“സത്യവും സമാധാനവും ഇഷ്ടപ്പെടുവിൻ”!
“സത്യവും സമാധാനവും ഇഷ്ടപ്പെടുവിൻ”!
“സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: . . . സത്യവും സ്നേഹവും ഇഷ്ടപ്പെടുവിൻ.”—സെഖര്യാവു 8:18, 19.
1, 2. (എ) സമാധാനത്തിന്റെ കാര്യത്തിൽ മനുഷ്യവർഗത്തിന്റെ അവസ്ഥയെന്താണ്? (ബി) ഇപ്പോഴത്തെ ലോകം ഒരിക്കലും യഥാർഥ സമാധാനം കാണുകയില്ലാത്തതെന്തുകൊണ്ട്?
“ലോകത്ത് ഒരിക്കലും സമാധാനം ഉണ്ടായിരുന്നിട്ടില്ല. എവിടെയെങ്കിലും—മിക്കപ്പോഴും ഒരേസമയം പല സ്ഥലങ്ങളിൽ—എല്ലായ്പോഴും യുദ്ധമുണ്ടായിരുന്നിട്ടുണ്ട്.” യു.എസ്.എ.-യിലെ മസാച്ചുസെറ്റ്സ് സർവകലാശാലയിലെ പ്രൊഫസർ മിൽട്ടൺ മേയറിന്റെ വാക്കുകളാണവ. മാനവരാശിയെക്കുറിച്ചുള്ള എത്ര ശോചനീയമായ ഒരു വർണന! മനുഷ്യർ സമാധാനം കാംക്ഷിച്ചിട്ടുണ്ടെന്നതു ശരിതന്നെ. അതു നിലനിർത്തുന്നതിനു രാഷ്ട്രീയക്കാർ എല്ലാ രീതികളും പരിശോധിച്ചു നോക്കിയിട്ടുണ്ട്, റോമാക്കാരുടെ നാളിലെ പാക്സ് റോമാന തുടങ്ങി ശീതയുദ്ധകാലത്തെ “സുനിശ്ചിത പരസ്പര വിനാശം” എന്ന നയം വരെ. എങ്കിലും, അവരുടെ സകല ശ്രമങ്ങളും ഒടുവിൽ പരാജയമടഞ്ഞിരിക്കുകയാണ്. അനേകം നൂറ്റാണ്ടുകൾക്കു മുമ്പ് യെശയ്യാവ് പ്രകടമാക്കിയതുപോലെ, ‘സമാധാനത്തിന്റെ ദൂതന്മാർ അതിദുഃഖത്തോടെ കരഞ്ഞു.’ (യെശയ്യാവു 33:7) അതെന്തുകൊണ്ടാണ്?
2 എന്തുകൊണ്ടെന്നാൽ, നിലനിൽക്കുന്ന സമാധാനം ഉരുത്തിരിയണമെങ്കിൽ വിദ്വേഷവും അത്യാഗ്രഹവും ഇല്ലാതിരിക്കണം; അതു സത്യത്തിൽ അധിഷ്ഠിതമായിരിക്കണം. സമാധാനത്തിനു നുണയിൽ അധിഷ്ഠിതമായിരിക്കാനാവില്ല. അതുകൊണ്ടാണു പുരാതന ഇസ്രായേലിനു പുനഃസ്ഥാപനവും സമാധാനവും വാഗ്ദാനം ചെയ്തപ്പോൾ യഹോവ ഇങ്ങനെ പറഞ്ഞത്: “ഞാൻ അവൾക്കു നദിപോലെ സമാധാനവും കവിഞ്ഞൊഴുകുന്ന തോടുപോലെ ജാതികളുടെ മഹത്വവും നീട്ടിക്കൊടുക്കും.” (യെശയ്യാവു 66:12) ഈ വ്യവസ്ഥിതിയുടെ ദൈവമായ പിശാചായ സാത്താൻ ‘കൊലപാതക’നാണ്, ഒരു ഘാതകനുമാണ്. കൂടാതെ അവൻ “ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.” (യോഹന്നാൻ 8:44; 2 കൊരിന്ത്യർ 4:4) അത്തരമൊരുവൻ ദൈവമായുള്ള ഒരു ലോകത്തിൽ എന്നെങ്കിലും സമാധാനമുണ്ടായിരിക്കാൻ എങ്ങനെ കഴിയും?
3. യഹോവയുടെ ജനം പ്രയാസകരമായ ലോകത്തു ജീവിക്കുന്നുവെങ്കിലും അവൻ അവർക്കു ശ്രദ്ധേയമായ എന്തു ദാനമാണു നൽകിയിരിക്കുന്നത്?
