ഒരിക്കലും മരിക്കാതിരിക്കുക—എന്റെ ആജീവനാന്ത പ്രത്യാശ
ഒരിക്കലും മരിക്കാതിരിക്കുക—എന്റെ ആജീവനാന്ത പ്രത്യാശ
ഹെക്ടർ ആർ. പ്രീസ്ററ് പറഞ്ഞപ്രകാരം
“ഈ കാൻസർ ഭേദപ്പെടുത്താനാവാത്തതാണ്” എന്നു ഡോക്ടർ പറഞ്ഞു. “നിങ്ങൾക്കുവേണ്ടി ഇതിൽക്കൂടുതലൊന്നും ചെയ്യാൻ ഞങ്ങൾക്കാവില്ല.” പത്തിലധികം വർഷങ്ങൾക്കു മുമ്പാണ് ആ രോഗനിർണയം ചെയ്യപ്പെട്ടത്. എന്നിരുന്നാലും ഒരിക്കലും മരിക്കാതെ എന്നേക്കും ഭൂമിയിൽ ജീവിക്കാനുള്ള ആ ബൈബിളധിഷ്ഠിത പ്രത്യാശ ഞാൻ ഇന്നും താലോലിക്കുന്നു.—യോഹന്നാൻ 11:26.
എന്റെ മാതാപിതാക്കൾ ആത്മാർഥതയുള്ള മെഥഡിസ്ററുകാരായിരുന്നു. ഞങ്ങളുടെ കുടുംബ കൃഷിയിടത്തിൽനിന്നു വളരെ അകലെയല്ലാത്ത ഒരു കൊച്ചു ഗ്രാമീണ പട്ടണത്തിലുള്ള പള്ളിയിൽ അവർ ക്രമമായി ഹാജരായിരുന്നു. ന്യൂസിലൻഡിലെ വെല്ലിങ്ടണിൽനിന്ന് ഏതാണ്ടു 130 കിലോമീറ്റർ വടക്കുകിഴക്കായുള്ള വൈരാരാപ്പയിലെ മനോജ്ഞമായ കാർഷിക താഴ്വാരത്തിലാണ് എന്റെ ജനനം. അവിടെ ഹിമാവൃതങ്ങളായ പർവതങ്ങളുടെയും പർവതങ്ങളിലെ സ്വച്ഛജല നദികളുടെയും നിമ്നോന്നതങ്ങളായ കുന്നുംപുറങ്ങളുടെയും ഫലഭൂയിഷ്ഠമായ സമഭൂമിയുടെയും ആ ദൃശ്യം ഞങ്ങൾ ആസ്വദിച്ചു.
എല്ലാ നല്ല ആളുകളും സ്വർഗത്തിൽ പോകുമെന്നും ചീത്തയാളുകൾ നരകത്തിൽ, ഒരു അഗ്നിദണ്ഡനസ്ഥലത്ത്, പോകുമെന്നും മെഥഡിസ്റ്റ് പള്ളിയിൽ ഞങ്ങളെ പഠിപ്പിച്ചിരുന്നു. മനുഷ്യർ സ്വർഗത്തിൽ ജീവിക്കാനാണു ദൈവം ആഗ്രഹിച്ചിരുന്നതെങ്കിൽ എന്തുകൊണ്ട് ആരംഭത്തിൽ തന്നെ അവരെ അവിടെ സൃഷ്ടിച്ചാക്കിയില്ല എന്നത് എനിക്കു മനസ്സിലായില്ല. ഞാൻ എപ്പോഴും മരണത്തെ ഭയപ്പെട്ടിരുന്നു. നാം മരിക്കുന്നതിന്റെ കാരണത്തെക്കുറിച്ചു മിക്കപ്പോഴും അതിശയിക്കുകയും ചെയ്തിരുന്നു. 1927-ൽ എനിക്ക് 16 വയസ്സുണ്ടായിരുന്നപ്പോൾ ഞങ്ങളുടെ കുടുംബത്തിൽ ഒരു ദുരന്തം ഉണ്ടായി. അതാണ് എന്റെ ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കായുള്ള ഒരു അന്വേഷണത്തിലേക്ക് എന്നെ നയിച്ചത്.
റെജ് മരിച്ചതെന്തുകൊണ്ട്?
എന്റെ സഹോദരനായ റെജിന് 11 വയസ്സുള്ളപ്പോൾ അവൻ ഗുരുതരമായ രോഗാവസ്ഥയിലായി. അവന്റെ രോഗം എന്താണെന്നു കണ്ടുപിടിക്കുന്നതിനോ അവനെ സഹായിക്കുന്നതിനോ ഡോക്ടർക്കു കഴിഞ്ഞില്ല. അമ്മ മെഥഡിസ്ററ് ശുശ്രൂഷകനെ വിളിപ്പിച്ചു. അദ്ദേഹം റെജിനുവേണ്ടി പ്രാർഥിച്ചു, എങ്കിലും ഇത് അമ്മയ്ക്ക് ആശ്വാസം പ്രദാനം ചെയ്തില്ല. വാസ്തവത്തിൽ അദ്ദേഹത്തിന്റെ പ്രാർഥനകൾ നിഷ്പ്രയോജനകരമാണെന്ന് അമ്മ ശുശ്രൂഷകനോടു പറഞ്ഞു.
