വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മനുഷ്യവർഗത്തിനു ദൈവപരിജ്ഞാനം ആവശ്യമാണ്‌

മനുഷ്യവർഗത്തിനു ദൈവപരിജ്ഞാനം ആവശ്യമാണ്‌

മനുഷ്യ​വർഗ​ത്തി​നു ദൈവ​പ​രി​ജ്ഞാ​നം ആവശ്യ​മാണ്‌

“നീ യഹോ​വാ​ഭക്തി ഗ്രഹി​ക്ക​യും ദൈവ​പ​രി​ജ്ഞാ​നം കണ്ടെത്തു​ക​യും ചെയ്യും.”—സദൃശ​വാ​ക്യ​ങ്ങൾ 2:5.

1. ദിവ്യ നിർമാ​ണ​വൈ​ദ​ഗ്‌ധ്യ​ത്തി​ന്റെ ഒരു മഹദ്‌സൃ​ഷ്ടി​യാ​ണു മനുഷ്യ​ഹൃ​ദയം എന്നു പറയാൻ കഴിയു​ന്ന​തെ​ന്തു​കൊണ്ട്‌?

 ഇപ്പോൾ ഭൂമി​യിൽ ഏകദേശം 560,00,00,000 മനുഷ്യ​ഹൃ​ദ​യങ്ങൾ സ്‌പന്ദി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ഓരോ ദിവസ​വും നിങ്ങളു​ടെ ഹൃദയം 1,00,000 പ്രാവ​ശ്യം സ്‌പന്ദി​ക്കു​ക​യും ശരീര​ത്തി​ന്റെ 1,00,000 കിലോ​മീ​റ്റർ നീളം​വ​രുന്ന രക്തപര്യ​യന വ്യവസ്ഥ​യി​ലൂ​ടെ 7,600 ലിറ്ററി​നു തുല്യ​മായ അളവിൽ രക്തം പമ്പു ചെയ്യു​ക​യും ചെയ്യുന്നു. ദിവ്യ നിർമാ​ണ​വൈ​ദ​ഗ്‌ധ്യ​ത്തി​ന്റെ ഈ മഹദ്‌സൃ​ഷ്ടി​യെ​പ്പോ​ലെ ഇത്ര കഠിന​മാ​യി വേറൊ​രു മാംസ​പേ​ശി​യും പ്രവർത്തി​ക്കു​ന്നില്ല.

2. പ്രതീ​കാ​ത്മക ഹൃദയത്തെ നിങ്ങൾ എങ്ങനെ വർണി​ക്കും?

2 ഭൂമി​യിൽ 560,00,00,000 പ്രതീ​കാ​ത്മക ഹൃദയ​ങ്ങ​ളും പ്രവർത്തി​ക്കു​ന്നുണ്ട്‌. നമ്മുടെ വികാ​ര​ങ്ങ​ളും പ്രേര​ണ​ക​ളും അഭിലാ​ഷ​ങ്ങ​ളു​മെ​ല്ലാം കുടി​കൊ​ള്ളു​ന്നതു പ്രതീ​കാ​ത്മക ഹൃദയ​ത്തി​ലാണ്‌. നമ്മുടെ ചിന്തയു​ടെ​യും ഗ്രാഹ്യ​ത്തി​ന്റെ​യും ഇച്ഛാശ​ക്തി​യു​ടെ​യും ഇരിപ്പി​ട​മാ​ണത്‌. പ്രതീ​കാ​ത്മക ഹൃദയ​ത്തിന്‌ അഹങ്കാ​ര​മു​ള്ള​തോ താഴ്‌മ​യു​ള്ള​തോ, ദുഃഖ​പൂ​രി​ത​മോ സന്തോ​ഷ​ഭ​രി​ത​മോ, ഇരുണ്ട​തോ ശോഭ​ന​മാ​യ​തോ ആയിരി​ക്കാൻ കഴിയും.—നെഹെ​മ്യാ​വു 2:2; സദൃശ​വാ​ക്യ​ങ്ങൾ 16:5; മത്തായി 11:29; പ്രവൃ​ത്തി​കൾ 14:17; 2 കൊരി​ന്ത്യർ 4:6; എഫെസ്യർ 1:16-18.

3, 4. ഹൃദയ​ങ്ങ​ളിൽ സുവാർത്ത എത്തി​ച്ചേ​രു​ന്ന​തെ​ങ്ങനെ?

3 യഹോ​വ​യാം ദൈവ​ത്തി​നു മനുഷ്യ​ഹൃ​ദയം വായി​ക്കാ​നാ​വും. സദൃശ​വാ​ക്യ​ങ്ങൾ 17:3 പറയുന്നു: “വെള്ളിക്കു പുടം, പൊന്നി​ന്നു മൂശ; ഹൃദയ​ങ്ങളെ ശോധന ചെയ്യു​ന്ന​വ​നോ യഹോവ.” എങ്കിലും ഓരോ ഹൃദയ​വും കേവലം വായിച്ച്‌ ന്യായ​വി​ധി പ്രഖ്യാ​പി​ക്കാ​തെ, ആളുക​ളു​ടെ ഹൃദയ​ങ്ങ​ളിൽ സുവാർത്ത എത്തിക്കാൻ യഹോവ തന്റെ സാക്ഷി​കളെ ഉപയോ​ഗി​ക്കു​ക​യാണ്‌. അത്‌ അപ്പോ​സ്‌ത​ല​നായ പൗലോ​സി​ന്റെ ഈ വാക്കു​കൾക്കു ചേർച്ച​യി​ലാണ്‌: ‘“കർത്താ​വി​ന്റെ [“യഹോ​വ​യു​ടെ,” NW] നാമത്തെ വിളി​ച്ച​പേ​ക്ഷി​ക്കുന്ന ഏവനും രക്ഷിക്ക​പ്പെ​ടും” എന്നുണ്ട​ല്ലോ. എന്നാൽ അവർ വിശ്വ​സി​ക്കാ​ത്ത​വനെ എങ്ങനെ വിളി​ച്ച​പേ​ക്ഷി​ക്കും? അവർ കേട്ടി​ട്ടി​ല്ലാ​ത്ത​വ​നിൽ എങ്ങനെ വിശ്വ​സി​ക്കും? പ്രസം​ഗി​ക്കു​ന്നവൻ ഇല്ലാതെ എങ്ങനെ കേൾക്കും? ആരും അയക്കാതെ എങ്ങനെ പ്രസം​ഗി​ക്കും? “നന്മ സുവിശേഷിക്കു​ന്ന​വ​രു​ടെ കാൽ എത്ര മനോ​ഹരം” എന്ന്‌ എഴുതി​യി​രി​ക്കു​ന്നു​വ​ല്ലോ.’—റോമർ 10:13-15.