3 എങ്കിലും, സാത്താന്റെ യുദ്ധകലുഷിതമായ ലോകത്തിൽ ജീവിക്കുമ്പോൾപോലും യഹോവ തന്റെ ജനത്തിനു സമാധാനം നൽകുന്നുവെന്നതു ശ്രദ്ധേയമാണ്. (യോഹന്നാൻ 17:16) അവൻ യിരെമ്യാവ് മുഖാന്തരം നൽകിയ തന്റെ വാഗ്ദത്തം പൊ.യു.മു. (പൊതുയുഗത്തിനു മുമ്പ്) ആറാം നൂറ്റാണ്ടിൽ നിവർത്തിക്കുകയും തന്റെ പ്രത്യേക ജനതയെ തങ്ങളുടെ ജന്മനാട്ടിലേക്കു തിരികെവരുത്തി അവർക്കു “സമാധാനവും സത്യവും” നൽകുകയും ചെയ്തു. (യിരെമ്യാവു 33:6) കൂടാതെ, തന്റെ ജനം ഈ അന്ത്യനാളുകളിൽ, ഇന്നോളം ലോകം കണ്ടിട്ടുള്ളതിലേക്കും ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെ ജീവിതം പിന്നിട്ടിരിക്കുന്നുവെങ്കിലും അവൻ അവർക്ക് തങ്ങളുടെ “ദേശ”ത്ത് അഥവാ ഭൗമിക ആത്മീയ സ്ഥിതിയിൽ “സമാധാനവും സത്യവും” നൽകിയിരിക്കുന്നു. (യെശയ്യാവു 66:8; മത്തായി 24:7-13; വെളിപ്പാടു 6:1-8) സെഖര്യാവു 8-ാം അധ്യായത്തിന്റെ ചർച്ച തുടരുമ്പോൾ നാം ദൈവദത്തമായ ഈ സമാധാനത്തെയും സത്യത്തെയും കുറിച്ച് ആഴമായ വിലമതിപ്പു നേടും, ഒപ്പംതന്നെ അതിൽ നമുക്കുള്ള പങ്കു കാത്തുസൂക്ഷിക്കുന്നതിനു നാം എന്തു ചെയ്യണമെന്നു കാണുകയും ചെയ്യും.
“നിങ്ങളുടെ കരങ്ങൾ ബലവത്തായിരിക്കട്ടെ”
4. സമാധാനം അനുഭവിക്കണമെങ്കിൽ എങ്ങനെ പ്രവർത്തിക്കണമെന്നാണു സെഖര്യാവ് ഇസ്രായേലിനെ പ്രോത്സാഹിപ്പിച്ചത്?
4 സെഖര്യാവു 8-ാം അധ്യായത്തിൽ ആറാം തവണ യഹോവയുടെ കോരിത്തരിപ്പിക്കുന്ന അരുളപ്പാടു നാം കേൾക്കുന്നു: “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സൈന്യങ്ങളുടെ യഹോവയുടെ ആലയമായ മന്ദിരം പണിയേണ്ടതിന്നു അടിസ്ഥാനം ഇട്ട നാളിൽ ഉണ്ടായിരുന്ന പ്രവാചകന്മാരുടെ വായിൽനിന്നു ഈ വചനങ്ങളെ ഈ കാലത്തു കേൾക്കുന്നവരേ, ധൈര്യപ്പെടുവിൻ. ഈ കാലത്തിന്നുമുമ്പെ മനുഷ്യന്നു കൂലിയില്ല, മൃഗത്തിന്നു കൂലിയില്ല; പോക്കുവരത്തു ചെയ്യുന്നവന്നു വൈരിനിമിത്തം സമാധാനവുമില്ല; ഞാൻ സകല മനുഷ്യരെയും തമ്മിൽ തമ്മിൽ വിരോധമാക്കിയിരുന്നു.”—സെഖര്യാവു 8:9, 10.
5, 6. (എ) ഇസ്രായേല്യരുടെ നിരുത്സാഹം നിമിത്തം ഇസ്രായേലിലെ അവസ്ഥ എന്തായിരുന്നു? (ബി) ഇസ്രായേൽ യഹോവയുടെ ആരാധന ഒന്നാമതു വയ്ക്കുന്നപക്ഷം അവൻ എന്തു മാറ്റമാണു വാഗ്ദാനം ചെയ്തത്?
5 യെരുശലേമിൽ ആലയം പുനർനിർമിക്കുമ്പോഴാണു സെഖര്യാവ് ഈ വാക്കുകൾ പറഞ്ഞത്. മുമ്പ്, ബാബിലോനിൽനിന്നു തിരിച്ചെത്തിയ ഇസ്രായേല്യർ നിരുത്സാഹിതരായി ആലയനിർമാണം നിർത്തിവെച്ചു. സ്വന്ത സുഖസൗകര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ട് അവർക്കു യഹോവയിൽനിന്നുള്ള അനുഗ്രഹവും സമാധാനവും ലഭിച്ചില്ല. അവർ തങ്ങളുടെ നിലങ്ങളിൽ കൃഷിചെയ്യുകയും മുന്തിരിത്തോപ്പുകൾ സംരക്ഷിക്കുകയും ചെയ്തെങ്കിലും അവർ അഭിവൃദ്ധിപ്പെട്ടില്ല. (ഹഗ്ഗായി 1:3-6) അവർ ‘കൂലിയില്ലാതെ’ വേല ചെയ്യുന്നതുപോലിരുന്നു അത്.
