തീയതി നടത്തിയ ഈ പുസ്‌തകത്തിന്റെ പ്രകാശനത്തിനുശേഷം അൽപ്പം കഴിഞ്ഞായിരുന്നു അത്‌. എന്തുകൊണ്ടായിരുന്നു നിർദേശം വിസ്‌മയകരമായിരുന്നത്‌?

കൊള്ളാം, 1941 ജനുവരിയിൽ ഞങ്ങളുടെ പ്രസംഗവേല നിരോധിക്കപ്പെട്ടിരുന്നു, തൻമൂലം പരിമിതമായ വിധത്തിൽപ്പോലും തുടർന്നുള്ള അച്ചടി ഒരു വെല്ലുവിളിയാകുമായിരുന്നു. കൂടാതെ, മുഴുവർണ ചിത്രങ്ങൾ സഹിതം 384 പേജുകളുള്ള ഒരു പുസ്‌തകമായിരുന്നു കുട്ടികൾ. ഞങ്ങളുടെ അച്ചടി ഉപകരണങ്ങൾ മെച്ചപ്പെടുത്തേണ്ടതാവശ്യമായിരുന്നു, കടലാസ്‌ ദുർലഭമായിരുന്നു, ബയൻറിട്ട പുസ്‌തകങ്ങൾ ഉൽപ്പാദിപ്പിക്കാൻ ജോലിക്കാർക്കു പരിശീലനവും ലഭിച്ചിരുന്നില്ല.

നിരോധനത്തിൻ കീഴിൽ അച്ചടിക്കുന്നതിൽ ഞങ്ങൾ എപ്രകാരം വിജയിച്ചു എന്നു വിവരിക്കുന്നതിനു മുമ്പ്‌ ആസ്‌ട്രേലിയൻ ബ്രാഞ്ചിനോടുള്ള ബന്ധത്തിൽ അച്ചടിപ്രവർത്തനങ്ങളുടെ മേൽവിചാരകനായി ഞാൻ സേവിക്കാനിടയായത്‌ എങ്ങനെയെന്നു പറയട്ടെ.

ആദിമ പശ്ചാത്തലം

വിക്‌ടോറിയായിലെ ബല്ലാരററ്‌ എന്ന സമ്പന്നനഗരത്തിൽ എന്റെ പിതാവിന്‌ ഒരു അച്ചടിസ്ഥാപനം ഉണ്ടായിരുന്നു. അവിടെയായിരുന്നു 1914-ൽ ഞാൻ ജനിച്ചത്‌. ഡാഡിയുടെ അച്ചടിശാലയിൽ ജോലി ചെയ്‌തുകൊണ്ട്‌ ഞാൻ അച്ചടിത്തൊഴിൽ പഠിച്ചു. പള്ളികളിലെ ഗാനാലാപസംഘത്തിൽ പാടിക്കൊണ്ടും പള്ളിമണികൾ അടിച്ചുകൊണ്ടും ആംഗ്ലിക്കൻ സഭയുടെ പ്രവർത്തനങ്ങളിലും ഞാൻ ഉൾപ്പെട്ടിരുന്നു. സൺഡേസ്‌കൂളിൽ പഠിപ്പിക്കാനുള്ള അവസരം പോലും ഭാവിയിൽ ലഭിക്കുമായിരുന്നു, എന്നാൽ അതിൽ ഞാൻ അസ്വസ്ഥനായിരുന്നു.

സഭയുടെ ചില പഠിപ്പിക്കലുകളെക്കുറിച്ച്‌ എനിക്കുണ്ടായിരുന്ന ഗൗരവമായ സംശയങ്ങളായിരുന്നു കാരണം. ത്രിത്വം, നരകാഗ്നി, മനുഷ്യ ദേഹിയുടെ അമർത്ത്യത എന്നിവ അതിലുൾപ്പെട്ടിരുന്നു, ആരും എനിക്കു തൃപ്‌തികരമായ ഉത്തരം തന്നില്ല. തങ്ങളെത്തന്നെ യഹോവയുടെ സാക്ഷികളെന്നു വിളിച്ചിരുന്ന ഒരു ചെറിയ മതസമൂഹത്തെക്കുറിച്ചു ഞങ്ങളുടെ ശുശ്രൂഷകൻ ദേഷ്യത്തോടെ ഇടക്കിടെ സംസാരിച്ചിരുന്നതും എന്നെ അന്ധാളിപ്പിച്ചു. അത്തരത്തിലുള്ള ഒരു അപ്രധാന സമൂഹം 40,000 ആളുകളുള്ള ഒരു നഗരത്തിന്‌ ഇതുപോലുള്ള ഉത്‌ക്കണ്‌ഠയ്‌ക്ക്‌ എങ്ങനെ കാരണമാകും എന്നു ഞാൻ അത്ഭുതപ്പെട്ടു.