4 “നന്മ സുവി​ശേഷി”ക്കാനും സ്വീകാ​ര്യ​ക്ഷ​മ​ത​യുള്ള ഹൃദയ​മു​ള്ള​വരെ കണ്ടെത്താ​നും ഭൂമി​യു​ടെ എല്ലാ ഭാഗ​ത്തേ​ക്കും തന്റെ സാക്ഷി​കളെ അയയ്‌ക്കാൻ യഹോ​വ​യ്‌ക്കു പ്രസാദം തോന്നി​യി​രി​ക്കു​ന്നു. ഇപ്പോൾ നമ്മുടെ സംഖ്യ 50,00,000-ത്തിലധി​കം വരും—ഭൂമി​യി​ലെ 1,200 പേർക്ക്‌ ഒരു സാക്ഷി എന്ന അനുപാ​തം. ഭൂമി​യി​ലെ ശതകോ​ടി​ക്ക​ണ​ക്കി​നാ​ളു​കൾക്കു സുവാർത്ത എത്തിച്ചു​കൊ​ടു​ക്കുക എളുപ്പമല്ല. എന്നാൽ ദൈവം ഈ വേലയ്‌ക്കു യേശു​ക്രി​സ്‌തു​വി​ലൂ​ടെ നേതൃ​ത്വം നൽകു​ക​യും പരമാർഥ​ഹൃ​ദ​യരെ യേശു​വി​ലേക്ക്‌ ആകർഷി​ക്കു​ക​യു​മാണ്‌. അങ്ങനെ, യെശയ്യാ​വു 60:22-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പ്രവചനം സത്യ​മെന്നു തെളി​യു​ന്നു: “കുറഞ്ഞവൻ ആയിര​വും ചെറി​യവൻ മഹാജാ​തി​യും ആയിത്തീ​രും; യഹോ​വ​യായ ഞാൻ തക്ക സമയത്തു അതിനെ ശീഘ്ര​മാ​യി നിവർത്തി​ക്കും.”

5. എന്താണു പരിജ്ഞാ​നം, ലോക​ജ്ഞാ​ന​ത്തെ​ക്കു​റിച്ച്‌ എന്തു പറയാ​നാ​വും?

5 ആ സമയം ഇപ്പോ​ഴാണ്‌. മാത്ര​വു​മല്ല, ഒരു സംഗതി വ്യക്തമാണ്‌—ഭൂമി​യി​ലെ ശതകോ​ടി​ക്ക​ണ​ക്കിന്‌ ആളുകൾക്കു പരിജ്ഞാ​നം ആവശ്യ​മാണ്‌. അടിസ്ഥാ​ന​പ​ര​മാ​യി, പരിജ്ഞാ​നം എന്നു പറഞ്ഞാൽ അനുഭ​വ​ത്തി​ലൂ​ടെ​യോ നിരീ​ക്ഷ​ണ​ത്തി​ലൂ​ടെ​യോ പഠനത്തി​ലൂ​ടെ​യോ നേടിയ, വസ്‌തു​ത​ക​ളു​മാ​യുള്ള പരിച​യ​മാണ്‌. ലോകം വളരെ​യ​ധി​കം പരിജ്ഞാ​നം സ്വരു​ക്കൂ​ട്ടി​യി​ട്ടുണ്ട്‌. ഗതാഗതം, ആരോ​ഗ്യ​പ​രി​പാ​ലനം, വാർത്താ​വി​നി​യമം എന്നിങ്ങ​നെ​യുള്ള രംഗങ്ങ​ളിൽ പുരോ​ഗതി കൈവ​രി​ച്ചി​ട്ടുണ്ട്‌. എന്നാൽ ലൗകിക പരിജ്ഞാ​ന​മാ​ണോ മനുഷ്യ​വർഗ​ത്തി​നു വാസ്‌ത​വ​ത്തിൽ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌? അല്ലേയല്ല! യുദ്ധവും അടിച്ച​മർത്ത​ലും രോഗ​വും മരണവും മനുഷ്യ​വർഗത്തെ തുടർന്നും ദുരി​ത​ത്തി​ലാ​ഴ്‌ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു. മിക്ക​പ്പോ​ഴും, ലോക​ത്തി​ന്റെ ജ്ഞാനം ഏറെയും മണലാ​ര​ണ്യ​ത്തി​ലെ കാറ്റി​നാൽ സ്ഥാന​ഭ്രം​ശം സംഭവി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന മണൽത്ത​രി​കൾ പോ​ലെ​യാണ്‌.

6. രക്തത്തിന്റെ കാര്യ​ത്തിൽ, ദൈവ​പ​രി​ജ്ഞാ​ന​വും ലൗകിക ജ്ഞാനവും താരത​മ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ങ്ങനെ?

6 ദൃഷ്ടാ​ന്ത​ത്തിന്‌: രണ്ടു നൂറ്റാ​ണ്ടു​കൾക്കു​മുമ്പ്‌, സാങ്കൽപ്പിക രോഗ​നി​വാ​രണം എന്നനി​ല​യിൽ രക്തമൊ​ഴു​ക്കി​ക്ക​ള​യു​ന്നതു സാധാ​ര​ണ​മാ​യി​രു​ന്നു. ഐക്യ​നാ​ടു​ക​ളു​ടെ ആദ്യ പ്രസി​ഡൻറാ​യി​രുന്ന ജോർജ്‌ വാഷി​ങ്‌ട​ണി​ന്റെ ജീവി​ത​ത്തി​ന്റെ അവസാന മണിക്കൂ​റു​ക​ളിൽ അദ്ദേഹ​ത്തി​ന്റെ രക്തം പല പ്രാവ​ശ്യം ഒഴുക്കി​ക്ക​ളഞ്ഞു. ഒരു സമയത്ത്‌, അദ്ദേഹം പറഞ്ഞു: “ഞാൻ സ്വസ്ഥമാ​യൊ​ന്നു മരി​ച്ചോ​ട്ടെ; എനിക്കി​നി അധികം സമയമില്ല.” അദ്ദേഹം പറഞ്ഞതു സത്യമാ​യി​രു​ന്നു, അന്നുതന്നെ—1799 ഡിസംബർ 14-ന്‌—അദ്ദേഹം മരിച്ചു. രക്തമൊ​ഴു​ക്കി​ക്ക​ള​യു​ന്ന​തി​നു​പ​കരം, മനുഷ്യ ശരീര​ത്തി​ലേക്കു രക്തം കടത്തി​വി​ടു​ന്ന​തി​നാണ്‌ ഇന്ന്‌ ഊന്നൽ കൊടു​ക്കു​ന്നത്‌. ഈ രണ്ടു നടപടി​ക്ര​മ​ങ്ങ​ളും മാരക​മായ പ്രശ്‌നങ്ങൾ വരുത്തി​വെ​ക്കു​ക​യു​ണ്ടാ​യി. എന്നിരു​ന്നാ​ലും, ഇക്കണ്ട കാലങ്ങ​ളി​ലെ​ല്ലാം ദൈവ​വ​ചനം പറഞ്ഞത്‌ ഇങ്ങനെ​യാ​യി​രു​ന്നു: ‘രക്തത്തിൽനിന്ന്‌ ഒഴിഞ്ഞി​രി​ക്കു​വിൻ.’ (പ്രവൃ​ത്തി​കൾ 15:29, NW) ദൈവ​പ​രി​ജ്ഞാ​നം എല്ലായ്‌പോ​ഴും ശരിയാണ്‌, വിശ്വ​സ​നീ​യ​മാണ്‌, പുതു​മ​യാർന്ന​തു​മാണ്‌.

7. കുട്ടി​കളെ വളർത്തുന്ന കാര്യ​ത്തിൽ, കൃത്യ​ത​യുള്ള തിരു​വെ​ഴു​ത്തു പരിജ്ഞാ​നം ലൗകിക ജ്ഞാനവു​മാ​യി താരത​മ്യ​പ്പെ​ടു​ത്തു​മ്പോൾ വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ങ്ങനെ?

