കുഴപ്പങ്ങൾനിറഞ്ഞ ഒരു ലോകത്തിൽ അവർ സമാധാനം കണ്ടെത്തി
കുഴപ്പങ്ങൾനിറഞ്ഞ ഒരു ലോകത്തിൽ അവർ സമാധാനം കണ്ടെത്തി
ബോസ്നിയ-ഹെർട്സെഗോവിനയിൽനിന്നുള്ള അത്യുഗ്രമായ ഒരു യുദ്ധരംഗമാണ് ഈ മാസികയുടെ പുറംതാൾ ചിത്രീകരിക്കുന്നത്. അത്തരമൊരു സ്ഥലത്തു സമാധാനം ഉണ്ടായിരിക്കാൻ കഴിയുമോ? വിസ്മയാവഹംതന്നെ, കഴിയും എന്നതാണ് ഉത്തരം. ആ ദുരന്തരാജ്യത്തെ റോമൻ കത്തോലിക്കർ, ഈസ്റ്റേൺ ഓർത്തഡോക്സ്, മുസ്ലീം എന്നീ സമുദായക്കാർ പ്രദേശത്തിനുവേണ്ടി കടിപിടികൂടുമ്പോൾ സമാധാനത്തിനായി വാഞ്ഛിക്കുന്നവരായി അനേകരുണ്ട്, ചിലർ അതു കണ്ടെത്തുകയും ചെയ്തിരിക്കുന്നു.
സാരയെവോ നിവാസികളായിരുന്ന ഈ ഡോരം ദമ്പതികൾ യഹോവയുടെ സാക്ഷികളായിരുന്നു. ആ നഗരത്തിലെ എല്ലാ കുഴപ്പങ്ങൾക്കുംമധ്യേ, ദൈവരാജ്യ സുവാർത്ത പങ്കുവെക്കാൻ അവർ തങ്ങളുടെ അയൽക്കാരെ നിരന്തരം സന്ദർശിച്ചുപോന്നു. (മത്തായി 24:14) എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, ദൈവരാജ്യം യാഥാർഥ്യമാണെന്നും അത് ഇതിനോടകംതന്നെ സ്വർഗത്തിൽ സ്ഥാപിതമായിരിക്കുന്നുവെന്നും സമാധാനത്തിനുവേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ ഏറ്റവും നല്ലതും ഒരേ ഒരു പ്രത്യാശയും അതാണെന്നും ഡോരം ദമ്പതികൾക്ക് അറിയാമായിരുന്നു. “സമാധാനത്തിന്റെ സുവാർത്ത” എന്നു പൗലോസ് അപ്പോസ്തലൻ വിളിക്കുന്ന സംഗതിയിൽ യഹോവയുടെ സാക്ഷികൾക്കു പരിപൂർണ വിശ്വാസമുണ്ട്. (എഫേസ്യർ 2:17, NW) ബോസോ ഡോരം, ഹെന ഡോരം എന്നിവരെപ്പോലെയുള്ളവർ നിമിത്തം ബോസ്നിയയിലും ഹെർട്സെഗോവിനയിലും അനേകരും സമാധാനം കണ്ടെത്തുകയാണ്.
വരാനിരിക്കുന്ന യഥാർഥ സമാധാനം
ഡോരം കുടുംബത്തെപ്പറ്റി പറയാൻ ഇനിയുമുണ്ട്. എന്നാൽ ദൈവരാജ്യത്തിൽ വിശ്വാസം വന്ന മറ്റൊരു ദമ്പതികളെ കുറിച്ചു നമുക്ക് ആദ്യം പറയാം. ആർതർ എന്നും അറിന എന്നുമായിരുന്നു അവരുടെ പേരുകൾ. മുൻ സോവിയറ്റ് യൂണിയന്റെ പ്രദേശത്തുള്ള ഒരു റിപ്പബ്ലിക്കിലായിരുന്നു അവരും അവരുടെ യുവാക്കളായ രണ്ടു പുത്രന്മാരും താമസിച്ചിരുന്നത്. ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ, ഒരു പക്ഷത്ത് ആർതറും പോരാടി. എന്നിരുന്നാലും, താമസിയാതെ അദ്ദേഹം സ്വയം ചോദിച്ചു, ‘എന്റെ അയൽക്കാരായിരുന്ന ഈ ആളുകൾക്കെതിരെ ഞാനെന്തിനു പോരാടണം?’ പിന്നെ അദ്ദേഹം രാജ്യം വിട്ടുപോന്നു. അനേകം വിഷമതകൾ സഹിച്ച് തന്റെ കൊച്ചു കുടുംബവുമൊത്ത് എസ്തോണിയയിലെത്തി.