റെജ് മരിച്ചപ്പോൾ, തന്റെ മകൻ മരിക്കേണ്ടിയിരുന്നത് എന്തുകൊണ്ട് എന്നതു സംബന്ധിച്ച സത്യസന്ധമായ ഉത്തരങ്ങൾക്കുവേണ്ടിയുള്ള ദാഹം ശമിപ്പിക്കുന്നതിനുവേണ്ടി അമ്മ കാണുന്നവരോടും കേൾക്കുന്നവരോടും ഒക്കെ സംസാരിക്കുമായിരുന്നു. പട്ടണത്തിലെ ഒരു വ്യവസായിയോടു സംസാരിക്കുകയിൽ മരിച്ചവരുടെ അവസ്ഥസംബന്ധിച്ച് അദ്ദേഹത്തിന് എന്തെങ്കിലും അറിയാമോ എന്ന് അവർ ചോദിച്ചു. അദ്ദേഹത്തിന് അതു സംബന്ധിച്ച് ഒന്നുമറിയില്ലായിരുന്നു. എന്നാൽ “നിങ്ങൾക്കു സ്വീകരിക്കാവുന്ന ഒരു പുസ്തകം ആരോ ഇവിടെ തന്നിട്ടുണ്ട്” എന്നദ്ദേഹം പറഞ്ഞു.
അമ്മ പുസ്തകം വീട്ടിൽ കൊണ്ടുപോയി വായിക്കാൻ തുടങ്ങി. അവർക്കതു താഴെവയ്ക്കാൻ കഴിഞ്ഞില്ല. ക്രമേണ അവരുടെ സ്വഭാവം ആകെ മാറി. “ഇതാണത്; ഇതാണു സത്യം” എന്ന് അവർ കുടുംബത്തോടു പറഞ്ഞു. വേദാധ്യയനപത്രികയുടെ ഒന്നാം വാല്യമായ യുഗങ്ങളുടെ ദൈവിക നിർണയം ആയിരുന്നു ആ പുസ്തകം. ആദ്യമൊക്കെ ഞാനൽപ്പം സംശയാലുവായിരുന്നു, സ്രഷ്ടാവിന്റെ ഉദ്ദേശ്യം സംബന്ധിച്ച് ആ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നതിനെതിരെ വാദിക്കാനും ശ്രമിച്ചു. ക്രമേണ എന്റെ വാഗ്വാദങ്ങൾ കെട്ടടങ്ങി.
ബൈബിൾ സത്യം സ്വീകരിക്കുന്നു
‘ഒരിക്കലും മരിക്കേണ്ടതില്ലാതെ എന്നേക്കും ജീവിക്കുന്നതിനെക്കുറിച്ച് ഒന്നു ചിന്തിക്കൂ!’ ഞാൻ
വിചാരിച്ചു. സ്നേഹവാനായ ഒരു ദൈവത്തിൽനിന്ന് ഒരുവൻ പ്രതീക്ഷിക്കുന്നത് അത്തരമൊരു പ്രത്യാശയാണ്. ഒരു പറുദീസ ഭൂമി! അതെ, അതെനിക്കുവേണ്ടിയായിരുന്നു.അത്ഭുതകരമായ ഈ സത്യങ്ങൾ മനസ്സിലാക്കിയശേഷം അമ്മയും വെല്ലിങ്ടണിൽനിന്നുള്ള മൂന്നു ക്രിസ്തീയ സഹോദരിമാരും—തോംസൺ, ബാർടൺ, ജോൺസ് എന്നീ സഹോദരിമാർ—ഗ്രാമപ്രദേശങ്ങളിൽ വ്യാപകമായി രാജ്യവിത്തുകൾ വിതറിക്കൊണ്ട് ഒരുമിച്ച് പല ദിവസങ്ങളോളം തന്നെ ദൂരെ ആയിരിക്കുമായിരുന്നു. പിതാവിന് അമ്മയുടെ അത്ര മിഷനറി ആത്മാവ് ഇല്ലായിരുന്നെങ്കിലും അദ്ദേഹം അവരുടെ പ്രവർത്തനത്തെ പിന്തുണച്ചു.
