യഹോവ ഞങ്ങളെ ഒരിക്കലും കൈവെടിഞ്ഞില്ല
യഹോവ ഞങ്ങളെ ഒരിക്കലും കൈവെടിഞ്ഞില്ല
നാഷോ ഡോരി പറഞ്ഞപ്രകാരം
ഗ്രീസിൽനിന്ന് അധികം ദൂരത്തല്ലാതെ സ്ഥിതിചെയ്യുന്ന ദക്ഷിണ അൽബേനിയയിലെ ഒരു ചെറിയ മലമ്പ്രദേശ ഗ്രാമമാണു മ്പ്രെഷ്റ്റാൻ. 1907-ൽ അവിടെയാണു ഞാൻ പിറന്നത്. അഞ്ചു വയസ്സായപ്പോൾ ഞാൻ ഒരു ഗ്രീക്കു സ്കൂളിൽ പോകാൻ തുടങ്ങി. എന്നാൽ ഒന്നാം ലോകമഹായുദ്ധകാലത്ത് ഇറ്റാലിയൻ സേനകൾ അൽബേനിയയിൽ ആക്രമിച്ചു കടന്നപ്പോൾ എന്റെ സ്കൂൾ വിദ്യാഭ്യാസത്തിനു ഭംഗം വന്നു. യുദ്ധത്തിനു ശേഷം സ്കൂൾ വിദ്യാഭ്യാസം പുനരാരംഭിച്ചു, എന്നാൽ അൽബേനിയൻ ഭാഷയിലായിരുന്നുവെന്നുമാത്രം.
എന്റെ മാതാപിതാക്കൾ അത്രകണ്ടു മതഭക്തരായിരുന്നില്ലെങ്കിലും അവർ അൽബേനിയൻ ഓർത്തഡോക്സ് സഭയുടെ പാരമ്പര്യങ്ങൾ അനുഷ്ഠിച്ചുപോന്നു. എന്റെ വല്യമ്മാവൻ മ്പ്രെഷ്റ്റാനിൽ ഒരു പുരോഹിതനായിരുന്നതുകൊണ്ടു ഞാൻ പള്ളിയിൽ ജോലി ചെയ്തിരുന്നു. അങ്ങനെ അവിടത്തെ ഉള്ളുകളി സംബന്ധിച്ച നേരനുഭവം എനിക്കുണ്ടായി. ആചാരക്രമങ്ങളൊക്കെ തികച്ചും പൊള്ളയായി തോന്നിച്ചു, കൂടാതെ അവിടത്തെ കപടഭക്തി എന്നെ അലോസരപ്പെടുത്തി.
പ്രാദേശിക ആചാരപ്രകാരം, മാതാപിതാക്കൾ എനിക്കുവേണ്ടി ഒരു വധുവിനെ തിരഞ്ഞെടുത്തു. അയൽഗ്രാമമായ ഗ്രബോവയിലായിരുന്നു അർഗ്ജിറോയുടെ വീട്. 1928-ൽ, അവൾക്കു 18 വയസ്സുള്ളപ്പോൾ, ഞങ്ങൾ വിവാഹിതരായി.
ബൈബിൾ സത്യം പഠിക്കുന്നു
ഏതാണ്ട് അതേ സമയത്ത് ഐക്യനാടുകളിൽനിന്നു ഞങ്ങളെ സന്ദർശിച്ച എന്റെ ഒരു മച്ചുനനോടു ഞാൻ ഓർത്തഡോക്സ് സഭയെപ്പറ്റി പരാതിപ്പെട്ടു. “അമേരിക്കയിൽ എന്റെ വീടിനടുത്ത് ഒരു കൂട്ടരുണ്ട്. അവർക്കു പള്ളിയില്ലെന്നുവരികിലും അവർ ബൈബിൾ പഠിക്കുന്നവരാണ്” എന്ന് അദ്ദേഹം മറുപടിപറഞ്ഞു. പള്ളിയില്ലാതെ ബൈബിൾ പഠിക്കുകയെന്ന ആശയം എനിക്ക് ആകർഷകമായി തോന്നി. അതുകൊണ്ട്, എനിക്ക് ഏതാനും ബൈബിൾ സാഹിത്യങ്ങൾ അയച്ചുതരുമോ എന്നു ഞാൻ അദ്ദേഹത്തോടു ചോദിച്ചു.
ഏതാണ്ട് ഒരു വർഷം കഴിഞ്ഞ് വിസ്കാൻറ്സനിലുള്ള മിൽവൊക്കീയിൽനിന്ന് ഒരു പൊതിക്കെട്ടു കിട്ടുന്നതുവരെ ഞങ്ങളുടെ സംഭാഷണത്തെക്കുറിച്ചു ഞാൻ പാടേ മറന്നിരുന്നു. പൊതിക്കുള്ളിൽ അൽബേനിയൻ ഭാഷയിൽ ദൈവത്തിന്റെ കിന്നരം എന്ന പുസ്തകവും ഗ്രീക്കു ഭാഷയിൽ വീക്ഷാഗോപുരവും ഉണ്ടായിരുന്നു. ഞാൻ പുസ്തകമൊന്ന് ഓടിച്ചു വായിച്ചപ്പോൾ സത്യസഭയെപ്പറ്റി അതിൽ പരാമർശിച്ചിരിക്കുന്നതു ശ്രദ്ധിച്ചു. അത് എന്നെ അസഹ്യപ്പെടുത്തി. ‘പള്ളിയുമായി ഒരു ബന്ധവും വേണ്ട,’ ഞാൻ ആത്മഗതമെന്നോണം പറഞ്ഞു. അതുകൊണ്ടു ഞാൻ പുസ്തകം മുഴുവൻ വായിച്ചില്ല.