7 ആശ്രയ​യോ​ഗ്യ​മ​ല്ലാത്ത ലൗകിക ജ്ഞാനത്തി​ന്റെ മറ്റൊരു ദൃഷ്ടാന്തം പരിചി​ന്തി​ക്കുക. അനുവാ​ദാ​ത്മക വിധത്തിൽ കുട്ടി​കളെ വളർത്ത​ണ​മെന്ന ആശയം വർഷങ്ങ​ളോ​ളം മനശ്ശാ​സ്‌ത്ര​ജ്ഞ​ന്മാർ ഉയർത്തി​പ്പി​ടി​ച്ചി​രു​ന്നു. എന്നാൽ പിന്നീട്‌, അതിന്റെ വക്താക്ക​ളിൽ ഒരാൾതന്നെ അതു തെറ്റാ​ണെന്നു സമ്മതി​ക്കു​ക​യു​ണ്ടാ​യി. “യുവജ​ന​ങ്ങ​ളു​ടെ കാര്യ​ത്തിൽ നാമിന്നു നേരി​ടുന്ന പ്രശ്‌ന​ങ്ങൾക്കു ചുരു​ങ്ങി​യ​പക്ഷം പരോ​ക്ഷ​മാ​യെ​ങ്കി​ലും കാരണം” അനുവാ​ദാ​ത്മ​ക​ത​യാ​ണെന്നു ജർമൻ ഫിലോ​ള​ജി​ക്കൽ അസോ​സി​യേഷൻ ഒരിക്കൽ പറഞ്ഞു. കാറ്റടി​ച്ചാ​ലെ​ന്ന​പോ​ലെ, ലൗകിക ജ്ഞാനം അങ്ങോ​ട്ടു​മി​ങ്ങോ​ട്ടും ചാഞ്ചാ​ടി​യേ​ക്കാം, എന്നാൽ കൃത്യ​ത​യുള്ള തിരു​വെ​ഴു​ത്തു പരിജ്ഞാ​നം അചഞ്ചല​മാണ്‌. കുട്ടി​കളെ പരിശീ​ലി​പ്പി​ക്കുന്ന കാര്യ​ത്തിൽ സമനി​ല​യുള്ള ബുദ്ധ്യു​പ​ദേ​ശ​മാ​ണു ബൈബിൾ നൽകു​ന്നത്‌. “നിന്റെ മകനെ ശിക്ഷിക്ക; അവൻ നിനക്കു ആശ്വാ​സ​മു​ള്ള​വ​നാ​യ്‌തീ​രും; അവൻ നിന്റെ മനസ്സിന്നു പ്രമോ​ദം​വ​രു​ത്തും” എന്നു സദൃശ​വാ​ക്യ​ങ്ങൾ 29:17 പറയുന്നു. സ്‌നേ​ഹ​ത്തോ​ടെ​യാ​യി​രി​ക്കണം അത്തരം ശിക്ഷണം നൽകേ​ണ്ടത്‌. കാരണം പൗലോസ്‌ ഇങ്ങനെ എഴുതി: “പിതാ​ക്ക​ന്മാ​രേ, നിങ്ങളു​ടെ മക്കളെ പ്രകോ​പി​പ്പി​ക്ക​രുത്‌, എന്നാൽ അവരെ യഹോ​വ​യു​ടെ ശിക്ഷണ​ത്തി​ലും മാനസി​ക​ക്ര​മ​വ​ത്‌ക​ര​ണ​ത്തി​ലും വളർത്തി​ക്കൊ​ണ്ടു​വ​രു​വിൻ.”—എഫേസ്യർ 6:4, NW.

“ദൈവ​പ​രി​ജ്ഞാ​നം”

8, 9. മനുഷ്യ​വർഗ​ത്തി​നു വാസ്‌ത​വ​ത്തിൽ ആവശ്യ​മുള്ള പരിജ്ഞാ​നം സംബന്ധി​ച്ചു സദൃശ​വാ​ക്യ​ങ്ങൾ 2:1-6 പറയു​ന്നതു നിങ്ങൾ എങ്ങനെ വിശദീ​ക​രി​ക്കും?

8 വിദ്യാ​സ​മ്പ​ന്ന​നായ ഒരു മനുഷ്യ​നാ​യി​രു​ന്നെ​ങ്കി​ലും പൗലോസ്‌ ഇങ്ങനെ പറഞ്ഞു: “താൻ ഈ ലോക​ത്തിൽ ജ്ഞാനി എന്നു നിങ്ങളിൽ ആർക്കെ​ങ്കി​ലും തോന്നി​യാൽ അവൻ ജ്ഞാനി​യാ​കേ​ണ്ട​തി​ന്നു ഭോഷ​നാ​യി​ത്തീ​രട്ടെ. ഈ ലോക​ത്തി​ന്റെ ജ്ഞാനം ദൈവ​സ​ന്നി​ധി​യിൽ ഭോഷ​ത്വ​മ​ത്രേ.” (1 കൊരി​ന്ത്യർ 3:18, 19) മനുഷ്യ​വർഗ​ത്തി​നു വാസ്‌ത​വ​ത്തിൽ ആവശ്യമുള്ള പരിജ്ഞാ​നം പ്രദാനം ചെയ്യാൻ ദൈവ​ത്തി​നു മാത്രമേ സാധിക്കൂ. അതി​നെ​ക്കു​റിച്ച്‌ സദൃശ​വാ​ക്യ​ങ്ങൾ 2:1-6 പറയുന്നു: “മകനേ, ജ്ഞാനത്തി​ന്നു ചെവി​കൊ​ടു​ക്ക​യും ബോധ​ത്തി​ന്നു നിന്റെ ഹൃദയം ചായി​ക്ക​യും ചെയ്യേ​ണ്ട​തി​ന്നു എന്റെ വചനങ്ങളെ കൈ​ക്കൊ​ണ്ടു എന്റെ കല്‌പ​ന​കളെ നിന്റെ ഉള്ളിൽ സംഗ്ര​ഹി​ച്ചാൽ, നീ ബോധ​ത്തി​ന്നാ​യി വിളിച്ചു വിവേ​ക​ത്തി​ന്നാ​യി ശബ്ദം ഉയർത്തു​ന്നു എങ്കിൽ, അതിനെ വെള്ളി​യെ​പ്പോ​ലെ അന്വേ​ഷി​ച്ചു നിക്ഷേ​പ​ങ്ങ​ളെ​പ്പോ​ലെ തിരയു​ന്നു എങ്കിൽ, നീ യഹോ​വാ​ഭക്തി ഗ്രഹി​ക്ക​യും ദൈവ​പ​രി​ജ്ഞാ​നം കണ്ടെത്തു​ക​യും ചെയ്യും. യഹോ​വ​യ​ല്ലോ ജ്ഞാനം നല്‌കു​ന്നതു; അവന്റെ വായിൽനി​ന്നു പരിജ്ഞാ​ന​വും വിവേ​ക​വും വരുന്നു.”