ഒരു ഞായറാഴ്‌ച, സായാഹ്ന ശുശ്രൂഷക്കുശേഷം ഞാൻ പള്ളിക്കു വെളിയിൽ നിൽക്കുമ്പോൾ അടുത്തുള്ള മെതഡിസ്‌ററ്‌ സഭയിൽനിന്ന്‌ ഒരു കൂട്ടം പെൺകുട്ടികൾ കടന്നുപോയി. അവരിലൊരാളുമായി ഞാൻ സൗഹൃദത്തിലായി. അവളുടെ പേർ ലൂസി എന്നായിരുന്നു, കാലക്രമത്തിൽ അവൾ എന്നെ അവളുടെ മാതാപിതാക്കളെ കാണാൻ വീട്ടിലേക്കു ക്ഷണിച്ചു. അവളുടെ അമ്മ, വീരാ ക്ലോഗൻ, യഹോവയുടെ സാക്ഷികളിൽ ഒരുവളാണെന്നു ഞാൻ മനസ്സിലാക്കിയപ്പോഴുള്ള എന്റെ ആശ്ചര്യത്തെപ്പററി ഒന്നു ചിന്തിച്ചുനോക്കുക. ഞങ്ങൾ സജീവമായ പല ബൈബിൾ ചർച്ചകളും നടത്തി, അവർ പറഞ്ഞതു ന്യായമായി തോന്നി.

താമസിയാതെ, ലൂസിയും ഞാനും വിവാഹിതരായി, 1939 ആയപ്പോഴേക്കും ഞങ്ങൾ വിക്‌ടോറിയായുടെ തലസ്ഥാനമായ മെൽബോണിൽ താമസമാക്കി. ലൂസി യഹോവയുടെ ഒരു സാക്ഷിയായിത്തീർന്നെങ്കിലും ഞാൻ അപ്പോഴും തീരുമാനത്തിലെത്തിയിരുന്നില്ല. എന്നിരുന്നാലും ആ വർഷം സെപ്‌ററംബറിൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഞാൻ തിരുവെഴുത്തുകളിൽനിന്നു പഠിച്ചതിനെക്കുറിച്ചു സഗൗരവം ചിന്തിക്കാൻ തുടങ്ങി. ആയിരത്തിത്തൊള്ളായിരത്തിനാൽപ്പത്തൊന്നു ജനുവരിയിലെ യഹോവയുടെ സാക്ഷികളുടെ വേലയിൻമേലുള്ള നിരോധനം ഒരു തീരുമാനമെടുക്കാൻ വാസ്‌തവത്തിൽ എന്നെ സഹായിച്ചു. എന്റെ ജീവിതം ഞാൻ യഹോവയാം ദൈവത്തിനു സമർപ്പിക്കുകയും അതിനുശേഷം താമസിയാതെ സ്‌നാപനമേൽക്കുകയും ചെയ്‌തു.

ഞങ്ങളുടെ ജീവിതത്തിലെ നാടകീയ മാററങ്ങൾ

ആ സമയത്തു മെൽബോണിൽ സുഖപ്രദമായ ഒരു അപ്പാർട്ടുമെൻറ്‌ ഞങ്ങൾ വാടകക്കെടുത്തിരുന്നു. എന്നിരുന്നാലും ഏറെ താമസിയാതെ മററുപല സാക്ഷികളോടൊപ്പം ഒരു വീട്ടിലേക്കു താമസം മാററുവാൻ ഞങ്ങൾ ക്ഷണിക്കപ്പെട്ടു. കിടക്കമുറിയിലെ സാധനങ്ങളൊഴികെ ഞങ്ങളുടെ ഗൃഹോപകരണങ്ങളെല്ലാം വിററിട്ടു ഞങ്ങൾ പയനിയർഹോം എന്നുവിളിക്കുന്ന ഒരു വീട്ടിലേക്കു താമസം മാററി. അച്ചടിക്കാരനായുള്ള ജോലി ഞാൻ തുടരുകയും അങ്ങനെ വീട്ടു ചെലവുകൾക്കു സംഭാവന ചെയ്യാൻ സാധിക്കുകയും ചെയ്‌തു. ഭർത്താക്കൻമാരായുള്ള മററുള്ളവരും അതുതന്നെ ചെയ്‌തു. തത്‌ഫലമായി ഭാര്യമാർക്കു മുഴുസമയ പ്രസംഗവേലയിൽ പങ്കെടുക്കാനും കഴിഞ്ഞു, സായാഹ്നങ്ങളിലും വാരാന്തങ്ങളിലും പുരുഷൻമാരായ ഞങ്ങൾ സുവിശേഷ വേലയിലും ക്രിസ്‌തീയ യോഗങ്ങളിലും അവരോടുകൂടെ ചേർന്നു.

കുറച്ചു നാളുകൾക്കുശേഷം, സിഡ്‌നിയിലേക്കു വരാൻ ഞങ്ങളെ ക്ഷണിച്ചുകൊണ്ടു വാച്ച്‌ ടവർ സൊസൈററിയുടെ ബ്രാഞ്ച്‌ ഓഫീസിൽനിന്നു എനിക്കും ഭാര്യക്കും എഴുത്തു ലഭിച്ചു. കിടക്കമുറി സാധനങ്ങൾ വിററുകൊണ്ടു ഞങ്ങൾക്കുണ്ടായിരുന്ന കുറച്ചു കടമെല്ലാം തീർത്തു. എന്നാൽ സിഡ്‌നിയിലേക്കുള്ള ഞങ്ങളുടെ തീവണ്ടി യാത്രക്കുള്ള പണം ലഭിക്കാൻ ലൂസിയുടെ വിവാഹമോതിരം വിൽക്കേണ്ടിവന്നു!

