വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തോടുള്ള ബന്ധത്തിൽ ജ്ഞാനത്തോടെ നടക്കൽ

ലോകത്തോടുള്ള ബന്ധത്തിൽ ജ്ഞാനത്തോടെ നടക്കൽ

ലോകത്തോടുള്ള ബന്ധത്തിൽ ജ്ഞാനത്തോടെ നടക്കൽ

“പുറത്തുള്ളവരോടു ജ്ഞാനത്തോടെ പെരുമാറുവിൻ.”—കൊലൊസ്സ്യർ 4:5.

1. ആദിമ ക്രിസ്‌ത്യാനികൾ എന്തിനെ അഭിമുഖീകരിച്ചു, കൊലൊസ്സ്യയിലെ സഭയ്‌ക്കു പൗലോസ്‌ എന്തു ബുദ്ധ്യുപദേശം നൽകി?

 “റോമാ ലോകത്തിലെ നഗരങ്ങളിൽ ജീവിച്ചിരുന്ന ആദിമ ക്രിസ്‌ത്യാനികൾ വിഗ്രഹാരാധനയെയും അധാർമിക ഉല്ലാസം തേടലിനെയും പുറജാതീയ ആചാരനുഷ്‌ഠാനങ്ങളെയും നിരന്തരം അഭിമുഖീകരിച്ചിരുന്നു. പശ്ചിമ-മധ്യ ഏഷ്യാമൈനറിലെ ഒരു നഗരമായ കൊലൊസ്സ്യയിൽ ജീവിച്ചിരുന്നവർ, നിസ്സംശയമായും, ദേവമാതാവിന്റെ ആരാധനയെയും തദ്ദേശവാസികളായ ഫ്രൈജിയക്കാരുടെ ആത്മവിദ്യയെയും ഗ്രീക്ക്‌ കുടിയേററക്കാരുടെ പുറജാതീയ തത്ത്വശാസ്‌ത്രത്തെയും യഹൂദക്കോളനിയിലെ യഹൂദസമ്പ്രദായത്തെയും അഭിമുഖീകരിച്ചു. അത്തരക്കാരായ “പുറത്തുള്ളവരോടു ജ്ഞാനത്തോടു പെരുമാറു”വാൻ അപ്പോസ്‌തലനായ പൗലോസ്‌ ക്രിസ്‌തീയ സഭയെ ബുദ്ധ്യുപദേശിച്ചു.—കൊലൊസ്സ്യർ 4:5.

2. യഹോവയുടെ സാക്ഷികൾ ഇന്നു പുറത്തുള്ളവരോടുള്ള ബന്ധത്തിൽ ജ്ഞാനത്തോടെ നടക്കേണ്ടയാവശ്യമുള്ളത്‌ എന്തുകൊണ്ട്‌?

2 ഇന്നു യഹോവയുടെ സാക്ഷികൾ സമാനമായ തെററായ ആചാരങ്ങളെ അതിലധികം പോലും അഭിമുഖീകരിക്കുന്നു. അതുകൊണ്ട്‌ യഥാർഥ ക്രിസ്‌തീയ സഭയ്‌ക്കു പുറത്തുള്ളവരുമായുള്ള അവരുടെ ബന്ധത്തിൽ അവരും ജ്ഞാനം ഉപയോഗിക്കേണ്ടയാവശ്യമുണ്ട്‌. മത-രാഷ്‌ട്രീയ സ്ഥാപനങ്ങളിലും അതോടൊപ്പം മാധ്യമങ്ങളിലുമുള്ള പലരും അവരോട്‌ എതിരാണ്‌. ഇവരിൽ ചിലർ നേരെ അക്രമിക്കുന്നു അല്ലെങ്കിൽ പലപ്പോഴും കുത്തുവാക്കുകൾകൊണ്ടു യഹോവയുടെ സാക്ഷികളുടെ സൽപ്പേരിനെ കളങ്കപ്പെടുത്താനും അവർക്കെതിരെ മുൻവിധി ഉയർത്താനും ശ്രമിക്കുന്നു. മതഭ്രാന്തുപിടിച്ചതും അപകടകരംപോലുമായ “മതവിഭാഗ”മായി ആദിമ ക്രിസ്‌ത്യാനികളെ അന്യായമായി വീക്ഷിച്ചതുപോലെ യഹോവയുടെ സാക്ഷികൾ ഇന്നു കൂടെക്കൂടെ മുൻവിധിക്കും തെററിദ്ധാരണകൾക്കും പാത്രീഭൂതരാണ്‌.—പ്രവൃത്തികൾ 24:14; 1 പത്രൊസ്‌ 4:4.

മുൻവിധിയെ മറികടക്കൽ

3, 4. (എ) സത്യക്രിസ്‌ത്യാനികളെ ലോകം ഒരിക്കലും സ്‌നേഹിക്കുകയില്ലാത്തത്‌ എന്തുകൊണ്ട്‌, എന്നാൽ നാം എന്തു ചെയ്യാൻ പരിശ്രമിക്കണം? (ബി) ഒരു നാസി തടങ്കൽപാളയത്തിൽ ഇട്ടിരുന്ന യഹോവയുടെ സാക്ഷികളെക്കുറിച്ച്‌ ഒരു ഗ്രന്ഥകാരി എഴുതിയത്‌ എന്തായിരുന്നു?