6 ഇപ്പോൾ ആലയം പുനർനിർമിക്കപ്പെടുകയായിരുന്നതിനാൽ യഹോവയുടെ ആരാധന ധൈര്യപൂർവം ഒന്നാമതു നിർത്തിക്കൊണ്ടു ‘ബലവത്തായിരി’ക്കുന്നതിനു സെഖര്യാവ് യഹൂദരെ പ്രോത്സാഹിപ്പിച്ചു. അവർ അങ്ങനെ ചെയ്തിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു? “ഇപ്പോഴോ ഞാൻ ഈ ജനത്തിന്റെ ശേഷിപ്പുള്ളവരോടു മുമ്പിലത്തെ കാലത്തു എന്നപോലെയല്ല എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു. വിത സമാധാനത്തോടെ ആയിരിക്കും [“സമാധാനത്തിന്റെ വിത്തുണ്ടായിരിക്കും,” NW]; മുന്തിരിവള്ളി ഫലം കായ്ക്കും; ഭൂമി അനുഭവം നൽകും; ആകാശം മഞ്ഞു പെയ്യിക്കും; ഈ ജനത്തിന്റെ ശേഷിപ്പുള്ളവർക്കു ഞാൻ ഇവയൊക്കെയും അവകാശമായി കൊടുക്കും. യെഹൂദാഗൃഹവും യിസ്രായേൽഗൃഹവുമായുള്ളോരേ, നിങ്ങൾ ജാതികളുടെ ഇടയിൽ ശാപമായിരുന്നതുപോലെ ഞാൻ നിങ്ങളെ രക്ഷിച്ചിട്ടു നിങ്ങൾ അനുഗ്രഹമായ്തീരും; നിങ്ങൾ ഭയപ്പെടാതെ ധൈര്യമായിരിപ്പിൻ [“നിങ്ങളുടെ കരങ്ങൾ ബലവത്തായിരിക്കട്ടെ,” NW].” (സെഖര്യാവു 8:11-13) ഇസ്രായേൽ നിശ്ചയദാർഢ്യത്തോടെ പ്രവർത്തിച്ചിരുന്നുവെങ്കിൽ അവൾ അഭിവൃദ്ധിപ്പെടുമായിരുന്നു. മുമ്പൊക്കെ ജനതകൾ ശാപത്തിന് ഉദാഹരണം നൽകാൻ ഇച്ഛിക്കുമ്പോൾ അവർക്ക് ഇസ്രായേലിനെ ചൂണ്ടിക്കാണിക്കാൻ കഴിയുമായിരുന്നു. എന്നാൽ ഇപ്പോൾ ഇസ്രായേൽ അനുഗ്രഹത്തിന് ഉദാഹരണമായിരിക്കും. അവരുടെ ‘കരങ്ങൾ ബലപ്പെടുത്തുന്നതിന്’ എത്ര മികച്ച കാരണം!
7. (എ) യഹോവയുടെ ജനം, പ്രത്യേകിച്ചും 1995 എന്ന സേവനവർഷത്തിൽ പരിസമാപ്തിയിലെത്തിയ കോരിത്തരിപ്പിക്കുന്ന എന്തു മാറ്റങ്ങളാണ് ആസ്വദിച്ചിരിക്കുന്നത്? (ബി) വാർഷിക റിപ്പോർട്ടിൽ നോക്കുമ്പോൾ, ഏതു രാജ്യങ്ങൾക്കാണു പ്രസാധകർ, പയനിയർമാർ, ശരാശരി മണിക്കൂർ എന്നീ രംഗങ്ങളിൽ ശ്രദ്ധേയമായ രേഖയുള്ളതായി നിങ്ങൾ കാണുന്നത്?
7 എന്നാൽ ഇന്നോ? 1919-നു മുമ്പുള്ള വർഷങ്ങളിൽ യഹോവയുടെ ജനത്തിനു തീക്ഷ്ണതയുടെ ഏതാണ്ടൊരു അഭാവമുണ്ടായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ അവർ മുഴുവനായും നിഷ്പക്ഷത പാലിച്ചില്ല. കൂടാതെ, തങ്ങളുടെ രാജാവായ യേശുക്രിസ്തുവിനെ പിന്തുടരുന്നതിനു പകരം മനുഷ്യനെ പിന്തുടരുന്നതിന് അവർ പ്രവണത കാട്ടി. തത്ഫലമായി, സ്ഥാപനത്തിന്റെ അകത്തും പുറത്തും നിന്നുള്ള സമ്മർദം നിമിത്തം ചിലർ നിരുത്സാഹിതരായി. പിന്നീട്, 1919-ൽ യഹോവയുടെ സഹായത്താൽ അവർ തങ്ങളുടെ കരങ്ങൾ ബലവത്താക്കി. (സെഖര്യാവു 4:6) യഹോവ അവർക്കു സമാധാനം നൽകി, അവർ അത്യന്തം സമൃദ്ധിപ്രാപിച്ചു. 1995 എന്ന സേവനവർഷത്തിൽ പരിസമാപ്തി കുറിക്കുന്ന കഴിഞ്ഞ 75 വർഷമായുള്ള അവരുടെ ചരിത്രം അതു വ്യക്തമാക്കുന്നു. ഒരു ജനമെന്ന നിലയിൽ ദേശീയത്വവും വർഗീയവാദവും മുൻവിധിയും വിദ്വേഷത്തിന്റെ മറ്റു സകല കാരണങ്ങളും യഹോവയുടെ സാക്ഷികൾ ത്യജിക്കുന്നു. (1 യോഹന്നാൻ 3:14-18) അവർ യഹോവയെ അവന്റെ ആത്മീയ ആലയത്തിൽ ആത്മാർഥ തീക്ഷ്ണതയോടെ സേവിക്കുന്നു. (എബ്രായർ 13:15; വെളിപ്പാടു 7:15) കഴിഞ്ഞവർഷം മാത്രമായി അവർ തങ്ങളുടെ സ്വർഗീയ പിതാവിനെപ്പറ്റി മറ്റുള്ളവരോടു പറഞ്ഞുകൊണ്ട് നൂറുകോടിയിലധികം മണിക്കൂർ ചെലവഴിച്ചിരിക്കുന്നു! മാസംതോറും അവർ 48,65,060 ബൈബിളധ്യയനങ്ങൾ നടത്തുകയുണ്ടായി. മാസംതോറും ശരാശരി 6,63,521 പേർ പയനിയർ സേവനത്തിൽ പങ്കുപറ്റി. ക്രൈസ്തവലോകത്തിലെ ശുശ്രൂഷകർ ആരാധനയുടെ കാര്യത്തിൽ യഥാർഥ ഉത്സാഹമുള്ളവരുടെ ദൃഷ്ടാന്തം നൽകാൻ ആഗ്രഹിക്കുന്ന ചിലയവസരങ്ങളിൽ യഹോവയുടെ സാക്ഷികളെ ചൂണ്ടിക്കാട്ടുന്നു.
