ബേർ-ശേബ—ഒരു കിണർ ജീവനെ അർഥമാക്കിയ സ്ഥലം
വാഗ്‌ദത്തദേശത്തുനിന്നുള്ള രംഗങ്ങൾ
ബേർ-ശേബ—ഒരു കിണർ ജീവനെ അർഥമാക്കിയ സ്ഥലം
“ദാൻമുതൽ ബേർ-ശേബവരെ”. ബൈബിൾ വായനക്കാർക്കു പരിചിതമായ ഒരു ശൈലിയാണത്. അതു വടക്കെ അതിരിനടുത്തുള്ള ദാൻമുതൽ തെക്കു ബേർ-ശേബവരെയുള്ള മുഴു ഇസ്രയേലിനെയും വർണിക്കുന്നു. ശലോമോന്റെ സമാധാനവാഴ്‌ച ഇപ്രകാരം ചിത്രീകരിക്കപ്പെട്ടു: “ശലോമോന്റെ കാലത്തൊക്കെയും യെഹൂദയും യിസ്രായേലും ദാൻമുതൽ ബേർ-ശേബവരെയും ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിൻ കീഴിലും നിർഭയം വസിച്ചു.”—1 രാജാക്കൻമാർ 4:25; ന്യായാധിപൻമാർ 20:1.
എന്നിരുന്നാലും ദാനും ബേർ-ശേബയും തമ്മിലുള്ള അന്തരത്തിൽ പരസ്‌പരമുള്ള അകലത്തെക്കാൾ കൂടുതൽ ഉൾപ്പെട്ടു. ഉദാഹരണത്തിന്, ദാൻനു ധാരാളം മഴ ലഭിച്ചിരുന്നു; യോർദാൻ നദിയുടെ മുഖ്യ ജലസ്രോതസുകളിലൊന്നു രൂപംകൊള്ളാൻ തക്കവണ്ണം, വലത്തെ ചിത്രത്തിൽ കാണുന്നപോലെ, നിലത്തുനിന്നു ജലം ഒഴുകിയെത്തിയിരുന്നു. ബേർ-ശേബ എത്ര വ്യത്യസ്‌തമായിരുന്നു, എന്തുകൊണ്ടെന്നാൽ അതു വരണ്ട ഒരു സ്ഥലത്തു കടൽത്തീരത്തിനും ചാവുകടലിന്റെ തെക്കെ അററത്തിനും മധ്യേ സ്ഥിതിചെയ്‌തിരുന്നു.
ബേർ-ശേബയുടെ മേഖലയിൽ വാർഷിക മഴ പതിനഞ്ചുമുതൽ ഇരുപതുവരെ സെ.മീ. മാത്രമായിരുന്നു. അതറിഞ്ഞുകൊണ്ട്, ബേർ-ശേബയിലെ കുന്നിന്റെ അല്ലെങ്കിൽ മൺകൂനയുടെ മുകളിലത്തെ ചിത്രം ശ്രദ്ധിക്കുക. * നിങ്ങൾ കാണുന്ന പച്ചനിറം ശൈത്യകാലത്തെ പരിമിത മഴയ്‌ക്കുശേഷം ബേർ-ശേബക്കു ചുററുമുള്ള വയലുകൾ അല്‌പകാലത്തേക്കു പച്ചയായിരിക്കുന്ന സമയത്ത് എടുത്ത ചിത്രമാണെന്നു സൂചിപ്പിക്കുന്നു. അടുത്തുള്ള സമതലങ്ങൾ ധാന്യ വിളകൾക്ക് ഉത്തമമായിരുന്നു—ഇപ്പോഴുമാണ്.