3 യോഹന്നാൻ പറയുന്നപ്രകാരം “ദുഷ്ടന്റെ അധീനതയിൽ കിടക്കുന്ന” ഈ ലോകത്താൽ സ്‌നേഹിക്കപ്പെടാൻ യഥാർഥ ക്രിസ്‌ത്യാനികൾ പ്രതീക്ഷിക്കുന്നില്ല. (1 യോഹന്നാൻ 5:19) എന്നിരുന്നാലും യഹോവക്കും അവിടുത്തെ നിർമലാരാധനക്കും വേണ്ടി വ്യക്തികളെ നേടുന്നതിനു പരിശ്രമിക്കാൻ ബൈബിൾ ക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു. നേരിട്ടുള്ള സാക്ഷീകരണത്താലും നമ്മുടെ നല്ല പെരുമാററത്താലും നാം ഇതു ചെയ്യുന്നു. അപ്പോസ്‌തലനായ പത്രോസ്‌ ഇങ്ങനെ എഴുതി: “വിജാതിയരുടെ ഇടയിൽ മാന്യമായി പെരുമാറുക; ദുർവൃത്തർ എന്ന്‌ അവർ നിങ്ങൾക്കെതിരെ ദൂഷണം പറഞ്ഞാലും കർത്താവിന്റെ ആഗമനനാളിൽ നിങ്ങളുടെ സൽപ്രവൃത്തികൾ കണ്ട്‌ അവർ ദൈവത്തെ മഹത്വപ്പെടുത്തട്ടെ.”—1 പത്രോസ്‌ 2:12, ഓശാന ബൈ.

4 ക്ഷമിക്കുക—എന്നാൽ മറക്കരുത്‌ (ForgiveBut Do Not Forget) എന്ന പുസ്‌തകത്തിൽ അതിന്റെ ഗ്രന്ഥകാരിയായ സിൽവിയ സാൽവെസെൻ നാസി തടങ്കൽപാളയത്തിൽ അവരോടൊപ്പം തടവിലുണ്ടായിരുന്ന സാക്ഷികളായ സ്‌ത്രീകളെക്കുറിച്ച്‌ ഇങ്ങനെ പറഞ്ഞു: “കാത്തെയും മാർഗരെററയും മററുപലരും, അവരുടെ വിശ്വാസത്താൽ മാത്രമല്ല, പ്രായോഗിക സംഗതികളിലും എന്നെ വളരെയധികം സഹായിച്ചു. ഞങ്ങളുടെ മുറിവുകൾ വെച്ചുകെട്ടാനായി അവർ വൃത്തിയുള്ള ആദ്യത്തെ പഴന്തുണി സംഘടിപ്പിച്ചു . . . ചുരുക്കത്തിൽ ഞങ്ങളുടെ നൻമ ആഗ്രഹിച്ച, തങ്ങളുടെ പ്രവൃത്തികളാൽ സൗഹാർദപരമായ വികാരങ്ങൾ പ്രകടമാക്കിയ ജനങ്ങളുടെ മധ്യേ ഞങ്ങൾ സ്വയം കണ്ടെത്തി.” “പുറത്തുള്ളവരിൽ” നിന്ന്‌ എന്തൊരുത്തമ സാക്ഷ്യം!

5, 6. (എ) ഈ സമയത്തു ക്രിസ്‌തു ഏതു വേല നിർവഹിച്ചുകൊണ്ടിരിക്കുന്നു, നാം എന്തു വിസ്‌മരിക്കരുത്‌? (ബി) ലോകത്തിലെ ആളുകളോടുള്ള നമ്മുടെ മനോഭാവം എന്തായിരിക്കണം, എന്തുകൊണ്ട്‌?

5 പുറത്തുള്ളവരോടു നാം പെരുമാറുന്ന ജ്ഞാനപൂർവകമായ വിധത്താൽ മുൻവിധിയെ തകർക്കാൻ നമുക്കു വളരെയധികം ചെയ്യാൻ കഴിയും. വാഴ്‌ചനടത്തുന്ന നമ്മുടെ കർത്താവായ യേശുക്രിസ്‌തു “ഒരു ഇടയൻ ചെമ്മരിയാടുകളെ കോലാടുകളിൽ നിന്നു വേർതിരിക്കുന്നതുപോലെ” ആളുകളെ തമ്മിൽ വേർതിരിക്കുന്ന ഒരു സമയത്താണു നാം ജീവിക്കുന്നത്‌ എന്നതു സത്യം തന്നെ. (മത്തായി 25:32, NW) എന്നാൽ ന്യായാധിപൻ ക്രിസ്‌തുവാണെന്നുള്ളതു ഒരിക്കലും വിസ്‌മരിക്കരുത്‌; “ചെമ്മരിയാട്‌” ആരെന്നും “കോലാട്‌” ആരെന്നും തീരുമാനിക്കുന്നത്‌ അവിടുന്നാണ്‌.—യോഹന്നാൻ 5:22.

6 യഹോവയുടെ സ്ഥാപനത്തിന്റെ ഭാഗമല്ലാത്തവരുടെ നേരെയുള്ള നമ്മുടെ മനോഭാവത്തെ ഇതു സ്വാധീനിക്കണം. ലോകക്കാരെന്നു നാം അവരെക്കുറിച്ചു ചിന്തിച്ചേക്കാം, എന്നാൽ “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്‌കുവാൻ തക്കവണ്ണം” സ്‌നേഹിച്ച മനുഷ്യവർഗ ലോകത്തിന്റെ ഭാഗമാണ്‌ അവർ. (യോഹന്നാൻ 3:16) ആളുകളെ തോന്നിയപോലെ കോലാടുകളെന്നു പരിഗണിക്കാതെ അവരെ ഭാവി ചെമ്മരിയാടുകളായി കരുതുന്നതു വളരെ മെച്ചമാണ്‌. ഒരിക്കൽ സത്യത്തെ ശക്തമായി എതിർത്തവർ ഇപ്പോൾ സമർപ്പിത സാക്ഷികളാണ്‌. നേരിട്ടുള്ള സാക്ഷീകരണത്തോട്‌ അവർ പ്രതികരിക്കുന്നതിനു മുമ്പു കാരുണ്യപ്രവൃത്തികളാലാണ്‌ ഇവരിൽ പലരെയും നേടിയത്‌. ഉദാഹരണത്തിന്‌, 18-ാം പേജിലെ ചിത്രം കാണുക.