1929-ൽ ഞാൻ സൈന്യത്തിൽ ചേർന്നു. അൽബേനിയയുടെ തലസ്ഥാനനഗരിയായ ടിറാനയിലേക്ക് എന്നെ അയച്ചു. അവിടെവെച്ചു ഞാൻ ഗ്രീക്കു ബൈബിൾ വായിച്ചുകൊണ്ടിരുന്ന സ്റ്റാതി മുസിയെ കണ്ടുമുട്ടി. “താങ്കൾ പള്ളിയിൽ പോകാറുണ്ടോ?” ഞാൻ ചോദിച്ചു. “ഇല്ല. ഞാൻ പള്ളി വിട്ടുപോന്നു. ഞാൻ അന്താരാഷ്ട്ര ബൈബിൾ വിദ്യാർഥികളിൽ ഒരാളാണ്,” അദ്ദേഹം മറുപടിനൽകി. ഞാനും മറ്റൊരു സൈനികനും ഞായറാഴ്ച സ്റ്റാതിയോടൊപ്പം ഒരു യോഗത്തിനു പോയി. സത്യസഭ ഒരു കെട്ടിടമോ ഒരു മതമോ അല്ല, മറിച്ച് അതു ക്രിസ്തുവിന്റെ അഭിഷിക്ത ദാസരാൽ രൂപീകൃതമാണ് എന്ന് അവിടെവെച്ചു ഞാൻ മനസ്സിലാക്കി. ദൈവത്തിന്റെ കിന്നരം പറഞ്ഞതെന്താണെന്ന് എനിക്കപ്പോൾ പിടികിട്ടി.
1920-കളുടെ മധ്യത്തിൽ നാഷോ ഇഡ്രിസും സ്പിറോ വ്രൂഹോയും ഐക്യനാടുകളിൽനിന്ന് അൽബേനിയയിൽ തിരിച്ചെത്തി, അവിടെവെച്ചു പഠിച്ച ബൈബിൾ സത്യങ്ങൾ അവർ അൽബേനിയയിൽ പ്രചരിപ്പിച്ചുവരുകയായിരുന്നു. ടിറാനയിൽ ചുരുക്കം ചില ബൈബിൾ വിദ്യാർഥികളോടൊപ്പം ഞാൻ യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി. യഹോവയുടെ സ്ഥാപനം കണ്ടെത്തിയെന്ന് എനിക്കു പെട്ടെന്നുതന്നെ ബോധ്യമായി. തന്മൂലം, സമീപത്തുള്ള ഒരു നദിയിൽ 1930 ആഗസ്റ്റ് 4-നു ഞാൻ സ്നാപനമേറ്റു.
പിന്നീടു ഞാൻ ഷൂ നിർമാണത്തൊഴിലിൽ ഏർപ്പെടുന്നതിനു മ്പ്രെഷ്റ്റാനിലേക്കു തിരികെപ്പോന്നു. എന്നാൽ അതിലും പ്രധാനമായി, പഠിച്ച ബൈബിൾ സത്യങ്ങൾ
ഞാനും മറ്റുള്ളവരുമായി പങ്കിടാൻ തുടങ്ങി. “പള്ളിയിൽ കാണുന്ന പ്രതിമകൾ മാതിരിയല്ല യേശുക്രിസ്തു. അവൻ ജീവനുള്ളവനാണ്!” എന്നു ഞാൻ പറയുമായിരുന്നു.എതിർപ്പുകൾക്കുമധ്യേയും പ്രസംഗിക്കുന്നു
1925-ൽ ആക്മെദ് ബേ സോഗ്യ അധികാരം പിടിച്ചെടുത്ത്, 1928-ൽ സോഗാ I-ാമൻ രാജാവായി സ്വയം വാഴിച്ചു, 1939 വരെ ഭരണം നടത്തി. അദ്ദേഹത്തിന്റെ മനുഷ്യാവകാശ വകുപ്പു മന്ത്രി ഞങ്ങളുടെ ക്രിസ്തീയ വേലയ്ക്ക് അനുമതി നൽകി. എന്നുവരികിലും, ഞങ്ങൾക്കു പ്രശ്നങ്ങളുണ്ടായിരുന്നു. ആഭ്യന്തരമന്ത്രിയായിരുന്ന മൂസാ ജുക്കാ റോമിലെ പാപ്പായുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായിരുന്നു അതിനു കാരണം. മൂന്നു മതങ്ങൾ—ഇസ്ലാം, ഓർത്തഡോക്സ്, റോമൻ കത്തോലിക്കാ എന്നിവ—മാത്രമേ അംഗീകരിക്കപ്പെടുന്നുള്ളുവെന്നു ജുക്കാ കൽപ്പന പുറപ്പെടുവിച്ചു. ഞങ്ങളുടെ പുസ്തകങ്ങൾ പിടിച്ചെടുക്കാനും പ്രസംഗവേല തടയാനും പൊലീസ് ശ്രമിച്ചെങ്കിലും അവർ അതിൽ വിജയിച്ചില്ല.
1930-കളിൽ ഞാൻ മിക്കപ്പോഴും അൽബേനിയയിലെ ഒരു വലിയ നഗരമായ ബരാറ്റ് സന്ദർശിക്കുമായിരുന്നു. അവിടെനിന്നാണു മീഹൽ സ്വേകി ഞങ്ങളുടെ വേലക്കു മാർഗനിർദേശം നൽകിയിരുന്നത്. രാജ്യത്തുടനീളം ഞങ്ങൾ പ്രസംഗപര്യടനങ്ങൾ ക്രമീകരിച്ചു. ഒരിക്കൽ എന്നെ രണ്ടാഴ്ചത്തേക്കു ഷ്കോഡർ എന്ന പട്ടണത്തിലേക്ക് അയയ്ക്കുകയുണ്ടായി, അനേകം സാഹിത്യങ്ങൾ സമർപ്പിക്കുന്നതിന് എനിക്കു കഴിഞ്ഞു. 1935-ൽ ഞങ്ങളിലൊരു സംഘം കീൽസിറീ എന്ന പട്ടണത്തിൽ പ്രസംഗവേല ചെയ്യുന്നതിന് ഒരു ബസ് വാടകയ്ക്കെടുത്തു. പിന്നീട്, പർമെറ്റ്, ലെസ്കൊവിക്, എർസെകീ, കോർച്ച, പോഗ്രാഡെറ്റ്സ്, എൽബസാൻ എന്നീ അൽബേനിയൻ പട്ടണങ്ങളിൽ ഒരു വലിയ പ്രസംഗപര്യടനം നടത്തുന്നതിനു പട്ടികപ്പെടുത്തി. ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകം ആഘോഷിക്കാൻ പോന്നവണ്ണം സമയത്തുതന്നെ ടിറാനയിൽവെച്ചു ഞങ്ങൾ പര്യടനം അവസാനിപ്പിച്ചു.