8. ‘സമാധാനത്തിന്റെ വിത്തിൽ’നിന്ന് ഓരോ ക്രിസ്ത്യാനിക്കും പ്രയോജനമനുഭവിക്കാവുന്നതെങ്ങനെ?
8 യഹോവ തന്റെ ജനത്തിന് അവരുടെ തീക്ഷ്ണത നിമിത്തം ‘സമാധാനത്തിന്റെ വിത്ത്’ നൽകുന്നു. ആ വിത്തു നട്ടുവളർത്തുന്ന ഓരോ വ്യക്തിയും തന്റെ ഹൃദയത്തിലും ജീവിതത്തിലും സമാധാനം വളരുന്നതു കാണും. യഹോവയും സഹക്രിസ്ത്യാനികളുമായി സമാധാനത്തിൽ വർത്തിക്കുന്ന വിശ്വാസിയായ ഓരോ ക്രിസ്ത്യാനിയും യഹോവയുടെ നാമം വഹിക്കുന്ന ജനത്തിന്റെ സത്യത്തിലും സമാധാനത്തിലും പങ്കുപറ്റുന്നു. (1 പത്രൊസ് 3:11; യാക്കോബ് 3:18 താരതമ്യം ചെയ്യുക.) അത് അത്ഭുതകരമല്ലേ?
“നിങ്ങൾ ഭയപ്പെടേണ്ട”
9. തന്റെ ജനവുമായുള്ള ഇടപെടൽ സംബന്ധിച്ച് എന്തു മാറ്റമാണു യഹോവ വാഗ്ദാനം ചെയ്തത്?
9 ഇപ്പോൾ നാം യഹോവയിൽനിന്നുള്ള ഏഴാമത്തെ അരുളപ്പാടു വായിക്കുന്നു. എന്താണത്? “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; നിങ്ങളുടെ പിതാക്കന്മാർ എന്നെ കോപിപ്പിച്ചപ്പോൾ ഞാൻ നിങ്ങൾക്കു തിന്മ വരുത്തുവാൻ വിചാരിക്കയും അനുതപിക്കാതിരിക്കയും ചെയ്തതുപോലെ ഞാൻ ഈ കാലത്തു യെരൂശലേമിന്നും യെഹൂദാഗൃഹത്തിന്നും വീണ്ടും നന്മ വരുത്തുവാൻ വിചാരിക്കുന്നു; നിങ്ങൾ ഭയപ്പെടേണ്ടാ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.”—സെഖര്യാവു 8:14, 15.
10. തങ്ങൾ ഭയമുള്ളവരായിരുന്നിട്ടില്ലെന്നു യഹോവയുടെ സാക്ഷികളുടെ എന്തു ചരിത്രമാണു കാണിക്കുന്നത്?
10 ഒന്നാം ലോകമഹായുദ്ധത്തിൽ യഹോവയുടെ ജനം, ഒരു ആത്മീയ അർഥത്തിൽ ചിന്നിച്ചിതറിപ്പോയിരുന്നെങ്കിലും ശരിയായതു ചെയ്യാൻ അവർ ഹൃദയാ ആഗ്രഹിച്ചിരുന്നു. തന്മൂലം, കുറച്ചു ശിക്ഷണം നൽകിയശേഷം യഹോവ അവരുമായുള്ള തന്റെ ഇടപെടലിൽ മാറ്റം വരുത്തി. (മലാഖി 3:2-4) ഇന്നു നാം പിന്തിരിഞ്ഞുനോക്കി അവൻ ചെയ്ത കാര്യത്തെപ്രതി അവന് അകമഴിഞ്ഞ നന്ദി പറയുന്നു. ‘നാം സകല ജനതകളുടെയും വിദ്വേഷത്തിനു പാത്രമായിരിക്കു’ന്നുവെന്നതു ശരിതന്നെ. (മത്തായി 24:9, NW) അനേകരും ജയിലിലടയ്ക്കപ്പെട്ടു, ചിലർ തങ്ങളുടെ വിശ്വാസത്തിനുവേണ്ടി മരിക്കുകപോലുമുണ്ടായി. നാം മിക്കപ്പോഴും ഉദാസീനതയെ അല്ലെങ്കിൽ വിദ്വേഷത്തെ അഭിമുഖീകരിക്കുന്നു. എന്നാൽ നാം ഭയപ്പെടുന്നില്ല. ദൃശ്യമോ അദൃശ്യമോ ആയ ഏത് എതിർപ്പിനെക്കാളും യഹോവ ശക്തനാണെന്നു നമുക്കറിയാം. (യെശയ്യാവു 40:15; എഫെസ്യർ 6:10-13) “യഹോവയിങ്കൽ പ്രത്യാശവെക്കുക; ധൈര്യപ്പെട്ടിരിക്ക; നിന്റെ ഹൃദയം ഉറെച്ചിരിക്കട്ടെ” എന്ന വാക്കുകൾ അനുസരിക്കുന്നതിൽനിന്നു നാം പിന്മാറുന്നില്ല.—സങ്കീർത്തനം 27:14.