സെൻറ് പീറ്റേഴ്സ്ബർഗിലേക്കുള്ള ഒരു സന്ദർശന സമയത്ത് യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടിയ ആർതർക്കു ദൈവരാജ്യത്തെപ്പറ്റി താൻ മനസ്സിലാക്കിയ കാര്യത്തിൽ മതിപ്പു തോന്നി. വളരെ പെട്ടെന്നുതന്നെ ദൈവരാജ്യം മനുഷ്യവർഗത്തിന്മേലുള്ള ഒരേ ഒരു ഭരണാധിപത്യമായിരിക്കുമെന്നതു യഹോവയുടെ ഇഷ്ടമാണ്. (ദാനീയേൽ 2:44) അപ്പോൾ ഭൂമി ആഭ്യന്തര യുദ്ധങ്ങളോ അന്താരാഷ്ട്ര പോരാട്ടങ്ങളോ ഇല്ലാത്ത സമാധാനപൂർണമായ ഒരു സ്ഥലമായിത്തീരും. ആ സമയത്തെക്കുറിച്ച് യെശയ്യാവു പ്രവചിച്ചത് ഇങ്ങനെയായിരുന്നു: “സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.”—യെശയ്യാവു 11:9.
ബൈബിൾപഠനസഹായിയായ ഒരു പ്രസിദ്ധീകരണത്തിൽനിന്നു ഭാവിയിലെ ആ സമാധാനപൂർണമായ ഭൂമിയെക്കുറിച്ചുള്ള കലാകാരന്റെ ചിത്രം ഒരു സാക്ഷി ആർതർക്കു കാണിച്ചുകൊടുത്തപ്പോൾ, അതുപോലൊരു
സ്ഥലത്തായിരുന്നു താൻ താമസിച്ചിരുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ ഇപ്പോൾ ആ പ്രദേശം ആഭ്യന്തര യുദ്ധത്താൽ താറുമാറായിക്കൊണ്ടിരിക്കുകയാണ്. എസ്തോണിയയിൽ യഹോവയുടെ സാക്ഷികളോടൊത്തുള്ള ബൈബിൾപഠനത്തിലൂടെ ആർതറും കുടുംബവും ദൈവരാജ്യത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ മനസ്സിലാക്കിവരുകയാണ്.കുഴപ്പങ്ങൾക്കുമധ്യേ സമാധാനം
സങ്കീർത്തനം 37:37 [NW] ഇങ്ങനെ പറയുന്നു: “കുറ്റമറ്റവനെ ശ്രദ്ധിക്കുകയും നേരുള്ളവരെ കാഴ്ചയിൽ നിർത്തുകയും ചെയ്യുക, എന്തെന്നാൽ ആ മനുഷ്യന്റെ ഭാവി സമാധാനപൂർണമായിരിക്കും.” വാസ്തവത്തിൽ, ദൈവദൃഷ്ടിയിൽ കുറ്റമറ്റവനും നേരുള്ളവനുമായവനു സമാധാനം ലഭിക്കുന്നതു ഭാവിയിൽ മാത്രമല്ല. അവൻ അത് ഇപ്പോൾത്തന്നെ ആസ്വദിക്കുകയാണ്. അതെങ്ങനെയാണു സാധിക്കുക? പോൾ എന്നു പേരുള്ള ഒരു മനുഷ്യന്റെ അനുഭവം പരിചിന്തിക്കുക.