ആത്മീയ ആഹാരത്തിന്റെ ഒരു ശേഖരം ആത്മീയമായി ബലിഷ്ഠരായിരിക്കാൻ ഞങ്ങളെ സഹായിച്ചു. അതുകൊണ്ടു ഞങ്ങൾക്ക് ഒരിക്കലും കൈവെടിയപ്പെട്ടതായി അനുഭവപ്പെട്ടില്ല. 1930 മുതൽ 1939 വരെ എനിക്കു ഗ്രീക്കു ഭാഷയിൽ വീക്ഷാഗോപുരം ക്രമമായി ലഭിച്ചിരുന്നു. ദിനംതോറും ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും ബൈബിൾ വായിക്കണമെന്നതും എന്റെ ലക്ഷ്യമായിരുന്നു. എന്റെ കാഴ്ചശക്തി ക്ഷയിക്കുന്നതുവരെ 60 വർഷത്തോളം ഞാൻ അതു ചെയ്തു. അൽബേനിയൻ ഭാഷയിൽ മുഴു ബൈബിളും ലഭ്യമായതു സമീപകാലത്തു മാത്രമാണ്. അതുകൊണ്ട് കുട്ടിയായിരുന്നപ്പോൾ ഗ്രീക്കു പഠിക്കാൻ കഴിഞ്ഞതിൽ എനിക്കു സന്തോഷമുണ്ട്. അൽബേനിയക്കാരായിരുന്ന മറ്റു സാക്ഷികളും ആ ആദിമ നാളുകളിൽ ഗ്രീക്കു വായിക്കാൻ പഠിച്ചു. തന്മൂലം അവർക്കും മുഴു ബൈബിളും വായിക്കാൻ കഴിഞ്ഞു.
1938-ൽ അർഗ്ജിറോ സ്നാപനമേററു. 1939 ആയപ്പോഴേക്കും ഞങ്ങളുടെ പത്തുമക്കളിൽ ഏഴുപേരും പിറന്നിരുന്നു. ദുഃഖകരമെന്നുപറയട്ടെ, ഞങ്ങളുടെ ആദ്യത്തെ ഏഴു മക്കളിൽ മൂന്നുപേർ ചെറുപ്പത്തിലേ മരിച്ചുപോയി.
രണ്ടാം ലോകമഹായുദ്ധകാലത്തെ കഷ്ടപ്പാടുകൾ
രണ്ടാം ലോകമഹായുദ്ധം തുടങ്ങുന്നതിനു തൊട്ടുമുമ്പ്, 1939 ഏപ്രിലിൽ ഇറ്റാലിയൻ ഫാസിസ്റ്റു സൈന്യങ്ങൾ അൽബേനിയയെ ആക്രമിച്ചു. അതേത്തുടർന്നു പെട്ടെന്നുതന്നെ യഹോവയുടെ സാക്ഷികളുടെ വേല നിരോധിക്കപ്പെടുകയുണ്ടായി. എന്നാൽ ഏതാണ്ട് 50 രാജ്യ പ്രഘോഷകരടങ്ങുന്ന ഞങ്ങളുടെ ഒരു ചെറിയ സംഘം പ്രസംഗവേല തുടർന്നു. രണ്ടാം ലോകമഹായുദ്ധകാലത്തു ഞങ്ങളുടെ 15,000-ത്തോളം പുസ്തകങ്ങളും ചെറുപുസ്തകങ്ങളും കണ്ടുകെട്ടി നശിപ്പിക്കുകയുണ്ടായി.
സാഹിത്യങ്ങൾ സൂക്ഷിക്കുന്നതിനുള്ള ഒരു വലിയ സംഭരണ മുറി ജാനി കൊമിനൊയുടെ വീടിനോടു ചേർന്നുണ്ടായിരുന്നു. പുസ്തകങ്ങൾ ഐക്യനാടുകളിൽ അച്ചടിച്ചതാണെന്നറിഞ്ഞപ്പോൾ ഇറ്റാലിയൻ സേനകൾക്കു കലിയിളകി. “നിങ്ങൾ മതപ്രചാരണക്കാരാണ്! ഐക്യനാടുകൾ ഇറ്റലിക്കെതിരാണ്!” അവർ പറഞ്ഞു. തീക്ഷ്ണതയുള്ള യുവ സഹോദരന്മാരായ തോമായ് കാമാ, വസിലി കാമാ എന്നിവർ അറസ്റ്റുചെയ്യപ്പെട്ടു. അവർ വിതരണം ചെയ്തിരുന്ന പുസ്തകങ്ങൾ കൊമിനൊയുടെ പക്കൽനിന്നു വന്നതാണെന്നറിഞ്ഞപ്പോൾ അദ്ദേഹത്തെയും അറസ്റ്റുചെയ്യുകയുണ്ടായി. പെട്ടെന്നുതന്നെ ചോദ്യംചെയ്യുന്നതിനു പൊലീസ് എന്നെ വിളിപ്പിച്ചു.
“നിങ്ങൾക്ക് ഇവരെ അറിയാമോ?” അവർ ചോദിച്ചു.
“ഉവ്വ്,” ഞാൻ മറുപടി പറഞ്ഞു.
“നിങ്ങൾ ഇവരോടൊപ്പം പ്രവർത്തിക്കുന്നുണ്ടോ?”
“ഉവ്വ്. ഞങ്ങൾ യഹോവയുടെ സാക്ഷികളാണ്. ഞങ്ങൾ ഗവൺമെൻറുകൾക്ക് എതിരല്ല. ഞങ്ങൾ നിഷ്പക്ഷരാണ്,” ഞാൻ മറുപടി പറഞ്ഞു.
“നിങ്ങൾ ഈ സാഹിത്യം വിതരണം ചെയ്തിട്ടുണ്ടോ?”