യുദ്ധകാല നിയന്ത്രണങ്ങളും ആയിടെ ഏർപ്പെടുത്തിയ നിരോധനവും ഹേതുവായി ബൈബിളോ ബൈബിൾ സാഹിത്യങ്ങളോ വിദേശത്തുനിന്ന്‌ ഇറക്കുമതി ചെയ്യാൻ കഴിയുമായിരുന്നില്ല. ഇക്കാരണത്താൽ ആസ്‌ട്രേലിയൻ ബ്രാഞ്ച്‌ ഓഫീസ്‌ ആത്മീയ ഭക്ഷണത്തിന്റെ ഒഴുക്കു നിലനിർത്താൻവേണ്ടി രഹസ്യ അച്ചടി പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചു, വേലക്കു മേൽനോട്ടം വഹിക്കാൻ എന്നെ ക്ഷണിച്ചു. സ്‌കോട്ട്‌ലണ്ടുകാരനായ ജോർജ്‌ ഗിബിനോടൊപ്പം ജോലി ചെയ്യാൻ എനിക്കു പദവിയുണ്ടായി, അദ്ദേഹം ആസ്‌ട്രേലിയൻ ബ്രാഞ്ചിന്റെ അച്ചടിശാലയിൽ ഏതാണ്ട്‌ 60 വർഷത്തോളം സേവനമനുഷ്‌ഠിച്ചു. *കുട്ടികൾ പുസ്‌തകം അച്ചടിക്കുക” എന്ന നിർദേശം എനിക്കു ലഭിച്ചത്‌ അപ്പോഴായിരുന്നു.

അച്ചടി ഉപകരണങ്ങൾ വീണ്ടെടുക്കൽ

ആ സംഭവബഹുലമായ യുദ്ധവർഷങ്ങളിൽ ഞങ്ങൾക്കുണ്ടായ അനുഭവങ്ങളിൽ പലതും ആവേശജനകവും ചിലപ്പോൾ ഭയാനകവുമായിരുന്നു. ഉദാഹരണത്തിന്‌, അച്ചടിപ്രവർത്തനങ്ങൾ തുടങ്ങാൻ ഞങ്ങൾക്ക്‌ ഉപകരണങ്ങൾ ആവശ്യമായിരുന്നു. യുദ്ധത്തിനു മുമ്പുള്ള വർഷങ്ങളിൽ ചെറിയ തോതിലുള്ള അച്ചടി നിർവഹിക്കാൻ ആദ്യം ഞങ്ങൾ ഉപയോഗിച്ചിരുന്നതു ഗവൺമെൻറ്‌ അധികാരികൾ പിടിച്ചെടുത്തിരുന്നു, ഇപ്പോൾ സൊസൈററിയുടെ ചെറിയ അച്ചടിശാല പൂട്ടി കാവൽനിൽക്കുകയായിരുന്നു. രഹസ്യ അച്ചടിക്ക്‌ അനുയോജ്യമായ സ്ഥലങ്ങളിലേക്ക്‌ ആ ഉപകരണം ഞങ്ങൾക്ക്‌ എങ്ങനെ കൊണ്ടുപോകാൻ കഴിയുമായിരുന്നു?

സൊസൈററിയുടെ വസ്‌തുവിൽ സായുധ കാവൽക്കാർ മാറിമാറി 24 മണിക്കൂറും കാവൽ നിന്നു. എന്നിരുന്നാലും വല്ലപ്പോഴും മാത്രം ഉപയോഗമുള്ള ഒരു റെയിൽപ്പാതയോടു ചേർന്നായിരുന്നു പിൻമതിലുകളിൽ ഒന്നു നിന്നിരുന്നത്‌. അതുകൊണ്ട്‌ യെഹെസ്‌കേൽ 12:5-7-നെ അനുസ്‌മരിപ്പിക്കുന്ന പ്രവർത്തനരീതികൾ ഉപയോഗിച്ചുകൊണ്ടു രാത്രിയിൽ ചില സമർഥരായ ബെഥേൽ ജോലിക്കാർ ഏതാനും ഇഷ്ടികകൾ മാററി മതിലിലൂടെ അകത്തു കടന്നു. അകത്തു കടന്നശേഷം അതു കണ്ടുപിടിക്കുന്നത്‌ ഒഴിവാക്കാൻ ഇളക്കിമാററിയ ഇഷ്ടികകൾ യഥാസ്ഥാനത്തു തിരികെ വെക്കുമായിരുന്നു. രണ്ടാഴ്‌ചയോളം രാത്രിയിൽ ഇങ്ങനെ അതിക്രമിച്ചു കയറിക്കൊണ്ട്‌ അവർ ശ്രദ്ധാപൂർവം ചെറിയ അച്ചടിയന്ത്രമായ ലിനോടൈപ്പിന്റെയും മററുചില യന്ത്രങ്ങളുടെയും ഭാഗങ്ങൾ അഴിച്ചുവേർപെടുത്തി. എന്നിട്ട്‌, ഡ്യൂട്ടിയിൽ നിൽക്കുന്ന ഭടൻമാരുടെ കൺമുമ്പിൽത്തന്നെ, അവർ ശബ്ദമുണ്ടാക്കാതെ കഷണങ്ങൾ പുറത്തുകടത്തി!