ഒരു അയൽവക്ക രാജ്യത്തുനിന്നുള്ളവനെങ്കിലും തെക്കുപടിഞ്ഞാറൻ എത്യോപ്യയിലെ ഒരു വിദൂര അഭയാർഥി ക്യാമ്പിലാണു പോൾ താമസിക്കുന്നത്. തന്റെ മാതൃരാജ്യത്തുവെച്ച് അദ്ദേഹം ഒരു യഹോവയുടെ സാക്ഷിയെ കണ്ടുമുട്ടി. ഒരു പെട്രോളിയം കമ്പനിയിൽ ജോലിനോക്കിയിരുന്ന ഈ സാക്ഷി നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്ന ബൈബിൾപഠന സഹായി അദ്ദേഹത്തിനു കൊടുത്തു. a പിന്നീട് ഒരിക്കലും പോൾ ഈ സാക്ഷിയുമായി കണ്ടുമുട്ടിയില്ല. എങ്കിലും അയാൾ ശ്രദ്ധാപൂർവം പുസ്തകം പഠിച്ചു. ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ, അയാൾക്ക് എത്യോപ്യയിലുള്ള അഭയാർഥി ക്യാമ്പിലേക്കു പോകേണ്ടിവന്നു. താൻ മനസ്സിലാക്കിയിട്ടുള്ള കാര്യങ്ങൾ അയാൾ അവിടെ മറ്റുള്ളവരോടു സംസാരിക്കാൻ തുടങ്ങി. സംഗതി സത്യമാണെന്നു മനസ്സിലാക്കിയ കുറേപ്പേർ അതു സ്വീകരിക്കുകയും ചെയ്തു. തങ്ങൾ മനസ്സിലാക്കിയ സംഗതികളെ അടിസ്ഥാനമാക്കി, ഉടനെതന്നെ അവർ ക്യാമ്പിലുള്ള മറ്റുള്ളവരോടു പ്രസംഗിക്കാൻ ആരംഭിച്ചു.
പോൾ സഹായം അഭ്യർഥിച്ചുകൊണ്ട് വാച്ച് ടവർ സൊസൈറ്റിയുടെ ലോകാസ്ഥാനത്തേക്ക് എഴുതി. ദൈവരാജ്യത്തെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാൻ തയ്യാറായി തന്നെയും കാത്തിരിക്കുന്ന 35 പേരെ കണ്ടപ്പോൾ ആഡിസ് അബാബയിൽനിന്ന് അയയ്ക്കപ്പെട്ട ഒരു ശുശ്രൂഷകൻ അതിശയിച്ചുപോയി. അതോടെ ക്രമമായ ഒരടിസ്ഥാനത്തിൽ സഹായം കൊടുക്കാനുള്ള ഏർപ്പാടുകൾ ചെയ്തു.
പോളിനെപ്പോലുള്ള ആളുകൾ സമാധാനം ആസ്വദിക്കുന്നുവെന്നു പറയാൻ കഴിയുന്നതെങ്ങനെ? ജീവിതം അവർക്ക് അനായാസകരമല്ലെങ്കിലും, അവർക്കു ദൈവത്തിൽ വിശ്വാസമുണ്ട്. ഈ ലോകത്തിന്റെ കുഴപ്പങ്ങൾ അവരെ ബാധിക്കുമ്പോൾ, അവർ ബൈബിളിന്റെ ഈ ബുദ്ധ്യുപദേശം ബാധകമാക്കുന്നു: “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു.” തത്ഫലമായി, അവർക്കു ലഭിക്കുന്നതോ ഇന്നു വിരളമായിരിക്കുന്ന സംതൃപ്തിയും. ഫിലിപ്പിയരുടെ സഭയ്ക്കു പൗലോസ് അപ്പോസ്തലൻ എഴുതിയ ഈ വാക്കുകൾ അവർക്കു ബാധകമാണ്: “സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.” തീർച്ചയായും, “സമാധാനത്തിന്റെ ദൈവ”മായ യഹോവയുമായി അവർക്ക് ഒരു അടുത്ത ബന്ധം തോന്നുന്നു.—ഫിലിപ്പിയർ 4:6, 7, 9.