9 നല്ല ഹൃദയ​ങ്ങ​ളാൽ പ്രചോ​ദി​ത​രാ​കു​ന്നവർ ദൈവദത്ത പരിജ്ഞാ​നം ഉചിത​മാ​യി ബാധക​മാ​ക്കി​ക്കൊ​ണ്ടു ജ്ഞാനത്തി​നു ശ്രദ്ധ കൊടു​ക്കു​ന്നു. പഠിക്കുന്ന വസ്‌തു​തകൾ ശ്രദ്ധാ​പൂർവം വിലയി​രു​ത്തി​ക്കൊണ്ട്‌, അവർ വിവേ​ച​ന​യ്‌ക്കാ​യി തങ്ങളുടെ ഹൃദയ​ങ്ങളെ ചായ്‌ക്കു​ന്നു. ഫലത്തിൽ, അവർ ഗ്രാഹ്യ​ത്തി​നാ​യി, അല്ലെങ്കിൽ ഒരു വിഷയ​ത്തി​ന്റെ പല വശങ്ങൾ പരസ്‌പരം ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ​യെന്നു കാണാ​നുള്ള പ്രാപ്‌തി​ക്കാ​യി, കേഴുന്നു. ശരിയായ ഹൃദയ​നി​ല​യു​ള്ളവർ, വെള്ളി കിട്ടാൻ കുഴി​ക്കു​ന്ന​തു​പോ​ലെ​യും മറഞ്ഞി​രി​ക്കുന്ന നിധി കണ്ടെത്താൻ തിരയു​ന്ന​തു​പോ​ലെ​യും ശ്രമി​ക്കു​ന്നു. എന്നാൽ സ്വീകാ​ര്യ​ക്ഷ​മ​മായ ഹൃദയ​മു​ള്ളവർ എത്ര വലിയ നിധി​യാ​ണു കണ്ടെത്തു​ന്നത്‌? അത്‌ “ദൈവ​പ​രി​ജ്ഞാ​നം” ആണ്‌. എന്താണത്‌? ലളിത​മാ​യി പറഞ്ഞാൽ, അതു ദൈവ​വ​ച​ന​മായ ബൈബി​ളിൽ കാണുന്ന പരിജ്ഞാ​ന​മാണ്‌.

10. നല്ല ആത്മീയ ആരോ​ഗ്യം ആസ്വദി​ക്കാൻ നാം എന്താണു ചെയ്യേ​ണ്ടത്‌?

10 ദൈവ​പ​രി​ജ്ഞാ​നം കുറ്റമ​റ്റ​തും സ്ഥായി​യും ജീവദാ​യ​ക​വു​മാണ്‌. അത്‌ ആത്മീയ ആരോ​ഗ്യ​ത്തെ ഉന്നമി​പ്പി​ക്കു​ന്നു. “എന്നോടു കേട്ട പത്ഥ്യവ​ചനം [“ആരോ​ഗ്യാ​വ​ഹ​മായ വാക്കു​ക​ളു​ടെ മാതൃക,” NW] നീ ക്രിസ്‌തു​യേ​ശു​വി​ലുള്ള വിശ്വാ​സ​ത്തി​ലും സ്‌നേ​ഹ​ത്തി​ലും മാതൃ​ക​യാ​ക്കി​ക്കൊൾക” എന്നു പൗലോസ്‌ തിമോ​ത്തി​യെ ഉദ്‌ബോ​ധി​പ്പി​ച്ചു. (ചെരി​ച്ചെ​ഴു​ത്തു ഞങ്ങളു​ടേത്‌.) (2 തിമൊ​ഥെ​യൊസ്‌ 1:13) ഒരു ഭാഷയ്‌ക്കു വാക്കു​ക​ളു​ടെ ഒരു മാതൃ​ക​യുണ്ട്‌. അതു​പോ​ലെ, രാജ്യം മുഖാ​ന്തരം യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തി​ന്റെ സംസ്ഥാ​പനം എന്ന ബൈബിൾ പ്രതി​പാ​ദ്യ​വി​ഷ​യ​ത്തി​ന്മേൽ പ്രധാ​ന​മാ​യും അധിഷ്‌ഠി​ത​മായ “ആരോ​ഗ്യാ​വ​ഹ​മായ വാക്കു​ക​ളു​ടെ മാതൃക” തിരു​വെ​ഴു​ത്തു സത്യമെന്ന “നിർമല ഭാഷ”യ്‌ക്കു​മുണ്ട്‌. (സെഫന്യാവ്‌ 3:9, NW) നാം ആരോ​ഗ്യാ​വ​ഹ​മായ വാക്കു​ക​ളു​ടെ ഈ മാതൃക മനസ്സി​ലും ഹൃദയ​ത്തി​ലും സൂക്ഷി​ക്കേ​ണ്ട​യാ​വ​ശ്യ​മുണ്ട്‌. ആലങ്കാ​രിക ഹൃദയ​ത്തി​ന്റെ തകരാ​റു​കൾ ഒഴിവാ​ക്കി ആത്മീയാ​രോ​ഗ്യ​ത്തിൽ നില​കൊ​ള്ളാൻ, നാം ബൈബിൾ ജീവി​ത​ത്തിൽ ബാധക​മാ​ക്കി “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ”യിലൂടെ ദൈവം നൽകുന്ന ആത്മീയ കരുത​ലു​ക​ളിൽനി​ന്നു മുഴു പ്രയോ​ജ​ന​വും നേടണം. (മത്തായി 24:45-47, NW; തീത്തൊസ്‌ 2:2) നല്ല ആത്മീയ ആരോ​ഗ്യ​ത്തിന്‌, ദൈവ​പ​രി​ജ്ഞാ​നം ആവശ്യ​മാ​ണെന്നു നമുക്ക്‌ എല്ലായ്‌പോ​ഴും ഓർക്കാം.

11. മനുഷ്യ​വർഗ​ത്തി​നു ദൈവ​പ​രി​ജ്ഞാ​നം ആവശ്യ​മാ​യി​രി​ക്കു​ന്ന​തി​ന്റെ ചില കാരണങ്ങൾ ഏവ?

11 ഭൂമി​യി​ലുള്ള ശതകോ​ടി​ക്ക​ണ​ക്കിന്‌ ആളുകൾക്കു ദൈവ​പ​രി​ജ്ഞാ​നം ആവശ്യ​മാ​യി​രി​ക്കു​ന്ന​തി​ന്റെ മറ്റു കാരണങ്ങൾ പരിചി​ന്തി​ക്കുക. ഭൂമി​യും മനുഷ്യ​രും അസ്‌തി​ത്വ​ത്തിൽ വന്നതെ​ങ്ങ​നെ​യെന്ന്‌ അവർക്കെ​ല്ലാ​വർക്കും അറിയാ​മോ? ഇല്ല, അവർക്ക​റി​യില്ല. മുഴു മനുഷ്യ​വർഗ​ത്തി​നും സത്യ​ദൈ​വ​ത്തെ​യും അവന്റെ പുത്ര​നെ​യും അറിയാ​മോ? ദിവ്യ പരമാ​ധി​കാ​ര​വും മനുഷ്യ​രു​ടെ നിർമ​ല​ത​യും സംബന്ധി​ച്ചു പിശാച്‌ ഉയർത്തിയ വിവാ​ദ​ങ്ങ​ളെ​ക്കു​റി​ച്ചു സകലർക്കും അറിവു​ണ്ടോ? വീണ്ടും ഉത്തരം ഇല്ല എന്നുതന്നെ. നാം എന്തു​കൊ​ണ്ടു വാർധ​ക്യം പ്രാപി​ക്കു​ന്നു, എന്തു​കൊ​ണ്ടു മരിക്കു​ന്നു, എന്നൊക്കെ പൊതു​വേ ആളുകൾക്ക്‌ അറിയാ​മോ? പിന്നെ​യും ഇല്ല എന്നുതന്നെ നാം പറയണം. ദൈവ​രാ​ജ്യം ഇപ്പോൾ ഭരിച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും നാം അന്ത്യനാ​ളി​ലാ​ണു ജീവി​ക്കു​ന്ന​തെ​ന്നും ഭൂവാ​സി​ക​ളെ​ല്ലാ​വ​രും തിരി​ച്ച​റി​യു​ന്നു​ണ്ടോ? ദുഷ്ടാ​ത്മ​സേ​ന​ക​ളെ​ക്കു​റിച്ച്‌ അവർ ബോധ​മു​ള്ള​വ​രാ​ണോ? സന്തുഷ്ട​മായ ഒരു കുടും​ബ​ജീ​വി​തം എങ്ങനെ നയിക്കാം എന്നതു സംബന്ധി​ച്ചു മനുഷ്യർക്കെ​ല്ലാം ആശ്രയ​യോ​ഗ്യ​മായ പരിജ്ഞാ​ന​മു​ണ്ടോ? പറുദീ​സ​യി​ലെ സന്തോ​ഷ​പൂ​രി​ത​മായ ജീവിതം അനുസ​ര​ണ​യുള്ള മനുഷ്യ​വർഗ​ത്തി​നു വേണ്ടി​യുള്ള സ്രഷ്ടാ​വി​ന്റെ ഉദ്ദേശ്യ​മാ​ണെ​ന്നത്‌ ആളുകൾക്ക്‌ അറിയാ​മോ? ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരവും ഇല്ല എന്നുത​ന്നെ​യാണ്‌. അപ്പോൾ മനുഷ്യ​വർഗ​ത്തി​നു ദൈവ​പ​രി​ജ്ഞാ​നം ആവശ്യ​മാ​ണെ​ന്നതു വ്യക്തം.