ഉവ്വ് എന്നു ഞാൻ പ്രത്യുത്തരം നൽകിയപ്പോൾ അവർ എന്റെ കൈക്കു വിലങ്ങുവെച്ചു, 1940 ജൂലൈ 6-ന് എന്നെ ജയിലിലടച്ചു. അവിടെ ഞാൻ—ജോസെഫ് കാസി, ലൂക്കൻ ബാർക്കോ, ജാനി കൊമിനൊ, കാമാ സഹോദരന്മാർ എന്നിങ്ങനെ—എന്റെ ഗ്രാമത്തിൽനിന്നുള്ള വേറെ അഞ്ചുപേരോടു ചേർന്നു. ജയിലിലായിരിക്കുമ്പോൾ ഞങ്ങൾ—ഗോറി നാസി, നിക്കോദിൻ ഷിറ്റി, ലീയാനഡസ് പോപ്പ് എന്നിങ്ങനെ—വേറെ മൂന്നു സാക്ഷികളെ കണ്ടുമുട്ടി. 3.7 മീറ്റർ നീളവും 1.8 മീറ്റർ വീതിയുമുള്ള ഒരു ജയിലറയിൽ മരുങ്ങുതിരിയാൻ പാടില്ലാത്തവണ്ണം ഞങ്ങളെ ഒമ്പതുപേരെയും തിക്കിനിറച്ചു!
ഏതാനും ദിവസങ്ങൾ കഴിഞ്ഞ്, ഞങ്ങളെ ഒരുമിച്ചു ചങ്ങലയിൽ ബന്ധിച്ചു പർമെറ്റ് നഗരത്തിലേക്കു കൊണ്ടുപോയി. മൂന്നു മാസങ്ങൾക്കുശേഷം ഞങ്ങളെ ടിറാനയിലുള്ള ജയിലിലേക്കു മാറ്റി, വിചാരണ കൂടാതെ വേറെ ഒരു എട്ടു മാസംകൂടെ അവിടെ ജയിലിലടച്ചു.
ഒടുവിൽ ഞങ്ങൾ ഒരു സൈനിക കോടതിയുടെ മുമ്പാകെ ഹാജരായി. എന്നെയും ഷിറ്റി സഹോദരനെയും 27 മാസത്തേക്കും കൊമിനൊ സഹോദരനെ 24 മാസത്തേക്കും ജയിൽശിക്ഷയ്ക്കു വിധിച്ചു. മറ്റുള്ളവരെ 10 മാസം കഴിഞ്ഞു വിട്ടയച്ചു. ഞങ്ങളെ ഗിറകാസ്റ്ററിലുള്ള ജയിലിലേക്കു മാറ്റി. അവിടെവെച്ചു ഗൊലെ ഫ്ളോക്കോ സഹോദരൻ 1943-ൽ ഞങ്ങളുടെ മോചനം ഉറപ്പാക്കാൻ സഹായിച്ചു. അതിനുശേഷം ഞങ്ങളുടെ കുടുംബം പർമെറ്റ് നഗരത്തിൽ താമസമുറപ്പിച്ചു, ഞാൻ അവിടെ ഒരു ചെറിയ സഭയുടെ മേൽവിചാരകനായി.
ഞങ്ങളുടെ വേല നിരോധിച്ചിരിക്കുകയും ഞങ്ങൾക്കു ചുറ്റുമുള്ള രാജ്യങ്ങൾ രണ്ടാം ലോകമഹായുദ്ധത്തിൽ മുങ്ങിത്തുടിക്കുകയും ആയിരുന്നെങ്കിലും രാജ്യസന്ദേശം പ്രസംഗിക്കുന്നതിനുള്ള നിയോഗം നിവർത്തിക്കുന്നതിൽ തുടരുന്നതിനു കഴിവിന്റെ പരമാവധി ഞങ്ങൾ ചെയ്തു. (മത്തായി 24:14) 1944-ൽ മൊത്തം 15 സാക്ഷികൾ ജയിലിലായിരുന്നു. എങ്കിലും, ദുഷ്കരമായ ഈ നാളുകളിലൊന്നും യഹോവ ഞങ്ങളെ കൈവെടിഞ്ഞതായി ഞങ്ങൾക്ക് അനുഭവപ്പെട്ടില്ല.
നിഷ്പക്ഷതയുടെ പേരിൽ പരിശോധിക്കപ്പെടുന്നു
യുദ്ധം 1945-ൽ അവസാനിച്ചെങ്കിലും ഞങ്ങളുടെ കഷ്ടപ്പാടുകൾ തുടർന്നു, അതു കൂടുതൽ വഷളാവുകപോലുംചെയ്തു. 1946 ഡിസംബർ 2-ലെ തെരഞ്ഞെടുപ്പിന്റെ സമയത്തു നിർബന്ധിത വോട്ടിങ് സമ്പ്രദായം പ്രാബല്യത്തിൽ വരുത്തി. വോട്ടു ചെയ്യാതിരിക്കാൻ ധൈര്യപ്പെടുന്നയാളെ രാജ്യദ്രോഹിയായി കണക്കാക്കി. “ഞങ്ങൾ എന്തു ചെയ്യണം?” പർമെറ്റിലുള്ള ഞങ്ങളുടെ സഭയിലുള്ളവർ ചോദിക്കാൻ തുടങ്ങി.
“നിങ്ങൾ യഹോവയിൽ ആശ്രയിക്കുന്നെങ്കിൽ എന്തു ചെയ്യണമെന്നു നിങ്ങൾക്ക് എന്നോടു ചോദിക്കേണ്ട ആവശ്യമില്ല. യഹോവയുടെ ജനം നിഷ്പക്ഷരാണെന്ന കാര്യം നിങ്ങൾക്കു പണ്ടേ അറിയാവുന്നതാണ്. അവർ ഈ ലോകത്തിന്റെ ഭാഗമല്ല,” ഞാൻ ഉത്തരം നൽകി.—യോഹന്നാൻ 17:16.
തെരഞ്ഞെടുപ്പു ദിവസം വന്നെത്തി. ഗവണ്മെൻറ് പ്രതിനിധികൾ ഞങ്ങളുടെ വീട്ടിൽ വന്നു. “നമുക്ക് ഒരു കപ്പു കാപ്പി കുടിച്ചിട്ടാകാം സംസാരം. ഇന്നെന്താ പ്രത്യേകതയെന്നു താങ്കൾക്കറിയാമോ?” ശാന്തമായി സംസാരിച്ചുകൊണ്ട് അവർ തുടക്കമിട്ടു.
“ഉവ്വ്, ഇന്നു തെരഞ്ഞെടുപ്പു നടക്കുകയാണ്,” ഞാൻ ഉത്തരം പറഞ്ഞു.
“പെട്ടെന്നാകട്ടെ, അല്ലാത്തപക്ഷം താമസിച്ചെന്നുവരും,” ഒരു ഓഫീസർ പറഞ്ഞു.