ഈ സമയത്തെ സമാധാനം
ബൈബിളിൽ “സമാധാന പ്രഭു” എന്നു വിളിച്ചിരിക്കുന്ന യേശുക്രിസ്തുവാണു ദൈവരാജ്യത്തിന്റെ സിംഹാസനസ്ഥനായിരിക്കുന്ന രാജാവ്. (യെശയ്യാവു 9:6) അവനെക്കുറിച്ചു പുരാതന പ്രവാചകൻ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “അവൻ ജാതികളോടു സമാധാനം കല്പിക്കും; അവന്റെ ആധിപത്യം സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റങ്ങളോളവും ആയിരിക്കും.” (സെഖര്യാവു 9:10) ഇതുപോലുള്ള നിശ്വസ്ത വചനങ്ങൾ ഹോസെ എന്നു പേരായ ഒരു മനുഷ്യന്റെ ജീവിതത്തിൽ ആഴമായ സ്വാധീനമാണു ചെലുത്തിയത്.
ഹോസെ തടവിലായിരുന്ന ഒരു സമയമുണ്ടായിരുന്നു. ഭീകരപ്രവർത്തകനായിരുന്ന അദ്ദേഹം ഒരു പൊലീസ് സ്റ്റേഷൻ ബോംബു വെച്ചു തകർക്കാനുള്ള പരിപാടിയിലേർപ്പെട്ടിരിക്കെ അറസ്റ്റു ചെയ്യപ്പെട്ടു. തന്റെ രാജ്യത്തെ സ്ഥിതിഗതികൾക്കു പുരോഗതി വരുത്തുന്നതിനു ഗവൺമെൻറിനെ പ്രേരിപ്പിക്കാൻ അക്രമംകൊണ്ടേ കഴിയൂ എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്താഗതി. അദ്ദേഹം തടവിലായിരിക്കുമ്പോൾ, യഹോവയുടെ
സാക്ഷികൾ അദ്ദേഹത്തിന്റെ ഭാര്യയെ ബൈബിൾ പഠിപ്പിക്കാൻ തുടങ്ങി.തടവിൽനിന്നു പുറത്തുവന്നശേഷം, ഹോസെയും ബൈബിൾ പഠിച്ചു. താമസിയാതെ, സങ്കീർത്തനം 85:8 [NW] അദ്ദേഹത്തിനു ബാധകമാകാൻ തുടങ്ങി: “സത്യദൈവമായ യഹോവ അരുളിച്ചെയ്യുന്നതു ഞാൻ കേൾക്കും, എന്തെന്നാൽ അവൻ തന്റെ ജനത്തോടും തന്റെ വിശ്വസ്തരോടും സമാധാനം അരുളും.” എന്നാൽ ആ വാക്യം ഉപസംഹരിക്കുന്നത് ഈ മുന്നറിയിപ്പോടെയാണ്: “അവർ ആത്മവിശ്വാസത്തിലേക്കു മടങ്ങാതിരിക്കട്ടെ.” അതുകൊണ്ട്, യഹോവയുടെ സമാധാനം തേടുന്ന ഒരുവൻ സ്വതന്ത്രമായോ അവന്റെ ഹിതത്തിന് എതിരായോ പ്രവർത്തിക്കാൻ ഒരുമ്പെടുകയില്ല.