കാലക്രമത്തിൽ മററ്‌ ഉറവിടങ്ങളിൽനിന്നു കൂടുതലായ ഉപകരണങ്ങൾ ഞങ്ങൾക്കു ലഭിച്ചു, താമസിയാതെ സിഡ്‌നിയിലുടനീളം വ്യത്യസ്‌ത സ്ഥലങ്ങളിൽ ഞങ്ങൾ രഹസ്യ അച്ചടി പ്രവർത്തനം ഊർജിതമായിത്തന്നെ നടത്തി. അങ്ങനെ കുട്ടികൾ പുസ്‌തകം മാത്രമല്ല, പുതിയ ലോകം (The New World), “സത്യം നിങ്ങളെ സ്വതന്ത്രമാക്കും” (The Truth Shall Make You Free), രാജ്യം സമീപിച്ചിരിക്കുന്നു (The Kingdom Is At Hand) എന്നിവയും, കൂടാതെ 1942, 1943, 1944, 1945 എന്നീ വർഷങ്ങളിലെ യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകവും (Yearbooks of Jehovah’s Witnesses) ഞങ്ങൾക്ക്‌ അച്ചടിച്ചു ബയൻറു ചെയ്യാൻ കഴിഞ്ഞു. മാത്രവുമല്ല, ആ യുദ്ധവർഷങ്ങളിലെ നിരോധനകാലത്ത്‌ ആസ്‌ട്രേലിയയിലെങ്ങുമുള്ള യഹോവയുടെ സാക്ഷികൾക്ക്‌ ഒരിക്കലും വീക്ഷാഗോപുരത്തിന്റെ ഒററപ്രതി പോലും നഷ്ടമായില്ല. യഹോവയുടെ കരം ഒരിക്കലും കുറുകിപ്പോയിട്ടില്ലെന്നു വളരെ വ്യക്തിപരമായ വിധത്തിൽ ഇതു ഞങ്ങൾക്കു വീണ്ടും ഉറപ്പേകി.—യെശയ്യാവു 59:1.

അപ്രതീക്ഷിത സന്ദർശനങ്ങളെ നേരിടൽ

കർശനമായ യുദ്ധകാല സെൻസർഷിപ്പിന്റെ കാലഘട്ടത്തിനിടയിൽ കൂടെക്കൂടെ ഗവൺമെൻറ്‌ ഉദ്യോഗസ്ഥൻമാർ വാണിജ്യാടിസ്ഥാനത്തിലുള്ള അച്ചടിശാലകൾ അപ്രതീക്ഷിതമായി സന്ദർശിച്ച്‌ അച്ചടിക്കുന്നതെന്തെന്നു പരിശോധിച്ചിരുന്നു. അതുകൊണ്ടു ഞങ്ങളുടെ രഹസ്യ അച്ചുകൂടങ്ങളിൽ ഒന്നിൽ ഒരു മുന്നറിയിപ്പിൻ ഉപകരണം ഘടിപ്പിച്ചു, അതായത്‌ റിസപ്‌ഷനിസ്‌ററിന്‌ അനായാസം പ്രവർത്തിപ്പിക്കാൻ കഴിയുന്ന തറയിലെ ഒരു ബട്ടൺ. സഹോദരിക്കു തിരിച്ചറിയാൻ പററാത്തതോ ഇൻസ്‌പെക്ടറെന്നു സംശയിക്കുന്നതോ ആയ ആരെങ്കിലും ഗോവണി കയറിവരുമ്പോൾ, അവർ ബട്ടൺ അമർത്തും.

ബട്ടൺ അമർത്തിയാൽപ്പിന്നെ ഓരോരുത്തരും ജനാലകളിലൂടെ സകല ദിശയിലേക്കും ഓടിമറയുന്നത്‌ ഒന്നു കാണേണ്ട കാഴ്‌ചതന്നെയായിരുന്നു! വീക്ഷാഗോപുരം മാസികകളുടെയോ മററു ബൈബിൾ സാഹിത്യങ്ങളുടെയോ അച്ചടിച്ച താളുകൾ പെട്ടെന്ന്‌ ഒളിപ്പിക്കാൻ തൊഴിലാളികളായി രജിസ്‌ററർ ചെയ്‌തിരുന്ന ജോലിക്കാർ പിന്നിൽ തങ്ങി. ഇങ്ങനെ ചെയ്യുന്നതിന്‌ അവർ മററു വ്യാപാര ഇടപാടുകാർക്കു വേണ്ടി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പ്രസിദ്ധീകരണങ്ങളുടെ അതേ വലുപ്പത്തിലുള്ള അച്ചടിച്ചതാളുകൾ ഉപയോഗിക്കുമായിരുന്നു.

അത്തരമൊരു സന്ദർശനസമയത്ത്‌ രണ്ടു ഇൻസ്‌പെക്ടർമാർ വലിയ കോമിക്‌സ്‌ താളുകളിൻമേൽ ഇരുന്നു, എന്നാൽ അതിനടിയിലായിരുന്നു തലേ രാത്രിയിൽ അച്ചടിച്ച വീക്ഷാഗോപുരം മാസികയുടെ താളുകൾ ഉണ്ടായിരുന്നത്‌. നഗരത്തിന്റെ മറെറാരു ഭാഗത്തുള്ള ഒരു അച്ചടിശാലയിൽ, പകൽസമയം ഞങ്ങൾ വാണിജ്യാടിസ്ഥാനത്തിലുള്ള അച്ചടി നിർവഹിക്കുകയും രാത്രിയിലും വാരാന്തങ്ങളിലും വാച്ച്‌ടവർ പ്രസിദ്ധീകരണങ്ങൾ അച്ചടിക്കുകയും ചെയ്‌തുപോന്നു.