സത്യത്തെക്കുറിച്ച് എനിക്കു ബോധ്യമുണ്ടായിരുന്നെങ്കിലും കുറേക്കാലത്തേക്കു വിശ്വാസം സംബന്ധിച്ചു ഞാൻ കാര്യമായിട്ടൊന്നുംതന്നെ ചെയ്തില്ല. 1935-ൽ ഞാൻ റോവേന കാർലെറ്റിനെ വിവാഹം ചെയ്
തു. ക്രമേണ ഞങ്ങൾ ഈനഡ് എന്ന പുത്രിയുടെയും ബാരി എന്ന പുത്രന്റെയും ജനനത്താൽ അനുഗ്രഹിക്കപ്പെട്ടു. ചുറ്റുമുള്ള കർഷകരിൽനിന്ന് ആയിരക്കണക്കിന് ഉരുക്കളെ വാങ്ങിക്കൊണ്ട് ഞാൻ വളർത്തുമൃഗങ്ങളെ വാങ്ങുന്ന ഒരാളായി ജോലി ചെയ്തു. ഈ കർഷകർ രാഷ്ട്രീയകാര്യങ്ങൾ ചർച്ചചെയ്യുമ്പോൾ “ഈ മാനുഷശ്രമങ്ങളൊന്നും വിജയിക്കുകയില്ല. ഫലകരമായ ഏക ഗവൺമെൻറ് ദൈവരാജ്യമാണ്” എന്ന് അവരോടു പറയുന്നത് എനിക്കു സന്തോഷം കൈവരുത്തുമായിരുന്നു.ദുഃഖകരമെന്നു പറയട്ടെ, ഞാൻ പുകയിലക്ക് അടിമയായി; എന്റെ വായിൽ എപ്പോഴും ഒരു ചുരുട്ട് ഉണ്ടായിരുന്നു. ക്രമേണ എന്റെ ആരോഗ്യം ക്ഷയിച്ചു. വേദനാകരമായ ഉദരരോഗം നിമിത്തം ഞാൻ ആശുപത്രിയിലായി. പുകവലി നിമിത്തം എനിക്കു കലശലായ ആന്ത്രവീക്കം ഉണ്ടായിട്ടുണ്ടെന്ന് എന്നോടു പറഞ്ഞു. ഞാൻ ആ ശീലം ഉപേക്ഷിച്ചെങ്കിലും ഒരിക്കലും തീരുകയില്ലാത്ത ഒരു ചുരുട്ടോ അല്ലെങ്കിൽ സിഗരറ്റോ വലിക്കുന്നതായി സ്വപ്നം കാണുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം സർവസാധാരണമായിരുന്നു. പുകയിലക്ക് എത്ര ഘോരമായ ആസക്തിയാണ് ഉളവാക്കാൻ കഴിയുന്നത്!
പുകവലിശീലം ഉപേക്ഷിച്ചശേഷം ഞാൻ മറ്റു സുപ്രധാന മാറ്റങ്ങളും വരുത്തി. 1939-ൽ എന്റെ 28-ാമത്തെ വയസ്സിൽ നാട്ടിലെ ഞങ്ങളുടെ വീടിനടുത്തുള്ള മാങ്കറ്റൈ നദിയിൽ ഞാൻ സ്നാപനമേറ്റു. ന്യൂസിലൻഡിലെ പ്രസംഗവേലയ്ക്കു പിന്നീടു നേതൃത്വം വഹിച്ച റോബർട്ട ലേസൻബീ ഞങ്ങളുടെ വീട്ടിൽവച്ചു പ്രസംഗം നടത്തി എന്നെ സ്നാനപ്പെടുത്തുന്നതിനായി വെല്ലിങ്ടണിൽനിന്ന് ആ ദൂരമെല്ലാം താണ്ടി അവിടെ എത്തി. അന്നുമുതൽ ഞാൻ യഹോവയുടെ ഒരു ധീരസാക്ഷിയായിത്തീർന്നു.
പ്രസംഗവേല സംഘടിപ്പിക്കൽ
സ്നാപനത്തെ തുടർന്ന് എക്കറ്റാഹൂന സഭയുടെ മേൽവിചാരകനായി ഞാൻ നിയമിതനായി. എന്റെ ഭാര്യയായ റോവേന അപ്പോഴും ബൈബിൾ സത്യം സ്വീകരിച്ചിരുന്നില്ല. എന്നിരുന്നാലും, വീടുതോറും എങ്ങനെ ഉചിതമായി സാക്ഷീകരിക്കാമെന്നു കാണിച്ചുതരാൻ പാഹീയാറ്റ്വയിൽനിന്ന് അവിടെവരെ ഒന്നുവരാൻ ആൽഫ് ബ്രൈൻറിനെ ക്ഷണിക്കാൻ പോകുകയാണെന്നു ഞാൻ അവളോടു പറഞ്ഞു. പ്രസംഗവേല സംഘടിപ്പിക്കുന്നതിനും പ്രദേശം വ്യവസ്ഥാപിതമായി പ്രവർത്തിച്ചു തീർക്കുന്നതിനും ഞാൻ ആഗ്രഹിച്ചു.
“ഹെക്ടർ, നിങ്ങൾ വീടുതോറും സാക്ഷീകരിക്കാൻ പോയാൽ മടങ്ങിവരുമ്പോഴേക്കും ഞാനിവിടെ ഉണ്ടാവില്ല. ഞാനിവിടെനിന്നു പോകുകയാണ്. നിങ്ങളുടെ ഉത്തരവാദിത്വം ഇവിടെയാണ്—വീട്ടിൽ, കുടുംബത്തോടൊത്ത്,” റോവേന പറഞ്ഞു.
എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. മടിച്ചുമടിച്ച് ഞാൻ പോകാനൊരുങ്ങി. ‘ഞാനിതു ചെയ്തേ പറ്റൂ. എന്റെ ജീവൻ ഇതിനെ ആശ്രയിച്ചാണിരിക്കുന്നത്, അതുപോലെ എന്റെ കുടുംബത്തിന്റെയും,’ ഞാൻ മനസ്സിൽ ചിന്തിച്ചുകൊണ്ടേയിരുന്നു. അതുകൊണ്ട്, യാതൊരുപ്രകാരത്തിലും റോവേനയെ വ്രണപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നു ഞാൻ അവൾക്ക് ഉറപ്പുകൊടുത്തു. അവളെ എത്ര ആഴമായി സ്നേഹിക്കുന്നുവെന്നും എന്നാൽ യഹോവയുടെ നാമവും പരമാധികാരവും അതുപോലെ ഞങ്ങളുടെ തന്നെ ജീവനും ഉൾപ്പെട്ടിരിക്കുന്നതു നിമിത്തം എനിക്ക് ഇപ്രകാരം പ്രസംഗിച്ചേ മതിയാവൂ എന്നും ഞാനവളോടു പറഞ്ഞു.
ആൽഫും ഞാനുംകൂടി ആദ്യത്തെ വീട്ടുവാതിൽക്കൽ എത്തി, അദ്ദേഹമാണു സംഭാഷണം തുടങ്ങിയത്. എന്നാൽ, നോഹയുടെ നാളിൽ സംഭവിച്ചത് നമ്മുടെ നാളിൽ സംഭവിക്കുന്നതിന്റെ ഒരു സമാന്തരമാണെന്നും രക്ഷ ഉറപ്പാക്കുന്നതിന് നാം ചിലതു ചെയ്യേണ്ടതുണ്ടെന്നും വീട്ടുകാരനോടു പറഞ്ഞുകൊണ്ടു ഞാൻ സംഭാഷണം ഏറ്റെടുത്തു. (മത്തായി 24:37-39) ഞാൻ ചില ചെറുപുസ്തകങ്ങൾ അവിടെ കൊടുത്തു.
അവിടെനിന്നു പോന്ന ഉടനെ, “നിങ്ങൾക്ക് ഈ വിവരമെല്ലാം എവിടെനിന്നു കിട്ടി? നിങ്ങൾക്ക് എന്റെ ആവശ്യമില്ല. നിങ്ങൾ ഒറ്റക്കു പോകൂ, നമുക്ക് ഇരട്ടി പ്രദേശം പ്രവർത്തിച്ചുതീർക്കാം,” എന്ന് ആൽഫ് പറഞ്ഞു. അതുകൊണ്ട് അതാണു ഞങ്ങൾ ചെയ്തത്.
ഞങ്ങൾ മടങ്ങിച്ചെല്ലുമ്പോൾ വീട്ടിലെ സ്ഥിതി എന്തായിരിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. എന്നാൽ റോവേന ഞങ്ങൾക്കായി ഓരോ കപ്പു ചായ തയ്യാറാക്കി വച്ചിരുന്നു. അതെന്നെ അതിശയിപ്പിക്കയും സന്തോഷിപ്പിക്കയും ചെയ്തു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ പരസ്യശുശ്രൂഷയിൽ എന്റെ ഭാര്യയും കൂടെചേർന്നു. ക്രിസ്തീയ തീക്ഷ്ണതയുടെ ഒരു ഉത്തമ ദൃഷ്ടാന്തമായിത്തീർന്നു അവൾ.
ഞങ്ങളുടെ കാർഷിക താഴ്വാരത്തിൽനിന്ന് യഹോവയുടെ സാക്ഷികളായിത്തീർന്ന ആദ്യത്തവരിൽപെടുന്നു മോഡ് മൻസർ, അവരുടെ പുത്രൻ വില്ല്യം, പുത്രി റൂബി എന്നിവർ. പുറമേ ഒരു പരുക്കൻ ശല്യക്കാരനായിരുന്നു മോഡിന്റെ ഭർത്താവ്. ഒരു ദിവസം മോഡിനെ ശുശ്രൂഷക്കു കൂട്ടിക്കൊണ്ടുപോകുന്നതിനായി റോവേനയും ഞാനും കൂടി അവരുടെ കൃഷിയിടത്തിൽ എത്തി. പയ്യനായ വില്ല്യം ഞങ്ങൾക്ക് അവന്റെ കാർ ഉപയോഗിക്കത്തക്കവണ്ണം എല്ലാം ക്രമീകരിച്ചിരുന്നു, എന്നാൽ അവന്റെ പിതാവിന് മറ്റുചില ആശയങ്ങൾ ഉണ്ടായിരുന്നു.