“പക്ഷേ, ഞാൻ പോകാൻ ഉദ്ദേശിക്കുന്നില്ല. ഞങ്ങളുടെ വോട്ട് യഹോവയ്ക്കാണ്,” ഞാൻ മറുപടി പറഞ്ഞു.
“ശരി, അങ്ങനെയെങ്കിൽ വന്നു പ്രതിപക്ഷത്തിന് വോട്ടു ചെയ്യ്.”
യഹോവയുടെ സാക്ഷികൾ തികച്ചും നിഷ്പക്ഷരാണെന്നു ഞാൻ വിശദീകരിച്ചു. ഞങ്ങളുടെ നിലപാടു നല്ലവണ്ണം വ്യക്തമായപ്പോൾ ഞങ്ങളുടെമേൽ കൂടുതൽ സമ്മർദം ചെലുത്തപ്പെട്ടു. യോഗങ്ങൾ നടത്തുന്നതു നിർത്തിവയ്ക്കാൻ ഞങ്ങളോട് ആജ്ഞാപിച്ചു. അതുകൊണ്ടു ഞങ്ങൾ രഹസ്യമായി കൂടിവരാൻ തുടങ്ങി.
ഞങ്ങളുടെ ജന്മനാട്ടിലേക്കു തിരിച്ചുവരുന്നു
1947-ൽ ഞാനും കുടുംബവും മ്പ്രെഷ്റ്റാനിൽ തിരിച്ചെത്തി. അതിനുശേഷം പെട്ടെന്നുതന്നെ, മരംകോച്ചുന്ന തണുപ്പുള്ള ഡിസംബറിലെ ഒരു ദിവസം ഉച്ചകഴിഞ്ഞനേരം എന്നെ സിഗുരിമിയുടെ (രഹസ്യപൊലീസ്) ഓഫീസിലേക്കു വിളിപ്പിച്ചു. “തന്നെ ഞാൻ വിളിപ്പിച്ചതെന്തിനാണെന്നറിയാമോ?” ഓഫീസർ ചോദിച്ചു.
“എനിക്കെതിരെ ആരോപണങ്ങൾ കേട്ടതുകൊണ്ടാണെന്നു ഞാൻ കരുതുന്നു,” ഞാൻ മറുപടി പറഞ്ഞു. “എങ്കിലും, ലോകം ഞങ്ങളെ പകയ്ക്കുമെന്നു ബൈബിൾ പറയുന്നതുകൊണ്ട് ആരോപണങ്ങൾ എന്നെ അതിശയിപ്പിക്കാറില്ല.”—യോഹന്നാൻ 15:18, 19.
“ബൈബിളിനെപ്പറ്റി എന്നോടു മിണ്ടിപ്പോകരുത്,” അയാൾ മുരണ്ടു. “തന്റെ തല ഞാൻ തകർക്കും.”
എന്നോടു തണുപ്പത്തു വെളിയിൽ നിൽക്കാൻ പറഞ്ഞിട്ട് ഓഫീസറും അയാളുടെ ആളുകളും അവിടെനിന്നു പോയി. കുറച്ചുനേരം കഴിഞ്ഞ് അയാൾ എന്നെ
ഓഫീസിൽ തിരിച്ചു വിളിച്ചിട്ട്, എന്റെ വീട്ടിൽവെച്ചു യോഗങ്ങൾ നടത്തുന്നതു നിർത്താൻ ആജ്ഞാപിച്ചു. “തന്റെ ഗ്രാമത്തിൽ എത്രപേർ താമസിക്കുന്നുണ്ട്?” അയാൾ ചോദിച്ചു.“നൂറ്റിയിരുപത്,” ഞാൻ പറഞ്ഞു.
“അവർ ഏതു മതക്കാരാ?”
“അൽബേനിയൻ ഓർത്തഡോക്സ്.”
“താനോ?”
“ഞാനൊരു യഹോവയുടെ സാക്ഷിയാണ്.”
“നൂറ്റിയിരുപതുപേർ ഒരു വഴിക്കുപോകുമ്പോൾ താൻ മറ്റൊരു വഴിക്കു പോകുന്നോ?” പള്ളിയിൽ മെഴുകുതിരി കത്തിക്കാൻ അയാൾ പിന്നീട് എന്നോടാവശ്യപ്പെട്ടു. ഞാൻ അതു ചെയ്യുകയില്ലെന്നു പറഞ്ഞപ്പോൾ ഒരു കുറുവടികൊണ്ട് എന്നെ അടിച്ചു തുടങ്ങി. ഒടുവിൽ എന്നെ വിട്ടയച്ചപ്പോൾ നേരം ഏതാണ്ടു വെളുപ്പിന് ഒരുമണി ആയിരുന്നു.
സാഹിത്യ വിതരണം മുടങ്ങുന്നു
രണ്ടാം ലോകമഹായുദ്ധം അവസാനിച്ചശേഷം ഞങ്ങൾക്കു വീണ്ടും വീക്ഷാഗോപുരം തപാലിലൂടെ ലഭിക്കാൻ തുടങ്ങി. എന്നാൽ ക്രമേണ മാസികകൾ വീണ്ടും എത്തിക്കാതെയായി. പിന്നീട്, ഒരു രാത്രി പത്തുമണിക്ക്, രഹസ്യപൊലീസ് എന്നെ വിളിപ്പിച്ചു. “ഗ്രീക്കു ഭാഷയിൽ ഒരു മാസിക വന്നിട്ടുണ്ട്. അതെന്തിനെപ്പറ്റിയാണെന്നു താങ്കൾ വിശദീകരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” എന്ന് എന്നോടു പറയുകയുണ്ടായി.
“എനിക്കു ഗ്രീക്ക് അത്ര വശമില്ല, എന്റെ അയൽക്കാരനു നന്നായി അറിയാം. ഒരുപക്ഷേ അദ്ദേഹത്തിനു നിങ്ങളെ സഹായിക്കാൻ കഴിഞ്ഞേക്കും,” ഞാൻ പറഞ്ഞു.
“വേണ്ട, താങ്കൾ തന്നെ ഇതേക്കുറിച്ചു വിശദീകരിക്കണം” എന്നു പറഞ്ഞുകൊണ്ട് ഒരു ഓഫീസർ ഗ്രീക്കു ഭാഷയിൽ വീക്ഷാഗോപുരത്തിന്റെ ഏതാനും പ്രതികൾ പുറത്തെടുത്തു.