ഞങ്ങളുടെ കടലാസിന്റെ ആവശ്യം നിറവേററൽ

അച്ചടിക്കാൻ കടലാസു വാങ്ങുന്നത്‌ ഒരു വലിയ പ്രശ്‌നമായിരുന്നു. ഏതായാലും, യുദ്ധകാലത്തു ബിസിനസ്‌ കുറഞ്ഞുപോയതുകൊണ്ട്‌, തങ്ങളുടെ കടലാസ്‌ ക്വോട്ടാ മുഴുവൻ ആവശ്യമില്ലാത്ത ചില വലിയ അച്ചടിശാലക്കാർ തങ്ങൾക്കു മിച്ചമുണ്ടായിരുന്നതു വിൽക്കാൻ സന്നദ്ധരായിരുന്നു—തീർച്ചയായും എല്ലായ്‌പോഴും വർധിച്ച വിലയ്‌ക്കു തന്നെ. എന്നിരുന്നാലും, ഒരു സന്ദർഭത്തിൽ ഞങ്ങൾക്കു മറെറാരു ഉറവിൽനിന്നു കടലാസ്‌ കിട്ടി.

ആസ്‌ട്രേലിയയിലേക്കു വന്ന ഒരു ചരക്കു കപ്പലിൽ വലിയ അളവിൽ ബ്രൗൺ പേപ്പർ കയററിയിരുന്നു. എന്നാൽ കപ്പലിനു കടലിൽ കേടുപററുകയും കടലാസിന്റെ അധികഭാഗത്തും വെള്ളം ഊറിയിറങ്ങുകയും ചെയ്‌തു. ആ ചരക്കു മുഴുവൻ ലേലത്തിനു വെച്ചു. ഞങ്ങൾ അതിശയിച്ചുപോകുമാറ്‌, ലേലത്തിൽ പങ്കെടുക്കാൻ ചെന്നവർ ഞങ്ങൾ മാത്രമായിരുന്നു. അതു വളരെ താഴ്‌ന്ന വിലയ്‌ക്കു കടലാസ്‌ വാങ്ങാൻ ഞങ്ങളെ പ്രാപ്‌തരാക്കി. ഞങ്ങൾ വെയിലത്തിട്ടു കടലാസ്‌ ഉണക്കി, അങ്ങനെ അധികഭാഗവും വീണ്ടെടുത്തു. അനന്തരം ഞങ്ങളുടെ പ്രസ്സിനു യോജിക്കുന്ന ഷീററുകളായി അതു മുറിച്ചെടുത്തു.

ഞങ്ങൾക്കു ബ്രൗൺ പേപ്പർ എങ്ങനെ ഉപയോഗിക്കാൻ കഴിയുമായിരുന്നു? കോമിക്‌ ബുക്ക്‌ വായനക്കാർ നിറമുള്ള പേപ്പറിൽ അടിച്ചാലും കോമിക്കുകൾ ആസ്വദിക്കുമെന്നു ഞങ്ങൾ ശരിയായിത്തന്നെ നിഗമനം ചെയ്‌തു. അങ്ങനെ, ഞങ്ങൾ കോമിക്‌ ബുക്ക്‌സ്‌ അടിക്കാൻ അനുവദിച്ചുകിട്ടിയ വെള്ളക്കടലാസ്‌ വീക്ഷാഗോപുരവും സൊസൈററിയുടെ മററു പ്രസിദ്ധീകരണങ്ങളും അച്ചടിക്കാൻ ഉപയോഗിച്ചു.

സ്‌ത്രീകളുടെ പ്രധാന പങ്ക്‌

യുദ്ധവർഷങ്ങളിൽ ആസ്‌ട്രേലിയയിലെ പല ക്രിസ്‌തീയ സ്‌ത്രീകളും ബയൻറു ചെയ്യുന്ന ജോലി പഠിച്ചു. ഒരു അത്യുഷ്‌ണ വേനൽക്കാലത്ത്‌ ഉച്ചതിരിഞ്ഞ്‌ അവരിൽ ചിലർ തനിച്ചു സിഡ്‌നിയുടെ പ്രാന്തപ്രദേശത്തെ ഒരു ഇടവഴിയിൽ വാടകക്കെടുത്ത ഒരു ചെറിയ ഗാരേജിൽ ജോലി ചെയ്യുകയായിരുന്നു. സുരക്ഷാ കാരണങ്ങളാൽ അവർ എല്ലാ ജനാലകളും വാതിലുകളും അടച്ചിരുന്നു. പശകുറുക്കുന്ന പാത്രങ്ങൾ ചൂടും ഗന്ധവുമുള്ള പുക വമിച്ചു, ഉഷ്‌ണം മിക്കവാറും ദുസ്സഹമായി. അതിനാൽ അവർ അടിവസ്‌ത്രങ്ങളൊഴിച്ച്‌ എല്ലാം ഉരിഞ്ഞു.