അവസ്ഥ പ്രക്ഷുബ്ധമായിരുന്നു. റോവേനയോടു ഞങ്ങളുടെ കുഞ്ഞുമകൾ ഈനഡിനെ പിടിക്കാൻ ഞാനാവശ്യപ്പെട്ടു. ഞാൻ വില്ല്യമിന്റെ കാറിൽ ചാടിക്കയറി പെട്ടെന്നുതന്നെ അതു ഗരാജിനു വെളിയിലേക്ക് ഓടിച്ചുകൊണ്ടുവന്നു. ഞങ്ങൾ വെളിയിൽ വരുന്നതിനുമുമ്പ് ഗരാജിന്റെ വാതിലടയ്ക്കാൻ ശ്രീ. മൻസർ
ധൃതിപ്പെട്ടെങ്കിലും അദ്ദേഹത്തിനതിനു കഴിഞ്ഞില്ല. സ്വകാര്യപാതയിൽ അല്പം മുമ്പോട്ടുപോയിട്ട് ഞങ്ങൾ നിർത്തി, എന്നിട്ട് കോപത്താൽ ജ്വലിച്ചു നിൽക്കുന്ന ശ്രീ. മൻസറെ കാണുന്നതിനായി ഞാൻ കാറിൽനിന്നിറങ്ങി. “ഞങ്ങൾ വയൽ ശുശ്രൂഷക്കായി പോകുകയാണ്, ശ്രീമതി മൻസർ ഞങ്ങളോടൊപ്പം വരുന്നുണ്ട്,” എന്നു ഞാൻ അദ്ദേഹത്തോടു പറഞ്ഞു. ഞാൻ കെഞ്ചിയപേക്ഷിച്ചു, അദ്ദേഹത്തിന്റെ കോപം അല്പമൊന്നു കുറഞ്ഞു. പിന്തിരിഞ്ഞുനോക്കുമ്പോൾ, ഒരുപക്ഷേ വ്യത്യസ്തമായ ഒരു രീതിയിൽ ഞാൻ ആ സാഹചര്യത്തെ കൈകാര്യം ചെയ്യേണ്ടതായിരുന്നു. എന്നാൽ ഒരിക്കലും ഒരു സാക്ഷിയായില്ലെങ്കിലും അദ്ദേഹം പിന്നീട് യഹോവയുടെ സാക്ഷികളോടു കൂടുതൽ അനുകൂലഭാവമുള്ളയാളായിത്തീർന്നു.ആ വർഷങ്ങളിൽ യഹോവയുടെ ജനം എണ്ണത്തിൽ നന്നേ കുറവായിരുന്നു. കൃഷിയിടത്തിൽ ഞങ്ങളോടൊപ്പം താമസിച്ച മുഴുസമയ ശുശ്രൂഷകരുടെ സന്ദർശനം ഞങ്ങൾ നന്നായി ആസ്വദിക്കുകയും അതിൽനിന്നു പ്രയോജനം അനുഭവിക്കുകയും ചെയ്തു. ഈ സന്ദർശകരിൽപെടുന്നവരാണ് ആഡ്രീയൻ റ്റോംസണും അദ്ദേഹത്തിന്റെ സഹോദരി മോളിയും. അവർ രണ്ടുപേരും മിഷനറിമാർക്കുവേണ്ടിയുള്ള വാച്ച്ടവർ ബൈബിൾ സ്കൂൾ ഓഫ് ഗിലെയാദിന്റെ ആദ്യ ക്ലാസുകളിൽ പങ്കെടുക്കുകയും ജപ്പാനിലും പാകിസ്ഥാനിലുമായി വിദേശനിയമനങ്ങളിൽ സേവിക്കയും ചെയ്തു.
യുദ്ധകാല അനുഭവങ്ങൾ
1939 സെപ്റ്റംബറിൽ രണ്ടാം ലോകമഹായുദ്ധം തുടങ്ങി. 1940 ഒക്ടോബറിൽ ന്യൂസിലൻഡ് ഗവൺമെൻറ് യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം നിരോധിച്ചു. നമ്മുടെ സഹോദരങ്ങളിൽ പലരും ദേശത്തെ കോടതിയിൽ ഹാജരാകാൻ നിർബന്ധിതരായി. ചിലരെ തങ്ങളുടെ ഭാര്യമാരിൽനിന്നും കുട്ടികളിൽനിന്നും വേർപെടുത്തി തടങ്കൽപാളയങ്ങളിൽ ജോലി ചെയ്യാൻ ആക്കി. യുദ്ധം കൊടുമ്പിരികൊണ്ടപ്പോൾ, ഞങ്ങൾക്ക് ഒരു കന്നുകാലി വളർത്തൽകേന്ദ്രം ഉണ്ടെങ്കിൽതന്നെ എന്നെയും നിർബന്ധിത സൈനികസേവനത്തിനായി വിളിച്ചേക്കുമോയെന്നു ഞാൻ സംശയിച്ചു. അപ്പോഴാണ് സൈനികസേവനത്തിനായി കർഷകരെ മേലാൽ എടുക്കുന്നില്ല എന്ന പ്രഖ്യാപനമുണ്ടായത്.