“ഓ, ഇവ എന്റേതുതന്നെ!” ഞാൻ പറഞ്ഞു. “ഇതേപ്പറ്റി തീർച്ചയായും എനിക്കു വിശദീകരിക്കാൻ കഴിയും. നിങ്ങൾക്കറിയാമോ, ഈ മാസികകൾ ന്യൂയോർക്കിലുള്ള ബ്രുക്ലിനിൽനിന്നാണു വരുന്നത്. യഹോവയുടെ സാക്ഷികളുടെ ആസ്ഥാനം അവിടെയാണ്. ഞാൻ യഹോവയുടെ സാക്ഷികളിലൊരാളാണ്. അവർക്കു വിലാസം തെറ്റിപ്പോയതുപോലുണ്ട്. ഈ മാസികകൾ നിങ്ങൾക്കല്ല, എനിക്കാണ് അയയ്ക്കേണ്ടിയിരുന്നത്.”
അവർ എനിക്ക് ആ മാസികകൾ തരുമായിരുന്നില്ല. അന്നുമുതൽ 1991 വരെ, 40 വർഷത്തിലധികം, ഞങ്ങൾക്ക് അൽബേനിയയിൽ ഒറ്റ സാഹിത്യംപോലും കിട്ടിയില്ല. ഈ വർഷങ്ങളിലെല്ലാം ഞങ്ങൾ ബൈബിൾ മാത്രം ഉപയോഗിച്ചുകൊണ്ടു പ്രസംഗവേലചെയ്തു. 20-ഓളം സാക്ഷികൾ 1949-ൽ ജയിലിലായിരുന്നു; ചിലരെ അഞ്ചുവർഷത്തേക്കായിരുന്നു തടവിലാക്കിയിരുന്നത്.
ബുദ്ധിമുട്ടുകൾ വർധിക്കുന്നു
സൈന്യത്തെ പിന്തുണയ്ക്കുന്നുവെന്നു കാണിക്കുന്ന രേഖകൾ കൂടെകൊണ്ടുനടക്കാൻ 1950-ൽ ജനങ്ങളോട് ആജ്ഞാപിക്കുകയുണ്ടായി. എന്നാൽ അത്തരം രേഖകൾ കൊണ്ടുനടക്കാൻ യഹോവയുടെ സാക്ഷികൾ വിസമ്മതിച്ചു. തന്മൂലം കൊമിനൊ സഹോദരനും ഞാനും രണ്ടുമാസം കൂടി ജയിലിൽ ചെലവഴിച്ചു.
ചില മതങ്ങൾ നിലവിലുണ്ടായിരിക്കാൻ രാജ്യം അനുവാദം നൽകിയ സമയത്ത് ഒരു പരിധിവരെ ഞങ്ങൾക്കു സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നിരുന്നാലും, 1967-ൽ അൽബേനിയയെ ഔദ്യോഗികമായി പൂർണമായും ഒരു നിരീശ്വര രാജ്യമാക്കിക്കൊണ്ട്, എല്ലാ മതങ്ങളുടെമേലും നിരോധനമേർപ്പെടുത്തി. യോഗങ്ങൾ നടത്താനുള്ള സാക്ഷികളുടെ ശ്രമം തുടർന്നു, എന്നാൽ അതു വളരെ പ്രയാസകരമായിരുന്നു. ഞങ്ങളിൽ ചിലർ, ചെറിയ ഒരു ബൈബിൾ ഒളിപ്പിച്ചുവയ്ക്കത്തക്കവിധം ജാക്കറ്റിൽ പ്രത്യേകം പോക്കറ്റു തയ്ച്ചുപിടിപ്പിച്ചു. എന്നിട്ട് അതു വായിക്കുന്നതിനുവേണ്ടി ഒരു വയലിലേക്കു പോകും.
ടിറാനയിൽ സാക്ഷികൾ പിടിക്കപ്പെട്ടു. മൂന്നുപേരെ അഞ്ചു വർഷത്തേക്കു ശിക്ഷിച്ചുകൊണ്ട് അതിദൂരെയുള്ള ഒരു ലേബർ ക്യാമ്പിലേക്ക് അയച്ചു. തത്ഫലമായി, അവരുടെ കുടുംബങ്ങൾ ആകെ കഷ്ടപ്പെട്ടു. ഒറ്റപ്പെട്ടുകിടക്കുന്ന ഗ്രാമങ്ങളിൽനിന്നുള്ള ഞങ്ങളെ അയച്ചില്ല, കാരണം ഞങ്ങളെ ഗുരുതരമായ ഒരു ഭീഷണിയായി കരുതിയിരുന്നില്ല. എങ്കിലും ഞങ്ങളുടെ നിഷ്പക്ഷതനിമിത്തം ഭക്ഷണത്തിനുള്ള ലിസ്റ്റുകളിൽനിന്നു ഞങ്ങളുടെ പേരുകൾ എടുത്തുമാറ്റപ്പെട്ടു. തന്മൂലം, ജീവിതം ഏറെ ദുഷ്കരമായിരുന്നു. ഞങ്ങളുടെ മക്കളിൽ വേറെയും രണ്ടുപേർ മരിച്ചുപോയി. എന്നിട്ടും യഹോവ കൈവെടിഞ്ഞതായി ഞങ്ങൾക്ക് ഒരിക്കലും തോന്നിയില്ല.
അൽബേനിയ ഭീതിയിലാണ്ടു. സകലരും നോട്ടപ്പുള്ളികളായി. ഭരണകക്ഷിക്കു വിരുദ്ധമായി എന്തെങ്കിലും ഒരഭിപ്രായം പറയാൻ ധൈര്യപ്പെടുന്നവരെപ്പറ്റി രഹസ്യ പൊലീസ് റിപ്പോർട്ടുകൾ എഴുതി അയച്ചു. അതുകൊണ്ട് ഞങ്ങളുടെ പ്രവർത്തനങ്ങളെപ്പറ്റി ലിഖിത റിപ്പോർട്ട് ഉണ്ടാക്കുന്നതു സംബന്ധിച്ചു ഞങ്ങൾ ജാഗരൂകരായിരുന്നു. ആത്മീയ പ്രോത്സാഹനം പകരുന്നതിനുള്ള ഞങ്ങളുടെ കൂട്ടങ്ങളിൽ രണ്ട് അല്ലെങ്കിൽ മൂന്ന്, അതിൽ കൂടുതൽ ആളുകൾക്കു കൂടിവരാൻ കഴിഞ്ഞില്ല. എന്നിട്ടും ഞങ്ങൾ പ്രസംഗവേല ഒരിക്കലും നിർത്തിയില്ല.