തീക്ഷ്‌ണതയുള്ളവരെങ്കിലും കേറി ആക്രമിക്കുന്നവരല്ല

7. പാപ്പാ നടത്തിയ വിമർശനം എന്തായിരുന്നു, എന്നാൽ ഏതു ചോദ്യം നമുക്കു ചോദിക്കാൻ കഴിയും?

7 ജോൺ പോൾ II-ാമൻ പാപ്പാ ഇങ്ങനെ പറഞ്ഞപ്പോൾ മതവിഭാഗങ്ങളെ പൊതുവെയും, യഹോവയുടെ സാക്ഷികളെ പ്രത്യേകിച്ചും വിമർശിക്കുകയായിരുന്നു: “വീടുതോറും പോയി അല്ലെങ്കിൽ തെരുക്കോണുകളിൽ യാത്രക്കാരെ പിടിച്ചുനിർത്തി ചിലയാളുകൾ പുതുവിശ്വാസികളെ കണ്ടെത്താൻ പ്രകടമാക്കുന്ന, മിക്കവാറും കേറി ആക്രമിക്കുന്ന തീക്ഷ്‌ണത അപ്പോസ്‌തലിക-മിഷനറി ശുഷ്‌കാന്തിയുടെ വ്യാജമായ ഒരു വിഭാഗീയ അനുകരണമാണ്‌.” നമ്മുടേതു “അപ്പോസ്‌തലിക-മിഷനറി ശുഷ്‌കാന്തിയുടെ വ്യാജമായ അനുകരണ”മാണെങ്കിൽ എവിടെയാണു യഥാർഥ സുവിശേഷിക്കൽ തീക്ഷ്‌ണത കാണാനുള്ളത്‌? എന്നു ചോദിക്കാവുന്നതാണ്‌. തീർച്ചയായും കത്തോലിക്കരുടെ ഇടയിലല്ല, അതുകൊണ്ടുതന്നെ പ്രൊട്ടസ്‌ററൻറുകാരുടെയോ ഓർത്തഡോക്‌സ്‌ സഭാംഗങ്ങളുടെയോ ഇടയിലുമല്ല.

8. നമ്മുടെ വീടുതോറുമുള്ള സാക്ഷീകരണം നാം എങ്ങനെ നിർവഹിക്കണം, എന്തു ഫലം പ്രതീക്ഷിച്ചുകൊണ്ട്‌?

8 എന്നിരുന്നാലും നമുക്കു സാക്ഷീകരണത്തിൽ ആക്രമണസ്വഭാവമുണ്ടെന്ന വ്യാജാരോപണത്തെ ഖണ്ഡിക്കാൻ, നാം ആളുകളെ സമീപിക്കുമ്പോൾ എല്ലായ്‌പോഴും ദയയും ആദരവും മര്യാദയും ഉള്ളവരായിരിക്കണം. ശിഷ്യനായ യാക്കോബ്‌ ഇങ്ങനെ എഴുതി: “നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ? അവൻ ജ്ഞാനലക്ഷണമായ സൌമ്യതയോടെ നല്ലനടപ്പിൽ തന്റെ പ്രവൃത്തികളെ കാണിക്കട്ടെ.” (യാക്കോബ്‌ 3:13) അപ്പോസ്‌തലനായ പൗലോസ്‌ നമ്മെ “കലഹിക്കാതെ”യിരിക്കുന്നവരാകാൻ പ്രബോധിപ്പിക്കുന്നു. (തീത്തൊസ്‌ 3:2) ഉദാഹരണത്തിന്‌, നാം സാക്ഷീകരിക്കുന്ന ഒരു വ്യക്തിയുടെ വിശ്വാസങ്ങളെ നേരെ കുററപ്പെടുത്തുന്നതിനു പകരം, അയാളുടെ അല്ലെങ്കിൽ അവളുടെ അഭിപ്രായങ്ങളിൽ എന്തുകൊണ്ട്‌ ഒരു ആത്മാർഥ താത്‌പര്യം പ്രകടമാക്കിക്കൂടാ? എന്നിട്ടു ബൈബിളിൽ അടങ്ങിയിരിക്കുന്ന സുവാർത്ത ആ വ്യക്തിയോടു പറയുക. ക്രിയാത്മകമായ ഒരു സമീപനം സ്വീകരിച്ചുകൊണ്ടും ഇതരവിശ്വാസക്കാരോട്‌ ഉചിതമായ ആദരവു പ്രകടമാക്കിക്കൊണ്ടും ശ്രദ്ധിക്കാൻ മെച്ചമായ മനഃസ്ഥിതി കാണിക്കുന്നവരാകാൻ നാം അവരെ സഹായിക്കും, ഒരുപക്ഷേ ബൈബിൾ സന്ദേശത്തിന്റെ മൂല്യം അവർ വിവേചിച്ചറിഞ്ഞേക്കാം. ചിലർ “ദൈവത്തെ മഹത്വപ്പെടുത്താൻ” ഇടയാകുമെന്നതായിരിക്കാം ഫലം.—1 പത്രൊസ്‌ 2:12.

9. പൗലോസ്‌ നൽകിയ ബുദ്ധ്യുപദേശം നമുക്കു ബാധകമാക്കാൻ കഴിയുന്നതെങ്ങനെ (എ) കൊലൊസ്സ്യർ 4:5-ലെ? (ബി) കൊലൊസ്സ്യർ 4:6-ലെ?