പ്രസംഗവേലയിൽ മാസംതോറും 60-ലധികം മണിക്കൂറുകൾ വീതം ചെലവഴിച്ചുകൊണ്ടു റോവേനയും ഞാനും ഞങ്ങളുടെ ക്രിസ്തീയ ശുശ്രൂഷ തുടർന്നു. ഇക്കാലത്ത്, തങ്ങളുടെ ക്രിസ്തീയ നിഷ്പക്ഷത നിലനിർത്തുന്ന യുവസാക്ഷികളെ സഹായിക്കുന്നതിനുള്ള പദവിയും എനിക്കുണ്ടായിരുന്നു. അവർക്കുവേണ്ടി ഞാൻ വെല്ലിങ്ടൺ, പാമർസ്റ്റൺ നോർത്ത്, പഹ്യാറ്റ്വാ, മാസ്റ്റർടൺ എന്നിവിടങ്ങളിലെ കോടതികളിൽ ഔദ്യോഗികമായി ഹാജരായി. സാധാരണമായി പുരോഹിതൻമാരിലൊരാൾ സൈന്യത്തിൽ ആളെടുക്കുന്ന സംഘത്തിലുണ്ടായിരുന്നു. യുദ്ധയത്നങ്ങൾക്കുവേണ്ടിയുള്ള അവരുടെ ക്രിസ്തീയവിരുദ്ധ പിന്തുണയെ തുറന്നുകാട്ടുന്നത് ഒരു രസമായിരുന്നു.—1 യോഹന്നാൻ 3:10-12.
ഒരു രാത്രിയിൽ റോവേനയും ഞാനുംകൂടി വീക്ഷാഗോപുരം പഠിച്ചുകൊണ്ടിരിക്കുമ്പോൾ രഹസ്യപ്പൊലീസ് ഞങ്ങളുടെ വീട്ടിൽ മിന്നൽപരിശോധന നടത്തി. ഞങ്ങളുടെ വീട്ടിൽ ബൈബിൾ സാഹിത്യങ്ങളുണ്ടെന്നു പരിശോധന വെളിപ്പെടുത്തി. “ഇതിന്റെപേരിൽ നിങ്ങൾക്കു ജയിലിൽ പോകാം” എന്നു ഞങ്ങളോടു പറഞ്ഞു. രഹസ്യപ്പൊലീസ് പോകാനായി തങ്ങളുടെ കാറിൽ കയറിയപ്പോൾ ബ്രേക്കുകൾ മുറുകിപ്പോയതായി അവർ കണ്ടെത്തി. കാർ ഓടുമായിരുന്നില്ല. അതു നന്നാക്കുന്നതിനു വില്ല്യം മൻസർ സഹായിച്ചു, അവരെക്കുറിച്ചു പിന്നെ യാതൊരു വിവരവുമില്ല.
നിരോധന കാലത്ത്, കൃഷിയിടത്തിന്റെ ഒഴിഞ്ഞമൂലക്കുള്ള ഒരു കെട്ടിടത്തിൽ ഞങ്ങൾ ബൈബിൾ സാഹിത്യങ്ങൾ ഒളിച്ചുവെക്കുമായിരുന്നു. അർധരാത്രിക്ക് ഞാൻ ന്യൂസിലൻഡ് ബ്രാഞ്ച് ഓഫീസ് സന്ദർശിച്ചു കാറിൽ സാഹിത്യം നിറക്കുമായിരുന്നു. എന്നിട്ട് അതു വീട്ടിൽ കൊണ്ടുവന്നു കൃഷിയിടത്തിലുള്ള ആ ഒറ്റപ്പെട്ട സ്ഥലത്തു സൂക്ഷിക്കുമായിരുന്നു. ഒരു രാത്രിയിൽ രഹസ്യചരക്ക് എടുക്കുന്നതിനായി ഞാൻ ബ്രാഞ്ചിലെത്തിയപ്പോൾ പെട്ടെന്നു ലൈറ്റുകളെല്ലാം തെളിഞ്ഞു! “നിന്നെ ഞങ്ങൾക്കു കിട്ടി!” എന്നു പൊലീസ് അലറി. എന്നാൽ അതിശയകരമെന്നുപറയട്ടെ, വലിയ എതിർപ്പു കൂടാതെ തന്നെ അവർ എന്നെ പോകാൻ അനുവദിച്ചു.
1949-ൽ റോവേനയും ഞാനും ഞങ്ങളുടെ കൃഷിയിടം വിറ്റു. പണം തീരുന്നതുവരെ പയനിയറിങ് നടത്താൻ ഞങ്ങൾ തീരുമാനിച്ചു. മാസ്റ്റർടണിലുള്ള ഒരു വീട്ടിലേക്കു ഞങ്ങൾ താമസം മാറ്റി മാസ്റ്റർടൺ സഭയോടൊത്തു പയനിയറിങ് നടത്തി. വെറും രണ്ടുവർഷത്തിനുള്ളിൽ 24 സജീവ പ്രസാധകരടങ്ങിയ ഫെതർസ്റ്റൺ സഭ സ്ഥാപിക്കപ്പെട്ടു, ഞാൻ അവിടെ അധ്യക്ഷമേൽവിചാരകനായി സേവിച്ചു. 1953-ൽ ന്യൂയോർക്ക് നഗരത്തിലെ യാങ്കീ സ്റ്റേഡിയത്തിൽ വച്ചു നടന്ന യഹോവയുടെ സാക്ഷികളുടെ അഷ്ഠദിന സാർവദേശീയ കൺവെൻഷനിൽ സംബന്ധിക്കുന്നതിനായി ഐക്യനാടുകളിൽ പോകുന്നതിനുള്ള പദവി ഞാൻ ആസ്വദിച്ചു. റോവേനയ്ക്ക് എന്റെകൂടെ പോരാൻ കഴിഞ്ഞില്ല. അവൾക്ക് മസ്തിഷ്ക ക്ഷതം പിടിപെട്ട ഞങ്ങളുടെ പുത്രി ഈനഡിനെ ശുശ്രൂഷിക്കേണ്ടതുണ്ടായിരുന്നു.