പെട്ടെന്നായിരുന്നു വാതിലിൽ ഒരു മുട്ടു കേട്ടത്‌. ക്രിസ്‌തീയ സഹോദരിമാർ ആരാണതെന്നു വിളിച്ചു ചോദിച്ചു, ഒരു ഗവൺമെൻറ്‌ തൊഴിൽകാര്യ ഉദ്യോഗസ്ഥനായിരുന്നു ഉത്തരം പറഞ്ഞത്‌. അദ്ദേഹം തൊഴിലാളികളെ ആവശ്യമുണ്ടായിരുന്ന ഇടങ്ങളിലേക്കു വ്യക്തികളെ പറഞ്ഞയക്കാൻ യുദ്ധകാല അധികാരങ്ങളുണ്ടായിരുന്ന ഒരു ഡിപ്പാർട്ടുമെൻറിൽനിന്നായിരുന്നു വന്നത്‌. ഉഷ്‌ണം ഹേതുവായി തങ്ങൾ അടിവസ്‌ത്രം മാത്രം ധരിച്ചുകൊണ്ടു ജോലി ചെയ്യുന്നതിനാൽ അദ്ദേഹത്തെ ഉടനെ അകത്തേക്കു വരാൻ അനുവദിക്കാനാകില്ലെന്നു സഹോദരിമാർ ഉറക്കെ വിളിച്ചു പറഞ്ഞു.

ഉദ്യോഗസ്ഥൻ അൽപ്പനേരത്തേക്കു മൗനമവലംബിച്ചു; എന്നിട്ട്‌ ആ സ്ഥലത്തുതന്നെ മറെറാരിടത്ത്‌ അയാൾക്കു പോകേണ്ടതുണ്ടെന്ന്‌ അദ്ദേഹം വിളിച്ചുപറഞ്ഞു. പരിശോധന നടത്താൻ പിറേറ ദിവസം തിരിച്ചുവരുമെന്ന്‌ അദ്ദേഹം പറഞ്ഞു. ഉടൻ തന്നെ ഈ സഹോദരിമാർ ഞങ്ങൾക്കു ഫോൺ ചെയ്‌തു, ആ ബയൻറിംഗ്‌ ശാലയിൽ ബയൻറ്‌ ചെയ്‌തുകൊണ്ടിരുന്ന സകലതും എടുത്തു മറെറാരു സ്ഥലത്തേക്കു മാററാൻവേണ്ടി ആ രാത്രിയിൽ ഒരു ട്രക്ക്‌ അയച്ചു.

ഞങ്ങളുടെ രഹസ്യ അച്ചടിയിലേർപ്പെട്ടിരുന്നവരിൽ മിക്കവർക്കും അച്ചടി വ്യവസായത്തിൽ മുൻകാല പ്രവൃത്തിപരിചയം ഇല്ലായിരുന്നു, അതുകൊണ്ട്‌ അതുവരെ പൂർത്തീകരിച്ചതുവെച്ചു നോക്കുമ്പോൾ, യഹോവയുടെ ആത്മാവ്‌ ആവശ്യമായ സഹായവും മാർഗനിർദേശവും പ്രദാനം ചെയ്‌തുവെന്നതിന്‌ എന്റെ മനസ്സിൽ ഒരു സംശയവും ഇല്ലായിരുന്നു. ബയൻഡിംഗ്‌ശാലയിൽ അച്ചുകൂടത്തിൽ സേവനമനുഷ്‌ഠിച്ച്‌ അതിന്റെയെല്ലാം ഭാഗമാകാൻ കഴിഞ്ഞത്‌ എനിക്കും ഭാര്യ ലൂസിക്കും മഹത്തായ ഒരു പദവിയായിരുന്നു.

ആ പരിശോധനാ കാലങ്ങളിൽ എങ്ങനെയായിരുന്നു ഞങ്ങളുടെ വേലയുടെ ഭരണം നിർവഹിക്കപ്പെട്ടത്‌? യഹോവയുടെ സാക്ഷികളുടെ താത്‌കാലിക ബ്രാഞ്ച്‌ മേൽവിചാരകനു ഗവൺമെൻറിൽനിന്ന്‌ ഒരു നിരോധനാജ്ഞ ലഭിച്ചിരുന്നു. അത്‌ അദ്ദേഹത്തോടു സിഡ്‌നിക്കു വെളിയിൽ ഏകദേശം 100 കിലോമീററർ അകലെയുള്ള ഒരു പട്ടണത്തിൽ താമസിക്കാൻ ആവശ്യപ്പെട്ടു. പട്ടണത്തിന്റെ ഹൃദയഭാഗത്തുനിന്ന്‌ 8 കിലോമീററർ വ്യാസാർധത്തിനു വെളിയിലേക്കു സഞ്ചരിക്കുന്നതിൽനിന്നു പ്രസ്‌തുത ആജ്ഞ അദ്ദേഹത്തെ വിലക്കി. ഗ്യാസൊലിൻ ഒരു കാറിനു മാസം നാലു ലിററർ എന്ന തോതിൽ റേഷനായിരുന്നു. എന്നാൽ സഹോദരൻമാർ ഗ്യാസുത്‌പ്പാദക യന്ത്രം എന്നറിയപ്പെടുന്ന ഒരു നാടൻ സംവിധാനം—കാറിന്റെ പിൻഭാഗത്തു കയററിവെക്കാവുന്ന അര ടണ്ണോളം ഭാരം വരുന്ന സിലിണ്ടർപോലുള്ള തകരവീപ്പ—വികസിപ്പിച്ചെടുത്തു. ഇതിൽ കരിക്കട്ട കത്തിച്ച്‌ ഇന്ധനമെന്നനിലയിൽ കാർബൺ മോണോക്‌സൈഡ്‌ ഉത്‌പാദിപ്പിച്ചു. മേൽവിചാരകനെ അദ്ദേഹത്തിന്റെ പ്രവാസനഗരത്തിന്‌ അടുത്തുള്ള ഒരു വരണ്ട നദീമുഖത്തുവെച്ചു കാണാൻവേണ്ടി മററ്‌ ഉത്തരവാദപ്പെട്ട സഹോദരൻമാരും ഞാനും എല്ലാ ആഴ്‌ചയിലും മിക്കരാത്രിയിലും ഇത്‌ ഉപയോഗിച്ചു യാത്ര ചെയ്‌തു. അങ്ങനെ ഗ്യാസുത്‌പാദക യന്ത്രം വീണ്ടും നിറക്കുന്നതിനും അതിരാവിലെ സിഡ്‌നിയിലേക്കു തിരിച്ചുപോരുന്നതിനും മുമ്പു ഞങ്ങൾക്കു പല സംഗതികൾ ചർച്ച ചെയ്യാൻ സാധിച്ചു.