9 അപ്പോസ്‌തലനായ പൗലോസ്‌ ഇങ്ങനെ ബുദ്ധ്യുപദേശിച്ചു: “പുറമേയുള്ളവരോടു നിങ്ങൾ വിവേകപൂർവം വർത്തിക്കുവിൻ. സമയം പൂർണ്ണമായും പ്രയോജനപ്പെടുത്തുക.” (കൊളോസോസ്‌ 4:5, പി.ഒ.സി ബൈ.) ഈ അവസാന പദപ്രയോഗത്തെ വിശദീകരിച്ചുകൊണ്ട്‌, ജെ. ബി. ലൈററ്‌ഫൂട്ട്‌ ഇങ്ങനെ എഴുതി: “ദൈവഹിതത്തിന്റെ ഉന്നമനത്തിനായി പറയാനുള്ളതോ ചെയ്യാനുള്ളതോ ആയ അവസരം വഴുതിപ്പോകാൻ അനുവദിക്കാതിരിക്കൽ.” (ചരിച്ചെഴുത്തു ഞങ്ങളുടേത്‌.) അതേ, തക്കസമയത്തു വാക്കുകളാലും പ്രവൃത്തികളാലും നാം തയ്യാറായിരിക്കണം. ദിവസത്തിലെ ഉചിതമായ സമയത്ത്‌ സന്ദർശനം നടത്തുന്നതും അത്തരം ജ്ഞാനത്തിൽ ഉൾപ്പെടുന്നു. നമ്മുടെ സന്ദേശം തിരസ്‌കരിക്കപ്പെടുന്നെങ്കിൽ, ആളുകൾ അതു വിലമതിക്കാത്തതുകൊണ്ടാണോ അതോ സാധ്യതയനുസരിച്ച്‌ അനുചിതമായിരുന്ന ഒരു സമയത്തു നാം സന്ദർശിച്ചതുകൊണ്ടാണോ? “ഓരോരുത്തനോടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്നു അറിയേണ്ടതിന്നു നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ” എന്നുകൂടി പൗലോസ്‌ എഴുതി. (കൊലൊസ്സ്യർ 4:6) ഇതിനു മുൻകൂട്ടിയുള്ള ചിന്തയും അയൽക്കാരനോടുള്ള യഥാർഥ സ്‌നേഹവും ആവശ്യമാണ്‌. രാജ്യസന്ദേശം നമുക്ക്‌ എല്ലായ്‌പോഴും കൃപയോടുകൂടി അവതരിപ്പിക്കാം.

ആദരവുള്ളവരും “സകലസൽപ്രവൃത്തിക്കും ഒരുങ്ങിയിരിക്കുന്നവരും”

10. (എ) ക്രേത്തയിൽ ജീവിച്ചിരുന്ന ക്രിസ്‌ത്യാനികൾക്ക്‌ അപ്പോസ്‌തലനായ പൗലോസ്‌ എന്തു ബുദ്ധ്യുപദേശം നൽകി? (ബി) പൗലോസിന്റെ ബുദ്ധ്യുപദേശം പിൻപററുന്നതിൽ യഹോവയുടെ സാക്ഷികൾ എങ്ങനെ മാതൃകയായിരിക്കുന്നു?

10 ബൈബിൾ തത്ത്വങ്ങളിൽ നമുക്ക്‌ വിട്ടുവീഴ്‌ച ചെയ്യാൻ കഴിയില്ല. മറിച്ച്‌, ക്രിസ്‌തീയ നിർമലത ഉൾപ്പെടാത്ത പ്രശ്‌നങ്ങളെക്കുറിച്ചു നാം അനാവശ്യമായി തർക്കിക്കരുത്‌. അപ്പോസ്‌തലനായ പൗലോസ്‌ ഇങ്ങനെ എഴുതി: “വാഴ്‌ച്ചകൾക്കും അധികാരങ്ങൾക്കും കീഴടങ്ങി അനുസരിപ്പാനും സകലസൽപ്രവൃത്തിക്കും ഒരുങ്ങിയിരിപ്പാനും ആരെക്കൊണ്ടും ദൂഷണം പറയാതെയും കലഹിക്കാതെയും ശാന്തൻമാരായി സകലമനുഷ്യരോടും പൂർണ്ണസൌമ്യത കാണിപ്പാനും അവരെ [ക്രേത്തയിലെ ക്രിസ്‌ത്യാനികളെ] ഓർമ്മപ്പെടുത്തുക.” (തീത്തൊസ്‌ 3:1, 2) ഈ വാക്യത്തെക്കുറിച്ചു ബൈബിൾ പണ്ഡിതനായ ഇ. എഫ്‌. സ്‌കോട്ട്‌ ഇങ്ങനെ എഴുതി: “ക്രിസ്‌ത്യാനികൾ അധികാരികളെ അനുസരിക്കേണ്ടിയിരുന്നെന്നു മാത്രമല്ല, അവർ ഏതു സൽപ്രവൃത്തികൾക്കും ഒരുങ്ങിയിരിക്കയും ചെയ്യണമായിരുന്നു. ആവശ്യമായിവരുന്ന സമയത്തു പൊതുതാത്‌പര്യം പ്രകടിപ്പിക്കുന്നതിൽ ക്രിസ്‌ത്യാനികൾ മുൻപന്തിയിലുള്ളവരിൽ ഉൾപ്പെടണമെന്ന്‌ ഇത്‌ . . . അർഥമാക്കുന്നു. അഗ്നിബാധയും മഹാമാരിയും വിവിധങ്ങളായ ദുരന്തങ്ങളും കൂടെക്കൂടെ ഉണ്ടാകാം.” ലോകമാസകലം ആഞ്ഞടിക്കുന്ന വിപത്തിന്റെ അനേകം ഉദാഹരണങ്ങളുണ്ടായിട്ടുണ്ട്‌, ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നവരുടെയിടയിൽ യഹോവയുടെ സാക്ഷികൾ ആദ്യമുണ്ട്‌. അവരുടെ സഹോദരങ്ങളെ മാത്രമല്ല, പുറത്തുള്ളവരെയും അവർ സഹായിച്ചിട്ടുണ്ട്‌.