“അന്യോന്യം സത്യം സംസാരിക്കുവിൻ”
11, 12. യഹോവ തന്റെ ജനത്തിനു നൽകുന്ന അനുഗ്രഹങ്ങളിൽ മുഴുവനായി പങ്കുപറ്റാൻ ആഗ്രഹിക്കുന്നുവെങ്കിൽ നാം വ്യക്തിപരമായി എന്തു കാര്യം മനസ്സിൽ പിടിക്കണം?
11 യഹോവയിൽനിന്നുള്ള അനുഗ്രഹങ്ങൾ പൂർണമായി പങ്കിടുന്നതിനു നാം ഓർത്തിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. സെഖര്യാവ് ഇങ്ങനെ പറയുന്നു: “നിങ്ങൾ ചെയ്യേണ്ടുന്ന കാര്യങ്ങൾ ഇവയാകുന്നു: ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം പറവിൻ [“അന്യോന്യം സത്യം സംസാരിക്കുവിൻ,” NW]; നിങ്ങളുടെ ഗോപുരങ്ങളിൽ നേരോടും സമാധാനത്തോടുംകൂടെ ന്യായപാലനം ചെയ്വിൻ. നിങ്ങളിൽ ആരും തന്റെ കൂട്ടുകാരന്റെ നേരെ ഹൃദയത്തിൽ ദോഷം നിരൂപിക്കരുതു; കള്ളസ്സത്യത്തിൽ ഇഷ്ടം തോന്നുകയും അരുതു; ഇതെല്ലാം ഞാൻ വെറുക്കുന്നതല്ലോ എന്നു യഹോവയുടെ അരുളപ്പാടു.”—സെഖര്യാവു 8:16, 17.
12 സത്യം സംസാരിക്കാൻ യഹോവ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (എഫെസ്യർ 4:15, 25) ദ്രോഹകരമായ കാര്യങ്ങൾ ആസൂത്രണം ചെയ്യുകയോ വ്യക്തിപരമായ നേട്ടത്തിനുവേണ്ടി സത്യം മറച്ചുപിടിക്കുകയോ കള്ളസത്യം പറയുകയോ ചെയ്യുന്നവരുടെ പ്രാർഥനയ്ക്ക് അവൻ ചെവിചായ്ക്കുന്നില്ല. (സദൃശവാക്യങ്ങൾ 28:9) അവൻ വിശ്വാസത്യാഗം വെറുക്കുന്നതുകൊണ്ടു നാം ബൈബിൾ സത്യത്തോടു പറ്റിനിൽക്കാൻ അവൻ ആഗ്രഹിക്കുന്നു. (സങ്കീർത്തനം 25:5; 2 യോഹന്നാൻ 9-11) കൂടാതെ, നീതിന്യായ കേസുകൾക്കു വിധികൽപ്പിക്കുന്ന മൂപ്പന്മാർ തങ്ങളുടെ ബുദ്ധ്യുപദേശങ്ങളും തീരുമാനങ്ങളും വ്യക്തിപരമായ തീരുമാനങ്ങളിലല്ല ബൈബിൾ സത്യത്തിൽ അധിഷ്ഠിതമാക്കണം, ഇസ്രായേലിൽ നഗരവാതിൽക്കലെ മൂപ്പന്മാർ ചെയ്തതുപോലെതന്നെ. (യോഹന്നാൻ 17:17) ക്രിസ്തീയ ഇടയന്മാരെന്നനിലയിൽ അവർ ‘സമാധാനത്തോടെ ന്യായപാലനം’ ചെയ്യാൻ ശ്രമിക്കുന്നതിനും പരസ്പരം എതിർക്കുന്നവരുടെ ഇടയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും ദൈവവുമായി സമാധാനത്തിലായിരിക്കാൻ അനുതാപികളായ പാപികളെ സഹായിക്കുന്നതിനും യഹോവ ആഗ്രഹിക്കുന്നു. (യാക്കോബ് 5:14, 15; യൂദാ 23) അതേസമയം, ദുഷ്പ്രവൃത്തിയിൽ മനപ്പൂർവം ഉറച്ചുനിന്നുകൊണ്ടു സഭയുടെ സമാധാനം കെടുത്തിക്കളയുന്നവരെ സധൈര്യം പുറന്തള്ളിക്കൊണ്ട് അവർ ആ സമാധാനം കാത്തുസൂക്ഷിക്കുന്നു.—1 കൊരിന്ത്യർ 6:9, 10.
“ആനന്ദവും സന്തോഷവും”
13. (എ) ഉപവാസം സംബന്ധിച്ച എന്തു മാറ്റമാണു സെഖര്യാവ് മുൻകൂട്ടിപ്പറഞ്ഞത്? (ബി) ഇസ്രായേലിൽ ആചരിച്ചിരുന്ന ഉപവാസം ഏതാണ്?