ഒടുവിൽ, യഹോവയുടെ സാക്ഷികളുടെമേലുള്ള നിരോധനം ആസ്‌ട്രേലിയൻ ഹൈക്കോടതിയുടെ മുമ്പാകെ വന്നു. നിരോധനം “സ്വേച്ഛാപരവും ചപലവും മർദകവും” ആണെന്നു ജഡ്‌ജി പ്രഖ്യാപിക്കുകയും രാജ്യദ്രോഹപരമായ ഏതു പ്രവർത്തനം സംബന്ധിച്ചും യഹോവയുടെ സാക്ഷികളെ പൂർണമായും കുററവിമുക്തരാക്കുകയും ചെയ്‌തു. മുഴുഹൈക്കോടതിയും ഈ വിധിയെ പിന്താങ്ങിയതുകൊണ്ടു ഞങ്ങൾക്കു ഞങ്ങളുടെ നിയമാനുസൃത രാജ്യപ്രവർത്തനങ്ങൾ തുടരാൻ ഒളിവിൽനിന്നു പുറത്തു വരാൻ കഴിഞ്ഞു.

കൂടുതലായ നിയമനങ്ങളും അനുഗ്രഹങ്ങളും

യുദ്ധാനന്തരം ഞങ്ങളുടെ രഹസ്യ അച്ചടി പ്രവർത്തനങ്ങളിൽ പങ്കെടുത്ത പലരും പയനിയർ ശുശ്രൂഷയിൽ പ്രവേശിച്ചു. അവരിൽ ചിലർ പിന്നീടു ന്യൂയോർക്കിലെ വാച്ച്‌ടവർ ബൈബിൾ ഗിലെയാദ്‌ സ്‌കൂളിലേക്കു പോയി. ലൂസിക്കും എനിക്കും ആ ലക്ഷ്യം മനസ്സിലുണ്ടായിരുന്നു, എന്നാൽ ഞങ്ങൾക്ക്‌ ഒരു പെൺകുഞ്ഞു ജനിക്കുകയും ഞാൻ അച്ചടി വ്യവസായത്തിലേക്കു തിരിച്ചുപോകാൻ തീരുമാനിക്കുകയും ചെയ്‌തു. രാജ്യതാത്‌പര്യങ്ങൾ ഒന്നാം സ്ഥാനത്തു വെക്കാൻ യഹോവ എല്ലായ്‌പോഴും ഞങ്ങളെ സഹായിക്കണമേ എന്നു ഞങ്ങൾ പ്രാർഥിച്ചു, അവിടുന്നു സഹായിച്ചുമിരിക്കുന്നു. പിൻവരുന്ന പ്രകാരം ഞാൻ ശുശ്രൂഷയുടെ മറെറാരു നിയമനത്തിൽ ഉൾപ്പെട്ടു.

ന്യൂയോർക്കിലെ ബ്രുക്‌ളിനിൽ ഉള്ള യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ ഒരംഗമായി ഇപ്പോൾ സേവനമനുഷ്‌ഠിക്കുന്ന ലോയ്‌ഡ്‌ ബാരി എന്നെ ഒരിക്കൽ ടെലിഫോണിൽ വിളിച്ചു. ആ കാലത്ത്‌ അദ്ദേഹം സിഡ്‌നിയിൽ ഒരു സഞ്ചാര മേൽവിചാരകനായിരുന്നു. ഞങ്ങളുടെ അടുത്ത അസംബ്ലിയുടെ തീയതി ഓർക്കുന്നോ എന്ന്‌ അദ്ദേഹം എന്നോടു ചോദിച്ചു. ഓർക്കുന്നു എന്നു പറഞ്ഞപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “താങ്കൾ ഭക്ഷണകാര്യങ്ങളുടെ മേൽനോട്ടം വഹിക്കണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.”