സ്ഥലം വരണ്ടതായതുകൊണ്ടു ബേർ-ശേബയെക്കുറിച്ചുള്ള ബൈബിൾ രേഖകൾ കിണറുകൾക്കും ജലത്തിന്റെ ഉപയോഗാവകാശങ്ങൾക്കും ഊന്നൽകൊടുക്കുന്നു. കുറെക്കൂടെ തെക്കുള്ള വിജന മരുഭൂമികൾ കടന്നുപോകുന്ന പാതകൾക്കോ സാർഥവാഹകസംഘ പാതയ്‌ക്കോ അടുത്തായി പ്രസ്‌തുത നഗരം സ്ഥിതിചെയ്‌തിരുന്നു. നിങ്ങൾക്കു വിഭാവന ചെയ്യാവുന്നതുപോലെ, കടന്നുപോകുന്നതോ ഇവിടെ തങ്ങുന്നതോ ആയ യാത്രക്കാർക്കും അവരുടെ മൃഗങ്ങൾക്കും വെള്ളം ആവശ്യമാണ്. അതിനുള്ള ജലം, ദാനിലെപ്പോലെ, നിലത്തുനിന്നു കുമിളിച്ചുപൊന്തി വന്നില്ല, എന്നാൽ അതു കിണറുകളിൽനിന്നു ലഭിക്കുമായിരുന്നു. വാസ്‌തവത്തിൽ, ഹെബ്രായ വാക്കായ ബേർ ഭൂഗർഭജലം വലിച്ചെടുക്കാനുള്ള ഒരു കുഴിയെയോ ഒരു ദ്വാരത്തെയോ പരാമർശിച്ചു. ബേർ-ശേബയുടെ അർഥം “ശപഥത്തിന്റെ കിണർ” അല്ലെങ്കിൽ “ഏഴിന്റെ കിണർ” എന്നാണ്.
ബേർ-ശേബയിലും പരിസരത്തുമായി അബ്രാഹാമും അദ്ദേഹത്തിന്റെ കുടുംബവും ദീർഘനാൾ പാർത്തു, കിണറുകളുടെ പ്രാധാന്യം അവർ മനസ്സിലാക്കി. സാറായുടെ ഭൃത്യ ഹാഗാർ മരുഭൂമിയിലേക്ക് ഓടിപ്പോയപ്പോൾ കിണറുകളിൽനിന്നോ അവയുപയോഗിക്കുന്ന, സീനായ് ഉപദ്വീപിലെ ഒരു കിണററിൽനിന്നു വെള്ളം കോരുന്നതായി അടുത്തപേജിൽ മുകളിൽ കാണുന്ന അറബിക്കുറവിയെപ്പോലെയുള്ളവരിൽനിന്നോ വെള്ളം എടുക്കാൻ അവൾ ഉദ്ദേശിച്ചിരിക്കാം. പിന്നീട് അബ്രാഹാം ഉല്‌പത്തി 21:19.
ഹാഗാറിനെ അവളുടെ നിന്ദകനായ മകനോടൊപ്പം ഇറക്കിവിടേണ്ടിവന്നപ്പോൾ അദ്ദേഹം ദയാപൂർവം വെള്ളവും സംഭരിച്ചുകൊടുത്തു. അതു തീർന്നപ്പോൾ എന്തു സംഭവിച്ചു? “ദൈവം അവളുടെ കണ്ണു തുറന്നു; അവൾ ഒരു നീരുറവ കണ്ടു, ചെന്നു തുരുത്തിയിൽ വെള്ളം നിറച്ചു ബാലനെ കുടിപ്പിച്ചു.”—അബ്രാഹാമിനു ഹാഗാറിന്റെ തുരുത്തിയിൽ നിറക്കാൻ വെള്ളം കിട്ടിയത് എവിടെനിന്നായിരുന്നു? ഒരുപക്ഷേ അദ്ദേഹം ഒരു പിചുലവൃക്ഷം നട്ടതിനടുത്തു കുഴിച്ചിരുന്ന കിണറിൽനിന്ന്. (ഉല്‌പത്തി 21:25-33) അബ്രാഹാം പിചുലവൃക്ഷം തിരഞ്ഞെടുത്തതിന്റെ അനുയോജ്യത ശാസ്‌ത്രജ്ഞൻമാർ ഇപ്പോൾ മനസ്സിലാക്കുന്നെന്നു പറയാൻ കഴിയും, എന്തുകൊണ്ടെന്നാൽ ഈ മരത്തിനു ഈർപ്പം ഒട്ടും നഷ്ടപ്പെടുത്താത്ത ചെറിയ ഇലകളാണുള്ളത്. അതുകൊണ്ട് ഈ മേഖലയിലെ വരൾച്ചയിലും അവയ്‌ക്കു തഴച്ചുവളരാൻ കഴിയും.—താഴത്തെ ചിത്രം കാണുക.