ഇന്ന്, ഹോസെയും ഭാര്യയും ക്രിസ്തീയ ശുശ്രൂഷകരാണ്. മുമ്പ് ഹോസെ സ്വന്തമായി നിർമിച്ച ബോംബുകൾകൊണ്ട് പരിഹരിക്കാമെന്നു വിചാരിച്ചിരുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരമെന്നനിലയിൽ അവർ മറ്റുള്ളവരെ യഹോവയുടെ രാജ്യത്തിലേക്കു തിരിച്ചുവിടുകയാണ്. “യഹോവ നന്മ നല്കു”മെന്നു പറയുന്ന ബൈബിളിൽ ആശ്രയംവെക്കാൻ അവർ ഒരുക്കമാണ്. (സങ്കീർത്തനം 85:12) വാസ്തവത്തിൽ, മുമ്പു താൻ തകർക്കാൻ പരിപാടിയിട്ടിരുന്ന പൊലീസ് ബാരക്ക് ഹോസെ ഈയിടെ സന്ദർശിച്ചു. എന്തിന്? അവിടെയുള്ള കുടുംബങ്ങളോടു ദൈവരാജ്യത്തെക്കുറിച്ചു സംസാരിക്കാൻ വേണ്ടി.
സമാധാനമുള്ള ജനം
സങ്കീർത്തനം 37:10, 11-ൽ ബൈബിൾ പറയുന്നു: “കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; നീ അവന്റെ ഇടം സൂക്ഷിച്ചു നോക്കും; അവനെ കാണുകയില്ല. എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.” എന്തൊരു മഹത്തായ പ്രതീക്ഷ!
എന്നാൽ യഹോവയുടെ സമാധാനം “സൌമ്യതയുള്ളവർ”ക്കു മാത്രമാണെന്നതു ശ്രദ്ധിക്കുക. സമാധാനം തേടുന്നവർ സമാധാനപ്രിയരായിരിക്കാൻ പഠിക്കേണ്ടിവരും. ന്യൂസിലൻഡിൽ താമസിക്കുന്ന കീത്തിന്റെ കാര്യത്തിൽ ഇതു ശരിയായിരുന്നു. “കരുത്തുറ്റ ശരീരവും വ്യക്തിത്വവുമുള്ളവനും അക്രമവാസനയും തർക്കസ്വഭാവവുമുള്ളവ”നെന്നുമായിരുന്നു കീത്തിനെപ്പറ്റി പറഞ്ഞിരുന്നത്. ഒരു തസ്കരസംഘത്തിൽ അംഗമായിരുന്ന അദ്ദേഹം താമസിച്ചിരുന്നതോ, ആരും അതിക്രമിച്ചുകടക്കാതിരിക്കാൻ മൂന്നു കാവൽനായ്ക്കൾ റോന്തുചുറ്റുന്ന തോട്ടമുള്ള, ഒരു കോട്ടപോലുള്ള വീട്ടിലും. തന്റെ ആറു കുട്ടികളുടെ അമ്മയായ, അയാളുടെ ഭാര്യ വിവാഹമോചനം വഴി അയാളെ ഉപേക്ഷിച്ചിരുന്നു.
കീത്ത് യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടിയപ്പോൾ, സുവാർത്ത അദ്ദേഹത്തെ ആഴമായി സ്വാധീനിച്ചു. പെട്ടെന്നുതന്നെ അദ്ദേഹവും മക്കളും സാക്ഷികളോടൊപ്പം യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി. അരവരെ നീണ്ടുകിടന്നിരുന്ന തലമുടിയെല്ലാം അദ്ദേഹം വെട്ടിനീക്കി. തുടർന്ന് അദ്ദേഹം തന്റെ മുൻസഹകാരികളോടൊക്കെ ദൈവരാജ്യത്തെക്കുറിച്ചു സംസാരിക്കാൻ തുടങ്ങി. ഇവരിൽ ചിലരും ബൈബിൾ പഠിക്കാനാരംഭിച്ചു.
ലോകമെമ്പാടുമുള്ള പരമാർഥഹൃദയരായ ലക്ഷക്കണക്കിനാളുകളെപ്പോലെ, അപ്പോസ്തലനായ പത്രോസിന്റെ ഈ വാക്കുകൾ കീത്ത് ബാധകമാക്കാൻ തുടങ്ങി: “ജീവനെ ആഗ്രഹിക്കയും ശുഭകാലം കാണ്മാൻ ഇച്ഛിക്കയും ചെയ്യുന്നവൻ . . . ദോഷം വിട്ടകന്നു ഗുണം ചെയ്കയും സമാധാനം അന്വേഷിച്ചു പിന്തുടരുകയും ചെയ്യട്ടെ.” (1 പത്രൊസ് 3:10, 11) കീത്തിന്റെ മുൻഭാര്യ അദ്ദേഹത്തെ പുനർവിവാഹം ചെയ്യാൻ സമ്മതിച്ചു. അദ്ദേഹമിപ്പോൾ “സമാധാനം അന്വേഷിച്ചു പിന്തുടരാ”ൻ പഠിക്കുകയാണ്.