12. നമുക്കു ദൈവത്തെ “ആത്മാവി​ലും സത്യത്തി​ലും” ആരാധി​ക്കാൻ കഴിയു​ന്ന​തെ​ങ്ങനെ?

12 തന്റെ ഭൗമിക ജീവി​ത​ത്തി​ന്റെ അവസാന രാത്രി യേശു പ്രാർഥ​ന​യിൽ പറഞ്ഞ സംഗതി നിമി​ത്ത​വും മനുഷ്യ​വർഗ​ത്തി​നു ദൈവ​പ​രി​ജ്ഞാ​നം ആവശ്യ​മാണ്‌. “ഏകസത്യ​ദൈ​വ​മായ നിന്നെ​യും നീ അയച്ചി​രി​ക്കുന്ന യേശു​ക്രി​സ്‌തു​വി​നെ​യും അറിയു​ന്നതു തന്നേ നിത്യ​ജീ​വൻ ആകുന്നു” എന്ന്‌ യേശു പറയു​ന്നതു കേട്ട​പ്പോൾ അവന്റെ ശിഷ്യ​ന്മാ​രു​ടെ ഹൃദയത്തെ അത്‌ ആഴമായി സ്‌പർശി​ച്ചി​രി​ക്കണം. (യോഹ​ന്നാൻ 17:3) അത്തരം പരിജ്ഞാ​നം പ്രാ​യോ​ഗി​ക​മാ​ക്കു​ന്ന​താ​ണു സ്വീകാ​ര്യ​മാം​വി​ധം ദൈവത്തെ ആരാധി​ക്കാ​നുള്ള ഏക മാർഗം. “ദൈവം ആത്മാവാണ്‌. അവിടു​ത്തെ ആരാധി​ക്കു​ന്നവർ ആത്മാവി​ലും സത്യത്തി​ലു​മാണ്‌ ആരാധി​ക്കേ​ണ്ടത്‌.” (യോഹ​ന്നാൻ 4:24, പി.ഒ.സി. ബൈബിൾ) വിശ്വാ​സ​വും സ്‌നേ​ഹ​വും നിറഞ്ഞ ഹൃദയ​ങ്ങ​ളാൽ പ്രചോദിതരാകുമ്പോൾ, നാം ദൈവത്തെ “ആത്മാവി”ൽ ആരാധി​ക്കു​ന്നു. നാം എങ്ങനെ​യാണ്‌ അവനെ “സത്യത്തി”ൽ ആരാധി​ക്കു​ന്നത്‌? അവന്റെ വചനം പഠിച്ചു​കൊ​ണ്ടും അവന്റെ വെളി​പ്പെ​ടു​ത്ത​പ്പെട്ട സത്യത്തിന്‌—“ദൈവ​പ​രി​ജ്ഞാന”ത്തിന്‌—ചേർച്ച​യിൽ അവനെ ആരാധി​ച്ചു​കൊ​ണ്ടും.

13. പ്രവൃ​ത്തി​കൾ 16:25-34-ൽ ഏതു സംഭവ​മാ​ണു രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌, നമുക്ക്‌ അതിൽനിന്ന്‌ എന്തു പഠിക്കാ​നാ​വും?

13 ഓരോ വർഷവും ആയിര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണു യഹോ​വ​യു​ടെ ആരാധന ഏറ്റെടു​ക്കു​ന്നത്‌. എന്നാൽ, താത്‌പ​ര്യ​ക്കാ​രായ ആളുക​ളു​മൊ​ത്തു നാം ദീർഘ​നാൾ ബൈബി​ള​ധ്യ​യനം നടത്തേ​ണ്ട​തു​ണ്ടോ, അതോ പരമാർഥ​ഹൃ​ദയർ സ്‌നാ​പ​ന​മേൽക്കുന്ന ഘട്ടത്തോ​ളം കൂടുതൽ വേഗത്തിൽ പുരോ​ഗ​മി​ക്കുക സാധ്യ​മാ​ണോ? ആകട്ടെ, പ്രവൃ​ത്തി​കൾ 16:25-34-ൽ പരാമർശി​ച്ചി​രി​ക്കുന്ന കാരാ​ഗൃ​ഹ​പ്ര​മാ​ണി​യു​ടെ​യും അയാളു​ടെ വീട്ടു​കാ​രു​ടെ​യും കാര്യ​ത്തിൽ സംഭവി​ച്ച​തെ​ന്തെന്നു പരിചി​ന്തി​ക്കുക. പൗലോ​സും ശീലാ​സും ഫിലി​പ്പി​യിൽ തടവി​ലാ​ക്ക​പ്പെ​ട്ടി​രു​ന്നു, എന്നാൽ അർധരാ​ത്രി​യിൽ ഒരു വൻ ഭൂകമ്പം നിമിത്തം കാരാ​ഗൃ​ഹ​വാ​തി​ലു​കൾ തുറക്ക​പ്പെട്ടു. എല്ലാ തടവു​കാ​രും രക്ഷപ്പെ​ട്ടു​വെ​ന്നും താൻ കഠിന​മാ​യി ശിക്ഷി​ക്ക​പ്പെ​ടു​മെ​ന്നും ചിന്തിച്ച്‌ കാരാ​ഗൃ​ഹ​പ്ര​മാ​ണി ആത്മഹത്യ​ക്കൊ​രു​ങ്ങവേ, തങ്ങളെ​ല്ലാ​വ​രും അവി​ടെ​ത്ത​ന്നെ​യു​ണ്ടെന്നു പൗലോസ്‌ അദ്ദേഹ​ത്തോ​ടു പറഞ്ഞു. പൗലോ​സും ശീലാ​സും “കർത്താ​വി​ന്റെ വചനം അവനോ​ടും അവന്റെ വീട്ടി​ലുള്ള എല്ലാവ​രോ​ടും പ്രസം​ഗി​ച്ചു.” കാരാ​ഗൃ​ഹ​പ്ര​മാ​ണി​യും അവന്റെ കുടും​ബ​വും തിരു​വെ​ഴു​ത്തു​പ​ര​മായ പശ്ചാത്തലം ഇല്ലാതി​രുന്ന പുറജാ​തീ​യർ ആയിരു​ന്നു. എന്നിട്ടും, ആ ഒറ്റ രാത്രി​യിൽത്തന്നെ അവർ വിശ്വാ​സി​ക​ളാ​യി​ത്തീർന്നു. മാത്ര​വു​മല്ല, ‘അവനും അവനു​ള്ള​വ​രെ​ല്ലാ​വ​രും സ്‌നാനം ഏറ്റു.’ അവ അസാധാ​രണ സാഹച​ര്യ​ങ്ങ​ളാ​യി​രു​ന്നു. എന്നാൽ പുതി​യവർ അടിസ്ഥാന സത്യങ്ങൾ പഠിപ്പി​ക്ക​പ്പെട്ടു. തന്നെയു​മല്ല, പിന്നീട്‌ അവർ സഭാ​യോ​ഗ​ങ്ങ​ളിൽ മറ്റു സംഗതി​കൾ പഠിക്കു​ക​യും ചെയ്‌തു. അതി​നോ​ടു സമാന​മായ ഒന്ന്‌ ഇന്നും സാധ്യ​മാ​കേ​ണ്ട​താണ്‌.