11, 12. (എ) അധികാരികളോടു ക്രിസ്‌ത്യാനികൾ എങ്ങനെ പെരുമാറണം? (ബി) രാജ്യഹാളുകൾ പണിയേണ്ടിവരുമ്പോൾ അധികാരികളോടുള്ള കീഴ്‌പ്പെടലിൽ എന്ത്‌ ഉൾപ്പെടുന്നു?

11 തീത്തോസിനുള്ള പൗലോസിന്റെ ലേഖനത്തിൽനിന്നുള്ള ഇതേ വാക്യം അധികാരികളുടെ നേരെ ഒരു ആദരപൂർവമായ മനോഭാവം സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യത്തിനും അടിവരയിടുന്നു. തങ്ങളുടെ നിഷ്‌പക്ഷത ഹേതുവായി ന്യായാധിപൻമാരുടെ മുമ്പാകെ ഹാജരാകുന്ന യുവക്രിസ്‌ത്യാനികൾ പുറത്തുള്ളവരോടു ജ്ഞാനത്തോടെ നടക്കാൻ വിശേഷാൽ കരുതലുള്ളവരായിരിക്കണം. അവരുടെ ആകാരത്താലും പെരുമാററത്താലും അത്തരം അധികാരികളോട്‌ അവർ സംസാരിക്കുന്ന വിധത്താലും യഹോവയുടെ ജനത്തിന്റെ സൽപ്പേരിനു മികവേകാനോ ഹാനിവരുത്താനോ അവർക്കു വളരെയധികം ചെയ്യാൻ കഴിയും. അവൻ “ബഹുമാനം നല്‌കേണ്ടവനു ബഹുമാനം” നൽകുകയും അവരുടെ പ്രതിവാദം ആഴമായ ആദരവോടെ നടത്തുകയും വേണം.—റോമർ 13:1-7 (പി.ഒ.സി ബൈ.); 1 പത്രൊസ്‌ 2:17; 3:15.

12 പ്രാദേശിക ഗവൺമെൻറ്‌ ഉദ്യോഗസ്ഥരും അധികാരങ്ങളിൽ” ഉൾപ്പെടുന്നു. ഇപ്പോൾ കൂടുതൽക്കൂടുതൽ രാജ്യഹാളുകൾ പണിയുന്നുണ്ട്‌, തന്നിമിത്തം പ്രാദേശിക അധികാരികളുമായുള്ള ഇടപെടൽ അനിവാര്യമാണ്‌. പലപ്പോഴും മൂപ്പൻമാർ മുൻവിധിയെ അഭിമുഖീകരിക്കുന്നു. എന്നാൽ അധികാരികളുമായി ഒരു നല്ല ബന്ധം സ്ഥാപിക്കുകയും നഗരാസൂത്രണാധികാരികളുമായി സഹകരിക്കുകയും ചെയ്യുന്ന സഭാ പ്രതിനിധികളുള്ള സ്ഥലങ്ങളിൽ ഈ മുൻവിധിയെ തകർക്കാൻ കഴിയുമെന്നു കണ്ടിരിക്കുന്നു. പലപ്പോഴും യഹോവയുടെ സാക്ഷികളെക്കുറിച്ചും അവരുടെ സന്ദേശത്തെക്കുറിച്ചും മുമ്പ്‌ അറിവില്ലാത്ത ആളുകൾക്ക്‌ ഒരു നല്ല സാക്ഷ്യം നൽകപ്പെടുന്നു.

‘കഴിയുമെങ്കിൽ സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ’

13, 14. റോമിലെ ക്രിസ്‌ത്യാനികൾക്കു പൗലോസ്‌ എന്തു ബുദ്ധ്യുപദേശം നൽകി, പുറത്തുള്ളവരുമായുള്ള നമ്മുടെ ബന്ധത്തിൽ നമുക്കെങ്ങനെ അതു ബാധകമാക്കാൻ കഴിയും?

13 പുറജാതീയ റോമിൽ ജീവിച്ചിരുന്ന ക്രിസ്‌ത്യാനികൾക്ക്‌ അപ്പോസ്‌തലനായ പൗലോസ്‌ പിൻവരുന്ന ബുദ്ധ്യുപദേശം നൽകി: ‘ആർക്കും തിൻമെക്കു പകരം, തിൻമ ചെയ്യാതെ സകലമനുഷ്യരുടെയും മുമ്പിൽ യോഗ്യമായതു മുൻകരുതി, കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ. പ്രിയമുള്ളവരേ, നിങ്ങൾ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിൻ; പ്രതികാരം എനിക്കുള്ളതു; ഞാൻ പകരം ചെയ്യും എന്നു കർത്താവു അരുളിച്ചെയ്യുന്നു, എന്നാൽ “നിന്റെ ശത്രുവിന്നു വിശക്കുന്നു എങ്കിൽ അവന്നു തിൻമാൻ കൊടുക്ക; ദാഹിക്കുന്നു എങ്കിൽ കുടിപ്പാൻ കൊടുക്ക; അങ്ങനെ ചെയ്‌താൽ നീ അവന്റെ തലമേൽ തീക്കനൽ കുന്നിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ. തിൻമയോടു തോല്‌ക്കാതെ നൻമയാൽ തിൻമയെ ജയിക്കുക.’—റോമർ 12:17-21.