13 ഇപ്പോൾ നാം, ഗാംഭീര്യമേറിയ എട്ടാമത്തെ അരുളപ്പാടു കേൾക്കുന്നു: “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നാലാം മാസത്തെ ഉപവാസവും അഞ്ചാം മാസത്തെ ഉപവാസവും ഏഴാം മാസത്തെ ഉപവാസവും പത്താം മാസത്തെ ഉപവാസവും യെഹൂദാഗൃഹത്തിന്നു ആനന്ദവും സന്തോഷവും പ്രമോദമായുള്ള ഉത്സവങ്ങളും ആയിരിക്കേണം; അതുകൊണ്ടു സത്യവും സമാധാനവും ഇഷ്ടപ്പെടുവിൻ.” (സെഖര്യാവു 8:19) മോശൈക ന്യായപ്രമാണത്തിൻ കീഴിൽ ഇസ്രായേൽ തങ്ങളുടെ പാപങ്ങളെപ്രതി ദുഃഖം പ്രകടിപ്പിക്കാൻ പാപപരിഹാര ദിവസം ഉപവാസമനുഷ്ഠിച്ചിരുന്നു. (ലേവ്യപുസ്തകം 16:29-31) സെഖര്യാവ് പരാമർശിച്ച നാല് ഉപവാസങ്ങൾ പ്രത്യക്ഷത്തിൽ യെരുശലേമിനെ കീഴടക്കി അതിനെ നശിപ്പിച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ വിലപിക്കുന്നതിനുവേണ്ടി ആചരിച്ചിരുന്നതായിരുന്നു. (2 രാജാക്കന്മാർ 25:1-4, 8, 9, 22-26) എന്നാൽ, ഇപ്പോൾ ആലയം പുനർനിർമിക്കുകയും യെരുശലേം പുനഃനിവസിതമാക്കുകയും ചെയ്തിരിക്കുന്നു. വിലാപം ആനന്ദവും ഉപവാസങ്ങൾ ഉത്സവകാലങ്ങളും ആയി മാറി.
14, 15. (എ) സ്മാരകാഘോഷം വലിയ ആനന്ദത്തിനുള്ള കാരണമായിരുന്നത് എന്തുകൊണ്ട്, അതു നമ്മെ എന്ത് അനുസ്മരിപ്പിക്കണം? (ബി) വാർഷിക റിപ്പോർട്ടിൽ കാണുന്നപ്രകാരം, ഏതു ദേശങ്ങളിലാണു സ്മാരകത്തിനു മുന്തിയ ഹാജരുണ്ടായിരുന്നത്?
14 സെഖര്യാവ് സൂചിപ്പിച്ച ഉപവാസങ്ങളോ ന്യായപ്രമാണത്തിൻ കീഴിൽ നിർദേശിച്ചിരുന്ന ഉപവാസങ്ങളോ ഇന്നു നാം ആചരിക്കുന്നില്ല. യേശു നമ്മുടെ പാപങ്ങൾക്കായി തന്റെ ജീവൻ അർപ്പിച്ചതു നിമിത്തം നാം വലിയ പാപപരിഹാര ദിവസത്തിന്റെ അനുഗ്രഹങ്ങൾ ആസ്വദിക്കുകയാണ്. നമ്മുടെ പാപങ്ങൾ പൊറുക്കപ്പെടുന്നത് അൽപ്പസ്വൽപ്പമായിട്ടല്ല പരിപൂർണമായിട്ടാണ്. (എബ്രായർ 9:6-14) യേശുക്രിസ്തുവെന്ന സ്വർഗീയ മഹാപുരോഹിതന്റെ കൽപ്പന അനുസരിച്ചുകൊണ്ട്, ക്രിസ്തീയ കലണ്ടറിലെ ഏക വിശുദ്ധ ആഘോഷമെന്ന നിലയിൽ നാം അവന്റെ മരണത്തിന്റെ സ്മാരകം ആചരിക്കുന്നു. (ലൂക്കൊസ് 22:19, 20) ആ ആഘോഷത്തിനുവേണ്ടി വർഷാവർഷം കൂടിവരുമ്പോൾ നാം “ആനന്ദവും സന്തോഷവും” അനുഭവിക്കുന്നില്ലേ?
15 കഴിഞ്ഞവർഷം 1,31,47,201 പേർ സ്മാരകാഘോഷത്തിനു കൂടിവന്നു. 1994-ലേതിനെക്കാൾ 8,58,284 അധികമായിരുന്നു അത്. എത്ര വലിയ മഹാസംഘം! ആ ആഘോഷത്തിനുവേണ്ടി തങ്ങളുടെ രാജ്യഹാളുകളിലേക്ക് അസാധാരണമാംവിധം വലിയ ഒരു ജനക്കൂട്ടംതന്നെ വന്നുചേരുന്നതു കണ്ടപ്പോൾ യഹോവയുടെ സാക്ഷികളുടെ 78,620 സഭകളിലുള്ളവർക്കുണ്ടായ സന്തോഷം വിഭാവനം ചെയ്യൂ. “വഴിയും സത്യവും ജീവനു”മായവന്റെ, യഹോവയുടെ വലിയ “സമാധാന പ്രഭു”വായി ഇപ്പോൾ വാഴ്ച നടത്തുന്നവന്റെ, മരണത്തെ അനുസ്മരിച്ചപ്പോൾ സന്നിഹിതരായിരുന്നവരെല്ലാം “സത്യവും സ്നേഹവും ഇഷ്ടപ്പെടു”ന്നതിനു പ്രേരിതരായി! (യോഹന്നാൻ 14:6; യെശയ്യാവു 9:6) കുഴപ്പങ്ങളാലും യുദ്ധത്താലും നട്ടംതിരിയുന്ന ദേശങ്ങളിൽ ആ ആഘോഷം ആചരിച്ചവരെ സംബന്ധിച്ചിടത്തോളം അതിനു പ്രത്യേക അർഥമുണ്ടായിരുന്നു. 1995-കളിൽ നമ്മുടെ സഹോദരങ്ങളിൽ ചിലർ കൊടും ക്രൂരതകൾക്കു ദൃക്സാക്ഷികളായിട്ടുണ്ട്. എന്നിട്ടും, ‘സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം അവരുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാത്തിരിക്കുന്നു.’—ഫിലിപ്പിയർ 4:7.