മുൻ യു.എസ്.എസ്.ആറിൽ ജനിച്ച ഒരു മുൻ കായികതാരമുൾപ്പെടെയുള്ള അനേകർക്കും യഹോവയുടെ സമാധാനം ജീവരക്ഷാകരമായിരിക്കുന്നു. ഒളിമ്പിക് മത്സരങ്ങളിൽനിന്നു മെഡലുകൾ വാരിക്കൂട്ടിയവൻ. പക്ഷേ പിന്നീട് അതിനോടുള്ള കമ്പമെല്ലാം മാറി മിഥ്യാബോധം വിട്ടകന്നു. അതോടെ അയാൾ മയക്കുമരുന്നിലേക്കും മദ്യത്തിലേക്കും തിരിഞ്ഞു. ലേബർ ക്യാമ്പിൽ മൂന്നു വർഷത്തെ ശിക്ഷ, കാനഡയിലേക്കു ടിക്കറ്റെടുക്കാതെയൊരു കപ്പൽയാത്ര, മയക്കുമരുന്നു ദുശീലവുമായി ബന്ധപ്പെട്ട് മരണത്തെ മുഖാമുഖം കണ്ട രണ്ടു സന്ദർഭങ്ങൾ എന്നിവയുൾപ്പെട്ട സംഭവബഹുലമായ 19 വർഷങ്ങൾക്കുശേഷം, ജീവിതത്തിൽ ഒരു യഥാർഥ ഉദ്ദേശ്യം കണ്ടെത്താനുള്ള സഹായത്തിനായി അദ്ദേഹം ദൈവത്തോടു പ്രാർഥിച്ചു. റഷ്യൻഭാഷ സംസാരിക്കുന്ന, യഹോവയുടെ സാക്ഷികളുമൊത്തുള്ള ബൈബിൾപഠനം തന്റെ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം കണ്ടെത്താൻ അയാളെ സഹായിച്ചു. മറ്റു ലക്ഷങ്ങളെപ്പോലെ, ഇന്ന് ഇയാളും ദൈവത്തോടും തന്നോടുമുള്ള ബന്ധത്തിൽ സമാധാനം കണ്ടെത്തിയിരിക്കുന്നു.
പുനരുത്ഥാന പ്രത്യാശ
അവസാനമായി, നമുക്കു സാരയെവോയിലെ ബോസോ ഡോരമിന്റെയും ഹെന ഡോരമിന്റെയും കാര്യം വീണ്ടുമെടുക്കാം. ഈ ദമ്പതികൾക്ക് അഞ്ചുവയസ്സുള്ള ഒരു പുത്രിയുണ്ടായിരുന്നു, മാഗ്ദലേന. കഴിഞ്ഞ ജൂലൈയിൽ, വീണ്ടും പ്രസംഗവേലയിൽ പങ്കെടുക്കാൻ വീട്ടിൽനിന്നിറങ്ങിയതായിരുന്നു അവർ മൂവരും. ഒരു ബോംബുസ്ഫോടനത്താൽ അവരെല്ലാവരും കൊല്ലപ്പെട്ടു. അവർ മറ്റുള്ളവരോടു പ്രസംഗിച്ച സമാധാനത്തിന് എന്തുപറ്റി? ഇതൊരു യഥാർഥ സമാധാനമായിരുന്നില്ല എന്നാണോ അവരുടെ ജീവനപഹരിച്ച ബോംബ്ഷെൽ പ്രകടമാക്കിയത്?