14 പുറമേയുള്ളവരുമായുള്ള നമ്മുടെ ബന്ധത്തിൽ സത്യക്രിസ്‌ത്യാനികൾ എന്നനിലയിൽ നാം അവശ്യം എതിരാളികളെ അഭിമുഖീകരിക്കുന്നു. മേൽപ്പറഞ്ഞ വാക്യത്തിൽ, ജ്ഞാനത്തിന്റെ വഴി എതിർപ്പിനെ ദയാപ്രവൃത്തികളാൽ തരണം ചെയ്യാൻ ശ്രമിക്കുന്നതാണെന്നു പൗലോസ്‌ പ്രകടമാക്കുന്നു. കത്തുന്ന കൽക്കരിപോലെ ഈ ദയാപ്രവൃത്തികൾ ശത്രുതയെ ഉരുക്കുകയും എതിരാളിയെ യഹോവയുടെ ജനത്തിന്റെ നേരെ കൂടുതൽ ദയാപൂർവകമായ മനോഭാവം പ്രകടിപ്പിക്കുന്ന ആളാക്കുകയും ചെയ്‌തേക്കാം, ഒരുപക്ഷേ സുവാർത്തയിൽ അയാളുടെ താത്‌പര്യം ഉണർത്തിക്കൊണ്ടുതന്നെ. ഇതു സംഭവിക്കുമ്പോൾ തിൻമയെ നൻമകൊണ്ടു ജയിക്കുന്നു.

15. പുറത്തുള്ളവരോടുള്ള ബന്ധത്തിൽ ജ്ഞാനത്തോടെ നടക്കാൻ ക്രിസ്‌ത്യാനികൾ വിശേഷിച്ചു ശ്രദ്ധാലുക്കളായിരിക്കേണ്ടത്‌ എപ്പോഴാണ്‌?

15 പുറത്തുള്ളവരോടുള്ള ബന്ധത്തിൽ ജ്ഞാനത്തോടെ നടക്കുന്നത്‌ ഒരു വിവാഹപങ്കാളി സത്യം ഇനിയും സ്വീകരിച്ചിട്ടില്ലാത്ത ഭവനങ്ങളിൽ വിശേഷിച്ചും പ്രാധാന്യമുള്ളതാണ്‌. ബൈബിൾ തത്ത്വങ്ങളുടെ ആചരണം കൂടുതൽ മെച്ചപ്പെട്ട ഭർത്താക്കൻമാരെയും കൂടുതൽ മെച്ചപ്പെട്ട ഭാര്യമാരെയും കൂടുതൽ മെച്ചപ്പെട്ട പിതാക്കൻമാരെയും കൂടുതൽ മെച്ചപ്പെട്ട അമ്മമാരെയും കൂടുതൽ അനുസരണയുള്ള, സ്‌കൂളിൽ കൂടുതൽ കഠിനമായി പഠിക്കുന്ന കുട്ടികളെയും ഉളവാക്കുന്നു. വിശ്വാസിയുടെമേൽ ബൈബിൾ തത്ത്വങ്ങൾക്കുള്ള ആരോഗ്യാവഹമായ സ്വാധീനം ഒരു അവിശ്വാസിക്കു കാണാൻ കഴിയണം. അങ്ങനെ ചിലർ “വചനം കൂടാതെ” സമർപ്പിത കുടുംബാംഗങ്ങളുടെ “നടപ്പിനാൽ ചേർന്നുവരുവാൻ ഇടയാകും.”—1 പത്രൊസ്‌ 3:1, 2.

‘എല്ലാവർക്കും നൻമ ചെയ്യുക’

16, 17. (എ) ഏതു യാഗങ്ങളിലാണു ദൈവം നന്നായി പ്രസാദിക്കുന്നത്‌? (ബി) നമ്മുടെ സഹോദരങ്ങളോടും പുറത്തുള്ളവരോടും നാം എപ്രകാരം “നൻമ ചെയ്യ”ണം?

16 നമ്മുടെ അയൽക്കാരനുവേണ്ടി നമുക്കു ചെയ്യാൻ കഴിയുന്ന ഏററവും വലിയ നൻമ അയാൾക്കു ജീവന്റെ സന്ദേശം എത്തിച്ചുകൊടുക്കുകയും യേശുക്രിസ്‌തുവിലൂടെ യഹോവയുമായുള്ള നിരപ്പിനെ സംബന്ധിച്ചു പഠിപ്പിക്കുകയും ചെയ്യുന്നതാണ്‌. (റോമർ 5:8-11) അതുകൊണ്ട്‌ അപ്പോസ്‌തലനായ പൗലോസ്‌ നമ്മോട്‌ ഇപ്രകാരം പറയുന്നു: “അവൻ [ക്രിസ്‌തു] മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏററുപറയുന്ന അധരഫലം എന്ന സ്‌തോത്രയാഗം ഇടവിടാതെ അർപ്പിക്കുക.” (എബ്രായർ 13:15) പൗലോസ്‌ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “നൻമ ചെയ്‌വാനും കൂട്ടായ്‌മ കാണിപ്പാനും മറക്കരുത്‌. ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നത്‌.” (എബ്രായർ 13:16) നമ്മുടെ പരസ്യ സാക്ഷീകരണത്തിനു പുറമെ, “നൻമ ചെയ്‌വാൻ” നാം മറക്കരുത്‌. അതു ദൈവം നന്നായി പ്രസാദിക്കുന്ന യാഗങ്ങളുടെ ഒരു അവിഭാജ്യ ഘടകമാണ്‌.