‘നമുക്കു യഹോവയെ പ്രസാദിപ്പിക്കാം’
16, 17. ജനതകളിലെ ആളുകൾക്കു ‘യഹോവയെ പ്രസാദിപ്പിക്കാൻ കഴിയുന്നതെങ്ങനെ?’
16 സ്മാരകത്തിനു ഹാജരായ ആ ലക്ഷങ്ങൾ എവിടെനിന്നാണു വന്നത്? യഹോവയുടെ ഒമ്പതാമത്തെ അരുളപ്പാടു വിശദീകരിക്കുന്നു: “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇനി ജാതികളും അനേക പട്ടണങ്ങളിലെ നിവാസികളും വരുവാൻ ഇടയാകും. ഒരു പട്ടണത്തിലെ നിവാസികൾ മറ്റൊന്നിലേക്കു ചെന്നു: വരുവിൻ, നമുക്കു യഹോവയെ പ്രസാദിപ്പിക്കേണ്ടതിന്നും സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കേണ്ടതിന്നും പോകാം. ഞാനും പോരുന്നു എന്നു പറയും. അങ്ങനെ അനേക ജാതികളും ബഹുവംശങ്ങളും യെരൂശലേമിൽ സൈന്യങ്ങളുടെ യഹോവയെ അന്വേഷിപ്പാനും യഹോവയെ പ്രസാദിപ്പിപ്പാനും വരും.”—സെഖര്യാവു 8:20-22.
17 സ്മാരകത്തിനു ഹാജരായവർ ‘സൈന്യങ്ങളുടെ യഹോവയെ അന്വേഷി’ക്കാൻ ആഗ്രഹിച്ചു. ഇവരിലനേകർ അവന്റെ സമർപ്പിത, സ്നാപനമേറ്റ സേവകരായിരുന്നു. ഹാജരായിരുന്ന ലക്ഷങ്ങൾ ആ ഘട്ടംവരെ എത്തിയിരുന്നില്ല. ചില ദേശങ്ങളിൽ സ്മാരക ഹാജർ രാജ്യപ്രസാധകരുടെ എണ്ണത്തിന്റെ നാലോ അഞ്ചോ മടങ്ങ് അധികമായിരുന്നു. തുടർന്നു പുരോഗമിക്കുന്നതിനു താത്പര്യക്കാരായ ഇവർക്കു സഹായം ആവശ്യമാണ്. യേശു നമ്മുടെ പാപങ്ങൾക്കായി മരിച്ചുവെന്നും ഇപ്പോൾ ദൈവരാജ്യത്തിൽ ഭരണം നടത്തുന്നുവെന്നുമുള്ള അറിവിൽ ആനന്ദിക്കാൻ നമുക്ക് അവരെ പഠിപ്പിക്കാം. (1 കൊരിന്ത്യർ 5:7, 8; വെളിപ്പാടു 11:15) തങ്ങളെത്തന്നെ യഹോവയാം ദൈവത്തിനു സമർപ്പിക്കാനും അവന്റെ നിയുക്ത രാജാവിനു കീഴ്പെട്ടിരിക്കാനും നമുക്ക് അവരെ പ്രോത്സാഹിപ്പിക്കാം. ഇവ്വണ്ണം അവർ ‘യഹോവയെ പ്രസാദിപ്പിക്കും.’—സങ്കീർത്തനം 116:18, 19; ഫിലിപ്പിയർ 2:12, 13.
“സകലഭാഷകളിലുംനിന്നു പത്തുപേർ”
18, 19. (എ) സെഖര്യാവു 8:23-ന്റെ നിവൃത്തിയിൽ ഇന്ന് ‘യഹൂദൻ’ ആയിരിക്കുന്നത് ആരാണ്? (ബി) ഇന്ന് “ഒരു യഹൂദന്റെ വസ്ത്രാഗ്രം പിടി”ക്കുന്ന “പത്തുപേർ” ആരാണ്?
18 സെഖര്യാവു എട്ടാം അധ്യായത്തിന്റെ ഒടുവിൽ നാം ഇങ്ങനെ വായിക്കുന്നു: “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു.” യഹോവയുടെ ഒടുവിലത്തെ പ്രഖ്യാപനമെന്താണ്? “ആ കാലത്തു ജാതികളുടെ സകലഭാഷകളിലുംനിന്നു പത്തുപേർ ഒരു യഹൂദന്റെ വസ്ത്രാഗ്രം പിടിച്ചു: ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്നു ഞങ്ങൾ കേട്ടിരിക്കയാൽ ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു എന്നു പറയും.” (സെഖര്യാവു 8:23) സെഖര്യാവിന്റെ നാളിൽ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത സ്വാഭാവിക ഇസ്രായേലായിരുന്നു. എന്നാൽ, ഒന്നാം നൂറ്റാണ്ടിൽ ഇസ്രായേൽ യഹോവയുടെ മിശിഹായെ ത്യജിച്ചു. തന്മൂലം നമ്മുടെ ദൈവം തന്റെ പ്രത്യേക ജനമായി ആത്മീയ യഹൂദരടങ്ങിയ ‘യഹൂദനെ’—ഒരു പുതിയ ഇസ്രായേലിനെ—‘ദൈവത്തിന്റെ യിസ്രായേലി’നെ തിരഞ്ഞെടുത്തു. (ഗലാത്യർ 6:16; യോഹന്നാൻ 1:11; റോമർ 2:28, 29) യേശുവിനോടൊപ്പം സ്വർഗീയ രാജ്യത്തിൽ വാഴ്ച നടത്തുന്നതിനു സകല മനുഷ്യവർഗത്തിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട 1,44,000 ആയിരിക്കണമായിരുന്നു അവരുടെ അന്തിമ സംഖ്യ.—വെളിപ്പാടു 14:1, 4.