കൊയ്‌ത്തു വലുതാണ്‌!

14. ചുരു​ങ്ങിയ കാലയ​ള​വിൽ ഫലപ്ര​ദ​മായ കൂടുതൽ ബൈബി​ള​ധ്യ​യ​നങ്ങൾ നടത്തേ​ണ്ട​തി​ന്റെ ആവശ്യ​മു​ള്ളത്‌ എന്തു​കൊണ്ട്‌?

14 ചുരു​ങ്ങിയ കാലയ​ള​വിൽ ഫലപ്ര​ദ​മായ കൂടുതൽ ബൈബി​ള​ധ്യ​യ​നങ്ങൾ നടത്താൻ യഹോ​വ​യു​ടെ സാക്ഷി​കൾക്കു സാധി​ച്ചാൽ അതു നല്ലതാ​യി​രി​ക്കും. അതിന്റെ യഥാർഥ ആവശ്യ​മുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, പൂർവ​യൂ​റോ​പ്യൻ രാജ്യ​ങ്ങ​ളിൽ ബൈബി​ള​ധ്യ​യനം ലഭിക്കാ​നാ​യി ആളുകൾക്കു വെയി​റ്റിങ്‌ ലിസ്റ്റിൽ പേരു കൊടു​ക്കേ​ണ്ടി​വ​രു​ന്നു. മറ്റിട​ങ്ങ​ളി​ലും സ്ഥിതി അതുതന്നെ. ഡൊമി​നി​ക്കൻ റിപ്പബ്ലി​ക്കി​ലെ ഒരു പട്ടണത്തിൽ, അഞ്ചു സാക്ഷി​കൾക്കു നടത്താ​വു​ന്ന​തി​ല​ധി​കം അധ്യയ​ന​ങ്ങൾക്കുള്ള അഭ്യർഥ​നകൾ കിട്ടി. അവർ എന്തു ചെയ്‌തു? രാജ്യ​ഹാ​ളി​ലെ യോഗ​ങ്ങൾക്കു ഹാജരാ​യി ബൈബി​ള​ധ്യ​യ​ന​ത്തി​നുള്ള വെയി​റ്റിങ്‌ ലിസ്റ്റിൽ പേരു കൊടു​ക്കാൻ അവർ താത്‌പ​ര്യ​ക്കാ​രെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. വ്യാപ​ക​മാ​യി പല സ്ഥലങ്ങളി​ലും ഇതേ സ്ഥിതി​വി​ശേ​ഷ​മാ​ണു​ള്ളത്‌.

15, 16. ദൈവ​പ​രി​ജ്ഞാ​നം കൂടുതൽ വേഗത്തിൽ വ്യാപി​പ്പി​ക്കാൻ എന്തു നൽക​പ്പെ​ട്ടി​രി​ക്കു​ന്നു, അതി​നെ​ക്കു​റി​ച്ചുള്ള ഏതാനും വസ്‌തു​തകൾ എന്തെല്ലാം?

15 വിസ്‌തൃ​ത​മായ പ്രദേ​ശ​ങ്ങ​ളാണ്‌—കൊയ്‌ത്തി​നുള്ള വൻവയ​ലു​ക​ളാണ്‌—ദൈവ​ജ​ന​ത്തി​നു തുറന്നു​കി​ട്ടു​ന്നത്‌. “കൊയ്‌ത്തി​ന്റെ യജമാന”നായ യഹോവ കൂടുതൽ വേലക്കാ​രെ അയയ്‌ക്കു​ന്നു​ണ്ടെ​ങ്കി​ലും, ഇനിയും ധാരാളം വേല ചെയ്യാ​നുണ്ട്‌. (മത്തായി 9:37, 38) അതു​കൊണ്ട്‌, ദൈവ​പ​രി​ജ്ഞാ​നം കൂടുതൽ വേഗത്തിൽ വ്യാപി​പ്പി​ക്കാൻ, പ്രത്യേക വിവരങ്ങൾ ചുരു​ക്ക​മാ​യി പ്രദാനം ചെയ്യുന്ന, ബൈബിൾ വിദ്യാർഥി​കൾക്ക്‌ ഓരോ പാഠ​ത്തോ​ടൊ​പ്പ​വും ആത്മീയ പുരോ​ഗതി കൈവ​രി​ക്കാ​നു​ത​കുന്ന, ഒരു സംഗതി ‘വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ’ പ്രദാനം ചെയ്‌തി​രി​ക്കു​ന്നു. ഭവന ബൈബി​ള​ധ്യ​യ​ന​ങ്ങ​ളിൽ പെട്ടെന്ന്‌—ഒരുപക്ഷേ ഏതാനും മാസങ്ങൾകൊണ്ട്‌—പൂർത്തി​യാ​ക്കാ​വുന്ന ഒരു പുതിയ പ്രസി​ദ്ധീ​ക​ര​ണ​മാ​ണത്‌. അതു നമ്മുടെ ബ്രീഫ്‌കെ​യ്‌സു​ക​ളി​ലോ ഹാൻഡ്‌ബാ​ഗു​ക​ളി​ലോ പോക്ക​റ്റു​ക​ളി​ലോ പോലും കൊണ്ടു​ന​ട​ക്കാൻ എളുപ്പ​മാണ്‌! യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ “സന്തുഷ്ട സ്‌തു​തി​പാ​ഠകർ” ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നു​ക​ളിൽ, നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന പരിജ്ഞാ​നം എന്ന ശീർഷ​ക​ത്തി​ലുള്ള 192 പേജുള്ള പുതിയ പുസ്‌തകം ലഭിച്ചത്‌ സമ്മേളിച്ച ലക്ഷക്കണ​ക്കി​നാ​ളു​കളെ പുളകം​കൊ​ള്ളി​ച്ചു.