ഒരിക്കലുമല്ല! ഈ വ്യവസ്ഥിതിയിൽ ദുരന്തങ്ങളുണ്ടാവും. ബോംബ് സ്ഫോടനങ്ങളിലും ഷെൽവർഷങ്ങളിലുംപെട്ട് ആളുകൾ കൊല്ലപ്പെടുന്നു. മറ്റുള്ളവർ രോഗങ്ങളും അപകടങ്ങളും നിമിത്തം മരിക്കുന്നു.
അനേകർ വയസ്സുചെന്നു മരിക്കുന്നു. ദൈവസമാധാനം ആസ്വദിക്കുന്നവർ ഇതിൽനിന്നെല്ലാം മുക്തരാണെന്നല്ല, എന്നാൽ അത്തരം സംഭവങ്ങൾ നടന്നേക്കാമെന്നത് അവരെ പ്രത്യാശാരഹിതരാക്കുന്നില്ല.യേശു തന്റെ സ്നേഹിതയായ മാർത്തയോട് ഇപ്രകാരം വാഗ്ദാനം ചെയ്തു: “ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.” (യോഹന്നാൻ 11:25) എല്ലാ യഹോവയുടെ സാക്ഷികളെയുംപോലെ, ഡോരം കുടുംബവും ഇതു വിശ്വസിച്ചു. തങ്ങൾ മരിച്ചാലും, വാസ്തവത്തിൽ സമാധാനപൂർണമായ ഒരു സ്ഥലമായിത്തീർന്നിരിക്കുന്ന ഒരു ഭൂമിയിലേക്കു തങ്ങൾ പുനരുത്ഥാനം പ്രാപിച്ചുവരുമെന്നു ഡോരം കുടുംബത്തിനു വിശ്വാസമുണ്ടായിരുന്നു. യഹോവയാം ദൈവം “അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”—വെളിപ്പാടു 21:4.
മരിക്കുന്നതിനു തൊട്ടുമുമ്പായി, യേശു തന്റെ അനുഗാമികളോടു പറഞ്ഞു: “എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; . . . നിങ്ങളുടെ ഹൃദയം കലങ്ങരുതു.” (യോഹന്നാൻ 14:27) ആ സമാധാനം ഉണ്ടായിരുന്ന, പുനരുത്ഥാനത്തിൽ അതു കൂടുതൽ തികവിൽ തീർച്ചയായും ആസ്വദിക്കാനിരിക്കുന്ന, ഡോരം കുടുംബത്തോടൊപ്പം നാം ആഹ്ലാദിക്കുന്നു. സമാധാനത്തിന്റെ ദൈവമായ യഹോവയെ ആരാധിക്കുന്ന സകലരെയും പ്രതി നാം സന്തുഷ്ടരാണ്. അത്തരക്കാർക്കു മനസ്സമാധാനം ഉണ്ട്. അവർ ദൈവവുമായി സമാധാനം ആസ്വദിക്കുന്നു. അവർ മറ്റുള്ളവരുമായും സമാധാനം നട്ടുവളർത്തുന്നു. സമാധാനപൂർണമായ ഭാവിയിൽ അവർക്കു വിശ്വാസമുണ്ട്. അതേ, കുഴപ്പങ്ങൾനിറഞ്ഞ ഒരു ലോകത്താണു ജീവിക്കുന്നതെങ്കിലും, അവർ സമാധാനം കണ്ടെത്തിയിരിക്കുന്നു. നിശ്ചയമായും, സത്യത്തിലും ആത്മാവിലും ദൈവത്തെ ആരാധിക്കുന്ന സകലരും സമാധാനം ആസ്വദിക്കുന്നു. അത്തരം സമാധാനം നിങ്ങളും കണ്ടെത്തുമാറാകട്ടെ.
[അടിക്കുറിപ്പ്]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ചത്.
[7-ാം പേജിലെ ചിത്രങ്ങൾ]
കുഴപ്പങ്ങൾനിറഞ്ഞ ഒരു ലോകത്താണു ജീവിക്കുന്നതെങ്കിലും അവർ സമാധാനം കണ്ടെത്തിയിരിക്കുന്നു