19 ഈ 1,44,000-ത്തിൽ മിക്കവരും വിശ്വസ്തരായി മരിച്ച് തങ്ങളുടെ സ്വർഗീയ പ്രതിഫലം കൈപ്പറ്റിയിരിക്കുന്നു. (1 കൊരിന്ത്യർ 15:51, 52; വെളിപ്പാടു 6:9-11) അവരിൽ ഏതാനും ചിലർ ഭൂമിയിൽ അവശേഷിച്ചിരിക്കുന്നു. “യഹൂദ”നോടൊപ്പം പോകുന്ന “പത്തുപേർ,” “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ള . . . മഹാപുരുഷാര”മാണെന്നു തെളിഞ്ഞിരിക്കുന്നതിൽ അവർ ആനന്ദിക്കുന്നു.—വെളിപ്പാടു 7:9; യെശയ്യാവു 2:2, 3; 60:4-10, 22.
20, 21. ഈ ലോകത്തിന്റെ അന്ത്യം ആസന്നമായിരിക്കെ, നമുക്കു യഹോവയുമായി എങ്ങനെ സമാധാനത്തിലായിരിക്കാൻ കഴിയും?
20 ഒഴിച്ചുകൂടാനാവാത്തവിധം ഈ ലോകത്തിന്റെ അന്ത്യം സമീപിക്കുംതോറും ക്രൈസ്തവലോകം യിരെമ്യാവിന്റെ നാളിലെ യെരുശലേമിനെപ്പോലെയാണ്. “സമാധാനത്തിനായി കാത്തിരുന്നു; ഒരു ഗുണവും വന്നില്ല! രോഗശമനത്തിന്നായി കാത്തിരുന്നു; എന്നാൽ ഇതാ, ഭീതി!” (യിരെമ്യാവു 14:19) രാഷ്ട്രങ്ങൾ വ്യാജമതത്തിനെതിരെ തിരിയുകയും അതിനെ ക്രൂരമായ അന്ത്യത്തിലേക്കു വരുത്തുകയും ചെയ്യുമ്പോൾ ആ ഭീതി അതിന്റെ പരമകാഷ്ഠയിൽ എത്തും. അതിനുശേഷം പെട്ടെന്നുതന്നെ, രാഷ്ട്രങ്ങൾതന്നെയും ദൈവത്തിന്റെ അന്തിമ യുദ്ധമായ അർമഗെദോനിൽ നാശം അനുഭവിക്കും. (മത്തായി 24:29, 30; വെളിപ്പാടു 16:14, 16; 17:16-18; 19:11-21) അത് എത്രമാത്രം പ്രക്ഷുബ്ധമായ സമയമായിരിക്കും!
21 ഇതെല്ലാം സംഭവിക്കവേ, സത്യം ഇഷ്ടപ്പെടുകയും ‘സമാധാനത്തിന്റെ വിത്തു’ നട്ടുവളർത്തുകയും ചെയ്യുന്നവരെ യഹോവ സംരക്ഷിക്കും. (സെഖര്യാവു 8:12, NW; സെഫന്യാവു 2:3) അതുകൊണ്ട്, നമുക്കു തീക്ഷ്ണതാപൂർവം അവനെ പരസ്യമായി സ്തുതിക്കുകയും ‘യഹോവയെ പ്രസാദിപ്പിക്കു’ന്നതിനു കഴിയുന്നിടത്തോളം പേരെ സഹായിക്കുകയും ചെയ്തുകൊണ്ടു നമുക്ക് അവന്റെ ജനത്തിന്റെ ദേശത്തു സുരക്ഷിതരായിരിക്കാം. അങ്ങനെ ചെയ്യുന്നപക്ഷം നാം എല്ലായ്പോഴും യഹോവയുടെ സമാധാനം ആസ്വദിക്കും. ഉവ്വ്, “യഹോവ തന്റെ ജനത്തിന്നു ശക്തി നല്കും; യഹോവ തന്റെ ജനത്തെ സമാധാനംനല്കി അനുഗ്രഹിക്കും.”—സങ്കീർത്തനം 29:11.
നിങ്ങൾക്കു വിശദീകരിക്കാമോ?
◻ സെഖര്യാവിന്റെ നാളിൽ ദൈവജനം ‘തങ്ങളുടെ കരങ്ങളെ ബലപ്പെടുത്തിയത്’ എങ്ങനെ? ഇന്നോ?
◻ പീഡനത്തോടും വിദ്വേഷത്തോടും ഉദാസീനതയോടും നാം എങ്ങനെയാണു പ്രതികരിക്കുന്നത്?
◻ ‘അന്യോന്യം സത്യം സംസാരി’ക്കുന്നതിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
◻ ഒരു വ്യക്തിക്ക് ‘യഹോവയെ പ്രസാദിപ്പിക്കാൻ’ എങ്ങനെ കഴിയും?
◻ സെഖര്യാവു 8:23-ന്റെ നിവൃത്തിയിൽ ആനന്ദത്തിനുള്ള എന്തു വലിയ കാരണമാണു കാണുന്നത്?
[അധ്യയന ചോദ്യങ്ങൾ]
[18-ാം പേജിലെ ചിത്രം]
കഴിഞ്ഞവർഷം, യഹോവയുടെ സാക്ഷികൾ ദൈവരാജ്യത്തെപ്പറ്റി ആളുകളോടു സംസാരിച്ചുകൊണ്ട് 115,03,53,444 മണിക്കൂർ ചെലവഴിച്ചു