ന്യൂസിലൻഡിലേക്കു മടങ്ങിവന്ന ശേഷം എനിക്കു ലൗകിക തൊഴിൽ ചെയ്യേണ്ടതുണ്ടായിരുന്നു. ഞങ്ങൾ തിരിച്ചു മാസ്റ്റർടൺ സഭയിലേക്കു പോയി. അവിടെ ഞാൻ അധ്യക്ഷമേൽവിചാരകനായി നിയമിതനായി.
ഏതാണ്ട് ഈ സമയത്ത് വില്ല്യം മൻസർ മാസ്റ്റർടണിലെ ലിറ്റിൽ തിയേറ്റർ വിലയ്ക്കുവാങ്ങി. അത് വൈരാരാപ്പയിലെ ആദ്യത്തെ രാജ്യഹാളായിത്തീർന്നു. 1950-കളിൽ ഞങ്ങളുടെ സഭ ആത്മീയമായും സംഖ്യാപരമായും നല്ല പുരോഗതി ആസ്വദിച്ചു. അതുകൊണ്ട് സർക്കിട്ട് മേൽവിചാരകൻ സന്ദർശിച്ചപ്പോൾ, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രസംഗവേലക്കു സഹായം നൽകുന്നതിനായി അവിടേക്കു മാറുന്നതിനു പക്വതയുള്ളവരെ മിക്കപ്പോഴും പ്രോത്സാഹിപ്പിക്കുമായിരുന്നു. പലരും അപ്രകാരം ചെയ്തു.ഞങ്ങളുടെ കുടുംബം മാസ്റ്റർടണിൽ തന്നെ കഴിഞ്ഞു. തുടർന്നുള്ള ദശകങ്ങളിൽ എനിക്കു സഭയിൽ പല പദവികളും ഉണ്ടായിരുന്നെന്നു മാത്രമല്ല ദേശീയവും സാർവദേശീയവുമായ കൺവെൻഷനുകളിൽ നിയമനങ്ങൾ ആസ്വദിക്കുന്നതിനും കഴിഞ്ഞു. റോവേന വയൽസേവനത്തിൽ ഉത്സാഹപൂർവം പങ്കെടുത്തു, അപ്രകാരം ചെയ്യുന്നതിനു നിരന്തരം മറ്റുള്ളവരെ സഹായിച്ചുകൊണ്ടുതന്നെ.
വിശ്വാസത്തിന്റെ പരിശോധനയിൽ സഹിച്ചുനിൽക്കൽ
പ്രാരംഭത്തിൽ പരാമർശിച്ചപ്രകാരം, 1985-ൽ എനിക്കു ഭേദപ്പെടുത്താനാവാത്ത കാൻസർ പിടിപെട്ടിരിക്കുന്നതായി കണ്ടുപിടിച്ചു. എന്റെ വിശ്വസ്ത ഭാര്യയായ റോവേനയും ഞാനും ഞങ്ങളുടെ കുട്ടികളോടൊത്ത് ഇപ്പോൾ ജീവിക്കുന്ന ഒരിക്കലും മരിക്കയില്ലാത്ത ലക്ഷങ്ങളോടൊപ്പം ആയിരിക്കാൻ എത്രമാത്രം ആഗ്രഹിച്ചതാണ്! എന്നാൽ മരിക്കുന്നതിനായി ഡോക്ടർമാർ എന്നെ വീട്ടിലേക്കയച്ചു. എന്നിരുന്നാലും അതിനുമുമ്പ്, രോഗനിർണയത്തെക്കുറിച്ചു ഞാൻ എന്തു വിചാരിക്കുന്നു എന്ന് അവർ ചോദിച്ചു.
“ഞാൻ ശാന്തമാനസ്സനും ശുഭാപ്തിവിശ്വാസമുള്ളവനും ആയിരിക്കും,” ഞാൻ മറുപടി പറഞ്ഞു. വാസ്തവത്തിൽ, “ശാന്തമനസ്സു ദേഹത്തിന്നു ജീവൻ” എന്ന ബൈബിൾ സദൃശവാക്യം എനിക്കു ദൃഢത പകർന്നു.—സദൃശവാക്യങ്ങൾ 14:30.