16 പല രാജ്യ​ങ്ങ​ളി​ലുള്ള എഴുത്തു​കാ​രാ​ണു വിവരങ്ങൾ തയ്യാറാ​ക്കി​യത്‌, അതിനു​ശേഷം ആ വിവരങ്ങൾ ശ്രദ്ധാ​പൂർവം അന്തിമ രൂപത്തി​ലാ​ക്കി, പരിജ്ഞാ​നം പുസ്‌തകം തയ്യാറാ​ക്കു​ക​യാ​ണു​ണ്ടാ​യത്‌. അതു​കൊണ്ട്‌, ആ പുസ്‌ത​ക​ത്തി​നു സാർവ​ദേ​ശീ​യ​ഭാ​വം ഉണ്ടായി​രി​ക്കണം. ലോക​മെ​മ്പാ​ടു​മുള്ള ആളുക​ളു​ടെ ഭാഷക​ളിൽ ഈ പുതിയ പുസ്‌തകം പ്രകാ​ശനം ചെയ്യാൻ അധിക​നാൾ വേണ്ടി​വ​രു​മോ? ഇല്ല, കാരണം വലിയ പുസ്‌ത​ക​ങ്ങ​ളെ​ക്കാൾ വേഗത്തിൽ 192 പേജുള്ള ഒരു പുസ്‌തകം പരിഭാ​ഷ​പ്പെ​ടു​ത്താ​നാ​വും. 1995 ഒക്ടോ​ബ​റോ​ടെ, ഭരണസം​ഘ​ത്തി​ലെ റൈറ്റിങ്‌ കമ്മിറ്റി ഈ പുസ്‌തകം ഇംഗ്ലീ​ഷിൽനി​ന്നു 130-ലധികം ഭാഷക​ളി​ലേക്കു പരിഭാഷ ചെയ്യു​ന്ന​തിന്‌ അനുമതി നൽകു​ക​യു​ണ്ടാ​യി.

17. എന്തു വസ്‌തു​തകൾ പരിജ്ഞാ​നം പുസ്‌ത​ക​ത്തി​ന്റെ ഉപയോ​ഗം എളുപ്പ​മാ​ക്കി​ത്തീർക്കേ​ണ്ട​താണ്‌?

17 പരിജ്ഞാ​നം പുസ്‌ത​ക​ത്തി​ലെ ഓരോ അധ്യാ​യ​ത്തി​ലെ​യും പ്രത്യേക വിവരങ്ങൾ സാമാ​ന്യം നല്ല വേഗത്തിൽതന്നെ ആത്മീയ പുരോ​ഗതി കൈവ​രി​ക്കാൻ വിദ്യാർഥി​കളെ പ്രാപ്‌ത​രാ​ക്കേ​ണ്ട​താണ്‌. ഈ പുസ്‌തകം തിരു​വെ​ഴു​ത്തു സത്യങ്ങൾ അവതരി​പ്പി​ക്കു​ന്നത്‌ കെട്ടു​പണി ചെയ്യുന്ന ഒരു വിധത്തി​ലാണ്‌. അതു വ്യാജ​പ​ഠി​പ്പി​ക്ക​ലു​കൾക്കു വിശദ​മായ ശ്രദ്ധ കൊടു​ക്കു​ന്നില്ല. ഭാഷയു​ടെ വ്യക്തത​യും യുക്തി​പൂർവ​മായ വിഷയ​വി​ക​സി​പ്പി​ക്ക​ലും, ബൈബി​ള​ധ്യ​യ​നങ്ങൾ നടത്തു​ന്ന​തി​നും ദൈവ​പ​രി​ജ്ഞാ​നം ഗ്രഹി​ക്കാൻ ആളുകളെ സഹായി​ക്കു​ന്ന​തി​നും ഈ പുസ്‌ത​ക​ത്തി​ന്റെ ഉപയോ​ഗം എളുപ്പ​മാ​ക്കേ​ണ്ട​താണ്‌. ഉദ്ധരി​ച്ചി​രി​ക്കുന്ന തിരു​വെ​ഴു​ത്തു​കൾക്കു പുറമേ, ബൈബിൾ വാക്യങ്ങൾ പരാമർശി​ച്ചി​ട്ടുണ്ട്‌. ചർച്ചയ്‌ക്കാ​യി ഒരുങ്ങു​ന്ന​യ​വ​സ​ര​ത്തിൽ വിദ്യാർഥി​കൾക്ക്‌ അവ എടുത്തു​നോ​ക്കാൻ സാധി​ക്കും. സമയമു​ണ്ടെ​ങ്കിൽ, അധ്യയന സമയത്ത്‌ അവ വായി​ക്കാ​വു​ന്ന​താണ്‌. എന്നിരു​ന്നാ​ലും, പ്രധാന ആശയത്തെ മൂടി​ക്ക​ള​യുന്ന കൂടു​ത​ലായ വിവരങ്ങൾ ഉൾപ്പെ​ടു​ത്തു​ന്നതു ജ്ഞാനപൂർവ​മാ​യി​രി​ക്കില്ല. പകരം, ഓരോ അധ്യാ​യ​ത്തി​ലും പുസ്‌തകം എന്തു തെളി​യി​ക്കു​ന്നു എന്നു ഗ്രഹി​ക്കാ​നും അതു വിദ്യാർഥി​ക്കു പറഞ്ഞു​കൊ​ടു​ക്കാ​നു​മാ​ണു ബൈബി​ള​ധ്യ​യനം നിർവ​ഹി​ക്കു​ന്നവർ ശ്രമി​ക്കേ​ണ്ടത്‌. അതിന്റെ അർഥം, പ്രധാന ആശയങ്ങൾ വളരെ വ്യക്തമാ​യി മനസ്സിൽ പതി​യേ​ണ്ട​തി​നു പഠിപ്പി​ക്കു​ന്ന​യാൾതന്നെ ഈ പുസ്‌തകം ശുഷ്‌കാ​ന്തി​യോ​ടെ ആദ്യം പഠിച്ചി​രി​ക്കണം എന്നാണ്‌.

18. പരിജ്ഞാ​നം പുസ്‌ത​ക​ത്തി​ന്റെ ഉപയോ​ഗം സംബന്ധി​ച്ചു നൽകി​യി​രി​ക്കുന്ന നിർദേ​ശ​ങ്ങ​ളെ​ന്തെ​ല്ലാം?

18 നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന പരിജ്ഞാ​നം എന്ന പുസ്‌ത​ക​ത്തി​നു ശിഷ്യ​രാ​ക്കൽവേ​ല​യു​ടെ വേഗത ത്വരി​ത​പ്പെ​ടു​ത്താൻ കഴിയു​ന്നത്‌ എങ്ങനെ​യാണ്‌? 192 പേജുള്ള ഈ പുസ്‌തകം താരത​മ്യേന ചുരു​ങ്ങിയ കാലയ​ള​വിൽ പഠിച്ചു​തീർക്കാ​നാ​വും. “നിത്യ​ജീ​വ​നു​വേണ്ടി ശരിയായ മനോ​നി​ല​യുള്ള”വർ യഹോ​വക്കു സമർപ്പി​ച്ചു സ്‌നാ​പ​ന​മേൽക്കാൻ മതിയായ സംഗതി​കൾ ഈ പുസ്‌ത​ക​ത്തി​ന്റെ പഠനത്തി​ലൂ​ടെ മനസ്സി​ലാ​ക്കാൻ പ്രാപ്‌ത​രാ​കണം. (പ്രവൃ​ത്തി​കൾ 13:48, NW) അതു​കൊണ്ട്‌ ശുശ്രൂ​ഷ​യിൽ നമുക്കു പരിജ്ഞാ​നം പുസ്‌തകം നന്നായി ഉപയോ​ഗി​ക്കാം. ഒരു ബൈബിൾ വിദ്യാർഥി മറ്റൊരു പുസ്‌ത​ക​ത്തി​ന്റെ നല്ലൊരു ഭാഗം ഇതി​നോ​ട​കം​തന്നെ പഠിച്ചു​ക​ഴി​ഞ്ഞെ​ങ്കിൽ, അതു പൂർത്തീ​ക​രി​ക്കു​ന്ന​താ​ണു പ്രാ​യോ​ഗി​ക​ബു​ദ്ധി. അങ്ങനെ​യ​ല്ലാ​ത്ത​പക്ഷം, ബൈബി​ള​ധ്യ​യ​നങ്ങൾ പരിജ്ഞാ​നം പുസ്‌തകം ഉപയോ​ഗി​ച്ചു നടത്താൻ നിർദേ​ശി​ക്കു​ന്നു. ഈ പുതിയ പ്രസി​ദ്ധീ​ക​രണം പൂർത്തി​യാ​യ​ശേഷം, വിദ്യാർഥി​യോ​ടൊ​പ്പം രണ്ടാമ​തൊ​രു പുസ്‌തകം കൂടി പഠിക്കാൻ നിർദേ​ശി​ക്കു​ന്നില്ല. സത്യത്തെ പുൽകു​ന്ന​വർക്ക്‌, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ യോഗ​ങ്ങൾക്കു ഹാജരാ​കു​ക​യും സ്വന്തമാ​യി ബൈബി​ളും മറ്റു നാനാ​വിധ ക്രിസ്‌തീയ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും വായി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ തങ്ങളുടെ പരിജ്ഞാ​നം പൂർത്തി​യാ​ക്കാ​നാ​വും.—2 യോഹ​ന്നാൻ 1.