നിമിഷനേരത്തേക്ക്‌ അത്ഭുതസ്‌തബ്ധനായെങ്കിലും തെല്ലു ദൗർബല്യത്തോടെ ഞാൻ ഇപ്രകാരം പറഞ്ഞു: “പക്ഷേ ഞാൻ എന്റെ ജീവിതത്തിൽ അത്തരത്തിലെന്തെങ്കിലും ഒരിക്കലും ചെയ്‌തിട്ടില്ല.”

“കൊള്ളാം, സഹോദരാ, ഇപ്പോഴാണ്‌ അതൊക്കെ പഠിക്കാനുള്ള സമയം” എന്ന്‌ അദ്ദേഹം നിസ്സാരമട്ടിൽ മറുപടി പറഞ്ഞു. ഞാൻ പഠിക്കുകതന്നെ ചെയ്‌തു, 40 വർഷത്തിലധികം വലിയ സമ്മേളനങ്ങളിൽപ്പോലും ഭക്ഷണ കാര്യാദികളുടെ മേൽവിചാരണയുടെ പദവി എനിക്കു തുടർന്നു ലഭിച്ചുകൊണ്ടിരുന്നു.

വർഷങ്ങളിലൂടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഞങ്ങളുടെ അച്ചടിസ്ഥാപനം വികസിച്ചു, ഇതു പല വിദേശ ബിസിനസ്‌ യാത്രകളും ആവശ്യമാക്കിത്തീർത്തു. ഐക്യനാടുകളിൽ ന്യൂയോർക്കു നഗരത്തിലും മററുള്ളടങ്ങളിലും സാർവദേശീയ കൺവെൻഷനുകളുടെ തീയതികളുമായി ഞാൻ ഇവയെ എപ്പോഴും ബന്ധിപ്പിച്ചു. വിവിധ കൺവെൻഷൻ ഡിപ്പാർട്ടുമെൻറുകളുടെ, വിശേഷിച്ചു ഭക്ഷണ കാര്യാദികളുടെ, മേൽനോട്ടമുള്ളവരോടുകൂടെ സമയം ചെലവഴിക്കാനും ഇത്‌ എനിക്ക്‌ അവസരമൊരുക്കി. അങ്ങനെ ആസ്‌ട്രേലിയയിൽ തിരിച്ചുവന്നപ്പോൾ ഞങ്ങളുടെ കൺവെൻഷനുകളിലെ ആവശ്യങ്ങൾക്കുവേണ്ടി എനിക്കു മെച്ചമായി സേവിക്കാൻ സാധിച്ചു.

ഞങ്ങൾക്കു പ്രായമേറിവരുന്നതോടെ, ഞങ്ങൾ ജനിച്ചതു കുറച്ചു നാളുകൾ കൂടി കഴിഞ്ഞായിരുന്നെങ്കിൽ ഇതിലും കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയുമായിരുന്നോ എന്ന്‌ ലൂസിയും ഞാനും ചിലപ്പോഴൊക്കെ വിചാരിക്കാറുണ്ട്‌. മറിച്ച്‌, യഥാക്രമം 1916-ലും 1914-ലും ജനിച്ചതിനാൽ, ഞങ്ങളുടെ ദൃഷ്ടികൾക്കു മുമ്പാകെ ബൈബിൾ പ്രവചനങ്ങളുടെ ചുരുൾ അഴിയുന്നതു കാണാൻ കഴിഞ്ഞത്‌ ഒരു അത്ഭുതകരമായ പദവിയായി ഞങ്ങൾ കരുതുന്നു. അനേകം ആളുകളുമായി അധ്യയനം നടത്താനും സത്യം പഠിക്കാൻ അവരെ സഹായിക്കാനും സ്‌നാപനമേററ ശുശ്രൂഷകരെന്നനിലയിൽ അവർ അവിടുത്തെ സേവിക്കുന്നതു കാണാനും സാധിച്ചതിൽ ഞങ്ങൾക്കുണ്ടായ അനുഗ്രഹങ്ങൾക്കു ഞങ്ങൾ യഹോവക്കു നന്ദി പറയുന്നു. അഖിലാണ്ഡത്തിന്റെ വലിയ പരമാധികാരിയാം ഭരണാധികാരി എന്നനിലയിൽ എല്ലായ്‌പോഴും അവിടുത്തെ അംഗീകരിച്ചുകൊണ്ട്‌ അനന്തമായ കാലത്തേക്ക്‌ അവിടുത്തെ സേവിക്കുന്നതിൽ തുടരാൻ ഞങ്ങൾക്കു കഴിയേണമേ എന്നാണു ഞങ്ങളുടെ പ്രാർഥന.

[അടിക്കുറിപ്പ്‌]

^ ആയിരത്തിത്തൊള്ളായിരത്തെഴുപത്തെട്ടു സെപ്‌ററംബർ, 15-ലെ വീക്ഷാഗോപുരം (Watchtower), 24-7-വരെയുള്ള പേജുകൾ കാണുക.

[29-ാം പേജിലെ ചിത്രങ്ങൾ]

സ്‌ട്രാറ്റ്‌ഫീൽഡ്‌ ബെഥേലിലെ അച്ചടിസ്ഥാപനം, 1929-73

പിൻവശത്തെ മതിലിലൂടെ പുറത്തേക്കു കടത്തിക്കൊണ്ടുവന്ന പ്രസ്സുകളിലൊന്നിന്റെ അരികെ ജോർജ്‌ ഗിബ്‌ നിൽക്കുന്നു