കാൻസർ വിദഗ്ധർ ആ ബൈബിളുപദേശത്തെ പ്രകീർത്തിച്ചു. “കാൻസർ രോഗികളിലെ 90 ശതമാനം രോഗശമനം ആ മാനസിക വീക്ഷണഗതിയാണ്” എന്നവർ പറഞ്ഞു. ഏഴാഴ്ചത്തേക്ക് റേഡിയം രശ്മി ഉപയോഗിച്ചുള്ള ചികിത്സയും അവർ ശുപാർശ ചെയ്തു. സന്തോഷകരമെന്നു പറയട്ടെ, കാൻസറിനെതിരെ പോരാടുന്നതിൽ ഞാൻ ഒടുവിൽ വിജയം കൈവരിച്ചു.
ഈ പ്രയാസ ഘട്ടത്തിൽ എനിക്കു മറ്റൊരു കനത്ത പ്രഹരമേററു. എന്റെ സുന്ദരിയായ വിശ്വസ്ത ഭാര്യ മസ്തിഷ്ക രക്തസ്രാവം മൂലം മരിച്ചു. തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിശ്വസ്തരുടെ ദൃഷ്ടാന്തത്തിൽനിന്നും അവർ നിർമലത പാലിച്ചപ്പോൾ യഹോവ പ്രശ്നങ്ങൾ പരിഹരിച്ച വിധത്തിൽനിന്നും ഞാൻ ആശ്വാസം കണ്ടെത്തി. അങ്ങനെ, പുതിയലോകത്തെക്കുറിച്ചുള്ള എന്റെ പ്രത്യാശ ശോഭനമായി നിലനിന്നു.—റോമർ 15:4.
എന്നിരുന്നാലും, ഞാൻ വിഷാദചിത്തനായി, ഒരു മൂപ്പനായി സേവിക്കുന്നതു നിർത്താൻ ആഗ്രഹിച്ചു. കൈകാര്യംചെയ്യാനുള്ള ശക്തി വീണ്ടെടുക്കുന്നതുവരെ തദ്ദേശ സഹോദരങ്ങൾ എന്നെ പ്രോത്സാഹിപ്പിച്ചു. തത്ഫലമായി, കഴിഞ്ഞ 57 വർഷങ്ങളിൽ തുടർച്ചയായി ഒരു ക്രിസ്തീയ മൂപ്പനും മേൽവിചാരകനുമായി സേവിക്കുന്നതിന് എനിക്കു കഴിഞ്ഞിരിക്കുന്നു.
ആത്മവിശ്വാസത്തോടെ ഭാവിയെ അഭിമുഖീകരിക്കൽ
ഈ വർഷങ്ങളിലെല്ലാം യഹോവയെ സേവിക്കാൻ കഴിഞ്ഞത് അമൂല്യമായ പദവിയായിരുന്നു. എന്തെല്ലാം അനുഗ്രഹങ്ങളാണ് എനിക്കുണ്ടായിരുന്നിട്ടുള്ളത്! ഒരു 16 വയസ്സുകാരനായിരുന്നപ്പോൾ, “ഇതാണത്; ഇതാണു സത്യം” എന്ന അമ്മയുടെ ഉദ്ഘോഷം കേട്ടിട്ട് അധികനാളായതുപോലെ തോന്നുന്നില്ല. 1979-ലെ തന്റെ മരണംവരെ അമ്മ വിശ്വസ്തയായ, ഉത്സാഹമുള്ള ഒരു സാക്ഷിയായി നിലനിന്നു. അപ്പോൾ അവർക്കു നൂറിലേറെ വയസ്സുണ്ടായിരുന്നു. അവരുടെ പുത്രിയും ആറു പുത്രൻമാരും വിശ്വസ്ത സാക്ഷികളായിത്തീർന്നു.
യഹോവയുടെ നാമം എല്ലാ നിന്ദകളിൽനിന്നും വിമുക്തമാകുന്നതു കാണാൻ ജീവിച്ചിരിക്കുക എന്നതാണ് എന്റെ അതിയായ ആഗ്രഹം. ഒരിക്കലും മരിക്കാതിരിക്കാനുള്ള എന്റെ ആയുഷ്കാല പ്രത്യാശ സാക്ഷാത്കരിക്കപ്പെടുമോ? അതിനിയും കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. എന്നിരുന്നാലും അനേകർ, അതേ ദശലക്ഷങ്ങൾ ഒടുവിൽ ആ അനുഗ്രഹം ആസ്വദിക്കുമെന്ന് എനിക്കുറപ്പുണ്ട്. അതുകൊണ്ട് ജീവിച്ചിരിക്കുന്നിടത്തോളം കാലം ഒരിക്കലും മരിക്കുകയില്ലാത്തവരോടൊപ്പം എണ്ണപ്പെടുന്നതിനുള്ള പ്രതീക്ഷയെ ഞാൻ വിലമതിക്കും.—യോഹന്നാൻ 11:26.
[28-ാം പേജിലെ ചിത്രം]
എന്റെ അമ്മ
[28-ാം പേജിലെ ചിത്രം]
ഭാര്യയോടും മക്കളോടുമൊപ്പം