സഹോദരങ്ങളുടെയിടയിൽ ആശയക്കുഴപ്പമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തിൽ രഹസ്യ പൊലീസ്, ടിറാനയിലെ ഒരു പ്രമുഖ സാക്ഷി ഒരു ചാരനായിരുന്നുവെന്ന കിംവദന്തി പരത്തി. ചിലർക്ക് ആത്മവിശ്വാസം നഷ്ടപ്പെടാൻ ഇത് ഇടയാക്കി, തന്നെയുമല്ല ഞങ്ങളുടെ ഇടയിലുള്ള ഐക്യത്തിനും ഏതാണ്ടു കോട്ടംവരുത്തുന്നതുപോലെയായിരുന്നു ഇത്. പുതിയ സാഹിത്യമൊന്നും കൈവശമില്ലാതെ, യഹോവയുടെ ദൃശ്യ സ്ഥാപനവുമായി യാതൊരു ബന്ധവുമില്ലാതെ, വന്നപ്പോൾ ഏതാനും ചിലർ ഭീതിക്കു വശംവദരായി.
അതിനുപുറമേ, അൽബേനിയയിൽ അങ്ങേയറ്റം ആദരിക്കപ്പെട്ടിരുന്ന ഒരു ക്രിസ്തീയ മൂപ്പനായിരുന്ന സ്പിറോ വ്രൂഹോ ആത്മഹത്യ ചെയ്തുവെന്നും അധികാരികൾ കിംവദന്തി പരത്തി. “കണ്ടോ, വ്രൂഹോ പോലും ശ്രമം വെടിഞ്ഞു” എന്ന് അവർ പറഞ്ഞു. എന്നാൽ വ്രൂഹോ സഹോദരനെ വാസ്തവത്തിൽ കൊലചെയ്തതാണെന്നു പിന്നീടു സ്പഷ്ടമായി.
1975-ൽ ഞാനും അർഗ്ജിറോയും ഞങ്ങളുടെ മകനോടൊപ്പം ഏതാനും മാസം ടിറാനയിൽ താമസിക്കുകയുണ്ടായി. തെരഞ്ഞെടുപ്പിന്റെ സമയത്തെല്ലാം നഗരാധികാരികൾ ഇപ്രകാരം ഭീഷണിപ്പെടുത്തിക്കൊണ്ടു ഞങ്ങളുടെമേൽ സമ്മർദം ചെലുത്തുമായിരുന്നു: “നിങ്ങൾ വോട്ടു ചെയ്യാത്തപക്ഷം നിങ്ങളുടെ മകന്റെ തൊഴിൽ ഇല്ലാതാക്കും.”
“എന്റെ മകൻ ജോലിയിൽ പ്രവേശിച്ചിട്ട് 25 വർഷമായി. അവനെയും കുടുംബത്തെയും കുറിച്ചുള്ള വിശദാംശങ്ങളുള്ള വ്യക്തിപരമായ രേഖകൾ നിങ്ങളുടെ പക്കലുണ്ടല്ലോ. ഞാൻ 40 വർഷമായി വോട്ടു ചെയ്യാതായിട്ട്. ഈ വിവരങ്ങൾ സാധാരണഗതിയിൽ വ്യക്തിയെ സംബന്ധിച്ച രേഖകളിൽ ഉണ്ടായിരിക്കണം. ഇല്ലെന്നു വരികിൽ നിങ്ങളുടെ രേഖകൾ കൃത്യമല്ല. അതു നിങ്ങളുടെ രേഖകളിലുള്ളപക്ഷം, അവനെ ഇത്രയും വർഷങ്ങൾ ജോലി ചെയ്യാൻ അനുവദിച്ചുകൊണ്ടു നിങ്ങൾ നിങ്ങളുടെ പാർട്ടിയോടു കൂറുപുലർത്താതിരിക്കുകയാണു ചെയ്തത്” എന്നു ഞാൻ മറുപടി പറഞ്ഞു. ഞങ്ങൾ മ്പ്രെഷ്റ്റാനിലേക്കു മടങ്ങിപ്പോയാൽ ഈ വിഷയം വീണ്ടും കുത്തിപ്പൊക്കുകയില്ലെന്ന് അധികാരികൾ പറഞ്ഞു.
നാടകീയ മാറ്റങ്ങൾ
1983-ൽ ഞങ്ങൾ മ്പ്രെഷ്റ്റാനിൽനിന്നു ലാക് എന്ന നഗരത്തിലേക്കു മാറി. അതിനുശേഷം പെട്ടെന്നുതന്നെ, 1985-ൽ സ്വേച്ഛാധിപതി മരണമടഞ്ഞു. 1946-ലെ ആദ്യത്തെ നിർബന്ധിത തെരഞ്ഞെടുപ്പു മുതൽ അയാൾ ഭരണം നടത്തിയിരുന്നു. ക്രമേണ, ടിറാനയിലെ പ്രധാന നിരത്തിൽ അയാളുടെയും സ്റ്റാലിന്റെയും തലയുയർത്തിനിന്നിരുന്ന പ്രതിമകൾ എടുത്തുമാറ്റപ്പെട്ടു.
ഞങ്ങളുടെ പ്രവർത്തനങ്ങളുടെ മേൽ നിരോധനം ഏർപ്പെടുത്തിയ ദശകങ്ങളിൽ അനേകം സാക്ഷികൾ മൃഗീയമായി പെരുമാറപ്പെട്ടു, ചിലർ കൊലചെയ്യപ്പെട്ടു. തെരുവിൽവെച്ച് ഒരു വ്യക്തി ഏതാനും സാക്ഷികളോട് ഇങ്ങനെ പറഞ്ഞു: “കമ്മ്യുണിസ്റ്റുകാരുടെ കാലത്തു ഞങ്ങളെല്ലാം ദൈവത്തെ ഉപേക്ഷിച്ചായിരുന്നു. യഹോവയുടെ സാക്ഷികൾ മാത്രം പരിശോധനകൾക്കും ബുദ്ധിമുട്ടുകൾക്കും മധ്യേ ദൈവത്തോടുള്ള വിശ്വസ്തത കാത്തുസൂക്ഷിച്ചു.”