17 വൈകാരികമായോ ആത്മീയമായോ ശാരീരികമായോ ഭൗതികമായോ ആവശ്യങ്ങളുള്ള നമ്മുടെ ആത്മീയ സഹോദരങ്ങൾക്കു നാം സ്വാഭാവികമായും നൻമ ചെയ്യുന്നു. പൗലോസ്‌ ഇങ്ങനെ എഴുതിയപ്പോൾ അതു സൂചിപ്പിച്ചു: “അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നൻമ ചെയ്‌ക.” (ഗലാത്യർ 6:10; യാക്കോബ്‌ 2:15, 16) എന്നിരുന്നാലും ഈ വാക്കുകൾ നാം മറക്കരുത്‌: “നാം എല്ലാവർക്കും നൻമചെയ്‌ക.” ഒരു ബന്ധുവിനോ അയൽക്കാരനോ സഹജോലിക്കാരനോ ചെയ്‌തുകൊടുക്കുന്ന ഒരു കാരുണ്യപ്രവൃത്തിക്കു നമുക്കെതിരായുള്ള മുൻവിധിയെ തകർക്കാനും വ്യക്തിയുടെ ഹൃദയത്തെ സത്യത്തോടു സ്വീകാര്യക്ഷമതയുള്ളതാക്കാനും വളരെയധികം ചെയ്യാൻ കഴിയും.

18. (എ) ഏത്‌ അപകടങ്ങൾ നാം ഒഴിവാക്കണം? (ബി) നമ്മുടെ പരസ്യ സാക്ഷീകരണ വേലക്കു പിന്തുണയായി ക്രിസ്‌തീയ നൻമയെ നമുക്ക്‌ എങ്ങനെ ഉപയോഗിക്കാം?

18 ഇതു ചെയ്യാൻ, പുറത്തുള്ളവരെ അടുത്ത സുഹൃത്തുക്കളാക്കേണ്ട ആവശ്യമില്ല. അത്തരം സഹവാസങ്ങൾക്ക്‌ അപകട സാധ്യതയുണ്ട്‌. (1 കൊരിന്ത്യർ 15:33) ലോകത്തിന്റെ മിത്രങ്ങളാകാൻ ഉദ്ദേശ്യമില്ല. (യാക്കോബ്‌ 4:4) എന്നാൽ നമ്മുടെ ക്രിസ്‌തീയ നൻമക്കു നമ്മുടെ പ്രസംഗത്തെ പിന്തുണയ്‌ക്കാനാകും. ചില രാജ്യങ്ങളിൽ ആളുകളുമായി അവരുടെ വീട്ടിൽവെച്ചു സംസാരിക്കുന്നതു കൂടുതൽക്കൂടുതൽ ദുഷ്‌കരമായിത്തീരുകയാണ്‌. താമസക്കാരുമായി സമ്പർക്കത്തിലാകുന്നതിൽനിന്നു നമ്മെ തടയുന്ന ഉപകരണങ്ങളെക്കൊണ്ടു ചില അപ്പാർട്ടുമെൻറ്‌ കെട്ടിടങ്ങളെ സംരക്ഷിച്ചിരിക്കുകയാണ്‌. വികസിത രാജ്യങ്ങളിൽ ടെലിഫോൺ പ്രസംഗവേലയ്‌ക്കുള്ള ഒരു മാർഗമാണ്‌. മിക്ക രാജ്യങ്ങളിലും തെരുവു സാക്ഷീകരണം നടത്താൻ കഴിയും. എന്നിരുന്നാലും, സകലരാജ്യങ്ങളിലും മററുള്ളവരോടു പ്രസരിപ്പും മര്യാദയും ദയയും സഹായസന്നദ്ധതയും ഉള്ളവരായിരിക്കുന്നതു മുൻവിധിയെ തകർക്കാനും ഒരു നല്ല സാക്ഷ്യം നൽകാനുമുള്ള അവസരങ്ങൾ തുറന്നു കൊടുക്കുന്നു.

എതിരാളികളെ നിശബ്ദരാക്കൽ

19. (എ) നാം മനുഷ്യരെ പ്രസാദിപ്പിക്കാൻ തുനിയാത്തതിനാൽ നമുക്ക്‌ എന്തു പ്രതീക്ഷിക്കാൻ കഴിയും? (ബി) ദാനീയേലിന്റെ മാതൃക പിൻപററാനും പത്രോസിന്റെ ബുദ്ധ്യുപദേശം ബാധകമാക്കാനും നാം എങ്ങനെ പരിശ്രമിക്കണം?

19 യഹോവയുടെ സാക്ഷികൾ മനുഷ്യരെ പ്രസാദിപ്പിക്കുന്നവരല്ല, മനുഷ്യരെ ഭയപ്പെടുന്നവരുമല്ല. (സദൃശവാക്യങ്ങൾ 29:25; എഫെസ്യർ 6:6) മാതൃകായോഗ്യരായ നികുതിദായകരും നല്ല പൗരൻമാരുമായിരിക്കാനുള്ള എല്ലാ ശ്രമങ്ങളുമുണ്ടായിരുന്നാലും എതിരാളികൾ ദ്വേഷപൂർവകമായ നുണകൾ പരത്തുമെന്നും അവരെക്കുറിച്ചു അനാദരപൂർവം സംസാരിക്കുമെന്നും അവർ നന്നായി തിരിച്ചറിയുന്നു. (1 പത്രൊസ്‌ 3:16) ഇത്‌ അറിഞ്ഞുകൊണ്ട്‌, അവർ ദാനീയേലിനെ അനുകരിക്കാൻ ശ്രമിക്കുന്നു. അദ്ദേഹത്തെക്കുറിച്ചു ശത്രുക്കൾ ഇപ്രകാരം പറഞ്ഞു: “നാം ഈ ദാനീയേലിന്റെ നേരെ അവന്റെ ദൈവത്തിന്റെ ന്യായപ്രമാണം സംബന്ധിച്ചുള്ളതല്ലാതെ മറെറാരു കാരണവും കണ്ടെത്തുകയില്ല.” (ദാനീയേൽ 6:5) മനുഷ്യരെ പ്രസാദിപ്പിക്കാൻ നാം ഒരിക്കലും ബൈബിൾ തത്ത്വങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യില്ല. നേരെമറിച്ചു നാം രക്തസാക്ഷിത്വം അന്വേഷിക്കുന്നില്ല. നാം സമാധാനപരമായി ജീവിക്കാനും “നിങ്ങൾ നൻമ ചെയ്‌തുകൊണ്ടു ബുദ്ധിയില്ലാത്ത മനുഷ്യരുടെ ഭോഷത്വം മിണ്ടാതാക്കേണം എന്നുള്ളതു ദൈവേഷ്ടം ആകുന്നു” എന്ന അപ്പോസ്‌തലിക ബുദ്ധ്യുപദേശം അനുസരിക്കാനും പരിശ്രമിക്കുന്നു.—1 പത്രൊസ്‌ 2:15.