അബ്രാഹാം ഒരു കിണിറു കുഴിച്ചതിനെപ്പററി സൂചിപ്പിച്ചിരിക്കുന്നത് അദ്ദേഹവും ഒരു ഫെലിസ്‌ത്യൻ രാജാവുമായുള്ള തർക്കത്തോടുള്ള ബന്ധത്തിലാണ്. വെള്ളത്തിന്റെ പൊതു ദൗർലഭ്യതയും ഒരു ആഴക്കിണർ കുഴിക്കാൻ ആവശ്യമായിവരുന്ന അധ്വാനവും ഹേതുവായി കിണർ ഒരു വിലപിടിച്ച സ്വത്തായിരുന്നു. വാസ്‌തവത്തിൽ, അന്ന് അനുവാദമില്ലാതെ ഒരു കിണർ ഉപയോഗിക്കുന്നത് സ്വത്തവകാശത്തിൻമേലുള്ള ഒരു കടന്നാക്രമണമായിരുന്നു.—സംഖ്യാപുസ്‌തകം 20:17, 19 താരതമ്യപ്പെടുത്തുക.
നിങ്ങൾ ടെൽ ബേർ-ശേബ സന്ദർശിക്കുകയാണെങ്കിൽ നിങ്ങൾക്കു ദക്ഷിണ-പൂർവ ചരിവിലുള്ള ഒരു ആഴക്കിണറിന്റെ ഉള്ളിലേക്കു കുനിഞ്ഞുനോക്കാനാകും. ഉറച്ച പാറയും (താഴെ കാണുന്ന) അതിന്റെ മുകൾഭാഗവും ആദ്യമായി എപ്പോൾ വെട്ടിക്കുഴിച്ചിട്ടു കല്ലുകൾകൊണ്ടു മുകൾഭാഗം ബലിഷ്‌ഠമാക്കിയെന്ന് ആർക്കും അറിയില്ല. ആധുനിക പുരാവസ്‌തു ശാസ്‌ത്രജ്ഞൻമാർ 30 മീററർ അടിയിലേക്കു തെളിച്ചിറങ്ങിയെങ്കിലും അടിത്തട്ടിൽ എത്തിയില്ല. അവരിൽ ഒരാൾ ഇപ്രകാരം അഭിപ്രായപ്പെട്ടു: “ഈ കിണർ ആയിരുന്നു . . . അബ്രാഹാമും അബീമേലെക്കും ഉടമ്പടി ചെയ്‌ത ‘ശപഥത്തിന്റെ കിണർ’ എന്നു നിഗമനം ചെയ്യാൻ പ്രേരണ തോന്നുന്നു.”—ബിബ്ലിക്കൽ ആർക്കെയോളജി റിവ്യൂ.
വ്യക്തമായും ബൈബിൾ കാലഘട്ടത്തിൽ ബേർ-ശേബ വൻവാതിലുകളാൽ പ്രതിരോധിക്കപ്പെട്ട ഒരു നഗരമായിത്തീർന്നുകൊണ്ടു വളർന്നു വലുതായി. എന്നാൽ അതിന്റെ അസ്‌തിത്വത്തിനും വിജയത്തിനുമുള്ള ഒരു താക്കോൽ ആഴക്കിണറിൽനിന്നുള്ള ജീവൽപ്രധാനമായ വെള്ളമായിരുന്നു.
[അടിക്കുറിപ്പ്]
^ ടെൽ ബേർ-ശേബയുടെ കൂടുതൽ വിശാലമായ വീക്ഷണത്തിന്, യഹോവയുടെ സാക്ഷികളുടെ 1993-ലെ കലണ്ടർ (ഇംഗ്ലീഷ്) കാണുക.
[24-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Pictorial Archive (Near Eastern History) Est.
[25-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Pictorial Archive (Near Eastern History) Est.