സമാധാനം സാധ്യമോ?
സമാധാനം സാധ്യമോ?
“എവിടെയെങ്കിലും ഒരു യുദ്ധം എല്ലായ്പോഴും ഉണ്ടായിരിക്കും. അതു മനുഷ്യവർഗത്തെ സംബന്ധിച്ച സങ്കടകരമായ സത്യമാണ്.” ഈയിടെ ന്യൂസ്വീക്ക് മാഗസിനിൽ ഒരു വായനക്കാരനിൽനിന്നുള്ള കത്തിൽ പ്രത്യക്ഷപ്പെട്ടതാണ് ശുഭപ്രതീക്ഷയറ്റ ഈ വീക്ഷണം. നിങ്ങൾ അതിനോടു യോജിക്കുന്നുണ്ടോ? യുദ്ധം ഒഴിവാക്കാനാവാത്തതും സമാധാനം അസാധ്യവുമാണോ? ചരിത്രത്തെ മാനദണ്ഡമായി എടുക്കുന്നെങ്കിൽ, ഈ രണ്ടു ചോദ്യങ്ങൾക്കും അതേ എന്ന് ഉത്തരം കൊടുക്കാൻ പ്രയാസമില്ല. രേഖപ്പെടുത്തിയിരിക്കുന്ന ചരിത്രങ്ങളിലെല്ലാം, മനുഷ്യവർഗം ഒന്നിനുപിറകെ ഒന്നായി യുദ്ധത്തിൽ മുങ്ങിത്തുടിക്കുകയായിരുന്നു. മാത്രമോ, പരസ്പരം കൊന്നൊടുക്കാൻ കൂടുതൽ കാര്യക്ഷമതയുള്ള വിധങ്ങൾ മനുഷ്യർ വികസിപ്പിച്ചെടുത്തു. അങ്ങനെ പോരാട്ടങ്ങൾ കൂടുതൽ കൂടുതൽ വിനാശകരമായിത്തീരുകയും ചെയ്തു.
ഇരുപതാം നൂറ്റാണ്ടും ഇതിൽനിന്നു വ്യത്യസ്തമല്ല. വാസ്തവത്തിൽ, ഏറ്റവും രക്തരൂക്ഷിതമായ യുദ്ധങ്ങൾക്കു സാക്ഷ്യം വഹിച്ചിരിക്കുന്നത് ഈ നൂറ്റാണ്ടാണ്. എന്നാൽ മറ്റൊരു പുതിയ സംഗതിക്കും ഇതു സാക്ഷ്യം വഹിച്ചിട്ടുണ്ട്. അമ്പതു വർഷംമുമ്പ് ഐക്യനാടുകൾ ജപ്പാനിൽ രണ്ട് ആറ്റംബോംബുകൾ ഇട്ടുകൊണ്ട് ആണവയുഗം ആനയിച്ചു. അതിനുശേഷമുള്ള അഞ്ചു പതിറ്റാണ്ടുകളിൽ, രാഷ്ട്രങ്ങൾ മനുഷ്യവർഗത്തെ അനേകം പ്രാവശ്യം നശിപ്പിക്കാനാവുന്ന ആണവായുധങ്ങൾ വൻതോതിൽ കുന്നുകൂട്ടിയിരിക്കുകയാണ്. ആണവായുധശേഖരം ഉണ്ടെന്നതിനാൽ മനുഷ്യർ അവസാനം ഭയന്നു യുദ്ധംചെയ്യാതിരിക്കുമോ? വസ്തുതകൾതന്നെ അതിനുള്ള ഉത്തരംതരും. ഇതുവരെ വേറെ ആണവബോംബുകളൊന്നും ഇട്ടിട്ടില്ലെങ്കിലും, എത്രയോ ലക്ഷമാളുകളുടെ ജീവനാണ് 1945 മുതൽ യുദ്ധങ്ങളിൽ പൊലിഞ്ഞിരിക്കുന്നത്.
എന്തുകൊണ്ടാണു മനുഷ്യവർഗം ഇത്ര യുദ്ധജ്വരമുള്ളവരായിരിക്കുന്നത്? ചരിത്രപരമായി യുദ്ധത്തിലേക്കു നയിച്ചിട്ടുള്ള മനുഷ്യസമുദായത്തിന്റെ ചില വശങ്ങൾ എൻസൈക്ലോപീഡിയ അമേരിക്കാന സൂചിപ്പിക്കുന്നുണ്ട്. മതപരമായ അസഹിഷ്ണുത, വർഗീയവാദം, സാംസ്കാരിക ഭിന്നതകൾ, (കമ്മ്യുണിസം, മുതലാളിത്തവ്യവസ്ഥിതി എന്നിവപോലുള്ള) ഭിന്ന ആശയസംഹിതകൾ, ദേശീയവാദം, ദേശീയപരമാധികാര
സിദ്ധാന്തം, സാമ്പത്തിക അവസ്ഥകൾ, ആയുധവാഴ്ചയ്ക്കു ലഭിച്ച ജനകീയാംഗീകാരം എന്നിവ അതിലുൾപ്പെടുന്നു. നിങ്ങൾ ആ പട്ടിക വായിക്കുമ്പോൾ, സമീപഭാവിയിൽ എന്തെങ്കിലുമൊരു മാറ്റം വരാനുള്ള സാധ്യത കാണുന്നുണ്ടോ? തങ്ങളുടെ പരമാധികാരം കാത്തുസൂക്ഷിക്കാനുള്ള രാഷ്ട്രങ്ങളുടെ ദൃഢനിശ്ചയം കുറയുമോ? വർഗീയവാദികൾ കൂടുതൽക്കൂടുതൽ അയവുള്ളവരായിത്തീരുമോ? മതമൗലികവാദികളുടെ മതഭ്രാന്തു കുറയുമോ? ഇവയ്ക്കൊന്നും തീരെ സാധ്യതയില്ല.അപ്പോൾ, ഒരുനാൾ സംഗതികൾ മെച്ചപ്പെടുമെന്നും നിലനിൽക്കുന്ന സമാധാനമുണ്ടാകുമെന്നുമുള്ള പ്രത്യാശതന്നെ അസ്ഥാനത്താണോ? അല്ല, പ്രത്യാശയുണ്ട്. ലോകത്തിൽ കുഴപ്പങ്ങളുണ്ടെങ്കിലും, ഇന്നുപോലും സമാധാനം കണ്ടെത്തുക സാധ്യമാണ്. ലക്ഷക്കണക്കിന് ആളുകൾക്ക് അതു സാധിച്ചിരിക്കുന്നു. ഈ ആളുകളിൽ ചിലരെക്കുറിച്ചു ഞങ്ങൾ നിങ്ങളോടു പറയാം. അങ്ങനെ അവരുടെ അനുഭവങ്ങൾ നിങ്ങൾക്ക് എന്തർഥമാക്കുന്നുവെന്നു കാണുക.
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Background cover and page 32: Reuters/Bettmann
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Reuters/Bettmann