20. (എ) നാം എന്തിനെക്കുറിച്ചു ബോധ്യമുള്ളവരാണ്‌, യേശു നമുക്ക്‌ എന്തു പ്രോത്സാഹനം നൽകി? (ബ) പുറത്തുള്ളവരോടു ജ്ഞാനത്തോടെ നടക്കുന്നതിൽ നമുക്ക്‌ എങ്ങനെ തുടരാനാകും?

20 ലോകത്തിൽനിന്നു വേറിട്ടുനിൽക്കുന്ന നമ്മുടെ നിലപാടു ബൈബിളുമായി പൂർണ യോജിപ്പിലാണെന്നു നമുക്കു ബോധ്യമുണ്ട്‌. ഒന്നാം നൂററാണ്ടിലെ ക്രിസ്‌ത്യാനികളുടെ ചരിത്രം അതിനെ പിന്താങ്ങുന്നു. “ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു” എന്ന യേശുവിന്റെ വാക്കുകളാൽ നാം പ്രോത്സാഹിപ്പിക്കപ്പെടുന്നു. (യോഹന്നാൻ 16:33) നാം ഭയപ്പെടുന്നില്ല. “നിങ്ങൾ നൻമ ചെയ്യുന്നതിൽ ശുഷ്‌കാന്തിയുള്ളവർ ആകുന്നു എങ്കിൽ നിങ്ങൾക്കു ദോഷം ചെയ്യുന്നവൻ ആർ? നീതി നിമിത്തം കഷ്ടം സഹിക്കേണ്ടി വന്നാലും നിങ്ങൾ ഭാഗ്യവാൻമാർ. അവരുടെ ഭീഷണത്തിങ്കൽ ഭയപ്പെടുകയും കുലുങ്ങുകയുമരുത്‌; എന്നാൽ ക്രിസ്‌തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിപ്പിൻ. നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ.” (1 പത്രൊസ്‌ 3:13-15) ഈ വിധത്തിൽ പ്രവർത്തിക്കവെ, നാം പുറത്തുള്ളവരോടു ജ്ഞാനത്തോടെ നടക്കുന്നതിൽ തുടരും.

പുനരവലോകനം

പുറത്തുള്ളവരോടുള്ള ബന്ധത്തിൽ യഹോവയുടെ സാക്ഷികൾ ജ്ഞാനത്തോടെ നടക്കേണ്ടയാവശ്യമുള്ളത്‌ എന്തുകൊണ്ട്‌?

ലോകത്താൽ സ്‌നേഹിക്കപ്പെടാൻ സത്യക്രിസ്‌ത്യാനികൾക്ക്‌ ഒരിക്കലും പ്രതീക്ഷിക്കാൻ കഴിയുകയില്ലാത്തത്‌ എന്തുകൊണ്ട്‌, എന്നാൽ അവർ എന്തു ചെയ്യാൻ ശ്രമിക്കണം?

ലോകത്തിലെ ആളുകളോടുള്ള നമ്മുടെ മനോഭാവം എന്തായിരിക്കണം, എന്തുകൊണ്ട്‌?

നമ്മുടെ സഹോദരങ്ങൾക്കു മാത്രമല്ല പുറത്തുള്ളവർക്കും നാം “നൻമ ചെയ്യേ”ണ്ടത്‌ എന്തുകൊണ്ട്‌?

പുറത്തുള്ളവരോടു നാം ജ്ഞാനത്തോടെ നടക്കുന്നതു നമ്മുടെ പരസ്യ സാക്ഷീകരണ വേലയിൽ നമ്മെ എങ്ങനെ സഹായിച്ചേക്കാം?

[അധ്യയന ചോദ്യങ്ങൾ]

[18-ാം പേജിലെ ചിത്രം]

ഇടത്ത്‌: ഫ്രാൻസിലെ സത്യക്രിസ്‌ത്യാനികൾ ഒരു പ്രളയത്തിനുശേഷം അവരുടെ അയൽക്കാരെ സഹായിക്കുന്നു

[20-ാം പേജിലെ ചിത്രം]

ക്രിസ്‌തീയമായ കാരുണ്യപ്രവൃത്തികൾക്കു മുൻവിധിയെ തകർക്കാൻ വളരെയധികം ചെയ്യാൻ കഴിയും

[23-ാം പേജിലെ ചിത്രം]

ക്രിസ്‌ത്യാനികൾ “സകല സൽപ്രവൃത്തിക്കും ഒരുങ്ങിയിരി”ക്കണം