കൂടുതൽ സ്വാതന്ത്ര്യം അനുവദിച്ചതോടെ 1991 ജൂണിൽ ഒമ്പതുപേർ ക്രിസ്തീയ ശുശ്രൂഷയിലേർപ്പെട്ടതായി റിപ്പോർട്ടു ചെയ്യപ്പെട്ടു. നിരോധനം എടുത്തുമാറ്റി ഒരു മാസം കഴിഞ്ഞപ്പോൾ 1992 ജൂണിൽ 56 പേർ പ്രസംഗവേലയിൽ ഏർപ്പെട്ടു. ആ വർഷമാദ്യം ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകം ആഘോഷിക്കുന്നതിന് 325 പേർ കൂടിവന്നപ്പോൾ ഞങ്ങൾ സന്തോഷത്താൽ മതിമറന്നു. അന്നുമുതൽ പ്രസംഗവേലയിൽ ഏർപ്പെടുന്നവരുടെ സംഖ്യ 600-ലധികമായിത്തീർന്നിരിക്കുന്നു, 1995 ഏപ്രിൽ 14-നു മൊത്തം 3,491 പേർ സ്മാരകത്തിനു ഹാജരായി! സമീപകാലങ്ങളിൽ അനേകം ചെറുപ്പക്കാർ സഭയിലേക്കു ചേർക്കപ്പെടുന്നതായി കാണുന്നത് എന്നിൽ വർണനാതീതമായ സന്തോഷം ഉളവാക്കിയിരിക്കുന്നു.
ഈ വർഷങ്ങളിലുടനീളം അർഗ്ജിറോ യഹോവയോടു വിശ്വസ്തയായി നിലകൊള്ളുകയും എന്നോടു വിശ്വസ്തത പുലർത്തുകയും ചെയ്തിരിക്കുന്നു. ഞാൻ തടവിലായിരുന്നപ്പോഴോ പ്രസംഗവേലയ്ക്കുള്ള യാത്രയിലായിരുന്നപ്പോഴോ യാതൊരു പരാതിയും കൂടാതെ അവൾ ക്ഷമാപൂർവം കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റി. ഞങ്ങളുടെ ആൺമക്കളിൽ ഒരാളും ഭാര്യയും 1993-ൽ സ്നാപനമേറ്റു. അതു ഞങ്ങളെ വളരെയധികം സന്തുഷ്ടരാക്കി.
ദൈവരാജ്യത്തിനുവേണ്ടി മാത്രം
അൽബേനിയയിൽ യഹോവയുടെ സ്ഥാപനം ഇത്രമാത്രം ഏകീകൃതമായിരിക്കുകയും ആത്മീയ സമൃദ്ധി ആസ്വദിക്കുകയും ചെയ്യുന്നതായി കാണുന്നതിൽ ഞാൻ ആഹ്ലാദചിത്തനാണ്. മരിക്കുന്നതിനുമുമ്പ്, ദീർഘകാലം പ്രതീക്ഷിച്ചിരുന്ന മിശിഹായെ കാണുന്നതിനുള്ള വിലയേറിയ പദവി ലഭിച്ച, യെരുശലേമിലുണ്ടായിരുന്ന പ്രായംചെന്ന ശിമയോനെപ്പോലെയാണ് എനിക്കു തോന്നുന്നത്. (ലൂക്കൊസ് 2:30, 31) ഏതുതരം ഗവണ്മെന്റാണു ഞാൻ അധികം ഇഷ്ടപ്പെടുന്നതെന്ന് ഇപ്പോൾ എന്നോടു ചോദിക്കുമ്പോൾ ഞാൻ ഇങ്ങനെ പറയും: “കമ്മ്യുണിസവുമല്ല ക്യാപ്പിറ്റലിസവുമല്ല ഞാൻ അധികം ഇഷ്ടപ്പെടുന്നത്. ദേശത്തിന്റെ ഉടമസ്ഥത ജനങ്ങൾക്കാണോ സർക്കാരിനാണോ എന്നതു പ്രസക്തമല്ല. ഗവണ്മെൻറ് റോഡുകൾ പണിയുന്നു, വിദൂര ഗ്രാമങ്ങളിൽ വൈദ്യുതി എത്തിക്കുന്നു, ഒരു പരിധിവരെ ക്രമസമാധാനം നിലനിർത്തുന്നു. എന്നിരുന്നാലും, യഹോവയുടെ ഗവണ്മെൻറ്, അവന്റെ സ്വർഗീയ ഗവണ്മെന്റു മാത്രമാണ് അൽബേനിയയിലെയും അതുപോലെ ലോകത്തിന്റെ മറ്റുഭാഗങ്ങളിലെയും പ്രശ്നങ്ങൾക്കുള്ള ഏക പരിഹാരം.”
ദൈവദാസർ ദൈവരാജ്യം പ്രസംഗിച്ചുകൊണ്ടു ഭൂമിയിൽ ചെയ്യുന്ന വേല ഏതെങ്കിലും മനുഷ്യന്റെ വേലയല്ല. അതു ദൈവത്തിന്റെ വേലയാണ്. നാം അവന്റെ ദാസരാണ്. അൽബേനിയയിൽ ഞങ്ങൾക്ക് അനേകം ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വരികയും ദീർഘകാലം യഹോവയുടെ ദൃശ്യസ്ഥാപനത്തിൽനിന്നു വിച്ഛേദിക്കപ്പെട്ടിരിക്കുകയും ചെയ്തുവെങ്കിലും അവൻ ഞങ്ങളെ ഒരിക്കലും കൈവെടിഞ്ഞില്ല. അവന്റെ ആത്മാവ് എല്ലായ്പോഴും ഇവിടെയുണ്ടായിരുന്നു. ഓരോ ചുവടിലും അവൻ ഞങ്ങളെ നയിച്ചു. എന്റെ ജീവിതത്തിലുടനീളം ഞാൻ അതു കണ്ടറിഞ്ഞിട്ടുണ്ട്.