19. പരിജ്ഞാ​നം പുസ്‌തകം ഉപയോ​ഗിച്ച്‌ ബൈബി​ള​ധ്യ​യ​നങ്ങൾ നടത്തു​ന്ന​തി​നു മുമ്പ്‌, നമ്മുടെ ശുശ്രൂഷ നിർവ​ഹി​ക്കാൻ സംഘടി​തർ എന്ന പുസ്‌ത​ക​ത്തി​ന്റെ 183 മുതൽ 248 വരെയുള്ള പേജുകൾ പുനര​വ​ലോ​കനം ചെയ്യു​ന്നതു സഹായ​ക​ര​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

19 യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി സ്‌നാ​പ​ന​മേൽക്കാൻ ആഗ്രഹി​ക്കുന്ന സ്‌നാ​പ​ന​മേൽക്കാത്ത പ്രസാ​ധ​ക​രു​മൊ​ത്തു മൂപ്പന്മാർ പുനര​വ​ലോ​കനം ചെയ്യുന്ന എല്ലാ ചോദ്യ​ങ്ങൾക്കും ഉത്തരം പറയാൻ ഒരു വ്യക്തിയെ സഹായി​ക്കു​ക​യെന്ന ലക്ഷ്യ​ത്തോ​ടെ​യാണ്‌ പരിജ്ഞാ​നം പുസ്‌തകം എഴുതി​യി​രി​ക്കു​ന്നത്‌. അതു​കൊണ്ട്‌, ഈ പുതിയ പ്രസി​ദ്ധീ​ക​രണം ബൈബി​ള​ധ്യ​യ​ന​ങ്ങൾക്ക്‌ ഉപയോ​ഗി​ക്കു​ന്ന​തി​നു മുമ്പ്‌, നമ്മുടെ ശുശ്രൂഷ നിർവ​ഹി​ക്കാൻ സംഘടി​തർ പുസ്‌ത​ക​ത്തി​ന്റെ 183 മുതൽ 248 വരെയുള്ള പേജു​ക​ളി​ലെ ചോദ്യ​ങ്ങൾ പുനര​വ​ലോ​കനം ചെയ്യാൻ ഏതാനും മണിക്കൂ​റു​കൾ ചെലവ​ഴി​ക്കാൻ ശുപാർശ ചെയ്യുന്നു. a പരിജ്ഞാ​നം പുസ്‌തകം ഉപയോ​ഗി​ച്ചുള്ള ബൈബി​ള​ധ്യ​യന സമയത്ത്‌ അത്തരം ചോദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾക്ക്‌ ഊന്നൽ കൊടു​ക്കാൻ ഇതു നിങ്ങളെ സഹായി​ക്കും.

20. നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന പരിജ്ഞാ​നം എന്ന പുസ്‌തകം ഉപയോ​ഗിച്ച്‌ എന്തു ചെയ്യാ​നാ​ണു നിങ്ങൾ ഉദ്ദേശി​ക്കു​ന്നത്‌?

20 എല്ലായി​ട​ത്തു​മുള്ള ആളുകൾ സുവാർത്ത കേൾക്കേ​ണ്ട​തുണ്ട്‌. അതേ, മനുഷ്യ​വർഗ​ത്തി​നു ദൈവ​പ​രി​ജ്ഞാ​നം ആവശ്യ​മാണ്‌. അത്‌ അറിയി​ക്കാൻ യഹോ​വ​യ്‌ക്കു തന്റെ സാക്ഷി​ക​ളുണ്ട്‌. വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ​യി​ലൂ​ടെ നമ്മുടെ സ്‌നേ​ഹ​വാ​നായ സ്വർഗീയ പിതാവ്‌ ഇപ്പോൾ നമുക്ക്‌ ഈ പുതിയ പുസ്‌തകം നൽകി​യി​രി​ക്കു​ക​യാണ്‌. സത്യം പഠിപ്പി​ക്കാ​നും യഹോ​വ​യു​ടെ വിശുദ്ധ നാമത്തി​നു മഹത്ത്വം കരേറ്റാ​നും നിങ്ങൾ അത്‌ ഉപയോ​ഗി​ക്കു​മോ? നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന പരിജ്ഞാ​നം അനേകർക്കു ലഭ്യമാ​ക്കാൻ നിങ്ങൾ സർവ​ശ്ര​മ​വും ചെയ്യു​മ്പോൾ നിങ്ങളെ യഹോവ തീർച്ച​യാ​യും അനു​ഗ്ര​ഹി​ക്കും.

[അടിക്കു​റിപ്പ]

a വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി പ്രസി​ദ്ധീ​ക​രി​ച്ചത്‌.

നിങ്ങൾ എങ്ങനെ മറുപടി പറയും?

◻ പ്രതീ​കാ​ത്മക ഹൃദയത്തെ നിങ്ങൾ എങ്ങനെ വർണി​ക്കും?

◻ എന്താണു ദൈവ​പ​രി​ജ്ഞാ​നം?

◻ മനുഷ്യ​വർഗ​ത്തി​നു ദൈവ​പ​രി​ജ്ഞാ​നം ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

◻ ഏതു പുതിയ പുസ്‌ത​ക​മാ​ണു ലഭ്യമാ​യി​രി​ക്കു​ന്നത്‌, അത്‌ എങ്ങനെ ഉപയോ​ഗി​ക്കാ​നാ​ണു നിങ്ങൾ ഉദ്ദേശി​ക്കു​ന്നത്‌?

[അധ്യയന ചോദ്യ​ങ്ങൾ]

[10-ാം പേജിലെ ചിത്രം]

ഭൂമിയിലെ ശതകോ​ടി​ക്ക​ണ​ക്കിന്‌ ആളുകൾക്കു ദൈവ​പ​രി​ജ്ഞാ​നം ആവശ്യ​മാ​യി​രി​ക്കു​ന്ന​തിന്‌ അനേകം കാരണ​ങ്ങ​ളുണ്ട്‌